അച്ഛൻ തോമസ് മാർക്കിളുമായുള്ള അടുത്ത ബന്ധം വഷളാകാൻ കാരണം ചില ബ്രിട്ടീഷ് മാധ്യമങ്ങളാണെന്ന് മേഗൻ മാർക്കിൾ. അച്ഛന് പണം നൽകി പലരും അദ്ദേഹത്തിൽ നിന്ന് വാർത്തകൾ സൃഷ്ടിച്ചിരുന്നുവെന്നും മേഗൻ വെളിപ്പെടുത്തി. പുതിയ കോടതി വ്യവഹാര രേഖകളിലാണ് മേഗൻ ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
അച്ഛനുമായുണ്ടായിരുന്ന സാമ്പത്തികപരമായ ബന്ധത്തെക്കുറിച്ചും മേഗൻ പരാമർശിക്കുന്നുണ്ട്. മേഗൻ അച്ഛന് സാമ്പത്തിക സഹായങ്ങൾ നൽകുന്നില്ലെന്നും തന്റെ വിദ്യാഭ്യാസത്തിനു വേണ്ടി അച്ഛനെടുത്ത വായ്പ പോലും തിരിച്ചടയ്ക്കാൻ കൂട്ടാക്കിയിരുന്നില്ലെന്നും ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ ഇവയെല്ലാം നിരാകരിച്ചിരിക്കുകയാണ് മേഗന്റെ വക്കീൽ. ഇത്തരത്തിലുള്ള തിരിച്ചടവുകളെക്കുറിച്ച് മേഗന് അറിവില്ലായിരുന്നുവെന്നാണ് വക്കീൽ പറയുന്നത്.
മേഗൻ സമ്പാദിക്കാൻ തുടങ്ങിയ കാലം മുതൽ അച്ഛനെ സഹായിക്കുന്നുണ്ട്. 2014 തൊട്ട് മേഗൻ അച്ഛനെ സഹായിക്കുന്നുണ്ട്. ഹാരിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച കാലത്താണ് മേഗനും അച്ഛനും തമ്മിൽ സംസാരിക്കുന്നതു നിർത്തിയത്. ഇതിനു ശേഷമാണ് മേഗൻ അച്ഛനെ സഹായിക്കാതെയായതെന്നും വക്കീൽ പറയുന്നു. ഹാരിയുമായുള്ള മേഗന്റെ വിവാഹത്തിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്ന തോമസ് മാർക്കിൾ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിവാഹത്തിൽ നിന്ന് അകന്നു നിൽക്കുന്നുവെന്നറിയിച്ചത്.
മേഗനുമായി ബന്ധപ്പെട്ട് നെഗറ്റീവ് വാർത്തകൾ ഉണ്ടാക്കുകയാണ് ചില ബ്രിട്ടീഷ് മാധ്യങ്ങളെന്നും താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. അകന്നുകഴിയുന്ന അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തികപരമായ കാര്യങ്ങളെക്കുറിച്ചും തുറന്നു പറച്ചിൽ നടത്താൻ ഈ മാധ്യമങ്ങൾ മേഗനെ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറയുന്നു.
2019ൽ ഇരുവരും തമ്മിലുള്ള അകൽച്ച സംബന്ധിച്ച് മേഗൻ തോമസ് മാർക്കിളിന് അയച്ച കത്തുകൾ പരസ്യമായിരുന്നു. ഇവ ചില മാധ്യമങ്ങൾ തന്റെ അനുവാദമില്ലാതെ പരസ്യപ്പെടുത്തിയെന്നും അവ മാധ്യമങ്ങൾക്ക് നൽകിയതിലൂടെ അച്ഛൻ തന്റെ സ്വകാര്യത ലംഘിക്കുകയായിരുന്നുവെന്നും കാണിച്ച് മേഗൻ പരാതിപ്പെട്ടിരുന്നു. തന്റെ എഴുത്തുകളിൽ പത്രങ്ങൾ എഡിറ്റിങ് നടത്തിയിരുന്നെന്നും മേഗൻ ആരോപിച്ചിരുന്നു.
