കൊവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ 267 യുകെ പൗരന്മാരുമായി ആദ്യ വിമാനം സംസ്ഥാനത്ത് നിന്നും ലണ്ടനിലേക്ക് യാത്രയായി. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ചാര്‍ട്ടേര്‍ഡ് വിമാനം തിരുവനന്തപുരത്ത് നിന്ന് 110 യാത്രക്കാരുമായി പറന്നുയര്‍ന്നത്. കൊച്ചിയില്‍ നിന്നുള്ള 157 യാത്രക്കാരെയും കയറ്റിയാണ് വിമാനം ലണ്ടനിലേക്ക് യാത്രയായതെന്ന് ടൂറിസം മന്ത്രി അറിയിച്ചു.
ബ്രിട്ടീഷ് പൗരന്മാരെ കൂടാതെ ഓസ്ട്രിയ, കാനഡ, പോര്‍ച്ചുഗല്‍, അയര്‍ലാന്റ്, ലിത്വേനിയ എന്നീ രാജ്യങ്ങളിലെ ഏതാനും പൗരന്മാരും സംഘത്തിലുണ്ട്. കൊവിഡ് – 19 പോസറ്റീവാണെന്നു കണ്ടെത്തി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെ സുഖം പ്രാപിച്ച ആറ് ബ്രിട്ടീഷ് പൗരന്മാരും ഈ സംഘത്തിലുണ്ട്.
ബംഗളൂരിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിലെ ഡെപ്യൂട്ടി സ്ഥാനപതി ജെറമി പിലിമോര്‍ ബെഡ്‌ഫോര്‍ഡ് കൊച്ചി വിമാനത്താവളത്തിലെത്തി നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. യുകെ പൗരന്മാരെ സ്വദേശത്തേക്ക് സുരക്ഷിതമായി അയക്കാന്‍ സാധിച്ചതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്നാണ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്.
കൊവിഡ് രോഗ ബാധിതരായ എല്ലാ വിദേശ പൗരന്മാരുടെയും ചികിത്സാചെലവുകള്‍ സംസ്ഥാനം നേരിട്ടാണ് വഹിച്ചത്. ലോക്ഡൗണ്‍ കാലത്ത് വിദേശ പൗരന്മാരുടെ താമസവും ഭക്ഷണവും ടൂറിസം വകുപ്പാണ് ഏര്‍പ്പാട് ചെയ്‌തെന്നും അതിഥി ദേവോ ഭവ: എന്ന സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചാണ് ഇവരെ സംസ്ഥാനത്ത് സംരക്ഷിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ കഴിഞ്ഞിരുന്ന വിദേശ ടൂറിസ്റ്റുകളുമായി മടങ്ങിയ മൂന്നാമത്തെ വിമാനമാണിത്. നേരത്തെ ജര്‍മനിയില്‍ നിന്നുള്ള 232 പേരും ഫ്രാന്‍സില്‍ നിന്നുള്ള 112 പേരും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്ക് മടങ്ങിയിരുന്നു
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ആരോഗ്യ പ്രവർത്തകരേക്കാൾ കൂടുതൽ ഇന്ന് ഉള്ളിൽ ഭയാശങ്കകളോടെ കഴിയുന്നത് അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആണ്. കാരണം കൊറോണ തന്നെ. യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ രോഗികളെ ശുശ്രൂഷിക്കുന്നതിൽ മുൻപന്തിയിൽ മലയാളി നഴ്സുമാരാണ്. കേരളത്തിൽ ഒരു ജില്ലയിൽ വിരലിലെണ്ണാവുന്ന കൊറോണ രോഗികളാണെങ്കിൽ , അമേരിക്കയിലും യുകെയിലുമൊക്കെ മിക്കവാറും എല്ലാ ഹോസ്പിറ്റലുകളിലും കൊറോണ വാർഡുകൾ തന്നെ രൂപപ്പെട്ടു കഴിഞ്ഞു. കൊറോണ രോഗികളെ ചികിത്സിക്കുന്നതിനോടൊപ്പം തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്നും മാറി താമസിക്കേണ്ട ദുഷ്കരമായ അവസ്ഥയിലൂടെയാണ് നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കടന്നുപോകുന്നത്. അതിലൊക്കെ ഉപരിയായി കൊറോണ വാർഡിൽ ജോലി ചെയ്തിട്ട് വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ തങ്ങളെയും തങ്ങളുടെ യൂണിഫോമിനെ അണുവിമുക്തമാക്കുക എന്ന ദുർഘടമായ ഒരു കർത്തവ്യം കൂടി എല്ലാവർക്കുമുണ്ട്. കാരണം എവിടെയെങ്കിലും ഒന്ന് പിഴച്ചാൽ കുടുംബത്തിലുള്ള എല്ലാവരും തന്നെ കൊറോണാ വൈറസിന് കീഴടങ്ങണ്ടേതായി വരും.
ആദ്യകാലങ്ങളിൽ ഉപയോഗിച്ച യൂണിഫോം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നത് പ്ലാസ്റ്റിക് ബാഗുകളിലായിരുന്നു. പല പ്ലാസ്റ്റിക് ബാഗുകളും എങ്ങനെ സംസ്കരിക്കണമെന്ന് നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ഒരു കീറാമുട്ടിയായി മാറിയിരുന്നു. പ്ലാസ്റ്റിക് ബാഗുകൾ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് പിന്നെയും വൈറസ് പകരാൻ കാരണമായി മാറിയേക്കാം. നഴ്സുമാർ ഉൾപ്പെടുന്ന ഹോസ്പിറ്റലിലെ ജീവനക്കാർ തങ്ങളുടെ വീട്ടിലുള്ള പഴയ ബെഡ്ഷീറ്റുകൾ ഉപയോഗിച്ച് തുണിസഞ്ചികൾ ഉണ്ടാക്കി എല്ലാ ജീവനക്കാർക്കും കൊടുത്തു. കൊറോണ കാലത്ത് രോഗി പരിപാലനത്തിന്റെ തിരക്കുകൾക്കിടയിലും കാരുണ്യ പ്രവർത്തി പോലെ ഇത് ചെയ്യുന്നത് നഴ്സുമാർ ഉൾപ്പെടെയുള്ള ഹോസ്പിറ്റലിലെ ജീവനക്കാരുടെ രാജ്യ സ്നേഹത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും പുതിയൊരു മുഖമാണ് കാട്ടുന്നത്.ഇതിന് വളരെയേറെ പ്രയോജനങ്ങളുണ്ട്. യൂണിഫോം കഴുകുന്നതിനോടൊപ്പം തന്നെ വാഷിംഗ് മെഷീനുകളിൽ കഴുകുവാനും അണുവിമുക്തമാക്കാനും തുണി കൊണ്ടുണ്ടാക്കിയ ഈ കവറിനു കഴിയും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. പ്ലാസ്റ്റിക് യൂണിഫോം കവറുകൊണ്ടുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ പറ്റുമെന്നുള്ളത് മറ്റൊരു മേന്മയാണ്.
