UK

സാലിസ്ബറി. മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റിന്റായ മേഴ്‌സി സജീഷിൻെറ മാതാവ് അന്നമ്മ ചാക്കോ (87) നാട്ടിൽ നിര്യാതയായി. പരേതനായ കെ വി ചാക്കോയുടെ ഭാര്യയാണ്. പരേത മണിമല കൂനംകുന്നേൽ കുടുംബാംഗമാണ്.

മേഴ്‌സി സജീഷിൻെറ മാതാവിൻ്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത് മുസ്‌ലിമായതു കൊണ്ടാണെന്ന ആരോപണവുമായി വനിതാ മന്ത്രി. തന്റെ സ്വത്വം സഹപ്രവര്‍ത്തകരെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്നും സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി നുസ്‌റത്ത് ഗനി പറഞ്ഞു. 49 കാരിയായ നുസ്‌റത്ത് ബോറിസ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. ബ്രിട്ടനിലെ ആദ്യ മുസ്‌ലിം വനിതാ മന്ത്രിയായിരുന്നു ഇവര്‍.

2108ലാണ് അധികാരമേറ്റത്. എന്നാല്‍ 2020 ഫെബ്രുവരിയില്‍ നടന്ന പുനഃസംഘടനയില്‍ ഇവര്‍ക്ക് സ്ഥാനം നഷ്ടമാകുകയായിരുന്നു. ‘മുസ്‌ലിം വനിതാ മന്ത്രിയെന്ന എന്റെ സ്റ്റാറ്റസ് സഹപ്രവര്‍ത്തരെ അസ്വസ്ഥപ്പെടുത്തിയിരുന്നു. വയറ്റില്‍ അടിയേറ്റ പോലെയായിരുന്നു അത്. ഞാന്‍ അപമാനിതയായി. എന്നാല്‍ സംഭവം പാര്‍ട്ടിയിലുള്ള വിശ്വാസത്തെ ഉലച്ചിട്ടില്ല. എംപി സ്ഥാനം രാജി വയ്ക്കണമെന്ന് ആലോചിച്ചിരുന്നു’ അവര്‍ വ്യക്തമാക്കി.

അതേസമയം, നുസ്‌റത്തിന്റെ ആരോപണങ്ങള്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് മാര്‍ക് സ്‌പെന്‍സര്‍ തള്ളി. പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ് എന്നും അസംബന്ധമാണ് എന്നും അദ്ദേഹം പ്രതികരിച്ചു. ആരോപണം അന്വേഷിക്കണമെന്ന് മന്ത്രി നദിം സവാഹി ആവശ്യപ്പെട്ടു.

യുകെയിൽ നിർണായക മാറ്റങ്ങളുമായി പുതുക്കിയ ഹൈവേ കോഡ് ജനു. 29 മുതൽ പ്രാബല്യത്തിൽ. സൈക്കിൾ യാത്രക്കാർക്ക് ഡ്രൈവർമാരേക്കാൾ വ്യക്തമായ മുൻഗണന നൽകുന്നത് ഉൾപ്പെടെ സൈക്കിൾ യാത്രക്കാരെ ഓവർടേക്ക് ചെയ്യുമ്പോൾ എത്ര സ്ഥലം അനുവദിക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് പ്രത്യേക നിർദ്ദേശങ്ങൾ അടങ്ങിയതാണ് പുതിയ കോഡ്.

യുകെയിലെ റോഡുകളിലെ ആളുകൾക്കുള്ള ഉപദേശങ്ങളുടെയും നിയമങ്ങളുടെയും പുതിയ ലിസ്റ്റ് ജനുവരി 29 മുതൽ അപ്‌ഡേറ്റ് ചെയ്യപ്പെടും, റോഡ് ഉപയോക്താക്കളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് അടിസ്ഥാനമാക്കിയുള്ള നിയമങ്ങളാണ് അവതരിപ്പിക്കുക.

