മാർച്ച് മാസം പതിനെട്ടാം തിയതി ബ്ലാക്ക് ബേണിൽ മരിച്ച മെയ് മോൾ മാത്യുവിന്റെ (കടിയംപള്ളിൽ, 43) കബറിടക്ക ചടങ്ങുകൾ അടുത്ത ബുധനാഴ്ച്ച (8-4-2020) നടക്കുന്നു.
ശവസംസ്കാര ശുശ്രുഷകൾ 08-04-2020, ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് മെയ്‌മോളുടെ സഹോദരൻ ബിബി മാത്യു താമസിക്കുന്നതിന് അടുത്തുള്ള McNulty ഫ്യൂണറൽ സർവീസ് സെന്ററിൽ ആരംഭിക്കുന്നു. തുടർന്ന് 1.30 pm ന് Hay Lane Cemetery, Huddersfield -ൽ കബറടക്കം നടത്തപ്പെടുകയും ചെയ്യുന്നു.
Covid-19 -ന്റെ പ്രത്യേക പശ്ചാത്തലത്തിൽ സർക്കാരിന്റെയും, സഭയുടെയും നിയമങ്ങൾ പാലിച്ചായിരിക്കും ശവസംസ്ക്കാരം നടത്തപ്പെടുന്നത്. നമ്മുടെ ആല്മീയ സാന്നിദ്ധ്യവും പ്രാർത്ഥനകളും ഉറപ്പുവരുത്തി മെയ് മോളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് ക്നാനായ മിഷൻ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. വീട്ടിൽ രണ്ടുപേർക്കും സിമട്രിയിൽ പത്തുപേർക്കും മാത്രമേ പങ്കെടുക്കുവാൻ അനുവാദമുള്ളൂ. എന്നിരുന്നാലും പ്രസ്തുത ചടങ്ങുകൾ ക്നാനായ വോയിസ് ലൈവ് ആയി ടെലികാസ്റ് ചെയ്യുന്നുണ്ട്.
മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കഴിവതും ശ്രമിച്ചെങ്കിലും കോവിഡ് രോഗം പടര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും സർവീസ് നിർത്തിവെച്ചത് മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമങ്ങൾക്ക് തടസമായി. നാട്ടിൽ ഉള്ള അമ്മക്ക് അവസാനമായി ഒരു നോക്ക് കാണുവാനുള്ള ആഗ്രഹ പൂർത്തീകരണത്തിനായി കാര്‍ഗോ വഴി അയക്കാന്‍ ഉള്ള ശ്രമങ്ങളും അവസാനം ഉപേക്ഷിക്കുകയാണ് ചെയ്‌തിരിക്കുന്നത്. കാരണം ഇന്ത്യയിലും ലോക് ഔട്ട് പ്രഖ്യാപിച്ചതോടെ നീണ്ട കാത്തിരിപ്പിനു ശേഷം നാട്ടില്‍ എത്തിച്ചാലും സംസ്‌കാരത്തിന് നിയന്ത്രണം നിലനിൽക്കുന്ന സ്ഥിതി വന്നതോടെയാണ് ഒടുവില്‍ മനസില്ലാ മനസോടെ ബന്ധുമിത്രാദികൾ യുകെയിൽ തന്നെ സംസ്ക്കാരം നടത്താൻ നിർബന്ധിതരായത് എന്നാണ് അറിയുന്നത്.
St. Pius X Proposed ക്നാനായ മിഷൻ കുടുംബാംഗം ആയിരുന്നു. പരേത കോട്ടയം പുന്നത്തറ സ്വദേശിനിയും കടിയംപള്ളിൽ കുടുംബാംഗവുമാണ്. ബ്ലാക്ക് ബേൺ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്‌തു വരികയായിരുന്നു. പരേതയായ മെയ് മോൾക്ക് രണ്ട് സഹോദരൻമ്മാരാണ് ഉള്ളത്. യുകെയിലെ ഹഡേഴ്സഫീൽഡ് (Huddersfield) ൽ താമസിക്കുന്ന ബിബിയും കാനഡയിൽ ഉള്ള ലൂക്കാച്ചനും സഹോദരങ്ങളാണ്.
