സ്റ്റോക്ക് ഓണ്‍ ട്രെന്റ്: സ്റ്റോക്ക് ഓണ്‍ ട്രെൻഡിലെ ടൺസ്റ്റാളിൽ താമസിക്കുന്ന ആദ്യകാല മലയാളികളിൽ ഒരാളായ ജോയി അറയ്ക്കലിന്റെ പിതാവ് വര്‍ഗീസ് അറയ്ക്കല്‍ (87) ഇന്ന് രാവിലെ നാട്ടില്‍ നിര്യാതനായി. മലയാറ്റൂർ സെന്റ്. ജോസഫ് എല്‍.പി സ്ക്കൂളിലെ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ആയിരുന്നു. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചത്.
ഭാര്യ ജനീവ് വര്‍ഗീസ്.
മക്കള്‍..
സിസിലി, ജോയി അറയ്ക്കല്‍ (യുകെ), പോള്‍ വര്‍ഗീസ് (റിട്ട. ബി എസ് എന്‍ എല്‍), ഡെയ്സി വര്‍ഗീസ്, ലിന്‍സി ജോണ്സണ്, ഷാജു വര്‍ഗീസ് (കുവൈറ്റ്).
മരുമക്കള്‍..
സണ്ണി (ബാംഗ്ലൂർ), എല്‍സി ജോയി, ലിറ്റി പോള്‍, ജോണ്സണ്, ഷിജി ഷിജു.
വ്യോമഗതാഗതം ഇല്ലാത്തതിനാൽ പിതാവിന്റെ വേര്‍പാടില്‍ നാട്ടില്‍ പോയി അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ പോലും സാധിക്കാത്ത വേദനാജനകമായ അവസ്ഥയിലാണ് ജോയിയും കുടുംബവും ഇപ്പോൾ ഉള്ളത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നാളെ രാവിലെ 9 മണിക്ക് ഭവനത്തില്‍ നിന്നും മൃതസംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ച് കൊറ്റമം സെന്റ്. ജോസഫ് ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നു.
വർഗീസ് അറക്കലിന്റെ നിര്യണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെ അറിയിക്കുന്നു. സ്റ്റാഫോർഡ്ഷയർ മലയാളി അസോസിയേഷന് (SMA) പ്രസിഡണ്ട് വിജി കെ പി യും മറ്റ് ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി.
പ്രവാസി കേരളാ കോൺഗ്രസ് ഇംഗ്ലണ്ടിന്റെ അഭ്യർത്ഥനയെ തുടർന്ന് ഇംഗ്ലണ്ടിലും ലോകത്തിലെ വിവിധ ഭാഗങ്ങളിലും ദുരിതമനുഭവിക്കുന്ന മലയാളികളെ തിരികെയെത്തിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ ശ്രീ പി ജെ ജോസഫ് എം എൽ എ ഇന്ന് നടന്ന സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു .
കേരളത്തിലേക്ക് വിമാനസർവീസ് പ്രതീക്ഷിച്ചു ഇംഗ്ലണ്ടിൽ കഴിയുന്ന ഇരുന്നൂറ്റിയന്പതിലധികം വരുന്ന വിദ്യാർത്ഥികളും , ഗർഭിണികളും സീനിയർ സൈറ്റിസിൻസും ഉൾപ്പെടെയുള്ള മലയാളികളുടെ വിവരം പ്രവാസി കേരളാ കോൺഗ്രസ് നേതാക്കളായ ശ്രി ബിജു ഇളംതുരുത്തിൽ , ശ്രീ ജിപ്സൺ എട്ടുത്തൊട്ടിയിൽ, ജിസ് കാനാട്ട് തുടങ്ങിയവർ പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
വന്ദേ ഭാരത് മിഷന്റ്റെ ഭാഗമായി ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് മെയ് 19 നു ഒരു എയർ ഇന്ത്യ വിമാനം അനുവദിച്ചിരുന്നെങ്കിലും 150 ല്‍ താഴെ മലയാളികൾക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിച്ചത്. 300 ലതികം മലയാളികൾ ഇപ്പോഴും എംബസ്സിയിൽ രജിസ്റ്റർ ചെയ്തു വിമാനം കാത്തിരിക്കുന്നുണ്ടെങ്കിലും ഇതുവരെ കേരളത്തിലേക്കു കൂടുതൽ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടില്ല. ലോക്ക് ഡൌൺ മൂലം കടകമ്പോളങ്ങൾ അടച്ചാതിനാൽ ൽ വലിയൊരു വിഭാഗം വിദ്യാർത്ഥി സമൂഹത്തിനും പാർട്ട് ടൈം ജോലികൾ നഷ്ടപ്പെടുകയും വാടകക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. സന്ദർശക വിസയിൽ ഇംഗ്ലണ്ടിലെത്തി ലോക്ക് ഡൗണിൽ അകപ്പെട്ട പലരും മരുന്നുകൾക്കും മറ്റും ബുദ്ധട്ടിമുട്ടുന്ന സാഹചര്യം ശ്രീ പിജെ ജോസഫ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കൊറോണാ വൈറസിനെ കീഴ്പ്പെടുത്തി ഒരു യുകെ മലയാളി കൂടി ജീവിതത്തിലേക്ക്. വിന്‍ചെസ്റ്റര്‍ – അൻഡോവർ താമസക്കാരനും മലയാളിയുമായ റോയിച്ചൻ ആണ് കോറോണയെ തോൽപ്പിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നത്. 58 ദിവസത്തെ ആശുപത്രി വാസത്തിനാണ് ഇന്നലയോടെ സമാപ്തികുറിച്ചത്.
റോയിയെ കൊറോണ പിടിപെടുന്നത് മാർച്ച് അവസാനത്തോടെ. സാധാരണ എല്ലാവരും ചെയ്യുന്ന ചികിത്സകൾ ചെയ്തു. ഒരാഴ്ച്ചയോളം വീട്ടിൽ കഴിഞ്ഞെങ്കിലും രോഗത്തിന്റെ പിടി മുറുകുകയാണ് ഉണ്ടായത്. ശ്വസനത്തിന് തടസ്സം നേരിട്ടതോടെയാണ് ഏപ്രിൽ ഒന്നാം തിയതി ആശുപത്രിയിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും എത്തിപ്പെട്ടത്.
