ലാലി രംഗനാഥ്
ഏതു യാത്രയുടെയും അവസാനത്തെ ദിവസം എനിക്ക് മനസ്സിൽ വല്ലാത്ത ഒരു നോവ നുഭവപ്പെടും. എനിക്കു മാത്രമാണോ എന്നറിയില്ല ഒരുപക്ഷേ ചിലരെങ്കിലും എന്റെ മാനസികാവസ്ഥയിലൂടെ തന്നെ കടന്നു പോകുന്നവർ ആയിരിക്കും.
ഹാരിസ് തലേന്ന് ശുഭരാത്രി പറയുമ്പോൾ നാളെ ഒരു ദിവസം കൂടിയേ നമ്മൾ മണാലിയിലുള്ളൂ എന്ന് ഓർമ്മിപ്പിക്കാൻ മറന്നില്ല. പിറ്റേന്ന് റിവർ റാഫ്റ്റിംഗും പൂർത്തീകരിക്കാത്ത മാൾറോഡ് ഷോപ്പിംഗും ആണെന്ന് പറഞ്ഞത് ചില ഷോപ്പിംഗ് ഭ്രമക്കാരിലെങ്കിലും ഒരുണർവ് ഉണ്ടാക്കിയിരുന്നു.
പിറ്റേന്ന് രാവിലെ റിവർ റാഫ്റ്റിംഗ് എന്ന സാഹസികമായ ജലയാത്രയ്ക്ക് എല്ലാവരും മാനസികമായി തയ്യാറെടുത്തു കൊണ്ട് തന്നെ പ്രഭാത ഭക്ഷണവും കഴിഞ്ഞ് യാത്ര തിരിച്ചു. ബിയാസ് നദിയുടെ ഓളങ്ങളോട് കിന്നാരം പറഞ്ഞ്, ഒച്ചയും ബഹളവുമായി വളരെ ആവേശകരമായുള്ള ആ യാത്ര അല്പം ഭീതിയൊക്കെയുണ്ടാക്കിയെങ്കിലും, അവിസ്മരണീയമായ ഒന്നുതന്നെയായിരുന്നു.
ഉച്ചയോടു കൂടി മാൾ റോഡിൽ എത്തിയ ഞങ്ങളിൽ പലരും ഭക്ഷണത്തിനായി, പല ഹോട്ടലുകളെയാണ് ആശ്രയിച്ചത്. പഞ്ചാബി ഭക്ഷണമൊന്നു പരീക്ഷിച്ചു നോക്കാമെന്നാണ് അന്നെനിക്ക് തോന്നിയത്. വളരെ സ്വാദേറിയ ബട്ടർ ചിക്കനും കുൽച്ചെയും കഴിച്ച്,ഹോട്ടലിൽ നിന്നും ഇറങ്ങിയപ്പോൾ പലരും ഷോപ്പിംഗ് ചെയ്തു തുടങ്ങിയിരുന്നു. ആഹ്ലാദം നിറഞ്ഞ അവരുടെ മുഖം കണ്ടപ്പോളെനിക്കും അവരോടൊപ്പം കൂടി ‘ബാർഗയിൻ ചെയ്യുക’.. എന്ന കല മനസ്സിലാക്കാനുള്ള ഒരു കൗതുകം തോന്നി. കുറച്ചുസമയത്തിനകം തന്നെ എന്റെ കൈപ്പിടിയിൽ ഒതുങ്ങാത്തതാണതെന്നു മനസ്സിലാക്കി, വെറുതെ കാഴ്ചക്കാരിയായി മാറി നിൽക്കേണ്ടി വന്നു. കരവിരുതിനാൽ മോടികൂട്ടിയ ഷാളുകൾ എന്നെ ഏറെ ആകർഷിച്ചതിനാൽ, നാലഞ്ചു ഷോളുകൾ വാങ്ങി എന്റെ ഷോപ്പിംഗ് അവസാനിപ്പിച്ചു.
അപ്പോഴാണ് അവിടെ അടുത്ത് തന്നെയുള്ള ടിബറ്റൻ മൊണാസ്ട്രിയെക്കുറിച്ച് അറിയാനിടയായത്.ഷോപ്പിംഗ് തൽപരരല്ലാത്ത, ഞങ്ങൾ ചെറിയൊരു സംഘം അടുത്തുതന്നെയുള്ള ടിബറ്റൻ മൊണാസ്ട്രി സന്ദർശിക്കാൻ തീരുമാനിച്ചു. മാൾ റോഡിലെ വലിയ തിരക്കുകൾക്കിടയിൽ നിന്നും ഹൃദ്യമായ ഒരു ശാന്തതയിലേക്ക് പറിച്ച് നടപ്പെട്ടപ്പോൾ മനസ്സിന് വല്ലാത്തൊരുന്മേഷം തോന്നി. മനോഹര കൊത്തുപണികളുള്ള കവാടം. മൊണാസ്ട്രിക്ക് മുന്നിൽ നൂറിലേറെ ടിബറ്റൻ പ്രയർ ഫ്ലാഗുകൾ. ഇവ എപ്പോഴും കാറ്റിൽ പറന്നുകൊണ്ടിരിക്കണമെന്നാണത്രേ ടിബറ്റൻ വിശ്വാസം. ആ കാറ്റ് മന്ത്രങ്ങളെ പ്രപഞ്ചത്തിലാകമാനം വ്യാപിപ്പിക്കുമെന്നും, ഫ്ലാഗിന്റെ ഓരോ ചലനവും ഓരോ മൗന പ്രാർത്ഥനയാണെന്നും, അവർ വിശ്വസിക്കുന്നു. എന്തുതന്നെയായാലും അവിടം വിട്ടിറങ്ങുമ്പോൾ മനസ്സ് വല്ലാത്ത ഒരു ശാന്തതയെ പുൽകിയിട്ടുണ്ടായിരുന്നു.
മടക്കയാത്രയുടെ ചെറിയൊരു നോവ് ഉള്ളിലൊ തുക്കി,അഞ്ചുമണിയായപ്പോഴേക്കും ഞാനും ഭർത്താവും ബസ്സിൽ കയറി ഇടം പിടിച്ചിരുന്നു.
പിറ്റേന്ന് രാവിലെ ഒൻപത് മണിക്ക് മണാലിയോട് വിട പറയുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി. കാരണം ഡൽഹി വരെയുള്ള ബസ് യാത്രയ്ക്ക് ശേഷം ഞാനും ഭർത്താവും മാത്രം ബാംഗ്ലൂർക്കാണ് യാത്ര ചെയ്യേണ്ടതെന്ന കാര്യം ഓർമ്മയിൽ വന്നപ്പോൾ ഒരു കുടുംബം പോലെ ഒന്നിച്ച് അഞ്ചു ദിവസം കഴിഞ്ഞ കൂട്ടുകാരെ പിരിയേണ്ടി വരുമല്ലോ എന്ന ഒരു സത്യം പത്തി വിടർത്തി മുന്നിൽ നിന്നതുപോലെ.
ഡൽഹിയിൽ നിന്നും ബാംഗ്ലൂരിലേക്ക് ഫ്ലൈറ്റ് കയറിയത് ഞാനും ഭർത്താവും മാത്രമായിരുന്നില്ല, കൂടെ കുളിരുള്ള മണാലിയുടെ ആവാഹിച്ചെടുത്ത സൗന്ദര്യവും മറക്കാനാവാത്ത കുറെ ഓർമ്മകളും കൂടിയായിരുന്നു.. ഇന്നും ആ ഓർമ്മകൾ പലപ്പോഴും മനസ്സിന് കുളിർമയേകാറുണ്ട്..
അവസാനിച്ചു.
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.
ടോം ജോസ് തടിയംപാട്
പോപ്പിന്റെ അധികാരത്തെ ചോദ്യ൦ ചെയ്തുകൊണ്ട് 1536 ൽ ഹെൻഡ്രി എട്ടാമൻ രാജാവ് സ്ഥാപിച്ച ആംഗ്ലിക്കൻ ചർച്ചിനെ സപ്പോർട്ട് ചെയ്ത പ്യൂരിറ്റൻമാർ പിന്നീട് അധികാരത്തിൽവന്ന എലിസബത്ത് ഒന്നാം രാജ്ഞിയിൽ നിന്നും കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിച്ചെങ്കിലും അത് നടന്നില്ല. എലിസബത്ത് ഒന്നാം രാജ്ഞിയെ തുടർന്ന് അധികാരത്തിൽ വന്ന ജെയിംസ് ഒന്നാമൻ രാജാവിന്റെ അധികാരത്തെയും ആംഗ്ലിക്കൻ സഭയെയും ധിക്കരിക്കുന്ന മതനിഷേധികളുടെ ഒരു കൂട്ടമായി ഇവർ മാറി തുടർന്ന് ഇവർ കൂടുതൽ മതപീഡനങ്ങൾക്കു വിധേയമായി .
1593-ൽ, ഇംഗ്ലീഷ് പാർലമെന്റ് സ്വതന്ത്ര സഭകളെ നിരോധിച്ചു. ഇംഗ്ലീഷ് (ആംഗ്ലിക്കൻ) പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നത് നിർബന്ധമാക്കി. എന്നാൽ ഈ തീരുമാനത്തെ എതിർത്തുകൊണ്ട് രാജ്യത്തുടനീളം, പ്യൂരിറ്റൻമാരുടെ ഗ്രൂപ്പുകൾ ഒത്തുകൂടിക്കൊണ്ടിരുന്നു. ഇത്തരം ചെറിയ മതനിഷേധ സഭകളിൽ ഒന്ന് 1606-ൽ നോട്ടിംഗ്ഹാംഷെയറിലെ സ്‌ക്രൂബി ഗ്രാമത്തിൽ ഒത്തുകൂടാൻ തുടങ്ങി ,തടവ് അല്ലെങ്കിൽ വധശിക്ഷയുടെയും നിരന്തരമായ ഭീഷണിയിൽ ആയിരുന്നു ഇവർ ജീവിച്ചിരുന്നത് .
3 വർഷത്തിന് ശേഷം, അവർ ഇംഗ്ലണ്ടിൽ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരായി. . ആംസ്റ്റർഡാം വഴി നെതർലാൻഡ്‌സിലെ ലൈഡനിലേക്ക് അവർക്ക് കുടിയേറേണ്ടിവന്നു, അവിടെ അവരുടെ മതപരമായ സ്വാതത്ര്യം കൂടുതൽ അംഗീകരിക്കുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത് . പ്യൂരിറ്റൻമാർ മതപുസ്തകത്തിൽ എഴുതിയതുപോലെ ജീവിക്കാൻ ആഗ്രഹിച്ചവരായിരുന്നു അവർ രാജാവിന്റെ ദൈവദത്ത അധികാരത്തെയോ സഭയുടെ അധികാരത്തെയോ അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു.
1618-ൽ, ഒരു ദശകത്തിനുള്ളിൽ, അവർ വീണ്ടും താമസം മാറ്റാൻ തീരുമാനിച്ചു. അവർക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു, അവരുടെ പൈതൃകം സംരക്ഷിക്കാൻ അവർ ആഗ്രഹിച്ചെത്തിയ , നെതർലാൻഡിൽ മറ്റൊരു സ്പാനിഷ് കത്തോലിക്കാ അധിനിവേശം ഉണ്ടാകുമെന്ന് അവർ ഭയപ്പെട്ടു, അത് അവരുടെ മതസ്വാതന്ത്ര്യത്തിന് ഭീഷണിയാകുമെന്നു അവർ തിരിച്ചറിഞ്ഞു .
ഇംഗ്ലീഷ് രാജാവിന്റെ അധികാരങ്ങൾ ഇല്ലാത്ത വടക്കേ അമേരിക്കയിലേക്ക് കുടിയേറി പാർക്കാൻ അവർ തീരുമാനിച്ചു. 1620 അഗസ്റ്റ് ഒന്നിന് ഒരു ചെറുകപ്പലിൽ യാത്ര പുറപ്പെടുന്നതിനു മുൻപ് റോട്ടർഡാമിലെ സെന്റ് ആന്റണീസ് പള്ളിയുടെ മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു പിന്നീട് ഇംഗ്ലീഷ് ചാനൽ കടന്ന് ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തി അവിടെ,ചില വ്യാപാരികൾ നൽകിയ സാമ്പത്തിക സഹായത്തോടെ ഒരു കൂട്ടം കോളനിവാസികളുമായി ചേർന്ന്, അവർ മെയ്‌ഫ്ലവർ എന്ന കപ്പലിൽ കയറി. സെപ്റ്റംബർ ഒടുവിൽ അവർ ഇംഗ്ലണ്ടിലെ പ്ലൈമൗത്തിൽ നിന്നും അമേരിക്കയിലേക്ക് യാത്ര പുറപ്പെട്ടു .