സൈക്ലിംഗ് പ്രചാരകർ ഈ മാറ്റങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, അവ ആശയവിനിമയം നടത്തുന്നതിൽ സർക്കാർ വളരെ നിശബ്ദത പാലിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. കാൽനടയാത്രക്കാർ, കുട്ടികൾ, പ്രായമായവർ, വികലാംഗർ എന്നിവർക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടാണ് നിയമങ്ങൾ.

ജംഗ്ഷനുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന. ഒരു ജംഗ്ഷനിൽ, ഡ്രൈവർമാരും മോട്ടോർ സൈക്കിൾ യാത്രക്കാരും കാൽനടയാത്രക്കാർക്ക് ക്രോസ് ചെയ്യുന്നതിനോ ക്രോസ് ചെയ്യാൻ കാത്തിരിക്കുന്നവർക്കോ വഴി നൽകണം. മുമ്പ് ജംഗ്ഷനുകളിൽ വാഹനങ്ങൾക്കാണ് മുൻഗണന നൽകിയിരുന്നത്. കൂടാതെ, സൈക്കിൾ യാത്രക്കാർ പങ്കിട്ട സൈക്കിൾ ട്രാക്കുകളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകണം.

ചില സാഹചര്യങ്ങളിൽ സൈക്കിൾ യാത്രക്കാർക്ക് മുൻഗണന നൽകേണ്ട ഡ്രൈവർമാർ ഉദാഹരണത്തിന് റൗണ്ട് എബൗട്ടിൽ, ജംഗ്ഷനിൽ നിന്ന് പുറത്തേക്കോ അകത്തേക്കോ തിരിയുമ്പോഴോ പാത മാറുമ്പോഴോ സൈക്കിൾ യാത്രക്കാർക്ക് മുൻഗണന നൽകണമെന്ന് പുതിയ നിയമങ്ങൾ ഡ്രൈവർമാരോടും മോട്ടോർ സൈക്കിൾ യാത്രക്കാരോടും ആവശ്യപ്പെടുന്നു. റൗണ്ട് എബൗട്ടുകളിലോ മന്ദഗതിയിലുള്ള ട്രാഫിക്കിലോ സൈക്കിൾ യാത്രക്കാർക്കിടയിൽ സുരക്ഷിതമായ ദൂരം നൽകാനും ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ജോൺസന്റെ പിതാവും ഷിബിയുടെ ഭതൃപിതാവുമായ ദേവസ്യ തെങ്ങുംപറമ്പിൽ നാട്ടിൽ നിര്യതനായി.  പരേതന് (82) വയസ്സായിരുന്നു.  വെളുപ്പിന് (ഇന്ത്യൻ സമയം) 3.20 am ന് ആണ് മരണം സംഭവിച്ചത്. വാർദ്ധക്യസഹജമായ കാരങ്ങളാൽ ചികിത്സയിൽ ആയിരുന്നു.

ഇപ്പോൾ കാസർഗോഡ് ജില്ലയിൽ കൊടുമണി സെന്റ് മേരീസ് പള്ളിയിൽ ഇപ്പോൾ മരണാന്തര ചടങ്ങുകൾ പുരോഗമിക്കുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ 2022-2024 വർഷത്തെ നിയുകത ട്രസ്റ്റികളിൽ ഒരാളാണ് ജോൺസൻ. ജോൺസന്റെ പിതാവിന്റെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ  അറിയിക്കുന്നു.

പാക്ക് വംശജനായ ബ്രിട്ടിഷ് അക്രമി യുഎസിലെ ടെക്സസിലുള്ള ജൂതപ്പള്ളിയിൽ റാബിയെ അടക്കം ബന്ദിയാക്കിയ സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തു. മാ​ഞ്ചസ്റ്ററിലും ബർമിങ്ങാമിലുമായാണ് അറസ്റ്റ്. ഇവരെ ചോദ്യം ചെയ്തുവരുന്നു. നേരത്തേ അറസ്റ്റ് ചെയ്ത 2 കൗമാരക്കാരെ നിരപരാധികളെന്നു ബോധ്യപ്പെട്ടു വിട്ടു.

