ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ വിരമിക്കലാണ് അടുത്ത ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പങ്കുവച്ച ട്വീറ്റാണ് ഇടക്കാലത്തിന് ശേഷം വാര്‍ത്തകള്‍ക്ക് ചൂടുപകര്‍ന്നത്. കൊല്‍ക്കത്തയില്‍ 2016 ടി20 ലോകകപ്പില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലെ ഒരു ചിത്രമാണ് കോലി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘ഒരിക്കലും മറക്കാനാവാത്ത മത്സരം. സ്പെഷ്യല്‍ രാത്രി. ഫിറ്റ്നസ് ടെസ്റ്റിലെ എന്നതുപോലെ ധോണി തന്നെ ഓടിച്ചു’ എന്ന തലക്കെട്ടോടെയായിരുന്നു കോലിയുടെ ട്വീറ്റ്.
ട്വീറ്റ് വന്നതോടെ ധോണി വിരമിക്കാനൊരുങ്ങുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു. വിരമിക്കാന്‍ പോകുന്നുവെന്ന് ധോണി ക്യാപ്റ്റനെ അറിയിച്ചിരിക്കുന്നുവെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. സംഭവം വാര്‍ത്തയായതോടെ ഇന്ത്യയുടെ ചീഫ് സെലക്റ്റര്‍ എം എസ് കെ പ്രസാദ് മറുപടിയുമായി വന്നു. വാര്‍ത്ത വ്യാജമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇപ്പോഴിത വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷി ധോണി. ട്വിറ്ററിലാണ് സാക്ഷി പ്രതികരണമറിയിച്ചത്. വിരമിക്കലുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നാണ് സാക്ഷി ട്വിറ്ററില്‍ കുറിച്ചിട്ടത്. ട്വീറ്റ് കാണാം…
A game I can never forget. Special night. This man, made me run like in a fitness test 😄 @msdhoni 🇮🇳 pic.twitter.com/pzkr5zn4pG
— Virat Kohli (@imVkohli) September 12, 2019
Its called rumours !
— Sakshi Singh 🇮🇳❤️ (@SaakshiSRawat) September 12, 2019
ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിലേക്ക്. ഓവലില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലീഷ് മധ്യനിര തകര്‍ന്നെങ്കിലും ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്‌ലറിലാണ് (പുറത്താവാതെ 64) ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. നാല് വിക്കറ്റ് നേടിയ മിച്ചല്‍ മാര്‍ഷാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്.
ബട്‌ലര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ജോ റൂട്ട് (57), ഓപ്പണര്‍ റോറി ബേണ്‍സ് (47) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ജോ ഡെന്‍ലി (14), ബെന്‍ സ്‌റ്റോക്‌സ് (20), ജോണി ബെയര്‍സ്‌റ്റോ (22), സാം കറന്‍ (15), ക്രിസ് വോക്‌സ് (2), ജോഫ്ര ആര്‍ച്ചര്‍ (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബട്‌ലര്‍ക്കൊപ്പം ജാക്ക് ലീച്ച് (10) ക്രീസിലുണ്ട്.
മൂന്നാം വിക്കറ്റില്‍ ബേണ്‍സ്- റൂട്ട് സഖ്യം കൂട്ടിച്ചേര്‍ത്ത 76 റണ്‍സാണ് ഇംഗ്ലണ്ടിന് തുണയായത്. എന്നാല്‍ ബേണ്‍സ് മടങ്ങിയതോടെ കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി. മാര്‍ച്ച് മധ്യനിരയുടെ മുനയൊടിച്ചതോടെ ഇംഗ്ലണ്ട് രണ്ടിന് 103ന് എന്ന നിലയില്‍ നിന്ന് എട്ടിന് 226 എന്ന സ്‌കോറിലേക്ക് വീണു. പിന്നീട് ബട്‌ലര്‍- ലീച്ച് കൂട്ടിച്ചേര്‍ത്ത 45 രണ്‍സാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
മാര്‍ഷിന് പുറമെ ഓസീസിനായി പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഫുട്ബോള്‍ ലോകകപ്പ് യോഗ്യത മല്‍സരത്തില്‍ ഖത്തറിനെതിരെ ഇന്ത്യയ്ക്ക് വിജയസമാനമായ സമനില. ദോഹയില്‍ നടന്ന മല്‍സരത്തില്‍ ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തറിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മികച്ച സേവുകളാണ് ടീമിന് തുണയായത്. പരുക്കേറ്റ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയില്ലാതെയാണ് ഇന്ത്യയിറങ്ങിയത്.
