ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ മുതിർന്നവരിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതായി തെളിഞ്ഞു. 56 മുതൽ 69 വരെ പ്രായമുള്ളവരിൽ മാത്രമല്ല, 70നു മുകളിലുള്ളവർക്കും വാക്സിൻ ഫലപ്രദമാണെന്നാണു സ്ഥിരീകരണം. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് അസ്ട്രാസെനക ഉത്പാദിപ്പിക്കുന്ന ഈ വാക്സിന്റെ അവസാനഘട്ട പരീക്ഷണഫലം ആഴ്ചകൾക്കുള്ളിൽ പുറത്തുവരുമെന്നാണു കരുതുന്നത്.
പ്രശസ്തമായ ലാൻസെറ്റ് മെഡിക്കൽ ജേർണൽ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തതനുസരിച്ച് മരുന്നുപരീക്ഷണത്തിന്റെ പ്രാഥമിക വിവരങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്. പരീക്ഷണത്തിനായി നൽകിയ ഡോസ് പ്രായമായവരിലും രോഗപ്രതിരോധ പ്രതികരണം സൃഷ്ടിച്ചുവെന്നാണു കണ്ടെത്തൽ. ആരോഗ്യമുള്ള 560 സന്നദ്ധപ്രവർത്തകരിലാണ് ChAdOx1 nCoV-19 എന്ന പേരിലുള്ള മരുന്നുപരീക്ഷിച്ചത്. ഇതിൽ 240 പേർ 70 വയസിനു മുകളിലുള്ളവരായിരുന്നു. മൂന്നാംഘട്ട പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ വാക്സിന് ഒപ്പമെത്താൻ ആസ്ട്ര-ഓക്സ്ഫഡ് വാക്സിന് കഴിയുമോ എന്നതിനുള്ള അന്തിമപരിശോധനകളാണ് ഇനി ബാക്കിയുള്ളത്.
അടുത്തമാസത്തോടെ പ്രതിരോധ വാക്സിൻ വിതരണത്തിനെത്തിക്കാനാകുമെന്ന് കഴിഞ്ഞദിവസം ഫൈസർ പറഞ്ഞിരുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകരത്തിനുവേണ്ടിയുള്ള ശ്രമത്തിലാണിപ്പോൾ ഫൈസർ. മറ്റൊരു യുഎസ് കന്പനിയായ മോഡേണയുടെ വാക്സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.
ലണ്ടൻ: ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരം അമേരിക്കൻ-സ്കോട്ടീഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റ്യുവർട്ടിന്. ‘ഷഗ്ഗി ബെയ്ൻ’ എന്ന ആദ്യ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.
ഫാഷൻ ഡിസൈനറായി അമേരിക്കയിലെത്തി എഴുത്തുകാരനായി വളർന്ന ഡഗ്ലസിന്റെ ആത്മകഥാംശമുള്ള നോവലാണിത്. 50,000 പൗണ്ടാണു സമ്മാനത്തുക (ഏകദേശം 49 ലക്ഷം രൂപ). കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
13 ജീവനക്കാർക്ക് കോവിഡ് സ്ഥിതീകരിച്ചതിനെത്തുടർന്ന് ഐകിയയുടെ റെഡിംഗിലെ ഷോറൂം അടച്ചു. 73 ജീവനക്കാരെ രോഗ വ്യാപനം തടയുന്നതിൻെറ ഭാഗമായി അവരുടെ വീടുകളിലേക്ക് അയച്ചിരിക്കുകയാണ് . ഇവരെക്കൂടാതെ അറുപതോളം ജീവനക്കാരുടെ വീടുകളിൽ ഒറ്റപ്പെടലിനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
ജീവനക്കാരുടെയും കസ്റ്റമേഴ്സിന്റെയും സുരക്ഷിതത്വത്തിൽ വലിയ പ്രാധാന്യമാണ് കമ്പനിക്കുള്ളതെന്ന് ഐകിയയുടെ റെഡിംഗിലെ മാർക്കറ്റിംഗ് മാനേജർ കിം ചിൻ സുങ് പറഞ്ഞു. സാമൂഹിക അകലം പാലിക്കുക തുടർച്ചയായ അണുനശീകരണം തുടങ്ങിയ എല്ലാ പ്രവർത്തികളും കമ്പനിയിൽ അനുവർത്തിക്കപ്പെട്ടിരി ന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. സമാന സാഹചര്യങ്ങളിൽ മൂന്നാഴ്ച മുമ്പ് 30 ജീവനക്കാർക്ക് രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് യോർക്ക്ഷെയറിലെ ഹരിബോ ഫാക്ടറിയിലെ 350 ജീവനക്കാരോട് വീടുകളിൽ പോയി ഐസൊലേഷനിൽ കഴിയാനുള്ള നിർദ്ദേശം നൽകിയിരുന്നു.