കോവിഡ് – 19 ലോകത്തെ കാർന്ന് തിന്നുമ്പോൾ വിശ്വാസികൾക്ക് ധൈര്യം പകർന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. “കർത്താവേ, നിൻ്റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരണമേയെന്ന് നിരന്തരമായി പ്രാർത്ഥിക്കുക”. ലോക ജനതയെ പൂർണ്ണമായും ദിവ്യബലിയോട് ചേർത്ത് വെച്ച് പ്രാർത്ഥിക്കുന്നുവെന്ന് അഭിവന്ദ്യ പിതാവ് തൻ്റെ സന്ദേശത്തിൽ പറഞ്ഞ് സഭാ മക്കളെ ആശീർവദിക്കുന്നു. ദിവസവും രാവിലെ പത്ത് മണിക്ക് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ ആരാധനയും നടക്കുന്നു. വിശുദ്ധ കുർബാനയിൽ പങ്ക് ചേരാനുള്ള സൗകര്യം രൂപത ഓൺലൈനിൽ ഒരുക്കിയിട്ടുണ്ട്.
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ സംഖ്യ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം നാഷണൽ ഹെൽത്ത് സർവീസ് ഓരോ ദിവസവും പുറത്തു വിടുന്ന കണക്കുകളേക്കാൾ 20 ശതമാനം കൂടുതലാകാൻ സാധ്യതയെന്നു ബ്രിട്ടീഷ് മാധ്യമങ്ങൾ.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം യുകെയിലെ ആദ്യത്തെ 108 കൊറോണ വൈറസ് ബാധിതരിൽ ഒരാൾ മാത്രമാണ് 44 വയസിന് താഴെയുള്ളത്. അവരിൽ 60 ശതമാനം പുരുഷന്മാരും 93 ശതമാനം പേർ 65 വയസിനു മുകളിലുള്ളവരുമാണ്. മാർച്ച് 20 വരെ രജിസ്റ്റർ ചെയ്ത മരണങ്ങളിൽ 42% 85 നും അതിനുമുകളിലും പ്രായമുള്ളവരാണ്. 31% 75 മുതൽ 84 വരെ വയസ് പ്രായമുള്ളവരാണ്.
ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് ലണ്ടൻ ഭാഗത്തുനിന്നും കുറവ് ബ്രിട്ടന്‍റെ നോർത്ത് ഈസ്റ്റ് ഭാഗത്തു നിന്നുമാണ് എന്നാണ് കണക്കുകൾ. സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തന്നെ കർശനമായ രീതിയിൽ നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്. പോലീസ് മിക്കവാറും സ്ഥലങ്ങളിൽ വാഹന പരിശോധനയും തുടങ്ങിയിട്ടുണ്ട്. ജോലിക്കോ ഷോപ്പിംഗിനോ മെഡിക്കൽ ആവശ്യങ്ങൾക്കോ അല്ലാതെ യാത്ര ചെയ്യുന്ന ആളുകൾക്ക് വാണിംഗും ഫൈനും നൽകാൻ തുടങ്ങിയതിനാൽ സ്വകാര്യ വാഹനങ്ങളിൽ അനാവശ്യ യാത്രകൾ ആളുകൾ ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട് .
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനെ ഭീതിയിലാഴ്ത്തികൊണ്ട് മരണനിരക്ക് ഉയരുന്നു. ഇന്നലെ മാത്രം 381 പേർക്കാണ് ജീവൻ നഷ്ടപെട്ടത്. തിങ്കളാഴ്ച 180 പേർ മരിച്ചിടത്താണ് ഒരു ദിനം കൊണ്ട് അതിന്റെ ഇരട്ടിയിലധികം പേർ വൈറസ് ബാധയ്ക്ക് ഇരകളായി ജീവൻ വെടിയുന്നത്. ഇതോടെ ബ്രിട്ടനിലെ മരണസംഖ്യ 1,789 ആയി ഉയർന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3,009 പേർക്കാണ്. ആകെ 25, 150 ആളുകൾ രോഗബാധിതരായി കഴിഞ്ഞു. ഒരു ദിവസത്തെ ഈ കണക്കുകൾ ബ്രിട്ടനെ വലിയ ദുരന്തത്തിലേയ്ക്കാണ് തള്ളിവിടുന്നത്. ഇന്നലെ മരിച്ചവരിൽ 13ഉം 19ഉം വയസ്സുള്ള കൗമാരക്കാർ ഉൾപ്പെടുന്നു. ബ്രിക്സ്റ്റൺ സ്വദേശി ഇസ്മായിൽ മുഹമ്മദ് അബ്ദുൽ വഹാബ് (13), ഇറ്റലിയിലെ നെറെറ്റോയിൽ നിന്നുള്ള അസിസ്റ്റന്റ് ഷെഫ് ലൂക്കാ ഡി നിക്കോള (19) എന്നിവരാണ് രോഗം ബാധിച്ച് മരിച്ചത്. പ്രായമായവർക്കാണ് കൂടുതൽ രോഗ ഭീഷണി എന്ന് പറയുമ്പോഴും ഈ കുട്ടികളുടെ മരണം യുകെയെ കനത്ത ദുഖത്തിലേയ്ക്കാണ് തള്ളിവിട്ടിരിക്കുന്നത്.
