അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തുടക്കത്തില്‍ ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും വ്യോമയാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താം.
ഇരുരാജ്യങ്ങളുമായും കേന്ദ്ര വ്യോമയാന മന്ത്രാലയം നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനമെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
എയര്‍ ബ്രിഡ്ജസ് അഥവാ എയര്‍ ബബിള്‍സ് എന്ന സംവിധാനമാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ കോവിഡ് കാലത്ത് രാജ്യങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗം. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിനാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് മറ്റു രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
എയര്‍ ബബിള്‍സ് കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യാനാകും. അവിടെ നിന്നും തിരിച്ചും വരാം.
ജൂലൈ 18 മുതല്‍ ഓഗസ്റ്റ് ഒന്ന് വരെ എയര്‍ ഫ്രാന്‍സ് 28 സര്‍വീസുകള്‍ ഡല്‍ഹി, മുംബൈ, ബംഗളുരു, പാരീസ് എന്നിവിടങ്ങളില്‍ നിന്നും നടത്തും. അതേസമയം, അമേരിക്കന്‍ വ്യോമയാന കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സ് ഇന്ത്യയ്ക്കും യുഎസിനും ഇടയില്‍ ജൂലൈ 17 മുതല്‍ ജൂലൈ 31 വരെ 18 സര്‍വീസുകളും നടത്തും.
യുകെയുമായി ഉടന്‍ തന്നെ എയര്‍ ബബിള്‍ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ദിവസം രണ്ട് സര്‍വീസുകള്‍ ഡല്‍ഹിക്കും ലണ്ടനും ഇടയില്‍ നടത്താനാണ് ശ്രമിക്കുന്നത്. കൂടാതെ, ജര്‍മ്മനിയുടെ കമ്പനികളുമായും ചര്‍ച്ച നടക്കുന്നുണ്ട്.
ഫ്രാന്‍സിലേക്കും യുഎസിലേക്കും ഇന്ത്യയില്‍ നിന്നും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. കൊറോണവൈറസ് മഹാരമാരി മൂലം മാര്‍ച്ച് 23 മുതല്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.
ജൂലൈ 13 വരെ ഇന്ത്യ വന്ദേഭാരത് മിഷന്റെ ഭാഗമായി 2,08,000 ഇന്ത്യാക്കാരെ വിദേശത്തുനിന്നും 1,103 സര്‍വീസുകളിലായി തിരികെ നാട്ടിലെത്തിച്ചിട്ടുണ്ട്.
ഓരോ രാജ്യവും കോവിഡ്-19 മഹാമാരിയെ നിയന്ത്രിക്കുന്നതിനെ പരിഗണിച്ചാണ് മറ്റു രാജ്യങ്ങള്‍ എയര്‍ ബബിള്‍ സംവിധാനത്തിന് സമ്മതം മൂളുന്നത്.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷിന്റെ ഇടപെടൽ മൂലം ഒതുക്കി തീർത്ത കായിക താരത്തിനെതിരായ അഴിമതി ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കായിക താരം ബോബി അലോഷ്യസ് നടത്തിയത് ഗുരുതര അഴിമതിയെന്ന് മുൻ സ്‌പോർട്‌സ് കൗൺസിൽ അംഗം സലിം പി ചാക്കോ
ഇംഗ്ലണ്ടിൽ പഠിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന ഫണ്ടുകളിൽ നിന്ന് അനുവദിച്ച 49 ലക്ഷം രൂപ ബോബി അലോഷ്യസ് ദുർവിനോയം ചെയ്തു. സർക്കാരുമായി ഉണ്ടായിരുന്ന വ്യവസ്ഥകൾ ലംഘിച്ചു. ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ സ്ഥാപനം തുടങ്ങിയെന്നും സലിം പി ചാക്കോ പറഞ്ഞു.