ഈ ലോക് ഡൗൺ കാലത്ത് സാമൂഹിക അകലം പാലിക്കാനും യാത്രകൾ ഒഴിവാക്കാനും എല്ലാവരും വീടിനുള്ളിൽ ഒതുങ്ങി കൂടുകയാണ്. പക്ഷേ നമ്മുടെ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ എല്ലാ ദിവസവും അഹോരാത്രം കൊറോണ വൈറസിനെതിരെ പോരാടാനും രോഗികളെ ശുശ്രൂഷിക്കുവാനായിട്ടും ആത്മാർത്ഥമായി ജോലിയെടുക്കുന്നു. നിസ്സാരമെങ്കിലും ഓരോ ആശുപത്രികളിലും എത്തിച്ചേരുന്ന യൂണിഫോം കവറുകളിലൂടെ സ്നേഹത്തിന്റെയും കൈത്താങ്ങിന്റെയും അദൃശ്യമായ കരങ്ങൾ തേടി വരുന്നത് അനുഭവിച്ചതായി പല നഴ്സുമാരും മലയാളം യുകെയോടു പങ്കുവച്ചു. മനുഷ്യത്വപരമായ ഈ നടപടിയിലൂടെ കിട്ടുന്ന സപ്പോർട്ട് തെല്ലൊന്നുമല്ല.
സ്നേഹവും കൈത്താങ്ങുകളുമൊന്നും ഒരിക്കലും അവസാനിക്കുന്നില്ല. ഈ ദുരന്തകാലത്തു സമാനരീതിയിലുള്ള പ്രവർത്തനങ്ങൾ ലോകമെങ്ങുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . പലരും മാസ്കുണ്ടാക്കിയും സാനിറ്റൈസർ നിർമ്മിച്ചും ആതുരശുശ്രൂഷയിൽ പങ്കാളികളാകാൻ സമയം കണ്ടെത്തുന്നു. ഓരോ മേഖലയിലുള്ളവരും അവരുടെ കഴിവിനനുസരിച്ചുള്ള സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുന്നു. . ക്വാറന്റയിനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുവാനും മറ്റും മുന്നോട്ടുവരുന്ന സന്നദ്ധസേവകരുടെ എണ്ണം കേരളത്തിലും വളരെ വലുതാണ്. പ്രളയകാലത്ത് അകമഴിഞ്ഞ് സഹായിച്ച മത്സ്യത്തൊഴിലാളികളുടെ ചരിത്രം അവസാനിക്കുന്നില്ല. തീർച്ചയായും നാം ഈ വൈതരണികൾ തരണംചെയ്ത് മുന്നേറും. ലോകമെങ്ങുംനിന്നുള്ള സമാനരീതിയിലുള്ള നിങ്ങളുടെ അനുഭവങ്ങൾ മലയാളം യുകെയുമായി പങ്കുവയ്ക്കാം.
അയക്കേണ്ട വിലാസം [email protected]
അതിജീവനത്തിന്റെയും പ്രത്യാശയുടെയും ഈ വാർത്തകൾക്ക് എന്നും മലയാളം യുകെയിൽ ഇടമുണ്ടാകും.
സ്വന്തം ലേഖകൻ
നോർഫോക്ക്: പ്രവാസികളായി ഇവിടെയെത്തി ഒരു കൊച്ചു ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ ആണ് കൊറോണയുടെ കരുണയില്ലാത്ത ആക്രമണത്തിൽ പല മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പീറ്റർ ബോറോയിൽ നിന്നും ഏകദേശം 30 മൈൽ ദൂരെയുള്ള കിങ്‌സ് ലിൻ മലയാളി സമൂഹത്തിന് വേദന പകർന്നു നൽകി അനസൂയ ചന്ദ്രമോഹൻ (55) വിടപറഞ്ഞു. അനസൂയ കോവിഡ് ബാധിതയായി ചികിത്സക്ക് ശേഷം വിശ്രമത്തിലിരിക്കുമ്പോൾ ആകസ്മികമായി മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മരണം സംഭവിച്ചു എങ്കിലും ഇപ്പോൾ മാത്രമാണ് വാർത്ത പുറത്തുവരുന്നത്.
ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചു മനസ്സിലാക്കുമ്പോൾ ഉണ്ടാകാവുന്ന വേദനയുടെ ആഴം പറഞ്ഞറിയിക്കുക അസാധ്യമാണ്. വെറും രണ്ടു വർഷം മുൻപ് ഒരുപാട് സ്വപ്ങ്ങളുമായി കിങ്‌സ് ലിൻ ക്യുൻ എലിസബത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായി പരേതയായ അനസൂയയുടെ മകൾ ജെന്നിഫർ ശരവണൻ യുകെയിൽ എത്തുന്നത്. പിന്നീട് ആണ് ജെന്നിഫറിന്റെ ഭർത്താവ് യുകെയിൽ എത്തിച്ചേരുന്നത്.
ജീവിതം മുന്നോട്ടു നീങ്ങവെ ജെന്നിഫർ ഒരു കുഞ്ഞിന് ജന്മം നൽകി. ആറു മാസത്തെ മെറ്റേർണിറ്റി ലീവിന് ശേഷം ജോലിയിൽ കയറുമ്പോൾ പറക്കമുറ്റാത്ത കുഞ്ഞിനെ നോക്കാൻ ഭർത്താവ് വീട്ടിൽ ഇരിക്കേണ്ട അവസ്ഥ. നമുക്ക് എല്ലാവര്ക്കും അറിയാവുന്നത് പോലെ വർക്ക് പെർമിറ്റിന് വേണ്ടി ചിലവാക്കേണ്ടിവരുന്ന വലിയ തുകകൾ.. ഒരാളുടെ വരുമാനം എങ്ങും എത്തില്ല എന്ന സത്യം നമുക്ക് മറ്റാരും പറഞ്ഞുതരേണ്ട ആവശ്യമില്ല.
