ഗംഭീറിന്റെ കരിയർ അവസാനിപ്പിക്കാൻ കാരണം ഞാൻ; വിചിത്രമായ വെളിപ്പെടുത്തലുമായി മുൻ പാക് പേസ് ബൗളർ

ഗംഭീറിന്റെ കരിയർ അവസാനിപ്പിക്കാൻ കാരണം ഞാൻ; വിചിത്രമായ വെളിപ്പെടുത്തലുമായി മുൻ പാക് പേസ് ബൗളർ
October 08 07:01 2019 Print This Article

ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മുൻ ഓപ്പണർ ഗൗതം ഗംഭീറിന്റെ ഏകദിന, ട്വന്റി20 കരിയറുകൾക്ക് വിരാമമിട്ടത് താനാണെന്ന അവകാശവാദവുമായി പാക്കിസ്ഥാന്റെ മുൻ താരം മുഹമ്മദ് ഇർഫാൻ രംഗത്ത്. 2012ലെ ഇന്ത്യ–പാക്കിസ്ഥാൻ പരമ്പരയിൽ തന്റെ പന്തുകൾക്കു മുന്നിൽ തുടർച്ചയായി പതറിയതോടെയാണ് ഗംഭീർ ടീമിന് പുറത്തായതെന്നാണ് ഇർഫാന്റെ വാദം. ഇന്ത്യൻ ജഴ്സിയിൽനിന്നുള്ള ഗംഭീറിന്റെ പടിയിറക്കത്തിന്റെ തുടക്കം ആ പരമ്പരയിൽനിന്നാണെന്നും ഇർഫാൻ അവകാശപ്പെടുന്നു.

2012–13 സീസണിലെ ഏകദിന–ട്വന്റി20 പരമ്പരകളിൽ നാലു തവണയാണ് ഇർഫാൻ ഗംഭീറിനെ പുറത്താക്കിയത്. പിന്നീട് ഇംഗ്ലണ്ടിനെതിരെ പരമ്പരയിൽ കൂടി ടീമിൽ നിലനിന്നെങ്കിലും അതോടെ ഗംഭീർ ടീമിനു പുറത്തായി. അതിനു കാരണം താനാണെന്നാണ് ഇർഫാന്റെ വാദം. ഉയരക്കൂടുതൽ കൊണ്ട് ശ്രദ്ധ നേടിയ ഇർഫാൻ ഇപ്പോൾ ക്രിക്കറ്റിൽ സജീവമല്ല. പാക്കിസ്ഥാൻ ജഴ്സിയിൽ നാലു ടെസ്റ്റുകളും 60 ഏകദിനങ്ങളും 20 ട്വന്റി20കളും കളിച്ചിട്ടുണ്ട്.

‘ആ പരമ്പരയ്ക്കിടെ എന്റെ പന്തുകൾ നേരിടാൻ ഗംഭീർ ഇഷ്ടപ്പെട്ടിരുന്നില്ല. കളിയിലായാലും നെറ്റ്സിലായാലും എന്നെ ഒഴിവാക്കാനായിരുന്നു ശ്രമം. ഞാനുമായി നേർക്കുനേർ വരുന്നതുപോലും ഗംഭീർ മനഃപൂർവം ഒഴിവാക്കി. ആ പരമ്പരയിൽ ഏകദിനത്തിലും ട്വന്റി20യിലുമായി നാലുതവണയാണ് ഞാൻ ഗംഭീറിനെ പുറത്താക്കിയത്. അദ്ദേഹത്തിന് എന്റെ പന്തുകൾ ഭയമായിരുന്നു’ – ഇർഫാൻ പറഞ്ഞു.

ആ പരമ്പരയ്ക്കു തൊട്ടുപിന്നാലെ ഇംഗ്ലണ്ടിനെതിരെയും ഗംഭീറിന് അവസരം നൽകിയെങ്കിലും പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയില്ലെന്ന് ഇർഫാൻ ചൂണ്ടിക്കാട്ടി. ഗംഭീറിന്റെ കരിയർ അവസാനിപ്പിച്ച ആളെന്ന നിലയിൽ പലരും തന്നെ അഭിനന്ദിച്ചിരുന്നുവെന്നും ഇർഫാൻ അവകാശപ്പെട്ടു.

‘എന്റെ പന്തുകൾ ഫലപ്രദമായി നേരിടാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ഞാൻ എറിയുന്ന പന്ത് കാണാൻ പോലും സാധിക്കുന്നില്ലെന്ന് അന്നത്തെ ഇന്ത്യൻ ടീമംഗങ്ങളിൽ ചിലർ എന്നോടു പറഞ്ഞിരുന്നു. ഉയരക്കൂടുതൽ കാരണം പന്തിന്റെ പേസ് വ്യതിയാനം തിരിച്ചറിയാൻ അവർക്കു കഴിഞ്ഞിരുന്നില്ല’ – ഇർഫാൻ പറഞ്ഞു. ആ പരമ്പരയോടെയാണ് ഗംഭീറിന്റെ കരിയറിൽ തിരിച്ചിറക്കം ആരംഭിച്ചതെന്നു പറഞ്ഞ ഇർഫാൻ, താനാണ് അതിനു കാരണക്കാരൻ എന്നും അവകാശപ്പെട്ടു.

തന്റെ പന്ത് കാണാൻ പോലും സാധിക്കുന്നില്ലെന്ന് വിരാട് കോലിയും തുറന്നു പറഞ്ഞിരുന്നുവെന്ന് ഇർഫാൻ പറഞ്ഞു. ‘പന്തിന്റെ വേഗം ഗണിച്ചെടുക്കാനാവുന്നില്ലെന്നായിരുന്നു കോലിയുടെ വാക്കുകൾ. പന്തു വരുമ്പോൾ 130–135 കിലോമീറ്റർ വേഗമാണ് കോലി കണക്കുകൂട്ടുക. എന്നാൽ യഥാർഥ വേഗം 145 കിലോമീറ്ററിന് അടുത്തായിരിക്കും. ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നതായാണ് കോലി വെളിപ്പെടുത്തിയത്. ഒരിക്കൽ ഞാൻ എറിഞ്ഞ ഗുഡ് ലെങ്ത് ബോൾ പുൾ ചെയ്യാനുള്ള കോലിയുടെ ശ്രമം പരാജയപ്പെടുകയും ചെയ്തു. ഈ സമയത്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്നത് യുവരാജ് സിങ്ങായിരുന്നു. എന്റെ പന്തുകൾ പുൾ ചെയ്യുന്നതിനു പകരം കട്ട് ചെയ്യാന്‍ ശ്രമിക്കാൻ യുവരാജ് പഞ്ചാബിയിൽ കോലിയോടു പറഞ്ഞു. എന്നാൽ മൂന്നാം പന്തും പുൾ ചെയ്യാൻ ശ്രമിച്ച കോലിയെ വിക്കറ്റ് കീപ്പർ പിടികൂടി.

തിരിച്ചു നടന്നോ എന്ന് യുവരാജ് കോലിയോട് പറഞ്ഞു’ – ഇർഫാൻ വെളിപ്പെടുത്തി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles