സതാംപ്ടണിലെ ലോകകപ്പിലെ ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ രോഹിത് ശർമ നേടിയ സെഞ്ചുറി കരുതായി. 128 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് രോഹിത് സെഞ്ചുറി പൂർത്തിയാക്കിയത്.
144 പന്തില്‍ നിന്നും 122 റൺസാണ് രോഹിത് നേടിയത്. ഏകദിനത്തിൽ രോഹിത്തിന്റെ 23–ാം സെഞ്ചുറിയാണിത്. ശിഖർ ധവാൻ (12 പന്തിൽ എട്ട്), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (34 പന്തിൽ 18), ലോകേഷ് രാഹുൽ (42 പന്തിൽ 26) , ധോണി (46 പന്തിൽ 34) എന്നിവരാണ് പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്കായി റബാദ രണ്ടും പെഹ്‌ലൂക്‌വായോയും ക്രിസ് മോറിസും ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ഇന്ത്യയ്ക്കായി യൂസ്‌വേന്ദ്ര ചാഹല്‍ നാലുവിക്കറ്റും, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും നേടി. ഇവരുടെ ബൗളിംഗ് മികവാണ് നിശ്ചിത 50 ഓവറില്‍ ദക്ഷിണാഫ്രിക്കൻ സ്കോർ 227 റണ്‍സിൽ ഒതുക്കിയത്.
ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തീരുമാനം പാളി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമാക്കിയ ദക്ഷിണാഫ്രിക്കയെ, എട്ടാം വിക്കറ്റിൽ ക്രിസ് മോറിസ് – കഗീസോ റബാദ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് 200 കടത്തിയത്. ഇരുവരും ചേർന്ന് 66 റൺസെടുത്തു. 34 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 42 റൺസെടുത്ത ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
ബോളര്‍മാരെ മികച്ച രീതിയില്‍ പിന്തുണച്ച പിച്ചില്‍ മുൻനിര ദക്ഷിണാഫ്രിക്കന്‍ ബാറ്റസ്മാന്‍മാര്‍ക്ക് നിലയുറപ്പിക്കാനായില്ല. ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (54 പന്തിൽ 38), വാൻഡർ ഡ്യൂസൻ (37 പന്തിൽ 22), ഡേവിഡ് മില്ലർ (40 പന്തിൽ 31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഹാഷിം അംല (ഒൻപതു പന്തിൽ ആറ്), ക്വിന്റൺ ഡികോക്ക് (17 പന്തിൽ 10), ജീൻപോൾ ഡുമിനി (11 പന്തിൽ മൂന്ന്), ഇമ്രാൻ താഹിർ (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.
ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമല്‍സരം ഇന്ന്. സംതാംപ്ടണില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം എത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മല്‍സരം നിര്‍ണായകമാണ്. പരുക്ക് ഭേദമാകാത്തിനാല്‍ ഡെയില്‍ സ്റ്റെയിന്‍ ലോകപ്പില്‍ നിന്ന് പിന്‍മാറി.
ലോധ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള കൃത്യമായ വിശ്രമത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം തങ്ങളുടെ ലോകകപ്പ് മല്‍സരങ്ങളിലേക്ക് ഇറങ്ങുന്നത്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ മികച്ച ഫോമിലാണ്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയ്ക്കും പിന്നാലെ മൂന്നാമനായി കോഹ്‍ലി എത്തും. നാലാമനായി കെ.എല്‍.രാഹുലായിരിക്കും ടീമിലെത്തുക. പിന്നീട് ധോണിയും പാണ്ഡ്യയും എത്തും. സ്പിന്നര്‍മാരായി യൂസവേന്ദ്ര ചഹാലും കുല്‍ദീപ് യാദവും ഇലവനിലുണ്ടാകും. ബുംറയ്ക്കൊപ്പം ഭൂവനേശ്വര്‍ കുമാറോ മുഹമ്മദ് ഷമിയോ ഇലവനിലെത്തും.
