വിദേശത്ത് കുടുങ്ങിയ എല്ലാ പ്രവാസി ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. പ്രവാസികളുടെ മടക്കത്തിന് കേരളം മുന്നോട്ട് വെച്ച മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കില്ല. അടിയന്തിര സ്വഭാവമുള്ളവർക്കും വിസ കാലവധി തീർന്നവർക്കും മാത്രമേ തിരികെ മടങ്ങാൻ കഴിയൂവെന്നും കേന്ദ്രം വ്യക്തമാക്കി. നോർക്ക രജിസ്ട്രേഷൻ ചെയ്ത എല്ലാ പ്രവാസികൾക്കും തിരികെ മടങ്ങാൻ സാധിക്കില്ലെന്നും ഇതോടെ കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ്. ഇത് കേരളത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്.
തിരികെ എത്തിക്കേണ്ട പ്രവാസികളെ സംബന്ധിച്ച് കേന്ദ്രം തയ്യാറാക്കിയ പട്ടികയിൽ കേവലം 2 ലക്ഷം പേർ മാത്രമാണ് ഉളളത്. അതേസമയം കേരളത്തിലേക്കു മടങ്ങാൻ മാത്രം 4.14 ലക്ഷം പ്രവാസി മലയാളികൾ നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രവാസികളുടെ മടക്കത്തിന് കേന്ദ്രം കർശന ഉപാധികൾ വച്ചതോടെ ഇവരുടെ കേരളത്തിലേക്കുള്ള യാത്രയും അനിശ്ചിതത്വത്തിലാകും.
സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ. ഇവരിൽ ജോലി നഷ്ടമായവരും വിസ കാലാവധി കഴിഞ്ഞ് അവിടെ കുടുങ്ങിപ്പോയവരും മാത്രമാണ് മടങ്ങുന്നത്. എംബസികൾ തയ്യാറാക്കുന്ന മുൻഗണനാക്രമം അനുസരിച്ചുള്ള പട്ടിക വഴിയാണ് പ്രവാസികൾക്ക് നാട്ടിലേക്കുള്ള മടക്കം തീരുമാനിക്കപ്പെടുക.
കോവിഡ് ലോക്ക് ഡൗണ്‍ മൂലം നാട്ടിലെത്താനാകാതെ ബ്രിട്ടനില്‍ കുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പട്ടിണിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് നാട്ടിലേയ്ക്ക് മടങ്ങാനാകാതെ യുകെയില്‍ കുടുങ്ങിയിരിക്കുന്നത്. ആതുരസേവന സംഘടനകള്‍ നല്കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് അതിജീവനത്തിന് ആശ്രയം. എന്നാല്‍ ഈ സംഘടനകള്‍ തുടര്‍ന്ന് ഭക്ഷണം നല്കാന് കഴിയുന്ന നിലയിലല്ല. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാര്‍ട്ട് ടൈം ജോലികള്‍ നഷ്ടമായിക്കഴിഞ്ഞു.
യുകെയിലെ വിവിധ സ്റ്റുഡന്റ്സ് ഗ്രൂപ്പുകള്‍ ലോക്കല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായും ചാരിറ്റബിള്‍ സംഘടനകളുമായും ബന്ധപ്പെട്ട് അടിയന്തരമായി ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കുന്നുണ്ടെന്ന് ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തൊഴില്‍ നഷ്ടപ്പെട്ടത് മൂലം മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ചെലവാക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് വലിയൊരു വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. തങ്ങളെ നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പ്രവാസികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിച്ചതായി ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്റ്സ് അസോസിയേഷന് പറയുന്നു. നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്സ് ആന്‍ഡ് അലുമിനി യൂണിയനും ഭക്ഷണമെത്തിക്കുന്നുണ്ട്്. പലരും ശരിക്കും പട്ടിണിയില്‍ തന്നെയാണെന്ന് സേവാ ട്രസ്റ്റ് എന്ന സംഘടനയുടെ ചരണ്‍ സെഖോണ്‍ പറയുന്നു. യൂണിവേഴ്സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന ആവശ്യങ്ങളില്‍ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായി ഹാര്‍ഡ്ഷിപ്പ് ഫണ്ടിലെ പണം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട്്, ഈലിംഗ് സൗത്താളില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപി വീരേന്ദ്ര ശര്‍മ, വിദ്യാഭ്യാസ സെക്രട്ടറി ഗാവിന് വില്യംസണ് കത്ത് നല്‍കിയിരുന്നു. 2018-19ലെ കണക്ക് പ്രകാരം 270000ത്തിനടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുകെയിലുള്ളത്.