പരുക്കേറ്റ നായകൻ സുനിൽ ഛേത്രി ഇല്ലാതെ ഇറങ്ങിയ ഇന്ത്യ എത്ര ഗോൾ വാരികൂട്ടുമെന്ന നെഞ്ചിടിപ്പിലായിരുന്നു മത്സത്തിനു മുൻപ് ആരാധകർ. ആ ഭയത്തെ അസ്ഥാനത്താക്കി കളഞ്ഞു ഇന്ത്യൻ വൻമതിൽ ഗുർപ്രീത് സിങ് സന്ധു
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഖത്തർ ഇന്ത്യൻ ഗോൾ മുഖം വിറപ്പിച്ച കൊണ്ടിരുന്നു. അൽമോയിസ് അലിയുടക്കമുള്ളവരുടെ ഷോട്ടുകൾ അണുവിട വ്യത്യാസത്തിൽ ലക്ഷ്യത്തിൽ നിന്നകന്നു. പ്രതിരോധം തകർത്തെത്തിയ പന്തുകൾ തടുത്തിട്ട് ഗുർപ്രീത് അക്ഷരാർത്ഥത്തിൽ ഇന്ത്യയുടെ നായകനായി.
കളിയവസാനിക്കാൻ പത്തു മിനിറ്റു മാത്രം ശേഷിക്കെ ഉദാന്തയുടെ ഷോട്ട് അണുവിട വ്യത്യസത്തിൽ വല തൊടാതെ പോയപ്പോൾ ഗാലറിയൊന്നാകെ നിശബ്ദമായി.ഒടുവിൽ 90 മിനിറ്റിനും ഇഞ്ചുറി ടൈമിനും അപ്പുറം 133 കോടി ജനങ്ങളെ ത്രസിപ്പിച്ച് ഉജ്ജ്വല സമനില.
ഈ മാസം 27 ന് പാക്കിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ശ്രീലങ്കന്‍ പര്യടനം അനിശ്ചിതത്തിലായത് ഇന്ത്യയുടെ ഭീഷണിയെ തുടര്‍ന്നാണെന്ന
ആരോപണവുമായി പാകിസ്ഥാന്‍ മന്ത്രി. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരവും അടങ്ങിയ പരമ്പരയാണ് ശ്രീലങ്കന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കാനിരുന്നത്. എന്നാല്‍ ലങ്കന്‍ ടീമില്‍ നിന്ന് ടി20 ടീം നായകന്‍ ലസിത് മലിംഗ, ടെസ്റ്റ് ടീം നായകന്‍ കരുണരത്‌നെ, മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കം പത്ത് താരങ്ങള്‍ ടീമില്‍ നിന്ന് പിന്‍മാറിയതോടെ മത്സരങ്ങളും അനിശ്ചിതത്വത്തിലാകുകയായിരുന്നു.
എന്നാല്‍ പാക് പര്യടനത്തില്‍ നിന്ന് പിന്മാറാന്‍ ശ്രീലങ്കന്‍ കളിക്കാരെ ഇന്ത്യ ഭീഷണിപ്പെടുത്തിയെന്ന പരാമര്‍ശവുമായി പാകിസ്ഥാന്‍ മന്ത്രി ഫവദ് ചൗദരി എത്തിയിരിക്കുകയാണ്. പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഐപിഎല്ലില്‍ കളിപ്പിക്കില്ലെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായാണ് മന്ത്രി ഫവദ് ചൗദരി ആരോപിച്ചത്. ട്വിറ്ററിലൂടെയാണ് പാക് മന്ത്രി ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ നിന്നും അവരെ ബഹിഷ്‌കരിക്കുമെന്ന ഭീഷണി ഇന്ത്യ മുഴക്കിയതായി കമന്റേറ്റര്‍മാര്‍ വഴി താന്‍ അറിഞ്ഞതായി പാക് മന്ത്രി ട്വിറ്ററില്‍ കുറിക്കുന്നു.