അങ്ങനെയിരിക്കെ നാട്ടിലുള്ള അമ്മയെ കൊണ്ടുവന്നാൽ ഒരു സഹായം ആകും എന്ന് കരുതിയാണ് ജെന്നിഫർ അമ്മയായ അനസൂയയെയും പിതാവിനെയും യുകെയിൽ കൊണ്ടുവരുന്നത്. മൂന്ന് മാസത്തേക്ക് ആണ് വന്നതെങ്കിലും മറ്റൊരു മൂന്ന് മാസം കൂടി അമ്മയായ അനസൂയ ജെന്നിഫറുടെ കൂടെ നിൽക്കാൻ തീരുമാനിക്കുക ആയിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോൾ പിതാവ് തിരിച്ചു നാട്ടിലേക്ക് പോവുകയും ചെയ്‌തു. കാര്യങ്ങൾ തിരിഞ്ഞു മറിഞ്ഞത് പെട്ടെന്നാണ്.. കൊറോണ അമ്മക്കും മോൾക്കും പിടിപെട്ടു. വിസിറ്റിങ് വിസയിലുള്ള അമ്മയുടെ ചികിത്സ ചെലവ് എത്രയെന്നോ, കൊടുക്കേണ്ടി വരുമെന്നോ അറിയാതെ രോഗം അൽപം ഭേദമായപ്പോൾ ഡിസ്ചാർജ് ചെയ്‌ത് വീട്ടിൽ ഇരിക്കെ ആണ് അനസൂയയുടെ വേർപാട്…
ഇതേസമയം കൊറോണ ബന്ധിച്ച ജെന്നിഫറുടെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് കെയിംബ്രിജ് പാപ് വേർത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. ഇപ്പോൾ വളരെ ഗുരുതരമാണ് ജെനിഫറിന്റെ അവസ്ഥ… തന്റെ ‘അമ്മ തന്നെ വിട്ടു പോയെന്ന് ജെന്നിഫർ ഇതുവരെ അറിഞ്ഞിട്ടില്ല.. കേവലം ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയും, എന്ത് ചെയ്യണമെന്ന് അറിയാതെ ഭർത്താവും… ആശ്വസിപ്പിക്കാൻ ആവാതെ കിങ്‌സ് ലിൻ മലയാളി സമൂഹവും. രണ്ട് പെൺമക്കൾ ആണ് പരേതയായ അനസൂയക്ക് ഉള്ളത്.
തുച്ഛമായ ശമ്പളത്തിൽ കഴിഞ്ഞു പോന്നിരുന്ന ഈ കുടുംബം അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഞങ്ങൾ നിങ്ങളോട് വിവരിക്കുന്നില്ല. യുകെ മലയാളികൾ കടന്നുപോകുന്ന കഠിനമേറിയ വഴികൾ .. എല്ലാവരും പണക്കാർ ആണ് എന്ന് ഒരു പ്രവാസിയും പറയില്ല.. എന്നാൽ ഒരു പ്രവാസിയുടെ ബുദ്ധിമുട്ട് അറിയാനുള്ള മലയാളിയുടെ മനസ്സ് ഒരുപാട് ജീവിതങ്ങളെ പ്രതിസന്ധികളിൽ നിന്നും കരകയറ്റിയ ചരിത്രം നാം നേരിൽ കണ്ടിട്ടുണ്ട്.. കരുണ ആവോളം ഉള്ള പ്രിയ യുകെ മലയാളികളെ കിങ്‌സ് ലിൻ മലയാളി സമൂഹത്തിന്റെ അഭ്യർത്ഥന മാനുഷിക പരിഗണയോടെ നിങ്ങൾ എല്ലാവരും എടുക്കണമെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു. ഈ നല്ല പ്രവർത്തിയിൽ മലയാളം യുകെയും പങ്കുചേരുന്നു.
വിട്ടകന്ന അമ്മക്ക് പകരമാകില്ല പണം എന്ന് മനസിലാക്കുമ്പോഴും… എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ പ്രായമാകാത്ത ഒരു വയസ് മാത്രമുള്ള കുട്ടി.. ജോലിക്ക് പോകാൻ സാധിക്കാതെ ഭർത്താവ്… സ്വന്തം ഭാര്യയുടെ അവസ്ഥ ഹോസ്പിറ്റലിൽ നിന്നും നഴ്സുമാർ പറഞ്ഞ് മാത്രം അറിയുന്ന, കണ്ണുകൾ നിറയുന്ന ആ മനുഷ്യനെ നിങ്ങൾ സഹായിക്കില്ലേ?? അനസൂയയുടെ ബോഡി നാട്ടിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും നടക്കുന്നില്ല… ശവസംസ്ക്കാരം നടത്താൻ ഉള്ള പണം കണ്ടെത്തുവാൻ കിങ്‌സ് ലിൻ മലയാളി സമൂഹം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയിൽ ആയ ജെന്നിഫറിനെയും കുടുബത്തെയും സഹായിക്കുവാൻ കിങ്‌സ് ലിൻ മലയാളി സമൂഹം യുകെ മലയാളികളുടെ സഹായം തേടുന്നു. സഹായം എത്തിക്കുവാൻ താല്പര്യമുള്ളവർ ചുവടെ കൊടുത്തിരുന്ന അസോസിയേഷന്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിക്കുവാൻ അപേക്ഷിക്കുന്നു.