ലണ്ടൻ ∙ കോവിഡിന്റെ സാമൂഹ്യ വ്യാപനം തടയാനും പ്രതിരോധിക്കാനും ഏറ്റവും വലിയ പ്രതിസന്ധിയായി നിലനിന്നിരുന്നത് ലക്ഷണം ഇല്ലാത്ത രോഗികളുടെ എണ്ണം ആയിരുന്നു. കോവിഡ് ആന്റിബോഡി പരിശോധനാ പരീക്ഷണങ്ങളുടെ ആദ്യഘട്ടം വിജയിച്ചതിനു പിന്നാലെ ദശലക്ഷക്കണക്കിന് ആളുകളിൽ സൗജന്യ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് യുകെ സർക്കാർ. ഓക്സ്ഫഡ് സർവകലാശാലയും രാജ്യത്തെ പ്രമുഖ ഡയഗ്നോസ്റ്റിക്സ് സ്ഥാപനങ്ങളുമായും ചേർന്ന് യുകെ റാപ്പിഡ് ടെസ്റ്റ് കൺസോർഷ്യമാണ് (യുകെ–ആർടിസി) ആന്റിബോഡി പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത്.
കഴിഞ്ഞ മാസം നടത്തിയ പരീക്ഷണങ്ങളിൽ 98.6 ശതമാനം കൃത്യതയാണ് കോവിഡ് കിറ്റ് രേഖപ്പെടുത്തിയത്. കുറഞ്ഞ ചെലവിൽ, 20 മിനിറ്റിൽ ഫലമറിയാൻ സാധിക്കും. ആന്റിബോഡി ടെസ്റ്റിൽ 98.6 ശതമാനം കൃത്യത കണ്ടെത്തിയത് വളരെ നല്ല വാർത്തയാണെന്ന് യുകെ–ആർടിസി മേധാവി ക്രിസ് ഹാൻഡ് പറഞ്ഞു.
ഈ വർഷംതന്നെ ആയിരക്കണക്കിന് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് യുകെ-ആർടിസിയുമായി ചർച്ചകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് കിറ്റിനുള്ള അന്തിമ അനുമതി അടുത്ത ആഴ്ചയോടു കൂടി മാത്രമെ ലഭിക്കൂ.
എങ്കിലും ഇതിനോടകം തന്നെ ആയിരക്കണക്കിനു പ്രോട്ടോടൈപ്പുകൾ യുകെയിലെ വിവിധ ഫാക്ടറികളിലായി നിർമിച്ചു കഴിഞ്ഞു. സൂപ്പർ മാർക്കറ്റുകൾക്ക് പകരം ഓൺലൈൻ വിപണിയിൽ ആന്റിബോഡി ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിനാണ് സർക്കാർ ശ്രമം.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ പ്രവർത്തനം 2004 ആരംഭിച്ചതു മുതൽ ഞങ്ങൾക്ക് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് ,യു കെ യിലെ അറിയപ്പെടുന്ന മലയാളം ഓൺലൈൻ ആയ മലയാളം യു കെ ഞങ്ങൾക്ക് അവാർഡ് തന്നു ആദരിച്ചിട്ടുണ്ട് ,ലിവർപൂൾ ക്നാനായ അസോസിയേഷൻ ഞങ്ങളെ ആദരച്ചിട്ടുണ്ട് ,പടമുഖം സ്നേഹമന്ദിരം ഞങ്ങൾക്ക് ബഹുമാനം നൽകിയിട്ടുണ്ട് എന്നാൽ അതിലെല്ലാം വലിയ ഒരു അംഗീകാരമാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അമേരിക്കൻ മലയാളി ഞങ്ങൾക്ക് നൽകിയത് .