ജിബിൻആഞ്ഞിലിമൂട്ടിൽ , മലയാളം യുകെ ന്യൂസ് ടീം
ഇന്ന് മെയ് 1 ലോക തൊഴിലാളി ദിനം .ലോകമെമ്പാടും കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആണ് ഇത്തവണ തൊഴിലാളി ദിനം ആചരിക്കപ്പെടുന്നത്. 1886 മെയ്1നാണ് ലോക തൊഴിലാളി ദിനം ആചരിച്ചുതുടങ്ങിയത്. 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ലെന്ന് അമേരിക്കയിൽ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിച്ചു. ഈ അവകാശം നേടിയെടുക്കാൻ തൊഴിലാളി സംഘടനകൾ പണിമുടക്കി. ഈ പണിമുടക്കിനിടെ, ചിക്കാഗോയിലെ ഹെയ്മാർക്കറ്റിൽ ഒരു ബോംബ് സ്ഫോടനം ഉണ്ടായി, ഇതേത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയും നിരവധി തൊഴിലാളികൾ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ചാണ് അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ, ഹെയ്മാർക്കറ്റ് നാർസിസസിൽ കൊല്ലപ്പെട്ട നിരപരാധികളോടുള്ള സ്മരണാർഥം മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുമെന്നും എല്ലാ തൊഴിലാളികളും ഈ ദിവസം അണിചേരുമെന്നും പ്രഖ്യാപിക്കപ്പെട്ടത്. ഇതാണ് ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം. തൊഴിലാളികളുടെ അവകാശ സമരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണ്. തൊഴിലാളിക്ക് ചെയ്യുന്ന പണിക്ക് ന്യായമായ കൂലി അവകാശമാണെന്ന് പ്രഖ്യാപിച്ച് അത് സ്ഥാപിച്ചെടുക്കാൻ തൊഴിലാളി പ്രസ്ഥാനങ്ങളെ മുന്നോട്ട് നയിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ആണ്. തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായി പോരാടിയ ചരിത്രം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആണെന്നതിൽ തർക്കമില്ല.

ലോകമാകമാനം തൊഴിലാളി സമൂഹം വലിപ്പച്ചെറുപ്പമില്ലാതെ ഇന്ന് വലിയൊരു പ്രതിസന്ധി നേരിടുകയാണ് . കോവിഡ് എന്ന മഹാമാരി മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ ആകെ മാറ്റിമറിച്ചിരിക്കുന്നു . കൊറോണ വൈറസ് ഇന്ന് എല്ലാ തൊഴിൽ മേഖലകളെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ സാധാരണക്കാരായ തൊഴിലാളികളെ ഉൾപ്പെടെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര തൊഴിലാളി സംഘടന കഴിഞ്ഞ ബുധനാഴ്ച റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ലോകത്ത് 1.6 ബില്യൺ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും എന്നാണ് പറയുന്നത്. ഈ കണക്ക് സൂചിപ്പിക്കുന്നത് ലോകം വലിയൊരു തൊഴിൽ പ്രതിസന്ധി കൂടി നേരിടും എന്നതാണ്. സർക്കാർ സഹായം ഇല്ലാത്ത തൊഴിൽ മേഖലയിൽ ഉള്ളവർക്കാണ് തൊഴിൽ നഷ്ടമാവുക എന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന പറയുന്നത്. തൊഴിലാളികൾ എന്നും ലോകത്തിന്റെ കരുത്താണ്.ലോകത്തിന്റെ നിലനിൽപ്പ് തന്നെ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലം കൂടിയാണ്. ഈ പ്രതിസന്ധി കാലഘട്ടത്തിൽ നമുക്ക് തൊഴിലാളികളെ ചേർത്ത് നിർത്താം.അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാം.ഈ തൊഴിലാളി ദിനത്തിൽ സർവ്വ രാജ്യ തൊഴിലാളികളെ മുഴുവനും അഭിവാദ്യം ചെയ്യുന്നു.