നഴ്സായ ഭാര്യ ലിജി നല്ല ആത്മവിശ്വാസത്തോടെ പ്രാർത്ഥനയിൽ പ്രതീക്ഷ അർപ്പിച്ചിരുന്നു. എന്നാൽ രോഗം ഒരു കുറവും കാണിച്ചില്ല. പിന്നീട് ആണ് എക്മോയിലേക്ക് മാറ്റുവാനുള്ള ശ്രമമാരംഭിക്കുന്നത്. ഇതിനായി ലണ്ടൻ സെന്റ് തോമസ് ആശുപത്രിയുമായി ചികിത്സയിൽ ഇരുന്ന ആശുപത്രി അതികൃതർ ബന്ധപ്പെടുന്നത്. എന്നാൽ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ട് അറിയിപ്പ് വന്നു. രോഗി വെന്റിലേറ്ററിൽ ആയിരുന്ന ആകെ ദിവസങ്ങൾ, എക്മോ മെഷീനിന്റെ ലഭ്യത എന്നിവ കണക്കിലെടുത്തപ്പോൾ എക്മോ എന്ന പിടിവള്ളിയും വിട്ടുപോയി.
തികഞ്ഞ ദൈവവിശ്വാസിയായിരുന്ന ലിജി പ്രതീക്ഷ വെടിഞ്ഞില്ല. എന്നാൽ എല്ലാ പ്രതീക്ഷകളും കെടുത്തി ആശുപത്രിയിൽ നിന്നും ഏപ്രിൽ പതിനാലാം തിയതി ഫോൺ വിളിയെത്തി. രോഗം ഗുരുതരമെന്നും അവസാനമായി വന്നു കണ്ടുകൊള്ളാനും അറിയിപ്പ് വന്നു. പറഞ്ഞതനുസരിച്ചു ലിജി മലയാളി അച്ഛനെയും വിവരം ധരിപ്പിച്ചു. ആശുപത്രി ചാപ്ലയിൻ വരുവാനുള്ള നടപടികളും ആശുപത്രിക്കാർ നടത്തിയിരുന്നു. ആശുപത്രിയിൽ എത്തിയ ലിജി പ്രാർത്ഥനയോടെ നിൽക്കുമ്പോൾ തന്നെ ചാപ്ലയിൻ അന്ത്യകൂദാശ നൽകുകയായിരുന്നു. വെന്റിലേറ്റർ ഓഫാക്കുന്നതിന് മുൻപുള്ള വിളിയായിരുന്നു അത് എന്ന് ഇതിനോടകം ലിജി മനസ്സിലാക്കി. ആശുപത്രിയിൽ എത്തിയ ലിജി തെല്ലൊന്ന് ശങ്കിച്ചെങ്കിലും ദൈവം കൂടെത്തന്നെയുണ്ടാവും എന്ന വിശ്വാസത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. റോയിക്ക് വെന്റിലേറ്ററിന്റെ സഹായം പോലും സ്വീകരിക്കാനുള്ള ശേഷിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അനുഭവിച്ച മാനസിക വിഷമം ലിജി മലയാളം യുകെയുമായി പങ്കുവെച്ചു.
വെൽറ്റിലേറ്റർ ഓഫാക്കുന്നതിന് മുൻപുള്ള അനുവാദത്തിനായി ആശുപത്രിയിലേക്ക് വിളിക്കപ്പെട്ട ലിജി ഡോക്ടർമാർ നിർദ്ദേശിച്ച കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. എല്ലാ ഓർഗനും പരാജയപ്പെട്ടു എന്ന് അറിയിച്ചതോടെ മനസ്സ് മരവിക്കുകയായിരുന്നു. എന്നാൽ അവിടെയും ദൈവം പ്രവർത്തിച്ചു. ഡോക്ടർമാർ ലിജിയുടെ ആഗ്രഹത്തിന് വിട്ടുനൽകി. ചികിത്സ തുടരണമെന്ന് ലിജി അഭ്യർത്ഥിച്ചതോടെ റോയിച്ചന് ജീവൻ തിരിച്ചുകിട്ടുകയായിരുന്നു.
ഒരു വിധത്തിലും ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്നും അഥവാ നടക്കണമെങ്കിൽ അത്ഭുതം തന്നെ ഉണ്ടാകണമെന്നും ഉറപ്പിച്ചു പറഞ്ഞ ഡോക്ടർമാരെപ്പോലും അതിശയിപ്പിച്ചു റോയി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയത് ലിജി ആശുപത്രിയിൽ എത്തി രണ്ടാം നാൾ മുതൽ. തീർന്നു എന്ന് അറിയുന്ന എല്ലാ കൂട്ടുകാരും കരുതിയിരുന്ന റോയിച്ചൻ പ്രതീക്ഷയുടെ വെളിച്ചമായി, ഭാര്യ ലിജി, രണ്ട് പെൺകുട്ടികൾ എന്നിവരുടെ പ്രാർത്ഥനകൾ സഫലമാക്കി ജീവൻ തിരിച്ചുപിടിക്കുകയായിയുന്നു. അതായത് 58 ദിവസത്തിന് ശേഷം… 32 ദിവസമാണ് വെന്റിലേറ്ററിൽ കഴിഞ്ഞത്.
എല്ലാവർക്കും സന്തോഷം പകർന്നു ഇന്നലെ വൈകീട്ടോടെ വീട്ടിലേക്ക് തിരിച്ചെത്തിയ റോയിയെ സ്വീകരിക്കാന്‍ പൂക്കളും പ്ലക്കാര്‍ഡുകളും ഏന്തി കുട്ടികളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് വഴിയരികില്‍ കാത്തു നിന്നിരുന്നത്. ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്ന കുടുംബമാണ് റോയിയുടേത്. നാട്ടിൽ ആലപ്പുഴ സ്വദേശിയാണ് റോയി.
റോയ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ കുടുംബത്തിന് താങ്ങായി സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു. ഫേസ് ബുക്കില്‍ ബിജു മൂന്നാനപ്പള്ളില്‍ പങ്കുവെച്ച റോയിയുടെ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് പേരാണ് കണ്ടതും റോയ്ക്ക് ആശംസകള്‍ അറിയിക്കുന്നതും. എന്തായാലും യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം സന്തോഷ വാർത്തയുടെ ദിവസമായിരുന്നു, പ്രതേകിച്ചു വിൻചെസ്റ്റർ മലയാളികൾക്ക്…
[ot-video][/ot-video]
ബാല സജീവ് കുമാർ
ലണ്ടൻ: ലോക രാജ്യങ്ങൾ കൊറോണ വൈറസ് ഭീതിമൂലം അതിർത്തികൾ അടച്ച് സ്വയം സംരക്ഷിത കവചം തീർക്കുന്നതിനിടയിൽ, ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്നും അകന്ന് യുകെയിൽ ഒറ്റപ്പെട്ടു പോയ മലയാളികൾക്കായുള്ള യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ പരിശ്രമങ്ങൾ ഫലവത്താകുകയാണ്.
ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈനിൽ വന്ന അന്വേഷണങ്ങളിൽ നല്ലൊരു ശതമാനവും ഇവിടെ ലോക്ക്ഡൌൺ മൂലം പ്രതിസന്ധിയിലായ മലയാളികളെ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ചായിരുന്നു. അതിനുള്ള ഒരു ശ്രമം യുകെ മലയാളിയും ബ്രിസ്റ്റോൾ മേയറുമായ ശ്രീ ടോം ആദിത്യ മുഖേന നടത്തുകയും, അദ്ദേഹത്തിൻറെ ശ്രമഫലമായി എക്സ്റ്റേണൽ ഹോം അഫയേഴ്സ് മന്ത്രാലയത്തിൽ നിന്ന് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ നേതൃത്വത്തിൽ യു കെ യിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റ് അയക്കാനുള്ള അനുമതി നേടുകയുമാണ് ഉണ്ടായിട്ടുള്ളത്. ഈ ലോക്ക്ഡൌൺ കാലഘട്ടത്തിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ട ധാരാളം ഇന്ത്യൻ വിദ്യാർത്ഥികളെ പരിരക്ഷിക്കുന്നതിന് മുൻകൈ എടുക്കുന്ന അദ്ദേഹത്തിന്റെ സേവനമനോഭാവത്തെ പ്രകീർത്തിക്കാതെ വയ്യ.
ലണ്ടനിൽ നിന്നും കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഡയറക്റ്റ് ചാർട്ടേർഡ് ഫ്ലൈറ്റ് ആണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെ അയക്കുന്നത്. ഓർഗനൈസേഷന്റെ ചാർട്ടേർഡ് ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടേണ്ടതാണ്. ഗർഭിണികൾക്കും, കുട്ടികൾക്കും, പ്രായവുമായവർക്കും, വിസ കാലാവധി കഴിഞ്ഞവർക്കും, മറ്റ് ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവർക്കും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിഗണന ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ നടപടികൾ പൂർണ്ണമാകുന്നതോടൊപ്പം യാത്രക്ക് ചെലവ് വരുന്ന തുക അറിയിക്കുന്നതാണ്.
ഫൈറ്റ് എഗൈൻസ്റ് കോവിഡ് 19 എന്ന പരസ്പരസഹായ സംരംഭവുമായി, ആർക്കും ഏതുനേരവും വിളിക്കാവുന്ന ഹെൽപ്പ് ലൈൻ നമ്പരും, യു കെയിൽ ഉടനീളം അരമണിക്കൂറിനുള്ളിൽ ആവശ്യപ്പെടുന്നവർക്ക് സഹായമെത്തിക്കാനുള്ള വോളന്റിയേഴ്സ് നിരയുമായി, അതിജീവനത്തിന്റെ ഈ നാളുകളിൽ യു കെ മലയാളികളുടെ ആശ്രയമായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമാണിത്. ഡോക്ടർ സോജി അലക്സ് തച്ചങ്കരിയുടെ നേതൃത്വത്തിൽ 40 ഡോക്ടർമാരും, നിരവധി നേഴ്സ് മാനേജർമാരും ആരോഗ്യപരമായ സംശയങ്ങൾക്ക് മറുപടി നൽകുമ്പോൾ, തൊഴിൽ പരമോ സാമ്പത്തികപരമോ ഗാർഹികമോ ആയ കാര്യങ്ങൾക്ക് ഉപദേശം നൽകുന്നതിനുള്ള പ്രത്യേക വോളന്റിയേഴ്സ് ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ ഓർഗനൈസേഷൻ കോവിഡിനെ പ്രതിരോധിക്കാൻ തയ്യാറെടുത്തത്.
ഇതിനോടകം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ബഹുമാനപ്പെട്ട മിസോറാം ഗവർണർ ശ്രീധരൻ പിള്ള മുഖേനയും, തിരുവനന്തപുരം എം പി ഡോക്ടർ ശശി തരൂർ മുഖേനയും കേന്ദ്ര ഗവൺമെന്റിന് സമർപ്പിച്ച ഹർജികൾ തീർപ്പാകാനിരിക്കെയാണ് ബഹുമാനപ്പെട്ട ബ്രിസ്റ്റോൾ മേയർ ടോം ആദിത്യയുടെ ഇടപെടലോടെ ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റ് അയക്കാനുള്ള അനുമതി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് ലഭിച്ചിരിക്കുന്നത്. യാത്ര ചെയ്യേണ്ടവർ രെജിസ്ട്രേഷനായി മുകളിൽ കൊടുത്തിരിക്കുന്ന ഇമെയിലിൽ മുഖേന ബന്ധപ്പെടാവുന്നതാണ്.
ബ്രിട്ടനിൽ മകളെ സന്ദർശിക്കുവാൻ എത്തിയ പിതാവ് കോവിഡ് ബാധിച്ചു മരിച്ചു . തൃശൂർ ആമ്പല്ലൂരിന് സമീപം കല്ലൂർ സ്വദേശി തെക്കേത്തല സണ്ണി ആന്റണി ആണ് അല്പം മുൻപ് നോർത്താംപ്ടണിലെ ആശുപത്രിയിൽ മരിച്ചത് . . ഇദ്ദേഹത്തിന് അറുപത്തി ഒന്ന് വയസ്സായിരുന്നു . മകൾ ബിസ സണ്ണിയെ സന്ദർശിക്കാൻ നാല് മാസം മുൻപാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കോവിഡ് രോഗബാധിതനായി കുറച്ചു ദിവസങ്ങളിലായി ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ ഒൻപതു ദിവസങ്ങളിലായി വെന്റിലേലേറ്റർ സഹായത്തോടെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
നാല് മാസം മുൻപ് ഭാര്യയോടൊപ്പം മകളെയും കുടുംബത്തെയും സന്ദർശിക്കുവാൻ വേണ്ടി യു കെയിൽ എത്തിയതായിരുന്നു .ഈ ജൂലൈ മാസം തിരികെ നാട്ടിലേക്കു പോകുവാൻ ഇരുന്നതാണ് .മുൻപ് ചില ആരോഗ്യ പ്രശ്നങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നാണ് വിവരം . ബ്രിട്ടനിൽ ഉള്ള മകൾ ഉൾപ്പടെ രണ്ടു മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്.
സണ്ണി ആന്റണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനങ്ങൾ.
