Sports

വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീം തിരഞ്ഞെടുപ്പ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. ഋഷഭ് പന്തിന് പകരം വൃദ്ധിമാൻ സാഹയെ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തതാണ് പന്ത് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളിൽ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പന്തിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് യുവ താരത്തോട് ചെയ്യുന്ന അനീതി ആണെന്നാണ് ആരാധകർ വാദിക്കുന്നത്.
കഴിഞ്ഞ വർഷം അഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ ആയിരുന്നു പന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. സ്ഥിരം ടെസ്റ്റ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് പരിക്ക് പറ്റിയ ഒഴിവിലാണ് പന്ത് ഇന്ത്യൻ ടീമിൽ സ്ഥാനം നേടുന്നത്. അരങ്ങേറ്റ മത്സരത്തിലെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി പന്ത് ചരിത്രം കുറിച്ചു. പ്രസ്തുത നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനും ലോകക്രിക്കറ്റിലെ പന്ത്രണ്ടാമത്തെ കളിക്കാരനുമാണ് പന്ത്. പിന്നീട് കളിച്ച പതിനൊന്ന് മത്സരങ്ങളിൽ നിന്നായി 44.35 ശരാശരിയിൽ 754 റൺസ് ഈ ഇരുപത്തിരണ്ടുകാരൻ അടിച്ചെടുത്തു. അതിൽ രണ്ട് സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും ഉൾപ്പെടുന്നു. വിക്കറ്റ് കീപ്പർ എന്ന നിലയിലും പന്ത് ശോഭിച്ചു. ഏറ്റവും വേഗത്തിൽ അൻപത് പേരെ പുറത്താക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് പന്തിന്റെ പേരിലാണ്.
ടെസ്റ്റ് മത്സരങ്ങളിൽ ഫോമിൽ ആണെങ്കിലും പരിമിത ഓവർ മത്സരങ്ങളിൽ ഈ യുവതാരത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. അടുത്തിടെ നടന്ന ഏകദിന-ട്വന്റി ട്വന്റി മത്സരങ്ങളിലെല്ലാം പന്ത് നിറം മങ്ങി. ടെസ്റ്റ് ടീമിലേക്ക് വിളി എത്താതിരുന്നതിന് പിന്നിൽ ഇതാകാം കാരണമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. സമ്മർദങ്ങളെ അതിജീവിക്കാനുള്ള കഴിവില്ലായ്‌മ , ഷോട്ടുകൾ തിരഞ്ഞെടുക്കുന്നതിലെ പാളിച്ചകൾ , കളിയുടെ ഗതിയും വേഗവും മനസിലാക്കാതെ ആക്രമിച്ചു കളിക്കുവാൻ കാണിക്കുന്ന ഉത്സാഹം എന്നീ കാരണങ്ങൾ പന്തിന് വിനയാകുന്നു. വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോൾ എതിർ ടീമിനെ ചൊടിപ്പിക്കുന്നതിന് പന്ത് ഉപയോഗിക്കുന്ന വാക്കുകൾ കളി മര്യാദയ്ക്ക് ചേർന്നതല്ല എന്ന പരാതി നേരത്തെ തന്നെ പലരും ഉന്നയിച്ചതാണ്. ഇപ്പോൾ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾ എല്ലാം ലോക ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പിന്റെ ഭാഗം ആയതുകൊണ്ട് പരിചയസമ്പത്ത് എന്ന ഘടകം സാഹയ്ക്ക് തുണയായി എന്നു കരുതുന്നവരുമുണ്ട്. ഓരോ പോയിന്റും വിലപ്പെട്ടതായതിനാൽ ക്ഷമയോടെ കളിക്കുന്ന ഒരു ബാറ്റ്‌സ്മാൻ എന്ന പരിഗണന സാഹയ്ക്ക് ലഭിച്ചു എന്നാണ് അവരുടെ വാദം.


സാഹയേക്കാൾ ഉയർന്ന ബാറ്റിംഗ് ശരാശരി ചൂണ്ടിക്കാണിച്ചാണ് പന്ത് അനുകൂലികൾ മേൽപ്പറഞ്ഞ വാദങ്ങളെയൊക്കെ പ്രതിരോധിക്കുന്നത്. 32 മത്സരങ്ങളിൽ നിന്ന് 30.63 ശരാശരിയിൽ 1164 റൺസ് ആണ് സാഹയുടെ സമ്പാദ്യം. മൂന്ന് സെഞ്ച്വറിയും അഞ്ച് അർധ സെഞ്ചുറികളും സാഹയുടേതായുണ്ട്. താരതമ്യം ചെയ്യുമ്പോൾ പന്ത് ബഹുദൂരം മുന്നിൽ. ഏകദിന മത്സരങ്ങളിലെ പ്രകടനം നോക്കി ടെസ്റ്റ് ടീം തിരഞ്ഞെടുക്കുന്നത് ശരിയല്ല എന്നതാണ് മറ്റൊരു വാദം. അങ്ങനെയെങ്കിൽ ടെസ്റ്റിൽ ഫോമിലല്ലാത്ത ശിഖർ ധവാനെ ഏകദിന -ട്വന്റി ട്വന്റി മത്സരങ്ങൾ കളിപ്പിക്കുന്നതിലെ യുക്തിയെന്തന്ന് പന്ത് ആരാധകർ ചോദിക്കുന്നു. സാഹയ്ക്ക് ഇപ്പോൾ മുപ്പത്തിനാല് വയസ് പ്രായമുണ്ട്. പന്തിന് ഇരുപത്തിരണ്ടും. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഭാവി പരിഗണിക്കുമ്പോൾ യുവ താരത്തിനാണ് കൂടുതൽ പരിഗണന കിട്ടേണ്ടത്. കൂടുതൽ അവസരങ്ങൾ കൊടുക്കാതിരുന്നാൽ പ്രതിഭയുള്ള ഒരു താരത്തെ ഇന്ത്യൻ ടീമിന് നഷ്ടമാകും. വിദേശ പിച്ചുകളിലെ ഇരു താരങ്ങളുടെയും പ്രകടനം താരതമ്യം ചെയ്യുന്നവരുമുണ്ട്. ഇംഗ്ലണ്ടിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. ഇന്ത്യയ്ക്ക് പുറത്തെ ശരാശരി നോക്കുകയാണെങ്കിലും പന്തിന് തന്നെയാണ് മുൻതൂക്കം.

