ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക്-ഓൺ-ട്രെന്റിൽ താമസിക്കുന്ന യുകെ മലയാളി വിനു പോൾ (37) അന്തരിച്ചു. നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഓൾഫ് മിഷൻ സ്റ്റോക്ക്-ഓൺ-ട്രെന്റിലെ സെന്റ് തോമസ് വാട്ടർഹേയ്സ് ഫാമിലി യൂണിറ്റംഗമായിരുന്നു.
ഓണത്തിന് രണ്ടാഴ്ച മുമ്പ് കുടുംബസമേതം നാട്ടിലെത്തിയ വിനുവിന് ശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാൻസർ നാലാം ഘട്ടത്തിലാണെന്ന് കണ്ടെത്തിയത്. തുടർന്ന് ചികിത്സ നാട്ടിൽ തുടരുകയായിരുന്നു. യുകെയിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ രോഗം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഭാര്യ ഷെറിൻ. നാഥൻ, യോഹാൻ, ഇഹാൻ എന്നിവരാണ് മക്കൾ. തിരിച്ചുവരാനായി നാട്ടിൽ പോയ പ്രിയ സുഹൃത്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് വിനുവിന്റെ യുകെയിലെ സുഹൃത്തുക്കൾ. പൊതുദർശനത്തിന്റെയും മൃതസംസ്കാര ചടങ്ങുകളുടെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
വിനു പോളിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന കരീബിയൻ സന്ദർശനത്തിനിടെ ബ്രിട്ടന്റെ കൊളോണിയൽ ഭരണകാലത്തെയും അറ്റ്ലാന്റിക് അടിമക്കച്ചവടത്തിലെ പങ്കിനെയും കുറിച്ചുള്ള ചർച്ചകളിൽ നിന്ന് ചാൾസ് മൂന്നാമൻ രാജാവ് ഒഴിഞ്ഞുമാറില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ബഹാമാസ്, ഗയാന, ആന്റിഗ്വ ആൻഡ് ബാർബുഡ എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനിടയിൽ രാജാവ് ചരിത്രത്തിലെ “ഏറ്റവും ഇരുണ്ട ദിനങ്ങൾ” എന്ന വിശേഷണത്തോടെ മുൻപ് വിശേഷിപ്പിച്ച കാലഘട്ടത്തെ പരാമർശിക്കുമെന്നാണ് കൊട്ടാര വൃത്തങ്ങൾ വ്യക്തമാക്കിയത്.

നവംബർ 1 മുതൽ 4 വരെ ആന്റിഗ്വ ആൻഡ് ബാർബുഡയിൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ സമ്മേളനത്തിലും (CHOGM) ചാൾസ് രാജാവ് പങ്കെടുക്കും. കരീബിയൻ രാജ്യങ്ങളും ആഫ്രിക്കൻ രാഷ്ട്രങ്ങളും വർഷങ്ങളായി ഉയർത്തുന്ന അടിമത്തവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര ആവശ്യങ്ങൾ സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഔദ്യോഗിക മാപ്പുപറച്ചിലും നഷ്ടപരിഹാര തീരുമാനങ്ങളും ബ്രിട്ടീഷ് സർക്കാരിന്റെ അധികാരപരിധിയിലുള്ള വിഷയങ്ങളാണെന്നും രാജാവിന് അതിൽ സ്വതന്ത്രമായി നിലപാട് പ്രഖ്യാപിക്കാനാവില്ലെന്നും കൊട്ടാരം വ്യക്തമാക്കി.

15-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ട് വരെ നടന്ന അടിമക്കച്ചവടത്തിൽ ബ്രിട്ടൻ വഹിച്ച പങ്കിനെക്കുറിച്ചുള്ള ചർച്ചകൾ അടുത്തകാലത്ത് കൂടുതൽ ശക്തമായിട്ടുണ്ട്. ജമൈക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ നഷ്ടപരിഹാര ആവശ്യവുമായി രംഗത്തുള്ള സാഹചര്യത്തിലാണ് ചാൾസ് രാജാവിന്റെ സന്ദർശനം. ചരിത്രപരമായ അനീതികളെ അംഗീകരിക്കുകയും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്യുന്നതിൽ രാജാവ് ദീർഘകാലമായി താൽപര്യം കാണിച്ചിട്ടുണ്ടെന്ന് കൊട്ടാരം ചൂണ്ടിക്കാട്ടി. അതേസമയം സന്ദർശനത്തിന്റെ പ്രധാന ശ്രദ്ധ ആതിഥേയ രാജ്യങ്ങളുടെ ഇന്നത്തെ പുരോഗതിയിലും ഭാവി വികസന സാധ്യതകളിലുമാകുമെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഒരു ലിറ്റർ ഡീസലിന്റെ ശരാശരി വില £2 (200.01 പെൻസ്) കടന്നതായി ആർഎസി (RAC) മോട്ടോറിങ് ഗ്രൂപ്പ് അറിയിച്ചു. യു.എസ്. – ഇസ്രായേൽ – ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള എണ്ണവിതരണ പ്രതിസന്ധിയാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഫെബ്രുവരി അവസാനത്തേതിനേക്കാൾ ഡീസൽ വില 40.5 ശതമാനം ഉയർന്നതോടെ ഒരു സാധാരണ കുടുംബത്തിന് കാറിന്റെ ടാങ്ക് നിറയ്ക്കാൻ ഇപ്പോൾ ഏകദേശം £110 ചെലവാകുന്നു. പെട്രോളിന്റെ ശരാശരി വിലയും ലിറ്ററിന് 174.1 പെൻസായി ഉയർന്നിട്ടുണ്ട്.

ഡൊണാൾഡ് ട്രംപ് അമേരിക്കൻ ഡീസൽ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വിതരണ ആശങ്കകൾ ശക്തമായെങ്കിലും ബ്രിട്ടനിൽ ഡീസൽ ക്ഷാമമില്ലെന്ന് ഗതാഗതമന്ത്രി കെയർ മാഥർ വ്യക്തമാക്കി. ജർമനിയും ഫ്രാൻസും അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളോട് ഡീസൽ ശേഖരങ്ങൾ പുറത്തുവിടാൻ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ സഖ്യകക്ഷികളുമായി അടിയന്തിര ഡീസൽ ശേഖരങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ബ്രിട്ടൻ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ബ്രിട്ടൻ ഉപയോഗിക്കുന്ന ഡീസലിന്റെ ഏകദേശം 30 ശതമാനം അമേരിക്കയിൽ നിന്നാണ് ലഭിക്കുന്നത്. രാജ്യത്തിന് 42 ദിവസത്തേക്കുള്ള കരുതൽ ശേഖരവും നിലവിലുണ്ട്.

ഡീസൽ വിലക്കയറ്റം കുടുംബങ്ങൾക്കും ചെറുകിട വ്യാപാരങ്ങൾക്കും ഗതാഗത, ചരക്കുനീക്ക, ഡെലിവറി മേഖലകൾക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. മധ്യപൂർവേഷ്യയിലെ യുദ്ധവും റഷ്യൻ റിഫൈനറികളിലുണ്ടായ നാശനഷ്ടങ്ങളും ആഗോള ഡീസൽ ഉൽപാദനം കുറച്ചതോടെ വിലകൾ കുത്തനെ ഉയർന്നു. ഇതിന്റെ പ്രത്യാഘാതമായി ബ്രിട്ടനിലെ ഗാർഹിക ഊർജ ബില്ലുകളും വർധിച്ചിരിക്കുകയാണ്. ഈ ആഴ്ച വൈദ്യുതി-ഗ്യാസ് വിലപരിധി 4 ശതമാനം ഉയർന്നതോടെ ഒരു സാധാരണ കുടുംബത്തിന്റെ വാർഷിക ചെലവ് £1,723 ആയി. വരും മാസങ്ങളിൽ ഇത് ഏകദേശം £2,000 വരെ ഉയരാനിടയുണ്ടെന്നാണ് പ്രവചനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വെസ്റ്റ് യോർക്ക്ഷയറിലെ വെയ്ക്ക്ഫീൽഡിൽ താമസിക്കുന്ന മലയാളിയായ ബിനോ ജോസഫിന്റെ അമ്മ മേരി ജോസഫ് (88) പ്രായത്തെ വെല്ലുവിളിച്ച് കേരള സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടവുമായി ശ്രദ്ധേയയായി. കണ്ണൂർ പേരാവൂർ കുളക്കാട്ട് സ്വദേശിനിയായ നരിമറ്റത്തിൽ മേരി ജോസഫ് സെപ്റ്റംബർ 12, 13 തീയതികളിൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന 45-ാമത് കേരള സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാംപ്യൻഷിപ്പിലാണ് ആദ്യമായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചത്.