അതേസമയം പല രാജ്യങ്ങളിൽ നിന്നെത്തുന്ന ബ്രിട്ടീഷുകാരെ വിമാനത്താവളത്തിൽ ഒരു പരിശോധയ്ക്ക് പോലും വിധേയരാക്കാതെ കടത്തിവിടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇറ്റലി, അമേരിക്ക, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഇന്നലെ രാവിലെ ഹീത്രോയിൽ എത്തി. ഇവിടുന്ന് യാത്രക്കാർ സമൂഹത്തിലേക്ക് എത്തുകയും ചെയ്തു. രോഗം ഏറ്റവും തീവ്രമായിരിക്കുന്ന സ്ഥലങ്ങളാണ് ഇവ. അവിടെനിന്ന് എത്തിയവരുടെ താപനില പോലും പരിശോധിക്കാതെയാണ് കടത്തിവിട്ടത്. മാസ്കുകൾ ധരിച്ചിരുന്നെങ്കിലും സർക്കാർ നിർദേശിച്ച സാമൂഹിക അകലം പാലിക്കാൻ യാത്രക്കാർ തയ്യാറായില്ല. എൻഎച്ച്‌എസിനെ സഹായിക്കാൻ ദശലക്ഷക്കണക്കിന് ആളുകൾ ലോക്ക്ഡൗണിലായിരിക്കുമ്പോൾ ലണ്ടൻ ഹീത്രോയിൽ നടന്ന ഈ സംഭവം ഇന്നലത്തെ ഞെട്ടിപ്പിക്കുന്ന കാഴ്ചയായി മാറി. അതേസമയം യുകെയിലെ റോഡുകളിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. യാത്രകൾ അത്യാവശ്യമാണോയെന്ന് പോലീസ് പരിശോധിക്കുന്നു. ഈ കാലത്ത് വീട്ടിൽ തന്നെ കഴിയുന്നതാണ് ഉത്തമം എന്ന് അധികൃതർ പറയുന്നു.
കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ നിർമിക്കുന്ന പുതിയ നൈറ്റിംഗേൽ ആശുപത്രികളിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഒപ്പം ക്യാബിൻ ക്രൂവും ചേരും. കിഴക്കൻ ലണ്ടനിലെ എക്സൽ സെന്ററിൽ നിർമ്മിക്കുന്ന 4,000 കിടക്കകളുള്ള പുതിയ ക്ലിനിക്കിലും ബർമിംഗ്ഹാമിലും മാഞ്ചസ്റ്ററിലും നിർമിക്കുന്നവയിലും സന്നദ്ധസേവനം ചെയ്യാൻ വിർജിൻ അറ്റ്ലാന്റിക്, ഈസി ജെറ്റ് എന്നിവിടങ്ങളിലെ ജീവനക്കാരെ ക്ഷണിച്ചു. കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ രാജ്യങ്ങൾ അതിർത്തികൾ അടയ്ക്കുകയും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തതിനാൽ നിരവധി പ്രഥമശുശ്രൂഷ പരിശീലനം ലഭിച്ച ക്യാബിൻ ക്രൂ പ്രതിസന്ധിയിലായിരുന്നു. സിപിആറിൽ പരിശീലനം നേടിയ 4,000 ക്യാബിൻ ക്രൂ ഉൾപ്പെടെ യുകെ ആസ്ഥാനമായുള്ള 9,000 സ്റ്റാഫുകൾക്ക് ഈസി ജെറ്റ് ഇതിനകം കത്തെഴുതിയിട്ടുണ്ട്.