ദക്ഷിണാഫ്രിക്കയ്ക്ക് ആകട്ടെ പരുക്ക് വില്ലനായി തുടരുകയാണ്. തോളിനേറ്റ പരുക്ക് ദേഭമാകാത്തതിനാല്‍ ഡെയില്‍ സ്റ്റെയിന്‍ നാട്ടിലേക്ക് മടങ്ങി. ആദ്യമല്‍സരത്തില്‍ പരുക്കേറ്റ ഹാഷിം ആംല ഇന്ത്യക്കെതിരെ കളിച്ചേക്കും. ബോളര്‍മാര്‍ ആരും ഫോം കണ്ടെത്താത്തതനാണ് ദക്ഷിണാഫ്രിക്കയുടെ തലവേദന. റബാഡയ്ക്കും ഫുലേക്കുവോയ്ക്കും ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. ആദ്യരണ്ട് മല്‍സരങ്ങള്‍ തോറ്റതിനാല്‍ സമ്മര്‍ദം ഡുപ്ലസിക്കും ടീമിനുമായിരിക്കും. തുടക്കത്തില്‍ പേസ് ബോളിങിന് അനൂകലമെങ്കിലും ഉയര്‍ന്ന സ്കോര്‍ നല്‍കുന്ന പിച്ചാണ് റോസ് ബൗളിലേത്.
അഫ്ഗാനിസ്ഥാനെ തകർത്ത് ശ്രീലങ്ക. 34 റൺസിനാണ് ലങ്കൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 36.5 ഓവറിൽ 201 റണ്‍സിന് പുറത്തായി. മഴനിയമപ്രകാരം അഫ്ഗാന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 41 ഓവറിൽ 187 റൺസ്. അവർക്കു പക്ഷേ 32.4 ഓവറിൽ 152 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 36.5 ഓവറിൽ 201 റൺസിന് എല്ലാവരും പുറത്തായി. തുടർന്ന് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാന്റെ വിജയലക്ഷ്യം 41 ഓവറിൽ 187 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. ശ്രീലങ്ക 33 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു നിൽക്കെയാണ് മഴ കളി മുടക്കിയത്. രണ്ടര മണിക്കൂറിനുശേഷം മൽസരം പുനരാരംഭിച്ച് അധികം വൈകാതെ ശ്രീലങ്ക 201 റൺസിന് ഓൾഔട്ടായി.
ബാറ്റിങ്ങിൽ ഓപ്പണർ കുശാൽ പെരേരയുടെയും ബോളിങ്ങിൽ നുവാൻ പ്രദീപിന്റെ തകർപ്പൻ പ്രകടനങ്ങളാണ് അഫ്ഗാനെതിരെ ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്. 81 പന്തിൽ 78 റൺസെടുത്ത പെരേര ഏറെക്കുറെ ഒറ്റയ്ക്കു തന്നെ ലങ്കയെ തോളിലേറ്റുകയായിരുന്നു. പിന്നീട് ബോളിങ്ങിൽ ഒൻപത് ഓവറിൽ 31 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പ്രദീപ് ലങ്കൻ വിജയം അനായാസമാക്കി. 6.4 ഓവറിൽ 39 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ലസിത് മലിംഗ ഉറച്ച പിന്തുണ നൽകി. ആദ്യ കളിയിൽ ന്യൂസീലൻഡിനോടു തോറ്റ ശ്രീലങ്കയ്ക്ക് ഏറെ ആശ്വാസമാകും ഈ ജയം. ഓസ്ട്രേലിയയ്ക്കു പിന്നാലെ ശ്രീലങ്കയോടും തോറ്റത് അഫ്ഗാന് തിരിച്ചടിയുമായി.
ലോകകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിന് മുമ്പുള്ള ഇന്ത്യന്‍ ടിമിന്റെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമങ്ങള്‍. ടീം മാനേജ്‌മെന്റ് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ നെറ്റ് ബൗളേഴ്‌സിനെ അയച്ചതിനെ തുടര്‍ന്നായിരുന്നു മാധ്യമങ്ങള്‍ സമ്മേളനം ബഹിഷ്‌കരിച്ചത്. നെറ്റ് ബൗളേഴ്‌സായ ദീപക് ചഹര്‍, ആവേഷ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് എത്തിയത്.