Name : KINGS LYNN MALAYALEE COMMUNITY
Sort code : 53-61-38
Account No : 66778069
Bank : NATWEST, KING’S LYNN BRANCH
Please use the payment reference : Jennifer Saravanan
more details
NIMESH MATHEW – 07486080225 (PRESIDENT)
JAIMON JACOB – 0745605717 (SECRETARY)
JOMY JOSE – 07405102228 (TREASURER)
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണ വൈറസ് വ്യാപനം എങ്ങനെയെങ്കിലും തടയുന്നതിനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ. ലോക് ഡൗണിലൂടെയും സമൂഹ വ്യാപനത്തിലൂടെയും കൊറോണാ വൈറസിനെ തടയുവാനായിട്ട് ശ്രമിക്കുമ്പോഴും ഓരോദിവസവും രോഗ വ്യാപ്തി കൂടുന്നതിന്റെ കണക്കുകളാണ് പുറത്തു വരുന്നത്. പല വൻശക്തികളും കൊറോണ വ്യാപനത്തെ തടയാനായിട്ട് പരാജയപ്പെടുന്നതിന്റെ നേർചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടു . ലോക പോലീസായ അമേരിക്കയുടെ കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനുള്ള കഴിവ് ചീട്ടുകൊട്ടാരംപോലെ തകർന്നടിയുന്നതും ഈ ദിവസങ്ങളിൽ കണ്ടുകഴിഞ്ഞു. ലോകരാഷ്ട്രങ്ങൾ കൊറോണ വൈറസ് മഹാമാരിയിൽ നിന്ന് വിമുക്തി നേടി കഴിഞ്ഞാൽ ആദ്യമായി ചെയ്യുന്ന ഒരു കാര്യം ചൈനയെ ഒറ്റപ്പെടുത്തുന്നതാണെന്നുള്ള സൂചനകൾ മാധ്യമങ്ങളിൽ വന്നിരുന്നു. കൊറോണാ വൈറസിന്റെ ഉറവിടം ചൈനയിലെ വുഹാനിൽ നിന്നാണെങ്കിലും രോഗത്തെ കുറിച്ചും അതിന്റെ വ്യാപനത്തെ കുറിച്ചുമുള്ള കണക്കുകൾ ചൈന പുറത്തുവിട്ടില്ലെന്നും മറ്റുള്ള രാഷ്ട്രങ്ങൾക്ക് ശരിയായ രീതിയിലുള്ള മുന്നറിയിപ്പ് നൽകിയില്ല എന്നുമുള്ള പരാതി ഇപ്പോൾ തന്നെ മറ്റു രാജ്യങ്ങൾക്കുണ്ട്. അതോടൊപ്പം ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിലെ ഇന്റലിജൻസ് ബ്യൂറോ ചൈനയുമായിട്ടുള്ള വ്യവസായ ബന്ധങ്ങളിൽ പുനർചിന്തനം ആവശ്യമാണെന്ന മുന്നറിയിപ്പ് ഗവൺമെന്റിന് നൽകി കഴിഞ്ഞു.
ഡിജിറ്റൽ കമ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ ചൈനീസ് കമ്പനികളുടെ പ്രവർത്തനം കുറയ്ക്കേണ്ടതുണ്ടോ? ചൈനീസ് വിദ്യാർത്ഥികളെ ബ്രിട്ടീഷ് സർവകലാശാലകളിൽ ഗവേഷണത്തിന് അവസരം നൽകേണ്ടതുണ്ടോ? തുടങ്ങിയവയെക്കുറിച്ച് വരുംകാലങ്ങളിൽ ബ്രിട്ടീഷ് ഗവൺമെന്റ് തലത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടായേക്കാം. അമേരിക്കയുടെ എതിർപ്പിനെ മറികടന്ന് ചൈനീസ് കമ്പനിയായ ഹുവായ്ക്ക് ബ്രിട്ടീഷ് ടെലികമ്യൂണിക്കേഷൻ മേഖലയിൽ കരാർ നൽകിയതിനെക്കുറിച്ച് ഗവൺമെന്റു തലത്തിൽ ആലോചനകൾ ചൂടുപിടിക്കും .
പകർച്ച വ്യാധി ശമിച്ചതിനു ശേഷം യുകെ ചൈനയുമായുള്ള തങ്ങളുടെ വിശാല ബന്ധത്തെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്നാവശ്യപ്പെട്ട് ബോബ് സീലിയുടെ നേതൃത്വത്തിലുള്ള 15 ടോറി എംപിമാരും മുൻ മന്ത്രിമാരായ ഇയാൻ ഡങ്കൻ സ്മിത്തും, ഡേവിഡ് ഡേവിസും വാരാന്ത്യത്തിൽ ബോറിസ് ജോൺസനു കത്ത് നൽകിയിരുന്നു. കൂടുതൽ എംപിമാർ സമാന രീതിയിൽ ചിന്തിക്കാനുള്ള സാഹചര്യത്തിലേയ്ക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് . കൊറോണാ വൈറസിന്റെ വ്യാപനവും വ്യാപ്തിയും മരണസംഖ്യയും ചൈന ശരിയായ രീതിയിൽ റിപ്പോർട്ട് ചെയ്തില്ലെന്നുള്ള പരാതി അമേരിക്കൻ ഇന്റലിജൻസ് വിഭാഗവും ഗവൺമെന്റിനു കൈമാറിയിരുന്നു. സമാനരീതിയിൽ ഏഷ്യൻ രാജ്യങ്ങളിൽ ജപ്പാനും ചൈനയുമായിട്ടുള്ള വ്യാപാരങ്ങളെക്കുറിച്ച് പുനരാലോചിക്കുന്നതായി മാധ്യമ വാർത്തകൾ പുറത്തുവന്നിരുന്നു. ചൈനയുമായിട്ട് വാണിജ്യ വ്യാപാര കരാറുകളിലുണ്ടാകുന്ന പ്രശ്നങ്ങൾ ഇന്ത്യയ്ക്ക് കൂടുതൽ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബെഡ്‌ഫോർഡ്‌ഷെയർ: കൊറോണ വൈറസിനെതിരെ ലോകം മുഴുവൻ യുദ്ധം തന്നെ പ്രഖ്യപിച്ചിരിക്കുകയാണ്. ഈ ആരോഗ്യ പ്രതിസന്ധിയിൽ ആരോഗ്യപരിപാലനത്തിന്റെ പട്ടാളക്കാരായ നേഴ്‌സുമാരും ഡോക്ടർമാരും മരണത്തിന് വിധേയരാവുന്ന കാഴ്ച ഹൃദയഭേദകമാണ്. രോഗികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യരംഗത്തെ എല്ലാവരെയും വാനോളം പുകഴ്ത്തുന്ന ഈ കൊറോണ സമയത്തു എല്ലാവരും തന്നാൽ ആവുന്നത് നൽകാൻ ശ്രമിക്കുകയാണ്.