വിലകുറഞ്ഞ തന്ത്രമാണ് ഇത്. കായികത്തിലും, ബഹിരാകാശത്ത് വരേയും കാണിക്കുന്ന ഈ യുദ്ധതല്‍പരതയെ അപലപിക്കേണ്ടതുണ്ട്. ഇന്ത്യന്‍ കായിക മേഖലയില്‍ നിന്നുള്ളവരുടെ വിലകുറഞ്ഞ നടപടിയായി പോയി ഇതെന്നും പാക് മന്ത്രി ട്വിറ്ററില്‍ പറയുന്നു. ഏകദിന, ട്വന്റി20 നായകന്മാര്‍ ഉള്‍പ്പെടെ പിന്മാറിയെങ്കിലും മറ്റ് കളിക്കാരെ ഉള്‍പ്പെടുത്തി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമിനെ തെരഞ്ഞെടുത്തു. ശ്രീലങ്കന്‍ കായിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമാവും ടീമിനെ പ്രഖ്യാപിക്കുക.
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പി.യു ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍ 25 അംഗ ടീമില്‍ ഇടം നേടി. 1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ചിത്രയെ ഒഴിവാക്കിയ നടപടി വിവാദമായിരുന്നു. ജിന്‍സണ്‍, അനസ്, ഗോപി കെ.ടി.ഇര്‍ഫാന്‍ എന്നിവരും ടീമിലുണ്ട്. ജാവലിന്‍ താരം നീരജ് ചോപ്രയുടെയും വനിതാ റിലേ ടീമില്‍ സരിതാ ബെന്‍ ഗെയ്ക്വാദും ടീമില്‍ ഇടം നേടിയില്ല.
ദോഹയില്‍ സെപ്റ്റംബര്‍ 27-നാണ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്. 1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചിത്ര ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ചിത്രയ്ക്ക് പുറമെ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍, അനസ്, ഗോപി കെ.ടി.ഇര്‍ഫാന്‍ എന്നിവരും ടീമിലുണ്ട്. വി.കെ വിസ്മയയും ടീമിലിടം പിടിച്ചു.
ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ പുരുഷ ടീം: എം പി ജാബിര്‍(400 മീ ഹര്‍ഡില്‍സ്), ജിന്‍സണ്‍ ജോണ്‍സണ്‍(1500 മീ), അവിനാശ് സാബ്ലെ(3000 മീ സ്റ്റീപ്പിള്‍ ചേസ്), കെ ടി ഇര്‍ഫാന്‍, ദേവേന്ദര്‍ സിംഗ്(20 കി. മി. നടത്തം), ടി.ഗോപി(മാരത്തണ്‍), എം.ശ്രീശങ്കര്‍(ലോംഗ് ജംപ്), തജീന്ദര്‍ പാല്‍ സിംഗ് തൂര്‍(ഷോട്ട് പുട്ട്), ശിവ്പാല്‍ സിംഗ്(ജാവലിന്‍ ത്രോ), മുഹമ്മദ് അനസ്, നിര്‍മല്‍ നോഹ ടോം, അലക്‌സ് ആന്റണി, ഓമോജ് ജേക്കബ്, കെ എസ് ജീവന്‍, ധരുണ്‍ അയ്യസ്വാമി, ഹര്‍ഷ കുമാര്‍(4*400 റിലേ, മിക്‌സഡ് റിലേ).
വനിതാ ടീം: പി യു ചിത്ര(1500 മീ), അന്നു റാണി(ജാവലിന്‍ ത്രോ), ഹിമ ദാസ്, വി കെ വിസ്മയ, എം ആര്‍ പൂവമ്മ, എം ആര്‍ ജിസ്‌ന മാത്യു, വി രേവതി, ശുഭ വെങ്കടേശന്‍, ആര്‍, വിദ്യ(4*400 റിലേ, മിക്‌സഡ് റിലേ)
ആവേശപ്പോരാട്ടത്തിനൊടുവിൽ യുഎസ് ഓപ്പൺ ടെന്നിസിൽ ചാമ്പ്യൻ പട്ടം വീശിയെടുത്ത് റഫേൽ നദാൽ. ഫൈനലിൽ റഷ്യൻ താരം ദാനി മദ്‍ദദെവിനെയാണ് നദാൽ തോൽപിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്‍റെ മിന്നും വിജയം. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ മദ്‍ദദെവ് മികച്ച വെല്ലുവിളിയുയർത്തിയെങ്കിലും 33-കാരനായ സ്പാനിഷ് താരം അതെല്ലാം മറികടന്നു.