കപ്പലിൽ 102 യാത്രക്കാരുണ്ടായിരുന്നു, അവരിൽ പകുതിയോളം പ്യൂരിറ്റൻ വംശജരാണ്. 66 ദിവസത്തെ യാത്രയിൽ കൊടുങ്കാറ്റുള്ള അറ്റ്‌ലാറ്റിക്ക് സമുദ്രം കടന്നതിനുശേഷം, 1620 നവംബർ 11-ന് അവർ കേപ് കോഡിൽ (ഇന്നത്തെ മസാച്യുസെറ്റ്സിലെ പ്രൊവിൻസ്‌ടൗണിന് സമീപം) നങ്കൂരമിട്ടു. ഇവരാണ് ആധുനിക അമേരിക്കയുടെ പിതാക്കൾ അഥവ പിൽഗ്രെയിം ഫാദേഴ്‌സ് എന്നറിയപ്പെടുന്നത്. യാത്രക്കിടയിൽ രോഗം ബാധിച്ചു പകുതിയോളംപേർ മരിച്ചിരുന്നു . .ഇവരുടെ എല്ലാ തീരുമാനങ്ങളും കൂടിആലോചിച്ചു ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുന്ന രീതിയായിരുന്നു അതാണ് ഇന്നുകാണുന്ന ജനാധിപത്യ അമേരിക്കയുടെ മൂലക്കല്ല്, ഇവർ ബൈബിളിനെ ആണ് മുറുകെ പിടിച്ചിരുന്നത് ..
ഞങ്ങളുടെ ഏഴു ദിവസത്തെ കപ്പൽയാത്രയുടെ ഭാഗമായിട്ടാണ് റോട്ടർഡാമിലെ ഈ സെയിന്റ് ആന്റണിസ് പള്ളി സന്ദർശിക്കാൻ ഇടയായത് .ആദ്യ ദിവസം ഞങ്ങൾ എത്തിയത് ജർമനിയിലെ ഹാംബർഗിൽ ആയിരുന്നു അവിടെ ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ ഒരു വൺവേ റോഡ് കാണുകയുണ്ടായി അവിടെ രാവിലെ മുതൽ 4 മണിവരെ ഒരു സൈഡിലേക്കാണ് വൺ വേ എങ്കിൽ വൈകുന്നേരം 4 മണിമുതൽ മറു സൈഡിലേക്കാണ് വൺ വേ.. ഇതിനു കാരണം അവിടെ നൂറ്റാണ്ടുകളായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റിയാൽ മാത്രമേ റോഡ് വികസിക്കാൻ കഴിയുകയുള്ളു പ്രകൃതി സ്നേഹികളായ അവർ അത് ചെയ്യാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് ഇത്തരം ഒരു പരീക്ഷണം നടത്തിയത് എന്നാണ് ഗൈഡ് പറഞ്ഞത് .
പിന്നീട് ഞങ്ങൾ റോട്ടർഡാമിലെത്തി അവിടുത്തെ കാഴ്ചകൾ കണ്ടതിനുശേഷം ബെൽജിയത്തിലെ സിബർഗിലെത്തി അവിടുത്തെ കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിൽ സൈക്കിളിൽ എത്തിയ മലയാളിയെ പരിചയപ്പെട്ടു അവിടുത്തെ ആളുകൾ കൂടുതലും സൈക്കിൾ യാത്രയാണ് ഇഷ്ടപ്പെടുന്നെതെന്നും സർക്കാർ യാത്രയെ പ്രമോട്ട് ചെയ്യുന്നു എന്നും പറഞ്ഞു .യാത്രക്കിടയിൽ കപ്പിൽവച്ചു കട്ടപ്പന സ്വദേശി സുഹൃത്തു ജോബി ബേബിയേയും യു കെ മലയാളികളുടെ ഇടയിലെ കലാകാരൻ ബേസിംഗ്‌സ്‌റ്റോക്കിൽ താമസിക്കുന്ന സി എ ജോസഫ് ചേട്ടനെയും കാണുവാനും കഴിഞ്ഞു .
ലാലി രംഗനാഥ്
രാവിലെ എട്ടുമണിക്ക് തന്നെ സോളാങ് വാലിയിലേക്ക് യാത്ര പുറപ്പെടണമെന്ന് തലേദിവസം രാത്രി ഹാരിസ് ഒന്നുകൂടി ഓർമിപ്പിച്ചിരുന്നു. ഡിന്നറിനോടൊപ്പം ഹിമാലയൻ സുന്ദരികളുടെ പരമ്പരാഗത നൃത്തരൂപമാസ്വദിക്കുമ്പോഴും എന്റെ മനസ്സ് മഞ്ഞുമലകളിലെ കേട്ടറിഞ്ഞ വിസ്മയങ്ങൾ അനുഭവിച്ചറിയാനുള്ള ആവേശത്തിലായിരുന്നു.
മൂന്ന് ടെമ്പോ ട്രാവലറുകളിലായിട്ടാണ് ഞങ്ങൾ മണാലിയിൽ നിന്നും ഏകദേശം പതിമൂന്ന് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സോളാങ് വാലിയിലേക്ക് പുറപ്പെട്ടത്. വഴിയിൽ ഒരു കച്ചവട കേന്ദ്രത്തിൽ നിന്നും കോട്ടും ബൂട്ടും കൈയുറകളും സ്വന്തമാക്കുകയും ചെയ്തു. യാത്രയിലുടനീളം കണ്ണുകൾക്ക് കുളിർമ്മയേകി സമാനതകളില്ലാത്ത, മഞ്ഞുമൂടിയ താഴ്‌വരകളുടെ സൗന്ദര്യം മനസ്സിലേക്കാവാഹിച്ചെടുത്ത്, സ്വർഗ്ഗീയ നിമിഷങ്ങളിലൂടെ കടന്നുപോയത് വിവരണാതീതം.
ലോകമെമ്പാടുമുള്ള സ്കീ ആരാധകരുടെ സ്വപ്നഭൂമിയാണവിടം. പാരാഗ്ലൈഡിങ്ങും ആസ്വദിക്കാനാവുന്ന പ്രധാന വിനോദം.
ഹിമാലയൻ കൊടുമുടികളുടെ മനോഹരമായ താഴ്‌വരകളിലൂടെ സഞ്ചരിക്കുന്നതിന്റെ,
നിങ്ങളുടെ മുടിയിഴകളെ തഴുകി പോകുന്ന തണുത്ത പർവ്വതക്കാറ്റ് നിങ്ങളിലുണ്ടാക്കുന്ന വിസ്മയത്തിന്റെയൊക്കെ ആനന്ദം നിങ്ങൾ തന്നെ അനുഭവിച്ചറിയണം.
എന്തെന്നോ! ഇത്തരം സാഹസികതയുടെ കാര്യത്തിൽ ഞാനെന്നും പിന്നോക്കംനിൽക്കുന്ന ധൈര്യശാലിയായതുകൊണ്ട്, ഇത് ഞാൻ അനുഭവിച്ചറിഞ്ഞതല്ല.. കേട്ടറിഞ്ഞതാണെന്നുള്ള സത്യം പറയാനും മടിയൊന്നുമില്ല കേട്ടോ?
ഞങ്ങൾ സോളാങ് വാലിയിൽ എത്തിച്ചേർന്നപ്പോൾ, അവിടെ വല്ലാത്ത തിരക്കായിരുന്നു. മഞ്ഞുമൂടിയ മലകൾ ഹൃദയഹാരിയായിരുന്നുവെങ്കിലും ചുറ്റുപാടുകൾ വൃത്തിഹീനമായി തോന്നിയത് എന്നെ അല്പം നിരാശപ്പെടുത്തി. അപ്പോഴാണ് ഏകദേശം പത്ത് കിലോമീറ്റർ കൂടി മുന്നോട്ടു പോയാൽ നമുക്ക് മാത്രമായൊരു മഞ്ഞിന്റെ താഴ്‌വര നമ്മളെ കാത്തിരിപ്പുണ്ടെന്നും അവിടേക്ക് പോകാമെന്നും ഹാരിസ് പറഞ്ഞത്. അതിനായുള്ള പ്രത്യേക അനുവാദം അദ്ദേഹം നേടിയിരുന്നുവത്രേ. ചെറുതായൊന്നു മങ്ങിപ്പോയിരുന്ന ഉത്സാഹം എല്ലാവരിലും സടകുടഞ്ഞെഴുന്നേറ്റു, യാത്ര തുടർന്നു.
അവിടെ എത്തിപ്പെട്ടപ്പോൾ അതൊരു അത്ഭുതക്കാഴ്ച തന്നെയായിരുന്നു. ചെളിയും മാലിന്യങ്ങളുമൊന്നും നിറയാത്ത മഞ്ഞിന്റെ കൂട്ടത്തിൽ മൂന്ന് മണിക്കൂർ എന്തെല്ലാം വിനോദങ്ങളിലൂടെയാണ് നമ്മൾ സമയം നീക്കിയതെന്ന് ഇന്നുമോർക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിരാണ്.
റോഡിൽ നിന്നും വലിയ താഴ്ചയിലേക്ക് ഒരു ടയറിൽ കയർ കെട്ടി, മഞ്ഞിലൂടെ താഴേക്ക് നിരങ്ങി ഇറങ്ങുക, മഞ്ഞിൽത്തന്നെ മറിഞ്ഞ് പന്ത് കളിക്കുക, ഫോട്ടോയ്ക്ക് വേണ്ടി ഇരുന്നും കിടന്നും പോസ്ചെയ്യുക,കൈകളിൽ മഞ്ഞു കോരിയെടുത്ത് വീശിയെറിയുക… മറക്കാനാവാത്ത മുഹൂർത്തങ്ങൾ തന്നെയായിരുന്നു.
വിശപ്പോ ദാഹമോ അലട്ടാത്ത നിമിഷങ്ങളിൽ നിന്നും, മൂന്നു മണിക്കൂറിനു ശേഷം.. ആ സ്വപ്നലോകത്തു നിന്നും, യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തിയപ്പോൾ വിശപ്പ് മുറവിളി കൂട്ടിത്തുടങ്ങിയിരുന്നു.
വലിയ ഹോട്ടലുകളൊന്നുമില്ലാത്ത സ്ഥലത്ത് ചെറിയ വാനുകളിൽ പാചകം ചെയ്തു കിട്ടിയ ഓംലെറ്റും സാൻവിച്ചുമെല്ലാം കഴിച്ച് ഒരു മസാല ചായയും കുടിച്ച് മടക്കയാത്രയ്ക്കൊ രുങ്ങുമ്പോഴും മനസ്സ് മഞ്ഞിൽക്കുളിച്ച നിമിഷങ്ങളിൽനിന്നും മടങ്ങാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല.എല്ലാവരുടെ മുഖത്തും ആ ആഹ്ലാദം പ്രകടമായിരുന്നു.
മടങ്ങും വഴിയിൽ അനുഭവിച്ചറിഞ്ഞ zip ലൈൻ യാത്ര വല്ലാത്തൊരു സാഹസമായിപ്പോയെന്നു ബിയാസ് നദിയുടെ മുകളിലൂടെ റോപിൽ തൂങ്ങിക്കിടന്ന് മലമുകളിലേക്ക് പോയപ്പോൾ ഒരു നിമിഷം പശ്ചാത്തപിച്ചു പോയിരുന്നു…തിരിച്ചെത്തിയപ്പോഴാണ് ആയുസ്സിന് ദൈർഘ്യമുണ്ടെന്നുറപ്പായത്. അതും ഒരനുഭവം.
ഭർത്താവുമൊത്ത് മണാലിയുടെ ഉൾപ്രദേശങ്ങളിലൂടെയുള്ള ചെറിയൊരു ബൈക്ക് യാത്രയുമാസ്വദിച്ച് , ഹോട്ടലിലേക്ക് മടങ്ങുമ്പോഴും കൈകളിൽ മഞ്ഞു കോരിയെടുത്തതിന്റെ മരവിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല.. മനസ്സിന്റെ കുളിരും.
തുടരും..