ജൂതപ്പള്ളിയിൽ ആരാധനയ്ക്കിടെ തോക്കു ചൂണ്ടി 4 പേരെ ബന്ദികളാക്കി 10 മണിക്കൂർ പരിഭ്രാന്തി സൃഷ്ടിച്ച മാലിക് ഫൈസൽ അക്രമിനെ(44) എഫ്ബിഐ കമാൻഡോ സംഘം വധിച്ചിരുന്നു. ‘ലേഡി അൽ ഖായിദ’ എന്നു വിളിപ്പേരുള്ള വിവാദ പാക്ക് ന്യൂറോ സയന്റിസ്റ്റ് ആഫിയ സിദ്ദിഖിയെ യുഎസ് ജയിലിൽനിന്നു മോചിപ്പിക്കണമെന്നായിരുന്നു അക്രമിന്റെ ആവശ്യം.

വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ബ്ലാക്ബേൺ നിവാസിയായിരുന്ന ഇയാൾ ടെക്സസിലെ അതിക്രമത്തിനിടെ സഹോദരൻ ഗുൽബാറിനെ ഫോൺ ചെയ്തിരുന്നു. ബ്രിട്ടനിലിരുന്ന് സഹോദരൻ നടത്തിയ അനുനയ ശ്രമം പരാജയപ്പെട്ടു. മാനസികദൗർബല്യമുള്ള അക്രം എങ്ങനെ യുഎസിൽ എത്തിയെന്നാണ് ബ്രിട്ടനിലെ പരിചയക്കാർ അദ്ഭുതപ്പെടുന്നത്.

ഇംഗ്ലണ്ടില്‍ പ്ലാന്‍ ബി വിലക്കുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ മാസ്‌ക് വേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി സ്‌കൂളുകള്‍. സ്‌കൂളുകളില്‍ ഇനി വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിബന്ധന അനുസരിക്കില്ലെന്നും, ക്ലാസ്മുറികളില്‍ കുട്ടികളെ നിര്‍ബന്ധമായി മാസ്‌ക് ധരിപ്പിക്കുമെന്നും സ്‌കൂളുകള്‍ തീരുമാനിച്ചതോടെ ഇതിനെതിരെ രക്ഷിതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

പ്ലാന്‍ ബി വിലക്കുകള്‍ റദ്ദാക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറികളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും ഇല്ലാതാക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കം. എന്നാല്‍ ഇത് പാലിക്കില്ലെന്ന് ഇംഗ്ലണ്ടിലെ ഹെഡ് ടീച്ചര്‍മാര്‍ പറയുന്നു. സ്വന്തം സ്ഥാനം സംരക്ഷിക്കാനാണ് ബോറിസ് ജോണ്‍സണ്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് രാജ്യത്തെ വലിയ ടീച്ചിംഗ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍.

പാര്‍ട്ടിഗേറ്റില്‍ പെട്ടതോടെ രാഷ്ട്രീയ കരിയര്‍ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രിയുടെ ഈ നീക്കത്തിന് പിന്നില്‍ കൃത്യമായ ആരോഗ്യ, ശാസ്ത്ര ഉപദേശമില്ലെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു. ഒമിക്രോണ്‍ നടപടികള്‍ വളരെ വേഗത്തില്‍ നീക്കുന്നതിന് എതിരെ നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയനും മുന്നറിയിപ്പ് നല്‍കി. ഇത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനാണ് ഉപകരിക്കുകയെന്ന് ജനറല്‍ സെക്രട്ടറി ഡോ. മേരി ബൗസ്‌റ്റെഡ് പറഞ്ഞു.

പ്രതിസന്ധി അവസാനിച്ചെന്ന ചിന്തയിലാണ് സര്‍ക്കാര്‍ തങ്ങളെ സ്‌കൂളുകളിലേക്ക് അയയ്ക്കുന്നതെന്ന് എഎസ്‌സിഎല്‍ മേധാവി ജെഫ് ബാര്‍ടണും പ്രതികരിച്ചു. എന്നാല്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കുട്ടികള്‍ ക്ലാസ്മുറികളില്‍ മാസ്‌ക് ധരിക്കുന്നതിന് എതിരെയാണ് മൂന്നില്‍ രണ്ട് രക്ഷിതാക്കളും അടുത്തിടെ നടന്ന സര്‍വെയില്‍ വോട്ട് ചെയ്തത്.