2016ൽ ബോബി അലോഷ്യസിനെതിരെ പല പരാതികളും ഉയർന്നിരുന്നു. ഇത് അഞ്ജു ബോബി ജോർഡിന്റെ നേതൃത്വത്തിലുള്ള സ്‌പോർട്‌സ് കൗൺസിൽ വിശദമായി ചർച്ച ചെയ്തു. പഴയ ഫയലുകൾ കൃത്യമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബോബി അലോഷ്യസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. വിഷയത്തിൽ
വിജിലൻസ് അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പരാതി ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറിയിരുന്നുവെന്നും സലിം പി ചാക്കോ കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകന്‍
കൊച്ചി : കായികതാരം ബോബി അലോഷ്യസിന്റെ വിവാദ വിദേശ യാത്രകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കായിക മന്ത്രി ഇപി ജയരാജന്‍ . കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിഷയം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അന്വേഷണം നീട്ടിക്കൊണ്ടു പോയി കാലതാമസം ഉണ്ടാക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കായികതാരം ബോബി അലോഷ്യസ് കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം . ബിഎസ്സി സ്പോര്‍ട്സ് സയന്‍സ് പഠിക്കാനായാണ് കേന്ദ്രവും സംസ്ഥാനവും ഫണ്ട് നല്‍കി ബോബി അലോഷ്യസിനെ ലണ്ടനിലേക്ക് അയയ്ച്ചത് . അവിടെ എത്തിയ ബോബി അലോഷ്യസ് പഠനം നടത്താതെ ലണ്ടനില്‍ ഒരു സ്വകാര്യ സ്ഥാപനം ആരംഭിക്കുകയായിരുന്നു. മുന്‍പ് പലതവണ ഈ ആരോപണം ഉയര്‍ന്നപ്പോഴും ഇതിനെ നിരാകരിച്ച് ഇവര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍, അവര്‍ ലണ്ടനില്‍ ആരംഭിച്ച കമ്പനിയുടെ രജിസ്ട്രേഷന്‍ രേഖകള്‍ അടക്കമുള്ളവ ഇപ്പോള്‍ പുറത്ത് വന്നിരുന്നു . യുകെ സ്റ്റഡി അഡ്വൈസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇംഗ്ലണ്ടിലെ ഷേര്‍സ്ഷ്വറിയില്‍ ഇവര്‍ ആരംഭിച്ചത്. രേഖകള്‍ പ്രകാരം ബോബി അലോഷ്യസ് തന്നെയാണ് കമ്പനിയുടെ സെക്രട്ടറി. ഇതുവഴി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുടെ കബളിപ്പിക്കുകയും ഒരു ഉദ്യോഗസ്ഥ എന്ന നിലയില്‍ ഇവര്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്തു.
2003ല്‍ 15 ലക്ഷം രൂപയാണ് കേരള സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ 34 ലക്ഷം രൂപയോളം ഇവര്‍ക്ക് നല്‍കി. ബിഎസ്സി സ്പോര്‍ട്സ് സയന്‍സ് പൂര്‍ത്തിയാക്കി തിരികെ വന്ന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം. ഇത് മറികടന്നാണ് ഇവര്‍ കമ്പനി രൂപീകരിച്ചത്. ഭര്‍ത്താവിനെ പരിശീലകന്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയത്. പിടിക്കപ്പെടുമെന്ന് ഉറപ്പാകുന്ന ഘട്ടത്തില്‍ 10 വര്‍ഷത്തിനു ശേഷം ഇവര്‍ തിരികെ എത്തുകയും ഒരു മാപ്പപേക്ഷ പോലുമില്ലാതെ സര്‍വീസില്‍ പ്രവേശിക്കുകയും ചെയ്തു.
യു കെ യിലെ ബേൺലിയിൽ താമസിക്കുന്ന യുകെ മലയാളി മാട്രിമോണിയൽ സ്ഥാപനം നടത്തുന്ന ഷിബു കൈതോലിയുടെ മാതാവ് കാഞ്ഞാർ: കിഴക്കേക്കര കൈതോലിൽ പരേതനായ ഇട്ടിക്കുഞ്ഞിൻ്റെ ഭാര്യ മറിയക്കുട്ടി (85 ) നിര്യാതയായി വിവരം വ്യസന സമ്മതം അറിയിക്കുന്നു . സംസ്കാരം (ബുധൻ – 15-7-2020) 2.30 ന് അറക്കുളം സെൻ്റ് മേരീസ് പുത്തൻ പളളിയിൽ. വാഴക്കുളം നമ്പ്യാപറമ്പിൽ കുടുംബാംഗമാണ് .