ഇന്ന് യുകെയിലെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് 99 കാരനായ ടോം മൂർ എന്ന മുൻ പട്ടാളക്കാരനാണ്. പട്ടാളക്കാരൻ ആള് ചെറിയ ആളൊന്നുമല്ല. രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യയിൽ നിയമിതനായ മൂർ അരകനിലും, ബർമ്മയിലും ( Arakan Division was an administrative division of the British Empire, covering modern-day Rakhine State, Myanmar, which was the historical region of Arakan. It bordered the Bengal Presidency of British India to the north.) യുദ്ധം നയിച്ച സിവിൽ എൻജിനീയർ ആയ ബ്രിട്ടീഷ് ഹീറോ.
തന്റെ നൂറാം ജന്മദിനം ആയ ഏപ്രിൽ 30 ന് മുൻപായി NHS ന് വേണ്ടി 1000 പൗണ്ട് കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. താൻ രോഗി (Hip replacement & skin cancer ) ആയിരുന്നപ്പോൾ നന്നായി നോക്കിയ NHS ന് വേണ്ടി. കിട്ടുന്ന പണം മൂന്ന് ചാരിറ്റി ഓർഗനൈസേഷന് നൽകുവാനും തീരുമാനിച്ചിരുന്നു.
ഇരുപത്തിയഞ്ച് മീറ്റർ മാത്രം നീളമുള്ള ബെഡ്‌ഫോർഷെയറിലെ തന്റെ വീടിന് പിറകിലുള്ള ഗാർഡനിൽ 100 പ്രാവശ്യം നടക്കുക, 100 വയസ്സ് പൂർത്തിയാകുന്ന ഏപ്രിൽ 30 ന് മുൻപായി. ഒരാഴ്ച്ച മുൻപ് ആരംഭിച്ച നടത്തം ബിബിസി ഉൾപ്പടെയുള്ള യുകെയിലെ മുൻ നിര മാധ്യമങ്ങളുടെ തലക്കെട്ടുകളായി പുറത്തുവന്നപ്പോൾ ആയിരം പൗണ്ട് (Around Rs.1 Lakh) ലക്ഷ്യം വച്ച ചാരിറ്റി പ്രവർത്തനം തുടങ്ങി ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നേടിയെടുത്തത് 70,000 വും ഇപ്പോൾ അത് എത്തിനിൽക്കുന്നത് മൂന്ന് മില്യൺ പൗണ്ടിലും ആണ്.(Around Rs. 30 crore)
അതായത് രണ്ട് മില്യണിൽ നിന്നും മൂന്ന് മില്യണിലേക്ക് എത്താൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് വേണ്ടിവന്നത്. വെസ്റ്റ് യോർക്ഷയറിൽ ഉള്ള കീത്തിലിയിൽ ജനിച്ചു വളർന്ന മൂർ ഒരു ഗ്രാമർ സ്‌കൂളിൽ തന്റെ പ്രാഥമിക വിദ്യാഭ്യസം പൂർത്തിയാക്കി പിന്നീട് സിവിൽ എൻജിനീയർ ആവുകയും ചെയ്‌തു. തന്റെ ശ്രമത്തെ പിന്തുണച്ച ബ്രിട്ടീഷ് ജനതയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് ഇതുമായി മൂർ ബിബിസി യോടെ പ്രതികരിച്ചത്. കൊറോണയെ നേരിടുന്ന നേഴ്‌സുമാർക്കും ഫ്രണ്ട് ലൈൻ ആരോഗ്യപ്രവർത്തകർക്കുമായി മുഴുവൻ തുകയും നൽകുന്നു എന്നും ടോം മൂർ വ്യക്തമാക്കി.
[ot-video][/ot-video]
ഡനെഗൽ/ അയർലൻഡ്: പ്രവാസി നഴ്സുമാരെ സംബന്ധിച്ചിടത്തോളം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അവർ ഇപ്പോൾ അനുഭവിക്കുന്നത് അവർണ്ണനീയമായ ജീവിത പ്രതിസന്ധികളാണ്. കോവിഡ് എന്ന വൈറസ് ഭീതി പരാതി ലോക ജനതയെ കീഴ് പ്പെടുത്തികൊണ്ടിരിക്കുന്നു. രണ്ടായിരത്തിൽ തുടങ്ങിയ മലയാളി നഴ്‌സുമാരുടെ യൂറോപ്പ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇപ്പോഴും നടക്കുന്നു.
എന്നാൽ കോവിഡ് വൈറസ്സ് യൂറോപ്പിൽ പിടിമുറുക്കിയതോടെ ഇവരുടെ ജീവിതത്തിൽ ഇരുൾ നിറക്കുകയായിരുന്നു. ഇത്തരത്തിൽ ഒരു പ്രവാസി മലയാളി നഴ്സിന്റെയും കുടുംബത്തിന്റെയും ജീവിത സാഹചര്യങ്ങളെ ഹൃദയസ്പർശിയായി വിവരിക്കുന്ന ഒരു വീഡിയോ ആണ് പ്രവാസി മലയാളികളുടെ മനസിനെ മഥിക്കുന്നത്. ഇത് കാണുന്ന ഓരോരുത്തരും തങ്ങളുടെ തന്നെ ജീവിതമാണ് എന്ന സത്യം തിരിച്ചറിയുന്നു. കോവിഡ് എന്ന വൈറസ് പടരുമ്പോൾ ഒരു പ്രവാസി നഴ്‌സിന്റെ ജീവിതം എന്തെന്ന് ഈ വീഡിയോ പുറം ലോകത്തിന് കാണിച്ചു തരുന്നു. അയർലണ്ടിൽ ഉള്ള ഡനെഗൽ കൗണ്ടിയിലെ ലെറ്റര്‍കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സായ ബെറ്റ്‌സി എബ്രഹാം, അയർലഡിൽ തന്നെ ഒരു സ്ഥാപനത്തിൽ മാനേജർ ആയ ഭർത്താവ് ലിജോ ജോയിയും രണ്ട് മക്കളും പ്രവാസി മലയാളി ജീവിതത്തെ തുറന്നു കാട്ടുന്നു.
