കൊവിഡ് 19 വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാനൊരുങ്ങി ഇംഗ്ലണ്ട്. ഉപാധികളോടെയാണ് നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച മുതല്‍ ഇംഗ്ലണ്ടിലെ ജനങ്ങള്‍ക്ക് ഉപാധികളോടെ പൊതു നിരത്തിലിറങ്ങാം. വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഓഫീസില്‍ പോയി ജോലി ചെയ്യാമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

അഞ്ച് ഘട്ടങ്ങളുള്ള പുതിയ കൊവിഡ് ജാഗ്രതാ സംവിധാനമാണ് ലോക്ക്ഡൗണ്‍ ലഘൂകരണത്തില്‍ നടപ്പിലാക്കുന്നത്. ‘അടുത്ത ഘട്ടമായി ജൂണ്‍ 1 നകം ചില പ്രാഥമിക വിദ്യാലയങ്ങള്‍ തുറക്കും. ഈ ഘട്ടത്തില്‍ കടകള്‍ തുറക്കുന്നതും ഉള്‍പ്പെടും’ രാജ്യത്തെ അഭിസംബോധന ചെയ്ത് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ ശാസ്ത്രീയ പിന്തുണയുണ്ടെങ്കിലേ നടപ്പിലാക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പൊതു സ്ഥലങ്ങളും കച്ചവട സ്ഥാപനങ്ങളും അടുത്ത ഘട്ടത്തില്‍ തുറക്കും. പക്ഷേ ജൂലൈ ഒന്നിനു മുമ്പ് അത് സംഭവിക്കില്ല. പല ഘട്ടങ്ങളായി ലോക്ക് ഡൗണ്‍ തുറക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം അറിയിച്ചു. ‘ലോക്ക്ഡൗണ്‍ തുറക്കുന്നതിനുള്ള സമയമായിട്ടില്ല.ഈ ആഴ്ച അതുണ്ടാവില്ല. പകരം നടപടികള്‍ പരിഷ്‌കരിക്കുന്നതിനുള്ള ശ്രദ്ധാപൂര്‍വ്വമായ കാര്യങ്ങളാണ് കൈക്കൊള്ളുന്നത്’.

ലോക്കഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നതിനുള്ള പിഴകള്‍ വര്‍ധിപ്പിക്കുമെന്നും ബോരിസ് ജോണ്‍സണ്‍ അറിയിച്ചു. അതേസമയം, ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കരണങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മാര്‍ഗ്ഗനിര്‍ദേശങ്ങളും ഇന്ന് പ്രസിദ്ധീകരിക്കും. ഇംഗ്ലണ്ടുകാര്‍ക്ക് പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും പോകാന്‍ അനുവാദമുണ്ടെന്നും അവര്‍ അവിടെയുള്ളപ്പോള്‍ സാമൂഹിക അകലം പാലിച്ചാല്‍ മതിയെന്നുമാണ് നിലവില്‍ എടുത്തിരിക്കുന്ന തീരുമാനം.