കോവിഡ് 19 ബാധിച്ചു മരിച്ച നഴ്സ് വെളിയന്നൂർ കുറ്റിക്കോട്ട് അനൂജ് കുമാറിനെപ്പറ്റി ബിബിസി പ്രത്യേക വാർത്ത സംപ്രേഷണം ചെയ്തു. ലണ്ടനിലെ ബോസ്റ്റൺ പിൽഗ്രിം ആശുപത്രിയിൽ നഴ്സായിരുന്ന അനൂജിന്റെ ജീവിതം മറ്റുള്ളവർക്കു പ്രചോദനമാണെന്നു റിപ്പോർട്ടിൽ പറയുന്നു. അനൂജ് (44) ഉൾപ്പെടെ കോവിഡിൽ ജീവൻ നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകർക്കായി കഴിഞ്ഞ ദിവസം ഒരു മിനിറ്റ് മൗനം ആചരിച്ചിരുന്നു.
അനൂജിന്റെ അമ്മ ജഗദമ്മ അനൂജിന്റെ ഭാര്യ സന്ധ്യ. എസ്. നായരുടെ തൊടുപുഴ കോലാനിയിലെ വീട്ടിലാണ്. അനൂജിന്റെ ഇളയ മകൻ ഗോകുലും കൂടെയുണ്ട്. അച്ഛൻ പവിത്രൻ ജീവിച്ചിരിപ്പില്ല. സഹോദരി അജിത മുംബൈയിൽ നഴ്സാണ്. 15 വർഷം മുൻപ് ലണ്ടനിൽ പോയ അനൂജ് കഴിഞ്ഞ വർഷം ഏപ്രിലിൽ കുടുംബസമേതം നാട്ടിൽ എത്തിയിരുന്നു. അനൂജിന്റെ സംസ്കാരം മേയ് 13ന് നടത്തുമെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. ഭാര്യ സന്ധ്യ ലണ്ടനിൽ ആശുപത്രിയിലാണ്. മൂത്ത മകൻ അകുലും ലണ്ടനിലാണ്.
ബ്രിട്ടനിലെ സർക്കാർ ആരോഗ്യവിഭാഗമായ നാഷനൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) നഴ്സായി ജോലി ചെയ്യുന്നതിനുള്ള യോഗ്യത അനൂജ് സ്വന്തമാക്കിയത് ആറു മാസം മുൻപാണ്. പ്രമേഹം ഉണ്ടായിരുന്നതിനാൽ, കോവിഡ് കാലത്തു ജോലിക്കു പോകാതെ വീട്ടിലിരിക്കാനുള്ള സർക്കാർ നിയമം പ്രയോജനപ്പെടുത്താമായിരുന്നു. എന്നാൽ, ഇളവു വേണ്ടെന്നുവച്ച് ജോലി തുടരുകയായിരുന്നുവെന്നു കുടുംബ സുഹൃത്ത് സൂസൻ മാത്യൂസ് പറയുന്നു.
‘ ആഗ്രഹിച്ച ജോലിയിലേക്കെത്താൻ അനൂജ് നടത്തിയ ശ്രമങ്ങൾ മാതൃകയായിരുന്നു’ – സുഹൃത്ത് സന്തോഷ് ദേവസ്സി പറഞ്ഞു. അനൂജിന്റെ കുടുംബത്തെ സഹായിക്കാൻ ‘എൻഎച്ച്എസ് ഹീറോ’ എന്ന പേരിൽ സമൂഹമാധ്യമത്തിലൂടെ ഫണ്ട് സമാഹരണം തുടങ്ങിയിട്ടുണ്ട്.
റ്റെൽഫോർഡ്: മരണ സംഖ്യകൾ ലോകമാധ്യമങ്ങളുടെ തലക്കെട്ടുകൾ കീഴടക്കുമ്പോൾ കൊറോണ എന്ന വൈറസ് എന്ന വില്ലനെ പിടിച്ചുകെട്ടുന്ന മരുന്ന് പരീക്ഷണത്തിൽ ഒരു പിടി മുന്നിൽ എത്തിയത് യുകെയിലെ യൂണിവേഴ്സിറ്റികൾ ആണ്. അതിൽ തന്നെ ഓക്സ്ഫോർഡ് സര്‍വകലാശാല കോവിഡിനെതിരെയുള്ള വാക്സിന് പരീക്ഷണം നടത്തി മുന്നിൽ എത്തുകയും ചെയ്തിരിക്കുകയാണ്.