ബാംഗളൂരിൽ ജനിച്ചു വളർന്ന ബെറ്റ്‌സി എബ്രഹാം, അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്റെ എല്ലാമായ പിതാവിനെ നഷ്ടപ്പെട്ടു. അമ്മയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അഞ്ച് വയസ് മാത്രം പ്രായമായ സഹോദരൻ. ബാല്യകാലത്തിൽ അങ്ങളെയും എടുത്തുപിടിച്ച് കളിപ്പിച്ചത് കളികളോട് ഉള്ള താല്പര്യം കൊണ്ടല്ല മറിച്ച് അമ്മയെ സഹായിക്കാൻ വേണ്ടിയാണ്, ആശ്വാസമേകാൻ വേണ്ടിയാണ്. കുടുംബത്തിന്റെ എല്ലാമായ ബിസിനസ് നടത്തുകയായിരുന്ന പിതാവിന്റെ വേർപാട് അമ്മയെ തളർത്തരുത് എന്ന കൊച്ചുമനസിലെ തീരുമാനം നടപ്പിലാക്കുകയായിരുന്നു ബെറ്റ്‌സി എബ്രഹാം. ബെറ്റ്‌സി എബ്രഹാമിന്റെ ജീവിതത്തിലെ പ്രതിസന്ധികൾ ഭർത്താവായ ലിജോ മലയാളം യുകെയുമായി പങ്കുവെക്കുകയായിരുന്നു.
ബാംഗ്ലൂരിലെ എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് വണ്ടികയറിയ ബെറ്റ്‌സിയുടെ കുടുംബം ചെങ്ങന്നൂരിൽ ആണ് താമസമാക്കിയത്. തുടർ പഠനം അവിടെ തന്നെ. താങ്ങായി പിതാവും അമ്മാവൻമ്മാരും. ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. നഴ്‌സിങ് പഠനത്തിനായി തിരിച്ചു ബാംഗ്ലൂരിലേക്ക്. പഠനം പൂർത്തിയയാക്കി തിരുവന്തപുരത്തെ കിംസ് ആശുപത്രിയിൽ ജോലിയിൽ കയറി. 2010 ൽ കല്യാണം.. മാവേലിക്കര സ്വദേശിയായ ലിജോ ജോയ്.. 2015 ൽ എല്ലാ ടെസ്റ്റുകളും പാസായി അയർലണ്ടിൽ എത്തുന്നു. യാത്രകളെ ഇഷ്ടപ്പെടുന്ന രണ്ടുപേരും യൂട്യൂബിൽ എത്തുന്നത് അവരുടെ പാഷൻ ആയ വിനോദയാത്രകളെ കുറിച്ച് മറ്റുള്ളവരെ അറിയിക്കാൻ..
എന്നാൽ എല്ലാ യാത്രകളെയും മുടക്കി കോവിഡ്… അധികൃതർ പറയുന്നത് പാലിച്ചു ജീവിതം മുൻപോട്ടു പോകുംമ്പോൾ അധികാരികളെ മാത്രമല്ല തന്റെ ഭാര്യയെ പോലുള്ള ഒരുപാട് നഴ്‌സുമാരുടെ കഷ്ടപ്പാടുകളെ ലഘൂകരിക്കാൻ കൂടി ഉപകാരപ്പെടുത്തുകയാണ് ലിജോയുടെ വീഡിയോ.
കുടുംബത്തിന്റെ സുരക്ഷയ്ക്കായി വീടിനുള്ളില്‍ ഒരു മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന അമ്മ… മുറിക്ക് അകത്തു അമ്മ ഉണ്ടെന്ന് മനസ്സിലാക്കി കാണാനും സംസാരിക്കുന്നതിനും കൊഞ്ചിക്കാനുമൊക്കെയായി കതകില്‍ തട്ടി വിളിക്കുന്ന തിരിച്ചറിവ് എത്താത്ത കൊച്ചുകുട്ടികൾ… വാതിൽ പാതി തുറന്ന് കുട്ടികളെ ആശ്വസിപ്പിക്കുന്ന അമ്മ… ഡ്യൂട്ടി കഴിഞ്ഞു ഹോസ്പിറ്റലിൽ തന്നെ ഒരുക്കിയിരിക്കുന്ന ബാത്‌റൂമിൽ ഉള്ള കുളി കഴിഞ്ഞാണ് കാറിൽ വീട്ടിലേക്കുള്ള യാത്ര തന്നെ… വീടിന് പിറകുവശത്തുകൂടി പ്രവേശിക്കേണ്ട അവസ്ഥ..
ചോദ്യങ്ങളിൽ കണ്ണ് നിറയുന്ന ബെറ്റ്സി എങ്കിലും അത് പ്രകടിപ്പിക്കാതെ ഉത്തരം നൽകുന്നു…. വാതിൽ തുറക്കുബോൾ തടവറയിൽ എന്ന് അറിയാതെ പറഞ്ഞുപോകുന്ന ഒരു അമ്മയായ നഴ്‌സ്… പ്രവാസിയെന്ന് കേട്ടാൽ പണത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വലിയൊരു സമൂഹമുള്ള കേരളത്തിലെ എത്രപേർ മനസിലാക്കും ഒരു പ്രവാസിമലയാളിയുടെ മനസിന്റെ വേദന… ഒരു നഴ്‌സ് എങ്ങനെയാണ് പല മലയാളി വീടിന്റെയും വെളിച്ചമായത് എന്ന് തിരിച്ചറിയാൻ ഇത് നമുക്ക് അവസരം നൽകുന്നു.
ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുന്ന മലയാളി നഴ്സുമാർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് തൻറെ പ്രിയപ്പെട്ടവർക്ക് ഇത് പകരാൻ ഇടവരരുത് എന്ന് കരുതിയാണ്. എന്നാൽ രണ്ടുപേരും ആശുപത്രിയിൽ ആണ് ജോലി എങ്കിൽ ഇതും പ്രായോഗികമല്ല. യൂറോപ്പിലെ ഭൂരിഭാഗം ആരോഗ്യപ്രവര്‍ത്തകരുടെയും വീട്ടിലെ അവസ്ഥയുടെ ഏതാണ്ട് ഒരു നേര്‍സാക്ഷ്യം ആണ് ഈ വിഡിയോ.
[ot-video][/ot-video]
ഒളിവില്‍ കഴിയവെ അഭിഭാഷകയുമായുള്ള ബന്ധത്തില്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് രണ്ട് കുട്ടികളുടെ പിതാവായെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലിയന്‍ അസാഞ്ജുമായുള്ള രഹസ്യബന്ധം വെളിപ്പെടുത്തി അഭിഭാഷകയായ സ്റ്റെല്ല മോറിസ് തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്.