മുന്‍ ചട്ടപ്രകാരം ടീം പരിശീലകന്‍ രവി ശാസ്ത്രിയെയോ നായകന്‍ വിരാട് കോഹ്‌ലിയോ നടത്തേണ്ടിയിരുന്ന പത്രസമ്മേളനത്തിന് ലോകകപ്പില്‍ ടീമിലില്ലാത്ത നെറ്റ് ബൗളേഴ്‌സിനെ അയച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാധ്യമങ്ങളുടെ ബഹിഷ്‌കരണം. ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗമായുള്ള വ്യക്തികള്‍ക്കെ അവകാശമുള്ളു. 2015 ലോകകപ്പില്‍ നായകന്‍ ധോണി എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും മാധ്യമങ്ങളോട് സംസാരിച്ചിരുന്നതായും ബിസിസിഐ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും
വിവരങ്ങള്‍ ലഭിച്ചിരുന്നു. അതേസമയം നെറ്റ് ബൗളേഴ്‌സായ ദീപക് ചഹറും, ആവേശ് ഖാനും ടീം വിടുന്നതായും അവര്‍ക്ക് മാധ്യമങ്ങളുമായി സംസാരിക്കാന്‍ അവസരം നല്‍കിയതാണെന്നും ഇന്ത്യന്‍ ടീം മാനേജര്‍ പറഞ്ഞു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ആശംസ നേര്‍ന്ന് ജര്‍മന്‍ ഫുട്ബോള്‍ താരം തോമസ് മുള്ളര്‍. ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ് നില്‍ക്കുന്ന ചിത്രവും മുള്ളര്‍ ട്വീറ്റ് ചെയ്തു.
ഫുട്ബോള്‍ താരമാണെങ്കിലും ലോകകപ്പ് ജേതാവായ തോമസ് മുള്ളര്‍ക്ക് ക്രിക്കറ്റിനോടും പ്രണയമാണ്. ഇഷ്ടതാരം വിരാട് കോഹ്‍ലി. ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ് ബാറ്റും പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് മുള്ളര്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തത്. ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ആശംസനേരുന്നു. പ്രത്യേകിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്കും ഇന്ത്യന്‍ ടീമിനും. ജര്‍മനി ചിയേഴ്സ് ഫോര്‍ ഇന്ത്യ എന്ന ഹാഷ് ടാഗോടെയാണ് മുള്ളറുടെ ട്വീറ്റ്.
ജര്‍മന്‍ ഫുട്ബോള്‍ ടീമിന്റെ ആരാധകകനായ വിരാട് കോഹ്‍ലി നിരവധി തവണ ജര്‍മനിയെ പിന്തുണച്ച് പോസ്റ്റുകളിട്ടിട്ടുണ്ട്. കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ജര്‍മന്‍ താരം ടോണി ക്രൂസ് ഓട്ടോഗ്രാഫോടുകൂടി ജേഴ്സി വിരാട് കോഹ്ലിക്ക് സമ്മാനിച്ചിരുന്നു.
ലോകകപ്പിന് മുന്നോടിയായി കോഹ്ലിക്ക് പിന്തുണയറിയിക്കുന്നു മൂന്നാമത്തെ ഫുട്ബോള്‍ താരമാണ് മുള്ളര്‍. ബ്രസീല്‍ താരം ഡേവിഡ് ലൂയിസ്, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയിന്‍ എന്നിവരും കോഹ്‍ലിക്ക് ആശംസ നേര്‍ന്നിരുന്നു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. പരിശീലനത്തിനിടെ കൈവിരലിന് പരുക്കേറ്റ കോഹ്‍ലി ടീം ഫിസിയോയ്ക്കൊപ്പം പ്രാഥമിക ശ്രുശ്രൂഷ നേടുന്നതിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
എന്നാല്‍ ബിസിസി ഐ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. കോഹ്‌ലിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബുധനാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. നിലവില്‍ ഇന്ത്യന്‍ നിരയില്‍ വിജയ് ശങ്കറിലും കേദാര്‍ ജാദവിനും പരുക്കുണ്ട്.