ഇംഗ്ലണ്ടിന്റെ കോവിഡ് പ്ലാന്‍ ബി നടപടികള്‍ വ്യാഴാഴ്ച മുതല്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ പൊതു സ്ഥലങ്ങളില്‍ നിര്‍ബന്ധിത ഫെയ്‌സ് മാസ്‌ക് നിയമങ്ങളും കോവിഡ് പാസ്‌പോര്‍ട്ടുകളും ഉപേക്ഷിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. ആളുകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഉപദേശം സര്‍ക്കാര്‍ ഉടന്‍ ഉപേക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബൂസ്റ്ററുകള്‍ കാരണം ഇംഗ്ലണ്ട് ‘പ്ലാന്‍ എ’ യിലേക്ക് മടങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയതലത്തില്‍ ഒമിക്രോണ്‍ തരംഗം പീക്ക് കഴിഞ്ഞതായി ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നതായി അദ്ദേഹം എംപിമാരോട് പറഞ്ഞു.

നിശാക്ലബ്ബുകളിലും വലിയ പരിപാടികളിലും പ്രവേശിക്കുന്നതിന് നിര്‍ബന്ധിത കോവിഡ് പാസ്‌പോര്‍ട്ടുകള്‍ അവസാനിക്കും, എന്നിരുന്നാലും സ്ഥാപനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കോവിഡ് പാസ് ഉപയോഗിക്കാന്‍ തിരഞ്ഞെടുക്കാം

വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആളുകളെ ഇനി ഉപദേശിക്കില്ല, ഓഫീസുകളിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് തൊഴിലുടമകളുമായി ചര്‍ച്ച ചെയ്യണം. അടച്ചിട്ടതോ തിരക്കേറിയതോ ആയ ഇടങ്ങളിലും അപരിചിതരെ കാണുമ്പോഴും മുഖാവരണം ധരിക്കാന്‍ ആളുകളോട് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും, മാസ്‌ക്കുകള്‍ ഇനി നിര്‍ബന്ധമാക്കില്ല.

വ്യാഴാഴ്ച മുതല്‍, സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ മാസ്ക്ക് ധരിക്കേണ്ടതില്ല, കമ്യൂണല്‍ മേഖലകളില്‍ അവരുടെ ഉപയോഗത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം ഉടന്‍ നീക്കം ചെയ്യും. യാത്രാ നിയമങ്ങള്‍ ലഘൂകരിക്കുന്നതും ഇംഗ്ലണ്ടിലെ കെയര്‍ ഹോം സന്ദര്‍ശനത്തിനുള്ള നിയന്ത്രണങ്ങളും സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതായും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

ബർമിങ്ഹാം (യുകെ) : ബർമിംഗ്ഹാമിൽ നിര്യാതയായ ചിങ്ങവനം കടായിത്തറ പരേതനായ ഫിലിപ്പ് തോമസിന്റെ ഭാര്യ ലാലു ഫിലിപ്പ് (63)ന്റെ മൃത സംസ്കാര ശുശ്രൂഷ 24/01/22 തിങ്കളാഴ്ച ബർമിങ്ഹാമിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 11.30 ന് വാൽസാൽ സെന്റ് . മേരിസ് ദ മൗണ്ട് റോമൻ കാത്തലിക് ദേവാലയത്തിൽ കൊണ്ടുവരുന്നതും, ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാൽസാൽ ഹീത് ലൈൻ സെമിത്തേരിയിൽ (ബർമിംഗ്ഹാം ) സംസ്കരിക്കുന്നതുമാണ്.