തണുത്തതും ഈർപ്പമുള്ളതുമായ കെട്ടിടങ്ങളുടെ ഉള്ളിൽ വൈറസിന് അനുകൂല സാഹചര്യമുള്ളതിനാൽ വളരെ മുൻകരുതൽ സ്വീകരിക്കണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അതുപോലെതന്നെ യന്ത്രങ്ങളുടെയും മറ്റും ശബ്ദങ്ങൾ കാരണം പരസ്പരം ആശയവിനിമയം നടത്തേണ്ട സാഹചര്യത്തിൽ ഉച്ച ഉയർത്തി സംസാരിക്കുന്നത് വൈറസ് വ്യാപനത്തെ ത്വരിതപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. യുകെയിൽ ഉടനീളം ഫുഡ് പ്രോസസിങ് ഫാക്ടറികളിൽ ഉൾപ്പെടെ ജോലിസ്ഥലങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിതീകരിച്ചത് ആശങ്കയുളവാക്കുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയിൽ 19,609 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 529 പേർ മരണമടയുകയും ചെയ്തു.
ഇതിനിടെ ഫൈസർ വാക്സിൻ 95 ശതമാനം ആളുകളിലും വിജയകരമായി എന്ന പുതിയ കണക്കുകൾ കമ്പനി പുറത്തുവിട്ടു. നേരത്തെ പുറത്തുവിട്ട കണക്കുകൾ പ്രകാരം വിജയശതമാനം 90 ആയിരുന്നു .40 ദശലക്ഷം ഡോസ് ഫൈസർ വാക്സിനാണ് ബ്രിട്ടൻ ഓർഡർ കൊടുത്തിരിക്കുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട ജെയ്സമ്മ ചേച്ചിക്ക് ബർമിങ്ഹാം നിവാസികൾ സ്നേഹത്തിൽ ചാലിച്ച അന്ത്യയാത്രാമൊഴി നൽകി. യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കോട്ടയം പൂഞ്ഞാർ പടന്നമാക്കൽ ടോമി ലൂക്കോസിൻെറ ഭാര്യ ജെയ്സമ്മ (56) രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിതയായി നിര്യാതയായത്. അലൻ എബ്രഹാം ഏകമകനാണ് . ബർമിങ്ഹാമിലും, യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മലയാളികളാണ് തങ്ങളുടെ പ്രിയപ്പെട്ട ജെയ്സമ്മ ചേച്ചിക്ക് അന്ത്യയാത്രാമൊഴി നൽകാനായി എത്തിച്ചേർന്നത്.
പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന മൃതസംസ്കാര ശുശ്രൂഷകൾ മുൻനിശ്ചയപ്രകാരം കൃത്യം 11. 15 ന് തന്നെ ആരംഭിച്ചു. ഫാ. മാത്യു പിന്നക്കാട്ട്, ഫാ. ഷൈജു നടുവതാനിയിൽ, ഫാ. ജോബിൻ കോശക്കൽ വിസി, തുടങ്ങിയവർ മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സീറോ മലബാർ സഭാ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അന്ത്യകർമ്മങ്ങൾ നടന്ന സാൾട്ടലി ദേവാലയത്തിലെത്തി പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുകയും ചെയ്തു.
ബന്ധുമിത്രാദികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്നലെ ഫ്യൂണറൽ ഡയറക്ടേഴ്സിൻെറ അടുത്ത് സൗകര്യം ഒരുക്കിയിരുന്നു. ദേവാലയത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മൃതശരീരം ദഹിപ്പിക്കുന്നതിനായി പെറിബാർ ക്രിമിറ്റോറിയത്തിലേയ്ക്ക് നിരവധിപേരുടെ അകമ്പടിയോടെ വിലാപയാത്രയായി കൊണ്ടുപോയി.