മക്കൾ: ജെസ്സി, വിൻസി, ഷിബു,(യു .കെ ) ബിജു,(കാനഡ ) സിൻസി,(സിംഗപ്പൂർ ) പരേതനായ ബാബു.
മരുമക്കൾ: റാണി വേങ്ങാപ്പള്ളിൽ,(ആരക്കുഴ) ബേബിച്ചൻ പന്തപ്പള്ളിൽ,(പാലാ ) മാത്യു പുതിയാപറമ്പിൽ ,(നെടുംകുന്നം )മേഴ്സി പുളിയമ്മാക്കൽ, (തോപ്രാംകുടി )ആൻസി കാണ്ടാവനം (കുടയത്തൂർ ), സജി കിഴക്കേക്കര(ചെറുപുഴ )
ഷിബുവിന്റെ അമ്മയുടെ നിര്യണത്തിൽ ഇടുക്കി ജില്ലാ സംഗമവും ഇടുക്കി ചാരിറ്റി ഗ്രൂപ്പും ദുഖവും ആദരാഞ്ജലിയും അറിയിച്ചു.
എന്നും മലയാളം യുകെയുടെ ഒരു നല്ല സുഹൃത്തായ ഷിബു കൈതോലിയുടെ മാതാവിന്റെ വേർപാടിൽ ദുഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ മലയാളംയുകെ ന്യൂസും പങ്കു ചേരുന്നു.
മൃതസംസ്കാര ചടങ്ങുകളുടെ തത്സമയ സംപ്രേഷണം താഴെപറയുന്ന ലിങ്കിൽ ലഭ്യമാണ്
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഡിസംബർ 31 നു ശേഷം ബ്രിട്ടണിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാർ ഹുവെയ്‌യുടെ 5 ജി കിറ്റുകൾ വാങ്ങരുതെന്ന നിർദ്ദേശമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. 2027 ഓടു കൂടി ചൈനീസ് കമ്പനികളുടെയെല്ലാം കിറ്റുകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ഡിജിറ്റൽ സെക്രട്ടറി ഒലിവർ ഡോഡെൻ ആണ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാൽ ആണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്നാണ് പൊതുവേയുള്ള നിഗമനം. എന്നാൽ ഇത്തരത്തിൽ ഹുവെയ്‌യുടെ 5 ജി സേവനങ്ങൾ നിരോധിക്കുന്നത് നിലവിലുള്ള ഇന്റർനെറ്റ് സ്പീഡിനെയും മറ്റും സാരമായി ബാധിക്കും.
ഇത്തരമൊരു തീരുമാനം ബ്രിട്ടനെ പുറകോട്ടടിക്കുമെന്ന് കമ്പനി അധികൃതർ പ്രതികരിച്ചു. ബ്രിട്ടന്റെ ഈ തീരുമാനം കമ്പനിയെ ഒരുതരത്തിലും ബാധിക്കുകയില്ലെന്നും അവർ രേഖപ്പെടുത്തി. ബ്രിട്ടനിലെ ചൈനീസ് അംബാസിഡറും ബ്രിട്ടന്റെ ഈ തീരുമാനത്തെ അപലപിച്ചു. ബ്രിട്ടനിലെ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഇത്തരം തീരുമാനങ്ങൾ അത്യന്താപേക്ഷിതം ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പ്രതികരിച്ചു.
തീരുമാനം പുനഃപരിശോധിക്കാൻ സാധ്യതയില്ല എന്നാണ് പ്രാഥമിക നിഗമനം. 1600 ഓളം പേർക്ക് ഹുവെയ് ബ്രിട്ടനിൽ ജോലി നൽകുന്നുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ഇത്തരമൊരു തീരുമാനത്തിന് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്.