സ്കോർ 7-5, 6-3, 5-7, 4-6, 6-4.
നദാലിന്‍റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്. 19-ാം ഗ്രാൻഡ്‍സ്ലാം കിരീടവും. 20 കിരീടമുള്ള റോജർ ഫെഡററുടെ നേട്ടം മാത്രമാണിനി നദാലിന് മുന്നിൽ കടമ്പയായി മുന്നിലുള്ളത്.
യുഎസ് ഓപ്പൺ നേടുന്ന രണ്ടാമത്തെ മുതിർന്ന താരം കൂടിയാവുകയാണ് നദാൽ കിരീടനേട്ടത്തിലൂടെ. 1970-ൽ തന്‍റെ 35-ാം വയസ്സിലാണ് പ്രമുഖ താരമായിരുന്ന കെൻ റോസ്‍വാൾ യുഎസ് ഓപ്പൺ കിരീടം നേടുന്നത്. തന്‍റെ നാലാം കിരീടം സ്വന്തമാക്കുന്ന നദാലിനിപ്പോൾ വയസ്സ് 33.
നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 185 റൺസിനു കീഴടക്കിയ ഓസ്ട്രേലിയ ആഷസ് പരമ്പര നിലനിർത്തി (2–1). 5 മത്സര പരമ്പരയിലെ അവസാന ടെസ്റ്റ് തോറ്റാലും ഓസീസിനു പരമ്പര നഷ്ടമാകില്ല. കഴിഞ്ഞ ആഷസ് പരമ്പര (2017–18) ഓസീസ് 4–0നു സ്വന്തമാക്കിയിരുന്നു.
രണ്ടാം ഇന്നിങ്സിൽ 383 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ചാം ദിനം 197 റൺസിനു പുറത്തായി. സ്കോർ– ഓസീസ്: 8 വിക്കറ്റിന് 497 ഡിക്ലയേഡ്, 6 വിക്കറ്റിന് 186 ഡിക്ല.; ഇംഗ്ലണ്ട്: 301, 197. രണ്ട് ഇന്നിങ്സിലും തിളങ്ങിയ സ്റ്റീവ് സ്മിത്താണ് (211, 82) മാൻ ഓഫ് ദ് മാച്ച്. 4 വിക്കറ്റെടുത്ത പാറ്റ് കമ്മിൻസാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ തകർത്തത്. അഞ്ചാം ദിനം അതിജീവിച്ച് സമനിലയുമായി രക്ഷപ്പെടാം എന്ന കണക്കുകൂട്ടലിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെ മത്സരം അവസാനിക്കാൻ ഒരു മണിക്കൂർ ശേഷിക്കെ ഓസീസ് എറിഞ്ഞു വീഴ്ത്തുകയായിരുന്നു.