ഒരു ദിവസം അദ്ദേഹം ഫേസ്ബൂക്കിലൂടെ എന്നെ വിളിച്ചു പറഞ്ഞു ഇടുക്കി ചാരിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് നിങ്ങളുടെ സുതാര്യതയും സത്യസന്ധതയും എനിക്കിഷ്ടപ്പെട്ടു അതുകൊണ്ടു ഞാൻ കുറച്ചു പണം താങ്കൾക്ക് അയച്ചുതരാം അത് താങ്കൾക്ക് ഇഷ്ടമുള്ളവർക്ക് കൊടുത്തുകൊള്ളുക .അതുകേട്ടപ്പോൾ മനസ്സിൽ വലിയ സന്തോഷം തോന്നി ഞങ്ങൾ ചെയ്യുന്ന ഈ എളിയ പ്രവർത്തനത്തിന് കിട്ടുന്ന ഒരു വലിയ അംഗീകാരവുമായി തോന്നി . അദ്ദേഹം 199 ഡോളർ അയച്ചു അത് രൂപയിലേക്കു മാറ്റിയപ്പോൾ 13200 രൂപ ലഭിച്ചു. കിട്ടിയ തുകയിൽ 8200 രൂപ തൊടുപുഴ കരിംങ്കുന്നത്ത് വെയ്റ്റിംഗ് ഷെഡിൽ ജീവിതം തള്ളിനീക്കുന്ന മുണ്ടൻ ചേട്ടന് കരിംകുന്നം പഞ്ചായത്തു ഏഴാം വാർഡ് മെമ്പർ ലില്ലി ബേബി അദ്ദേഹം താമസിക്കുന്ന വെയ്റ്റിങ് ഷെഡിൽ എത്തി കൈമാറി. മുണ്ടൻ ചേട്ടനെ ചെറുപ്പം മുതൽ എനിക്കറിയാം. ജീവിതം മുഴുവൻ കഠിനാധ്വാനം ചെയ്ത മുണ്ടൻ ചേട്ടൻ ആരും സഹായത്തിനില്ലാതെ ഇന്നു കഴിഞ്ഞുകൂടുന്നു .

5000 രൂപ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീട് തകർന്നുപോയ, തടിയംപാട് സ്വദേശി അരുണിനു വീട്ടുസാധനങ്ങൾ വാങ്ങുന്നതിനുവേണ്ടി ചെറുതോണി മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ബാബു ജോസഫ് കൈമാറി . യു കെ യിലും അമേരിക്കയിലും ഉള്ള മലയാളി സമൂഹം ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തോട് കാണിക്കുന്ന നല്ല മനസ്സിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് വേണ്ടി നന്ദി അറിയിക്കുന്നു ഞങ്ങൾക്കു ഇതുവരെ 85 ലക്ഷത്തോളം രൂപ പാവങ്ങൾക്ക് നൽകാൻ കഴിഞ്ഞത് നിങ്ങളുടെ സഹായം കൊണ്ടാണ് അതിനെ നന്ദിയോടെ സ്മരിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് ,സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ് .
ലണ്ടൻ∙ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരേയും നാട്ടിലേക്കു മടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടും നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി അനുകൂലമായതോടെ ഐഎസ് ഭീകരന്റെ വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന് ഇനി ബ്രിട്ടനിലേക്കു മടങ്ങാം. സിറിയൻ അഭയാർഥി ക്യാംപിൽ നിന്നാണ് ഷമീമയ്ക്ക് ബ്രിട്ടനിൽ തിരികെയെത്താൻ വഴിയൊരുങ്ങുന്നത്.
കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് ഒമ്പതു മാസം ഗർഭിണിയായ ഷമീമ നാട്ടിലേക്കു മടങ്ങാൻ ശ്രമിക്കുന്നതായും ബ്രിട്ടനിലെത്തി കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്നതായുമുള്ള വാർത്തകൾ പുറത്തുവന്നത്. ഗർഭിണിയായ ഷമീമ അഭയാർഥി ക്യാംപിൽ കഴിയുന്ന ചിത്രങ്ങൾ സഹിതമായിരുന്നു മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടത്.
15 വയസ് മാത്രം പ്രായമുള്ളപ്പോൾ രണ്ട് കൂട്ടുകാരികളോടൊപ്പം ഐഎസിൽ ചേരാനായി ഈസ്റ്റ് ലണ്ടനിൽനിന്നും ടർക്കി വഴി സിറിയയിലേക്കു പോയ സ്കൂൾ കുട്ടികളിൽ ഒരാളാണ് ഷമീമ. ഇവർക്കൊപ്പം പോയ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു. സിറിയയിലെത്തി ഐഎസ് ഭീകരന്റെ ഭാര്യയായി മൂന്നു കുട്ടികൾക്ക് ജന്മം നൽകിെയങ്കിലും മൂന്നുപേരും ഭാരക്കുറവും മറ്റ് അസുഖങ്ങളും മൂലം മരിച്ചു.