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം
ലാലി രംഗനാഥ്
ഹിഡുംബ ക്ഷേത്രത്തിലെ സന്ദർശനവും കഴിഞ്ഞ് വസിഷ്ഠ ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ, ഞങ്ങളെല്ലാവരും ചെറിയരീതിയിലുള്ള ഭക്ഷണം മാത്രം കഴിച്ച് യാത്ര തുടരാമെന്നുള്ള തീരുമാനത്തിലെത്തി..മാൾ റോഡിലെ വിവിധതരം ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളെക്കുറിച്ച് ഹാരിസ് വിശദീകരിച്ചപ്പോൾ വിപുലമായ ഉച്ചഭക്ഷണം അവിടെനിന്നാകാമെന്നുറപ്പിച്ച്,മോമോസും ചാറ്റ്സുമൊക്കെ കഴിച്ച്, ടൗണിൽ നിന്നും ഏകദേശം മൂന്നരകിലോമീറ്റർ മാത്രമകലത്തിൽ സ്ഥിതി ചെയ്യുന്ന വസിഷ്ഠഗ്രാമത്തിലെത്തി. അവിടെയാണ് മണാലിയിലെ ആകർഷണ കേന്ദ്രങ്ങളിലൊന്നായ വസിഷ്ഠക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിനെക്കുറിച്ച് വിശദമായറിയാൻ എന്താണൊരു വഴിയെന്നാലോചിച്ചു നിൽക്കുമ്പോഴാണ്, ഗൈഡിന്റെ രൂപത്തിൽ മലയാളം സംസാരിക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരൻ എന്റെ ശ്രദ്ധയിൽപ്പെട്ടത്. മലയാളിയുടെ മുഖച്ഛായയാണ് എന്നെ ആകർഷിക്കാൻ കാരണമെന്ന്, മലയാളത്തെയും മലയാളിയെയും ഏറെ സ്നേഹിക്കുന്ന ഞാൻ പറയുമെങ്കിലും, ഹിന്ദി ഭാഷ സംസാരിക്കുന്ന ഗൈഡുകൾ പറയുന്നത് എനിക്ക് മനസ്സിലാവില്ലയെന്നുള്ളതാണ് സത്യം. രണ്ടാം ഭാഷ ഹിന്ദിയാണ് പഠിച്ചതെന്നുള്ളത് ഒരു രഹസ്യമായി സൂക്ഷിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട് കേട്ടോ.
മലയാളിയായ അച്ഛന്റെ മുഖച്ഛായയും ഹിമാലയൻ സുന്ദരിയായ അമ്മയുടെ നിറവുമുള്ള ഗൈഡ് രാഗേഷ് പറഞ്ഞുതന്ന വസിഷ്ഠ ക്ഷേത്രത്തിനെക്കുറിച്ചുള്ള അറിവുകൾ എന്നിലൊരു പുതിയ ഉണർവുണ്ടാക്കിത്തന്നിരുന്നു. എനിക്കു മാത്രമല്ല ,സംഘത്തിലുള്ള മിക്കപേർക്കും.. എന്തെന്നോ നമ്മുടെ ഭാഷയിൽ ഒരു വിവരണം കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം തന്നെയാണ്.
“മലയാള ഭാഷതൻ മാദകഭംഗി നിൻ
മധുവൂറും മൊഴികളായ് പൊഴിയുമ്പോൾ…”.
എന്നൊക്കെ പാടണമെന്ന് എനിക്ക് മാത്രമാണോ തോന്നിയത് എന്ന് പോലും ഞാൻ സംശയിച്ചു രാഗേഷിന്റെ സംസാരം കേട്ടപ്പോൾ.
നിറം കുറഞ്ഞ കൃഷ്ണമണികളുള്ള പാതി മലയാളിയുടെ അത്രത്തോളം സ്ഫുടമല്ലാത്ത മലയാളഭാഷ കേൾക്കാൻ നല്ല രസമായിരുന്നു.
ക്ഷേത്രത്തിന് നാലായിരം വർഷത്തിലേറെ പഴക്കമുണ്ടെന്നും സപ്തർഷികളിൽ ഒരാളായ മഹാമുനി വസിഷ്ഠന്റെ പേരിലാണ് ഈ ക്ഷേത്രമെന്നും, മലയാളവും അല്പം ഹിന്ദിയും കലർത്തി വിശദീകരിച്ച്, അമ്പലത്തിനുള്ളിലെ കാഴ്ചകളിലേക്ക് അയാൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. മരവും ഇഷ്ടികയും കൊണ്ടുള്ള ആ പഴയ നിർമ്മാണരീതി വളരെ മനോഹരമായി തോന്നി. ക്ഷേത്രത്തിനകത്ത് ധോത്തി ധരിച്ച ഋഷിയുടെ കറുത്ത കല്ലുചിത്രമുണ്ടെന്നതും ഒരു പ്രത്യേകതയായിരുന്നു.
അവിടുത്തെ മറ്റൊരു പ്രധാന ആകർഷണങ്ങളിലൊന്നാണ് ചൂടുള്ള നീരുറവ. അതിന്റെ ഗുണഗണങ്ങൾ വർണ്ണിക്കുമ്പോൾ രാഗേഷ് വല്ലാതെ വാചാലനായിരുന്നു. പല ത്വക്ക് രോഗങ്ങൾക്കും ഔഷധ പ്രാധാന്യമുള്ള ഈ നീരുറവ ഫലപ്രദമാണെന്നും ചർമ്മത്തിലെ അണുബാധകളും രോഗങ്ങളുമകറ്റാൻ പലരും ഈ വെള്ളത്തിൽ കുളിക്കാറുണ്ടെന്നും മറ്റും വളരെ ആവേശത്തോടെ അയാൾ പറഞ്ഞപ്പോൾ ഒന്ന് കുളിച്ചാലോ എന്ന് മാത്രമല്ല തോന്നിയത്, ഇയാളുടെ ജൻമോദ്ദേശം തന്നെ മണാലിയിലെ ഗൈഡാവുക എന്നതായിരുന്നോ,എന്നുകൂടി ചിന്തിച്ചു പോയി.
രാഗേഷിനോടും വസിഷ്ഠമുനിയോടും യാത്ര പറഞ്ഞശേഷം,ബസ്സിൽ മാൾ റോഡിലെത്തിയപ്പോൾ വിശപ്പെന്നെ വല്ലാതെ തളർത്തിയിരുന്നു. ഹാരിസ് ചൂണ്ടിക്കാണിച്ച ഹോട്ടലിൽ ഫിഷ് കറി കിട്ടുമെന്ന് ഒന്നുകൂടി ഉറപ്പിച്ച്, വളരെ ആവേശത്തോടെയാണ് അവിടെ കയറിയത്. മെനുവിൽ ‘ഫിഷ്’ ”എന്നെഴുതിക്കണ്ടപ്പോഴുണ്ടായ ഒരു സന്തോഷം, .വാക്കുകൾക്കുമപ്പുറം.
നമ്മുടെ നാട്ടിൽ കിട്ടുന്ന തരം മീനായിരുന്നില്ലെങ്കിലും, വൈറ്റ് റൈസും മീൻകറിയും കഴിച്ച സംതൃപ്തിയിൽ തന്നെയാണ് ഭക്ഷണം കഴിച്ചിറങ്ങിയത്.
പിന്നീട് സംഘം ചെറിയൊരു ഷോപ്പിങ്ങിനായി കൂട്ടംകൂട്ടമായി പല കടകളിലും കയറിയിറങ്ങാൻ തുടങ്ങി..
മണാലിയുടെ ഹൃദയമെന്ന് വേണമെങ്കിൽ മാൾ റോഡിനെ വിശേഷിപ്പിക്കാം. ഇവിടെ സ്ഥിതിചെയ്യുന്ന സെൻട്രൽ മാർക്കറ്റാണ് സഞ്ചാരികളെ ഇവിടേയ്ക്കാർഷിക്കുന്ന ഒരു പ്രധാന ഘടകം. ഷോപ്പിങ്ങൊക്കെ വേഗം തീർത്ത്,, പറഞ്ഞ സമയത്തുതന്നെ ബസ്സിനടുത്തെത്തിയപ്പോൾ, സംഘം മുഴുവനായും എത്തിയിട്ടില്ലെന്നെനിക്ക് മനസ്സിലായി . വിവരമന്വേഷിച്ചപ്പോഴാണറിയുന്നത് ഷോപ്പിംഗ് ഭ്രമക്കാരികളായ ഭാര്യമാരെ തിരികെക്കൊ ണ്ടുവരാൻ പല ഭർത്താക്കന്മാരും അവിടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുന്നു എന്നുള്ള രസകരമായ വസ്തുത.
ഒരു ദിവസം കൂടി ഷോപ്പിങ്ങിനായി മാറ്റി വച്ചിട്ടുണ്ടെന്നുള്ള ഒരർദ്ധസത്യം അവരെ ധരിപ്പിച്ചിട്ടാണത്രേ പിന്നീട് നിർബന്ധപൂർവ്വം എല്ലാവരെയും ബസ്സിൽ കയറ്റിയത്.
(ഹാരീസിന്റെ രഹസ്യ മൊഴി )
(അക്കാര്യത്തിൽ എന്റെ ഭർത്താവ് ഭാഗ്യവാനാണ്.. ഷോപ്പിങ്ങിനായി അധിക സമയമൊന്നും മിനക്കെടാനിഷ്ടമില്ലാത്ത ഭാര്യ.. അത് എന്റെ മടിയുടെ ഭാഗമാണ് ട്ടോ )
ഹോട്ടലിലേയ്ക്കുള്ള യാത്ര തുടരുമ്പോൾ ബസ്സിനകത്ത് മുഴുവനും ഷോപ്പിംഗ് വിശേഷങ്ങളുടെ ചർച്ചയായിരുന്നു. ഞാനപ്പോൾ സ്വപ്നലോകത്തിലൂടെയുള്ള ചെറിയൊരു സഞ്ചാരത്തിലും. പിറ്റേന്ന് രാവിലെ കാണാൻ പോകുന്ന മഞ്ഞുമലകളിലേക്ക് സ്വപ്നത്തിലൂടെയുള്ള ഒരു യാത്രയിൽ….
അടുത്ത ഭാഗം.. മഞ്ഞു മലകളിലേക്ക് ഒരു സ്വപ്നയാത്ര… തുടരും.
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം
ലാലി രംഗനാഥ്
പലതരം മെനുവോട് കൂടിയ പ്രഭാത ഭക്ഷണവും കഴിഞ്ഞ് അല്പംപോലും വിശ്രമിക്കാൻ നിൽക്കാതെ എല്ലാവരും സുന്ദരിയെ കാണാനുള്ള ആവേശവുമായി പെട്ടെന്ന് തന്നെ റെഡിയായി ഹോട്ടലിന്റെ ലോബിയിൽ വന്നു.
മണാലിയിലെ ഞങ്ങളുടെ ആദ്യത്തെ യാത്ര “ഹിഡിമ്പ” ക്ഷേത്രത്തിലേയ്ക്കായിരുന്നു. നഗരപ്രദക്ഷിണവും ‘വസിഷ്ഠ’ ഗ്രാമ സന്ദർശനവും കൂടി ഉൾപ്പെടുത്തിയാണ് ഇന്നത്തെ യാത്രയെന്നറിയിക്കുക മാത്രമല്ല, ആ സ്ഥലത്തെ പ്രത്യേകതകളെക്കുറിച്ച് കൂടി ഹാരിസ് വിശദീകരിച്ചപ്പോൾ കാണാനുള്ള കൗതുകമേറി വന്നു.
ശരീരമാകെ അരിച്ചുകയറുന്ന തണുപ്പിനെ പ്രതിരോധിക്കാൻ സ്വെറ്ററും തൊപ്പിയും കൂട്ടിനു ണ്ടായിരുന്നെങ്കിലും മനസ്സിന്റെ കുളിർമ്മയ്ക്ക് ആവരണമിടാനാകാത്തത് കൊണ്ട് തന്നെ, കുളിരുള്ള മനസ്സുമായി ഞങ്ങളെല്ലാവരും ഒമ്പതുമണിക്ക് തന്നെ ഹിഡിമ്പ ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെട്ടു. മഹാഭാരത കഥയിലെ ഭീമസേനന്റെയും ഹിടിമ്പ എന്ന രാക്ഷസിയുടെയും പ്രണയത്തിന്റെ സ്മാരകമായും നാടോടിക്കഥകളിൽ സൂചനയുണ്ടത്രേ.
ബസ്സിനു പുറത്തേക്കാഴ്ചകൾ മനോഹരമെന്ന ഒറ്റവാക്കിൽ ഒതുങ്ങുന്നതായിരുന്നില്ല. അത്രയ്ക്ക് ഭംഗിയായിരുന്നു മഞ്ഞണിഞ്ഞ മണാലിക്ക്. കാഴ്ചകൾ കണ്ടിരുന്ന്, ലക്ഷ്യസ്ഥലമെത്തിയത് ഞാനറിഞ്ഞതേയില്ല.ബസ്സിറങ്ങി അല്പദൂരം നടന്ന് വേണം ക്ഷേത്രത്തിലെത്താൻ. ഉയരം കൂടിയ ദേവാദാരു മരങ്ങൾക്കിടയിലൂടെ , ഹിമാലയൻ സൗന്ദര്യവുമാസ്വദിച്ചുകൊണ്ട് ക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ പാടാനറിയാത്ത ഞാൻ പോലും പാടിപ്പോയി..
“ആരേയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ…” എന്ന്.
തടിയും കല്ലും കൊണ്ട് നിർമ്മിച്ച ഹിഡിമ്പക്ഷേത്രം പ്രാചീന ആർക്കിടെക്സ്ചർ രീതികളുടെ ഒരു ശേഷിപ്പാണ്. വ്യത്യസ്തമായ രീതിയിലുള്ള ഒരു പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. ഒത്ത നടുവിൽ ചെറിയൊരു ദേവി വിഗ്രഹവുമായി ഒരു ഗുഹ. ചുറ്റുമായി അമ്പലം. മഹാഭാരതകഥയിലെ ഭീമസേനന്റെ ഭാര്യ ഹിടിമ്പി ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.