ഷിബു ജേക്കബ്
യുകെയിൽ ദിവംഗതനായ മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠൻ ഡോ.ബിജി മർക്കോസ് ചിറത്തിലാട്ടിന്റെ കബറടക്കം മെയ് 30 ശനിയാഴ്ച്ച യുകെയിലെ വർത്തിങ്ങിലുള്ള ഡറിങ്ട്ടൻ സെമിത്തേരിയിൽ വെച്ച് നടത്തപ്പെടും.യാക്കോബായ സുറിയാനി സഭ കൗൺസിൽ, കബറടക്ക ശുശ്രുഷകൾ ക്രമീകരിച്ചിട്ടുണ്ട്.
ഗവണ്മെന്റ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് യുകെ പാത്രിയാർക്കൽ വികാർ ഡോ.മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തായുടെ ആത്മീയ നിർദ്ദേശങ്ങൾ അനുസരിച്ചാകും സഭ ചടങ്ങുകൾ സംഘടിപ്പിക്കുക.
ലണ്ടനിലെ സെന്റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ മെയ് 30 ശനിയാഴ്ച രാവിലെ 7.15നു വിശുദ്ധ കുർബാന നടത്തപ്പെടും . അതിനെത്തുടർന്ന് 8.30 മണിക്ക് അച്ചന്റെ ഭൗതീകശരീരം എത്തുന്നതോടെ കബറടക്ക ശുശ്രുഷകൾ ആരംഭിക്കുകയും തുടർന്ന് വർത്തിങ് ഡറിങ്ട്ടൻ സെമിത്തേരിയിൽ കബറടക്കം നടത്തുകയെന്നു കൗൺസിൽ വെളിപ്പെടുത്തി .
ലണ്ടൻ സെന്റ് തോമസ് ,ബിർമിങ്ഹാം സെയിന്റ് ജോർജ് ,ബേസിംഗ്സ്റ്റോക്ക് സെയിന്റ് ജോർജ് , പൂൾ സെയിന്റ് ജോർജ് എന്നീ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയങ്ങളിൽ നിലവിൽ വികാരിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. സൺഡേ സ്കൂൾ ഉൾപ്പടെയുള്ള ആത്മീയ പ്രസ്ഥാനങ്ങൾക്ക് നേതൃത്വവും നൽകിയതുമായ അച്ചൻ യാക്കോബായ സഭയുടെ സൺഡേ സ്കൂൾ ഡയറക്ടർ ആയിരുന്നു. അച്ചന്റെ സഹോദരങ്ങളിലൊരാളായ ഡിജി മാർക്കോസ് യുകെയിൽ തന്നെ പോർട്ട്സ്മോത് സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ കൗൺസിലറായും ,സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
കർത്തൃസന്നിധിയിലേക്കു വാങ്ങിപ്പോയ പ്രിയപ്പെട്ട അച്ചനെയോർത്ത് യാക്കോബായ വിശ്വാസ സമൂഹം ഒന്നടങ്കം പ്രാർത്ഥിക്കണമെന്നും , അതീവ ദുഃഖാർത്ഥരായ അച്ചന്റെ കുടുംബത്തോടൊപ്പം പ്രിത്യേകാൽ അച്ഛന്റെ ദേഹവിയോഗത്തിൽ അതീവദുഃഖിതയായിരിക്കുന്ന ഭാര്യ ബിന്ദു മക്കളായ തബിത, ലവിത, ബേസിൽ എന്നിവരോടൊപ്പം സഭ പങ്കു ചേരുന്നതായും യുകെ പാത്രിയാർക്കൽ വികാർ ഡോ. അന്തീമോസ് മെത്രാപ്പോലീത്താ കൗൺസിൽ യോഗത്തിൽ വെളിപ്പെടുത്തി.
അച്ചന്റെ സേവനം നിസ്വാർത്ഥവും വിലമതിക്കാനവാത്തതും ആയിരുന്നുവെന്നു കൗൺസിൽ വിലയിരുത്തി. അച്ചന്റെ വേർപാടിൽ ദുഃഖാർത്ഥരായ കുടുംബാംഗളോടൊപ്പം, ഇതര സഭകളിൽ നിന്നും അനുശോചനം രേഖപ്പെടുത്തിയ മതമേലധ്യക്ഷന്മാരെയും, മറ്റു മതസ്ഥരെയും, പ്രസ്ഥാനങ്ങളെയും പ്രാർത്ഥനാപൂർവ്വം സ്മരിക്കുകയും അവരോടുള്ള കൃതജ്ഞതയും കൗൺസിൽ രേഖപ്പെടുത്തുകയുണ്ടായി.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടൻസ് ഗോട്ട് ടാലന്റിൽ അസാമാന്യ പ്രകടനവുമായി മലയാളി പെൺകുട്ടി. ബറിയിലെ സെബർട്ട് വുഡ് കമ്മ്യൂണിറ്റി പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയായ 10 വയസ്സുകാരി സൗപർണിക നായർ ശനിയാഴ്ച രാത്രി ഐടിവി ഷോയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച് അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബിനു – രഞ്ജിത ദമ്പതികളുടെ മകളായ സൗപർണിക മികച്ച ഗായികയാണ്. യുകെയിൽ വിവിധ സംഗീത പരിപാടികളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും സൗപർണിക ഇതിനോടകം തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. സൈമൺ കോവെൽ , അമൻഡാ ഹോൽഡൻ, അലിഷ ഡിക്സൺ, ഡേവിഡ് വില്യംസ് എന്നിവരായിരുന്നു ഈ പരിപാടിയിലെ വിധികർത്താക്കൾ. ജൂഡി ഗാർലൻഡിന്റെ ‘ട്രോളി സോംഗ്’ ആലപിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും കോവെൽ സൗപർണികയോട് മറ്റൊരു ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടു. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഷോമാൻ’ ഗാനം അവതരിപ്പിക്കാൻ സൗപർണികയ്ക്ക് കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. വിധികർത്താക്കളുടെയും സദസ്സിന്റെയും മനസ്സ് കീഴടക്കിയാണ് അവൾ ഗാനം ആലപിച്ചത്. വിധികർത്താക്കൾ എഴുന്നേറ്റു നിന്ന് കയ്യടിച്ച് സൗപർണികയെ പ്രശംസിച്ചു. ബ്രിട്ടീഷ് റിയാലിറ്റി ടിവി ഷോകളിലെ പ്രശസ്തനായ ജഡ്ജി സൈമൺ കോവലിനെ അത്ഭുതപ്പെടുത്തുന്ന പ്രകടമാണ് സൗപർണിക കാഴ്ചവെച്ചത്.[ot-video][/ot-video]