ആദ്യ മത്സരത്തിൽ തന്നെ ഷോട്ട്പുട്ടിലും 100 മീറ്റർ ഓട്ടത്തിലും സ്വർണമെഡൽ നേടിയ മേരി ജോസഫ്, ജാവലിൻ ത്രോയിൽ വെള്ളിമെഡലും കരസ്ഥമാക്കി. ജീവിതത്തിൽ ആദ്യമായാണ് ഒരു അത്ലറ്റിക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതെങ്കിലും ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ട് മികച്ച നേട്ടമാണ് കൈവരിച്ചത്. 88-ാം വയസ്സിൽ സംസ്ഥാനതല വേദിയിൽ മെഡൽ നേട്ടം സ്വന്തമാക്കിയ മേരി കായികപ്രേമികളുടെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.

കായിക താരമായ മകൾ യെമ്മ തോമസിന്റെയും കുടുംബാംഗങ്ങളുടെയും സ്നേഹപൂർവമായ നിർബന്ധത്തെ തുടർന്നാണ് മേരി മത്സരരംഗത്തേക്ക് എത്തിയത്. രാജ്യാന്തര ലോങ് ജംപ് താരം അഞ്ജു ബോബി ജോർജിന്റെ നാട്ടിൽ നിന്നുള്ള മേരി ജോസഫിന്റെ നേട്ടം മലയോര മേഖലയ്ക്കാകെ അഭിമാനമായി മാറിയിരിക്കുകയാണ്.



ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഭവനരഹിതർക്കും തെരുവിൽ കഴിയുന്നവർക്കും ഈ ആഴ്ച മുതൽ സൗജന്യ ഫ്ലൂ വാക്സിൻ നൽകുന്ന ദേശീയ പദ്ധതി എൻഎച്ച്എസ് (NHS) ആരംഭിക്കുന്നു. സ്ഥിര താമസ വിലാസമില്ലാത്തതിനാൽ സാധാരണ വാക്സിനേഷൻ സേവനങ്ങൾ ലഭിക്കാതെ പോകുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഹോസ്റ്റലുകളിലും രാത്രി അഭയകേന്ദ്രങ്ങളിലും കഴിയുന്നവർക്ക് നേരിട്ടും വാക്സിൻ ലഭ്യമാക്കും.

തെരുവിൽ കഴിയുന്നവരെ കണ്ടെത്താൻ എൻഎച്ച്എസ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളും താൽക്കാലിക വാക്സിനേഷൻ കേന്ദ്രങ്ങളും സജ്ജമാക്കും. വിലാസത്തിന്റെ തെളിവില്ലാതെയും ഭവനരഹിതർക്ക് ജിപി സേവനങ്ങളിൽ രജിസ്റ്റർ ചെയ്യാമെന്ന് എൻഎച്ച്എസ് അധികൃതർ അറിയിച്ചു. ശൈത്യകാലത്ത് ഫ്ലൂ ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങൾ ഇവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതർ വ്യക്തമാക്കി.

ഭവനരഹിതർക്കും ഫ്ലൂ വാക്സിൻ ലഭ്യമാക്കണമെന്ന് ജൂണിൽ ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ (JCVI) ശുപാർശ ചെയ്തിരുന്നു. 65 വയസിന് മുകളിലുള്ളവർ, ആരോഗ്യപ്രശ്നങ്ങളുള്ളവർ, കെയർ ഹോം താമസക്കാർ, പരിചരണ ചുമതലയുള്ളവർ, പ്രതിരോധശേഷി കുറവുള്ളവരുമായി അടുത്ത സമ്പർക്കമുള്ളവർ എന്നിവർക്കും എൻഎച്ച്എസിന്റെ സൗജന്യ ഫ്ലൂ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി ഈ ആഴ്ച മുതൽ വാക്സിൻ ലഭ്യമാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വിമാനയാത്രയ്ക്കിടെ മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് ഇരിക്കാൻ അധിക തുക ഈടാക്കുന്നതിന് വിലക്ക് ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നു. 14 വയസ്സിൽ താഴെയുള്ള കുട്ടികളെ മാതാപിതാക്കൾക്കോ ഒപ്പമുള്ള മുതിർന്നവർക്കോ സമീപം സൗജന്യമായി ഇരുത്തണമെന്ന് പുതിയ നിയമം നിർദേശിക്കുന്നു. ടിക്കറ്റിലെ പേര് തിരുത്തുന്നതിനും അധിക ഫീസ് ഈടാക്കുന്നത് ഒഴിവാക്കാനാണ് നീക്കം.

യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പാർലമെന്റിൽ പരിഗണനയിലുള്ള സിവിൽ ഏവിയേഷൻ ഉപഭോക്തൃ സംരക്ഷണ ബില്ലിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ. അടുത്ത വർഷത്തെ വേനൽക്കാല അവധിക്ക് മുമ്പ് നിയമം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കുടുംബങ്ങളുടെ യാത്രാചെലവ് വർധിപ്പിക്കുന്ന ചെറിയ അധികചാർജുകൾ ഒഴിവാക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹം പറഞ്ഞു.

നിലവിൽ ചില വിമാനക്കമ്പനികൾ മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് ഇരിക്കാൻ സീറ്റ് തിരഞ്ഞെടുക്കുന്നതിന് പ്രത്യേക ഫീസ് ഈടാക്കുന്നുണ്ട്. ഉപഭോക്തൃ സംഘടനകൾ ഇത് കുടുംബങ്ങളോട് അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, വിമാനങ്ങളിലെ അച്ചടക്കലംഘനങ്ങൾ തടയുന്നതിനായി പ്രശ്നക്കാരായ യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ വിമാനക്കമ്പനികൾ തമ്മിൽ പങ്കിടുന്ന പുതിയ സംവിധാനവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ലണ്ടൻ: ബ്രിട്ടനിൽ സംഗീതാധ്യാപകനായി പ്രവർത്തിക്കുന്ന മലയാളിയായ ജെബി ജോസഫിന് ന്യൂകാസിൽ സർവകലാശാലയുടെ 2026ലെ ഡോ. ജെയ്ൻ നോലൻ ഇന്നവേഷൻ ആൻഡ് എന്റർപ്രൈസ് അവാർഡ് ലഭിച്ചു. സംഗീതവിദ്യാഭ്യാസവും സംരംഭകത്വവും സമന്വയിപ്പിച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
2020ൽ ആരംഭിച്ച പിയാനോ വിത്ത് ജെബി (PianoWithJebby) എന്ന ഓൺലൈൻ സംഗീതപഠന സംരംഭത്തിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 400ലധികം വിദ്യാർഥികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. തുടർന്ന് ന്യൂകാസിൽ സർവകലാശാലയിൽ സംഗീതവിദ്യാഭ്യാസത്തിൽ മാസ്റ്റേഴ്സ് പഠിക്കുന്നതിനിടെ യുകെയിലെ സംഗീതവിദ്യാഭ്യാസ സ്ഥാപനമായ ദി മാസ്ട്രോ ഓൺലൈൻ സഹകരിച്ച് നടത്തിയ ഇന്റേൺഷിപ്പിൽ ഇന്ത്യയിലേക്കുള്ള സ്ഥാപനത്തിന്റെ പ്രവർത്തനവിപുലീകരണം, ഇന്ത്യൻ സംഗീതരചനകൾ ഉൾപ്പെടുത്തൽ, ഇന്ത്യൻ കലാകാരന്മാരെ പങ്കെടുപ്പിച്ചുള്ള മാസ്റ്റർക്ലാസ് പദ്ധതികൾ തുടങ്ങിയവയിലും ജെബി പങ്കാളിയായി.

ഈ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയതെന്ന് ന്യൂകാസിൽ സർവകലാശാലയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ന്യൂകാസിൽ സർവകലാശാലയിലെ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കിയ ജെബി നിലവിൽ ബ്രിട്ടനിലെ ഒരു പ്രമുഖ ബോർഡിങ് സ്കൂളിൽ സംഗീതാധ്യാപകനാണ്. പിയാനോ പരിശീലനത്തിനൊപ്പം ഗായകസംഘങ്ങൾ, ചാപ്പൽ സംഗീതം, ഇൻസ്ട്രുമെന്റൽ എൻസെംബിളുകൾ, ഗ്രേഡഡ് സംഗീതപരീക്ഷകൾ, സംഗീത സ്കോളർഷിപ്പ് പരിശീലനം തുടങ്ങിയ മേഖലകളിലും സജീവമാണ്. മ്യൂസിക് ടെക്നോളജി, വേൾഡ് മ്യൂസിക്, ഇന്ത്യൻ സംഗീതം, വിവിധ സംസ്കാരങ്ങളിലെ സംഗീതരചനകൾ എന്നിവ കുട്ടികളുടെ സംഗീതപഠനവുമായി ബന്ധിപ്പിക്കുന്ന പുതിയ ആശയങ്ങളും വികസിപ്പിച്ചുവരുന്നു.