ഒരു സെഞ്ചുറി പോലും പിറക്കാതെ പോയ ഇന്നിങ്സിനൊടുവിൽ പാക്കിസ്ഥാൻ ഉയർത്തിയ 349 റൺസ് വിജയലക്ഷ്യം രണ്ടു സെഞ്ചുറികളുടെ ‘ധാരാളിത്തം’ കൊണ്ടും മറികടക്കാനാകാതെ പോയ ഇംഗ്ലണ്ടിന്, സ്വന്തം കാണികൾക്കു മുന്നിൽ നിരാശപ്പെടുത്തുന്ന തോൽവി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസെന്ന റെക്കോർഡ് ‘കപ്പിനും ചുണ്ടിനുമിടയിൽ’ നഷ്ടമാക്കിയ ഇംഗ്ലണ്ട് പാക്കിസ്ഥാനോട് തോറ്റത് 14 റൺസിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 348 റൺസ്. ഈ ലോകകപ്പിലെ ഉയർന്ന സ്കോറും ലോകകപ്പ് ചരിത്രത്തിൽ പാക്കിസ്ഥാന്റെ ഉയർന്ന രണ്ടാമത്തെ സ്കോറും. മറുപടി ബാറ്റിങ്ങിൽ ജോ റൂട്ട് (107), ജോസ് ബട്‍ലർ (103) എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ പൊരുതി നോക്കിയെങ്കിലും 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുക്കാനെ ഇംഗ്ലണ്ടിനായുള്ളൂ. തോൽവി 14 റൺസിന്.
ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറിക്കായുള്ള കാത്തിരിപ്പിന് ആറാം മൽസരത്തിൽ ‘ഇരട്ട സെഞ്ചുറി’യുമായി ആഘോഷമായിത്തന്നെ വിരാമമിട്ടെങ്കിലും ഈ തോൽവി ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തുമെന്ന് ഉറപ്പ്. വ്യക്തിഗത സ്കോർ ഒൻപതിൽ നിൽക്കെ ജോ റൂട്ടിനെ കൈവിട്ട ബാബർ അസമിനും ഇത് ആശ്വാസത്തിന്റെ നിമിഷം. ഈ ‘ലൈഫ്’ പ്രയോജനപ്പെടുത്തിയാണ് റൂട്ട് 2019 ലോകകപ്പിലെ ആദ്യ സെഞ്ചുറി കുറിച്ചത്. നാലിന് 118 എന്ന നിലയിൽനിന്ന് സെഞ്ചുറി കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ കരകയറ്റിയ ജോ റൂട്ട് – ജോസ് ബട്‍ലർ സഖ്യം 39–ാം ഓവറിൽ സ്പിന്നർ ഷതാബ് ഖാൻ പൊളിച്ചതാണ് മൽസരത്തിൽ വഴിത്തിരിവായത്. റൂട്ട് മടങ്ങിയതോടെ ഇംഗ്ലണ്ടിന് ബാറ്റിങ്ങിലെ ഒഴുക്ക് നഷ്ടമായി. സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ ജോസ് ബട്‍ലറിനെ മുഹമ്മദ് ആമിറും പുറത്താക്കിയതോടെ ഇംഗ്ലണ്ട് പൂർണമായും മൽസരം കൈവിട്ടു.
പാക്കിസ്ഥാനായി വഹാബ് റിയാസ് 10 ഓവറിൽ 82 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഷതാബ് ഖാൻ 10 ഓവറിൽ 63 റൺസ് വഴങ്ങിയും മുഹമ്മദ് ആമിർ 10 ഓവറിൽ 67 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക്ക് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി
സ്‍പാനിഷ് ഫുട്‍ബോള്‍ താരം ജോസ് അന്റോണിയോ റെയേസ് കാറപകടത്തില്‍ മരിച്ചതിന്‍റെ ഞെട്ടലില്‍ നിന്നും കായികലോകം ഇതുവരെ മോചിതമായിട്ടില്ല. അമിതവേഗതയാണ് അപകടത്തിനു കാരണമെന്ന് ആദ്യം മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ വേഗത എത്രയാണെന്ന് അറിയുമ്പോവാണ് ഞെട്ടുക. മണിക്കൂറില്‍ 237 കിലോമീറ്റര്‍
ശനിയാഴ്ച്ച രാവിലെ സ്പെയിലെ സെവില്ലേയ്ക്ക് അടുത്തായിരുന്നു അപകടം. ഉത്രേരയ്ക്കും സെവില്ലേയ്ക്കും ഇടയില്‍ വച്ച് റെയേസ് സഞ്ചരിച്ചിരുന്ന മേഴ്‍സിഡസ് ബാര്‍ബസ് കാര്‍ മറിയുകയായിരുന്നു. അമിതവേഗതയെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ അകലെയുള്ള കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് തീ പിടിച്ച വാഹനം പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തിന്‍റെ ടയര്‍ പഞ്ചറായതാണ് അപകടകാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റെയേസിനൊപ്പം മറ്റ് രണ്ട് പേര്‍ കൂടി കാറിലുണ്ടായിരുന്നു. അതില്‍ അദ്ദേഹത്തിന്റെ ബന്ധുവായ 23കാരനും മരിച്ചിരുന്നു. ആഴ്സണലിന്റേയും റയല്‍ മാഡ്രിഡിന്റേയും മുന്‍ താരമാണ് ജോസ് അന്റോണിയോ റെയേസ്.