ഡച്ചുകാരനായ യാഗോ റീഡ്ജിക്ക് എന്ന ഐഎസ് ഭീകരനാണ് സിറിയയിലെത്തിയ ഷമീമയെ വധുവായി സ്വീകരിച്ചത്. ഇദ്ദേഹത്തിന്റെ മൂന്നു കുട്ടികൾക്കാണ് ഷമീമ ജന്മം നൽകിയത്. മൂന്നാമതും ഗർഭിണിയായി താമസിയാതെ ഷമീമയുടെ ഭർത്താവ് സിറിയൻ പട്ടാളത്തിന്റെ പിടിയിലായി. ഇതെത്തുടർന്നാണ് ഇവർക്ക് അഭയാർഥി ക്യാംപിൽ എത്തേണ്ട സാഹചര്യം ഉണ്ടായത്
ഐഎസിൽ ചേരാൻ പോയവൾ തിരികെയെത്തുന്നതിലെ ജനരോഷം മുൻകൂട്ടിക്കണ്ട് ബ്രിട്ടൻ ഇവരുടെ പൗരത്വം റദ്ദാക്കുകയും മടങ്ങിവരാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. പിന്നീട് ഷമീമ ക്യാംപിൽ തന്നെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയെങ്കിലും ഭാരക്കുറവുമൂലം ദിവസങ്ങൾക്കുള്ളിൽ കുട്ടി മരിച്ചു.
അന്ന് ബുർഖയണിഞ്ഞ് മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ഷമീമ മതവസ്ത്രങ്ങൾ ഉപേക്ഷിച്ച് ജീൻസും ഷർട്ടും ധരിച്ച് അൽ ഹോളിലെ അഭയാർഥി ക്യാംപിലൂടെ നടക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഹൈക്കോടതി വിധിക്കെതിരേ ബ്രിട്ടനിൽ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഭീകരർക്കെല്ലാം ബ്രിട്ടനിലേക്ക് തിരികെ വരാൻ വാതിൽ തുറന്നുകൊടുക്കുന്ന നടപടിയാണ് കോടതിയിൽനിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് വിമർശകരുടെ വാദം. കോടതി വിധിക്കെതിരേ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്ന് ഉറപ്പാണ്. ചില സിവിൽ റൈറ്റ്സ് ഗ്രൂപ്പുകളാണ് ഷമീമയുടെ കേസിനു പിന്നിൽ പ്രവർത്തിക്കുന്നത്.
സുപ്രീം കോടതിയിൽനിന്നും സമാനമായ വിധിയുണ്ടായി ഇവർ ബ്രിട്ടനിൽ തിരികെയെത്തിയാലും തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഇവരെ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കാനാകും. മറ്റൊരു രാജ്യത്തോട് കൂറു പുലർത്തുകയും ബ്രിട്ടനോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ തന്നെ ബ്രിട്ടീഷ് പൗരത്വം നൽകുന്ന എല്ലാ അവകാശങ്ങളും നിയമ സംരക്ഷണവും ബംഗ്ലാദേശ് വംശജയായ ഇവർക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു എന്നാണ് ഈ കേസിൽ സർക്കാർ നിലപാട്.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ജൂലൈ 18,19
( ശനി , ഞായർ ) തീയതികളിൽ രണ്ടുദിവസത്തെ ധ്യാനം ” എബ്ളൈസ് ഇൻ ദ സ്പിരിറ്റ് “ഓൺലൈനിൽ നടക്കുന്നു .
ഡയറക്ടർ ഫാ. ഷൈജു നടുവത്താനി , ഐനിഷ് ഫിലിപ്പ് , ജോസ് കുര്യാക്കോസ് എന്നീ പ്രശസ്ത വചന ശുശ്രൂഷകർ നയിക്കുന്ന ധ്യാനത്തിൽ ആത്മീയാനുഭവം പങ്കുവച്ച് അമേരിക്കയിൽനിന്നുമുള്ള റോൺ , ഷെറി എറിക്സൺ ദമ്പതികളും പങ്കെടുക്കും.