കോവിഡ് ബാധിതയായി മരണമടഞ്ഞതിനാൽ മൃതശരീരം കേരളത്തിലേയ്ക്ക് അയക്കാൻ സാധിക്കാതിരുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. എങ്കിലും ജെയ്സമ്മയ്ക്ക് ജന്മനാടിനോടുള്ള സ്നേഹം മുൻനിർത്തി ചിതാഭസ്മവുമായി ഭർത്താവ് ടോമി ശനിയാഴ്ച്ച കേരളത്തിലേയ്ക്ക് പോകും. അതിന് ശേഷം അരുവിത്തറ സെന്റ് ജോർജ്ജ് പള്ളിയിൽ കുടുംബകല്ലറയിൽ ചിതാഭസ്മം അടക്കം ചെയ്യും. സെഹിയോൻ യുകെയുടെ മുൻനിര പ്രവർത്തകയായിരുന്ന ജെയ്സമ്മ ബർമിങ്ഹാം സെന്റ് ബെനഡിക് മിഷനിലെ അംഗമാണ്.


ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : എൻഎച്ച്‌എസും ഫ്ലോറിഡ ആസ്ഥാനമായുള്ള ജ്വല്ലറി ഡിസൈനറും തമ്മിൽ പിപിഇ ഇടപാട് സ്ഥാപിക്കുന്നതിന് സ്പാനിഷ് ഇടനിലക്കാരന് നൽകിയത് 21 മില്യൺ പൗണ്ട്. മാഡ്രിഡിൽ നിന്നുള്ള ഗബ്രിയേൽ ഗോൺസാലസ് ആൻഡേഴ് സിനാണ് യുകെ നികുതിദായകരുടെ പണമായ 21 മില്യൺ പൗണ്ട് നൽകിയത്. പിപിഇ വിതരണം ചെയ്യുന്ന 31 കാരനായ മൈക്കൽ സൈഗറിന്റെ കീഴിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ബ്രിട്ടീഷ് മന്ത്രിമാർ സൈഗറിന്റെ സ്ഥാപനത്തിന് നിരവധി ലാഭകരമായ കരാറുകൾ നൽകിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് പിപിഇ ഇനങ്ങൾ വേഗത്തിൽ നൽകാൻ കഴിയുന്ന നിർമ്മാതാക്കളെ കണ്ടെത്തുകയായിരുന്നു ആൻഡേഴ്സന്റെ ജോലി. ജൂണിൽ സൈഗറുമായി മൂന്ന് കരാറുകൾ ഒപ്പിടുന്നതിന് മുമ്പ് രണ്ട് എൻ എച്ച് എസ് കരാറുകൾക്കായി 21 മില്യൺ പൗണ്ട് ആൻഡേഴ്സണ് നൽകിയിരുന്നു. എന്നാൽ പിന്നീട് അവരുടെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാവുകയും ഇത് കോടതി പോരാട്ടത്തിലേക്ക് നയിക്കുകയും ചെയ്തു.

കരാർ ലംഘിച്ചതിനും തട്ടിപ്പിനും സൈഗർ ഇപ്പോൾ മിസ്റ്റർ ആൻഡേഴ്സണെതിരെ കേസുകൊടുത്തിട്ടുണ്ട്. അടുത്തിടെ, മൂന്ന് കരാറുകൾ നിർവഹിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും സൈഗർ ആരോപിച്ചു. ഈ വർഷം ആദ്യം, കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ, ഫ്ലോറിഡ ആസ്ഥാനമായുള്ള ജ്വല്ലറി ഡിസൈനർ മൈക്കൽ സൈഗർ സർക്കാരുകൾക്ക് പിപിഇ വിതരണം ചെയ്യുന്നതിനായി ഒരു ബിസിനസ്സ് ആരംഭിച്ചു. എൻഎച്ച്‌എസിന് ദശലക്ഷക്കണക്കിന് കയ്യുറകളും ശസ്ത്രക്രിയാ വസ്ത്രങ്ങളും നൽകുന്നതിന് മൂന്ന് കരാറുകൾ കൂടി ജൂണിൽ സൈഗർ ഒപ്പുവച്ചു. എന്നാൽ ഇതിനു മുമ്പ് തന്നെ അൻഡേഴ്സൺ 21 മില്യൺ പൗണ്ട് നേടിയെടുത്തിരുന്നു. ഇതുവരെ യുകെയിലെ ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് (ഡിഎച്ച്എസ്സി) സൈഗറിന്റെ കമ്പനിയായ സൈഗർ എൽഎൽസിയുമായി 200 മില്യൺ പൗണ്ടിലധികം വരുന്ന കരാറുകൾ പ്രസിദ്ധീകരിച്ചു. എല്ലാ കരാറുകൾക്കും ശരിയായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിൽ ഡിഎച്ച്എസ് സി ഒപ്പിട്ട പിപിഇ കരാറുകളെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുന്നത് ഇതാദ്യമല്ല. സുരക്ഷാ കാരണങ്ങളാൽ സർക്കാർ വാങ്ങിയ 