ഗ്രൗണ്ടിലേക്ക് നഗ്നരായി യുവതികൾ ഓടിക്കയറുന്ന സംഭവം ഇതാദ്യമല്ല. ഇന്നലെ മാഡ്രിഡിലെ സ്‌റ്റേഡിയോ മെട്രോപൊളിറ്റാനോയില്‍ നടന്ന ലിവർപൂൾ– ടോട്ടനം മൽസരത്തിനിടയിലും അങ്ങനൊരാൾ ഗ്രൗണ്ടിലെത്തി. പക്ഷേ ആരാധകനൊന്നുമല്ല.
റഷ്യൻ മോഡലാണ് സ്വിം സ്യൂട്ട് ധരിച്ച് ഓടിക്കയറിയത്. അവർ ധരിച്ചിരുന്ന സ്വിം സ്യൂട്ടിൽ വൈറ്റലി ആൺസെൻസേർഡ് എന്ന് എഴുതിയിരുന്നു. കുറച്ചു സമയത്തേക്ക് ഗ്രൗണ്ടിനെയും ഗാലറിയെയും ഞെട്ടിച്ചാണ് ഇവർ ഗ്രൗണ്ട് വിട്ടത്.
കിൻസി വൊളാൻസ്കി എന്നാണ് ഇവരുടെ പേര്. കാമുകന്‍ ആരംഭിച്ചിരിക്കുന്ന പോൺ സൈറ്റിന്റെ പ്രമോഷനായിട്ടാണ് ഗ്രൗണ്ടിലേക്ക് ഇവർ ഇരച്ചു കയറിയത്. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഇവരെ പുറത്താക്കി. കിൻസിയുടെ കാമുകൻ ഇക്കാര്യം ഇൻസ്റ്റ്ഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. നിന്നെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നുവെന്നാണ് ഇയാൾ കുറിച്ചത്. സംഭവത്തിന്റെ ചിത്രങ്ങൾ വൈറലാണ്.
ആദ്യമല്‍സരത്തില്‍ ശ്രീലങ്കയെ ന്യൂസീലന്‍ഡ് പത്തുവിക്കറ്റിന് തകര്‍ത്തു . 137 റണ്‍സ് വിജയലക്ഷ്യം 17ാം ഓവറില്‍ കീവീസ് മറികടന്നു . ലോകി ഫെര്‍ഗുസനും മാറ്റ് ഹെന്‍റിയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലങ്കന്‍ നിരയില്‍ രണ്ടക്കം കടക്കാനായത് മൂന്നുപേര്‍ക്ക് മാത്രം .