പരേത ചിങ്ങവനം പള്ളിപ്പറമ്പിൽ കുടുംബാംഗവും സെന്റ് മേരീസ് ശാലേം ക്നാനായ പള്ളി ഇടവകാംഗവുമാണ്. മക്കൾ: പരേതയായ ഡയാന, ഡയസ് മരുമകൻ : അജു തോമസ് കുന്നത്ത് തുരുത്തിക്കാട് ( ബെർമിങ്ഹാം ) സംസ്കാര ശുശ്രൂഷകൾക്ക് ബർമിങ്ഹാം സെന്റ് സൈമൺസ് ക്നാനായ യാക്കോബായ പള്ളി വികാരി ഫാ: ജോമോൻ പുന്നൂസ്, ഫാ. സജി കൊച്ചേത്ത് എന്നിവർ നേതൃത്വം നൽകുന്നതും, ഫാ. ജോബിൻ കൊല്ലപ്പള്ളിൽ, ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ എന്നിവർ സഹകാർമികത്വം വഹിക്കുന്നതുമാണ്.

Chuch address, St. Mary’s the mount RC church Glebe street Walsall WS1 3NX. Burial Service at, Heath lane Cemetery Walsall Road, West Bromwich B71 3HR

KV TV യിലൂടെ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ് .

കോവിഡ് ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുന്നതിനിടെ എല്ലാം തുറന്നിട്ട്‌ ഇംഗ്ലണ്ട്. ഇനി മുതൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കോവിഡ് നിയന്ത്രണങ്ങളും മുൻകരുതലുകളും എല്ലാം പിൻവലിച്ച് കോവിഡിനെ വെറും സാധാരണ വൈറൽ പനിയായി കാണാനാണ് ഇംഗ്ളണ്ടിന്റെ നീക്കം.

ദിവസേന ഒരു ലക്ഷത്തിലേറെ ആളുകൾ രോഗികളാകുന്ന സ്ഥിതി നിലനിൽക്കുമ്പോഴും വാക്സീൻ നൽകുന്ന പ്രതിരോധത്തിൽ വിശ്വാസം അർപ്പിച്ചാണ് നിയന്ത്രണങ്ങൾ എല്ലാം ഓരോന്നായി പിൻവലിക്കുന്നത്.

കോവിഡിന്റെ പേരിൽ ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം സംവിധാനം ഇനി നിലവിലുണ്ടാകില്ല. ഇതുസംബന്ധിച്ച മാർഗരേഖകൾ ഇന്ന് അവസാനിച്ചതായി പ്രധാനമന്ത്രി പാർലമെൻറിൽ പ്രഖ്യാപിച്ചു. സെക്കൻഡറി സ്കൂളുകളിലും ഇനി മാസ്കും നിർബന്ധമല്ല. അടുത്ത വ്യാഴാഴ്ച മുതൽ ഇംഗ്ലണ്ടിൽ പൊതുസ്ഥലത്തോ ഓഫിസുകളിലോ കടകളിലോ ഒന്നും മാസ്ക് നിർബന്ധമാകില്ല.

മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെങ്കിലും ജനത്തിരക്കുള്ള സ്ഥലങ്ങളിലും അപരിചിതരുമായി ഇടപഴകുമ്പോഴും മാസ്ക് ഉപയോഗിക്കുന്നത് ഉചിതമാകും എന്ന ഉപദേശം സർക്കാർ നൽകുന്നുണ്ട്. അതുപോലെ എൻഎച്ച്എസിനു കീഴിലുള്ള സ്ഥാപനങ്ങളിൽ വേണമെങ്കിൽ കോവിഡ് വാക്സിനേഷൻ പാസ് നിർബന്ധമാക്കാം.

നൈറ്റ് ക്ലബ്ബുകളിലും കളിസ്ഥലങ്ങളിലും ഗാലറികളിലും സിനിമാശാലകളിലും പ്രവേശിക്കാൻ കോവിഡ് പാസ് വേണമെന്ന നിർബന്ധനയും പിൻവലിച്ചിട്ടുണ്ട്.