ലോകത്തെവിടെയും എന്ന പോലെ ആ നേട്ടത്തിനു പിന്നിലും ഒരു മലയാളിയുടെ കയ്യൊപ്പുണ്ട് എന്ന വസ്തുത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഓക്സ്ഫോർഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന സംഘത്തിലെ രേഷ്മ ജോസഫ് കൈലാത്ത്. ഈ ടീമില്‍ ഒരു മലയാളി യുവതി കൂടി ഉണ്ടെന്ന വാര്‍ത്ത പുറത്തു വന്നതോടെ യുകെ മലയാളികൾക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഈ മാസം 23 നാണ് വാക്സിന് മനുഷ്യനില്‍ പരീക്ഷിച്ചത്.
കോട്ടയം പാമ്പാടിയിലെ ജോസഫ് കുര്യാക്കോസിന്റെയും മറിയാമ്മ ജോസഫിന്റെയും മകളാണ് രേഷ്മ. കോട്ടയത്തും റിയാദിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. അതിനു ശേഷം തുടര്‍പഠനത്തിനായാണ് യുകെയിലേക്ക് എത്തിയത്. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍, നോട്ടിങ്ങാം ട്രെന്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ബയോമെഡിക്കല്‍ സയന്‍സിലാണ് പഠനം നടത്തിയത്. രണ്ടു വര്‍ഷം മുന്‍പാണ് ഓക്സ്ഫോഡില്‍ ചേരുന്നത്
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത മരുന്ന് വിജയിക്കുമെന്നു തന്നെയാണ് രേഷ്മയുടെയും ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധരുടെയും പ്രതീക്ഷ. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത വാക്സിന് 80 ശതമാനം വിജയസാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.
വാക്സിനുകള്‍ വികസിപ്പിക്കുന്നതിന് ബ്രിട്ടനിലെ മെഡിക്കല്‍ ടീമിന് വന്‍ പിന്തുണയാണ് ഗവണ്മെന്റ് നല്‍കിയത്. ഓരോ വാക്സിന് വികസന പദ്ധതികള്‍ക്കും കുറഞ്ഞത് 20 മില്യണ്‍ പൗണ്ടാണ് മാറ്റ് ഹാന്‍കോക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. കോവിഡ് 19 നായി വാക്സിന് വികസിപ്പിക്കാന്‍ യുകെയിലെ മുൻ നിര കോളേജുകൾ എല്ലാം തന്നെ ഒത്തു ചേർന്നിരിക്കുന്നയാണ്.
നിജിന്‍ ജോസാണു രേഷ്മയുടെ ഭര്‍ത്താവ്. മാതാപിതാക്കളും സഹോദരങ്ങളുമൊത്ത് ഇരുവരും യുകെയിലെ ബാന്‍ബറിയിലാണു താമസം.
[ot-video][/ot-video]
കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് അവശ്യസേവന പ്രവര്‍ത്തകര്‍ക്കും ആദരവുമായി ന്യൂയോര്‍ക്ക്. യുഎസ് സൈനിക വിഭാഗമാണ് നഗരത്തിന്റെ മുകളിലൂടെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പറന്നുയര്‍ത്തി പ്രകടനം കാഴ്ചവെയ്ച്ച് ആദരവ് അറിയിച്ചത്.
വ്യോമസേനയുടെ തണ്ടര്‍ബേര്‍ഡ്സും നാവികസേനയുടെ ബ്ലൂ എയ്ഞ്ചല്‍സും ചേര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ആകാശത്ത് പ്രകടനം നടത്തിയത്. ന്യൂയോര്‍ക്കിനും നെവാര്‍ക്കിനുമിടയില്‍ 40 മിനിറ്റോളമാണ് വിമാനങ്ങള്‍ പറന്ന് പൊന്തിയത്. ശേഷം, ട്രെന്റണ്, ഫിലാഡല്‍ഫിയ എന്നിവടങ്ങളിലും ആകാശത്തും പ്രകടനം തുടര്‍ന്നു.