ശ്രീലങ്ക പൊരുതി നേടിയ 136 റണ്‍സ് വിജയലക്ഷ്യം സെഞ്ചുറി കൂട്ടുകെട്ടൊരുക്കി കീവി ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും കൊളിന്‍ മൺറോയും മറികടന്നു. ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ (73), കോളിൻ മൺറോ (58) എന്നിവരുടെ അപരാജിത അർധസെഞ്ചുറികളാണ് ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും അനായാസ ജയം ന്യൂസീലൻഡിന് സമ്മാനിച്ചത്. 51 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ഗപ്റ്റിലിന്റെ ഇന്നിങ്സ്. 47 പന്തുകൾ നേരിട്ട കോളിൻ മൺറോ ആകട്ടെ, ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 58 റൺസെടുത്തു. ശ്രീലങ്കൻ ബാറ്റ്സ്മാൻമാർ താളം കണ്ടെത്താൻ വിഷമിച്ച അതേ പിച്ചിലാണ് ഗപ്റ്റിൽ–മൺറോ സഖ്യം അപരാജിത സെഞ്ചുറി കൂട്ടുകെട്ടു തീർത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക ബൗണ്ടറിയടിച്ച് തുടങ്ങി . അടുത്തപന്തില്‍ വിക്കറ്റും . പിന്നെ ലങ്കന്‍ ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്ര. പിടിച്ചുനിന്നത് അര്‍ധസെഞ്ചുറി നേടിയ ക്യപ്റ്റന്‍ കരുണരത്നെ മാത്രം. മാത്യൂസും മെന്‍ഡിസും അക്കൗണ്ട് തുറക്കാതെ പുറത്ത് . ലോകി ഫെര്‍ഗുസനും മാറ്റ് ഹെന്‍റിയും മുന്നില്‍നിന്ന് നയിച്ചപ്പോള്‍ പന്തെടുത്ത കീവികളെല്ലാം വിക്കറ്റെടുത്തു .
മറ്റൊരു പോരാട്ടത്തിൽ അഫ്ഗാൻ എതിരെ ഓസീസിനും ഏഴ് വിക്കറ്റ് ജയം. ഓപ്പണർ ആരോൺ ഫിഞ്ചിന്റെയും ഡേവിഡ് വാർണറുടേയും അർധസെഞ്ചുറികളുടെ മികവിലാണ് ഓസീസിന്റെ ജയം. അഫ്ഗാനിസ്ഥാനുയർത്തിയ 208 റൺസ് വിജയലക്ഷ്യം ഓസീസ് 34.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഒസീസ് മറികടന്നു. വാർണർ 89 റൺസോടെ പുറത്താവാതെ നിന്നു.
അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ, സ്റ്റീവ് സമിത്ത് എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്. 49 പന്തിൽ 66 റൺസെടുത്ത ഫിഞ്ചിനെ അഫ്ഗാൻ നായകൻ ഗുൽബാദിൻ നായിബാണ് പുറത്താക്കിയത്. ആറു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടുന്നതാണ് ഫിഞ്ചിന്റെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ച് – വാർണർ സഖ്യം 96 റൺസ് കൂട്ടിച്ചേർത്തു. രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണറിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഉസ്മാൻ ഖവാജയും പുറത്തായി. 20 പന്തിൽ ഒരു ബൗണ്ടറി സഹിതം 15 റൺസെടുത്ത ഖവാജയെ റാഷിദ് ഖാൻ എൽബിയിൽ കുരുക്കി. മൂന്നാം വിക്കറ്റിൽ സ്മിത്തും വാർണറും 49 റൺസ് കൂട്ടിച്ചേർത്തു. 18 റൺസെടുത്ത സ്മിത്തിന്റെ വിക്കറ്റ് മുജീബുർ റഹ്മാനാണ്. നാല് റൺസെടുത്ത് മാക്സ്‌വെൽ പുറത്താവാതെനിന്നു.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാൻ 38.2 ഓവറിൽ 207 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അർധസെഞ്ചുറി നേടിയ നജീബുല്ല സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്കോറർ. സദ്രാൻ 49 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 51 റൺസെടുത്തു.
റഹ്മത്ത് ഷാ (60 പന്തിൽ 43), ഹഷ്മത്തുല്ല ഷാഹിദി (34 പന്തിൽ 18), ക്യാപ്റ്റൻ ഗുൽബാദിൻ നായിബ് (33 പന്തിൽ 31), റാഷിദ് ഖാൻ (11 പന്തിൽ 27), മുജീബുർ റഹ്മാൻ (ഒൻപതു പന്തിൽ 11) എന്നിവരും അഫ്ഗാൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം, ഓപ്പണർമാരായ മുഹമ്മദ് ഷെഹ്സാദ് (പൂജ്യം), ഹസ്രത്തുല്ല സസായ് (പൂജ്യം), മുഹമ്മദ് നബി (ഏഴ്), ദൗലത്ത് സദ്രാൻ (നാല്) എന്നിവർ നിരാശപ്പെടുത്തി. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ്, ആദം സാംപ എന്നിവർ മൂന്നും മാർക്കസ് സ്റ്റോയ്നിസ് രണ്ടും വിക്കറ്റ് സ്വന്തമാക്കി. മിച്ചൽ സ്റ്റാർക്കിനാണ് ഒരു വിക്കറ്റ്.