2 വിക്കറ്റിന് 18 റൺസ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ സെഷനിൽത്തന്നെ ജയ്സൻ റോയ് (31), ബെൻ സ്റ്റോക്സ് (1) എന്നിവരെ നഷ്ടമായി. അർധ സെഞ്ചുറി നേടിയ ഓപ്പണർ ജോ ഡെൻലി (53)യെയും ജോണി ബെയർസ്റ്റോ (25)യെയും പുറത്താക്കി ഓസീസ് പിടിമുറുക്കിയപ്പോൾ ഇംഗ്ലണ്ട് 6 വിക്കറ്റിന് 138 റൺസ് എന്ന നിലയിലായി. പിന്നീട് 21 ഓവർ പിടിച്ചുനിന്ന ജോസ് ബട്‌ലർ– ക്രെയ്ഗ് ഓവർട്ടൻ സഖ്യം സമനില എത്തിപ്പിടിക്കും എന്നു തോന്നിപ്പിച്ചതാണ്. എന്നാൽ, ജോഷ് ഹെയ്സൽവുഡിന്റെ ഇൻ സ്വിങ്ങർ ലീവ് ചെയ്യാനുള്ള ബട്‌ലറുടെ തീരുമാനം പിഴച്ചു. ഓഫ് സ്റ്റംപിനു പുറത്തു പിച്ച് ചെയ്ത പന്ത്, ബട്‌ലറുടെ (111 പന്തിൽ 34) ഓഫ് സ്റ്റംപിളക്കി. ബട്‌ലർ വീണതോടെ ഇംഗ്ലണ്ടിന്റെ സമനില പ്രതീക്ഷയും അവസാനിച്ചു
ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസീസിനെതിരെ തോല്‍വി മുന്നില്‍ക്കണ്ട് ഇംഗ്ലണ്ട്. 383 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാലാം ദിനം റണ്ണെടുക്കും മുമ്പെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. റോറി ബേണ്‍സ്, ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവരാണ് പാറ്റ് കമിന്‍സിന്റെ ആദ്യ ഓവറിലെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായത്.മഴയെ തുടർന്ന് കാളി നിർത്തുമ്പോൾ നാലുവിക്കറ്റിനു 94 റൺസെന്ന നിലയിലാണ്
ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി സ്റ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് രണ്ടാം ഇന്നിംഗ്സിലും ഓസീസിന് മികച്ച ലീഡ് ഉറപ്പാക്കിയത്. 82 റണ്‍സെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്കകോറര്‍. 196 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സുമായി രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. സ്മിത്തിന് പുറമെ മാത്യു വെയ്ഡ്(34), ടിം പെയ്ന്‍(23) എന്നിവര്‍ മാത്രമാണ് ഓസീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങിയത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നും സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും വിക്കറ്റെടുത്തു.
നാലാം ദിനം 200/5 എന്ന സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 301 റണ്‍സിന് പുറത്തായി. 41 റണ്‍സെടുത്ത ജോസ് ബട്‌ലറും 26 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സുമാണ് മധ്യനിരയില്‍ ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓസീസിനായി ഹേസല്‍വുഡ് നാലും സ്റ്റാര്‍ക്ക്, കമിന്‍സ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും വീഴ്ത്തി.
വിഖ്യാത പാകിസ്താന്‍ ലെഗ് സ്പിന്നര്‍ അബ്ദുള്‍ ഖാദിര്‍ അന്തരിച്ചു. 63 വയസായിരുന്നു. ലാഹോറിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇതുവരെ അബ്ദുള്‍ ഖാദിറിന് ഹൃദയസംബന്ധമായ പ്രശ്‌നമൊന്നും ഇല്ലായിരുന്നു എന്ന് മകന്‍ സല്‍മാന്‍ ഖാദിര്‍, വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു. പ്രത്യേക ശൈലി മൂലം ഡാന്‍സിംഗ് ബൗളര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 67 ടെസ്റ്റുകളിലും 104 104 ഏകദിനങ്ങളില്‍ നിന്ന് 132 വിക്കറ്റുകള്‍ നേടി.
1955 സെപ്റ്റംബര്‍ 15ന് ലാഹോറിലാണ് അബ്ദുള്‍ ഖാദിന്റെ ജനനം. 1977ല്‍ ലാഹോറില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും 1983ല്‍ ബിര്‍മിംഗ്ഹാമില്‍ ന്യൂസിലാന്‍ഡിനെതിരെ ഏകദിനത്തിലും അരങ്ങേറി. അവസാന ടെസ്റ്റ് വെസ്റ്റ് ഇന്‍ഡീസിനെതിരെ 1990ലായിരുന്നു. അവസാന ഏകദിനം 1993ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഷാര്‍ജയില്‍.