വൈറസ് വ്യാപനനിയന്ത്ര നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിതമായ അകലം പാലിച്ചാണ് ആളുകള്‍ പ്രകടനം കാണാന്‍ നിലയുറപ്പിച്ചിരുന്നതെന്ന് എടുത്ത് പറയാവുന്ന മറ്റൊന്നു കൂടിയാണ്. കൊവിഡ്-19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിര പോരാട്ടം നടത്തുന്നവര്‍ക്കായി ഇത്തരമൊരു പ്രകടനം നടത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ബ്ലൂ എയ്ഞ്ചല്‍സ് കമാന്‍ഡര്‍ ബ്രയാന്‍ കെസ്സല്‍റിങ് പ്രതികരിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരുടെ കൃതജ്ഞതയും രാജ്യസ്നേഹവും നിറഞ്ഞ പ്രകടനമാണിതെന്ന് നെവാര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയുടെ പ്രസിഡന്റും സിഇഒയുമായ ഷെരീഫ് എല്‍നഹല്‍ ട്വീറ്റ് ചെയ്തു. പലരും ഈ ആദരവിന് ഇപ്പോള്‍ കൈയ്യടിക്കുകയാണ്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും നിറയുകയാണ്.
മുഖ്യമന്ത്രിയുടെ കരുതല്‍ കേരളത്തില്‍ മാത്രമല്ല. കേരളത്തിന് പുറത്തും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഒപ്പമുണ്ടെന്ന് തെളിയുകയാണ്. ബ്രിട്ടനില്‍ പഠിക്കുന്ന അമലിനാണ് ഇത്തവണ മുഖ്യമന്ത്രിയുടെ ഇടപെടലില്‍ തുണയായത്. തന്റെ മകന് ഭക്ഷണം ലഭിക്കുന്നില്ലെന്ന് അറിഞ്ഞതോടെ വിഷമത്തില്‍ ബാന്‍സി മുഖ്യമന്ത്രിയെ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും സാധിക്കുമോ എന്ന ആശങ്കയില്‍ തന്നെയാണ് സന്ദേശം അയച്ചത്.
എന്നാല്‍ ബാന്‍സിക്ക് പിന്നാലെ വന്നത് ഒരു സന്തോഷ വാര്‍ത്തയാണ്. മകന്റെ മുറിയില്‍ ഒരു മാസത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തി എന്ന അറിയിപ്പാണ് ലഭിച്ചത്. സന്ദേശമയച്ച് മണിക്കൂറുകള്‍ക്കകമാണ് മകന്റെ ഫ്ളാറ്റിലെത്തിയത് ഒരു മാസത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തിയത്. ചേവായൂര്‍ സ്വദേശിയായ ബാന്‍സി ജോസാണ് ബ്രിട്ടനില്‍ പഠിക്കുന്ന മകന് അമല്‍ ഷാജിയും സുഹൃത്തായ നടുവണ്ണൂര്‍ സ്വദേശി ആദിത്യനും അനുഭവിക്കുന്ന ദുരിതം മുഖ്യമന്ത്രിയെ അറിയിച്ചത്. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടനില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്മെന്റ് പഠനത്തിനായി അമല്‍ ബ്രിട്ടനിലേയ്ക്ക് പോയത്. എട്ട് മാസം മുന്‍പാണ് ബ്രിട്ടനിലേയ്ക്ക് തിരിച്ചത്.
കൊവിഡ് ആയതിനാല്‍ പുറത്തുപോവാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനായില്ല. ഒരു നേരം ഭക്ഷണം കഴിച്ചാണ് ഇരുവരും വിശപ്പടക്കിയത്. ഇതറിഞ്ഞതോടെയാണ് 17നു വൈകീട്ട് അഞ്ചിന് ബാന്‍സി മുഖ്യമന്ത്രിക്ക് കത്തയച്ചത്. അഞ്ചരയായപ്പോഴേയ്ക്കും അമലിന്റെ വിലാസം, പാസ്പോര്‍ട്ട് വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിയെത്തി. ഒരു മാസത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തിയതായി അല്‍പ്പസമയത്തിനകം അമലിന്റെ ഫോണ്‍ വന്നെന്ന് ബന്‍സി പറയുന്നു.
