UK

ബാല സജീവ്‌ കുമാര്‍

യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ യു കെ മലയാളികളോടോപ്പമുള്ള കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന വോളന്റിയേഴ്സിനെ ആവശ്യമുണ്ട്. പ്രധാനമായും മൂന്നു തരത്തിലുള്ള സേവനങ്ങളാണ് വോളന്റിയേഴ്‌സിലൂടെ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നത്.

ആദ്യത്തേത് ക്ലിനിക്കൽ അഡ്‌വൈസ് എന്നതാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ഹെൽത്ത് പ്രൊട്ടക്ഷൻ സ്കോട്ട്ലൻഡ് എന്നീ ഗവൺമെന്റ് ബോഡികളുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19 മാനേജ്‌മെന്റിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് ഇതിലൂടെ നൽകപ്പെടുന്നത്. ഈ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നത് ഡോക്ടർ സോജി അലക്സിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ ഒരു സംഘമായിരിക്കും. ഈ സേവനത്തിന് തയ്യാറുള്ള ഡോക്ടർമാരെ ഈ യുദ്ധത്തിൽ പങ്കാളികളാകുവാൻ ക്ഷണിക്കുകയാണ്.

രണ്ടാമത്തേത്, ഇമോഷണൽ സപ്പോർട്ടാണ്. രോഗം സ്ഥിരീകരിച്ചവരോ, സംശയിക്കപ്പെടുന്നവരോ ആയ ആൾക്കാർക്ക് മാനസികമായി ധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഒരു കുടുംബത്തിലെ ഒരാൾക്ക് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ,അവരെല്ലാവരും അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അവരുടെ ദൈനംദിനാവശ്യങ്ങൾ, മോർട്ട്ഗേജ് തുടങ്ങിയ സാമ്പത്തിക ബാധ്യതകൾ, സാമൂഹികവും, ആരോഗ്യപരവും, ആത്മീയവുമായ കാര്യങ്ങളിൽ അവർക്ക് ധൈര്യം പകർന്നു കൊടുക്കാനുള്ള വോളന്റിയേഴ്‌സിനെയാണ് ഇവിടെ ആവശ്യം. നേഴ്‌സുമാർ, സോഷ്യൽ വർക്കേഴ്‌സ്, സാമൂഹ്യ പ്രവർത്തകർ, പുരോഹിതർ, മതപരമായ ഉപദേശം കൊടുക്കാൻ കഴിയുന്നവർ, ഫിനാൻഷ്യൽ കൺസൾട്ടന്റുമാർ എന്നിവർക്ക് സേവനം ചെയ്യാൻ കഴിയുന്ന ഈ മേഖലയിലേക്കും വോളന്റിയേഴ്‌സിനെ ആവശ്യമുണ്ട്.

മൂന്നാമത്തേത്, അവശ്യസഹായം അടിയന്തിരമായി എത്തിക്കാൻ കഴിയുന്നവരുടെ ഒരു ടീമാണ്. രോഗലക്ഷണങ്ങൾ മൂലമോ, രോഗം ബാധിച്ചോ അന്യസമ്പർക്കമില്ലാതെ വീടുകളിൽ താമസിക്കേണ്ടി വരുന്നവരെ സഹായിക്കേണ്ടി വരുന്ന അവസരത്തിൽ അതിന് സന്നദ്ധരാകുന്നവരുടെ ഒരു വലിയ ടീമാണ് നമ്മുടെ പ്രധാന ആവശ്യം. സമൂഹത്തിലെ ഏതു തുറയിൽ പ്രവർത്തിക്കുന്ന ധൈര്യശാലികളായ മനുഷ്യസ്നേഹികൾക്കും ഈ സേവനത്തിന് അവസരമുണ്ട്. യു കെ യിലെ മലയാളി സമൂഹം നമ്മെത്തന്നെ പരസ്പരം സഹായിക്കാനുള്ള ഈ ഉദ്യമത്തിൽ പങ്കാളികളായി രോഗം പകരുന്ന സാഹചര്യങ്ങൾ, പകരാതിരിക്കാനുള്ള മുൻകരുതലുകൾ എന്നിവ ഈ വോളന്റിയേഴ്‌സിനെ പഠിപ്പിക്കുവാനുള്ള ക്ലിനിക്കൽ ടീമിനും ചേരാവുന്നതാണ്.