വചനപ്രഘോഷണം , പ്രയ്‌സ് ആൻഡ് വർഷിപ് ,ദിവ്യകാരുണ്യ ആരാധന, അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും. ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെയായിരിക്കും ധ്യാനം.
പങ്കെടുക്കുന്നവർ www.afcmuk.org/register എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്ക്
ബ്ലെയർ ബിനു
+44 7712 246110
അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തുടക്കത്തില്‍ ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും വ്യോമയാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താം.
ഇരുരാജ്യങ്ങളുമായും കേന്ദ്ര വ്യോമയാന മന്ത്രാലയം നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനമെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
എയര്‍ ബ്രിഡ്ജസ് അഥവാ എയര്‍ ബബിള്‍സ് എന്ന സംവിധാനമാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ കോവിഡ് കാലത്ത് രാജ്യങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗം. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിനാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് മറ്റു രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
എയര്‍ ബബിള്‍സ് കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യാനാകും. അവിടെ നിന്നും തിരിച്ചും വരാം.
ജൂലൈ 18 മുതല്‍ ഓഗസ്റ്റ് ഒന്ന് വരെ എയര്‍ ഫ്രാന്‍സ് 28 സര്‍വീസുകള്‍ ഡല്‍ഹി, മുംബൈ, ബംഗളുരു, പാരീസ് എന്നിവിടങ്ങളില്‍ നിന്നും നടത്തും. അതേസമയം, അമേരിക്കന്‍ വ്യോമയാന കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സ് ഇന്ത്യയ്ക്കും യുഎസിനും ഇടയില്‍ ജൂലൈ 17 മുതല്‍ ജൂലൈ 31 വരെ 18 സര്‍വീസുകളും നടത്തും.
യുകെയുമായി ഉടന്‍ തന്നെ എയര്‍ ബബിള്‍ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ദിവസം രണ്ട് സര്‍വീസുകള്‍ ഡല്‍ഹിക്കും ലണ്ടനും ഇടയില്‍ നടത്താനാണ് ശ്രമിക്കുന്നത്. കൂടാതെ, ജര്‍മ്മനിയുടെ കമ്പനികളുമായും ചര്‍ച്ച നടക്കുന്നുണ്ട്.
ഫ്രാന്‍സിലേക്കും യുഎസിലേക്കും ഇന്ത്യയില്‍ നിന്നും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. കൊറോണവൈറസ് മഹാരമാരി മൂലം മാര്‍ച്ച് 23 മുതല്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.
ജൂലൈ 13 വരെ ഇന്ത്യ വന്ദേഭാരത് മിഷന്റെ ഭാഗമായി 2,08,000 ഇന്ത്യാക്കാരെ വിദേശത്തുനിന്നും 1,103 സര്‍വീസുകളിലായി തിരികെ നാട്ടിലെത്തിച്ചിട്ടുണ്ട്.
ഓരോ രാജ്യവും കോവിഡ്-19 മഹാമാരിയെ നിയന്ത്രിക്കുന്നതിനെ പരിഗണിച്ചാണ് മറ്റു രാജ്യങ്ങള്‍ എയര്‍ ബബിള്‍ സംവിധാനത്തിന് സമ്മതം മൂളുന്നത്.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷിന്റെ ഇടപെടൽ മൂലം ഒതുക്കി തീർത്ത കായിക താരത്തിനെതിരായ അഴിമതി ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കായിക താരം ബോബി അലോഷ്യസ് നടത്തിയത് ഗുരുതര അഴിമതിയെന്ന് മുൻ സ്‌പോർട്‌സ് കൗൺസിൽ അംഗം സലിം പി ചാക്കോ
ഇംഗ്ലണ്ടിൽ പഠിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന ഫണ്ടുകളിൽ നിന്ന് അനുവദിച്ച 49 ലക്ഷം രൂപ ബോബി അലോഷ്യസ് ദുർവിനോയം ചെയ്തു. സർക്കാരുമായി ഉണ്ടായിരുന്ന വ്യവസ്ഥകൾ ലംഘിച്ചു. ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ സ്ഥാപനം തുടങ്ങിയെന്നും സലിം പി ചാക്കോ പറഞ്ഞു.