അഫ്ഗാനിസ്താന്‍, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് അസാഞ്ജിനെതിരെ അമേരിക്ക ചാരവൃത്തി കുറ്റം ആരോപിച്ച് കേസെടുത്തിരുന്നു. തുടര്‍ന്ന് 2012ല്‍ ഇദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടി.
എംബസിയില്‍ ഒളിവില്‍ കഴിയവെ നിയമപരമായ വഴികള്‍ തേടുന്നതിനിടെയാണ് അസാഞ്ജും സ്റ്റെല്ലയും തമ്മില്‍ കണ്ടുമുട്ടിയതും പിന്നീട് അടുപ്പത്തിലായതും. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ 2016 ല്‍ ആദ്യത്തെ കുട്ടി പിറന്നു. രണ്ടുകുട്ടികളുടെയും ജനനം ഇദ്ദേഹം ലൈവ് വീഡിയോ വഴി കണ്ടിരുന്നു.
ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ വര്‍ഷമാണ് അസാഞ്ജിനെ പോലീസ് പിടികൂടിയത്. നിലവില്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് അസാഞ്ജ്. ചാരവൃത്തി ആരോപിച്ച് അസാഞ്ജിനെതിരെ അമേരിക്ക കേസെടുത്തിരുന്നു. ഇതില്‍ വിചാരണക്കായി അസാഞ്ജിനെ വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
അതിനിടെയാണ് തങ്ങളുടെ രഹസ്യബന്ധം പുറത്തുവിട്ട് സ്റ്റെല്ല പുറത്തുവിട്ടത്. ഇത്രയും കാലം രഹസ്യമാക്കി വെച്ചിരുന്ന ബന്ധം സ്റ്റെല്ല മോറിസ് പുറത്തുവിട്ടതിന് പിന്നില്‍ അസാഞ്ജിന്റെ ജീവന്‍ അപകടത്തിലാണെന്ന ഭയത്താലാണെന്നാണ് വിവരങ്ങള്‍.
ലോകത്തെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ ജയിലില്‍ പടര്‍ന്നാല്‍ അസാഞ്ജിന്റെ ജീവന്‍ അപകടത്തിലാകുമെന്നാണ് സ്റ്റെല്ലാ മോറിസ് പറയുന്നത്. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ചില തടവുകാരെ ബ്രിട്ടീഷ് സര്‍ക്കാര്‍ താത്കാലികമായി മോചിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.
ഈ ആനുകൂല്യം അസാഞ്ജിന് നല്‍കണമെന്നാണ് സ്റ്റെല്ല ആവശ്യപ്പെടുന്നത്. വൈറസ് ബാധയേറ്റേക്കാമെന്ന സാധ്യത ചൂണ്ടിക്കാട്ടി അസാഞ്ജ് ജാമ്യം നേടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടു. ഇതോടെയാണ് രഹസ്യബന്ധം വെളിപ്പെടുത്തി സ്റ്റെല്ല രംഗത്തെത്തിയത്. സ്റ്റെല്ലാ മോറിസും അസാഞ്ജും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള വിവരങ്ങളും അതിനിടെ പുറത്തുവരുന്നു.
യു.കെ യിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു മരണ വാര്‍ത്ത കൂടി. ബര്‍മിംഗ്ഹാമിനടുത്ത് വൂല്‍ഹാംട്ടനില്‍ താമസിക്കുന്ന ഡോ.അമീറുദ്ധീന്‍ ആണ് കോവിഡ് -19 ബാധിച്ച് മരണത്തിനു കീഴടങ്ങിയത്.
72 വയസ്സായിരുന്നു പ്രായം. ഭാര്യ ഹസീന. നദീം, നബീല്‍ എന്നിവര്‍ മക്കളാണ്. രണ്ടു മക്കളില്‍ ഒരാള്‍ യു.കെയില്‍ തന്നെ ഡോക്ടര്‍ ആണ്.
കൊറോണ ബാധയെ തുടര്‍ന്ന് മൂന്നാഴ്ചയായി ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. രണ്ടാഴ്ച മുമ്പാണ് വെന്റിലെറ്റ്റില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം സ്വദേശിയായ അമീറുദ്ധീന്‍ സാഹിബ്, 1970കള്‍ മുതല്‍ യു.കെ. യില്‍ ജി.പി. യായി സേവനമനുഷ്ടിച്ചു. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം എൻ എച്ച് എസ് -ല്‍ നിന്ന് റിട്ടയര്‍ ചെയ്ത അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
ഡോ.അമീറുദ്ധീന്റെ നിര്യാണത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം മലയാള യുകെയും പങ്കുചേരുന്നു.
ഷിബു മാത്യൂ.
ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ബ്രിട്ടണില്‍ അകെ മരണം 9875. ഇതു വരെ രോഗം സ്ഥിതീകരിച്ചവര്‍ 78,758. ഇന്ന് മാത്രം മരിച്ചവര്‍ 917. ഇന്ന് രോഗം സ്ഥിതീകരിച്ചവര്‍ 8719. കാര്യങ്ങള്‍ ഇത്രയും ഗൗരവാവസ്ഥയില്‍ എത്തിയിട്ടും ബ്രിട്ടണിലെ മലയാളികള്‍ ഉള്‍പ്പെടുന്ന പ്രദേശിക സമൂഹത്തിന് അപകടത്തിന്റെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല എന്നത് ഖേദകരം. വളരെ വൈകിയെങ്കിലും ഗവണ്‍മെന്റും NHS ഉം നിര്‍ദ്ദേശിക്കുന്ന സുരക്ഷാ സംവിധാനങ്ങളൊന്നും ആരും പാലിക്കുന്നില്ല എന്നതാണ് പരിതാപകരം. ഈസ്റ്റര്‍ ആഴ്ചയില്‍ ബ്രിട്ടണിലെ ചൂട് പതിവിന് വിപരീതമായി ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാങ്ക് ഹോളിഡേ ഉള്‍പ്പെട്ട ഈസ്റ്റര്‍ വീക്കെന്റില്‍ ആരും പുറത്തിറങ്ങരുതെന്നുള്ള ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശവുമുണ്ട്. താപനില ഇപ്പോള്‍ 23°C ആയിരിക്കെ ബ്രിട്ടണിലെ പല റോഡുകളിലും പാര്‍ക്കുകളിലും ജനത്തിരക്കേറുന്ന കാഴ്ചയാണിപ്പോള്‍. ഭര്‍ത്താവും ഭാര്യയും മക്കളും വളര്‍ത്തുനായ്ക്കളുമടങ്ങുന്ന ബ്രട്ടീഷ് കുടുംബം ആസ്വദിച്ചുല്ലസിച്ച് നിരത്തുകളില്‍ ചുറ്റിത്തിരിയുകയാണ്.