രോഗികളെ സഹായിക്കുന്നവർക്ക് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ, യു കെ യിലെ ഗവൺമെന്റ് ബോഡികൾ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള മുൻകരുതലുകൾ നിർബ്ബന്ധമായും എടുക്കാൻ തയ്യാറുള്ളവരായിരിക്കണം വോളന്റിയേഴ്‌സായി വരേണ്ടത്. വോളന്റിയേഴ്സായി വരുന്നവരെ അവർക്ക് സേവനം ചെയ്യാൻ താല്പര്യമുള്ള മേഖലയനുസരിച്ച് ഗ്രൂപ്പുകളായി തരം തിരിച്ച് ആവശ്യമായ പരിശീലനങ്ങൾ നൽകുന്നതിനും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ പദ്ധതിയൊരുക്കിയിട്ടുണ്ട്.

പകൽ ഓഫീസ് സമയങ്ങളിൽ സഹായത്തിനായി വിളിക്കുന്നവരെ സഹായിക്കാൻ കോൾ സെന്ററും, അതിനു ശേഷം വിശ്വസ്തതയുള്ള വോളന്റിയേഴ്സിനെയും ഒരുക്കിയിട്ടുണ്ട്. ഈ സേവനത്തിനായി വിളിക്കുന്നവരുടെ ഫോൺ നമ്പർ, പേര്, ആവശ്യം, ഈ വിവരങ്ങൾ ബന്ധപ്പെട്ടവരുമായി ഷെയർ ചെയ്യുന്നതിനുള്ള അനുമതി എന്നീ കാര്യങ്ങൾക്കപ്പുറം മറ്റൊന്നും കോൾ ഹാൻഡ്‌ലേഴ്‌സ് ചോദിക്കുന്നതല്ല. സാധനങ്ങൾ എത്തിച്ചു തരികയോ ഒക്കെയുള്ള സഹായമാണ് ആവശ്യമെങ്കിൽ നിങ്ങളുടെ സ്ഥലവും നൽകാൻ തയ്യാറാകേണം.

സഹായത്തിനായി നമ്മെ സമീപിക്കുന്ന വ്യക്തികളുടെ യാതൊരുവിധ വിവരങ്ങളും യുണൈറ്റഡ് മലയാളി അസോസിയേഷൻ രൂപീകരിച്ചിരിക്കുന്ന ഗ്രൂപ്പുകളിലോ മറ്റെവിടെയെങ്കിലുമോ പരസ്യമായി ഷെയർ ചെയ്യുന്നവരെ വോളന്റിയേഴ്സായി ആവശ്യമില്ല. സമീപിക്കുന്ന വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാമെന്ന് ഉറപ്പുള്ളവർ മാത്രം ഈ യജ്ഞത്തിൽ പങ്കാളികളാവുക.

യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഈ അടിയന്തിര ഘട്ടത്തിൽ ഒരുക്കുന്ന പരസ്പര സഹായ സംരംഭത്തിലേക്ക് സഹജീവി സ്നേഹമുള്ള മുഴുവൻ മലയാളികളുടെയും സേവനം അഭ്യർത്ഥിക്കുകയാണ്. ഏതെങ്കിലും തരത്തിൽ ഈ സംരംഭത്തിൽ പങ്കാളികളാകാൻ സാധിക്കുമെങ്കിൽ, താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക

സുരേഷ് കുമാർ 07903986970
റോസ്ബിൻ 07428571013
ബിനു ജോസ് 07411468602
ബിബിൻ എബ്രഹാം 07534893125
ബാബു എം ജോൺ 07793122621
ഓസ്റ്റിൻ അഗസ്റ്റിൻ 07889869216
കിരൺ സോളമൻ 07735554190
സാം തിരുവാതിലിൽ 07414210825
തോമസ് ചാക്കോ 07872067153
റജി തോമസ് 07888895607