ഏതായാലും ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്. സാഹയുടെ ബാറ്റിങ്ങും കീപ്പിംഗും സസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്ന ദിനങ്ങളാകും വരാനിരിക്കുന്നത്. സാഹയോ പന്തോ – ആരാകും മുന്നിലെത്തുകയെന്ന് കാത്തിരുന്നു കാണാം.

ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറിയോടെ മിന്നും തുടക്കം. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയ്ക്ക് മേല്‍ ആധിപത്യം നേടിയ രോഹിത് 154 പന്തിലാണ് സെഞ്ചുറി തികച്ചത്. 4 സിക്‌സും 10 ഫോറും ആ ഇന്നിംഗ്‌സിന് അഴകായി.

നേരത്തെ, 84 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്‌സും സഹിതമാണ് രോഹിത് ടെസ്റ്റിലെ 11ാം അര്‍ധസെഞ്ചുറി പിന്നിട്ടത്. 114 പന്തില്‍ ഏഴു ഫോറും രണ്ട് സിക്‌സും സഹിതമാണ് അഗര്‍വാളിന്റെ അര്‍ധസെഞ്ചുറി. ഇതുവരെ 171 പന്തുകള്‍ നേരിട്ട മായങ്ക് 10 ഫോറും രണ്ടു സിക്‌സും സഹിതമാണ് 76 റണ്‍സെടുത്തത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സുരക്ഷിത തുടക്കമാണ് രോഹിത്തും മായങ്കും നല്‍കിയത്. കാഗിസോ റബാഡയും വെര്‍നോണ്‍ ഫിലാന്‍ഡറും പന്ത് സ്വിങ് ചെയ്യിച്ചപ്പോള്‍ ആദ്യ സെഷനില്‍ സാവധാനമായിരുന്നു ഓപ്പണര്‍മാര്‍ റണ്‍ കണ്ടെത്തിയത്. പിന്നാലെ ട്രാക്കിലായ രോഹിത് ശര്‍മ്മ അഞ്ച് ബൗണ്ടറികളും രണ്ട് സിക്സുകളുമടക്കം 84 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 30 ഓവറില്‍ 91/0 എന്ന സ്‌കോറിലായിരുന്നു ടീം ഇന്ത്യ.

ഉച്ചഭക്ഷശേഷം രോഹിത് ശര്‍മ്മ കരുതലോടെ തുടങ്ങിയപ്പോള്‍ സിക്സര്‍ പായിച്ചാണ് മായങ്ക് അഗര്‍വാള്‍ അര്‍ധ സെഞ്ചുറി ആഘോഷിച്ചത്. നാട്ടിലും വിദേശത്തും ആദ്യ ഇന്നിംഗ്സില്‍ അമ്പതിലധികം റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി ഇതോടെ മായങ്ക് അഗര്‍വാള്‍.54 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 178 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ടെസ്റ്റിലെ നാലാം സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് 100 റണ്‍സോടെയും നാലാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ മായങ്ക് അഗര്‍വാള്‍ 76 റണ്‍സോടെയും ക്രീസില്‍.

ഫ്രീഡം ട്രോഫി! ആദ്യ ടെസ്റ്റിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നു നേർക്കുനേർ. രണ്ടു മഹാത്മാക്കളുടെ പേരിലുള്ള പരമ്പരയിലെ ജേതാക്കൾക്കു ലഭിക്കുന്ന ട്രോഫിക്കു നൽികിയ പേരും ഉചിതമായതു തന്നെ.ഗാന്ധിയും – മണ്ടേലയും, സമരത്തിലെ സഹനമുറകൾകൊണ്ട് തങ്ങളുടെ രാജ്യങ്ങൾക്കായി സ്വാതന്ത്ര്യം നേടിയെടുത്ത രണ്ടു മഹാത്മാക്കളുടെ പേരിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പര.