കമ്പ്യൂട്ടർ എൻജിനീയറിങ് പശ്ചാത്തലത്തിൽ നിന്ന് സംഗീതവിദ്യാഭ്യാസ രംഗത്തേക്ക് വഴിമാറിയ ജെബി അധ്യാപനം, പെർഫോമൻസ്, സംഗീതസംവിധാനം, സംഗീതവിദ്യാഭ്യാസ സംരംഭകത്വം എന്നീ മേഖലകളെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയാണ്. സംഗീതാധ്യാപനത്തിനൊപ്പം മലയാളത്തിലെ ചില ഗാനങ്ങൾക്ക് സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്.
പുരസ്കാരത്തിന് പേര് നൽകിയ ഡോ. ജെയ്ൻ നോലൻ എംബിഇ ന്യൂകാസിൽ സർവകലാശാലയിലെ മുൻ അധ്യാപികയും സംരംഭകയുമാണ്. യുകെയുടെ കയറ്റുമതി രംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ് അവർക്ക് മെംബർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (MBE) ബഹുമതി ലഭിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇപ്സ്വിച്ചിലെ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായിരുന്ന കേരള കൾച്ചറൽ അസോസിയേഷൻ ഇപ്സ്വിച്ചിന്റെ മുൻ പ്രസിഡന്റും കുട്ടനാട് സംഗമം യുകെയുടെ സജീവ പ്രവർത്തകനുമായിരുന്ന ബാബു മത്തായിയുടെ അനുസ്മരണ ശുശ്രൂഷകൾ സെപ്റ്റംബർ 16ന് നടക്കും. രാവിലെ 11ന് ടഡൻഹാം റോഡിലെ ‘Venue 16’, Ipswich, IP4 3QJ എന്ന വിലാസത്തിലാണ് മെമ്മോറിയൽ മാസ് നടക്കുന്നത് .
കേരള കൾച്ചറൽ അസോസിയേഷൻ ഇപ്സ്വിച്ചിന്റെ പ്രസിഡന്റായി രണ്ടുതവണ സേവനമനുഷ്ഠിച്ച ബാബു മത്തായി വിവിധ സാമൂഹിക – സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഇപ്സ്വിച്ചിൽ നടന്ന അഞ്ചാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനർ സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. കുട്ടനാടിന്റെ പാരമ്പര്യവും സൗഹൃദവും യുകെയിലെ മലയാളി സമൂഹവുമായി ചേർത്തുനിർത്തുന്നതിൽ അദ്ദേഹം നൽകിയ നേതൃത്വവും പിന്തുണയും ഏറെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്താനും അവസാനമായി പ്രിയപ്പെട്ട ബാബുവിന് ആദരാഞ്ജലി അർപ്പിക്കാനും നിരവധി പേരാണ് ചടങ്ങിൽ എത്തുന്നത്.
59-ാം വയസ്സിലാണ് ബാബു മത്തായി വിടപറഞ്ഞത്. സംഘടനാ പ്രവർത്തനങ്ങളിലെ നേതൃത്വവും സമൂഹത്തോടുള്ള പ്രതിബദ്ധതയും സൗഹൃദപരമായ ഇടപെടലുകളും അദ്ദേഹത്തെ ഏവരുടെയും പ്രിയങ്കരനാക്കി. കുടുംബാംഗങ്ങൾ എല്ലാവരെയും മെമ്മോറിയൽ മാസിലേക്കും തുടർന്നുള്ള അന്ത്യകർമങ്ങളിലേക്കും സാദരം ക്ഷണിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ബാബു മത്തായിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനും കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരാനും ഇപ്സ്വിച്ചിലെ മലയാളി സമൂഹം ഒരുമിച്ചെത്തും.
തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
സൗത്ത് വെയിൽസിലെ മലയാളി സമൂഹത്തിന് അഭിമാനമായി അമ്മയും മകളും ലോക റെക്കോർഡിന്റെ ഭാഗമായി. ഭാരതനാട്യ കലാകാരിയും നർത്തകിയും ഗുരുവുമായ ദേവിപ്രഭ സുരേന്ദ്രനും മകൾ ദേവിതീർഥ രാജും സെപ്റ്റംബർ ആറിന് ലണ്ടനിലെ ലോഫ്ടൺ ഗ്രാൻഡ് മാർക്യൂവിൽ നടന്ന ജിസിഎൽ ഉത്സവ് മേള 2026ൽ ആണ് അഭിമാന നേട്ടം കരസ്ഥമാക്കിയത് . ഗ്രിഫിൻ കോളജ് ലണ്ടൻ സംഘടിപ്പിച്ച പരിപാടിയിൽ യുകെയിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നുമെത്തിയ ആയിരത്തിലേറെ നർത്തകരോടൊപ്പം 17 മിനിറ്റ് ദൈർഘ്യമുള്ള ശിവപഞ്ചാക്ഷരിയെ ആസ്പദമാക്കിയ ഭാരതനാട്യ അവതരണത്തിലാണ് ഇരുവരും അണിനിരന്നത്. ‘ലോംഗസ്റ്റ് ശിവ-തീംഡ് ഭാരതനാട്യം ക്ലാസിക്കൽ റെപ്പർട്ടറി’ എന്ന പേരിൽ ഗ്ലോബൽ വേൾഡ് റെക്കോർഡ് അംഗീകരിച്ച പ്രകടനത്തിന് ഔദ്യോഗിക സർട്ടിഫിക്കറ്റും മെഡലും ലഭിച്ചു.

