ലയണല്‍ മെസിയുെട ഫിഫ ബെസ്റ്റ് പുരസ്കാരനേട്ടത്തെച്ചൊല്ലി വിവാദം പുകയുന്നു. മെസിക്ക് താന്‍ വോട്ടുചെയ്തില്ലെന്നും അദ്ദേഹത്തിന് വോട്ടുചെയ്തവരുടെ ലിസ്റ്റില്‍ തന്റെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും നിക്കരാഗ്വ ക്യാപ്റ്റന്‍ യുവാന്‍ ബാരിറ ട്വീറ്റ് ചെയ്തു. നിക്കരാഗ്വന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ തന്ന വിവരം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് ഫിഫയുടെ വിശദീകരണം.
മുഹമ്മദ് സലായ്ക്കായി ഈജിപ്ത് ക്യാപ്റ്റനും കോച്ചും ചെയ്ത വോട്ടുകള്‍ എണ്ണിയില്ലെന്ന് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും ആരോപിച്ചു. ഇരുവരുടേയും ഒപ്പ് വലിയക്ഷരത്തിലായതിനാലാണ് പരിഗണിക്കാതിരുന്നതെന്ന് ഫിഫ അറിയിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുടെ ഒപ്പില്ലാത്തതും വോട്ട് അസാധുവാകാനിടയാക്കി.
ലിവര്‍പൂള്‍ താരം വിര്‍ജിന്‍ വാന്‍ ഡൈക്ക് യുവെന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് മെസ്സി ഇത്തവണ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ ടീമുകളുടെ പരിശീലകര്‍, ക്യാപ്റ്റന്‍മാര്‍, ഓരോ രാജ്യത്തു നിന്നും തിരഞ്ഞെടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഫിഫയുടെ മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുക. പുരസ്‌കാര വിജയിയെ തിരഞ്ഞെടുക്കുന്നത് ഈ വോട്ടുകള്‍ അടിസ്ഥാനമാക്കിയാണ്
ഗര്‍ഭകാലത്ത് സമയത്ത് തടിച്ചിയായി എന്ന് പറഞ്ഞവര്‍ക്ക് ഇതാ സാനിയ മിര്‍സയുടെ കിടിലന്‍ മറുപടി. ഗര്‍ഭിണിയായിരുന്നപ്പോള്‍ 23 കിലോ കൂടിയിരുന്ന സാനിയയാണ് ഇപ്പോള്‍ പുഷ്പം പോലെ 26 കിലോ കുറച്ചിരിക്കുന്നത്. സ്ലിമ്മായി നില്‍ക്കുന്ന ഫോട്ടോയും സാനിയ പങ്കുവെച്ചിട്ടുണ്ട്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വര്‍ക്ക് ഔട്ട് വിഡിയോയും താരത്തിന്റെ ശാരീരികക്ഷമത വ്യക്തമാക്കുന്നതാണ്.
കഠിനപ്രയത്‌നം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചതെന്ന് സാനിയ പറഞ്ഞു. എനിക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ക്കും ഇതെളുപ്പമാണ് എന്ന ഉപദേശത്തോടെയാണ് വര്‍ക്ക് ഔട്ട് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇഷാന് ജന്മം നല്‍കിയതിന് ശേഷം നാല് മാസം കൊണ്ടാണ് സാനിയ സൗന്ദര്യവും ഫിറ്റ്‌നസും വീണ്ടെടുത്തത്. ട്രെഡ്മില്‍ അടക്കം ഉപയോഗിച്ചായിരുന്നു കഠിന വ്യായാമം. ടെന്നീസിലേക്കുളള തിരിച്ചുവരവും താരം സൂചിപ്പിച്ചു.അടുത്ത ഒളിമ്പിക്‌സ് മെഡല്‍ സ്വന്തമാക്കുക എന്നതാണ് ലക്ഷ്യം. അതിനായുളള കഠിന ശ്രമത്തിലാണ് താനെന്നും സാനിയ പറയുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് പേസ് ബോളർ ജസ്പ്രീത് ബുമ്ര പുറത്ത്. പരുക്കുമൂലം ബുമ്ര ടെസ്റ്റ് പരമ്പരയ്ക്കില്ലെന്ന വിവരം ബിസിസിഐയാണ് പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടത്. ഉമേഷ് യാദവിനെ പകരം ടീമിൽ ഉൾപ്പെടുത്തിയതായും ബിസിസിഐ അറിയിച്ചു. പുറംവേദനയെ തുടർന്നാണ് ബുമ്ര ടീമിനു പുറത്തായതെന്നാണ് വിവരം. ഇതോടെ, ഇന്ത്യൻ മണ്ണിൽ ബുമ്രയുടെ ടെസ്റ്റ് അരങ്ങേറ്റം ഇനിയും നീളുമെന്ന് ഉറപ്പായി. പതിവുള്ള മെഡിക്കൽ പരിശോധനയ്ക്കിടെയാണ് ബുമ്രയുടെ പരുക്ക് കണ്ടെത്തിയതെന്നാണ് അറിയിപ്പ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽനിന്ന് ബുമ്രയ്ക്ക് സിലക്ടർമാർ വിശ്രമം അനുവദിച്ചിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ ഉജ്വല ഫോമിലുള്ള ബുമ്രയുടെ പുറത്താകൽ ഇന്ത്യയ്ക്ക് കനത്ത നഷ്ടമാണ്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്ന ബുമ്ര, ഹാട്രിക് സഹിതം രണ്ടു ടെസ്റ്റുകളിൽനിന്ന് 13 വിക്കറ്റ് വീഴ്ത്തിയിരുന്നു. വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഏഴു റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇതോടെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവിടങ്ങളിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ താരമായും ബുമ്ര മാറി.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബുമ്ര, ഇതുവരെ 12 ടെസ്റ്റുകൾ കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ മണ്ണിൽ ഇനിയും അരങ്ങേറിയിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യൻ മണ്ണിൽ അരങ്ങേറാനിരിക്കെയാണ് പരുക്ക് വില്ലനായത്. ഇതുവരെ ആകെ കളിച്ച 12 ടെസ്റ്റുകളിൽനിന്ന് 19.24 റൺസ് ശരാശരിയിൽ 62 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ ടെസ്റ്റിൽ ബോളർമാരുടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്താനും ബുമ്രയ്ക്ക് സാധിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഒക്ടോബർ രണ്ടിന് വിശാഖപട്ടണത്താണ് ആദ്യ ആദ്യ മൽസരം നടക്കുന്നത്. രണ്ടും മൂന്നും ടെസ്റ്റുകൾ യഥാക്രമം പുണെ, റാഞ്ചി എന്നിവിടങ്ങളിലായി നടക്കും.
ബുമ്ര പുറത്തായതോടെ ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം ഉമേഷ് യാദവ് ഇന്ത്യയുടെ പേസ് ആക്രമണം നയിക്കും. 2018ലെ ഓസ്ട്രേലിയൻ പര്യടനത്തിലാണ് ഉമേഷ് യാദവ് ഏറ്റവും ഒടുവിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞത്. ഇന്ത്യയ്ക്കായി ഇതുവരെ 41 ടെസ്റ്റുകൾ കളിച്ചിട്ടുള്ള യാദവ്, 33.47 റൺസ് ശരാശരിയിൽ 119 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. രണ്ടു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുള്ള യാദവിന്, ടെസ്റ്റിൽ 3.58 എന്ന ഭേദപ്പെട്ട ഇക്കോണമി നിരക്കുമുണ്ട്.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ശുഭ്മാൻ ഗിൽ.
ഇന്ത്യൻ പര്യടനത്തിലെ നിർണായക ടി20 മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. നായകൻ ക്വിന്റൺ ഡി കോക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. മൂന്ന് ഓവറും ഒമ്പത് വിക്കറ്റും ബാക്കി വച്ചാണ് ദക്ഷിണാഫ്രിക്ക മത്സരം കൈപ്പിടിയിലൊതുക്കിയത്.
തേൽവിക്ക് പിന്നാലെ ഇന്ത്യൻ നായകനെതിരെ തിരിഞ്ഞിരിക്കുകയാണ് ഇന്ത്യൻ ആരാധകർ. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മൂന്നാം ടി20യില്‍ ടോസ് കിട്ടിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെടുത്ത തീരുമാനമാണ് ടീമിനെ പരാജയത്തിലേക്ക് നയിച്ചതെന്നാണ് ആരാധകർ പറയുന്നത്. ചെയ്‌സിങ്ങിന് പേരുകേട്ട പിച്ചില്‍ വിരാട് തീരുമാനിച്ചത് ആദ്യം ബാറ്റ് ചെയ്യാനായിരുന്നു.