കുട്ടിക്ക് പത്തു വയസ് ഉള്ളെങ്കിലും ഒരു പ്രൊഫഷനലിനെ പോലെയാണ് വേദിയിൽ നിന്ന് പാടിയതെന്ന് ഡിക്സൺ പറഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ അതിഗംഭീരമായാണ് സൗപർണിക ഗാനം ആലപിച്ചതെന്ന് വിധികർത്താവായ കോവെൽ പറഞ്ഞു. സ്റ്റേജിൽ നിന്ന് ഇറങ്ങിയപ്പോൾ എല്ലാവരും തനിക്കുവേണ്ടി കയ്യടിക്കുന്നത് കണ്ടുവെന്നും അത് കൂടുതൽ സന്തോഷം നൽകിയെന്നും അവതാരകരായ ആന്റിനോടും ഡെക്കിനോടും സൗപർണിക പറഞ്ഞു. അതേസമയം സൗപർണിക ആദ്യം പാടിയ ഗാനം നിർത്താൻ കോവെൽ ആവശ്യപ്പെട്ടത് പ്രേക്ഷകരുടെ ഇടയിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയരുന്നതിന് കാരണമായി. പത്തു വയസ്സുള്ള കുട്ടിയോട് അങ്ങനെ പറയേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്ന് പലരും ചോദിച്ചു. എങ്കിലും രണ്ടാമത്തെ ഗാനം പാടി വിധികർത്താക്കളെയും പ്രേക്ഷകരെയും കയ്യിലെടുത്തു ഈ കൊച്ചുമിടുക്കി.ബിബിസി വണ്ണിന്റെ മൈക്കൽ മെക്കെന്റെർ ഷോയിലും സൗപർണിക പങ്കെടുത്തിട്ടുണ്ട്. ആ പ്രകടനത്തിലൂടെ യുകെയിലെ സംഗീതപ്രേമികള്‍ക്കിടയില്‍ ലഭിച്ച പ്രശസ്തി ഇവിടുത്തെ മറ്റ് ടിവി സംഗീത പ്രോഗ്രാമുകളിലും സൗപര്‍ണികയ്ക്കായി നിരവധി അവസരങ്ങള്‍ക്കു വഴിതുറന്നിട്ടുണ്ട്. സൗപര്‍ണിക നായര്‍ എന്ന യു ട്യൂബ് ചാനലും ഈ കൊച്ചുമിടുക്കിയ്ക്കുണ്ട്. രണ്ടര ദശലക്ഷം കാഴ്ചക്കാരും ഏഴായിരത്തോളം സബ്സ്ക്രൈബേഴ്സുമാണ് ഈ ചാനലിനുളളത്. ബറിയിലെ സീബര്‍ട് വുഡ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സൗപര്‍ണിക. മിഡില്‍സ്ബറോ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആയ ബിനു നായരുടെയും നര്‍ത്തകിയായ രഞ്ജിത ചന്ദ്രന്റെയും മകളാണ് സൗപര്‍ണിക. കര്‍ണാട്ടിക് സംഗീതത്തില്‍ ഏറെ വര്‍ഷം പരിശീലനം നടത്തിയ കൊല്ലം സ്വദേശിയായ ബിനു തന്നെയാണ് സൗപര്‍ണികയുടെ ആദ്യ ഗുരു. ദക്ഷിണ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ബിനു കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സംഗീത ഉപാസകന് ഡോ. റോബിന് ഹാരിസന്റെ കീഴിലാണ് സൗപര്‍ണികയുടെ സംഗീത പഠനം. ബ്രിട്ടൻസ് ഗോട്ട് ടാലന്റിലെ സൗപർണികയുടെ ഗംഭീര പ്രകടനം അവൾക്ക് പുതിയ അവസരങ്ങൾ തുറന്നുകൊടുത്തിരിക്കുകയാണ്.
[ot-video][/ot-video]
അബർഡീൻ: കൊറോണയുടെ ആക്രമണത്തിൽ യുകെ മലയാളികൾ വളരെ ആശങ്കാകുലരാണ്. തുടരെയുണ്ടായ മരണങ്ങൾ യുകെ മലയാളി ആരോഗ്യ പ്രവർത്തകരെ സമ്മർദ്ദത്തിൽ ആക്കി എന്ന് മാത്രമല്ല പലരു ജോലി രാജിവെച്ചാലോ എന്ന് പോലും ചിന്തിച്ച സാഹചര്യങ്ങൾ അറിവുള്ളതാണ്. ഇത്തരത്തിൽ വളരെ ഹൃദയ സ്പർശിയായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സ്കോട് ലാൻഡ് അബർഡീനിൽ താമസിക്കുന്ന മലയാളിയായ രാജു. താനെ ഭാര്യക്കുണ്ടായ അനുഭവമാണ് വിവരിച്ചിരിക്കുന്നത് .
പോസ്റ്റ് വായിക്കാം..
‘കോവിഡ് 19 ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുള്ള നൂല് പാലത്തിലൂടെ നിണ്ട 25 ദിവസം !
************************
പല വിധ അസുഖബാധിതരായ രോഗികളെ ശുശ്രൂഷിക്കാനുള്ള ഉറച്ച മനസ്സോടെയാണ് ഓരോ നഴ്സും ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍
കോവിഡ് 19 എന്ന ഈ മഹാവിപത്ത് നാം കരുതിയതിലും എത്രയോ വലുതാണ് . എന്റെ ഭാര്യ സാറ, സ്കോട്ലന്ഡില് അബര്‍ഡീനിലുള്ള NHS ഹോസ്പിറ്റലില്‍
നേഴ്സ് ആയി കഴിഞ്ഞ 16 വര്‍ഷമായി ജോലി ചെയ്യുന്നു.