ആദ്യ കാഴ്ചയിൽ ഒരു മാന്ത്രിക ചിത്രത്തിന്റെ പശ്ചാത്തലമാണോയെന്നെനിക്ക് സംശയം തോന്നിപ്പോയി ക്ഷേത്രത്തിനുള്ളിൽ കടന്നപ്പോൾ. മരം കൊണ്ടാണ് ചുവരും മേൽക്കൂരയും നിർമ്മിച്ചിരിക്കുന്നത്. ചുവരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മാൻ തലയോട്ടികൾ പതിപ്പിച്ചിട്ടുണ്ട്. സത്യത്തിൽ അവിടെ നിന്നപ്പോൾ ദൈവീക ചിന്തകൾക്കപ്പുറം എന്റെ മനസ്സിനെ ഭരിച്ചത് ചെറിയൊരു ഭയമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ ഈ ക്ഷേത്രനിർമ്മിതി മണാലിയിലെ മാറ്റി നിർത്താനാവാത്ത ഒരു സന്ദർശനസ്ഥലമാണെന്നതിൽ തർക്കമൊന്നുമില്ല. ‘ദുംഗ്രി’ എന്ന പാർക്കിന്റെ നടുവിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എന്നത് ആകർഷണീയമായ ഒരു കാര്യവുമാണ് .
അല്പനേരം ഞങ്ങളെല്ലാവരും ക്ഷേത്രത്തിനുള്ളിലും പുറത്തുമായി ചെലവഴിച്ച് പുറത്ത് കടക്കുമ്പോൾ, ചുറ്റും കമ്പിളി ഉടുപ്പുകളും മറ്റും വിൽക്കുന്ന കച്ചവടക്കാരുടെ ( കൂടുതലും ഹിമാലയൻ സുന്ദരികളാണ്) തിരക്കായിരുന്നു.
പക്ഷേ എന്നെ ഏറെ ആകർഷിച്ചത് ദേവദാരു മരങ്ങൾക്കിടയിൽ, സ്വപ്നം പൂത്ത മിഴികളുമായി പരസ്പരം പ്രണയം പങ്കുവെക്കുന്ന ദമ്പതികളുടെ ശരീരഭാഷയാണ്. ഫോട്ടോകൾക്ക് വേണ്ടി സ്വയം മറന്നവർ പോസ് ചെയ്യുന്നത് വെറുതെ നോക്കി നിന്നപ്പോൾ മനസ്സിന്റെ കുളിരിന് ഹൃദ്യതകൂടി. യൗവനവും വാർദ്ധക്യവുമെല്ലാം യുവത്വത്തിൽ എത്തിനിൽക്കുന്ന കാഴ്ച…സുന്ദരം.
അവിടെ കണ്ട മറ്റൊരു കാഴ്ച കണ്ണിന് കുളിർമ പകരുന്ന ഒന്നായിരുന്നു . അതിൽ ഞാനുമൊന്ന് ഭ്രമിച്ചു. മണാലിക്കാരുടെ ഔദ്യോഗിക വസ്ത്രമായ “പാട്ടു”വുമണിഞ്ഞ് നിൽക്കുന്ന ടൂറിസ്റ്റുകളെ കണ്ടപ്പോൾ എനിക്കും ആ വസ്ത്രമണിഞ്ഞൊരു ഫോട്ടോ എടുത്താലോയെന്നൊരു മോഹം വെറുതെ മനസ്സിൽ കടന്നുകൂടി..
” പലരും ഉപയോഗിക്കുന്ന ഒന്നാണ്.. കോവിഡ് കാലമൊക്കെയാണ്”..
ഈ വക ദുഷ്ചിന്തകളൊക്കെ പാടേ മറന്ന് “പാട്ടു” അണിയാനുള്ള തിടുക്കമായിരുന്നു പിന്നീട്. ഹിമാലയൻ സുന്ദരിമാർ എന്നെ വസ്ത്രമണിയിക്കാൻ മത്സരിച്ചപ്പോൾ, എന്റെ കോസ്റ്റൂമെറെ തിരഞ്ഞെടുക്കാനെനിക്ക് അൽപ്പമൊന്നു പണിപ്പെടേണ്ടി വന്നുവെന്നുള്ളത് മറ്റൊരു കാര്യം.
കടും ചുവപ്പ് നിറമുള്ളതാണീ വസ്ത്രം. കട്ടിയേറിയ കടും നിറത്തിലുള്ള ഈ ഷാൾ നമ്മുടെ വസ്ത്രത്തിന് മുകളിൽ പ്രത്യേക രീതിയിൽ, ‘ബൂമിനി’ യെന്നറിയപ്പെടുന്ന സിൽവർ പിന്നുകളുപയോഗിച്ചുറപ്പിക്കും. സിൽവർ ആഭരണങ്ങളും വില്പനക്കാർ തന്നെ അണിയിക്കും. പുതിയൊരു വേഷത്തിൽ നമ്മളെ കാണുമ്പോളുണ്ടാകുന്ന ഒരു കൗതുകം.. അതൊരു നല്ല അനുഭവം തന്നെയായിരുന്നു.
പാട്ടുവുമണിഞ്ഞു നിന്നപ്പോൾ ഹിമാലയൻ സൗന്ദര്യം എന്നിലേക്ക് ആവാഹിക്കപ്പെട്ടോയെന്ന്, ഒരു നിമിഷം ഭർത്താവെടുത്ത എന്റെ ഫോട്ടോയിൽ നോക്കി വെറുതെ ഒന്ന് സംശയിക്കുകപോലും ചെയ്തു ഞാൻ. സംശയമായത് കൊണ്ട് ആരോടും പറഞ്ഞൊന്നുമില്ല കേട്ടോ..
സംഘങ്ങളെല്ലാവരും തന്നെ ഫോട്ടോയെടുപ്പിന്റെ തിരക്കിലായിരുന്നു. ദേവദാരു മരങ്ങളുടെയും ദേവീക്ഷേത്രത്തിന്റെയും പശ്ചാത്തലം അത്രമേൽ ഹൃദയഹാരിയായ ഒന്നായിരുന്നു. കൂടെ അരിച്ചു കയറുന്ന തണുപ്പ് കൂടി ആയാലോ..
ഉച്ചയോടടുത്തപ്പോൾ ഹിഡിമ്പ ദേവിയോട് യാത്ര പറഞ്ഞിറങ്ങിയ ഞങ്ങൾ ഭക്ഷണശേഷം “വസിഷ്ഠ” ഗ്രാമ സന്ദർശനം ലക്ഷ്യമാക്കി യാത്ര തുടർന്നു…
തുടരും….
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം
ലാലി രംഗനാഥ്
2020. ഏപ്രിൽ 9.. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളിലൊന്നായിരിക്കും ഒരുപക്ഷേ ഈ ദിവസം.. അന്നായിരുന്നു എന്റെ മണാലിയാത്രയുടെ തുടക്കം. വായിച്ചും കേട്ടുമറിഞ്ഞ മണാലി എന്ന സുന്ദരിയെ കാണുന്നതിന് മുൻപേ തന്നെ ഞാൻ പ്രണയിച്ചു തുടങ്ങിയിരുന്നു.
ഭർത്താവും ഞാനും ഒരു സംഘത്തോടൊപ്പമാണ് യാത്രയുടെ തുടക്കത്തിൽ കൊച്ചിയിൽ നിന്നും ഫ്ലൈറ്റ് കയറിയത്. ഏകദേശം ഉച്ചയോടെ ഡൽഹി എയർപോർട്ടിൽ എത്തിയ ഞങ്ങൾ, ഉച്ചഭക്ഷണമെല്ലാം കഴിഞ്ഞ് വോൾവോ ബസ്സിലായിരുന്നു മണാലിയിലേക്ക് യാത്ര തിരിച്ചത്. പാട്ടും ഡാൻസും അന്താക്ഷരി കളിയുമെല്ലാമായി ആഹ്ലാദ ത്തിമിർപ്പിലായിരുന്നു നാല്പതംഗസംഘം. അഞ്ചു മണിയായപ്പോഴേക്കും ചായ കുടിക്കാനായി ബസ് ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. ഇതിനകം പരസ്പരം പരിചയപ്പെടലിന്റെ അൻപത് ശതമാനത്തോളം കഴിഞ്ഞ്,ഒരു കുടുംബം പോലെയായിക്കഴിഞ്ഞിരുന്നു സംഘാംഗങ്ങൾ.
ഡൽഹിയിൽ നിന്നും പന്ത്രണ്ട് മണിക്കൂർ യാത്രയാണ്, 536 കിലോമീറ്റർ അകലെയുള്ള മണാലിയിലേക്ക്. ഡൽഹിയുടെ രാജവീഥികളിൽ നിന്ന് ബസ് ഔട്ടർ ഡൽഹിയിലേക്ക് പ്രവേശിച്ചു. സോണിപറ്റ് വഴി കുരുക്ഷേത്രയും, അംബാലയും,ചണ്ഡീഗഡും പിഞ്ചോറും പിന്നിട്ട് കുളു വഴി മണാലി.. ഇതാണ് റൂട്ടെന്ന് നമ്മോടൊപ്പമുള്ള ട്രാവൽ ഏജൻസിയുടെ എം.ഡി. ഹാരിസ് കൃത്യതയോടെ പറഞ്ഞു തന്നപ്പോൾ വെറുതെ ഓർത്തു, കുളിരുള്ള സ്ഥലമായതുകൊണ്ടാവും ‘കുളു’ എന്ന പേരെന്ന്.” ‘ചിന്തിച്ചുണ്ടാക്കുക ‘.എന്ന എന്റെ സ്ഥിരം സ്വഭാവം തലയുയർത്തി . സത്യമതല്ലെന്ന് വിവരമുള്ള ആരോ പിന്നീട് പറഞ്ഞുതന്നു. “കുളു “എന്ന പേരിന്റെ ഉത്ഭവം ‘ വാസയോഗ്യമായ അവസാന സ്ഥലം ‘.. എന്നർത്ഥംവരുന്ന ‘കുളന്ത് പിത്ത’ എന്ന വാക്കിൽ നിന്നുമാണെന്ന്. “എന്താല്ലേ… എന്റെ ഓരേ ചിന്തകളേ..”
ഇരുട്ട് കൂടി വന്നപ്പോൾ പുറംകാഴ്ചകളിൽ അവ്യക്തത വന്നുതുടങ്ങി. ബസ് രാത്രി ഭക്ഷണത്തിനായി ഒരു ധാബയിൽ നിർത്തി. ഭക്ഷണപ്രിയ ആണെങ്കിലും അന്ന് അത്രയ്ക്ക് വിശപ്പൊന്നും തോന്നിയില്ല. മനസ്സു മുഴുവൻ പുലരുമ്പോൾ കാണാമെന്നുറപ്പുള്ള മണാലി എന്ന സുന്ദരിയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു.ബസ്സിൽ നിശബ്ദത കൂടിക്കൂടി വന്നപ്പോളെപ്പോഴോ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു.
കണ്ണുതുറന്നപ്പോൾ നേരം പുലർന്നു വരുന്നു. ദുർഘടം പിടിച്ച പാതയിലൂടെ ബസ്സ് മുന്നോട്ടു കുതിക്കുന്നു. അഞ്ചുമിനിറ്റ് ആ യാത്രാസുഖം അനുഭവിച്ച ഞാൻ മനസാ ബസിന്റെ ഡ്രൈവറെ നമിച്ചു പോയി. സ്വർഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും ദുർഘടവുമാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല എനിയ്ക്കങ്ങനെ തോന്നി.
മണാലി എന്ന സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ ബിയാസ് നദിയുടെ അരികിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന റോഡിലൂടെയുള്ള യാത്ര സുഖകരമായിരുന്നില്ല. ഒരു ഭാഗത്ത് കിഴുക്കാം തൂക്കായി കിടക്കുന്ന കൊക്കകൾ… വലിയ പാറക്കെട്ടുകളിൽ തട്ടി,പൊട്ടിച്ചിരിച്ച് പുളകം കൊണ്ട് ഒഴുകുന്ന ബിയാസ് നദി.. അല്പം പേടിപ്പെടുത്തുന്നതായിരുന്നെങ്കിലും മണാലിയിൽ എത്തിയപ്പോൾ ആ യാത്ര സ്വർഗ്ഗത്തിലേക്ക് തന്നെയായിരുന്നു എന്ന് അറിയാതെ പറഞ്ഞു പോയി. എത്ര സുന്ദരിയായിരുന്നു മണാലി. 7 30 ന് ഞങ്ങൾ മണാലിയിലെ ഹോട്ടലിന് മുന്നിലെത്തി. നാലു ഡിഗ്രി തണുപ്പ് കാലിലൂടെ അരിച്ചുകയറുന്നുണ്ടായിരുന്നു. ചെറിയ വിശ്രമത്തിനുശേഷം 8:30ന് വിഭവസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ് റെഡിയായെന്ന് അറിയിപ്പ് വന്നു. അപ്പോഴേക്കും വിശപ്പിന്റെ അസുഖം തലയുയർത്തി തുടങ്ങിയിരുന്നു.. പ്രാതൽ കഴിഞ്ഞു…ഇനി സുന്ദരമായ മണാലിക്കാഴ്ചകളിലേക്ക്….