സ്വന്തം ലേഖകൻ

ലണ്ടൻ : ദിനങ്ങൾ കഴിയുന്തോറും കൊറോണ വൈറസ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണവും ബ്രിട്ടനിൽ ഏറുന്നു. ഇന്നലെ മാത്രം 14 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 35 ആയി. രോഗബാധിതരുടെ എണ്ണം 1372 ആയി ഉയർന്നു. രോഗത്തിന്റെ വ്യാപനം ഏറിയതോടെ എല്ലാ മേഖലകളിലും കടുത്ത നിയന്ത്രണം വരുത്താൻ ബ്രിട്ടൻ തയ്യാറാകുന്നു. 70 വയസ്സിന് മുകളിൽ ഉള്ളവരോട് വീട്ടിൽ തന്നെ കഴിയാൻ സർക്കാർ ആവശ്യപ്പെട്ടു. പ്രായമായവരോട് സാമൂഹിക സമ്പർക്കം കുറയ്ക്കാൻ ആവശ്യപ്പെടുമെന്ന് സ്കോട്ടിഷ് സർക്കാർ പറഞ്ഞു. അഞ്ഞൂറോ അതിൽ കൂടുതലോ ആളുകളുടെ ഒത്തുചേരലുകൾ സ്കോട്ട്ലൻഡിൽ ഉണ്ടാവരുതെന്ന നിർദ്ദേശവും സ്കോട്ടിഷ് സർക്കാർ പുറപ്പെടുവിച്ചു.

ഇതുവരെ യുകെയിൽ മരണപ്പെട്ടവർ 60 വയസ്സിനു മുകളിലുള്ളവരിലോ ആരോഗ്യസംബന്ധമായ അസ്വസ്ഥതകൾ നേരത്തെ ഉണ്ടായിരുന്നവരോ ആണ്. രോഗലക്ഷണങ്ങളില്ലാത്ത ആളുകൾക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ കഴിയുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. കൊറോണ വൈറസ് രോഗം ചികിത്സിക്കുന്ന ആശുപത്രികളിൽ വെന്റിലേറ്ററുകൾ നിർമ്മിക്കുന്നതിനായി കാർ നിർമ്മാതാക്കൾ, ആയുധ നിർമ്മാതാക്കൾ തുടങ്ങിയവരോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വേണ്ടിവന്നാൽ ഹോട്ടലുകൾ ആശുപത്രികൾ ആക്കി മാറ്റാനും പദ്ധതിയുണ്ട്. പല കമ്പനികളും വെന്റിലേറ്റർ നിർമാണത്തിൽ ആവശ്യമായ സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ 5,000 വെന്റിലേറ്ററുകൾ ലഭ്യമാണെന്നും എന്നാൽ അതിന്റെ ഇരട്ടി ആവശ്യമാണെന്നും ഹാൻ‌കോക്ക് പറഞ്ഞു. ഇതോടെ കൊറോണയ്ക്കെതിരെ ഒരു യുദ്ധത്തിനാണ് ബ്രിട്ടൻ ഒരുങ്ങുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു.

സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്ന കൊറോണ വൈറസ് ബാധ വൻ സാമ്പത്തിക മാന്ദ്യമാണ് രാജ്യത്തിനുണ്ടാക്കുന്നത്. ആവശ്യ വസ്തുക്കൾ തീർന്നുപോകുമെന്ന ഭീതിയിൽ ആളുകൾ സാധങ്ങൾ വാങ്ങികൂട്ടുന്നതിനെതിരെ കച്ചവടക്കാർ രംഗത്തെത്തി. സാധനങ്ങൾ അമിതമായി സ്റ്റോക്ക് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സൂപ്പർമാർക്കറ്റുകൾ നിർദേശിച്ചു. “നിങ്ങൾ വാങ്ങുന്നതിനുമുമ്പ് ദയവായി ചിന്തിക്കുക, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആവശ്യമുള്ളത് മാത്രം വാങ്ങുക.” ഉപഭോക്താക്കളോട് അവർ ആവശ്യപ്പെട്ടു. ആഗോളതലത്തിൽ 6000ത്തിലേറെ മരണങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. 156ഓളം രാജ്യങ്ങളിലാണ് രോഗം പടർന്നുപിടിച്ചിരിക്കുന്നത്.

കൊറോണ വൈറസ് ബാധമൂലം യുറോപ്പിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. രോഗ ബാധയെ തുടര്‍ന്ന് ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ മരിച്ച ദിവസം ഇന്നലെയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കിയിട്ടുണ്ട്. അമേരിക്കയിലും രോഗികളുടെ എണ്ണം വർധിക്കുകയാണ്.

ഇറ്റലിയിലാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. ഇന്നലെ മാത്രം 368 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ഇറ്റലിയിൽ മാത്രം 1809 ആയി. സ്‌പെയിനില്‍ ഇന്നലെ 97 പേരാണ് മരിച്ചത്. ഇതികനം 288 പേരാണ് വൈറസ് ബാധയ്ക്ക് ഇരായായി ജീവന്‍ നഷ്ടപ്പെട്ടത്. ഫ്രാന്‍സില്‍ ഇതിനകം 120 പേരാണ് മരിച്ചത്. ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത് 29 പേര്‍ക്കാണ്.