എന്നാൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലെ തന്നെ രോഹിത് ശർമ്മയെ നഷ്ടമായി. ഒമ്പത് റൺസുമായി രോഹിത് ക്രീസ് വിടുമ്പോൾ ഇന്ത്യൻ സ്കോർ 22. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത നായകൻ കോഹ്‌ലിയും ഒമ്പത് റൺസിൽ പുറത്തായി. ഋഷഭ് പന്തിന് ഇന്നത്തെ മത്സരത്തിലും തിളങ്ങാനായില്ല. 19 റൺസുമായാണ് താരം കളം വിട്ടത്. ശ്രേയസ് അയ്യർ അഞ്ച് റൺസിനും ക്രുണാൽ പാണ്ഡ്യ നാല് റൺസിനും പുറത്തായി.
ബൗണ്ടറികളുമായി ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ രവീന്ദ്ര ജഡേജയും പുറത്തായി. കഗിസോ റബാഡ എറിഞ്ഞ അവസാന ഓവറിന്റെ നാലാം പന്തിൽ വാഷിങ്ടൺ സുന്ദറും അഞ്ചാം പന്തിൽ ഹാർദിക് പാണ്ഡ്യയും പുറത്തായതോടെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 134 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.
ബെംഗളൂരുവിന്റെ ചരിത്രം നോക്കിയാല്‍ കാണുന്നത് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ്. എന്നിട്ടും എന്തുകൊണ്ട് വിരാട് ഇങ്ങനെ ഒരു തീരുമാനത്തിലെത്തി? അതും ഐപിഎല്ലില്‍ ബെംഗളൂരുവിന്റെ നായകനായ കോഹ്‌ലി. അതാണ് ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ചത്.
എന്നാൽ ലോകകപ്പ് മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് കോഹ്‌ലിയുടെ വാദം. ”എനിക്കറിയാം ഇത് ചെയ്‌സിങ് ഗ്രൗണ്ടാണെന്ന്. ഐപിഎല്ലില്‍ അതാണ് എല്ലാ ടീമുകളും ഇവിടെ ചെയ്യാറുള്ളതും. പക്ഷെ ലോകകപ്പ് മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. സമ്മര്‍ദ്ദത്തില്‍ കളിച്ച് കരുത്തു നേടണം” എന്നായിരുന്നു വിരാടിന്റെ മറുപടി. ”മത്സരഫലം തന്നെയാണ് പ്രധാനപ്പെട്ടത്. പക്ഷെ കംഫര്‍ട്ട് സോണിന് പുറത്ത് വരണം, പ്രത്യേകിച്ച് ലോകകപ്പ് മുന്നിലുള്ളപ്പോള്‍” വിരാട് വ്യക്തമാക്കി.
India have bowled way too short. And have been punished for it
— Harsha Bhogle (@bhogleharsha) September 22, 2019
Well done on the come back in the series #SouthAfrica will India persist with the same plan of playing longer batting up or change the plan going forward… whats your take guys?? #indvsa
— Irfan Pathan (@IrfanPathan) September 22, 2019
ഇന്ത്യന്‍ ടീമില്‍ നിറം മങ്ങിയതിനെ തുടര്‍ന്ന് സ്ഥാനം തുലാസ്സിലായ റിഷഭ് പന്ത് പുറത്തേയ്‌ക്കെന്ന് സൂചന നല്‍കി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ്. പന്തിനെ തന്നെയാണ് പ്രധാന വിക്കറ്റ് കീപ്പറായി ഇപ്പോഴും പരിഗണിക്കുന്നത് എന്ന് പറയുന്ന പ്രസാദ് അടുത്ത ഘട്ടത്തില്‍ മലയാളി താരം സഞ്ജു ഉള്‍പ്പെടെയുളള യുവതാരങ്ങളെ ടീമിലെത്തിക്കുമെന്ന് വ്യക്തമാക്കി.
ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുമ്പോഴാണ് സഞ്ജുവിന്റെ പേര് പ്രസാദ് എടുത്ത് പറഞ്ഞത്. പന്തിന്റെ ജോലിഭാരം കുറയ്ക്കാനും പകരക്കാരെ വളര്‍ത്തിയെടുക്കാനും മുന്‍ഗണന നല്‍കുന്നതായും പ്രസാദ് കൂട്ടിചേര്‍ത്തു.