തുടരും….
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം
സാഹിത്യകാരൻ കാരൂർ സോമനും ഞാനും 12 ദിവസം കൊണ്ട് 4 രാജ്യങ്ങൾ സന്ദർശിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര പുറപ്പെട്ടത്. ഞങ്ങളുടെ സഞ്ചാരപദത്തിലെ രണ്ടാമത്തെ രാജ്യമായ ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ താമസിക്കുമ്പോൾ അവിടെ നിന്നും നോർത്ത് മാസിഡോണിയയുടെ തലസ്ഥാനമായ സ്‌കോപ്പിയയിലേക്ക് ദിവസവും വൺ ഡേ ബസ് ട്രിപ്പ് ഉള്ള കാര്യം അറിയുവാൻ കഴിഞ്ഞു. അങ്ങനെ ബോണസായി ഒരു രാജ്യം കൂടി സന്ദർശിക്കുവാൻ കിട്ടിയ അവസരം പാഴാക്കാതെ പിറ്റേ ദിവസത്തേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു.
രാവിലെ തന്നെ ബസ് പുറപ്പെടുന്ന സ്ഥലത്തെത്തി. ബുക്കാറെസ്റ്റിൽ നിന്നും ഡ്രാക്കുളകോട്ടയിലേക്ക് പോയ പോലെ ഒരു മിനി ബസ് ഞങ്ങൾക്കായി അവിടെ പുറപ്പെടാൻ റെഡി ആയി കിടന്നിരുന്നു. യാത്രക്കാർ ഇരിപ്പിടങ്ങളിൽ ഇരുന്നതോടെ ബസ് പുറപ്പെടുവാൻ തയ്യാറെടുത്തു. കടന്നുപോകുന്ന ഭൂപ്രകൃതികളുടെ നേർക്കാഴ്ചകൾ കാണാൻ ആകാംക്ഷയോടെ ഞാൻ ഒരു വിൻഡോ സീറ്റ് കണ്ടെത്തി. ബസ് സ്റ്റേഷനിൽ നിന്ന് അകന്നപ്പോൾ, സോഫിയയുടെ നഗര വ്യാപനം ക്രമേണ ഉരുണ്ട കുന്നുകളിലേക്കും പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളിലേക്കും വഴിമാറി. വിചിത്രമായ ഗ്രാമങ്ങളിലൂടെയും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളിലൂടെയും വളഞ്ഞുപുളഞ്ഞുകൊണ്ട് റോഡ് ഞങ്ങളുടെ മുൻപിൽ നീണ്ടു. ബൾഗേറിയയ്ക്കും നോർത്ത് മാസിഡോണിയയ്ക്കും ഇടയിലുള്ള ബോർഡർ ക്രോസിംഗിൽ ബസ് കുറച്ചുനേരം നിർത്തി, അവിടെ പാസ്‌പോർട്ടുകൾ പരിശോധിച്ച് സ്റ്റാമ്പ് ചെയ്തു. വൈകിയാണെങ്കിലും, യാത്രക്കാർ കഥകൾ കൈമാറുകയും ലഘുഭക്ഷണങ്ങൾ പങ്കിടുകയും ചെയ്യുന്ന അന്തരീക്ഷം സന്തോഷകരമായിരുന്നു.
ഞങ്ങൾ യാത്ര പുനരാരംഭിച്ചപ്പോൾ, ഉയർന്ന കൊടുമുടികളും അഗാധമായ മലയിടുക്കുകളും ദുർഘടമായ ഭൂപ്രകൃതിയിലൂടെ ഒരു പാത കൊത്തിയെടുത്തുകൊണ്ട് പ്രകൃതിദൃശ്യങ്ങൾ കൂടുതൽ നാടകീയമായി. ബാൽക്കൻ ഭൂപ്രകൃതിയുടെ കേവലമായ ഗാംഭീര്യത്തിൽ ഒരു ഭയം തോന്നി, ചുറ്റുമുള്ള പ്രകൃതി സൗന്ദര്യത്തിൽ ഞാൻ അത്ഭുതപ്പെട്ടു. ഒടുവിൽ, മണിക്കൂറുകളോളം നീണ്ട യാത്രയ്‌ക്ക് ശേഷം,സ്‌കോപ്പിയയുടെ സ്കൈലൈൻ ദൃശ്യമായി, പർവതങ്ങളുടെ പശ്ചാത്തലത്തിൽ അഭിമാനത്തോടെ ഉയരുന്ന അതിൻ്റെ ഐക്കണിക് ലാൻഡ്‌മാർക്കുകൾ. ബസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഈ ഊർജ്ജസ്വലമായ നഗരം എന്തെല്ലാം കൗതുകങ്ങളാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നറിവാനുള്ള ആകാംഷ വല്ലാത്തൊരു ഊർജം നൽകി . ബസ് ഡ്രൈവറോട് നന്ദിയോടെ തലയാട്ടി, ക്ഷീണം എല്ലാം മാറി വർദ്ധിത ഉത്സാഹത്തോടെ ഞങ്ങൾ ബസിൽ നിന്ന് ഇറങ്ങി. ഇനി 7 മണിക്കൂറുകളോളം ഞങ്ങൾക്ക് ഇഷ്ടം പോലെ യാത്ര ചെയ്യാം. വൈകുന്നേരം അഞ്ചു മണിയോടെ ബസ് സ്റ്റേഷനിൽ എത്തിയാൽ മതി. സ്‌കോപ്പിയയിലെ തിരക്കേറിയ തെരുവുകൾ മുന്നിൽ, ബാൽക്കണിലെ ഈ ആകർഷകമായ കോണിൽ നിന്നും നഗരസന്ദർശനത്തിന് ഞാനും കാരൂർ സോമനും തയ്യാറായി.
സ്‌കോപ്പിയയുടെ ചടുലമായ അന്തരീക്ഷത്തിൽ മുഴുകാൻ ഞങ്ങൾ സമയം പാഴാക്കിയില്ല. പരമ്പരാഗത കരകൗശലവസ്തുക്കൾ മുതൽ നാവിൽ വെള്ളമൂറുന്ന നാടൻ പലഹാരങ്ങൾ വരെ വിൽക്കുന്ന കടകളാൽ നിറഞ്ഞ ഇടുങ്ങിയ തെരുവുകളുടെ തിരക്കേറിയ ഓൾഡ് ബസാർ ആയിരുന്നു ഞങ്ങളുടെ ആദ്യ സ്റ്റോപ്പ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ചന്തയുടെ കാഴ്ചകളും ശബ്ദങ്ങളും ഗന്ധങ്ങളും ഉൾക്കൊണ്ട് ഞങ്ങൾ ഇടവഴികളിലൂടെ അലഞ്ഞു. അവിടെ പുരാതന ഒട്ടോമൻ വാസ്തുവിദ്യ ആധുനിക കഫേകളും ഷോപ്പുകളുമായും ഒത്തുചേരുന്നു. സ്‌കോപ്പിയെയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിൻ്റെ പഴമ വെളിപ്പെടുത്തുന്ന ഉരുളൻ കല്ല് പാകിയ തെരുവുകളിലൂടെ ഞങ്ങൾ അലഞ്ഞുനടക്കുമ്പോൾ, എക്കാലവും തീക്ഷ്‌ണമായ നിരീക്ഷകനായ കാരൂർ ധാരാളം കുറിപ്പുകൾ എടുത്തു.
കാലെ കോട്ടയുടെ സന്ദർശനമായിരുന്നു അടുത്തത്. ഞങ്ങളുടെ യാത്രയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.അവിടെ നിന്നും ഞങ്ങൾ സ്‍കോപ്പിയെയുടെ മേൽക്കൂരകളിലേക്ക് നോക്കുമ്പോൾ, എന്റെ ചിന്ത നഗരത്തിൻ്റെ പ്രക്ഷുബ്ധമായ ചരിത്രത്തെക്കുറിച്ചും പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ആയിരുന്നു. കാലെ കോട്ടയുടെ സന്ദർശനത്തിന് ശേഷം നല്ല വിശപ്പ്. രാവിലെ താമസിക്കുന്ന ഹോട്ടലിൽ നിന്ന് കഴിച്ച പ്രഭാത ഭക്ഷണത്തിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. ഉച്ച ഭക്ഷണത്തിനായി ഓൾഡ് ബസാറിലെ കോസ്മോസ് എന്ന റസ്റ്ററന്റിൽ കയറി. മെനുവിൽ നോക്കി കെബാബിനും സലാഡിനും ഓർഡർ ചെയ്തു അതിന്റെ കൂടെ നാനും അതിനു പറ്റിയ സോസും കിട്ടിയപ്പോൾ ഉച്ചഭക്ഷണം ഗംഭീരം.
ഉച്ച ഭക്ഷണത്തിനു ശേഷം ഞങ്ങൾ നഗരചത്വരവും ചുറ്റുമുള്ള വീഥികൾ കാണുന്നതിനും മദർ തെരേസ മ്യൂസിയം സന്ദർശിക്കുന്നതിനും മാറ്റിവച്ചു. വലിയ ആർട് ഗാലറികൾ മുതൽ വർണ്ണാഭമായ തെരുവ് ചുവർച്ചിത്രങ്ങൾ വരെ, എല്ലാത്തരം കലാകാരന്മാർക്കും സ്‌കോപ്പിയെ ഒരു സങ്കേതമാണ്. ഓരോ തെരുവിലും പ്രദർശിപ്പിച്ചിരിക്കുന്ന സർഗ്ഗാത്മകതയിൽ ആശ്ചര്യപ്പെട്ടുകൊണ്ട് ഞങ്ങൾ നഗരത്തിൻ്റെ അതിമനോഹരമായ തെരുവകളിലൂടെ നടന്നു.
സ്‌കോപ്പിയെയിലെ സമൃദ്ധമായ പ്രതിമകൾ ഏതൊരു സഞ്ചാരിയെയും അത്ഭുതപ്പെടുത്തും .എവിടെ നോക്കിയാലും പ്രതിമകൾ. പ്രതിമകൾ നഗരത്തിൻ്റെ സങ്കീർണ്ണമായ ചരിത്രം, സാംസ്കാരിക പൈതൃകം, രാഷ്ട്രീയ ചലനാത്മകത എന്നിവയുടെ പ്രതിഫലനമാണ്. പ്രതിമകളുടെ നിർമ്മിതിക്ക് പിന്നിൽ നിരവധി ഘടകങ്ങൾ കാരണമാകാം. റോമൻ, ബൈസൻ്റൈൻ, ഓട്ടോമൻ, യുഗോസ്ലാവ് കാലഘട്ടങ്ങളിൽ നിന്നുള്ള സ്വാധീനങ്ങളോടെ നൂറ്റാണ്ടുകളായി നാഗരികതയുടെ ഒരു വഴിത്തിരിവാണ് സ്‌കോപ്പിയെ. ഓരോ യുഗവും നഗരത്തിൽ അടയാളം പതിപ്പിച്ചു, ഈ ചരിത്ര കാലഘട്ടങ്ങളുടെ ദൃശ്യ ഓർമ്മപ്പെടുത്തലുകളായി പ്രതിമകൾ പ്രവർത്തിക്കുന്നു. യുഗോസ്ലാവിയയുടെ പിരിച്ചുവിടലിനും വടക്കൻ മാസിഡോണിയ ഒരു സ്വതന്ത്ര രാഷ്ട്രമായി ഉയർന്നതിനും ശേഷം, മാസിഡോണിയൻ ദേശീയ ഐഡൻ്റിറ്റി സ്ഥാപിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു കൂട്ടായ ശ്രമം നടന്നിട്ടുണ്ട്. ഈ ഐഡൻ്റിറ്റി രൂപപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും ചരിത്രപുരുഷന്മാരുടെയും ദേശീയ നായകന്മാരുടെയും സാംസ്കാരിക ഐക്കണുകളുടെയും പ്രതിമകൾ ഒരു പങ്കു വഹിക്കുന്നു.1963-ലെ ഭൂകമ്പത്തിൽ സ്‌കോപ്പിയെയിൽ കാര്യമായ നാശം സംഭവിച്ചു, ഇത് വിപുലമായ പുനർനിർമ്മാണ ശ്രമങ്ങൾക്ക് കാരണമായി. സമീപ വർഷങ്ങളിൽ, നഗര കേന്ദ്രത്തെ പുനരുജ്ജീവിപ്പിക്കാനും അതിൻ്റെ സൗന്ദര്യാത്മക ആകർഷണം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സ്‍കോപ്പിയെ 2014 സംരംഭം ഉൾപ്പെടെയുള്ള നഗര നവീകരണ പദ്ധതികൾക്ക് നഗരം വിധേയമായിട്ടുണ്ട്. ഈ ശ്രമങ്ങളുടെ ഭാഗമായി, പൊതു ഇടങ്ങൾ മനോഹരമാക്കുന്നതിനും മാസിഡോണിയൻ ചരിത്രവും സംസ്കാരവും പ്രദർശിപ്പിക്കുന്നതിനുമായി നിരവധി പ്രതിമകളും സ്മാരകങ്ങളും സ്ഥാപിച്ചു.