കുട്ടിക്കാലം മുതൽ നൃത്തത്തെ ജീവിതത്തിന്റെ ഭാഗമാക്കിയ ദേവിപ്രഭ ദീർഘകാലം പരിശീലനം നേടിയ കലാകാരിയാണ്. മൂന്നാം വയസ്സിൽ നൃത്തപഠനം ആരംഭിച്ച അവർ ഗുരു രാധാമണിയുടെ കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ഭാരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഇന്ത്യയിൽ നാട്യവേദ സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് സ്ഥാപിച്ച ദേവിപ്രഭ, രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിൽ അവതരണം, നൃത്തസംവിധാനം, അധ്യാപനം എന്നീ മേഖലകളിൽ സജീവമാണ്. ഭാരതനാട്യത്തിനു പുറമെ മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി, തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ട്. വെയിൽസിലെത്തിയശേഷവും കാർഡിഫിലെ റാധായാത്ര ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക പരിപാടികളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും നൃത്തസംവിധാനം നിർവഹിക്കുകയും ചെയ്തു. 2023, 2024 വർഷങ്ങളിൽ കാർഡിഫിലെ ആഡംസ്ഡൗണിൽ നടന്ന ഗ്വെൽഡ് പാർക്ക് ഫീസ്റ്റ്, നോഫിറ്റ് സ്റ്റേറ്റ് കമ്മ്യൂണിറ്റി ഫെസ്റ്റിവൽ തുടങ്ങിയ കലാപരിപാടികളിലും ദേവിപ്രഭയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
അമ്മയുടെ പാത പിന്തുടർന്ന് ദേവിതീർഥയും ചെറുപ്പം മുതലേ ഭാരതനാട്യരംഗത്ത് സജീവമാണ്. ഇപ്പോൾ ജിസിഎസ്ഇ പഠനത്തിന് തുടക്കം കുറിച്ചിരിക്കുന്ന ദേവിതീർഥ കാർഡിഫിലെ വിവിധ സമൂഹ പരിപാടികളിലും നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. യുകെഎംഎ 2025 വെയിൽസ് റീജിയണൽ മത്സരത്തിൽ അമ്മയും മകളും ഭാരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയതും ഈ കുടുംബത്തിന്റെ കലാനേട്ടങ്ങളിൽ ശ്രദ്ധേയമായി. “ഭാരതനാട്യം ഒരു വേദികലയെന്നതിലുപരി സംസ്കാരത്തെ സംരക്ഷിക്കാനും കഥകൾ പറയാനും സമൂഹത്തെ ഒന്നിപ്പിക്കാനുമുള്ള വഴിയാണ്. മകളോടൊപ്പം ഈ ലോക റെക്കോർഡിന്റെ ഭാഗമാകാൻ കഴിഞ്ഞത് കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും അഭിമാനിക്കാവുന്ന ഓർമയാണ് എന്ന് ദേവിപ്രഭ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.