‘ഋഷഭ് പന്തിന്റെ ജോലിഭാരത്തെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് വ്യക്തമായ ധാരണയുണ്ട്. എല്ലാ ഫോര്‍മാറ്റിലും പന്തിന് പകരക്കാരെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ എയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന കെ.എസ്. ഭരതുണ്ട്. പരിമിത ഓവര്‍ മല്‍സരങ്ങളിലാണെങ്കില്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണും തുടര്‍ച്ചയായി മികവു കാട്ടുന്നുണ്ട്’ പ്രസാദ് ചൂണ്ടിക്കാട്ടി.
‘ലോക കപ്പിനു ശേഷം ഋഷഭ് പന്തിന്റെ വളര്‍ച്ച സെലക്ഷന്‍ കമ്മിറ്റി നിരന്തരം വിലയിരുത്തി കൊണ്ടിരിക്കുകയാണ്. ഇക്കാര്യം ഞാന്‍ മുമ്പേ പറഞ്ഞതുമാണ്. യുവതാരമെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രതിഭയും കഴിവും പരിഗണിച്ച് കുറച്ചുകൂടി സമയം അനുവദിക്കുകയാണ് വേണ്ടത്’ പ്രസാദ് പറഞ്ഞു.
പ്രസാദിനെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസം ഗവാസ്‌കറും രംഗത്തെത്തി. പന്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നു പറഞ്ഞ ഗാവസ്‌കര്‍, പന്തിന് പ്രതീക്ഷ കാക്കാനാകുന്നില്ലെങ്കില്‍ സഞ്ജുവിനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പ്രീക്വാര്‍ട്ടറില്‍ പി.വി.സിന്ധുവിന് അപ്രതീക്ഷിത തോല്‍വി. അഞ്ചാം സീഡായ സിന്ധുവിനെ തായ്ലന്‍ഡിന്റെ സീഡ് ചെയ്യപ്പെടാത്ത താരം പോണ്‍പാവീ ചോചുവോങ്ങാണ് ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് അട്ടിമറിച്ചത്. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധു പിന്നീടുള്ള രണ്ട് ഗെയിമിലും ലോല്‍വി വഴങ്ങി. സ്‌കോര്‍: 21-12, 13-21, 19-21. മത്സരം 58 മിനിറ്റ് നീണ്ടുനിന്നു.
ലോകറാങ്കിങ്ങില്‍ പതിനഞ്ചാം സ്ഥാനക്കാരിയാണ് ഏഷ്യന്‍ ഗെയിംസ് ടീമിനത്തില്‍ വെങ്കല മെഡല്‍ ജേതാവുകൂടിയായ പോണ്‍പാവീ ചോചുവോങ്. സിന്ധുവിനെതിരെ ചോചുവോങ് നേടുന്ന ആദ്യ ജയമാണിത്. ഇതുവരെ നാലു തവണ ഇരുവരും ഏറ്റമുട്ടിയപ്പോള്‍ മൂന്ന് തവണ സിന്ധുവിനായിരുന്നു ജയം. പുരുഷന്മാരുടെ ഡബിള്‍സിലും ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ജപ്പാന്റെ നാലാം സീഡ് തകേഷി കമുറ-കെയിഗോ സൊനോഡോ സഖ്യത്തോടാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റത്. സ്‌കോര്‍: 19-21, 8-21.
മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടി20യിലെ വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് റെക്കോര്‍ഡ്. അര്‍ധ സെഞ്ചുറിയോടെ കോലി അന്താരാഷ്‌ട്ര ടി20 റണ്‍വേട്ടയില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ മറികടന്നു. തന്‍റെ റണ്‍സമ്പാദ്യം കോലി 2441ലെത്തിച്ചപ്പോള്‍ ഹിറ്റ്‌മാന് 2434 റണ്‍സാണുള്ളത്. ഇതോടെ ടി20 റണ്‍വേട്ടയില്‍ കോലി- രോഹിത് പോര് മുറുകി.
ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മൂന്നാം സ്ഥാനത്ത്(2283), പാക്കിസ്ഥാന്‍ താരം ഷൊയൈബ് മാലിക്ക്(2263), കിവീസ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം(2140) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
മൊഹാലിയില്‍ 52 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 72 റണ്‍സുമായി കോലി മത്സരത്തിലെ താരമാവുകയായിരുന്നു. കോലി വെടിക്കെട്ടും ശിഖര്‍ ധവാന്‍റെ പ്രകടനവും ചേര്‍ന്നതോടെ മത്സരം ഏഴ് വിക്കറ്റിന് ടീം ഇന്ത്യ വിജയിച്ചു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ നേടി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക-149-5 (20), ഇന്ത്യ- 151-3 (19). ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
കുടുംബ രഹസ്യങ്ങള്‍ പരസ്യമാക്കിയ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ദ് സണ്ണിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. സ്റ്റോക്സിന്റെ ദുരന്തപൂര്‍വമായ കുടുംബ ജീവതിത്തിന്റെ വിവരങ്ങളാണ് ദ് സണ്‍ “STOKES’ SECRET TRAGEDY എന്ന തലക്കെട്ടിലുള്ള ലേഖനത്തിലൂടെ പരസ്യമാക്കിയത്.
സ്റ്റോക്സിന്റെ സഹോദരനെയും സഹോദരിയെയു അമ്മയുടെ പൂര്‍വകാമുകന്‍ സ്റ്റോക്സ് ജനിക്കുന്നതിനു മുമ്പെ കൊലപ്പെടുത്തിയതാണെന്ന് ലേഖനത്തില്‍ പറഞ്ഞിരുന്നു. സ്റ്റോക്സ് ഒരിക്കലും പരസ്യമാക്കാത്ത കുടുംബ കാര്യങ്ങളും ലോഖനത്തില്‍ എടുത്തുപറഞ്ഞിരുന്നു. ഇതാണ് സ്റ്റോക്സിനെ ചൊടിപ്പിച്ചത്.
ദിനപത്രത്തിന്റെ നടപടി അധാര്‍മികവും ഹൃദയശൂന്യവും തരംതാണതുമാണെന്ന് സ്റ്റോക്സ് ട്വീറ്ററില്‍ വ്യക്തമാക്കി. ലേഖനത്തില്‍ തന്റെ കുടുംബത്തെക്കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും ആരോപിച്ചിട്ടുണ്ടെന്നും സ്റ്റോക്സ് വിമര്‍ശനക്കുറിപ്പില്‍ വ്യക്തമാക്കി.
— Ben Stokes (@benstokes38) September 17, 2019
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാല്‍ അങ്കത്തിന് തിരികൊളുത്തുന്ന് കാണാന്‍ ആരാധകര്‍ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ഇതിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മലയാളി താരം സഞ്ജു സാംസണിനെ ചൂണ്ടിക്കാണിച്ചാണ് ഗംഭീറിന്റെ മുന്നറിയിപ്പ്.
”ഋഷഭ് പന്ത് എന്നും ആവേശം പകരുന്ന താരമാണ്. പക്ഷെ എന്റെ ഫേവറേറ്റായ സഞ്ജുവിനെ അവന്‍ ശ്രദ്ധിക്കണം. സഞ്ജു ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്” ഗംഭീര്‍ പറയുന്നു. നേരത്തെ തന്നെ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് എടുക്കണമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു.
ധോണിയ്ക്ക് പകരക്കാരനായി ഇന്ത്യന്‍ ടീം നോക്കി കാണുന്നത് പന്തിനെയാണ്. ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രസ്താവന. പന്ത് സ്ഥിരത പുലര്‍ത്താത്തതാണ് ഗംഭീറിനെ മാറി ചിന്തിപ്പിക്കുന്നത്. ഐപിഎല്ലിലേയും ഇന്ത്യ എയ്ക്ക് വേണ്ടിയുള്ള പ്രകടനങ്ങളുമാണ് സഞ്ജുവിനെ ദേശീയ ശ്രദ്ധയിലെത്തിക്കുന്നത്.
അതേസമയം, ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വരുമെന്ന് പ്രതീക്ഷയുണ്ടെന്ന് സഞ്ജു സാംസണ്‍ പറയുന്നു. എപ്പോള്‍ വേണമെങ്കില്‍ വേണമെങ്കിലുമൊരു വിളി വരാമെന്നും അതിനായി തയ്യാറായി ഇരിക്കാനാണ് ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു. കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് സഞ്ജുവിന് ആത്മവിശ്വാസം നല്‍കുന്നത്.