രണ്ടു മീറ്റർ സോഷ്യൽ ഡിസ്റ്റൻസ് നിയന്ത്രണങ്ങൾ നേരത്തെ തന്നെ പിൻവലിച്ചിരുന്ന ഇംഗ്ലണ്ടിൽ പുതിയ ഇളവുകൾ കൂടിയാകുന്നതോടെ അടുത്തയാഴ്ച മുതൽ ജനജീവിതം പൂർണമായും സാധാരണ നിലയിലാകും.

രോഗവ്യാപനം തുടരുമ്പോഴും ആശുപത്രിയിലെത്തുന്നവരുടെയും മരണനിരക്കിലെയും കുറവ് ജനങ്ങൾ ഒമിക്രോണിനെ ഭയക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചു. നവംബറിനുശേഷം ആദ്യമായി രോഗവ്യാപന നിരക്കിലും കുറവുണ്ട്.

ഇംഗ്ലണ്ടിൽ ഇരുപതിൽ ഒരാൾക്ക് എന്ന നിലയിലാണ് രോഗവ്യാപനം. രോഗികളാകുന്നവർക്കുള്ള ഐസൊലേഷൻ നിയമങ്ങളിൽ നിലവിൽ മാറ്റമില്ല. എന്നാൽ മാർച്ച് അവസാനത്തോടെ ഇക്കാര്യത്തിലും കാര്യമായ ഇളവുകൾ ഉണ്ടാകുമെന്നാണ് സർക്കാർ നൽകുന്ന സൂചനകൾ. കോവിഡ് രോഗികളാകുന്നവർ നിർബന്ധമായും ഐസൊലേഷനു വിധേയരാകണം എന്ന നിയമം മാറ്റി ഇതിനെ ഉപേദശമോ ഗൈഡൻസോ ആക്കി മാറ്റണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വായ്പകള്‍ അടയ്ക്കാത്തതിനാല്‍ ലണ്ടനിലെ ആഡംബര വസതിയില്‍ നിന്നും മദ്യ വ്യവസായി വിജയ് മല്യയെ ഒഴിപ്പിക്കുമെന്ന് സൂചന. സ്വിസ് ബാങ്കായ യുബിഎസില്‍ നിന്നെടുത്ത 20.4 മില്യണ്‍ പൗണ്ട് വായ്പ തിരിച്ചടയ്ക്കാത്ത കേസിലാണ് നടപടി.

വീട് ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നീക്കത്തിനെതിരെ മല്യ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. മല്യക്ക് ഇനി കൂടുതല്‍ സമയം നല്‍കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ലണ്ടനിലെ റീജന്റ്‌സ് പാര്‍ക്കിന് അഭിമുഖമായുള്ള 18/19 കോണ്‍വാള്‍ ടെറസ് ആഡംബര അപ്പാര്‍ട്ട്‌മെന്റ് ‘കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന അസാധാരണമായ സ്വത്ത് ‘ എന്നാണ് കോടതി വിശേഷിപ്പിച്ചത്.

നിലവില്‍ മല്യയുടെ 95 വയസ്സുള്ള അമ്മ ലളിതയാണ് വീട്ടില്‍ താമസിക്കുന്നത്. ഇവിടെ നിന്നൊഴിപ്പിച്ചാല്‍ മല്യയുടെ അമ്മയുള്‍പ്പടെ പ്രതിസന്ധിയിലാകുമെന്ന് മല്യയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി കനിഞ്ഞില്ല. മല്യ കുടുംബത്തിന് 20.4 മില്യണ്‍ പൗണ്ട് ലോണ്‍ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുന്നതിന് അടിസ്ഥാനമില്ലെന്ന് ഡെപ്യൂട്ടി മാസ്റ്റര്‍ മാത്യു മാര്‍ഷ് ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാനോ താല്ക്കാലിക സ്‌റ്റേ നല്‍കാനോ ഉള്ള അനുമതിയും ജഡ്ജി നിരസിച്ചു. കുടിശ്ശിക ഈടാക്കുന്നതിനായി ബാങ്കിന് ജപ്തി നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. വായ്പ തിരിച്ചടയ്ക്കാനും ഈ വീട്ടില്‍ കഴിയാനും 2020 ഏപ്രില്‍ 30 വരെ മല്യയ്ക്കും കുടുംബത്തിനും കോടതി സമയം അനുവദിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം ഇക്കാലയളവില്‍ ഒന്നും നടന്നില്ല.

