ജോജി തോമസ്

കോവിഡ് -19 ബ്രിട്ടനിൽ വ്യാപകമായപ്പോൾ വളരെയധികം മലയാളികളാണ് അതിന് ഇരയായത്. നിരവധി മരണങ്ങൾ മലയാളി സമൂഹത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു . പലരും അത്യാസന്ന നിലയിൽ ഇപ്പോഴും ഹോസ്പിറ്റലിൽ ആണ്. കോവിഡ് -19 വ്യാപകമായപ്പോൾ ഒരു സമൂഹം എന്ന നിലയിൽ പരസ്പരം സഹായിക്കാനും മാനസിക പിന്തുണ നൽകാനും മലയാളികൾ കാണിച്ച താൽപര്യം അഭിനന്ദനാർഹമാണ്. എന്നാൽ അമിതമായ ഇടപെടലുകൾ പലതരത്തിലും തിരിച്ചടിയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിൽ മലയാളിയെ പ്രത്യേക പരിചരണത്തിൻെറ ഭാഗമായി അത്യാസന്നനിലയിൽ പ്രവേശിച്ചപ്പോൾ ഹോസ്പിറ്റൽ അധികൃതർക്ക് ആദ്യദിവസം രോഗിയുടെ വിവരങ്ങൾ ആരാഞ്ഞു കൊണ്ട് ലഭിച്ചത് അറുപതോളം ഫോൺ കോളുകളാണ്. ഇത്തരത്തിലുള്ള പ്രവർത്തികൾ രോഗി പരിപാലനത്തിൻറെ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് വളരെയധികം ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. ബ്രിട്ടൻെറ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ നടപടികൾ കാരണം പ്രസ്തുത രോഗിയുടെ ചുമതലയിൽനിന്ന് മലയാളികളായ ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കുക വരെയുണ്ടായി. ഒരു മലയാളി എന്ന നിലയിൽ മലയാളികളായ മറ്റ് ജീവനക്കാരിൽ നിന്ന് ലഭിച്ചിരുന്ന പ്രത്യേക ശ്രദ്ധയെ ഇത് ബാധിച്ചെന്നുള്ള കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർ സ്വകാര്യത സംരക്ഷിക്കുവാൻ വേണ്ടി എൻഎച്ച്എസ് രൂപം നൽകിയ കാൾഡിക്കോട്ട് പ്രിൻസിപ്പിൾസ് മറക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രോഗിയുടെ സ്വകാര്യതയെ ഹനിക്കുന്ന നടപടികൾ തൊഴിൽ നഷ്ടത്തിനു വരെ കാരണമായേക്കും. തികച്ചും അത്യാവശ്യ സന്ദർഭങ്ങളിൽ രോഗിയെ സംബന്ധിക്കുന്ന ആവശ്യമുള്ള വിവരങ്ങൾ മാത്രം ശേഖരിക്കാനെ ആരോഗ്യ പ്രവർത്തകർക്ക് അവകാശമുള്ളൂ എന്ന് അറിയുക. രോഗിയുടെ പരിചരണവും ആയി നേരിട്ട് ബന്ധപ്പെട്ടവർ മാത്രമേ ഈ വിവരശേഖരണം നടത്താവൂ. ഈ വിവരങ്ങൾ രോഗി പരിപാലനത്തിൽ ബന്ധം ഇല്ലാത്തവരുമായി പങ്കുവയ്ക്കുവാനും പാടുള്ളതല്ല .ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് തൊഴിൽ നഷ്ടവും നിയമ നടപടികളും നേരിടേണ്ടതായി വരും.

നേഴ്സിംഗ് ഹോമുകളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികളിൽ നിന്ന് കോവിഡ് -19 പകരാനുള്ള വലിയ സാധ്യതയുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. വയോധികരായ അന്തേവാസികൾക്ക് പ്രതിരോധ ശേഷി കുറവായതിനാൽ രോഗലക്ഷണങ്ങൾ കാണിക്കാതെ പെട്ടെന്നുള്ള മരണം ആണ് പലപ്പോഴും സംഭവിക്കുന്നത്. ഡയറിയയുടെ ലക്ഷണങ്ങൾ ചിലരില്ലെങ്കിലും കാണാറുണ്ട്. അതുകൊണ്ട് നേഴ്സിങ് മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾ രോഗിപരിപാലനത്തിലേർപ്പെടുമ്പോൾ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ കൂടിയും ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് മുൻകരുതൽ സ്വീകരിക്കേണ്ടതിൻെറ ആവശ്യകത യോർക്ക് ഷെയറിൽ നേഴ്സായി ജോലിചെയ്യുന്ന ജെയ്സൺ കുര്യൻ മലയാളംയുകെയുമായി പങ്കുവെച്ചു.