ലണ്ടൻ: യുകെയിലെ നാഷണൽ ഹെൽത്ത് സെർവിസിൽ കൊറോണക്കെതിരെ പോരാടി ജീവൻ ഹോമിച്ച NHS ഹീറോകളുടെ കുടുംബത്തെ നെഞ്ചിലേറ്റി ബ്രിട്ടീഷ് സർക്കാർ. ഓരോ കുടുംബത്തിനും ഉണ്ടായിട്ടുള്ള നഷ്ടങ്ങൾക്ക് പണം പകരമാവില്ല എന്ന ഉത്തമ ബോധ്യം ഉണ്ടെങ്കിലും കണ്ണീരിൽ മുങ്ങിയ നേഴ്സുമാരുടെയും ഡോക്ടർമാരുടെയും മറ്റു ഹെൽത്ത് ജീവനക്കാരുടെയും കുടുംബത്തെ കരം പിടിച്ചു ഉയർത്താൻ ശ്രമിക്കുന്ന പ്രഖ്യപനങ്ങൾ ആണ് പത്രസമ്മേളനത്തിൽ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് പുറത്തുവിട്ടത്.
കൊറോണ മൂലം മരണമടഞ്ഞ ഫ്രണ്ട് ലൈൻ ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് 60,000 പൗണ്ടിന്റെ ധനസഹായം നൽകുമെന്ന് അറിയിച്ചു. എന്നാൽ ഈ തുക ടാക്സ് രഹിതമാണോ എന്ന് വ്യക്തമല്ല. എന്‍എച്ച്എസ് ഫ്രണ്ട് ലൈന്‍ സ്റ്റാഫിന് ഷോര്‍ട്ട് ടേം ലൈഫ് അഷുറന്‍സ് സ്കീം ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നു. കൊറോണയുമായി ബന്ധപ്പെട്ട മേഖലകളില്‍ ജോലി ചെയ്യുന്ന മറ്റു കീ വര്‍ക്കേഴ്സിനെയും ഈ സ്കീമിന്റെ കീഴില്‍ കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് പ്രഖ്യപിച്ച സാമ്പത്തിക സഹായവും, ലൈഫ് അഷുറൻസും വിദേശ ജോലിക്കാർക്കും, പെൻഷൻ പറ്റിയശേഷം ഇപ്പോൾ തിരിച്ചു ജോലിയിൽ പ്രവേശിച്ചവർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
82 എന്‍എച്ച്എസ് സ്റ്റാഫുകളും 16 കെയര്‍ വര്‍ക്കേഴ്സും ആണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. അതിനിടെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ചെറിയ ബിസിനസ് സ്ഥാപനങ്ങൾക്ക് 50,000 വരെ വായ്പ ലഭ്യമാക്കുന്ന പുതിയ പദ്ധതി ഇന്ന് രാവിലെ ധനകാര്യ വകുപ്പ് മേധാവി റിഷി സുനാക് പ്രഖ്യപിച്ചിരുന്നു. നൂറു ശതമാനം ഗവൺമെന്റ് ഗ്യാരന്റി ആണ് ലോണിന് നൽകുന്നത്.
യുകെയിലെ എല്ലാവര്ക്കും ആശ്വാസമായി ഇന്നത്തെ മരണ സംഖ്യ 360 ഒതുങ്ങി. ശുഭ സൂചനകൾ ആണ് എന്ന് വിലയിരുത്തപ്പെടുന്നു. ആകെ മരണ സംഖ്യ 21,092 ൽ എത്തിനിൽക്കുന്നു. കഴിഞ്ഞ ഏഴ് ദിവസത്തെ ആവറേജ് മരണ സംഖ്യ നോക്കിയാൽ പീക് സമയം കഴിഞ്ഞു എന്നാണ് വിദഗ്ദ്ധരുടെ അനുമാനം.
ബ്രിട്ടീഷ് പ്രധാനമന്ത്രി കൊറോണ ബാധിതനായശേഷം പൂർണ്ണ ആരോഗ്യവാനായി തിരിച്ചു ഓഫീസിൽ എത്തിയ ദിവസം കൂടിയായിരുന്നു ഇന്ന്. അതേസമയം അക്ഷമരായ യുകെ ജനത പതിവില്ലാതെ നിരത്തിലിറങ്ങിയതായി എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മോട്ടോർ വേ പതിവില്ലാതെ കാറുകളെകൊണ്ട് നിറഞ്ഞിരുന്നു. എന്നിരുന്നാലും എന്ന് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ഇതുവരെ സൂചിപ്പിച്ചിട്ടില്ല.