പകുതിയോളം താരങ്ങൾ ഓസീസിനു മുന്നിൽ പത്തിമടക്കിയെങ്കിലും രണ്ട് അർധസെഞ്ചുറി കൂട്ടുകെട്ടുകളുടെ കരുത്തിലാണ് അഫ്ഗാൻ താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. അഞ്ചു റൺസിനിടെ ഓപ്പണർമാരെ ഇരുവരെയും നഷ്ടമാക്കിയ അഫ്ഗാൻ ഇന്നിങ്സിന് മൂന്നാം വിക്കറ്റിൽ റഹ്മത്ത് ഷാ – ഹഷ്മത്തുല്ല ഷാഹിദി സഖ്യം കൂട്ടിച്ചേർത്ത 51 റൺസ് കൂട്ടുകെട്ടാണ് അടിത്തറയിട്ടത്. രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ ക്രീസിൽ ഒരുമിച്ച ഈ സഖ്യം 14–ാം ഓവറിന്റെ മൂന്നാം പന്തിലാണ് പിരിഞ്ഞത്. ഷാഹിദിയെ പുറത്താക്കി ആദം സാംപയാണ് കൂട്ടുകെട്ടു പൊളിച്ചത്.
20–ാം ഓവറിൽ റഹ്മത്ത് ഷായെ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ച് സാംപ വീണ്ടും ആഞ്ഞടിച്ചു. 60 പന്തിൽ ആറു ബൗണ്ടറി സഹിതം 43 റൺസായിരുന്നു ഷായുടെ സമ്പാദ്യം. രണ്ടു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും മുഹമ്മദ് നബി റണ്ണൗട്ടായതോടെ അഞ്ചിന് 77 റൺസ് എന്ന നിലയിലായി അഫ്ഗാൻ. ഇതിനു ശേഷമായിരുന്നു അഫ്ഗാൻ ഇന്നിങ്സിനു ബലം പകർന്ന നായിബ് – സദ്രാൻ കൂട്ടുകെട്ട്. ഇരുവരും ചേർന്ന് 83 റൺസാണ് അഫ്ഗാൻ സ്കോർ ബോർഡിൽ ചേർത്തത്.
12.5 ഓവർ ക്രീസിൽനിന്നാണ് ഇവരുടെ സഖ്യം 83 റൺസെടുത്തത്. ഇരുവരും ചേർന്ന് അഫ്ഗാനെ അനായാസം 200 കടത്തുമെന്ന തോന്നലുയർന്നെങ്കിലും 34–ാം ഓവർ ബോൾ ചെയ്ത മാർക്കസ് സ്റ്റോയ്നിസ് തിരിച്ചടിച്ചു. ഈ ഓവറിന്റെ ആദ്യ പന്തിൽ ഗുൽബാദിൻ നായിബിനെയും അഞ്ചാം പന്തിൽ നജീബുല്ലയെയും സ്റ്റോയ്നിസ് വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിലെത്തിച്ചു. 33 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 31 റണ്‍സായിരുന്നു നായിബിന്റെ സമ്പാദ്യം. സദ്രാൻ 49 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 51 റൺസെടുത്തു. സാംപയുടെ പന്തിൽ രണ്ടു സിക്സും രണ്ടു ബൗണ്ടറിയും ചേർന്നു നേടിയ 22 റൺസ് ഉൾപ്പെടെയാണിത്.
എന്നാൽ അവിടുന്നങ്ങോട്ട് ട്വന്റി20 ശൈലിയിൽ തകർത്തടിച്ച റാഷിദ് ഖാനും മുജീബുർ റഹ്മാനും ചേർന്നാണ് അഫ്ഗാൻ സ്കോർ 200 കടത്തിയത്. റാഷിദ് 22 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 27 റൺസെടുത്തു. മുജീബുർ റഹ്മാൻ ഒൻപതു പന്തിൽ ഓരോ സിക്സും ബൗണ്ടറിയും സഹിതം 13 റൺസുമായി പത്താമനായി പുറത്തായി. ദൗലത്ത് സദ്രാൻ (നാല്), ഹമീദ് ഹസ്സൻ (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.