അധികാരത്തിലുള്ളവരുടെ ആശയങ്ങളെയും അജണ്ടകളെയും പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ ചിഹ്നമായും പ്രതിമകൾക്ക് പ്രവർത്തിക്കാനാകും. സ്‌കോപ്പിയെയിലെപ്രതിമകളുടെ വ്യാപനം വിവാദത്തിൻ്റെയും സംവാദത്തിൻ്റെയും വിഷയമാണ്, ഇത് സ്മാരകത്തിലെ അമിതമായ ശ്രദ്ധയും പൊതുഫണ്ടിൻ്റെ ദുരുപയോഗവും ആണെന്ന് വിമർശകർ വാദിക്കുന്നു. മൊത്തത്തിൽ, സ്‌കോപ്‌ജെയിലെ പ്രതിമകളുടെ സമൃദ്ധി, നഗരത്തിൻ്റെ സമ്പന്നമായ സ്വാധീനം, ഭാവിയിലേക്കുള്ള അഭിലാഷങ്ങൾ, അതിൻ്റെ സാമൂഹിക-രാഷ്ട്രീയ ഭൂപ്രകൃതിയുടെ സങ്കീർണ്ണതകൾ എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു ബഹുമുഖ പ്രതിഭാസമാണ്.
മാസിഡോണിയൻ, അന്തർദേശീയ കലാകാരന്മാർ എന്നിവരുടെ സൃഷ്ടികളുടെ വൈവിധ്യമാർന്ന ശേഖരം കൊണ്ട് സമ്പന്നമായ കണ്ടംപററി ആർട്ട് മ്യൂസിയം പ്രധാന ആകർഷണങ്ങളിലൊന്ന് ആണ്. പ്രദർശനത്തിലെ സർഗ്ഗാത്മകതയിലും പുതുമയിലും പ്രചോദനം ഉൾക്കൊണ്ട് കാരൂർ, നിരീക്ഷണങ്ങളും ഉൾക്കാഴ്ചകളും കൊണ്ട് തൻ്റെ നോട്ട്ബുക്കിൻ്റെ പേജ് പേജ് നിറച്ചു.
നഗരത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളായ മദർ തെരേസയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാതെ സ്‌കോപ്പിയയിലൂടെയുള്ള ഞങ്ങളുടെ യാത്ര പൂർത്തിയാകില്ല. മദർ തെരേസ മെമ്മോറിയൽ ഹൗസിലേക്ക് ഞങ്ങൾ യാത്രതിരിച്ചു, ഈ ഐതിഹാസിക മനുഷ്യസ്‌നേഹിയുടെ ജീവിതത്തിനും പൈതൃകത്തിനും ഉള്ള ആദരാഞ്ജലി. മ്യൂസിയത്തിലേക്ക് കാലെടുത്തുവച്ചപ്പോൾ, സ്ഥലത്തു വ്യാപിച്ചിരിക്കുന്ന ശാന്തതയുടെ ബോധം ഞങ്ങളെ ഞെട്ടിച്ചു. ഫോട്ടോഗ്രാഫുകളും പുരാവസ്തുക്കളും സ്വകാര്യ വസ്‌തുക്കളും ദരിദ്രരിൽ ഏറ്റവും ദരിദ്രരെ സേവിക്കാൻ സ്വയം സമർപ്പിച്ച ഒരു സ്ത്രീയുടെ ജീവിതത്തിലേക്കുള്ള നേർക്കാഴ്ച്ചകൾ വാഗ്ദാനം ചെയ്തു.
മദർ തെരേസ മാമോദിസ ചെയ്യപ്പെട്ട സേക്രഡ് ഹാർട്ട് ഓഫ് ജീസസ് റോമൻ കത്തോലിക്കാ പള്ളി സ്ഥിതി ചെയ്ത സ്ഥലത്താണ് മദർ തെരേസ മ്യൂസിയം പണിതിരിക്കുന്നത്. ആ പുണ്യവതിയുടെ ജീവിതത്തിൻ്റെ സ്മരണകളാൽ ചുറ്റപ്പെട്ട ഈ ലളിതമായ ഇടത്തിൽ, ആ വിശുദ്ധയുടെ കാൽച്ചുവടുകളിൽ നടക്കാനുള്ള അവസരത്തിൽ ഞങ്ങൾക്ക് അഗാധമായ സന്തോഷം തോന്നി.
കൽക്കട്ടയിലെ വിശുദ്ധ തെരേസ എന്നറിയപ്പെടുന്ന മദർ തെരേസ, 1910 ഓഗസ്റ്റ് 26 ന്, അന്നത്തെ ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്ന, ഇപ്പോൾ നോർത്ത് മാസിഡോണിയയുടെ തലസ്ഥാനമായ സ്‌കോപ്പിയയിൽ അഞ്ജെസ് ഗോൺഷെ ബോജാക്സിയു എന്ന പേരിൽ ജനിച്ചു. മാതാ പിതാക്കൾ അൽബേനിയൻ വംശജരാണ്. അവർ അൽബേനിയയിൽ നിന്നും സ്‌കോപ്പിയയിലേക്ക് കുടിയേറിയവരായിരുന്നു. സ്‌കോപ്പിയയിലെ അവളുടെ ആദ്യകാല ജീവിതം അവളുടെ പിന്നീടുള്ള മാനുഷിക പ്രവർത്തനങ്ങൾക്ക് അടിത്തറയിടുകയും അവളുടെ അനുകമ്പയുള്ള ലോകവീക്ഷണം രൂപപ്പെടുത്തുകയും ചെയ്തു.
സ്‌കോപ്പിയയിൽ വളർന്ന മദർ തെരേസയെ അവരുടെ കുടുംബത്തിൻ്റെ കത്തോലിക്കാ വിശ്വാസവും അവർ ചെയ്‌ത ജീവകാരുണ്യ പ്രവർത്തനങ്ങളും ആഴത്തിൽ സ്വാധീനിച്ചു. അവളുടെ മാതാപിതാക്കളായ നിക്കോളയും ഡ്രാനഫൈൽ ബോജാക്സിയുവും അവളിൽ ദയനീയമായ അനുകമ്പയും ദൗർഭാഗ്യവുമുള്ളവരോട് സഹാനുഭൂതിയും വളർത്തി.
ചെറുപ്പം മുതലേ മദർ തെരേസ മറ്റുള്ളവരെ സഹായിക്കുന്നതിൽ അസാമാന്യമായ സമർപ്പണം കാണിച്ചു. രോഗികളുടെയും ദരിദ്രരുടെയും വീടുകൾ സന്ദർശിക്കാൻ അവൾ പലപ്പോഴും അമ്മയ്‌ക്കൊപ്പം പോയിരുന്നു, അവിടെ സ്‌കോപ്പിയയിലെ പലരെയും അലട്ടുന്ന കഷ്ടപ്പാടുകളും ദാരിദ്ര്യവും അവൾ നേരിട്ട് കണ്ടു.
18-ാം വയസ്സിൽ മദർ തെരേസ സ്‌കോപ്പിയ വിട്ട് അയർലണ്ടിലെ സിസ്റ്റേഴ്‌സ് ഓഫ് ലൊറെറ്റോയിൽ ചേരുകയും അവിടെ കന്യാസ്ത്രീയായി യാത്ര ആരംഭിക്കുകയും ചെയ്തു. നഴ്‌സും അധ്യാപികയും ആയി പരിശീലനത്തിന് ശേഷം, അവളെ ഇന്ത്യയിലേക്ക് അയച്ചു, അവിടെ അവൾ തൻ്റെ ജീവിതകാലം മുഴുവൻ കൊൽക്കത്തയിലെ (പഴയ കൽക്കട്ട) ചേരികളിലെ ദരിദ്രരായ പാവപ്പെട്ടവരെ സേവിച്ചു.
ചെറുപ്പത്തിൽ തന്നെ സ്‌കോപ്പിയ വിട്ടെങ്കിലും, നഗരത്തിലെ മദർ തെരേസയുടെ ജീവിതം അവളുടെ സ്വഭാവത്തിലും മൂല്യങ്ങളിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തി. അവളുടെ ജീവിതത്തിലുടനീളം അത് പ്രകടവുമായിരുന്നു. സ്‌കോപ്പിയയിലെ തൻ്റെ കുട്ടിക്കാലത്തെക്കുറിച്ചും അനുകമ്പ, ദയ, നിസ്വാർത്ഥത എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അവൾ അവിടെ പഠിച്ച പാഠങ്ങളെക്കുറിച്ചും സ്‌നേഹത്തോടെ ഓർത്തിരുന്നു.
2016-ൽ, കത്തോലിക്കാ സഭ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച അവസരത്തിൽ, സ്‌കോപ്പിയയിലെ മദർ തെരേസ മാമോദിസ ചെയ്യപ്പെട്ട സേക്രഡ് ഹാർട്ട് ഓഫ് ജീസസ് റോമൻ കത്തോലിക്കാ പള്ളി നില നിന്നിരുന്ന സ്ഥലത്തു സ്മാരകം പണിയാൻ ഗവർമെന്റ് തീരുമാനിച്ചു. 2008 മെയ് മാസത്തിലാണ് സ്മാരകത്തിന്റെ നിർമ്മാണം ആരംഭിച്ചത്. മാസിഡോണിയ ഗവൺമെൻ്റിൻ്റെ സാമ്പത്തിക സഹായവും സാംസ്കാരിക മന്ത്രാലയവുമാണ് പദ്ധതി നടപ്പിലാക്കിയത്. അവളുടെ ജീവിതത്തിനും പൈതൃകത്തിനും സമർപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയവും തീർത്ഥാടന കേന്ദ്രവുമാണ്. ഇന്ന്, സ്‌കോപ്പിയയിലെ സന്ദർശകർക്ക് ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യസ്‌നേഹികളിൽ ഒരാളുടെ രൂപീകരണ വർഷങ്ങളെക്കുറിച്ച് പഠിക്കാനും അവളുടെ സ്‌നേഹത്തിൻ്റെയും സേവനത്തിൻ്റെയും ശാശ്വതമായ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കാനും കഴിയും. മ്യൂസിയം സന്ദർശിക്കുന്നവർക്ക് മദർ തെരേസയുടെ അസാധാരണമായ ജീവിതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ മാത്രമല്ല, സഹാനുഭൂതിയോടും ദയയോടും ഉള്ള ഒരു നവീന പ്രതിബദ്ധതയും ഉണ്ടാകുവാൻ കാരണമാകുന്നു.
സ്‌കോപ്പിയെയിലെ ഞങ്ങളുടെ യാത്ര അവസാനിക്കുവാൻ സമയമായി എന്നോർപ്പിച്ചു കൊണ്ട് സൂര്യൻ അസ്തമിക്കാൻ തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കുറച്ച് മണിക്കൂറുകൾകൊണ്ട് ഞങ്ങൾക്ക് കിട്ടിയ എണ്ണമറ്റ അനുഭവങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചു . പുരാതന കോട്ടകൾ മുതൽ തിരക്കേറിയ ചന്തകൾ വരെ, സ്വാദിഷ്ടമായ തെരുവ് ഭക്ഷണം മുതൽ ചിന്തോദ്ദീപകമായ കലകൾ വരെ,സ്‌കോപ്പിയ ഞങ്ങളുടെ ഹൃദയങ്ങളെ കവർന്നെടുത്തു. ഈ ആകർഷകമായ നഗരത്തോട് വിടപറയുമ്പോൾ, ഇവിടെ നിന്നും ലഭിച്ച ഓർമ്മകൾ എന്നും നിലനിൽക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
റ്റിജി തോമസ്
ട്യൂബ് ട്രെയിൻ ഇറങ്ങിയ ഞങ്ങൾ ആദ്യ സന്ദർശനത്തിന് തിരഞ്ഞെടുത്തത് ലോകമൊട്ടാകെ നിന്ന് ലണ്ടനിൽ എത്തുന്ന സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നായ മാഡം തുസാഡ്സ് ആണ്. ലണ്ടനിലെ തിരക്കേറിയ മേരി ലിബോൾ റോഡിലാണ് പ്രശസ്തമായ മാഡം തുസാഡ്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. ജീവൻ തുടിക്കുന്ന മെഴുകു പ്രതിമകൾ ആണ് മാഡം തുസാഡ്സിലെ ഏറ്റവും വലിയ പ്രത്യേകത. കലയും സംസ്കാരവും ചരിത്രവും സമുന്വയിപ്പിക്കുന്ന വർണ്ണക്കാഴ്ചകളാൽ സമ്പന്നമാണ് മാഡം തുസാഡ്സിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും.