നഴ്സിംഗ് രംഗത്തു കഴിഞ്ഞ 34 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം
കോവിഡ് 19 പോസിറ്റീവ് ആയവരും,റിസള്‍ട്ട് പോസിറ്റീവ് ആകാന്‍ സാധ്യതയുള്ളവരുമായ രോഗികളായിരുന്നു അവരുടെ
യൂണിറ്റില്‍ ഉള്ളത്. അവര്‍ക്കാര്‍ക്കും തന്നെ ഈ രോഗത്തോട് പ്രത്യേകിച്ച് ഒരു ഭീതിയും ഉണ്ടായിരുന്നില്ല, എന്നാല്‍ എല്ലാവരും തന്നെ ഏറെ ജാഗ്രതയോടെ
ആണ് രോഗികളെ ശുശ്രൂഷിച്ചിരുന്നത്. എന്റെ ഭാര്യ ആ സമയങ്ങളില്‍ അവധിയില്‍ ആയിരുന്നു എങ്കില്‍ തന്നെ അന്നുമുതല്‍ രണ്ടുപേരും രണ്ടു മുറികളിലും സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കുകയും മാക്സിമം ശാരീരിക അകലം പാലിച്ചു കഴിയുകയുമായിരുന്നു.അവള് തിരികെ ജോലിക്കു പ്രവേശിക്കുമ്പോള്‍ വാര്‍ഡിലുള്ള എല്ലാവരും തന്നെ
കോവിഡ് 19 പോസിറ്റിവ് ആയിരുന്നു അപ്പോള്‍ ജോലിയില്‍ തിരികെ പ്രവേശിക്കണ്ട സമയം ആയപ്പോള്‍ ഞാന്‍ വളരെ നിര്‍ബന്ധമായി പറഞ്ഞിരുന്നു ജോലിക്കു പോകണ്ട എന്ന്,
നീണ്ട 14 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തിട്ട് ഒരിക്കല്‍ പോലും സിക്ക് ലീവ് എടുക്കാത്തവളോട് ജോലിക്കു പോകണ്ട എന്നു പറഞ്ഞാല്‍ കേള്‍ക്കുമോ
എങ്കിലും ഒരു നഴ്സിന്റെ ഉത്തരവാദിത്തം ഭയം അല്ല കരുതല്‍ ആണ് വേണ്ടത് എന്ന്
പറഞ്ഞു അവള് ജോലിയില്‍ പ്രവേശിച്ചു . ജോലി കഴിഞ്ഞു വരുമ്പോള്‍ കുളിച്ചിട്ടല്ലാതെ ഒരിടത്തും പ്രവേശിച്ചിരുന്നില്ല.
ഇട്ടുകൊണ്ടുപോകുന്ന ഡ്രെസ്സും മറ്റും പ്ലാസ്റ്റിക് കവറില്‍ കെട്ടി വേറെ മാറ്റി വയ്ക്കും. ടോയ്ലറ്റ് ,ഹാന്‍ഡ് ടവല്‍, ബാത്ത് ടവല്‍, കപ്പ്, പ്ലേറ്റ് എന്നിങ്ങനെ എല്ലാം വേറെയായിരുന്നു . വാര്‍ഡിലുള്ള എല്ലാവര്ക്കും കോവിഡ് 19 പോസിറ്റിവ് ആയതിനാല്‍ ഒന്ന് ചെക്കുചെയ്യാം എന്നുപറഞ്ഞു ചെക്ക് ചെയ്തു റിസള്‍ട്ട് വന്നപ്പോള്‍ നെഗറ്റിവ് അങ്ങനെ സമാധാനമായി ഇരിക്കുമ്പോള്‍ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആകപ്പാടെ ഒരു അസ്വാസ്ഥത പക്ഷേ
പതിയെ പതിയെ കോവിഡിന്റെ
സൂചനകള്‍ തലപൊക്കിത്തുടങ്ങി. പനിയും ,ശ്വാസതടസ്സവും,ചുമയും,തൊണ്ടവേദനയും മാത്രമല്ല കോവിഡിന്റെ ലക്ഷണങ്ങള്‍ എന്ന് എല്ലാവര്ക്കും അറിവുള്ളതാണ്.
ചിലപ്പോള്‍ നെഞ്ചിനു ഭാരവും അസ്വസ്ഥതയും ഒക്കെയുണ്ടാകും. എന്നാല്‍ ഇതൊരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. നമ്മുടെ ശരീരത്തിന്റെ
അവസ്ഥയെക്കുറിച്ചു ഏറ്റവും നന്നായി അറിയാവുന്നത് നമുക്ക് തന്നെയാണ്.യുകെയിലെ ആശുപത്രിയിലെ രീതികള്‍ നാട്ടിലെ പോലെയല്ല വളരെ വ്യത്യസ്തമാണ്.
അവള് രാവിലെ എണീറ്റപ്പോള്‍ വല്ലാത്ത ഒരു അസ്വസ്ഥത. ജി പി യില്‍ വിളിച്ചു ജി പി
പറഞ്ഞതനുസരിച്ചു
111 വിളിച്ചു ഈ വയ്യാത്ത അവസ്ഥയിലും ഒരു മണിക്കൂര്‍ സമയം സംസാരിച്ചതിന് ശേഷം വീട്ടിലുള്ള എല്ലാവരും 14 ദിവസം Home Qurantine നിര്‍ദേശിക്കുകയും
വീണ്ടും രാത്രി 10 മണി ആയപ്പോള്‍ തീര്‍ത്തും വയ്യാതെ ആയപ്പോള്‍ 111 വിളിക്കുകയും ഒന്നര മണിക്കൂര്‍ സംസാരിച്ചതിന് ശേഷം ഒരു വാഹനം വരുകയും അതില്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോകുകയും അവിടെ ഉണ്ടായിരുന്ന ഡോക്ടര്‍ തെര്‍മോമീറ്റര്‍ ശരീരത്തു തൊടാതെ ടെമ്പറേച്ചര്‍ നോക്കുകയും ബി പിയും നോക്കിയതിനു ശേഷം വീട്ടില്‍ പറഞ്ഞു വിടുകയുമാണ് ഉണ്ടായതു.
തിരികെ പോരുന്നതിനു പുറത്തു ഇറങ്ങി അരമണിക്കൂര്‍ നിന്നതിനു ശേഷമാണു ഒരു വാഹനം കിട്ടിയത് അതുവരെയും തണുത്തു വിറച്ചു പുറത്തു നിക്കേണ്ടിവന്നു.
കഴിഞ്ഞ 16 വര്‍ഷമായി NHS ഹോസ്പിറ്റലില്‍
നേഴ്സ് ആയി ജോലി ചെയ്യുന്ന
കോവിഡ് 19 എന്ന
യുദ്ധ മുഖത്തു ഒരു പട്ടാളക്കാരനെ
പോലെ നിന്ന് പോരാടിയ ഒരു പടയാളിക്കു അപകടം ഉണ്ടായാല്‍ അവരെ പരിചരിക്കേണ്ടതും
അനിവാര്യമാണ്. ഭൂമിയിലെ മാലാഖമാര്‍ എന്ന് പറഞ്ഞു വിശേഷിപ്പിക്കുന്ന
ഇവരെ പോലെയുള്ളവരോട് ഒരു ഡോക്ടറിന്റെ മനോഭാവം ഇതാണെങ്കില്‍ മറ്റുള്ളവരോട് എന്തായിരിക്കും ! ഇതു NHS ചെയ്യുന്ന സ്തുത്യര്‍ഹമായ സേവനങ്ങളെ ചെറുതാക്കാനോ , കുറച്ചു കാണാനോ ഒന്നും അല്ല എല്ലാ വ്യാഴാഴ്ചയും ഇവിടെയുള്ള എല്ലാവരും കൈകള്‍ കൊട്ടി ആദരിക്കുന്ന ജനവിഭാഗത്തെ ഇതിലെ തന്നെ ചില പുഴു കുത്തുകള്‍ ഉണ്ട് എന്ന് തുറന്നു കാണിക്കാനാണ് .