യുകെയിൽ മരണനിരക്ക് ഇന്നലെ ഉയർന്ന സാഹചര്യത്തിൽ ആഗോളതലത്തിലും മരണസംഖ്യ ഉയർന്നു. 42,140 പേർ ഇതിനകം മരണപെട്ടു. എട്ടരലക്ഷം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ ഒറ്റദിവസം 4000ത്തിൽ അധികം പേരാണ് ലോകത്തിൽ മരണമടഞ്ഞത്. അമേരിക്കയിൽ മരണസംഖ്യ നാലായിരത്തോടടുക്കുന്നു. ഇറ്റലിയിൽ 12,500 ആളുകളും സ്പെയിനിൽ 8500 ആളുകളും മരിച്ചുകഴിഞ്ഞു. ജർമ്മനി, ഫ്രാൻസ്, ഇറാൻ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഇന്ത്യയിൽ 35 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1400ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാവുകയാണ് ഈ കൊലയാളി വൈറസ്. അതിനുമുമ്പിൽ ലോകരാജ്യങ്ങൾ തകർന്നടിയുന്ന കാഴ്ചയ്ക്കാണ് ഏവരും സാക്ഷികളാവുന്നത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധ കാരണം രാജ്യത്തെ പല മേഖലകളും പ്രതിസന്ധിയിലായിരിക്കുകയാണ്. അവശ്യവസ്തുക്കൾ ആയ പഴം, പച്ചക്കറി എന്നിവയ്ക്ക് ക്ഷാമം അനുഭവപ്പെടുന്നു. ഫാമുകളിൽ ജോലിചെയ്യുവാൻ ആവശ്യത്തിന് ജോലിക്കാർ ഇല്ലാത്തത് മൂലമാണ് ഇത്തരം ഒരു സാഹചര്യം ഉണ്ടായിരിക്കുന്നത്. കടുത്ത യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ മറ്റു സ്ഥലങ്ങളിൽ നിന്ന് ജോലിക്കാർക്ക് ഫാമുകളിലേക്ക് എത്തിപ്പെടാനും സാധിക്കുന്നില്ല. അടുത്ത രണ്ട് ആഴ്ചകൾക്കുള്ളിൽ തന്നെ വിളവെടുപ്പ് നടത്തിയില്ലെങ്കിൽ ഹെക്ടർ കണക്കിന് കൃഷി നശിച്ചു പോകുമെന്ന് ഫാമിംഗ് സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഭക്ഷ്യ ക്ഷാമത്തിലേക്ക് വഴിതെളിക്കുമെന്നും അവർ പറയുന്നു.
വേനൽക്കാല ഫലങ്ങളുടെ വിളവെടുപ്പിനും സമയം ആയിരിക്കുകയാണ്. ഇത്തരം ഫാമുകളുടെ ലൊക്കേഷനുകൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവിടേയ്ക്കുള്ള ജോലി സാധ്യതകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ട് ആവശ്യമായ ജീവനക്കാർ അവിടേയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാമിംഗ് സംഘടനകൾ പറഞ്ഞു. സാധാരണയായി കിഴക്കൻ യൂറോപ്പിൽ നിന്നുമുള്ള ജോലിക്കാരാണ് ഈ ജോലികൾ എല്ലാം ചെയ്തിരുന്നത്. ഇപ്പോൾ യാത്ര നിയന്ത്രണങ്ങൾ കാരണം അവർക്ക് ഫാമിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ ബ്രിട്ടീഷ് പൗരന്മാരെ കൊണ്ടുമാത്രം ഈ ജോലികൾ എല്ലാം തന്നെ പൂർത്തിയാക്കേണ്ടതാണ്.
യൂറോപ്പിൽ നിന്നുമുള്ള ജോലിക്കാരെ ഫാമുകളിലേക്ക് എത്തിക്കുന്നതിനായി, ചില വൻകിട ഫാമുകൾ ചാർട്ടേഡ് ഫ്ലൈറ്റുകൾ ഒരുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ സാഹചര്യങ്ങൾക്കും മുൻപ് റഷ്യ, മാൾഡോവ, ജോർജിയ, ഉക്രൈൻ, ബെലാറസ് എന്നിവിടങ്ങളിൽ നിന്നെല്ലാം ജോലിക്കാർ ബ്രിട്ടനിൽ എത്തിയിരുന്നു. നാഷണൽ ഫാർമേഴ്സ് യൂണിയൻ, അസോസിയേഷൻ ഓഫ് ലേബർ പ്രൊവൈഡേഴ്സ് തുടങ്ങിയ സംഘടനകൾ എല്ലാം തന്നെ, ചാർട്ടേർഡ് ഫ്ളൈറ്റുകളിൽ ജോലിക്കാരെ എത്തിക്കുന്നതിന് ഗവൺമെന്റിനു മേൽ സമ്മർദ്ദം ചെലുത്തി കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യം മുന്നോട്ട് പോവുകയാണെങ്കിൽ ബ്രിട്ടണിൽ കടുത്ത ക്ഷാമം അനുഭവപ്പെടും. അടുത്ത ആഴ്ചയിൽ തന്നെ അസ്പരാഗസ്, ബീൻസ് എന്നിവയ്ക്ക് ക്ഷാമം ഉണ്ടാകും. ഏപ്രിൽ ആദ്യത്തെ ആഴ്ചയോടെ തക്കാളിക്കും ക്ഷാമം ഉണ്ടാകും. ഈ സാഹചര്യം നേരിടുവാൻ ഗവൺമെന്റിൻെറ നടപടികൾക്കായി കാത്തിരിക്കുകയാണ് ഫാമിംഗ് സംഘടനകൾ.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണാ വൈറസ് ബാധയെത്തുടന്ന് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സഹായിക്കാനായി ഗവൺമെന്റ് അയച്ച ഭക്ഷ്യ കിറ്റുകൾ കണ്ട് ജനങ്ങൾ ഞെട്ടി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് വേണ്ടി ആയിരുന്നു കിറ്റ് വിതരണം ചെയ്തത്. സിസ്റ്റിക് ഫൈബ്രോസിസ്, ആസ്മ, രക്താർബുദം എന്നീ രോഗങ്ങൾ ഉള്ളവരും വൈറസ് ബാധിച്ച് വീടുകളിൽ നിന്ന് പുറത്തുപോകാൻ കഴിയാത്തവരും ഇതിൽ ഉൾപ്പെട്ടിരുന്നു.