ബെർലിൻ: ലോകമെമ്പാടും ഉള്ള പ്രവാസികളായ മലയാളി ആരോഗ്യ പ്രവർത്തകർ അത്ര ആശാവഹമായ സാഹചര്യങ്ങളിൽ കൂടിയല്ല കടന്നു പോകുന്നത്. കൊറോണ വൈറസ് ഏറ്റവും മോശമായ രീതിയിൽ ബന്ധിച്ച യൂറോപ്പിന്റെ അവസ്ഥ വളരെ മോശമാണ്. ഇതുവരെ ഒരു മലയാളിയുടെ മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ജർമ്മനിയിൽ നിന്നും ആണ് മലയാളി മനസ്സിനെ വിഷമിക്കുന്ന വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
യൂറോപ്പിൽ ഏറ്റവും കാര്യക്ഷമമായി കോഡിനെ പ്രതിരോധിച്ച ജർമ്മനിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന മലയാളി നഴ്സ് പ്രിൻസി സേവ്യർ (54) ആണ് ഇന്ന് മരണത്തിന് കീഴങ്ങിയത്. ചങ്ങനാശ്ശേരി സ്വദേശി കാര്‍ത്തികപിള്ളിൽ സേവ്യർ (ജോയ്മോൻ) ആണ് ഭര്‍ത്താവ്. ആതിരയാണ് മകള്‍.
പരേതനായ അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസഫിന്റെ മകളാണ് മരിച്ച പ്രിൻസി. കുടുംബം ജര്‍മ്മനിയില്‍ റെസിഡൻസി നേടിയവരാണ്. ശവസംസ്ക്കാരം ജർമ്മനിയിൽ തന്നെ ആണ് നടത്തപ്പെടുക.
ഒരിക്കലും പ്രതീക്ഷിക്കാത്തിടത്ത് കോവിഡ് ബാധിതയായി സഹപ്രവർത്തകയെ കണ്ടതും ചോദിച്ചിട്ടു പോലും ഒരു തുള്ളി വെള്ളം കൊടുക്കാൻ കഴിയാതെ വന്ന നിസഹായാവസ്ഥയും ശിൽപ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
യുകെയിലെ ഹാർലോ പ്രിൻസസ് അലക്സാൻട്ര എൻഎച്ച്എസ് ഹോസ്പിറ്റലിൽ ഐസിയു നഴ്സായി 2006 മുതൽ ജോലി ചെയ്യുന്ന മലയാളി ശിൽപ്പ ധനേഷ് കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു
ശിൽപ്പയുടെ പോസ്റ്റ് വായിക്കാം…..
14 വർഷത്തെ നഴ്സിങ് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലൊരു അവസ്ഥയെ ഞാൻ നേരിടുന്നത്. നിസഹായത തോന്നി, പേടി തോന്നി. പതിവ് പോലെ നൈറ്റ് ഡ്യൂട്ടിക്ക് കയറുമ്പോൾ ഈ ദിവസം കടന്നുപോകാൻ ഇത്രയും ഞാൻ വിഷമിക്കും എന്ന് കരുതിയില്ല. ഏകദേശം രാത്രി പന്ത്രണ്ടു മണി ആയപ്പോൾ ഒരു പേഷ്യന്റ് വന്നു. വന്നപ്പോഴാണ് ഞാൻ ജോലി ചെയ്യുന്ന അതേ ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ് വന്നതെന്ന് മനസിലാകുന്നത്. കൂടെ ജോലി ചെയ്യുന്ന ഒരാളെ ആ ബെഡിൽ കാണാൻ വളരെ പ്രയാസം തോന്നി. വന്നപ്പോൾ അവർക്കു ശരീരത്തിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു, വെന്റിലേറ്റർ തയാറാക്കാൻ ഡോക്ടർ പറഞ്ഞു. അവർ എന്നോട് വെള്ളം ചോദിച്ചു, വെന്റിലേറ്ററിൽ ഇടാൻ പോകുന്ന ആൾക്ക് വെള്ളം കൊടുക്കാൻ നിർവാഹം ഇല്ലായിരുന്നു. അവർ വളരെ വേഗം കൂടുതൽ അവശയാകാനും തുടങ്ങി. ഡോക്ടർ അവരോടു പറഞ്ഞു നിങ്ങളെ ഉറക്കാൻ ഉള്ള മരുന്ന് തരാൻ പോവാണ്, അതിനു ശേഷം നിങ്ങളെ വെന്റിലേറ്ററിലേക്ക് മാറ്റും എന്ന്. എത്രത്തോളം അവർക്കതു മനസിലായി എന്ന് അറിയില്ല. വെന്റിലേറ്റർ റെഡി ആക്കി വച്ചിട്ട് വെള്ളം എടുത്ത് ഒരു സ്പോഞ്ച് അതിൽ മുക്കി ( വായും ചുണ്ടും നനക്കാൻ ) അവർക്കു കൊടുക്കാൻ ചെല്ലുമ്പോൾ ഡോക്ടർ അവരോടു സംസാരിക്കുകയായിരുന്നു.