ബ്രിട്ടനില്‍ കൊറോണ മൂലം ജീവന്‍ നഷ്ടമായത് 35 പേര്‍ക്കാണ്. ഇന്നലെ മാത്രം 14 പേര്‍ മരിച്ചു.
സ്ഥിതിഗതികള്‍ രൂക്ഷമായതോടെ ജനങ്ങളുടെ യാത്രയ്ക്ക് വിവിധ സര്‍ക്കാരുകള്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്റ്, ഡെന്മാര്‍ക്ക്, ലക്‌സംബര്‍ഗ് തുടങ്ങിയ രാജ്യങ്ങളുമായുള്ള അതിര്‍ത്തികളില്‍ ജര്‍മ്മനി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സ്‌പെയിനുമായുള്ള അതിര്‍ത്തി പോര്ച്ചുഗല്‍ അടച്ചു. അഞ്ചുപേരില്‍ കൂടതുല്‍ സംഘം ചേരുന്നത് ഓസ്ട്രിയ നിരോധിച്ചു. അത്യാവിശ്യ സന്ദര്‍ഭങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നാണ് ചെക്ക് റിപ്പബ്ലിക്ക് ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

യുറോപ്യന്‍ രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 10 കോടി ആളുകള്‍ യുറോപ്പില്‍ വീടുകളില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ബ്രിട്ടനിലും നടപ്പിലാക്കുന്ന കാര്യം ആലോചനയിലാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. 70 വയസ്സില്‍ അധികം പ്രായമുള്ള ആളുകള്‍ പരമാവധി മറ്റുള്ളവരില്‍നിന്ന് അകന്ന് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടനിലെ സ്ഥ്തിഗതികള്‍ വിശദീകരിക്കാന്‍ എല്ലാദിവസവും പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ വാര്‍ത്താ സമ്മേളനം നടത്തും

അമേരിക്കയില്‍ 50 ആളുകളില്‍ അധികം പങ്കെടുക്കുന്ന പരിപാടികള്‍ മാറ്റിവെയ്ക്കണമെന്ന് യുഎസ് സെൻ്റെഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എട്ടാഴ്ചത്തേക്ക് നിയന്ത്രണം അനിവാര്യമാണെന്നാണ് നിര്‍ദ്ദേശം. അമേരിക്കയിലെ 49 സംസ്ഥാനങ്ങളില്‍ മൂവായിരത്തിലധികം പേര്‍ക്കാണ് ഇപ്പോള്‍ രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 62 പേരാണ് അമേരിക്കയിൽ ഇതിനകം മരിച്ചത്. വിവിധ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. രോഗ നിർണയത്തിന് 2000 പുതിയ ലാബുകൾ സജ്ജീകരിക്കുമെന്ന് വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ് അറിയിച്ചു.

ചൈനയില്‍ ആരംഭിച്ച കോവിഡ് 19 ന്റെ ഇപ്പോഴത്തെ പ്രധാന കേന്ദ്രം യുറോപ്പാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 24,717 പേര്‍ക്കാണ് വൈറസ് ബാധയേറ്റത്.ലോകത്തെമ്പാടുമായി 1,62,687 പേര്‍ക്കാണ് ഇതിനകം രോഗ ബാധയുണ്ടായിട്ടുള്ളത്. ഇതില്‍ പകുതിയിലേറെ പേരും ചൈനയിലാണ്. ഇവിടെ 81,003 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധയേറ്റത്. 6,065 പേരാണ് ലോകത്തെമ്പാടുമായി കോവിഡ് 19 ബാധിച്ച് മരിച്ചത്.

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനിലെ എലിസബെത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ബക്കിംഗ്ഹാം കൊട്ടാരം വിട്ടു. വിന്‍ഡ്‌സര്‍ കാസിലിലേയ്ക്കാണ് ഇരുവരും താമസം മാറിയത്. യുകെയില്‍ കൊറോണ വൈറസ് മൂലമുള്ള മരണം 21 ആയിട്ടുണ്ട്. 11 മരണമെന്നത് ഒരു ദിവസം കൊണ്ട് ഏതാണ്ട് ഇരട്ടിയോടടുക്കുകയായിരുന്നു.