മത്സരം രാവിലെ 9. 30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം. കളി മഴ ഭീഷണിയിലാണ് എന്നാണു പ്രവചനം. ആദ്യ ദിവസമായ ഇന്ന് 80 ശതമാനമാണു മഴയ്ക്കുള്ള സാധ്യത. രണ്ട് മൂന്ന് ദിവസങ്ങളിൽ ഇത് അൻപതും നാൽപതും ശതമാനമായി കുറയും. 10, 19 തീയതികളിലാണ് പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങൾ.

രോഹിത് ശർമ്മ നീണ്ട കാത്തിരിപ്പുകൾക്കു ശേഷം ഓപ്പണറായി ഇന്നിറങ്ങും. ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ തകർപ്പൻ ബാറ്റിങ് ഫോം ടെസ്റ്റ് ക്രിക്കറ്റിലേക്കും വ്യാപിപ്പിക്കാൻ രോഹിത്തിന് ആവുമോ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യയുടെ രണ്ടാം പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ ഇറങ്ങുമ്പോൾ, സിലക്ടർമാരും ആരാധകരും ആദ്യം തേടുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.

വിൻഡീസ് പരമ്പരയിൽ കെ.എൽ. രാഹുൽ നിരാശപ്പെടുത്തിയതോടെയാണ്, ഏറെക്കാലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ രോഹിത്തിന് ആദ്യമായി ടെസ്റ്റ് ഓപ്പണർ സ്ഥാനം ലഭിക്കുന്നത്.

ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ പതിനായിരത്തിൽ അധികം റൺസ് നേടിയിട്ടുള്ള രോഹിത് 27 ടെസ്റ്റുകളിൽ മധ്യനിര ബാറ്റ്സ്മാനായി കളിച്ചിട്ടുണ്ട്. 39.62 ശരാശരിയിൽ 1585 റൺസാണ് ഇതുവരെയുള്ള നേട്ടം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരത്തിൽ, ഓപ്പണറായി ഇറങ്ങിയ രോഹിത് പൂജ്യത്തിനു പുറത്തായെങ്കിലും വിശാഖപട്ടണത്ത് രോഹിത്തിന്റെ തലവര തെളിയും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യൻ ആരാധകർ.

വെസ്റ്റിൻഡീസ് പരമ്പരയിലെയും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ട്വന്റി20 പരമ്പരയിലെയും ‘കൈവിട്ട’ കളിക്കുള്ള ചെറിയ ശിക്ഷ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനു കിട്ടി. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ വൃദ്ധിമാൻ സാഹയെ ‘ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ’ എന്നാണു കോലി വിശേഷിപ്പിച്ചത്.

ആദ്യ ടെസ്റ്റിൽ സാഹ ഇന്ത്യയ്ക്കായി കളിക്കും എന്നും കോലി വ്യക്തമാക്കിയതോടെ പന്ത് ബൗണ്ടറിക്കു പുറത്ത്. ഒന്നര വർഷത്തിനുശേഷമാണു സാഹ രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നത്.

ഇന്ത്യൻ സാധ്യതാ ടീം: വിരാട് കോലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ശുഭ്മാൻ ഗിൽ.

ദക്ഷിണാഫ്രിക്കൻ സാധ്യതാ ടീം: ഫാഫ് ഡുപ്ലസി (ക്യാപ്റ്റൻ), തെംബ ബവൂമ, തെയൂനിസ് ഡി ബ്രൂയ്ന, ക്വിന്റൻ ഡി കോക്ക്, ഡീൻ എൽഗാർ, സുബൈർ ഹംസ, കേശവ് മഹാരാജ്, ഏയ്ഡൻ മാർക്രം, സെനൂരാൻ മുത്തുസ്വാമി, ലുങി എൻഗിഡി, ആൻറിച്ച് നോർജ്, വെർനോൻ ഫിലാൻഡർ, ഡെയ്ൻ പിഡ്റ്റ്, കഗീസോ റബാദ, റൂഡി സെക്കൻഡ്.

വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ബുധനാഴ്ച്ച തുടങ്ങാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് രോഹിത് ശർമയിലേയ്ക്കാണ്. ടെസ്റ്റ് ഓപ്പണറായുള്ള രോഹിതിന്റെ അരങ്ങേറ്റം എങ്ങനെയുണ്ടാകുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.

ലോകേഷ് രാഹുൽ ടെസ്റ്റിൽ തുടർച്ചയായി പരാജയപ്പെടുകയും ടീമിൽ നിന്ന് പുറത്താകുകയും ചെയ്തതാണ് രോഹിത് ശർമ്മയുടെ ടെസ്റ്റ് ക്രിക്കറ്റിലേയ്ക്കുള്ള തിരിച്ചു വരവ് സാധ്യമാക്കിയത്. ടെസ്റ്റിൽ അഞ്ചാം നമ്പറിലാണ് ഈ വലംകൈയ്യൻ ബാറ്റ്‌സ്മാൻ ഇതിന് മുൻപ് ബാറ്റ് ചെയ്തുകൊണ്ടിരുന്നത്. അജിങ്കെ രഹാനെയും ഹനുമാ വിഹാരിയും മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെ മധ്യനിരയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചപ്പോൾ രോഹിതിന് വളരെ കാലം ടീമിന് പുറത്തിരിക്കേണ്ടി വന്നു. ഓപ്പണറായുള്ള സ്ഥാനക്കയറ്റമാണ് രോഹിതിന്റെ ഏകദിന കരിയർ മാറ്റി മറിച്ചത്. അത്തരത്തിലുള്ള പ്രകടനം ടെസ്റ്റ് മത്സരങ്ങളിലും പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ മുംബൈക്കാരൻ.