ബ്രിട്ടനിലെ ബോൾട്ടണിൽ മലയാളി വിദ്യാർത്ഥിനി മരണമടഞ്ഞു. ബോൾട്ടണിൽ താമസിക്കുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി ബോൾട്ടണിൽ താമസിക്കുന്ന സണ്ണി ചാക്കോയുടെയും വത്സമ്മയുടെയും മകൾ ഈവലിൻ ചാക്കോ (16 ) ആണ് മരണമടഞ്ഞത്. ജി സി എസ് സി വിദ്യാർത്ഥിനിയാണ്. അസുഖ ബാധിതയായി രണ്ട് ദിവസം മുൻപാണ് ഈവലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈവലിന്റെ അപ്രതീക്ഷിത വേർപാട് ഇവിടെയുള്ള മലയാളി സമൂഹത്തെ ആകെ വേദനിപ്പിച്ചിരിക്കുകയാണ്.
ഈവലിന്റെ സംസ്കാരം യുകെയിൽ തന്നെ നടത്തുവാനാണ് തീരുമാനം എന്ന് അറിയുന്നു. കൂടുതൽ വിവരങ്ങള് പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഈവലിന്റെ വേർപാടിൽ ദുഖാർത്തരായ ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനങ്ങൾ അറിയിക്കുന്നു.
യെമനിൽ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് സൗദി അറേബ്യ 500 ലധികം വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നു ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. സൗദി സകല നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് നടത്തി എന്നാരോപിക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നതിനെ കഴിഞ്ഞ ആഴ്ച യു.കെ ന്യായീകരിച്ചത്. സൗദി അറേബ്യക്ക് യുകെ ആയുധ വിൽപ്പന പുനരാരംഭിച്ചതിനെക്കുറിച്ചുള്ള കോമൺസിൽ നിന്നും ഉയര്‍ന്ന അടിയന്തിര ചോദ്യത്തിന് വാണിജ്യ മന്ത്രി ഗ്രെഗ് ഹാൻഡ്സ് മറുപടി നല്‍കിയതോടെയാണ് സൗദിയുടെ അന്താരാഷ്‌ട്ര നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയത്. എന്നാല്‍ കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കാന്‍ സന്നദ്ധമാകുമ്പോഴും സൗദി നടത്തിയിട്ടുള്ള എത്ര ബോംബാക്രമണങ്ങള്‍ യു.കെ അവലോകനം ചെയ്തിട്ടുണ്ട് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
സൗദി നടത്തിയ ഓരോ ആക്രമണങ്ങളെ കുറിച്ചും യുകെ സർക്കാർ റിപ്പോർട്ടുകളൊന്നും പ്രസിദ്ധീകരിക്കില്ലെന്നും ഗ്രെഗ് ഹാൻഡ്സ് വ്യക്തമാക്കി. വിവരങ്ങളുടെ രഹസ്യ സ്വഭാവം പരിഗണിച്ച് അങ്ങിനെ പരസ്യപ്പെടുത്താന് അദ്ദേഹത്തിന് സ്വാതന്ത്ര്യമില്ല എന്നാണ് പറഞ്ഞത്. 2015 മുതൽ യെമനിൽ സൗദി നേതൃത്വത്തിലുള്ള സഖ്യം ഏത്ര അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന ലേബർ എംപി സറാ സുൽത്താനയുടെ രേഖാമൂലമുള്ള ചോദ്യത്തെത്തുടർന്നാണ് സര്‍ക്കാര്‍ മറുപടി പറയാന്‍ നിര്‍ബന്ധിതമായാത്. ‘ജൂലൈ 4 വരെ, യെമനിൽ അന്താരാഷ്ട്ര മാനുഷിക നിയമം (ഐഎച്ച്എൽ) ലംഘിച്ചതായി ആരോപിക്കപ്പെടുന്ന സംഭവങ്ങളുടെ എണ്ണം പ്രതിരോധ മന്ത്രാലയം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് 535 ആണ്’ എന്നാണ് പ്രതിരോധ മന്ത്രി ജെയിംസ് ഹീപ്പി നല്‍കിയ മറുപടി.
യുകെ സർക്കാർ 2017 ഡിസംബറില്‍ അവസാനമായി പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ 318 അന്താരാഷ്‌ട്ര നിയമ ലംഘനങ്ങള്‍ സൗദിയുടെ ഭാഗത്തു നിന്നും ഉണ്ടായി എന്നാണ് പറഞ്ഞിരുന്നത്. രണ്ടര വർഷത്തിനിടെ 200 സംഭവങ്ങളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ദമ്പതി വർഷത്തോട് അനുബന്ധിച്ച് കുടുംബാഗങ്ങൾക്ക് ഒന്നുചേർന്ന് സീറോ മലബാർ സഭയുടെ ചരിത്രം പഠിക്കാൻ ഒരു അവസരം. സഭയെ അറിഞ്ഞാലെ സഭയെ സ്നേഹിക്കാൻ സാധിക്കു . നാം ആയിരിക്കുന്ന നമ്മുടെ സഭയുടെ ചരിത്രം അറിയുക എന്നുള്ളത് നമ്മുടെ അവകാശവും ആവശ്യവുമാണ്. ഓരോ സഭയ്ക്കും വ്യത്യസ്തമായ പാരമ്പര്യവും ആരാധനാക്രമവുമാണുള്ളത്. ഓരോ സഭയുടെയും പാരമ്പര്യമനുസരിച്ച് വ്യത്യസ്തമായ ആചാരാനുഷ്ട്ടാനങ്ങളും ആരാധന ക്രമരീതികളുമാണ് ഉള്ളത് . ഈശോമിശിഹായിലൂടെ ദൈവത്തിന്റെ കരുണയും സ്‌നേഹവും രക്ഷയും നമുക്ക് വെളിവാക്കപ്പെട്ടു തന്നു.ഇപ്രകാരം വെളിപ്പെടുത്തപ്പെട്ട മിശിഹാ രഹസ്യം ക്രിസ്തുശിഷ്യന്മാർ ലോകം മുഴുവനിലും പ്രഘോഷിച്ചു. ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ തോമാശ്ലീഹായാണ് ഭാരതത്തിന്റെ മണ്ണിൽ സുവിശേഷം പ്രസംഗിച്ചു നമ്മുടെ സഭ സ്ഥാപിച്ചത് എന്നു പറയുമ്പോൾ നമുക്ക് അഭിമാനിക്കാം.
രൂപതയിലെ ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ ചരിത്ര പഠന മത്സരത്തിന്റെ കവർ ഫോട്ടോ ആകാൻ താല്പര്യമുള്ളവർക്ക് ഇതാ ഒരു അവസരം. സീറോ മലബാർ സഭയിലെ കുടുംബങ്ങൾക്കായിട്ട് നടത്തപ്പെടുന്ന ഈ മത്സരത്തിന് സീറോ മലബാർ സഭയുടെ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള ഏറ്റവും പുതിയ കുടുംബ ഫോട്ടോകളാണ് ക്ഷണിച്ചിരിക്കുന്നത്. മത്സരാര്ഥികളിൽ നിന്നും ലഭിക്കുന്ന കുടുംബഫോട്ടോയിൽ നിന്നും തെരഞ്ഞെടുക്കുന്ന ഫോട്ടോ ആയിരിക്കും കവർ ഫോട്ടോ ആയിട്ട് തുടർന്നുള്ള മത്സരങ്ങളിൽ ഉപയോഗിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അവരുടെ ഫോട്ടോകൾ ഓഗസ്റ്റ് 15 ന് മുൻപ് കിട്ടത്തക്ക രീതിയിൽ അയച്ചുതരുക. ഫോട്ടോയുടെ കൂടെ നിങ്ങളുടെ പേരും നിങ്ങൾ ആയിരിക്കുന്ന മിഷൻ / പ്രൊപ്പോസഡ് മിഷൻ /ഇടവക എന്നിവയും ചേർത്തിരിക്കണം .നിങ്ങളുടെ ഫോട്ടോകൾ [email protected] എന്ന ഈമെയിലിൽ അയക്കണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ 2020 ബൈബിൾ ക്വിസ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ കൂടുതൽ കുട്ടികൾ മുൻനിരയിലേക്ക്. കഴിഞ്ഞ ആഴ്ചകളിലെ മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ കുട്ടികൾ എയ്ജ് ഗ്രൂപ്പ് 11 – 13 ൽ നൂറുശതമാനം വിജയം നേടി. മറ്റു രണ്ടു ഗ്രൂപ്പുകളിലും വിജയശതമാനത്തിൽ മുമ്പിൽ തന്നെ . കുട്ടികൾ മത്സരങ്ങളെ ഏറ്റവും ഗൗരവത്തോടെയും ആവേശത്തോടെയും കാണുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ ദിവസങ്ങളിലെ മത്സരഫലം കാണിക്കുന്നത്.