2016ൽ ബോബി അലോഷ്യസിനെതിരെ പല പരാതികളും ഉയർന്നിരുന്നു. ഇത് അഞ്ജു ബോബി ജോർഡിന്റെ നേതൃത്വത്തിലുള്ള സ്‌പോർട്‌സ് കൗൺസിൽ വിശദമായി ചർച്ച ചെയ്തു. പഴയ ഫയലുകൾ കൃത്യമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബോബി അലോഷ്യസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. വിഷയത്തിൽ
വിജിലൻസ് അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പരാതി ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറിയിരുന്നുവെന്നും സലിം പി ചാക്കോ കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകന്‍
കൊച്ചി : കായികതാരം ബോബി അലോഷ്യസിന്റെ വിവാദ വിദേശ യാത്രകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കായിക മന്ത്രി ഇപി ജയരാജന്‍ . കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിഷയം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അന്വേഷണം നീട്ടിക്കൊണ്ടു പോയി കാലതാമസം ഉണ്ടാക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കായികതാരം ബോബി അലോഷ്യസ് കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം . ബിഎസ്സി സ്പോര്‍ട്സ് സയന്‍സ് പഠിക്കാനായാണ് കേന്ദ്രവും സംസ്ഥാനവും ഫണ്ട് നല്‍കി ബോബി അലോഷ്യസിനെ ലണ്ടനിലേക്ക് അയയ്ച്ചത് . അവിടെ എത്തിയ ബോബി അലോഷ്യസ് പഠനം നടത്താതെ ലണ്ടനില്‍ ഒരു സ്വകാര്യ സ്ഥാപനം ആരംഭിക്കുകയായിരുന്നു. മുന്‍പ് പലതവണ ഈ ആരോപണം ഉയര്‍ന്നപ്പോഴും ഇതിനെ നിരാകരിച്ച് ഇവര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍, അവര്‍ ലണ്ടനില്‍ ആരംഭിച്ച കമ്പനിയുടെ രജിസ്ട്രേഷന്‍ രേഖകള്‍ അടക്കമുള്ളവ ഇപ്പോള്‍ പുറത്ത് വന്നിരുന്നു . യുകെ സ്റ്റഡി അഡ്വൈസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇംഗ്ലണ്ടിലെ ഷേര്‍സ്ഷ്വറിയില്‍ ഇവര്‍ ആരംഭിച്ചത്. രേഖകള്‍ പ്രകാരം ബോബി അലോഷ്യസ് തന്നെയാണ് കമ്പനിയുടെ സെക്രട്ടറി. ഇതുവഴി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുടെ കബളിപ്പിക്കുകയും ഒരു ഉദ്യോഗസ്ഥ എന്ന നിലയില്‍ ഇവര്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്തു.
2003ല്‍ 15 ലക്ഷം രൂപയാണ് കേരള സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ 34 ലക്ഷം രൂപയോളം ഇവര്‍ക്ക് നല്‍കി. ബിഎസ്സി സ്പോര്‍ട്സ് സയന്‍സ് പൂര്‍ത്തിയാക്കി തിരികെ വന്ന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം. ഇത് മറികടന്നാണ് ഇവര്‍ കമ്പനി രൂപീകരിച്ചത്. ഭര്‍ത്താവിനെ പരിശീലകന്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയത്. പിടിക്കപ്പെടുമെന്ന് ഉറപ്പാകുന്ന ഘട്ടത്തില്‍ 10 വര്‍ഷത്തിനു ശേഷം ഇവര്‍ തിരികെ എത്തുകയും ഒരു മാപ്പപേക്ഷ പോലുമില്ലാതെ സര്‍വീസില്‍ പ്രവേശിക്കുകയും ചെയ്തു.