എലിസബത്തിന് 93ഉം ഫിലിപ്പിന് 98ഉമാണ് പ്രായം. ഇരുവരും നോര്‍ഫോക്കിലെ സാന്‍ഡ്രിന്‍ഗാം എസ്‌റ്റേറ്റില്‍ ക്വാറന്റൈന്‍ ചെയ്യും. യുകെയില്‍ ഇതുവരെ 1140 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 5300 മരണമാണ് ലോകത്താകെ കൊറോണ മൂലമുണ്ടായിരിക്കുന്നത്. 135 രാജ്യങ്ങളിലായി 1.42 ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

നിരവധി ജീവനക്കാരും പരിചാരകരുമുള്ള ബക്കിംഗ്ഹാം കൊട്ടൊരത്തില്‍ നിന്ന് സാധാരണ എല്ലാ വ്യാഴാഴ്ചകളിലും എലിബസത്ത് രാജ്ഞി വിന്‍ഡ്‌സര്‍ കാസിലിലേയ്ക്ക് പോകാരുണ്ട്. ഇത്തരത്തില്‍ ഒരു പതിവ് മാറ്റം തന്നെയാണ് എലിസബത്ത് രാജ്ഞി നടത്തിയത് എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ മറിച്ചുമുള്ള വാദങ്ങളുണ്ട്. അതേസമയം രാജ്ഞിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ ലണ്ടന്റെ മധ്യഭാഗത്തുള്ള ബക്കിംഗ്ഹാം പാലസില്‍ നിന്ന് രാജ്ഞിയെ മാറ്റുന്നതാണ് ഉചിതമെന്ന് കരുതിയതായി പാലസ് വൃത്തങ്ങള്‍ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിഥികളെ എലിസബത്ത് രാജ്ഞി സ്വീകരിക്കുന്നുണ്ട്.

കോവിഡ് 19 രോഗബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുകെ സ്വദേശി ദുബായിലേക്കുള്ള വിമാനത്തിൽ കയറിയതിനെ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി. വിമാനത്തിലെ 270 യാത്രക്കാരെയും ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. വിമാനത്താവളം അടച്ചിടാൻ സാധ്യതയുണ്ട്.

മൂന്നാറിൽ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുൾപ്പെട്ടയാളാണു യുകെ പൗരൻ. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ഇന്ന് രാവിലെ കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള വിമാനം കയറാനായി ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇയാൾ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതർ വിമാനത്തിൽ കയറ്റിവിടുകയും ചെയ്തു.

സ്രവപരിശോധന ഫലത്തിൽ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ വിമാനത്തിൽ കയറിയെന്നു കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ മുഴുവൻ തിരിച്ചിറക്കി പരിശോധന നടത്താനാണു അധികൃതരുടെ തീരുമാനം.

രോഗബാധിതനെ കണ്ടെത്തിയ സാഹചര്യത്തിൽ മൂന്നാറിൽ ജാഗ്രത പുലർത്തുന്നുണ്ട്. മൂന്നാറിലെ വിദേശികളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കുന്നു. കോവിഡ‍് ബാധിതന്‍ സ്ഥലംവിടാന്‍ ഇടയായ പശ്ചാത്തലത്തിലാണ് പരിശോധന. അതേസമയം, വിദേശികൾ താമസിച്ചിരുന്ന കെടിഡിസി ടീ കൗണ്ടി ഹോട്ടല്‍ അടച്ചു. മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ ഉന്നതതലയോഗം ചേരുന്നു.

കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലെ എല്ലാ ഫുട്ബോള്‍ മത്സരങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വക്കാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനം. ഫുട്‌ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് റദ്ദാക്കി. ഏപ്രില്‍ മൂന്ന് വരെയാണ് ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. ടീം ഉടമകളുടെ അടിയന്തരയോഗം ചേര്‍ന്നാണ് ഏപ്രില്‍ മൂന്നുവരെ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് പ്രീമിയര്‍ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് മാസ്റ്റേഴ്‌സ് പറഞ്ഞു.