എന്നാൽ ദക്ഷിണാഫ്രിക്കക്കയ്ക്ക് എതിരെ കഴിഞ്ഞ ദിവസം നടന്ന ത്രിദിന പരിശീലന മത്സരത്തിൽ രോഹിത് പൂജ്യത്തിന് പുറത്തായത് രോ-ഹിറ്റ്-മാൻ ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. സ്വിങ് ചെയ്യുന്ന പന്തുകൾ കളിക്കുന്നതിലെ പോരായ്മയാണ് പലപ്പോഴും രോഹിതിനെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തിയത്. പന്തിന്റെ സ്വിങ് ഏത് ദിശയിലേയ്ക്കാണെന്ന് തിരിച്ചറിയുന്നതിൽ രോഹിത് നിരന്തരമായി പരാജയപ്പെടുന്നു. ഏകദിനങ്ങളിൽ രോഹിത് ഏറ്റവും കുറവ് റൺ എടുത്തിട്ടുള്ളത് ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ആണ്. ട്രെന്റ് ബോൾട്ട് , രാബാദ പോലുള്ള മികച്ച സ്വിങ് ബൗളർമാരുടെ പന്തുകളിൽ അദ്ദേഹം നിലയുറപ്പിക്കാൻ പാടുപെടുന്നു. ആദ്യ പത്ത് ഓവറുകൾക്കുള്ളിൽ പുറത്താകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ടെസ്റ്റിൽ ഓപ്പണിങ് സ്ഥാനത്തേയ്ക്ക് വരുമ്പോൾ മുൻപത്തേതിലും വലിയ പ്രതിസന്ധികളാകും രോഹിതിനെ കാത്തിരിക്കുന്നത്. പഴകും തോറും പന്തിന്റെ സ്വിങ് കുറയുകയാണ് ചെയ്യുക. അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്യാനെത്തുന്ന ബാറ്റ്സ്മാനെ സംബന്ധിച്ച് സ്വിങ് കാര്യമായ വെല്ലുവിളിയല്ല. എന്നാൽ ഓപ്പണിങ് ബാറ്റസ്മാന്റെ കാര്യം അങ്ങനെയല്ല. ന്യൂ ബോളിന് വേഗതയും സ്വിങ്ങും കൂടുതലായിരിക്കും. എത്ര വലിയ ബാറ്റ്‌സ്മാൻ ആണെങ്കിലും , എത്ര നല്ല ബാറ്റിങ് പിച്ച് ആണെങ്കിലും ആദ്യത്തെ കുറച്ചു ഓവറുകൾ അതിജീവിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ആ വെല്ലുവിളി രോഹിത് എങ്ങനെ ഏറ്റെടുക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

മറ്റൊന്ന് അദ്ദേഹം പുറത്താകുന്ന രീതിയാണ്. കുറച്ചധികം ഡോട്ട് ബോളുകൾ ഉണ്ടായാൽ രോഹിത് സമ്മർദത്തിന് അടിപ്പെടുകയും തുടർന്ന് അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയും ചെയ്യുന്നു. കോഹ്ലിയെപ്പോലെ സിംഗിളുകളിലൂടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്ന ബാറ്റിങ് രീതിയല്ല രോഹിതിന്റേത്. പലപ്പോഴും ക്ഷമ നശിച്ച് വിക്കറ്റ് വലിച്ചെറിയുന്ന രോഹിത് ശർമയെയാണ് നമ്മുക്ക് കാണാനാകുക.

പ്രതിഭയുടെ കാര്യത്തിൽ രോഹിത് ശർമയെ ആരുംതന്നെ സംശയിക്കില്ല. മൂന്ന് ഏകദിന ഡബിൾ സെഞ്ചുറികളും നാല് ട്വന്റി ട്വന്റി സെഞ്ചുറികളും ഉള്ള ഒരു കളിക്കാരന്റെ കഴിവിനെ കുറച്ചു കാണേണ്ട കാര്യമില്ല. പരിമിത ഓവർ മത്സരങ്ങളുടെ കാര്യമെടുത്താൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച അഞ്ച് കളിക്കാരിൽ ഒരാൾ രോഹിത് ശർമ്മ ആയിരിക്കും. വിരമിച്ച മുൻതാരങ്ങളെല്ലാം രോഹിതിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണം എന്ന് നിരന്തരം ഓർമ്മിപ്പിക്കുന്നതിന് കാരണം ക്രിക്കറ്റിന്റെ മൂന്ന് ഫോമാറ്റിലും ആ പ്രതിഭ അടയാളപ്പെടണം എന്ന ആഗ്രഹമുള്ളതുകൊണ്ടാണ്. എന്നാൽ അതേ രോഹിത് ശർമ്മയുടെ ടെസ്റ്റ് മത്സരങ്ങളിലെ ശരാശരി 39.5 ശതമാനം മാത്രമാണ്. പ്രതിഭയുടെ നിഴൽ മാത്രമായ സംഖ്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പര അദ്ദേഹത്തിന്റെ പ്രതിഭ തേച്ചു മിനുക്കിയെടുക്കുന്നതിനുള്ള ഉത്തമ വേദിയാകുമെന്ന് പ്രതീക്ഷിക്കാം.