യു കെ യിലെ ബേൺലിയിൽ താമസിക്കുന്ന യുകെ മലയാളി മാട്രിമോണിയൽ സ്ഥാപനം നടത്തുന്ന ഷിബു കൈതോലിയുടെ മാതാവ് കാഞ്ഞാർ: കിഴക്കേക്കര കൈതോലിൽ പരേതനായ ഇട്ടിക്കുഞ്ഞിൻ്റെ ഭാര്യ മറിയക്കുട്ടി (85 ) നിര്യാതയായി വിവരം വ്യസന സമ്മതം അറിയിക്കുന്നു . സംസ്കാരം (ബുധൻ – 15-7-2020) 2.30 ന് അറക്കുളം സെൻ്റ് മേരീസ് പുത്തൻ പളളിയിൽ. വാഴക്കുളം നമ്പ്യാപറമ്പിൽ കുടുംബാംഗമാണ് .
മക്കൾ: ജെസ്സി, വിൻസി, ഷിബു,(യു .കെ ) ബിജു,(കാനഡ ) സിൻസി,(സിംഗപ്പൂർ ) പരേതനായ ബാബു.
മരുമക്കൾ: റാണി വേങ്ങാപ്പള്ളിൽ,(ആരക്കുഴ) ബേബിച്ചൻ പന്തപ്പള്ളിൽ,(പാലാ ) മാത്യു പുതിയാപറമ്പിൽ ,(നെടുംകുന്നം )മേഴ്സി പുളിയമ്മാക്കൽ, (തോപ്രാംകുടി )ആൻസി കാണ്ടാവനം (കുടയത്തൂർ ), സജി കിഴക്കേക്കര(ചെറുപുഴ )
ഷിബുവിന്റെ അമ്മയുടെ നിര്യണത്തിൽ ഇടുക്കി ജില്ലാ സംഗമവും ഇടുക്കി ചാരിറ്റി ഗ്രൂപ്പും ദുഖവും ആദരാഞ്ജലിയും അറിയിച്ചു.
എന്നും മലയാളം യുകെയുടെ ഒരു നല്ല സുഹൃത്തായ ഷിബു കൈതോലിയുടെ മാതാവിന്റെ വേർപാടിൽ ദുഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ മലയാളംയുകെ ന്യൂസും പങ്കു ചേരുന്നു.
മൃതസംസ്കാര ചടങ്ങുകളുടെ തത്സമയ സംപ്രേഷണം താഴെപറയുന്ന ലിങ്കിൽ ലഭ്യമാണ്
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഡിസംബർ 31 നു ശേഷം ബ്രിട്ടണിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാർ ഹുവെയ്‌യുടെ 5 ജി കിറ്റുകൾ വാങ്ങരുതെന്ന നിർദ്ദേശമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. 2027 ഓടു കൂടി ചൈനീസ് കമ്പനികളുടെയെല്ലാം കിറ്റുകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ഡിജിറ്റൽ സെക്രട്ടറി ഒലിവർ ഡോഡെൻ ആണ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാൽ ആണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്നാണ് പൊതുവേയുള്ള നിഗമനം. എന്നാൽ ഇത്തരത്തിൽ ഹുവെയ്‌യുടെ 5 ജി സേവനങ്ങൾ നിരോധിക്കുന്നത് നിലവിലുള്ള ഇന്റർനെറ്റ് സ്പീഡിനെയും മറ്റും സാരമായി ബാധിക്കും.

ഇത്തരമൊരു തീരുമാനം ബ്രിട്ടനെ പുറകോട്ടടിക്കുമെന്ന് കമ്പനി അധികൃതർ പ്രതികരിച്ചു. ബ്രിട്ടന്റെ ഈ തീരുമാനം കമ്പനിയെ ഒരുതരത്തിലും ബാധിക്കുകയില്ലെന്നും അവർ രേഖപ്പെടുത്തി. ബ്രിട്ടനിലെ ചൈനീസ് അംബാസിഡറും ബ്രിട്ടന്റെ ഈ തീരുമാനത്തെ അപലപിച്ചു. ബ്രിട്ടനിലെ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഇത്തരം തീരുമാനങ്ങൾ അത്യന്താപേക്ഷിതം ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പ്രതികരിച്ചു.

തീരുമാനം പുനഃപരിശോധിക്കാൻ സാധ്യതയില്ല എന്നാണ് പ്രാഥമിക നിഗമനം. 1600 ഓളം പേർക്ക് ഹുവെയ് ബ്രിട്ടനിൽ ജോലി നൽകുന്നുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ഇത്തരമൊരു തീരുമാനത്തിന് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്.