50 ദശലക്ഷം ഫെയ്‌സ് മാസ്കുകൾ എൻഎച്ച്‌എസിൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഈ വർഷം ആദ്യം ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. പിപിഇ വിതരണം ചെയ്യുന്നതിനായി വകുപ്പ് അശ്രാന്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഡിഎച്ച്‌എസ്‌സി വക്താവ് പറഞ്ഞു. ഇതുവരെ 4.9 ബില്യണിലധികം സാധനങ്ങൾ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് കൈമാറിയിട്ടുണ്ട്. എല്ലാ സർക്കാർ കരാറുകളിലും ഉചിതമായ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഈ പരിശോധനകൾ വളരെ ഗൗരവമായി കാണുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലണ്ടൻ: കോവിഡ് ബാധിച്ചുള്ള മരണങ്ങൾ യുകെ മലയാളികളുടെ ഇടയിൽ തുടരുകയാണ്. പ്രായഭേദമന്യേ തങ്ങളുടെ ബന്ധുമിത്രാദികൾ മരണമടയുന്ന വാർത്തയുടെ ഞെട്ടലിലാണ് പ്രവാസി മലയാളി സമൂഹം. കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന മുംബൈ മലയാളിയും കേരളത്തിൽ കായംകുളം സ്വദേശിയുമായ പുന്നൂസ് കുര്യനാണ് മരണമടഞ്ഞത്.
ഭാര്യ: മേരിക്കുട്ടി പുന്നൂസ്. മക്കൾ : ജുബിൻ, മെൽവിൻ.
പരേതൻ ലണ്ടൻ സെന്റ്. ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് അംഗമാണ്.
പുന്നൂസ് കുര്യന്റെ വേർപാടിൽ ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളംയുകെ ന്യൂസിൻെറ അനുശോചനം അറിയിക്കുന്നു.
ടോം ജോസ് തടിയംപാട്
ന്യൂകാസിൽ മലയാളികൾക്ക് അഭിമാനമായ എലിസബത്ത് സ്റ്റീഫനെ അഭിനന്ദിച്ച് ONAM മലയാളി അസോസിയേഷൻ. ഇടുക്കി കട്ടപ്പന സ്വദേശി എലിസബത്ത് സ്റ്റീഫൻ ന്യൂറോളജിയിൽ ഡോക്ടറേറ്റ് (ph.D) നേടിയപ്പോൾ അത് ന്യൂകാസിൽ മലയാളി സമൂഹത്തിനു തന്നെ അഭിമാനമായി മാറി. എലിസബത്തിനെ ആദരിച്ചുകൊണ്ടു ONAM ( ഔർ ന്യൂകാസിൽ അസോസിയേഷൻ ഓഫ് മലയാളീസ്) പ്രസിഡന്റ് സജി സ്റ്റീഫൻ ഉപഹാരം നൽകി .
എലിസബത്ത് കട്ടപ്പന അഞ്ചൻകുന്നത്ത് കുടുംബാംഗമാണ്, പിതാവ് സ്റ്റീഫൻ, മാതാവ് ജെസ്സി എന്നിവർ വളരെ വർഷങ്ങൾക്ക് മുൻപ് യു കെ യിലെ ന്യൂകാസിലിലേക്ക് കുടിയേറിയവരാണ് എലിസബത്തിന്റെ സഹോദരി ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ മെഡിസിന് പഠിക്കുന്നു. എലിസബത്ത് ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ ജോലി നോക്കുന്നു, ഭർത്താവ് ലിബിൻ ജോർജ് ,
എലിസബത്തും കുടുംബവും ONAM മലയാളി അസോസിയേഷനിൽ തുടക്കം മുതൽ ഉള്ള അംഗങ്ങളാണ്. അസോസിയേഷന്റെ എല്ലാപ്രവർത്തനങ്ങളിലും അവർ സജീവമായിരുന്നു. ഇത്തരത്തിൽ വളർന്നുവരുന്ന കുട്ടികൾ സമൂഹത്തിന് പ്രചോദനമാണെന്ന് ONAM അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു
വന്ദേ ഭാരത് വിമാനത്തില്‍ ഇന്ത്യയിലേക്ക് വരുന്നവര്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെക്കുറിച്ചും അതിന്റെ നൂലാമാലകളെക്കുറിച്ചും വിവരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി യുഎൻ ഉദ്യോഗസ്ഥനും ക്രൈസിസ് മാനേജ്‌മന്റ് സ്പെഷ്യലിസ്റ്റുമായ മുരളി തുമ്മാരുക്കുടി. നാട്ടിലേക്കുള്ള യാത്ര സുഖമമാണ്. പക്ഷെ നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്