ഇതേസമയം റോച്ച്‌ഡേലിൽ നിന്ന് വന്ന പാസ്താ, പഴം, റെഡി മീൽ ബോക്സുകളിൽ കാണാനായത് ആപ്പിളും ചോക്ലേറ്റ് ബാറുകളും ഡ്രൈ നൂഡിൽസും. ഇതിനു പുറമേ അടിയന്തരമായി കിറ്റുകൾ ആവശ്യപ്പെട്ട 129 പേരിൽ 44 പേർക്ക് മാത്രമുള്ള കിറ്റുകളേ വിതരണത്തിനായി ലഭിച്ചുള്ളൂ.
റോച്ച്‌ഡേലിൽ ലഭിച്ച കിറ്റുകളിലെ ഭക്ഷ്യവസ്തുക്കൾക്ക് മറ്റ് സ്ഥലങ്ങളിലേക്കാൾ ഗുണനിലവാരം കുറവാണെന്നു മനസിലാക്കിയ കൗൺസിൽ ഇത് മെച്ചപ്പെടുത്തുന്നതിനായി റൊട്ടി, പാൽ, മാംസം, പഴം എന്നീ വസ്തുക്കളും അവയോടൊപ്പം നൽകാൻ തുടങ്ങി. അയക്കുന്ന ഭക്ഷ്യ പാക്കേജുകളുടെ നിലവാരം മെച്ചപ്പെടുത്താൻ കൗൺസിൽ നേതാവായ അലൻ ബ്രെറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം കുറച്ച് മോശമാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നും, പക്ഷേ പാഴ്സലുകളുടെ നിലവാരം ജനങ്ങൾ പ്രതീക്ഷിക്കുന്നവയല്ല എന്നും അദ്ദേഹം പറഞ്ഞു.
റോച്ഡെയ്ൽ, മിഡിൽടൺ, ഹെയ്‌വുഡ്, പെന്നൈൻസ് എന്നീ സ്ഥലങ്ങളിലായി അടിയന്തര ഭക്ഷണ പാഴ്സലുകളുടെയും അവശ്യവസ്തുക്കളുടെയും വിതരണം സംഘടിപ്പിക്കുന്നതിനായി നാല് ഹബ്ബുകൾ സ്ഥാപിച്ചിട്ടുണ്ട് ഈ സംവിധാനം വഴി സമൂഹത്തിലെ ദുർബലരായവരെ ഒരുപരിധിവരെ സർക്കാരിന് സഹായിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള പിന്തുണ വേണ്ടവർ 01706 923685. എന്ന നമ്പറിൽ ബന്ധപ്പെടുക.
ലണ്ടൻ: വിദേശ നഴ്‌സുമാരെയും ഡോക്ടർമാരെയും വാനോളം പുകഴ്ത്തി ഹോം സെക്രട്ടറി പ്രീതി പട്ടേൽ. കൊറോണ വൈറസിനെ തുരത്തുന്നതിനും യുകെയിലുള്ള മനുഷ്യ ജീവനുകളെ രക്ഷിക്കുന്നതിന് അക്ഷീണം പണിയെടുക്കുന്ന പ്രവാസി നേഴ്‌സുമാർക്കു ആശ്വാസകരമായ സാമ്പത്തിക സഹായം നൽകി നേഴ്‌സുമാരെ ആദരിച്ചിരിക്കുകയാണ് യുകെ ഗവൺമെന്റ്. പ്രവാസികളായ നൂറ് കണക്കിന് മലയാളി നേഴ്‌സുമാർക്കും ഡോക്ടർമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് മലയാളം യുകെ മനസിലാക്കുന്നത്.
യുകെയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സസ്, പാരാമെഡിക്‌സ് വിഭാഗത്തിൽ പെടുന്ന എല്ലാവർക്കും ഒരു വർഷത്തെ ഫ്രീ വിസ ആണ് നീട്ടി നൽകുന്നത്. അതായത് ഈ ഒക്ടോബർ ഒന്നിന് (Before October 1) മുൻപായി വിസ പുതുക്കേണ്ടവർക്ക് ഒരു വർഷത്തെ വിസ ഒരു പൗണ്ട് പോലും നൽകാതെ പുതുക്കിനൽകുമെന്നാണ് പ്രീതി പട്ടേൽ ഇന്ന് പറഞ്ഞത്. ഇത് മൂലം കൊറോണ വൈറസിനെ പ്രതിരോധിക്കാനും മനുഷ്യ ജീവനുകളെ രക്ഷപ്പെടുത്താനും അവർക്ക് സാധിക്കുമെന്ന് ഹോം സെക്രട്ടറി പറഞ്ഞു. വിസയെക്കുറിച്ചോ അതിനു വേണ്ട പണത്തെക്കുറിച്ചോ വിഷമിക്കാതെ ജോലിയിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ അവർക്കു സാധിക്കുമെന്നും ഹോം സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു.
ഇത് ഏതാണ്ട് 2800 അധികം നാഷണൽ ഹെൽത്ത് സെർവീസിലെ ജോലിക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഈ ആനുകൂല്യം ജോലി ചെയ്യുന്നവർക്ക് മാത്രമല്ല മറിച്ചു കുടുംബത്തിലെ എല്ലാവര്ക്കും ആണ് ഫ്രീ ആയി വിസ പുതുക്കി നൽകുന്നത്. ഇത്തരുണത്തിൽ നോക്കിയാൽ നാല് അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് ഹെൽത്ത് സർചാർജ് ആയി ഒരു വർഷത്തേക്ക് നൽകേണ്ടത് 2500 റോളം പൗണ്ടാണ്. ഇത് കൂടാതെ വിസ പുതുക്കലിനായി നൽകേണ്ടത് ആളൊന്നിന് നൽകേണ്ടത് 500 പൗണ്ട് വീതമാണ്. ഇത് മൂന്ന് വർഷത്തേക്ക് ആണ് എന്ന് മാത്രം.
ഇതിനെല്ലാം ഉപരിയായി വിസയിലുള്ളവർക്ക് ഓവർടൈം ജോലിചെയ്യുന്നതിൽ വിലക്കുണ്ടായിരുന്നു. പുതിയ അറിയിപ്പ് അനുസരിച്ചു വിസയിലുള്ളവർക്ക് ആവശ്യാനുസൃതം ജോലി ചെയ്യാനുള്ള അനുവാദവും നൽകിയിരിക്കയാണ്.
വിദേശിയരായ ഡോക്ടർമാരും നേഴ്‌സുമാരും യുകെയിൽ ചെയ്യുന്ന ജോലിക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു എന്നും ഇത് അവർക്കുള്ള ഞങ്ങളുടെ നന്ദി സൂചകമായ സമ്മാനം ആണ് എന്നും ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.
എന്നാൽ രണ്ട് ദിവസത്തെ മരണ സംഖ്യയിലെ കുറവ് കണ്ട് ആശ്വസിച്ച അധികാരികളെ ആശങ്കയിലാക്കി വീണ്ടും മരണനിരക്ക് ഇന്ന് വർദ്ധിച്ചു. 381 പേരുടെ മരണ വിവരമാണ് ഇന്ന് പുറത്തു വന്നത് .
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ കൂടി സഹായത്തിൽ അനുരാജു൦ കുടുംബവും പുതിയ വീട്ടിലേക്കു ഇന്നു രാവിലെ ഗ്രഹ പ്രവേശനം നടത്തി. കൊറോണ കാരണം ആരെയും പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞില്ല .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് 717 പൗണ്ട് ആണ് അനുരാജിന് നൽകിയത്, വീടുപണിയാൻ ബാക്കിവരുന്ന പണം നലകിയതു അദ്ദേഹത്തിന്റെ കൂടെ പഠിച്ച സുഹൃത്തുതാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ കൂടി സഹായത്തിൽ പൂർത്തീകരിക്കുന്ന നാലാമത്തെ വീടാണിത്. .. അനുരാജിന്റെ വേദന നിറിഞ്ഞ ദുരന്തജീവിതം ആരെയും വേദനിപ്പിക്കും ..
ഇടുക്കി , നെടുംങ്കണ്ടത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് തിരുവനന്തപുരത്തേയ്ക്കു നടത്തിയ ട്രെയിന്‍ യാത്ര അനുരാജ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതംതന്നെ തകര്‍ത്തെറിഞ്ഞു ആ യാത്രയിൽ ഉണ്ടായ അപകടത്തില്‍ നിന്നും ആശുപത്രില്‍ എത്തിയ അനുരാജിനു നഷ്ട്ടമായത് ഒരുകൈയും ഒരു കാലുമായിരുന്നു മറ്റൊരു കൈ പകുതി ചലനമറ്റും പോയി .