നിയമപരമായി ഈ കേസുമായി മുന്നോട്ട് പോകാന്‍ 2021 ഏപ്രില്‍ വരെ യുബിഎസ് ബാങ്കിനും കഴിഞ്ഞില്ല. കഴിഞ്ഞ ഒക്ടോബറില്‍ ബാങ്ക് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇത് സ്റ്റേ ചെയ്യണമെന്ന മല്യയുടെ ആവശ്യമാണ് കോടതി തള്ളിയത്. 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് മല്യയ്‌ക്കെതിരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്. കോടതി വിലക്കിയെങ്കിലും അമ്മയുടെ സുരക്ഷ ചൂണ്ടിക്കാട്ടി മല്യ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് യുബിഎസ് ഉടന്‍ തന്നെ ജപ്തി നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ആഴ്ചയിൽ നാല് ദിവസം മാത്രം പ്രവർത്തി ദിനങ്ങൾ ആക്കാനുള്ള ചർച്ചകൾ ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും, കോവിഡ് കാലം ഈ ചർച്ചകൾ വേഗത്തിലാക്കി. ഇതോടെയാണ് ആഴ്ചയിൽ നാല് ദിവസങ്ങൾ മാത്രം പ്രവർത്തിദിനങ്ങൾ ആക്കി മാറ്റാനുള്ള തീരുമാനം പരീക്ഷണാർഥത്തിൽ ആറുമാസത്തേക്ക് നടപ്പിലാക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മുപ്പതോളം കമ്പനികളാണ് ഇത്തരത്തിൽ പരീക്ഷണാർത്ഥം ഈ തീരുമാനം നടപ്പിലാക്കുന്നത്. അഞ്ചു ദിവസം പ്രവർത്തി ദിനങ്ങൾ ഉള്ളപ്പോൾ ലഭിക്കുന്ന അതേ ശമ്പളം തന്നെ ഇപ്പോഴും ലഭിക്കും. 80 ശതമാനം സമയത്തിൽ ജീവനക്കാർക്ക് തങ്ങളുടെ 100 ശതമാനം പ്രവർത്തിക്കുവാൻ സാധിക്കുമോ എന്നത് സംബന്ധിച്ച പഠനങ്ങൾ നടത്താൻ ആണ് ഇത്തരത്തിൽ പരീക്ഷണാർത്ഥം ഇത് നടപ്പിലാക്കുന്നത്. ഫോർ ഡേ വീക്ക്‌ ക്യാമ്പയിൻ,തിങ്ക് ടാങ്ക് ഓട്ടോണമി എന്നിവയോടൊപ്പം ബോസ്റ്റൺ കോളേജ്, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

യു എസ്, അയർലണ്ട്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളും പരീക്ഷണാർഥത്തിൽ ഇത് നടപ്പിലാക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൂടുതൽ കമ്പനികളും ഇപ്പോൾ ജീവനക്കാരുടെ കാര്യക്ഷമതയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് ഫോർ ഡേ വീക്ക്‌ ഗ്ലോബൽ പൈലറ്റ് പ്രോഗ്രാം മാനേജർ ജോ ഒകോണർ വ്യക്തമാക്കി. നിരവധിപേർ ഈ പരീക്ഷണത്തോട് ഇപ്പോൾ തന്നെ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർ എത്രനേരം ജോലി ചെയ്യുന്നതിനെക്കാൾ ഉപരിയായി, എത്രത്തോളം കാര്യക്ഷമമായ രീതിയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഈ പദ്ധതിയിലൂടെ നിരീക്ഷിക്കാൻ സാധിക്കും.

Copyright © . All rights reserved