ഫേസ്ബുക്ക്പോസ്റ്റിന്റെ പൂര്‍ണരൂപം
ലണ്ടൻ : കോവിഡ് ബാധ അനിയന്ത്രിതമായ വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൌൺ കൂടുതൽ കർശനമാക്കണമെന്ന അഭ്യർത്ഥനയുമായി NHS. ഹൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ട്രസ്റ്റ് സി.ഇ.ഒ ക്രിസ് ലോങ്ങ് ആണ് പുതിയ നിർദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത്. വളരെ ഉയർന്ന വൈറസ് ബാധ നിരക്കാണ് ഇപ്പോഴുള്ളത്, ലോക്ക് ഡൌൺ കർശനമായി നടപ്പാക്കുകയാണ് വൈറസ് ബാധ നിയത്രിക്കാനുള്ള ഏക മാർഗം. അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ക് ഡൌൺ കർശനമാക്കുന്നതിന് പുറമെ വൈറസ് ബാധ കുറയുന്നത് വരെ സ്‌കൂളുകൾ അടച്ചിടാനും ക്രിസ് ലോങ്ങ് സർക്കാരിനോട് അഭ്യർത്ഥിച്ചു. എന്നാൽ രണ്ടാം ലോക്ക് ഡൌൺ സമയത്ത് സ്‌കൂളുകൾ അടച്ചിടാനുള്ള അഭ്യർത്ഥന പ്രധാന മന്ത്രി ബോറിസ് ജോൺസൺ തള്ളിക്കളഞ്ഞു. രാജ്യ വ്യാപകമായി പല സെക്കണ്ടറി സ്‌കൂളുകളിലും വൈറസ് ബാധ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറു മാസമായി പരിമിതമായ ലോക്ക് ഡൌൺ നിലനിന്നിട്ടും ഇംഗ്ലണ്ടിലെ മൊത്തം 315 കൗണ്സിലുകളിൽ 218 കൗണ്സിലുകളിലും കോവിഡ് ബാധ നിരക്കിൽ വൻ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
യുകെയിൽ കൊറോണ ബാധ ഏറ്റവും കൂടുതൽ നാശം വിതച്ച മേഖലകളിൽ ഒന്നാണ് ഹൾ. ഒരു ലക്ഷം ആളുകളിൽ 743 പേർക്കാണ് ഇവിടെ കൊറോണ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച മാത്രം രണ്ടായിരത്തിലധികം പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. NHS ജോലിക്കാരുടെ ഷോർട്ടേജ് കാരണം ഹൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ മറ്റു ട്രസ്റ്റുകളിൽ നിന്നും ജോലിക്കാരെ താൽക്കാലികമായി കോൺട്രാക്ട് വ്യവസ്ഥയിൽ നിയമിച്ചിരിക്കുകയാണ്. രാജ്യത്തെ മറ്റു NHS ഹോസ്പിറ്റലുകളിലും ഇത് പോലെ ജോലിക്കാരുടെ ഷോർട്ടേജ് വരുമോയെന്ന ഭീതി NHS മാനേജ്‌മെന്റിനുണ്ട്
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി പ്രിസ്റ്റണിലെ ഷീബാ ഫിലിപ്പിൻെറ വത്സല മാതാവ് അന്നമ്മ ജോർജ് (71) കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. കൊട്ടാരക്കര കരിക്കം മേടയിൽ പരേതനായ ചാക്കോയുടെ ഭാര്യയാണ്. കോവിഡ് ബാധിച്ച് കുറച്ച് ദിവസങ്ങളായി റോയൽ പ്രെസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
മക്കൾ: ഷീജാ തോമസ് (ദുബായ്), ഷീബാ ഫിലിപ്പ് (യു.കെ), ഷിജി സജിത്ത് (കുവൈറ്റ്)
മരുമക്കൾ: തോമസ്, പാസ്റ്റർ ജോൺലി ഫിലിപ്പ് (യുകെ), സജിത്ത്.
സംസ്കാരം പിന്നീട് യുകെയിൽ നടത്താനാണ് തീരുമാനം.
അന്നമ്മ അമ്മയുടെ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.