മാഡം തുസാഡ്സിൽ പ്രവേശിക്കുമ്പോൾ മറ്റേതോ ലോകത്ത് ചുവട് വയ്ക്കുന്നത് പോലെയാണ്. ഒരുവേള ലണ്ടനിൽ തന്നെയുള്ള സ്ഥലമാണോ എന്ന് വരെ നമുക്ക് സംശയം തോന്നും. പ്രവേശന കവാടത്തിലെ മാഡം തുസാഡ്സിൻ്റെ പേരെഴുതിയ ഫലകത്തിന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുത്താണ് ഞങ്ങൾ ആ മായിക ലോകത്തിലേയ്ക്ക് പ്രവേശിച്ചത് . സന്ദർശകരെ കാഴ്ചയുടെ പറുദീസയിലേയ്ക്ക് കൊണ്ടു ചെന്നെത്തിക്കുന്ന മാഡം തുസാഡ്സ് മറ്റൊരു ലോകത്തിൻറെ മായിക പ്രപഞ്ചം നമുക്ക് സമ്മാനിക്കും .
സന്ദർശകർ ആദ്യം പ്രവേശിക്കുന്നത് റെഡ് കാർപ്പറ്റിലേയ്ക്കാണ് . ഒരു അവാർഡ് നിശയുടെ എല്ലാ രൂപ ഭംഗിയും ചേർന്നൊരുക്കിയ റെഡ് കാർപെറ്റിൽ വിഐപി നമ്മൾ തന്നെയാണ്. പിന്നീട് കാണാൻ പോകുന്ന കാഴ്ചകളുടെ മായിക ലോകത്തിലേയ്ക്ക് എത്തിച്ചേരാൻ ഓരോ സന്ദർശകരെയും മാനസികമായി ഉത്തേജിപ്പിക്കുന്ന റെഡ് കാർപെറ്റിൽ തുടങ്ങുന്ന യാത്ര ലോകത്തിലെ ഓരോ മേഖലകളിലെയും ഇതിഹാസ തുല്യമായ പ്രശസ്തരായവരുടെ ഒരു കൂട്ടം പ്രതിമകളുടെ വിസ്മയിപ്പിക്കുന്ന ലോകത്തിലേയ്ക്കാണ് നമ്മളെ കൊണ്ടുചെന്ന് എത്തിക്കുന്നത് . സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും ചരിത്രത്തിലെയും സിനിമയിലെയും ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ ഇതിഹാസതാരങ്ങളുമായി നമ്മൾക്ക് ഫോട്ടോ എടുക്കാം. ലോകപ്രശസ്തരായ ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ മഹാന്മാരുടെ യാഥാർത്ഥ്യം എന്ന തോന്നിക്കുന്ന മെഴുക് പ്രതിമയുടെ സാമീപ്യം ചരിത്രത്തിന്റെ പല ഏടുകളിലേയ്ക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കും. ഞാനും ജോജിയും വിജോയിയും ജോയലും ലിറോഷും ഞങ്ങളുടെ ഇഷ്ട താരങ്ങൾക്ക് ഒപ്പം നിന്ന് ഫോട്ടോകൾ എടുത്തു.
ബ്രിട്ടീഷ് രാജകുടുംബത്തിനായി തന്നെ ഒരു പ്രത്യേക വിഭാഗം ഉണ്ട്. നിലവിലെ രാജാവായ ചാൾസിനും കാമിലയ്ക്കും ഒപ്പം ഫോട്ടോ എടുക്കുന്നതിന് ചെറിയ ഒരു തുക ഫീസായി നൽകണം. ഞങ്ങൾ എലിസബത്ത് രാജ്ഞിയ്ക്കും ഡയാന രാജകുമാരിയ്ക്കും ഹാരിക്കും മേഗനുമൊപ്പം ഫോട്ടോ എടുത്തു.
സച്ചിൻ ടെൻഡുൽക്കറിൻ്റെയും ഷാരൂഖാന്റെയും പ്രതിമകൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉണ്ട്. പ്രതിമകൾ മാത്രമല്ല നമ്മളെ അത്ഭുതപ്പെടുത്താൻ മാഡം തുസാഡ്സിൽ ഉള്ളത്. ഇരുട്ട് നിറഞ്ഞ ഒരു പാതയിലൂടെ പോകുമ്പോൾ പെട്ടെന്ന് മുന്നിലേയ്ക്ക് ചാടി വീഴുന്ന ഭീകരരൂപത്തെ കണ്ട് ഞങ്ങളൊട്ടാകെ ഞെട്ടി വിറച്ചു. ഇത്തരം ഒട്ടേറെ രസകരമായ അവിചാരിത മുഹൂർത്തങ്ങളാണ് ഓരോ സന്ദർശകരെയും ഇവിടെ കാത്തിരിക്കുന്നത്.
സ്പിരിറ്റ് ഓഫ് ലണ്ടൻ റൈഡ് ആണ് മാഡം തുസാഡ്സിൻ്റെ മറ്റൊരു പ്രധാന ആകർഷണം. ഒരു ടാക്സി കാറിനെ അനുസ്മരിപ്പിക്കുന്ന ചെറിയ ഒരു ക്യാബിനിൽ പ്രവേശിക്കുന്ന നമ്മളെ ഒരു റൈഡിലൂടെ ലണ്ടനിലെ ഭൂതകാല ചരിത്രത്തിലേയ്ക്ക് കൊണ്ടുപോകുന്നു. പഴയകാലത്തെ ലണ്ടൻ ഇവിടെ അതി മനോഹരമായി പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നു. വിവിധ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ദൃശ്യങ്ങളും സംഭവങ്ങളുമാണ് യാത്രയുടെ പ്രധാന ആകർഷണം. ആയിരത്തിഅഞ്ഞൂറാം ആണ്ട് തുടങ്ങിയുള്ള ലണ്ടൻ നഗരത്തിന്റെ പ്രധാന സംഭവവികാസങ്ങൾ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ സന്ദർശകരുടെ മുന്നിൽ അനാവരണം ചെയ്യപ്പെടും. ആധുനിക ലണ്ടനിൽ ആണ് ക്യാബിൻ സവാരി അവസാനിക്കുന്നത്.
18-ാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജനിച്ച മേരി തുസാഡ്സിന് ചെറുപ്പത്തിലെ തന്നെ മെഴുക് പ്രതിമ ഉണ്ടാക്കുന്നതിൽ അഭിരുചി ഉണ്ടായിരുന്നു. പ്രശസ്തമായ ഫ്രഞ്ച് വിപ്ലവകാലത്തെ വധിക്കപ്പെട്ട ലൂയി പതിനാറാമൻ രാജാവ് ഉൾപ്പെടെയുള്ളവരുടെ മെഴുക് പ്രതിമകൾ നിർമ്മിക്കുന്നതിലൂടെയാണ് മേരി പ്രശസ്തയായത്. 1802 -ൽ മേരി തുസാഡ്സ് ലണ്ടനിലേയ്ക്ക് താമസം മാറി. അവൾ തൻറെ പ്രിയപ്പെട്ട മെഴുകുരൂപങ്ങളുടെ ശേഖരം തന്നോടൊപ്പം ലണ്ടനിലേയ്ക്ക് കൊണ്ടുവന്നിരുന്നു . ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ പ്രദർശനം നടത്തി വൻ ജനപ്രീതി നേടിയ ശേഷമാണ് ലണ്ടനിൽ ബേക്കർ സ്ട്രീറ്റിൽ അവർ മ്യൂസിയം ആരംഭിച്ചത്.
സന്ദർശകരുടെ എണ്ണവും പ്രശസ്തിയും വർദ്ധിച്ചതോടെയാണ് 1884 ൽ മേരി തുസാഡ്സിൻ്റെ കൊച്ചുമകൾ മ്യൂസിയം ബേക്കർ റോഡിലെ നിലവിലെ സ്ഥലത്തേയ്ക്ക് മാറ്റിയത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് തീപിടുത്തം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിട്ടാണ് മ്യൂസിയം ഇന്നത്തെ നിലയിലെത്തിയത്. ഓരോ വർഷവും പുതിയ രൂപങ്ങളും സാങ്കേതികവിദ്യയും ഉൾപ്പെടുത്തി മ്യൂസിയം വിപുലീകരിക്കുന്നത് കൊണ്ട് ഓരോ സന്ദർശനവും സമ്മാനിക്കുന്നത് നമ്മൾക്ക് വ്യത്യസ്ത അനുഭവങ്ങൾ ആയിരിക്കും. ലണ്ടനിൽ ആരംഭിച്ച മാഡം തുസാഡ്സ് മ്യൂസിയം ഇന്ന് ന്യൂയോർക്ക് ഉൾപ്പെടെയുള്ള ലോകത്തിലെ പ്രശസ്തമായ 24 നഗരങ്ങളിലെ സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമാണ്.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
റ്റിജി തോമസ്
സാൻവിച്ചിലെ നാലാമത്തെ പ്രഭുവായിരുന്ന ജോൺ മൊണ്ടാഗു. കടുത്ത ചീട്ടുകളി പ്രേമിയായിരുന്ന അദ്ദേഹത്തിൻറെ പേരിൽ നിന്നാണ് സാൻവിച്ചിൻ്റെ ഉത്ഭവം എന്നാണ് പൊതുവെ കരുതുന്നത്. കളിയുടെ ആവേശം ചോരാതെ ഭക്ഷണം കഴിക്കുന്നതിനായി മൊണ്ടാഗു പ്രഭുവാണ് ആദ്യമായി ബ്രെഡിന്റെ പാളികൾക്ക് ഇടയിൽ മാംസം വെച്ച് തരാൻ ആവശ്യപ്പെട്ടത് . M 1 മോട്ടോർ വേയിലെ സർവീസ് സ്റ്റേഷൻ ആയ ലെസ്റ്റർ ഫോറസ്റ്റ് ഈസ്റ്റിലെ ഡേയ്സ് ഇന്നിൽ ബേക്കൺ സാൻഡ്‌വിച്ചും മറ്റും ഓർഡർ ചെയ്ത് ഞങ്ങൾ കാത്തിരുന്നപ്പോഴാണ് സാൻഡ്‌വിച്ചിന്റെ ഉത്ഭവത്തെക്കുറിച്ചും സാൻഡ്‌വിച്ചും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ജോജി പറഞ്ഞത്. ഇന്ന് ലോകമെങ്ങും സാൻവിച്ച് ഒരു ജനകീയ ഭക്ഷണമാണ്. ജോൺ മൊണ്ടാഗു ഒരു കൈയിൽ ചീട്ടുപിടിച്ച് സാൻഡ്‌വിച്ച് കഴിച്ച സ്ഥാനത്ത് തിരക്കിൻ്റെ ലോകത്ത് ഒരു കൈയ്യിൽ കമ്പ്യൂട്ടർ കീബോർഡും മറുകയ്യിൽ സാൻഡ്‌വിച്ചുമായി ജോലി ചെയ്യുന്നവരുടേതാണ് ഇന്ന് ലോകം.
ബേക്കൺ സാൻഡ്‌വിച്ചിലെ പ്രധാനഭാഗം പന്നിമാംസം ആണ് . നൂറ്റാണ്ടുകളായി പന്നിമാംസം ഇംഗ്ലീഷ് ഭക്ഷണ ക്രമത്തിന്റെ പ്രധാന ഭാഗമാണ് . തണുപ്പിനെ പ്രതിരോധിക്കുന്നതും പോഷകാംശവും പന്നിയിറച്ചിയുടെ ഉപയോഗം ഇംഗ്ലണ്ടിൽ കൂടിയതിന് ഒരു പ്രധാന കാരണമാണ്. ഇംഗ്ലീഷുകാരുടെ ഇടയിൽ പന്നി മാംസത്തിൽ നിന്നുള്ള വിവിധതരം വിഭവങ്ങൾ പല പ്രധാന ആഘോഷങ്ങളിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഭക്ഷണമാണ്. ഇംഗ്ലണ്ടിന്റെ സമ്പദ് വ്യവസ്ഥയിലും പന്നിഫാമുകൾക്കും അനുബന്ധ വ്യവസായങ്ങൾക്കും വളരെ പ്രാധാന്യമുണ്ട്.
