അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ ലോകത്തിലെ വേഗമേറിയ പുരുഷതാരം. യുഎസിന്റെ തന്നെ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ വെള്ളിയും കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ വെങ്കലവും നേടി.

ഉസൈന്‍ ബോള്‍ട്ടില്ലാത്ത ലോക വേദയില്‍ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്താണ് 9.76 സെക്കന്‍ഡില്‍ കോള്‍മാന്‍ 100 മീറ്റര്‍ ഓടിത്തീര്‍ത്തത്. സ്റ്റാര്‍ട്ടിങ് മുതല്‍ ഫിനിഷിങ് വരെ അച്ചടക്കത്തോടെ എതിരാളികളെ പിന്തള്ളിയ കോള്‍മാന്‍ മാജിക്.

ബോള്‍ട്ടിന് പിന്നില്‍ പലപ്പോഴും രണ്ടാമനായ ഗാറ്റ്ലിന് ഇത്തവണയും രണ്ടാമത് തന്നെ. സമയം 9.89 സെക്കന്‍ഡ്. 9.90 സെക്കന്‍ഡില്‍ ഓടിയെത്തിയ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസി വെങ്കലം നേടിയപ്പോള്‍ ബോള്‍ട്ടിന്റെ പിന്‍ഗാമിയാകാനെത്തിയ ജമൈക്കയുടെ യൊഹാന്‍ ബ്ലേക്ക്‌ നിരാശപ്പെടുത്തി. 9.97 സെക്കന്‍ഡില്‍ അഞ്ചാമതെത്താനേ ബ്ലേക്കിനായുള്ളു.

മിക്സ്ഡ് റിലേയില്‍ ചരിത്രം കുറിച്ച് മലയാളികള്‍ മാത്രമടങ്ങിയ ഇന്ത്യന്‍ ടീം ഫൈനലിലെത്തി . സീസണിലെ മികച്ച സമയം കണ്ടെത്തിയ ഇന്ത്യ അടുത്തവര്‍ഷത്തെ ടോക്കിയോ ഒളിംപിക്സിനും യോഗ്യത നേടി . ഇന്നുരാത്രിയാണ് ഫൈനല്‍

മുഹമ്മദ് അനസ്, വി.കെ വിസ്മയ, ജിസ്ന മാത്യു, നോഹ നിര്‍മല്‍ ടോം എന്നിവരടങ്ങിയ ഇന്ത്യയുടെ മലയാളി ടീമാണ് ഹീറ്റ്സില്‍ മൂന്നാമതായി ഫിനിഷ് ചെയ്തത് . മൂന്നുമിനിറ്റ് 16 സെക്കന്‍ഡിലാണ് ഇന്ത്യ ഫിനിഷിങ്ങ് ലൈന്‍ കടന്നത്. അവസാന ലാപ്പില്‍ ബാറ്റന്‍ കൈമാറുന്നതില്‍ പിഴവുസംഭവിച്ചെങ്കിലും നോഹ നിര്‍മല്‍ ടോമിന്റെ മികച്ച പ്രകടനം ഇന്ത്യയ്ക്ക് ഫൈനലിലേയ്ക്ക് വഴിയൊരുക്കി .

ആറാം സ്ഥാനത്തുനിന്നാണ് ഇന്ത്യ മൂന്നാമതായി ഓടിയെത്തിയത്. ഇതോടെ ടോക്കിയ ഒളിംപിക്സിനും ഇന്ത്യ യോഗ്യത നേടി . ആദ്യ ഹീറ്റ്സില്‍ മല്‍സരിച്ച അമേരിക്ക ലോകറെക്കോര്‍ഡ് കുറിച്ച് ഫൈനലുറപ്പിച്ചു . വനിത വിഭാഗം 100 മീറ്റര്‍ അടക്കം അഞ്ചിനങ്ങളിലാണ് ഇന്ന് ഫൈനല്‍ .