ഇതിനുപുറമെ ഈ മാസം 27ന് ഇറ്റലിയുമായും 31ന് ഡെന്‍മാര്‍ക്കുമായും നടത്താനിരുന്ന ഇംഗ്ലണ്ടിന്റെ രാജ്യാന്തര സൗഹൃദ മത്സരങ്ങളും രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. എഫ് എ കപ്പ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും ഏപ്രില്‍ മൂന്നുവരെ നിര്‍ത്തിവെക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

നേരത്തെ കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ് മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയത്. കൊറോണ വൈറസ് ബാധമൂലം ബ്രിട്ടനില്‍ ഇതുവരെ 10 പേര്‍ മരിച്ചിട്ടുണ്ട്. 596 പേര്‍ക്കാണ് ബ്രിട്ടനില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 491 പേരും ഇംഗ്ലണ്ടിലാണ്

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നു . യുകെയിലുള്ള നിരവധിയായ അനവധിയായ മലയാളി സംഘടനകൾ പ്രാദേശികവും , ദേശീയവും , അന്തർദേശീയവുമായ പ്രവർത്തന ലക്ഷ്യങ്ങളുമായി നിലവിലുണ്ടെങ്കിലും , അവയിൽ അംഗത്വം എടുക്കുന്നതിനോ , പ്രവർത്തിക്കുന്നതിനോ , സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനോ അവർ നിഷ്കർഷിക്കുന്ന മാനദണ്ഠങ്ങൾ അനുസരിച്ചുള്ള അംഗങ്ങൾക്ക് മാത്രമേ പറ്റുകയുള്ളൂ എന്നത് വസ്തുതയാണ്. പ്രാദേശികവും , ജാതിപരവും , രാഷ്ട്രീയപരവും , മതപരവുമായ ഈ സംഘടനകൾ യുകെയിലെ ഏതൊരു മലയാളിക്കും , മലയാണ്മയെ സ്നേഹിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുന്നവർക്കും അന്യമാകുന്ന തരത്തിലുള്ള വിവേചനം ഉയർത്തിപ്പിടിക്കുന്ന സംഘടനകളാണ്.

യുകെ മലയാളികളുടെ ദുരവസ്ഥയിൽ കൈത്താങ്ങാകുമെന്ന പ്രതീക്ഷയോടെ രൂപീകരിക്കപ്പെട്ട ദേശീയ സംഘടന പോലും രാഷ്ട്രീയ വൽക്കരിക്കപ്പെട്ട് രൂപീകരണ സമയത്തെ പ്രഖ്യാപിത – പ്രതീക്ഷിത ലക്ഷ്യങ്ങളിൽ നിന്ന് വേർപെടുമ്പോൾ, യുകെയിലെ ഏതൊരു മലയാളിക്കും പങ്കെടുക്കാവുന്ന ഒരു പൊതു വേദി എന്ന ആശയം പ്രാവർത്തികമാക്കാൻ തുനിഞ്ഞിറങ്ങിയ യുകെയിലെ സംഘടനാ പ്രവർത്തനരംഗത്ത് പരിചയമുള്ള ഒരു കൂട്ടം ആൾക്കാരുടെ ഒത്തു ചേരലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് തുടക്കം കുറിച്ചത് .

യുകെയിലുള്ള മലയാളിയോ , മലയാളി പിൻതലമുറക്കാരനോ , മലയാളത്തെ അറിയുന്നവരോ ആയ ഏതൊരാൾക്കും , അവരുടെ ജാതി – മത – രാഷ്ട്രീയ – പ്രാദേശിക – ജനിതക വ്യത്യാസമെന്യേ അംഗത്വമെടുക്കാവുന്ന ഒരു സംഘടന നിലവിൽ വരേണ്ടതിന്റെ ആവശ്യകത നോർത്താംപ്ടണിൽ വച്ച് ചേർന്ന പ്രാരംഭ യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും , അപ്രകാരമുള്ള ഒരു സംഘടന യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ എന്ന പേരിൽ രൂപീകരിക്കാൻ തീരുമാനിക്കുകയും ഉണ്ടായി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 22 പേർ പങ്കെടുത്ത ആദ്യ യോഗത്തിൽ ഐക്യകണ്ഠമായി ഇപ്രകാരമൊരു സംഘടന രൂപീകൃതമാവുകയായിരുന്നു.

യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിൽ ഏതൊരു മലയാളിക്കും അംഗത്വമെടുക്കാം, പരിപാടികളിൽ പങ്കെടുക്കാം , സംഘടന സംഘടിപ്പിക്കുന്ന കലാ – കായിക – സാംസ്കാരിക പരിപാടികളിൽ അംഗത്വമില്ലെങ്കിൽ പോലും പങ്കെടുക്കാം , ആവശ്യ സമയത്ത് അടിയന്തിര സഹായങ്ങൾക്കായി ബന്ധപ്പെടാം , എന്നിങ്ങനെ യുകെ മലയാളികൾ അവരുടേതായ സംഘടനയിൽ നിന്ന് പ്രതീക്ഷിക്കുന്നവ നൽകാൻ സന്നദ്ധമായ ഒരു പ്രവർത്തന രീതി വാർത്തെടുക്കുകയാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പ്രവർത്തന ലക്‌ഷ്യം.