ഗവണ്‍മെന്റും NHS ഉം മുന്നോട്ട് വെയ്ക്കുന്ന ലോക് ഡൗണ്‍ നിബന്ധനകള്‍ പാലിക്കാതെ നിരവധി മലയാളി കുടുംബങ്ങളെയും ഇന്ന് നിരത്തില്‍ കാണുവാനിടയായി. ഐസൊലേഷനില്‍ കഴിയുന്ന നിരവധി മലയാളി കുടുംബങ്ങളില്‍ നിന്ന് ഈസ്റ്റര്‍ ഷോപ്പിംഗിനായി എത്തിയവര്‍ ധാരാളമെന്ന് മലയാളം യുകെ ഗ്ലാസ്‌കോ, ബര്‍മ്മിംഗ്ഹാം, മാഞ്ചെസ്റ്റര്‍, ലെസ്റ്റര്‍, ഡെര്‍ബി, ലണ്ടന്‍, കാര്‍ഡിഫ് ബ്യൂറോകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോറിസ്സണ്‍, ടെസ്‌ക്കൊ, ആസ്ടാ, സെയിന്‍സ്ബറി, അല്‍ദി എന്നീ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളിലായിരുന്നു മലയാളികളുടെ തിരക്കനുഭവപ്പെട്ടത്. (ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല). ഐസൊലേഷനില്‍ കഴിയുന്നത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവും, ഭര്‍ത്താവാണെങ്കില്‍ ഭാര്യയും ഷോപ്പിംഗിനിറങ്ങുകയാണ്. ഭാഗ്യവശാല്‍ കുട്ടികളെ ഇതില്‍നിന്നിവര്‍ ഒഴിവാക്കിയിട്ടുണ്ട് എന്നത് സന്തോഷകരം തന്നെ. ഇതില്‍ ഭൂരിഭാഗവും NHSല്‍ ജോലി ചെയ്യുന്നവരാണെന്നുള്ളത് എടുത്ത് പറയേണ്ടതുമുണ്ട്. വൈറസ് പടരുന്ന സാധ്യതകളും സുരക്ഷാ രീതികളും മറ്റാരേക്കാളും നന്നായി അറിയാവുന്നവര്‍ അത് പാലിക്കാന്‍ തയ്യാറാകുന്നില്ല എന്നത് അതിശയോക്തിക്ക് വകയേകുന്നു. സുരക്ഷാ സംവിധാനങ്ങളില്‍ കേരളം മുന്നിലെന്ന് ലോകം വിളിച്ച് പറയുമ്പോള്‍ യുകെയിലെ കേരളീയര്‍ കാണിക്കുന്ന നിരുത്തരവാദിത്വപരമായ സമീപനം കേരളത്തിനു തന്നെ നാണക്കേടുണ്ടാക്കും എന്നതില്‍ സംശയം തെല്ലും വേണ്ട.
യുകെയില്‍ മലയാളി മരണങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. പല NHS ഹോസ്പിറ്റലുകളിലും മലയാളികള്‍ മരണത്തെ മുഖാമുഖം കാണുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പല വീടുകളിലും മലയാളികള്‍ ഐസൊലേഷനില്‍ കഴിയുകയാണിപ്പോള്‍. പലര്‍ക്കും ചികിത്സ പോലും ലഭിക്കുന്നില്ല. ആതുരസേവന രംഗത്ത് യുകെയെ ശുശ്രൂഷിക്കുന്ന മലയാളികള്‍ സമൂഹത്തിന് മാതൃകയാകേണ്ടതുണ്ട്.
ഇന്ത്യ യുകെയ്ക്ക് വാഗ്ദാനം ചെയ്ത 30 ലക്ഷം പാരസെറ്റമോൾ പായ്ക്കറ്റുകളുടെ ആദ്യ ബാച്ച് ഞായറാഴ്ച ലണ്ടനിലെത്തും. കോവിഡ്-19 വ്യാപകമാവുന്ന പശ്ചാത്തലത്തിൽ പാരസെറ്റമോളിന് കയറ്റുമതി നിരോധനമേർപ്പെടുത്തിയിരുന്നു. എങ്കിലും ഇതിന് ശേഷവും ഈ സുപ്രധാന കയറ്റുമതിക്ക് അനുമതി നൽകിയതിന് യുകെ ഇന്ത്യയോട് നന്ദി പറഞ്ഞു.
ലോകം മുഴുവൻ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇരുരാജ്യങ്ങളും സഹകരിച്ച് മുന്നോട്ടുപോകന്നുവെന്നതിന്റെ പ്രതീകമാണ് ഈ കയറ്റുമതിയെന്ന് കോമൺവെൽത്ത്, ദക്ഷിണേഷ്യ സഹമന്ത്രി താരിഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. ‘കോവിഡ് 19 എന്ന ഭീഷണിക്കെതിരായി ഇന്ത്യയും യുകെയും ഒന്നിച്ചുപോരാടും. കയറ്റുമതിക്ക് അനുവാദം നൽകിയതിന് യുകെ സർക്കാരിന് വേണ്ടി ഞാൻ ഇന്ത്യയോട് നന്ദി അറിയിക്കുന്നു.’ താരിഖ് അഹമ്മദ് പറഞ്ഞു.
യുകെയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്കാവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ലണ്ടനിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായും, വിദേശകാര്യ മന്ത്രാലയവുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും അഹമ്മദ് പറഞ്ഞു.
ലോക്ക്ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരെ തിരികെ നാട്ടിലെത്തിക്കുന്നതിന് യുകെ സർക്കാർ ചാർട്ടർ ഫ്‌ളൈറ്റുകൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.