എല്ലാം നഷ്ട്ടപെട്ടു പോയ അവസ്ഥയില്‍ എല്ലാ പ്രതിസന്ധികളെയും നേരിട്ട് പഠനം തുടര്‍ന്നു B A പാസ്സായി ,പിന്നിട് കോട്ടയം മംഗളം കോളേജില്‍ നിന്നു ബി എഡും കരസ്ഥമാക്കി അതിനു ശേഷം കേരളത്തില്‍ ജോലി അന്വോഷിച്ചു മടുത്തു അവസാനം മദ്ധ്യപ്രദേശില്‍ ഒരു ഹൈസ്കൂളില്‍ അധ്യാപകനായി ജോലി ലഭിച്ചു ,ഇതിനിടയില്‍ വിവാഹം കഴിച്ചു രണ്ടു കുട്ടികളും ജനിച്ചു .
മദ്ധ്യപ്രദേശിലെ ചൂട് കുട്ടികളെയും ഭാര്യയെയും രോഗികളാക്കി അങ്ങനെ അവിടെ തുടരാന്‍ കഴിയാത്ത സാഹചരൃത്തില്‍ ജീവന്‍ രക്ഷിക്കാന്‍ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു തിരിച്ചുപോന്നു ,അങ്ങനെ ഇടുക്കിയിലെ കൂട്ടാറില്‍ എത്തി ഒരു വാടകവീട്ടില്‍ താമസമാക്കി, ഉപജീവനത്തിന് ഭാര്യ അടുത്ത വീട്ടില്‍ കൂലിവേലയ്ക്ക് പോകും, എന്നാല്‍ പിന്നീട് ഭാര്യ രോഗിയായിമാറി .ഈ സാഹചരൃത്തില്‍ കുട്ടികളെ സംരക്ഷിക്കാനും വാടക കൊടുക്കുന്നതിനും വേണ്ടി കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍ക്കുകയാണ് അനുരാജ് എന്ന ഈ വിദൃാസമ്പന്നനായ ഈ അധ്യാപകന്‍ ..
പകുതി പട്ടിണിയില്‍ ജീവിക്കുമ്പോഴും ഇദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹം കയറി കിടക്കാന്‍ ഒരു കൂര എന്നതാണ് . അതാണ് ഇന്നു പൂർത്തീകരിച്ചത്. ഞങ്ങൾ നടത്തുന്ന എളിയ പ്രവർത്തനങ്ങളെ സഹായിക്കുന്ന നല്ലവരായ യു കെ മലയാളികളെയും നന്ദിയോടെ ഓർക്കുന്നു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കഷ്ട്ടപാടും ബുദ്ധിമുട്ടും ജീവിതത്തിൽ അനുഭവിച്ചവരുടെ കൂട്ടയ്മയാണ് ഞങ്ങൾ ഇതുവരെ 85 ലക്ഷം രൂപയുടെ സഹായം നാട്ടിലെ ആളുകൾക്ക് ചെയ്തിട്ടുണ്ട് . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വം കൊടുക്കുന്നത് ,സാബു ഫിലിപ്പ് ,,ടോം ജോസ് തടിയംപാട്, ,സജി തോമസ് എന്നിവരാണ് ,
ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”
ബ്രെക്സിറ്റ് പരിവർത്തന കാലയളവ് നീട്ടിക്കൊണ്ട് ‘ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന്’ യു.കെയോട് സെന്റർ-റൈറ്റ് യൂറോപ്യൻ പീപ്പിൾസ് പാർട്ടി (ഇപിപി). ഏഞ്ചെല മെർക്കലും ലിയോ വരദ്കറും ഉൾപ്പെടെ 11 യൂറോപ്യൻ യൂണിയൻ നേതാക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പാണ് ഇപിപി. കൊറോണ യൂറോപ്പിനെ മുച്ചൂടും മൂടുന്ന സന്ദര്‍ഭത്തില്‍ ബ്രക്സിറ്റിന്‍റെ ബാക്കി നടപടികളുമായി മുന്നോട്ടു പോകാന്‍ പ്രയാസമുണ്ടെന്നും, വര്‍ഷാവസാനം വരെ താല്‍ക്കാലികമായി എല്ലാം നീട്ടിവയ്ക്കണം എന്നുമാണ് ഇപിപി ആവശ്യപ്പെടുന്നത്.