വെള്ളം ടേബിളിൽ വച്ച് ഞാൻ അവരെ ബെഡിൽ നേരെ ഇരുത്താൻ നോക്കിയപ്പോഴാണ് ഡോക്ടർ അവരോടു പറയുന്നത് മരുന്ന് തന്ന് ഉറങ്ങുന്നതിനു മുൻപ് ആരെയെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ ഫോൺ ചെയ്യൂ എന്ന്, അവർ ഫോൺ വിളിക്കാൻ നോക്കിയിട്ടു പറ്റുന്നില്ല, ഫോൺ ലോക്ക് ആണ്, അത് തുറക്കാൻ അവർക്കു പറ്റുന്നില്ല കാരണം അവർക്കു അതെങ്ങനെ ചെയ്യണം എന്ന് ഓർക്കാൻ പറ്റുന്നില്ല. ഞാൻ കുറെ സഹായിക്കാൻ നോക്കി പക്ഷെ അപ്പോഴേക്കും അവർക്കു ബോധം കുറഞ്ഞു കുറഞ്ഞു വന്നു. കാത്തു നിൽക്കാൻ സമയം ഇല്ലാത്തതു കൊണ്ട് വേഗം അവരെ സെഡേറ്റു ചെയ്തു intubate ചെയ്തു വെന്റിലേറ്ററിലേക്ക് മാറ്റി.
തിരക്ക് കുറഞ്ഞപ്പോൾ ഞാൻ ഇതേപ്പറ്റി ഡോക്ടറോട് സംസാരിച്ചു. അപ്പോൾ ഡോക്ടർ എന്നോടു പറഞ്ഞു അവർ രക്ഷപ്പെടുമോ എന്ന് ഉറപ്പില്ല, അവസാനമായി ഭർത്താവിനോടോ പ്രിയപ്പെട്ടവരോടോ സംസാരിക്കാമല്ലോ എന്ന് കരുതിയാണ് വിളിക്കാൻ പറഞ്ഞതെന്ന്. എന്തോ അത് കേട്ടപ്പോൾ ഇതുവരെ ഒരിക്കലും അനുഭവിക്കാത്ത വീർപ്പുമുട്ടൽ എനിക്കുണ്ടായി, കണ്ണ് നിറയാൻ തുടങ്ങി. അവർക്കു വെള്ളം കൊടുക്കാൻ പറ്റാത്തതിൽ മരണം വരെ ഞാൻ സങ്കടപ്പെടും.
ഒരു നിമിഷം പെട്ടന്ന് എന്നെത്തന്നെ ആ ബെഡിൽ ഞാൻ കണ്ടു, കണ്ണേട്ടന്റെ, എന്റെ മോൾടെ, മമ്മിയുടെ, പപ്പയുടെ, അനിയത്തിയുടെ ഒക്കെ മുഖങ്ങൾ മുന്നിൽ വരാൻ തുടങ്ങി. അവിടുന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകാനും ഉച്ചത്തിൽ നിലവിളിക്കാനും അപ്പോൾ എനിക്ക് തോന്നി. നിവർത്തിയില്ലാത്തതു കൊണ്ട് വെളിയിൽ പോകാതെ അകത്തുതന്നെ നിൽക്കേണ്ടി വന്നു. ആ രാത്രി മറക്കാൻ എനിക്ക് ഒരിക്കലും സാധിക്കും എന്ന് തോന്നുന്നില്ല. അവരിപ്പോഴും കോറോണയോടു മത്സരിക്കുകയാണ്, അവർ ജയിക്കണം എന്ന് മറ്റാരേക്കാളും കൂടുതൽ ഞാനും ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. അതുകൊണ്ട് അവരെപ്പറ്റി കൂടുതൽ പറയാനാവില്ല.