ലോക്ക് ഡൗണ്‍ ലംഘിച്ച് വിവാഹിതയായ കാമുകിയെ കണ്ടത് വിവാദമായതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രധാന കോവിഡ് ഉപദേഷ്ടാവും മുതിര്‍ന്ന പകര്‍ച്ചവ്യാധി വിദഗ്ധനുമായ പ്രൊഫ.നീല്‍ ഫെര്‍ഗൂസണ്‍ രാജി വച്ചു. ടെലിഗ്രാഫ് പത്രമാണ് കോവിഡ് ഉപദേഷ്ടാവിന്റെ ലോക്ക് ഡൗണ്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്തത്. യുകെ ഗവണ്‍മെന്റിന്റെ സ്റ്റേ അറ്റ് ഹോം സ്ട്രാറ്റജി പ്രധാനമായും മുന്നോട്ടുവച്ചത് നീല്‍ ഫെര്‍ഗൂസണ്‍ ആണ്. സയന്റിഫിക്ക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് (എസ് എ ജി ഇ) അംഗമാണ്. കോറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രധാനപങ്കാണ് സേജിനുള്ളത്.

രണ്ട് തവണയാണ് സാമൂഹിക അകലം സ്ംബന്ധിച്ച കോവിഡ് വ്യവസ്ഥകള്‍ ലംഘിച്ച് കാമുകി, ഫെര്‍ഗൂസന്റെ വീട്ടിലെത്തിയത് എന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. താന്‍ ചെയ്തത് തെറ്റായിപ്പോയി എന്ന് പ്രൊഫ.ഫെര്‍ഗൂസണ്‍ സിഎന്‍എന്നിനോട് പറഞ്ഞു. സേജില്‍ നിന്ന് ഫെര്‍ഗൂസണ്‍ പിന്മാറി. ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് എല്ലാവരേയും സംരക്ഷിക്കാനാണ്. സാമൂഹിക അകലം സംബന്ധിച്ച സന്ദേശങ്ങളെ അവഗണിച്ചതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. രോഗലക്ഷണങ്ങളൈ തുടര്‍ന്ന് രണ്ടാഴ്ച ക്വാറന്റൈന്‍ ചെയ്തിരുന്നതായും നീല്‍ ഫെര്‍ഗൂസണ്‍ പറഞ്ഞു.