 

ഐഎസ്എല്‍ ആറാം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തിയഞ്ച് അംഗ ടീമിനെയാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിച്ചത്. ടീമിന്റെ ജേഴ്‌സിയും പ്രകാശനം ചെയ്തു.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പ്ലേ ഓഫിലെത്തിച്ച ഡച്ച് പരിശീലകന്‍ എല്‍കോ ഷട്ടോരിയുടെ കീഴിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഒരുക്കം. നൈജീരിയന്‍ താരം ബെര്‍ത്തലോമിയോ ഒഗ്ബച്ചെയാണ് ടീമിന്റെ തുറുപ്പ്ചീട്ട്. കാമറൂണ്‍ താരം റാഫേല്‍ മെസ്സി ബൗളിയും മരിയോ ആര്‍ക്വസുമെല്ലാം ഇക്കുറി ടീമിന് മുതല്‍ക്കൂട്ടാകും.

അണ്ടര്‍ 17 ലോകകപ്പ് താരം കെ പി രാഹുല്‍, ടി പി രഹനേഷ്, സഹല്‍ അബ്ദുല്‍ സമദ്, മുഹമ്മദ് റാഫി അടക്കം ആറ് മലയാളികളാണ് ഇത്തവണ ടീമിലുള്ളത്. ഒക്ടോബര്‍ ഇരുപതിന് കൊച്ചിയില്‍ എടികെയ്‌ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.

കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം: ഗോള്‍ കീപ്പര്‍മാര്‍- ബിലാല്‍ ഖാന്‍, ടി പി രഹനേഷ്, ഷിബിന്‍ രാജ്. പ്രതിരോധം- ജെയ്‌റോ റോഡ്രിഗസ്, ജിയാനി സ്വിവര്‍ലൂണ്‍, സന്ദേശ് ജിങ്കാന്‍, പ്രിതം സിങ്, ഡാരന്‍ കാല്‍ഡേരിയ, മുഹമ്മദ് റാകിപ്, ജെസ്സല്‍ കര്‍നൈറോ, ലാല്‍റുവാത്താര, അബ്ദുള്‍ ഹഖ്. മധ്യനിര- മുസ്തഫ നിങ്, മരിയോ അര്‍ക്വസ്, സെര്‍ജിയോ സിദോഞ, സാമുവല്‍ ലാല്‍മ്വാന്‍പിയ, സഹല്‍ അബ്ദു സമദ്, സത്യസെന്‍ സിങ്, കെ പ്രശാന്ത്, ഹാളിചരണ്‍ നര്‍സാരി, ജീക്‌സണ്‍ സിങ്. മുന്നേറ്റം- ബര്‍തളോമ്യൂ ഒഗ്ബഷെ, റാഫേല്‍ മെസി, കെ പി രാഹുല്‍, മുഹമ്മദ് റാഫി.

ജമൈക്കയുെട ഷെല്ലി ആന്‍ ഫ്രേസര്‍ നാലാംതവണയും ലോകത്തിലെ വേഗമേറിയ വനിതതാരം. മിക്സ്ഡ് റിലേയില്‍ രണ്ടുദിവസത്തിനിടെ രണ്ടാം തവണ ലോകറെക്കോര്‍ഡ് തിരുത്തിക്കുറിച്ച് അമേരിക്ക സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ട്രിപ്പിള്‍ ജംപില്‍ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയിലര്‍ നാലാംതവണയും ലോകചാംപ്യനായി.
രണ്ടുവയസുകാരന്‍ മകന്‍ സിയോനെ സാക്ഷിനിര്‍ത്തി ഷെല്ലി ആന്‍ ഫ്രേസര്‍ ലോകത്തിലെ വേഗമേറിയ വനിതയായി. വേഗമേറിയ അമ്മയും.

കുഞ്ഞിന് ജന്‍മം നല്‍കിയശേഷം ട്രാക്കിലേയ്ക്ക് മടങ്ങിയെത്തിയ 32കാരിക്ക് പിന്നിലായി ബ്രിട്ടന്റെ യുവതാരം ഡിന ആഷര്‍ സ്മിത്തും ഐവറി കോസ്റ്റിന്റെ മേരി ടാലുവും. ഒളിംപിക്സ് ചാംപ്യന്‍ ഇലെയ്ന്‍ സ്മിത്തിന് മെ‍ഡല്‍പട്ടികയില്‍ ഇടംപിടിക്കാനായില്ല.മിക്സ്ഡ് റിലേയില്‍ സ്ഥിരം ഫോര്‍മുലയില്‍ നിന്ന് മാറി ആദ്യരണ്ടുലാപ്പില്‍ പുരുഷതാരങ്ങളെ ഇറക്കി പോളണ്ട് തുടക്കത്തില്‍ വമ്പന്‍ ലീഡ് നേടിയെങ്കിലും മൈക്കിള്‍ ചെറി അവസാനലാപ്പിലെ കുതിപ്പിലൂടെ അമേരിക്കയെ ലോകറെക്കോര്‍ഡോടെ പൊന്നണിയിച്ചു.