പിറ്റേ ദിവസം
വൈകിട്ട് വീണ്ടും 111 വിളിക്കുകയും ഈ വിവരം അധികാരികളെ അറിയിക്കുകയും
അതനുസരിച്ചു ഒരു മണിക്കൂര്‍ സംസാരിച്ചതിന് ശേഷം രാത്രിയില്‍ ആംബുലന്‍സ് വന്നു
എമര്‍ജന്‍സി ഡിപ്പാര്‍ട്മെന്റി
ലേക്ക് കൊണ്ടുപോകുകയും
അവിടെവച്ചും ടെമ്പറേച്ചര്‍ 38.8 ആയിരുന്നു എങ്കിലും
ഒരു മണിക്കൂര്‍ കൊണ്ട് ചെസ്ററ്
X `RAY മുതല്‍
മിക്കവാറും എല്ലാ ടെസ്റ്റുകളും ചെയ്തു. എന്നാലും ടെമ്പറേച്ചര്‍ വീണ്ടും മുകളിലോട്ടു തന്നെ അവര്‍ അവളെ
ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയുണ്ടായി , ശനിയാഴ്ച രാത്രിയില്‍ കാര്യങ്ങള്‍ കുറച്ചു കൂടി മോശമായതിനെ തുടര്‍ന്ന് X ‘Ray യും CT Scan എടുക്കുകയും അവിടെ നിന്നും ഉടനെ
ICU വിലക്ക് മാറ്റുകയും അവിടെ നീണ്ട 15 ദിവസം വെന്റിലേറ്റര്‍ സപ്പോര്‍ട്ടോടു കൂടി കഴിയുകയും അതില്‍ 4 ദിവസം അവളെ ശ്രുശൂഷിക്കുന്ന ഡോക്ടര്‍ മാര്‍ക്കുപോലും ഞങളെ ആശ്വസിപ്പിക്കാന്‍ പറ്റാതെ കൈവിട്ട ദിവസങ്ങള്‍ ഞങള്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങള്‍, അവിടെനിന്നു സാറ ഐസിയുവില്‍ നിന്ന് റെസ്പിറേറ്ററി വാര്‍ഡിലേക്ക് മാറ്റി, ദൈവത്തിന്റെ കൃപയാല്‍ അവള് സുഖം പ്രാപിച്ചു.
കൊറോണയുടെ വിലക്ക് മൂലം എനിക്കോ കുടുംബ അംഗങ്ങള്‍ക്കോ
ഹോസ്പിറ്റലിലേക്ക് പോകാന്‍ സാധിച്ചില്ല .
എങ്കിലും ഈ കൊറോണ കാലത്തു പതിവായി ചെയ്യാറുള്ളത് പോലെ ഈ മഹാ മാരിയില്‍ നിന്നും ഞങ്ങളെയും ഞങളുടെ കുടുംബത്തെയും , ഞങളുടെ ചെറിയ ഇടവകയിലെ എല്ലാവരെയും , ഞങളുടെ ദേശത്തെയും ലോകത്തുള്ള
എല്ലാവരെയും സമര്‍പ്പിച്ചു ദൈവ സന്നിധിയില്‍ മുട്ടുമടക്കി കണ്ണ് നിരോടെ പ്രാര്‍ത്ഥിച്ചു.
പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം , ലാസറിനെ ഉയര്‍പ്പിച്ച ദൈവം , കുഷ്ഠരോഗിയെ സൗഖ്യം നല്കിയ ദൈവം, കുരുടന് കാഴ്ച നല്കിയ ദൈവം, രക്ത സ്രവക്കാരിക്ക് വിടുതല്‍ നല്കിയ ദൈവം ,കോവിഡ് 19 എന്ന മഹാ മാരിയില്‍ നിന്നും ശ്വാശ്വതമായാ ഒരു വിടുതലിനു കണ്ണുനീരോടു നമുക്ക് അവന്റെ അരികിലേക്ക് അടുത്ത് ചെല്ലാം.
കാറ്റിനെയും കടലിനെയും നിയന്ത്രിക്കാന്‍ കഴിവുള്ളവന് അവിടുന്ന് പ്രവര്‍ത്തിക്കും സര്‍വശക്തനായ ദൈവം തന്റെ അദ്രശ്യമായാ കരങ്ങള്‍ നീട്ടി ഓരോ വ്യക്തികളിലും, കുടുംബങ്ങളിലും സൗഖ്യവും ,അതുമൂലം ഓരോ കുടുംബങ്ങളിലും ശാന്തിയും സമാദാനവും ലഭിക്കും, തുടര്‍ന്ന് 25 ദിവസത്തെ
ഹോസ്പിറ്റല്‍ ജീവിതത്തിനു ശേഷം വീട്ടില്‍ വരുകയും ഇപ്പോള്‍ ഫിസിയോ വീട്ടില്‍ വന്നു നോക്കുകയും ജീവിതവും ആയി മുന്‍പോട്ടു പോകുകയും ചെയ്യുന്നു .
വീണ്ടും പഴയതു പോലെ ആകുവാന്‍ പരിശ്രമിക്കുന്നു.
ഈ സമയങ്ങളില്‍ ഞങ്ങളെ ഓര്‍ത്തു പ്രാര്‍ത്ഥിച്ച
ആയിരക്കണക്കിന് ചെറുതും വലുതുമായ ഗ്രുപ്പുകളോടും അഭിവന്ദ്യ തിരുമേനിമാരോടും ,
കത്തോലിക്കാ സഭയിലെ വൈദികര്‍ ,
ഓര്‍ത്തഡോക്ള്‍സ് സഭയിലെ വൈദികര്‍ ,
യാക്കോബായ സഭയിലെ
വൈദികരോടും, പാസ്റ്ററന്മാരോടും,ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാനാ ജാതി മതത്തില്‍ പെട്ട എല്ലാവരോടും എന്നും നന്ദി മാത്രമേ ഉള്ളു .