രണ്ടര മണിക്കൂറോളം നീണ്ട നിർത്താതെയുള്ള യാത്രയ്ക്ക് ശേഷമാണ് ഞങ്ങൾ ലെസ്റ്റർ ഫോറസ്റ്റ് ഈസ്റ്റിലെ ഡേയ്സ് ഇൻ സർവീസ് സ്റ്റേഷനിൽ എത്തിച്ചേർന്നത്. തിരക്കേറിയ മോട്ടോർ വേകളിൽ നിർത്താതെ യാത്ര ചെയ്യേണ്ടതായി വരുമ്പോൾ വിശ്രമത്തിനായുള്ളവയാണ് സർവീസ് സ്റ്റേഷനുകൾ. വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കാനും ഇന്ധനം നിറയ്ക്കാനും ഷോപ്പിങ്ങിനുമൊക്കെ വിപുലമായ സജ്ജീകരണങ്ങൾ സർവീസ് സ്റ്റേഷനുകളിൽ ഉണ്ട്.
സർവീസ് സ്റ്റേഷനുകളിൽ നിശ്ചിത സമയത്തേയ്ക്ക് വാഹനം ഫ്രീ ആയി പാർക്ക് ചെയ്യാമെങ്കിലും സമയപരിധി കഴിഞ്ഞാൽ ഉടമയിൽ നിന്ന് പണം ഈടാക്കും. എയർപോർട്ടിൽ സുഹൃത്തിനെ യാത്ര അയക്കാൻ പോയ മലയാളി തിരിച്ചുവന്നപ്പോൾ സർവീസ് സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്ത് ഉറങ്ങിപ്പോയത് മൂലം ഫൈനായി വലിയ ഒരു തുക നൽകേണ്ടി വന്നതിനെ കുറിച്ച് ഇടയ്ക്ക് ജോജി പറഞ്ഞു.
ഏകദേശം 40 മിനിറ്റോളം ഡേയ്സ് ഇന്നിൽ ഞങ്ങൾ ചിലവഴിച്ചു . രണ്ടര മണിക്കൂർ യാത്രയ്ക്ക് ശേഷമുള്ള മനോഹരമായ ഇടവേളയായിരുന്നു ഫോറസ്റ്റ് ഇന്നിൽ ലഭിച്ചത്. മോട്ടോർ വേയിൽ നിന്ന് അൽപം മാറിയായതുകൊണ്ടു തന്നെ യാതൊരു ശല്യവുമില്ലാതെ സുഖകരമായ വിശ്രമം സർവീസ് സ്റ്റേഷനുകൾ യാത്രക്കാർക്ക് പ്രധാനം ചെയ്യും. വിശാലമായ പാർക്കിംഗ് ഏരിയയും അതിനപ്പുറം ദൃശ്യമാകുന്ന മരങ്ങളുടെ പച്ചപ്പും തണുത്ത കാറ്റും എല്ലാം ചേർന്ന് യാത്രയുടെ ക്ഷീണത്തെ പമ്പകടത്തും.
ഇവിടെ നിന്നും ലണ്ടനിൽ ഞങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന താമസസ്ഥലത്തേയ്ക്ക് ഇനിയും 100 മൈലോളം (160 കിലോമീറ്റർ) ദൂരമുണ്ട് . വീണ്ടും ഞങ്ങൾ യാത്ര ആരംഭിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കോനാട്ട് റോഡിലെ ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോം സ്‌റ്റേയിൽ എത്തിച്ചേർന്നു. അവിടെ ഹോംസ്റ്റേയുടെ ഉടമ ബെഞ്ചമിൻ ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
റ്റിജി തോമസ്
2022 ഒക്ടോബർ 10-ാം തീയതി രാവിലെ ഞങ്ങൾ ലണ്ടനിലേക്ക് യാത്രതിരിച്ചു. യുകെയിലെത്തിയ അന്നുമുതൽ എൻറെ യാത്രകളെല്ലാം നിർണ്ണയിച്ചിരുന്നത് ജോജിയും മിനിയും ചേർന്നായിരുന്നു. സാധാരണഗതിയിൽ ഒരു യാത്രയ്ക്കായി ഒത്തിരി ഒരുക്കങ്ങൾ നടത്തുന്ന വ്യക്തിയാണ് ഞാൻ. ഇവിടെ എൻറെ എല്ലാ യാത്രകൾക്കുമുള്ള ഒരുക്കങ്ങൾ എനിക്ക് പകരം ജോജിയും മിനിയും ചെയ്യുന്നുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനാണ് എന്റെ യുകെ യാത്രയിൽ സന്ദർശിക്കാൻ ഞാൻ ഏറ്റവും കൂടുതൽ മുൻഗണന കൊടുത്ത സ്ഥലം . വെയ്ക്ക് ഫീൽഡിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിൻ മാർഗവും യാത്ര ചെയ്യാമെങ്കിലും കാറിൽ പോകാമെന്നാണ് ജോജി തീരുമാനിച്ചത്.
ഞങ്ങളുടെ യാത്ര സംഘത്തിൽ 5 പേർ ഉണ്ടായിരുന്നു. ജോജിയും ഞാനും പിന്നെ ജോജിയുടെ സുഹൃത്തായ വിജോയിയും അദ്ദേഹത്തിൻറെ ഭാര്യ ജോസ്‌നയുടെ സഹോദരൻ ജോയലും ബന്ധുവായ ലിറോഷും . മൂന്ന് ദിവസത്തെ ലണ്ടൻ യാത്ര ഇത്ര മനോഹരമായതിനെ ഒരു കാരണം വിജോയിയും ജോയലും ലിറോഷും ഞങ്ങളോടൊപ്പം ചേർന്നതായിരുന്നു. വിജോയിയുടെ സ്വദേശം തൃശൂർ ഒല്ലൂർ ആണ്. കാനഡയിൽ പഠനം നടത്തുന്ന ജോയലും ലിറോഷും അവധി ആഘോഷിക്കാൻ യുകെയിൽ എത്തിയതാണ്.
ജോജിയുടെ കാറിൽ നാവിഗേറ്റർ ക്രമീകരിച്ചു യാത്ര ആരംഭിച്ചു . വെയ്ക്ക് ഫീൽഡിൽ നിന്ന് 297 കിലോമീറ്ററുകളാണ് ലണ്ടനിലേയ്ക്കുള്ളത്. ഞങ്ങളുടെ യാത്ര M1 മോട്ടോർ വേയിലൂടെയാണ് . മോട്ടോർ വേകളുടെ പ്രത്യേകതകളെ കുറിച്ച് ജോജിയും വിജോയും കാര്യമായി തന്നെ പറഞ്ഞു തന്നു.
വേഗത നിയന്ത്രണവും തിരക്ക് ഒഴിവാക്കാനും ആധുനിക സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായിട്ടാണ് മോട്ടോർവേകളിൽ ഉപയോഗിച്ചിരിക്കുന്നത്. നമ്മുടെ പ്രധാനപ്പെട്ട നഗരങ്ങളിൽ പോലും നിശ്ചിത സമയമാണ് വിവിധ സിഗ്നലുകൾക്കായി ക്രമീകരിച്ചിരിക്കുന്നത് . ഇതിന്റെ ഫലമായി ഒരു വാഹനം പോലും പോകാനില്ലെങ്കിലും പച്ച ലൈറ്റ് തെളിയാത്തതിനാൽ കാത്തു കിടേക്കണ്ടി വരുന്ന ദുരവസ്ഥ നമ്മൾ പലപ്പോഴും നേരിട്ടിട്ടുണ്ടാവും.
എന്നാൽ മോട്ടോർവേകളിൽ തികച്ചും വ്യത്യസ്തമാണ് കാര്യങ്ങൾ. മോട്ടോർവേകളിൽ സാധാരണ വേഗ പരിധി 70 മൈൽ ആണ്. ചുവപ്പ് , മഞ്ഞ, പച്ച എന്നീ സിഗ്നലുകൾക്ക് പകരം വാഹനങ്ങളുടെ തിരക്ക് അനുസരിച്ചുള്ള വേഗ നിയന്ത്രണമാണ് മോട്ടോർവേകളിൽ ഉള്ളത് .
യുകെയിലെ എന്റെ യാത്രയെ അടിസ്ഥാനമാക്കി മലയാളം യുകെയിൽ പംക്തി പ്രസിദ്ധീകരിക്കണമെന്ന ആശയം നേരത്തെ മനസ്സിലുണ്ടായിരുന്നതുകൊണ്ട് പലകാര്യങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിയാൻ ഞാൻ ശ്രമിച്ചിരുന്നു. ഞാൻ ചോദിക്കാതെ തന്നെ പല കാര്യങ്ങളും ജോജിയും വിജോയിയും എനിക്ക് വിശദീകരിച്ചു തന്നു. മോട്ടോർ വേകളിൽ ഇന്ധന ക്ഷമത (Energy Efficiency ) ലെയ്നുകളെ കുറിച്ച് പറഞ്ഞത് ജോജിയാണ്. മോട്ടോർ വേയ്സിൽ തന്നെ പല ലെയ്നുകൾക്കും വിവിധ സ്പീഡിൽ സഞ്ചരിക്കുന്നവർക്കും വേണ്ടിയാണ് നിർമിച്ചിരിക്കുന്നത് . വേഗത കുറഞ്ഞ് പോകുന്ന മോട്ടോർ വേ ഭാഗങ്ങളിൽ മിനുസമുള്ളവയും കൂടുതൽ വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗങ്ങളിൽ അപകടം കുറയ്ക്കാൻ പരുപരുത്തതായുമാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അമിതവേഗത്തിൽ യാത്ര ചെയ്യുന്ന ലെയ്നുകളെക്കാൾ എനർജി എഫിഷ്യൻസി കിട്ടുന്നത് വേഗത കുറഞ്ഞ ലെയ്നുകളിൽ യാത്ര ചെയ്യുമ്പോഴായിരിക്കും. എമർജൻസി സർവീസിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഹാൻഡ് ഷോൾഡർ എന്ന് അറിയപ്പെടുന്ന ലെയ്നുകൾ ഗതാഗത കുരുക്ക് കൂടുമ്പോൾ തുറന്നു കൊടുക്കുന്ന സംവിധാനവും മോട്ടോർ വേകളുടെ പ്രത്യേകതയാണ്.
ഫ്രീ എയർ സോണുകളുടെ പ്രത്യേകമേഖല എന്ന ആശയവും എന്നെ വളരെ ആകർഷിച്ചു. ടോൾ നൽകേണ്ടതും അല്ലാത്തവയുമായ ഫ്രീ എയർ സോണുകൾ മോട്ടോർ വേയിലുണ്ട്. വാഹനങ്ങളുടെ മലിനീകരണതോത് അനുസരിച്ചാണ് തുക നിർണ്ണയിക്കപ്പെടുന്നത്. വായു മലിനീകരണം കുറയ്ക്കുക എന്നതാണ് ഫ്രീ എയർ സോണുകളുടെ ലക്‌ഷ്യം .
മോട്ടോർ വേയിലെ യാത്രയിൽ മൾട്ടി നാഷണൽ കമ്പനികളുടെ കൂറ്റൻ വെയർഹൗസുകൾ , വിലയേറിയ ലക്ഷ്വറി കാറുകൾ വഹിച്ചു കൊണ്ടുള്ള കണ്ടെയ്നർ വാഹനങ്ങൾ തുടങ്ങി ഇംഗ്ലണ്ടിന്റെ വ്യവസായ വളർച്ചയുടെ ചില നേർ ചിത്രങ്ങൾ നമ്മൾക്ക് കാണാൻ സാധിക്കും. എന്തെങ്കിലും കാരണത്താൽ വാഹനങ്ങൾ ബ്രേക്ക് ഡൗൺ ആയാൽ കരുതേണ്ട കാര്യങ്ങളെ കുറിച്ച് മോട്ടോർ വേ അതോറിറ്റി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അതിൽ പ്രധാനമാണ് തണുപ്പിൽ നിന്നും രക്ഷപ്പെടാനുള്ള വസ്ത്രങ്ങളും അത്യാവശ്യ ഭക്ഷണവും വെള്ളവും.
മാഞ്ചസ്റ്ററിൽ എയർപോർട്ടിൽ നിന്ന് വെയ്ക്ക് ഫീൽഡിലേയ്ക്കും അവിടെനിന്ന് വെസ്റ്റ് യോർക്ക് ഷെയറിലേയ്ക്കും ലീഡ്‌സിലേക്കും ഒക്കെ സ്മാർട്ട് മോട്ടോർ വേയിൽ കൂടി യാത്ര ചെയ്തിരുന്നെങ്കിലും സ്മാർട്ട് മോട്ടോർ വേകൾ ഇത്ര സ്മാർട്ട് ആണെന്ന് മനസ്സിലായത് എന്റെ ലണ്ടൻ യാത്രയിലാണ്.
രാവിലെ യാത്ര തിരിച്ച ഞങ്ങൾ ഒൻപത് മണിയോടെ M1 മോട്ടോർ വേയിലെ സർവീസ് സ്റ്റേഷൻ ആയ ലെസ്റ്റർ ഫോറസ്റ്റ് ഈസ്റ്റിലെ ഡേയ്സ് ഇന്നിൽ എത്തിച്ചേർന്നു.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.