ജമൈക്ക വെള്ളിയും ബഹ്റൈന്‍ വെങ്കലവും നേടിയപ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റിയ പോളണ്ട് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. സീസണിലെ മികച്ച സമയംകണ്ടെത്തിയെങ്കിലും ഇന്ത്യ ഏഴാം സ്ഥാനം മാത്രം. 17.92 മീറ്റര്‍ ദൂരംമറികടന്നാണ് ട്രിപ്പിള്‍ജംപ് ഇതിഹാസം അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയിലര്‍ നാലാം തവണയും ലോകചാംപ്യനായത്.

അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ ലോകത്തിലെ വേഗമേറിയ പുരുഷതാരം. യുഎസിന്റെ തന്നെ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ വെള്ളിയും കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ വെങ്കലവും നേടി.

ഉസൈന്‍ ബോള്‍ട്ടില്ലാത്ത ലോക വേദയില്‍ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്താണ് 9.76 സെക്കന്‍ഡില്‍ കോള്‍മാന്‍ 100 മീറ്റര്‍ ഓടിത്തീര്‍ത്തത്. സ്റ്റാര്‍ട്ടിങ് മുതല്‍ ഫിനിഷിങ് വരെ അച്ചടക്കത്തോടെ എതിരാളികളെ പിന്തള്ളിയ കോള്‍മാന്‍ മാജിക്.

ബോള്‍ട്ടിന് പിന്നില്‍ പലപ്പോഴും രണ്ടാമനായ ഗാറ്റ്ലിന് ഇത്തവണയും രണ്ടാമത് തന്നെ. സമയം 9.89 സെക്കന്‍ഡ്. 9.90 സെക്കന്‍ഡില്‍ ഓടിയെത്തിയ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസി വെങ്കലം നേടിയപ്പോള്‍ ബോള്‍ട്ടിന്റെ പിന്‍ഗാമിയാകാനെത്തിയ ജമൈക്കയുടെ യൊഹാന്‍ ബ്ലേക്ക്‌ നിരാശപ്പെടുത്തി. 9.97 സെക്കന്‍ഡില്‍ അഞ്ചാമതെത്താനേ ബ്ലേക്കിനായുള്ളു.

മിക്സ്ഡ് റിലേയില്‍ ചരിത്രം കുറിച്ച് മലയാളികള്‍ മാത്രമടങ്ങിയ ഇന്ത്യന്‍ ടീം ഫൈനലിലെത്തി . സീസണിലെ മികച്ച സമയം കണ്ടെത്തിയ ഇന്ത്യ അടുത്തവര്‍ഷത്തെ ടോക്കിയോ ഒളിംപിക്സിനും യോഗ്യത നേടി . ഇന്നുരാത്രിയാണ് ഫൈനല്‍

മുഹമ്മദ് അനസ്, വി.കെ വിസ്മയ, ജിസ്ന മാത്യു, നോഹ നിര്‍മല്‍ ടോം എന്നിവരടങ്ങിയ ഇന്ത്യയുടെ മലയാളി ടീമാണ് ഹീറ്റ്സില്‍ മൂന്നാമതായി ഫിനിഷ് ചെയ്തത് . മൂന്നുമിനിറ്റ് 16 സെക്കന്‍ഡിലാണ് ഇന്ത്യ ഫിനിഷിങ്ങ് ലൈന്‍ കടന്നത്. അവസാന ലാപ്പില്‍ ബാറ്റന്‍ കൈമാറുന്നതില്‍ പിഴവുസംഭവിച്ചെങ്കിലും നോഹ നിര്‍മല്‍ ടോമിന്റെ മികച്ച പ്രകടനം ഇന്ത്യയ്ക്ക് ഫൈനലിലേയ്ക്ക് വഴിയൊരുക്കി .

ആറാം സ്ഥാനത്തുനിന്നാണ് ഇന്ത്യ മൂന്നാമതായി ഓടിയെത്തിയത്. ഇതോടെ ടോക്കിയ ഒളിംപിക്സിനും ഇന്ത്യ യോഗ്യത നേടി . ആദ്യ ഹീറ്റ്സില്‍ മല്‍സരിച്ച അമേരിക്ക ലോകറെക്കോര്‍ഡ് കുറിച്ച് ഫൈനലുറപ്പിച്ചു . വനിത വിഭാഗം 100 മീറ്റര്‍ അടക്കം അഞ്ചിനങ്ങളിലാണ് ഇന്ന് ഫൈനല്‍ .

ലോക അത്​ലറ്റിക് ചാംപ്യൻഷിപ്പിന്റെ മിക്സഡ് റിലേയിൽ ഇന്ത്യ ഫൈനലിൽ. 4 X 400 മീറ്ററിലാണ് ഇന്ത്യൻ താരങ്ങൾ മിന്നുന്ന പ്രകടനം കാഴ്ച വച്ചത്. ഹീറ്റ്സിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം ടോക്യോ ഒളിംപിക്സിനും യോഗ്യത നേടി. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, ജിസ്ന മാത്യു, വി കെ വിസ്മയ, നോഹ നിര്‍മല്‍ ടോം എന്നിവരാണ് റിലേ ടീമിൽ ഉണ്ടായിരുന്നത്. മിക്സഡ് റിലേയിൽ അമേരിക്ക ലോകറെക്കോർഡോടെ ഒന്നാമതെത്തി. മൂന്നുമിനിറ്റ് 12 സെക്കന്‍ഡിലാണ് യുഎസ് താരങ്ങൾ ഹീറ്റ്സ് പൂർത്തിയാക്കിയത്.

