ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിനെതിരെ ഗരുതര ആരോപണങ്ങളുമായി മുന്‍ താരം യുവരാജ് സിങ്. 2017 ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം നടന്ന ടീം സെലക്ഷില്‍ പല കാരണങ്ങള്‍ പറഞ്ഞ് തന്നെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് യുവരാജ് തുറന്നടിച്ചു. ആജ് തക്കിന് അനുവദിച്ച അഭിമുഖത്തിലാണ് യുവരാജിന്റെ വെളിപ്പെടുത്തല്‍.

”2017 ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഏഴോ എട്ടോ മത്സരങ്ങള്‍ ഞാന്‍ കളിച്ചു. ഇതില്‍ രണ്ട് മത്സരങ്ങള്‍ മാന്‍ ഓഫ് ദ മാച്ചും ആയിരുന്നു. പിന്നീടാണ് എനിക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ശ്രീലങ്കന്‍ പര്യടനത്തിന് തയ്യാറാവാന്‍ എന്നോട് ആവശ്യപ്പെട്ടു. അപ്പോഴാണ് യോ-യോ ടെസ്റ്റ് മറികടക്കണമെന്ന നിര്‍ദേശം വരുന്നത്. 36ാം വയസിലും യോ-യോ ടെസ്റ്റില്‍ വിജയിച്ചപ്പോള്‍ എന്നോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ പറഞ്ഞു. ടീമില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ആരും തന്നോട് പറഞ്ഞിരുന്നില്ല. മികച്ച ഫോമില്‍ നില്‍ക്കെ, എന്നെ ടീമില്‍ നിന്ന് പുറത്താക്കുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലെന്നും യുവരാജ് പറഞ്ഞു.

15-17 വര്‍ഷം കളിച്ച തന്നെപ്പോലുള്ള താരങ്ങളോട് വിരമിക്കല്‍ ഘട്ടത്തില്‍ ഒന്ന് ഇരുന്ന് സംസാരിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് യുവരാജ് തുറന്നടിച്ചു. താരങ്ങള്‍ക്ക് ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ തയ്യാറാകാത്ത അധികൃതരുടെ നടപടി ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. വിരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ തുടങ്ങിയവരോടെല്ലാം തന്നോട് കാണിച്ച അതേ സമീപനം തന്നെയാണ് ഇക്കാര്യത്തില്‍ അധികൃതരില്‍ നിന്നുണ്ടായതെന്നും യുവരാജ് പറഞ്ഞു. 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയ യുവരാജ് 8,701 റണ്‍സ് നേടിയിട്ടുണ്ട്. 58 ടി20 പോരാട്ടങ്ങളില്‍ നിന്നായി 1,177 റണ്‍സും താരം സ്വന്തമാക്കിയിരുന്നു.