നൃത്തസമാനമായ ബൗളിംഗിലൂടെയും മാരകമായ ഗൂഗ്ലികളിലൂടെയും ഫ്‌ളിപ്പറുകളിലൂടെയും എതിര്‍ ടീമുകളുടെ പേടി സ്വപ്‌നമായി മാറിയിരുന്നു 80കളില്‍ അബ്ദുള്‍ ഖാദിര്‍. ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്റെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു ഖാദിര്‍. 1989ലെ അരങ്ങേറ്റ മത്സരത്തില്‍ പാക് ബൗളിംഗ് നിരയുടെ ആക്രമണത്തില്‍ മുറിവേറ്റ 16കാരനായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കല്‍ പിന്നീട് അബ്ദുള്‍ ഖാദിറിന്റെ ഒരു ഓവറില്‍ നാല് സിക്‌സര്‍ പറത്തിയാണ് മറുപടി നല്‍കിയത്. അന്ന് സച്ചിനെ അഭിനന്ദിക്കാന്‍ അബ്ദുള്‍ ഖാദിര്‍ മടി കാണിച്ചില്ല. ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍ അടക്കമുള്ള ലെഗ് സ്പിന്നര്‍മാര്‍ പ്രചോദനമായി കണ്ടിരുന്നത് അബ്ദുള്‍ ഖാദിറിനെയായിരുന്നു.
അബ്ദുള്‍ ഖാദിറിന്റെ നിര്യാണം തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളെയാണ് നഷ്ടമാക്കിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.
16കാരനായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന് അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ നേരിടേണ്ടി വന്നത് ഇമ്രാന്‍ ഖാനും അബ്ദുള്‍ ഖാദിറും വസീം അക്രവും, പിന്നെ സച്ചിനെ പോലെ തുടക്കാരനായിരുന്നെങ്കിലും അപകടകാരിയായിരുന്ന വഖാര്‍ യൂനിസും ഉള്‍പ്പെട്ട ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് നിരയെ ആണ്. ഇവരുടെ ആക്രമണത്തിന് മുന്നില്‍ ആദ്യ മത്സരത്തില്‍ പതറിയ സച്ചിന്‍ പിന്നീടുള്ള മത്സരങ്ങളില്‍ തന്റെ വരവ് അങ്ങനെ വെറുതെ വന്നുപോകാനല്ല എന്ന് തെളിയിക്കുകയായിരുന്നു. നാല് ടെസ്റ്റുകളില്‍ രണ്ട് അര്‍ദ്ധ സെഞ്ചുറികളടക്കം 239 റണ്‍സാണ് സച്ചിന്‍ നേടിയത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടന്ന ഏകദിനത്തില്‍ അബ്ദുള്‍ ഖാദറിനെ കടന്നാക്രമിച്ചാണ് സച്ചിന്‍ ശരിക്കും വരവറിയിച്ചത്.
പെഷവാറിലെ ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ 30 ഓവറിലുള്ള ഒരു പ്രദര്‍ശന മത്സരം കാണികള്‍ക്കായി നടത്തി. സ്‌റ്റേഡിയം കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കൃഷ്ണമാചാരി ശ്രീകാന്തും സച്ചിനുമാണ് അന്ന് ആദ്യമിറങ്ങിയത്. ശ്രീകാന്തിന് റണ്‍ ഒന്നും വിട്ടുകൊടുക്കാതെ അബ്ദുള്‍ ഖാദിറിന്റെ മെയ്‌ഡെന്‍ ഓവര്‍.
അബ്ദുള്‍ ഖാദിര്‍ സച്ചിനോട് പറഞ്ഞു – “അടുത്ത ഓവറില്‍ എന്റെ ഒരു ബോള്‍ സിക്‌സ് അടിച്ച് കാണിക്ക്, എന്നാല്‍ നീ താരമാകും” എന്ന്. ഒരു സികസര്‍ ചോദിച്ച അബ്ദുള്‍ ഖാദറിന് സച്ചിന്‍ കൊടുത്തത് നാല് സിക്‌സറാണ്. നന്നായി കളിച്ചിരുന്ന ആ കുട്ടിയോട് തനിക്ക് അന്ന് തന്നെ വളരെയധികം താല്‍പര്യം തോന്നിയിരുന്നതായി 2018ല്‍ ദുബായില്‍ നടന്ന സലാം ക്രിക്കറ്റ് പരിപാടിയില്‍ അബ്ദുള്‍ ഖാദിര്‍ പറഞ്ഞിരുന്നു.