രാവിലെ നടന്ന വനിതകളുടെ 100 മീറ്ററിൽ ദ്യുതി ചന്ദ് പുറത്തായിരുന്നു.സെമി കാണാതെയുള്ള ദ്യുതിയുടെ പുറത്താവൽ ഇന്ത്യൻ ക്യാംപിൽ നിരാശ പടർത്തി. ഹീറ്റ്സിൽ ഏഴാമതായാണ് ദ്യുതി ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം 100 മീറ്റർ ഉൾപ്പടെ നാലു ഫൈനലുകളാണ് ഇന്ന് നടന്നത്. മിക്സഡ് റിലേയുടെ ആദ്യ റൗണ്ടും ഖലീഫ സ്റ്റേഡിയത്തിൽ നടക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിനെതിരെ ഗരുതര ആരോപണങ്ങളുമായി മുന്‍ താരം യുവരാജ് സിങ്. 2017 ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം നടന്ന ടീം സെലക്ഷില്‍ പല കാരണങ്ങള്‍ പറഞ്ഞ് തന്നെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് യുവരാജ് തുറന്നടിച്ചു. ആജ് തക്കിന് അനുവദിച്ച അഭിമുഖത്തിലാണ് യുവരാജിന്റെ വെളിപ്പെടുത്തല്‍.

”2017 ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഏഴോ എട്ടോ മത്സരങ്ങള്‍ ഞാന്‍ കളിച്ചു. ഇതില്‍ രണ്ട് മത്സരങ്ങള്‍ മാന്‍ ഓഫ് ദ മാച്ചും ആയിരുന്നു. പിന്നീടാണ് എനിക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ശ്രീലങ്കന്‍ പര്യടനത്തിന് തയ്യാറാവാന്‍ എന്നോട് ആവശ്യപ്പെട്ടു. അപ്പോഴാണ് യോ-യോ ടെസ്റ്റ് മറികടക്കണമെന്ന നിര്‍ദേശം വരുന്നത്. 36ാം വയസിലും യോ-യോ ടെസ്റ്റില്‍ വിജയിച്ചപ്പോള്‍ എന്നോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ പറഞ്ഞു. ടീമില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ആരും തന്നോട് പറഞ്ഞിരുന്നില്ല. മികച്ച ഫോമില്‍ നില്‍ക്കെ, എന്നെ ടീമില്‍ നിന്ന് പുറത്താക്കുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലെന്നും യുവരാജ് പറഞ്ഞു.

15-17 വര്‍ഷം കളിച്ച തന്നെപ്പോലുള്ള താരങ്ങളോട് വിരമിക്കല്‍ ഘട്ടത്തില്‍ ഒന്ന് ഇരുന്ന് സംസാരിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് യുവരാജ് തുറന്നടിച്ചു. താരങ്ങള്‍ക്ക് ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ തയ്യാറാകാത്ത അധികൃതരുടെ നടപടി ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. വിരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ തുടങ്ങിയവരോടെല്ലാം തന്നോട് കാണിച്ച അതേ സമീപനം തന്നെയാണ് ഇക്കാര്യത്തില്‍ അധികൃതരില്‍ നിന്നുണ്ടായതെന്നും യുവരാജ് പറഞ്ഞു. 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയ യുവരാജ് 8,701 റണ്‍സ് നേടിയിട്ടുണ്ട്. 58 ടി20 പോരാട്ടങ്ങളില്‍ നിന്നായി 1,177 റണ്‍സും താരം സ്വന്തമാക്കിയിരുന്നു.

ചൂട് പ്രശ്നമാക്കാതെ മെഡൽ ലക്ഷ്യമിട്ട് ഖലീഫ സ്റ്റേഡിയത്തിൽ അത്‍ലിറ്റുകൾ കുതിപ്പ് തുടങ്ങി. ആദ്യദിനം യോഗ്യതാ മത്സരങ്ങളായിരുന്നു കൂടുതൽ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മീറ്റ് ഉദ്ഘാടനം ചെയ്തു. പുരുഷ 100 മീറ്റർ ഉൾപ്പെടെ ഇന്ന് 4 ഫൈനലുകളുണ്ട്. ഇന്ത്യൻ താരം ദ്യുതി ചന്ദ് വനിതാ 100 മീറ്ററിന്റെ ആദ്യ റൗണ്ടിൽ ഇറങ്ങും. മിക്സ്ഡ് റിലേയുടെ ആദ്യ റൗണ്ടും ഇന്നാണ്.