കുട്ടികൾ ബൈബിൾ പഠിക്കുക എന്ന ലക്ഷ്യത്തോടെ രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് തുടങ്ങിയ ഈ വലിയ സംരംഭം ഇന്ന് ഒരു വലിയ വിജയമായി മുന്നേറുന്നു. അടുത്ത രണ്ട് ആഴ്ചകളിലെ മത്സരങ്ങൾകൂടി കഴിയുമ്പോൾ രണ്ടാം റൗണ്ട് മത്സരങ്ങൾ അവസാനിക്കും . നാല് ആഴ്ചകളിലായി നടത്തുന്ന രണ്ടാം റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടി അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അമ്പതു ശതമാനം കുട്ടികൾ മൂന്നാം റൗണ്ടിലേക്കുള്ള മത്സര പരീക്ഷകൾക്ക് യോഗ്യത നേടും .
മൂന്നാം റൗണ്ട് മത്സരങ്ങൾ മൂന്ന് ആഴ്ചകളായിട്ടാണ് നടത്തുന്നത് . ഓഗസ്റ്റ് 29 തിന് ഫൈനൽ മത്സരങ്ങൾ നടത്തും . ഈ ആഴ്ചയിലെ പഠന ഭാഗങ്ങളും ബൈബിൾ ക്വിസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും രൂപത ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റിൽനിന്നും അറിയുവാൻ കഴിയുമെന്ന് ഓൺലൈൻ ക്വിസ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു . കഴിഞ്ഞ ആഴ്ചയിലെ മത്സരത്തിൽ മുൻ നിരയിൽ വന്നവർ ആരൊക്കെയെന്നറിയുവാൻ ദയവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .
അയർലൻഡ്: അയർലണ്ടിലെ ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിക്കുന്ന മലയാളി ജോണ്‍സണ്‍ ഡി ക്രൂസ് (53) നിര്യാതനായി. ബെല്‍ ഫ്രീയിലെ താമസക്കാരനായിരുന്ന ജോണ്‍സണ്‍ ട്രെഡ് മില്ലില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്. പോസ്റ്റുമോർട്ടം കഴിഞ്ഞെങ്കിൽ മാത്രമേ മരണകാരണം അറിയുവാൻ സാധിക്കൂ.
ട്രെഡ് മില്ലിനു സമീപം നിലത്ത് വീണു കിടക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന മറ്റൊരു മലയാളിയാണ് ജോണ്‍സനെ നിലത്തു കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയത്. ജോണ്‍സന്റെ ഭാര്യ ഓസ്‌ട്രേലിയയിലാണ്. യൂ സി ഡിയില്‍ പഠിക്കുന്ന മകന്റെ പഠനവുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ അയര്‍ലണ്ടില്‍ തുടരുകയായിരുന്നു.
കൗണ്ടി ഗോള്‍വേയിലെ ട്യൂമില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച നിര്യാതനായ മട്ടാഞ്ചേരി സ്വദേശി താഴ് ശ്ശേരി ജോര്‍ജ് ജോസ് വര്‍ഗീസിന്റെ (ലിജു) സംസ്‌കാരം ഇന്നലെ ട്യൂമില്‍ നടത്തപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് സമപ്രായക്കാരനായ ജോണ്‍സന്റെ മരണ വാര്‍ത്തയും എത്തിയത്. അയര്‍ലണ്ടില്‍ ഒരാഴ്ചക്കിടെ രണ്ട് മരണങ്ങൾ ഉണ്ടായത് അയർലൻഡ് പ്രവാസി മലയാളികളെ സങ്കടപ്പെടുത്തിയിരിക്കുകയാണ്. ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനമായിട്ടില്ല.