‘ഈ അസാധാരണമായ സാഹചര്യത്തില്‍ കൊറോണ വൈറസിന്റെ ഇരട്ട പ്രഹരത്തെ യുകെ സർക്കാർ എങ്ങനെ നോക്കിക്കാനുമന്ന് എനിക്കറിയില്ല. എന്നാല്‍, യൂറോപ്യൻ യൂണിയൻ സിംഗിൾ മാർക്കറ്റിൽ നിന്നുള്ള എക്സിറ്റ് അനിവാര്യവുമാണ്’- എന്ന് യൂറോപ്യൻ പാർലമെന്റിന്റെ അന്താരാഷ്ട്ര വ്യാപാര സമിതിയിൽ ഇരിക്കുന്ന ലക്സംബർഗിൽ നിന്നുള്ള എംഇപി ക്രിസ്റ്റോഫ് ഹാൻസെൻ പറഞ്ഞു. ‘പ്രത്യയശാസ്ത്രത്തെക്കാൾ സാമാന്യബുദ്ധിക്ക് പ്രാധാന്യം നല്‍കണം എന്നാണ് എനിക്ക് തോന്നുന്നത്. പരിവര്‍ത്തന കാലയളവ് നീട്ടുകയല്ലാതെ ഇപ്പോള്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാമാരി എല്ലാ ഷെഡ്യൂളുകളും സങ്കീർണ്ണമാക്കി. ഇപ്പോള്‍ പന്ത് ബ്രിട്ടന്‍റെ കോര്‍ട്ടിലാണ്. അവരാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് യുകെയുമായുള്ള ഭാവി ബന്ധത്തെക്കുറിച്ചുള്ള യൂറോപ്യൻ പാർലമെന്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജർമ്മൻ എംഇപി ഡേവിഡ് മക്അലിസ്റ്റർ പറഞ്ഞത്.
പിൻവലിക്കൽ കരാർ പ്രകാരം, ബ്രെക്സിറ്റ് സംക്രമണ കാലയളവ് 2020 ഡിസംബർ 31 ന് അവസാനിക്കും. അതായത്, യൂറോപ്യൻ യൂണിയന്‍റെ സിംഗിൾ മാർക്കറ്റില്‍ നിന്നും കസ്റ്റംസ് യൂണിയനില്‍നിന്നുമുള്ള ബ്രിട്ടന്‍റെ അംഗത്വം എടുത്തുകളയപ്പെടും എന്ന്. എന്നാല്‍, ജൂലൈ 1 നകം ഇരുപക്ഷവും സമ്മതിച്ചാൽ ഒന്നോ രണ്ടോ വർഷത്തേക്ക് ഇത് നീട്ടാം. അതേസമയം ഇപിപിയുടെ ആവശ്യം പൂര്‍ണ്ണമായും നിരാകരിക്കുന്ന തരത്തിലാണ് ബ്രിട്ടണ്‍ അതിനോട് പ്രതികരിച്ചത്. ‘2020 ഡിസംബർ 31 ന് പരിവർത്തന കാലയളവ് അവസാനിക്കും. യു,കെ-യുടെ നിയമത്തില്‍ ഉള്‍പ്പെടുത്തിയത്പോലെ അതില്‍നിന്നും പിന്നോട്ടു പോകാന്‍ ഉദ്ദേശമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്’ എന്ന് ഇപിപി പ്രസ്താവനയോട് പ്രതികരിച്ച യുകെ സർക്കാർ വക്താവ് പറഞ്ഞു.
കൊറോണയുടെ വ്യാപനം മൂലം നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ലോക്ക് ഡൌണിന് സമാനമായ സാഹചര്യങ്ങളില്‍ കൂടി കടന്നുപോകുന്ന യുകെയെ ഞെട്ടിച്ച് കൊണ്ട് ഒരു വാര്‍ത്ത. സസെക്സില്‍ നിന്നാണ് ഒരു കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്‌തതായ വിവരം പുറത്ത് വന്നിരിക്കുന്നത്. ഒരേ കുടുംബത്തിലെ രണ്ട് മുതിര്‍ന്നവരെയും രണ്ട് കുട്ടികളെയുമാണ് കൊല്ലപ്പെട്ട നിലയില്‍ ഇവരുടെ വസതിയില്‍ കണ്ടെത്തിയത്. ഇവരുടെ വളര്‍ത്ത് നായയും കൊല്ലപ്പെട്ടിട്ടുണ്ട്.
സസെക്സിലെ വുഡ്മാന്‍ കോട്ടിലെ ഒരു ഡിറ്റാച്ചഡ് ഹൗസിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികളെയും വളര്‍ത്തു നായയെയും കൊലപ്പെടുത്തി കുടുംബം ആത്മഹത്യ ചെയ്തതായാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകമെന്ന നിലയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഘം കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.