ശ്രീശങ്കർ പുറത്ത്

പുരുഷ ലോങ്ജംപിൽ മലയാളിതാരം എം.ശ്രീശങ്കർ ഫൈനലിലെത്താതെ പുറത്തായി. 26 പേർ മത്സരിച്ച യോഗ്യതാ റൗണ്ടിൽ 7.62 മീറ്റർ ചാടിയ താരം 22–ാമതായിപ്പോയി. തന്റെ ആദ്യ ലോക ചാംപ്യൻഷിപ്പിന് ഇറങ്ങിയ ശ്രീശങ്കർ ആദ്യ ശ്രമത്തിൽ 7.52 മീറ്റർ ചാടി. രണ്ടാം ശ്രമത്തിൽ 7.62 മീറ്റർ. മൂന്നാം ശ്രമം ഫൗളായി. ക്യൂബയുടെ യുവാൻ മിഗ്വേൽ എച്ചെവറിയ 8.40 മീറ്റർ ചാടി യോഗ്യതാ റൗണ്ടിൽ ഒന്നാമനായി ഫൈനലിലെത്തി.

യുഎസിന്റെ ജെഫ് ഹെൻഡേഴ്സൻ (8.12 മീ), ജപ്പാന്റെ യുകി ഹഷിയോക (8.07), യുഎസിന്റെ സ്റ്റെഫിൻ മക്കാർട്ടർ (8.04), ദക്ഷിണാഫ്രിക്കയുടെ റസ്‌വാൾ സമായി (8.01), സ്പെയിനിന്റെ യൂസെബിയോ കാസെറസ് (8.01) എന്നിവർക്കു മാത്രമാണ് 8 മീറ്റർ കടക്കാനായത്. മലയാളിതാരത്തിന്റെ പേരിലുള്ള ഏറ്റവും മികച്ച പ്രകടനം 8.20 മീറ്ററിന്റെ ദേശീയ റെക്കോർഡാണ്. ഈ സീസണിലെ മികച്ച പ്രകടനമായ 8 മീറ്ററിലും താഴെയുള്ള പ്രകടനമാണു ശ്രീശങ്കർ ഇന്നലെ നടത്തിയത്.

ചരിത്ര റിലേ

ലോക ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിലാദ്യമായി 4–400 മീറ്റർ മിക്സ്ഡ് റിലേ ഇന്നു ട്രാക്കിലെത്തും. ആദ്യ റൗണ്ടാണ് ഇന്ന്. 2 വീതം പുരുഷ, വനിതാ താരങ്ങളാണ് ഓരോ ടീമിലും ഉണ്ടാവുക. സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മലയാളിതാരം വൈ.മുഹമ്മദ് അനസ് ഉൾപ്പെടുന്ന ഇന്ത്യൻ ടീം 5–ാം സ്ഥാനത്തുണ്ട്.

പോളണ്ട്, ബഹ്റൈൻ, യുഎസ്, ഇറ്റലി ടീമുകളാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. 2017ലെ ലോക റിലേ ചാംപ്യൻഷിപ്പിലാണ് മിക്സ്ഡ് റിലേ ആദ്യമായി സീനിയർ തലത്തിൽ പരീക്ഷിക്കുന്നത്. ബഹാമാസ് ആയിരുന്നു ആദ്യ ജേതാക്കൾ. ഈ വർഷത്തെ ലോക റിലേയിൽ യുഎസ് ഒന്നാമതെത്തി. കഴിഞ്ഞ ജക്കാർ‌ത്ത ഏഷ്യൻ ഗെയിംസിൽ ബഹ്റൈനു പിന്നിൽ ഇന്ത്യ വെള്ളി നേടിയിരുന്നു.

ചൂടറിയാൻ തെർമോമീറ്റർ ഗുളിക!

കത്തുന്ന ചൂട് അത്‍ലിറ്റുകളെ എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കാൻ മാരത്തൺ ഓട്ടക്കാർക്കും നടത്തക്കാർക്കും രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷൻ നൽകുന്ന ‘പിൽ തെർമോമീറ്ററാ’ണിത്. ഇതു വിഴുങ്ങിയാൽ അത്‍ലിറ്റിന്റെ ശരീരം ചൂടിനോട് എങ്ങനെയാണു പ്രതികരിക്കുന്നതെന്നു ഗുളികയ്ക്കുള്ളിലുള്ള പ്രത്യേക ചിപ്പിലൂടെ പുറത്തറിയാം.

ഗുളികയിലെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം വൈദ്യസംഘത്തിന്റെ കയ്യിലുണ്ടാകും. വിഴുങ്ങി 2 മണിക്കൂർ കഴിയുമ്പോൾ ചിപ്പ് വിവരങ്ങൾ അയച്ചുതുടങ്ങും. 18 മുതൽ 30 മണിക്കൂർവരെ ശരീരത്തിനുള്ളിൽ തെർമോമീറ്റർ പ്രവർത്തിക്കും. പിന്നീട് വൻകുടലിലൂടെ പുറന്തള്ളപ്പെടും. ദോഹയിലെ പകൽച്ചൂട് 38 ഡിഗ്രി സെൽഷ്യസാണ്. അർധരാത്രിയിൽ ചൂട് 30 ഡിഗ്രി ആകുമ്പോഴാണു മാരത്തൺ, നടത്ത മത്സരങ്ങൾ നടത്തുന്നത്.

RECENT POSTS
Copyright © . All rights reserved