“സച്ചിന്‍ എന്നോട് മറുപടിയൊന്നും പറഞ്ഞില്ല, പകരം അടുത്ത ഓവറില്‍ നാല് സിക്‌സ് അടിച്ചു” – അബ്ദുള്‍ ഖാദര്‍ ഓര്‍ത്തിരുന്നു. 18 ബോളില്‍ നിന്ന് 53 റണ്‍സ്. അബ്ദുള്‍ ഖാദിറിന്റെ ഒരു ഓവറില്‍ 28 റണ്‍സ്. ആദ്യം ഒരു സിക്‌സ്, പിന്നെ ഫോര്‍, മൂന്നാമത്തെ ബോളില്‍ റണ്ണൊന്നുമില്ല. പിന്നെ തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍. മുഷ്താഖ് അഹമ്മദിനും കിട്ടി ഒരോവറില്‍ നാല് സിക്‌സ്. “ഞാന്‍ സച്ചിനെ ഒതുക്കാന്‍ നോക്കി. പക്ഷെ അയാളുടെ പ്രതിഭ അതിനെ മറികടന്നു” – അബ്ദുള്‍ ഖാദര്‍ പിന്നീട് പറഞ്ഞു
ഓർമ്മകളിലെ ഖാദിർ, അബ്ദുള്‍ ഖാദറിനെതിരെ സച്ചിന്റെ പ്രകടനം – വിഡീയോ
ആഷസ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോറിനെതിരെ ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ റോറി ബേണ്‍സ്(81), ക്യാപ്റ്റന്‍ ജോ റൂട്ട്(71) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിലെത്തിയത്. രണ്ട് ദിവസം ശേഷിക്കെ ഇംഗ്ലണ്ട് 297 റണ്‍സ് പിന്നിലാണ്. ജോഷ് ഹേസല്‍വുഡിന്‍റെ മികവിലാണ് ഓസ്ട്രേലിയ കളിയില്‍ പിടിമുറിക്കിയത്. 48 റണ്‍സ് വഴങ്ങിയ ഹേസല്‍വുഡ് നാല് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റ് നേടി.
മൂന്നാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്കോര്‍ 25ല്‍ നില്‍ക്കെ ക്രെയ്ഗ് ഓവര്‍ട്ടന്‍(5) ഹേസല്‍വുഡിന്‍റെ പന്തില്‍ സ്മിത്തിന് പിടികൊടുത്ത് മടങ്ങി. പിന്നീടായിരുന്നു ഇംഗ്ലണ്ടിനെ കൈപിടിച്ചുയര്‍ത്തിയ കൂട്ടുകെട്ടുണ്ടായത്. 25ല്‍ ഒത്തു ചേര്‍ന്ന റൂട്ടും ബേണ്‍സും സ്കോര്‍ 166 വരെ എത്തിച്ചു. ബേണ്‍സിനെ സ്മിത്തിന്‍റെ കൈകളിലെത്തിച്ച് ഹേസല്‍വുഡാണ് കൂട്ടുകെട്ട് പൊളിച്ചത്.
സ്കോര്‍ 175ല്‍ നില്‍ക്കെ ഇംഗ്ലണ്ടിന് ആഘാതമായി ക്യാപ്റ്റന്‍ റൂട്ടും എല്‍ബിയില്‍ പുറത്തായി. ഹേസല്‍വുഡിന് തന്നെയായിരുന്നു വിക്കറ്റ്. കളിയുടെ അവസാന നിമിഷത്തില്‍ ജേസണ്‍ റോയിയുടെ(22) കുറ്റി തെറിപ്പിച്ച ഹേസല്‍വുഡ് ഓസീസിന് മേല്‍ക്കൈ നല്‍കി. കഴിഞ്ഞ മത്സരത്തിലെ താരം ബെന്‍ സ്റ്റോക്സ്(7നോട്ടൗട്ട്), ബെയര്‍സ്റ്റോ(2 നോട്ടൗട്ട്) എന്നിവരാണ് ക്രീസില്‍.