വീണ്ടും ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. ലോകത്തെ ഏറ്റവും സ്വാധീനിച്ച വനിതകളുടെ പട്ടികയിലാണ് കെകെ ശൈലജയും ഇടം പിടിച്ചിരിക്കുന്നത്. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഫിനാൻഷ്യൽ ടൈംസാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. വായനക്കാർ തെരഞ്ഞെടുത്ത 12 വനിതകളിൽ ഒരാളാണ് ശൈലജ. ഗാർഡിയൻ, ബ്രിട്ടീഷ് മാധ്യമമായ പ്രോസ്‌പെക്ട്, ഫോബ്‌സ് ഇന്ത്യ എന്നീ മാധ്യമങ്ങളും കോവിഡ് പ്രതിരോധ മികവിന് ആരോഗ്യമന്ത്രി കെ കെ ശൈലജയെ പ്രശംസിച്ചിരുന്നു.

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആഡേൺ, യുഎസ് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്, തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ, ജർമ്മൻ ചാൻസലർ ആഞ്ജല മെർക്കൽ, അന്തരിച്ച യുഎസ് സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബാഡർ ഗിൻസ്‌ബെർഗ്, പ്രസിദ്ധ ഗായിക ടെയ്‌ലർ സ്വിഫ്റ്റ് എന്നിവരാണ് ആരോഗ്യമന്ത്രിയ്ക്ക് ഒപ്പം പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.

ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുമായി ഏറ്റവും സ്വാധീനമുള്ള വനിതകളെ കണ്ടെത്തുന്ന ‘വുമൻ ഓഫ് 2020’ സ്‌പെഷ്യൽ സീരീസിന്റെ ഭാഗമായിട്ടാണ് പട്ടിക തയ്യാറാക്കിയത്. എല്ലാ ഡിസംബർ മാസത്തിലും പതിവായി പ്രസിദ്ധീകരിക്കുന്ന പട്ടികയാണിത്.

ബ്രിട്ടീഷ് മാധ്യമമായ ‘ദ ഗാർഡിയൻ’ ‘കൊറോണ വൈറസ് ഘാതക’ എന്ന് വിശേഷിപ്പിച്ച ലേഖനത്തിലെ വാക്കുകൾ ഉദ്ധരിച്ചാണ് ‘ലണ്ടൻ റീഡർ’ എന്ന പേരിലുള്ള നോമിനേഷൻ.

‘കേരളത്തിന്റെ കൊറോണ വൈറസ് അന്തകയും റോക്സ്റ്റാർ ആരോഗ്യമന്ത്രിയുമായ ശൈലജയെ കൊവിഡ് 19നെതിരെ ഇന്ത്യയിൽ നടത്തിയ പോരാട്ടത്തിലെ സവിശേഷ പ്രവർത്തനങ്ങളുടെ പേരിൽ ഞാൻ നാമനിർദേശം ചെയ്യുന്നു.’

ലോകത്തെ സ്വാധീനിച്ച ചെലുത്തിയ വനിതകളുടെ എണ്ണം 12ൽ ഒതുങ്ങുന്നില്ലെന്നും ഓരോ വർഷവും ശക്തരായ വനിതകളുടെ എണ്ണം കൂടിക്കൂടി വരികയാണെന്നും ഫിനാൻഷ്യൽ ടൈംസ് പറയുന്നു.