കോവിഡ് 19 പോസിറ്റായിട്ടു Home Qurantine ഇരിക്കുന്ന സമയത്തു
നെഞ്ചു വേദന, രക്തസമ്മര്‍ദ്ദ ഹൃദയമിടിപ്പു, പനി, ശരീരവേദന,
നെഞ്ചിനു വല്ലാത്ത ഭാരം,വിവിധ പ്രായക്കാര്‍ക്കും വിവിധ ലക്ഷണങ്ങള്‍ ആയിരിക്കാം. എന്തെങ്കിലും പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍, യാതൊരു മടിയും വിചാരിക്കാതെ
ഉടന്‍ 111 വിളിക്കുക ജീവന് രക്ഷിക്കുക !
രാജു വേലംകാല
ഡബ്ലിന്‍: കൊറോണയുടെ പിടിൽ വീണ് വീണുടഞ്ഞ ജീവിതങ്ങളുടെ പല കഥകളും നമ്മൾ അനുദിനം കാണുകയും കെർക്കുകയും ചെയ്യുന്നു. ഇങ്ങനെ കൊറോണ വൈറസ് ബാധിച്ചു പിതാവ് മരിച്ചതിനെ തുടര്‍ന്ന് അനാഥരായ ഫിലിപ്പിനോ കുടുംബത്തിലെ കുട്ടികള്‍ളെ അയര്‍ലണ്ടിലെ പൊതുസമൂഹം ഏറ്റെടുത്ത കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഫിലിപ്പീന്‍സില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടിലെ നേസിലേയ്ക്ക് കുടിയേറിയ മിഗുവല്‍ പ്ലാങ്ക (55), കഴിഞ്ഞയാഴ്ചയാണ് വൈറസ് ബാധിച്ച് മരിച്ചത്. നാൽപത്തിയൊന്ന് ദിവസം കൊറോണയുമായി പോരടിച്ചതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
ഏകദേശം ഇരുപത് വർഷത്തോളമായി ബേർഡ്സ് ഐ (Birds Eye Ireland Limited, Nass, Kildare, Ireland) പാക്കേജിങ് കമ്പനിയിൽ ജോലി നോക്കി വരവെയാണ് കോറോണയിൽ മിഗുവല്‍ പ്ലാങ്കക്ക് ജീവൻ നഷ്ടപ്പെടുന്നത്. ഇതോടെ മക്കളായ സ്റ്റെഫനി, മൈക്കി, മൈക്കല്‍, ജോണ്‍, ചെക്കി എന്നിവര്‍ അക്ഷരാര്‍ത്ഥത്തില്‍ അനാഥരായി. ചുരുങ്ങിയ വരുമാനത്തിനിടയിലും ഫിലിപ്പിയൻസിലുള്ള തന്റെ ബന്ധുക്കളെ സഹായിച്ചിരുന്നതായും മക്കൾ വെളിപ്പെടുത്തുന്നു. ശാന്തനും ഉദാരശീലനുമായ ഒരു വ്യക്തിയെന്നാണ് അയർലണ്ടിലെ ഫിലിപ്പൈൻസ് എംബസി ഇതുമായി പറഞ്ഞത്, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ടീനേജുകാരിയായ മൂത്ത പെൺകുട്ടി ഫേസ് ബുക്കിൽ ഇങ്ങനെ എഴുതി… പപ്പാ നീ നന്നായി യുദ്ധം ചെയ്തു… എല്ലാത്തിനും നന്ദിയുണ്ട്… പപ്പയില്ലാത്ത ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ശൂന്യത… സ്നേഹത്തോടെ
നഴ്സ് ആയിരുന്ന കുട്ടികളുടെ ‘അമ്മ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പേ കാന്‍സര്‍ ബാധിച്ചു മരിച്ചിരുന്നു.
മിഗുവേലിന്റെ മരണത്തോടെ അനാഥരായ കുട്ടികള്‍, ഇപ്പോള്‍ അവരുടെ അമ്മായി ഫെലിയുടെയും മറ്റു ബന്ധുക്കളുടെയും സംരക്ഷണത്തിലും സഹായത്തിലുമാണ് ജീവിക്കുന്നത്. ഇവരുടെ സുഹൃത്തുക്കളും, കില്‍ഡെയറിലെ ഫിലിപ്പിനോ കമ്മ്യൂണിറ്റിയിലെ രണ്ട് അംഗങ്ങളും ചേര്‍ന്നാണ് ‘ഗോ ഫണ്ട് ‘ വഴി അച്ഛനും അമ്മയും നഷ്ടപെട്ട കുട്ടികള്‍ക്കായി ധനസമാഹരണം ആരംഭിച്ചത്.
വെറും 5,000 യൂറോ (ഏകദേശം Rs.4 ലക്ഷം) മാത്രമായിരുന്നു പ്രാരംഭ ഫണ്ടിംഗ് ലക്ഷ്യം. എന്നാൽ ഐറിഷ് ജനതയുടെ ഉദാരമായ സംഭാവനകള്‍ വഴി ഇതിനകം 2,45,815 യൂറോ (Rs.2 കോടി) ആണ് കുട്ടികള്‍ക്കായി ലഭിച്ചിരിക്കുന്നത്. ഇപ്പോഴും ഒരുപാടു പേർ സഹായം നൽകികൊണ്ടിരിക്കുന്നു.
നിങ്ങൾക്കും സഹായിക്കാം.
https://www.gofundme.com/f/kuya-miguel-plangca039s-funds-for-his-treasures
കൊറോണ ബാധ മൂലം ജീവന് നഷ്ടപ്പെട്ട NHS സ്റ്റാഫിന്റെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ILR നല്‍കും.സ്വകാര്യ കെയര്‍ ഹോമുകളില്‍ ജോലി ചെയ്തിരുന്ന കെയര്‍ വര്‍ക്കെഴ്സിന്റെ ബന്ധുക്കളും ഈ പട്ടികയിൽ പെടും. ഹോം ഓഫീസ് ഫീഈടാക്കുകയില്ല. ഇതുവരെ എല്ലാ വിഭാഗത്തിൽപ്പെട്ടവരും കൂടി 314 ആരോഗ്യ പ്രവര്‍ത്തകര്‍ ബ്രിട്ടനില്‍ കൊറോണ ബാധ മൂലം മരണപ്പെട്ടതായാണ് കണക്കുകൾ.
എന്നാല്‍ ഈ ആശ്രിതര്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആയിരിക്കണം. NHS- പ്രൈവറ്റ് ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ സൗകര്യം ലഭിക്കും. യുറോപ്യന്‍ യൂണിയനിലെ ജോലിക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല. ഇത് സംബന്ധമായ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്ത്യൻ വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ആണ് ഇത് സംബന്ധമായ വിവരങ്ങള്‍ പുറത്തു വിട്ടത്. ലേബര്‍ പാര്‍ട്ടിയും സര്‍ക്കാരിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്തു.