തന്നെ കുറിച്ച് മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, ഹര്‍ഭദന്‍ സിങ് തുടങ്ങിയവര്‍ സംസാരിക്കുന്നത് കാണുമ്പോള്‍ കരിയറില്‍ താന്‍ എവിടെ എത്തി നില്‍ക്കുന്നുവെന്നത് ബോധ്യപ്പെടുന്നുണ്ടെന്നും സഞ്ജു. അവരുടെ പിന്തുണ ആത്മവിശ്വാസം പകരുന്നതാണെന്നും താരം പറഞ്ഞു.
ആഷസ് പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഇംഗ്ലണ്ടിന് 135 റണ്‍സ് വിജയം. ഇരുടീമും രണ്ടുമല്‍സരങ്ങള്‍ വീതം വിജയിച്ചെങ്കിലും ആഷസ് കിരീടം ഓസ്ട്രേലിയ നിലനിര്‍ത്തി. 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 263 റണ്‍സിന് പുറത്തായി. മാത്യു വെയ്ഡ് സെഞ്ചുറി നേടി. വെയ്ഡിന്റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണ്.
പരമ്പരയിലെ കുറഞ്ഞ സ്കോറായ 23 റണ്‍സിന് സ്മിത്ത് പുറത്തായി. സ്മിത്തും സ്റ്റോക്സുമാണ് പരമ്പരയിലെ താരങ്ങള്‍. 1972ന് ശേഷം ആദ്യമായാണ് ആഷസ് പരമ്പര സമനിലയില്‍ അവസാനിക്കുന്നത്.
ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പര 2–2ന് സമനിലയിൽ അവസാനിച്ചു. നിലവിലെ ജേതാക്കളെന്ന നിലയിൽ കിരീടം ഓസീസിന്റെ കൈവശം തന്നെ തുടരും. സ്കോർ: ഇംഗ്ലണ്ട് – 294 & 329, ഓസ്ട്രേലിയ – 225 & 263
രണ്ടാം ഇന്നിങ്സിൽ ഉറച്ച പ്രതിരോധവുമായി കളം നിറഞ്ഞ വെയ്ഡ്, 166 പന്തിൽ 17 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് 117 റൺസെടുത്തത്. 67 പന്തിൽ 24 റൺസെടുത്ത മിച്ചൽ മാർഷാണ് ഓസീസിന്റെ രണ്ടാമത്തെ ടോപ് സ്കോറർ. സ്റ്റീവൻ സ്മിത്ത് (23), ടിം പെയ്ൻ (21), പീറ്റർ സിഡിൽ (പുറത്താകാതെ 13), മാർനസ് ലബുഷെയ്ൻ (14), ഡേവിഡ് വാർണർ (11) എന്നിവരും രണ്ടക്കം കടന്നു. മാർക്കസ് ഹാരിസ് (ഒൻപത്), പാറ്റ് കമ്മിൻസ് (ഒൻപത്), നേഥൻ ലയോൺ (ഒന്ന്), ജോഷ് ഹെയ്‌സൽവുഡ് (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
നേരത്തെ, എട്ടിന് 313 റണ്‍സ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ട് 16 റൺസ് കൂടി കൂട്ടിച്ചേർത്ത് എല്ലാവരും പുറത്തായി. ജോഫ്ര ആർച്ചർ (മൂന്ന്), ജാക്ക് ലീച്ച് (ഒൻപത്) എന്നിവരാണ് ഇന്ന് പുറത്തായത്. ആർച്ചറിനെ കമ്മിൻസും ലീച്ചിനെ ലയോണും പുറത്താക്കി. ഒൻപതു പന്തിൽ രണ്ട് സിക്സ് സഹിതം 12 റൺസോടെ ബ്രോഡ് പുറത്താകാതെ നിന്നു. ജോ ഡെൻലി (94), ബെൻ സ്റ്റോക്സ് (67) എന്നിവരുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിന് അടിത്തറയിട്ടത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 294 റൺസാണെടുത്തത്. ഓസീസ് 225 റൺസിന് ഒന്നാം ഇന്നിങ്സിൽ പുറത്തായിരുന്നു.