വിവേചനപരവും , രാഷ്ട്രീയ – ജാതി – മത താല്പര്യ പ്രേരിതവുമായ സംഘടനാ പ്രവർത്തനത്തിന് അറുതി വരുത്തിക്കൊണ്ട് , അവയെക്കാളുപരിയായി , ഏതൊരു മലയാളിക്കും സഹായകമാകുന്ന , അവന്റെ വീഴ്ചയിൽ അവനു കൈത്താങ്ങാകുന്ന യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിലേക്ക് എല്ലാ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നു. അംഗത്വം , പ്രവർത്തന പരിപാടികൾ , രെജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ ഇതിനോടകം അനുഭാവമറിയിച്ച , ക്ഷണിക്കപ്പെടുന്ന വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഏപ്രിൽ 26 ന് നോർത്താംപ്ടണിൽ വച്ച് ചേരുന്ന യോഗത്തിൽ തീരുമാനിച്ച് അറിയിക്കുന്നതാണ്.

അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസ് ബാധ ബ്രിട്ടനിൽ പടർന്നു പിടിക്കുകയും 11 ഓളം പേർ മരണമടഞ്ഞതോടുകൂടി ആളുകൾ കൂട്ടം കൂടുന്നത് നിരോധിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് സർക്കാർ. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ശരിയായ തീരുമാനം എടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹൺഡ് ആളുകൾ കൂടുന്നത് നിരോധിക്കാനുള്ള ഗവൺമെന്റ് തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹെൽത്ത് സെക്രട്ടറി ആളുകൾ കൂട്ടം കൂടുന്നത് നിരോധിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.

സ്കോട്ട്‌ലാൻഡ് ഗവൺമെന്റ് അടുത്ത ആഴ്ച മുതൽ 500 ലധികം ആളുകൾ കൂട്ടംകൂടരുതെന്ന് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലവിൽ വരികയാണെങ്കിൽ ബ്രിട്ടനിലെമ്പാടുമുള്ള 100 കണക്കിന് മലയാളി അസോസിയേഷനുകളുടെ ഈസ്റ്റർ ആഘോഷപരിപാടികൾ ഉപേക്ഷിക്കേണ്ടിവരും. നിരവധി മലയാളി അസോസിയേഷനുകൾ ഈസ്റ്റർ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായാണ് മലയാളം യുകെയ്ക്ക് ലഭിച്ച വിവരം. ഹോളുകൾ ബുക്ക് ചെയ്യുക, ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുക തുടങ്ങിയ മുന്നൊരുക്കങ്ങൾ ഇതിനോടകം പൂർത്തിയായിരുന്നു.

കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാകുന്നില്ലെങ്കിൽ മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മകളും മറ്റും ഉപേക്ഷിക്കേണ്ടിവരും. കേറ്ററിംഗ് സംരംഭങ്ങളിലൂടെ സ്വയംതൊഴിൽ കണ്ടെത്തുന്ന നിരവധി മലയാളികളാണ് യുകെയിൽ ഉള്ളത്. ഓണം, ക്രിസ്തുമസ്, ഈസ്റ്റർ തുടങ്ങിയ വിശേഷവസരങ്ങളിൽ മലയാളി സമൂഹത്തിൽ കേറ്ററിംഗ് സർവീസ് നടത്തുകയായിരുന്നു ഇവരുടെ പ്രധാന ഉപജീവനമാർഗ്ഗം. അസോസിയേഷൻ പരിപാടികൾ ഉപേക്ഷിക്കേണ്ടി വരുന്നത് ഇവരുടെ വരുമാനത്തെ സാരമായി ബാധിക്കാൻ ഇടയുണ്ട്. ഇതിനുപുറമേ മലയാളികളുമായി ബന്ധപ്പെട്ട നിരവധി ജന്മദിന ആഘോഷങ്ങളും മറ്റും ഇതിനോടകം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സാധിച്ചില്ലെങ്കിൽ റസ്റ്റോറന്റുകളും മറ്റും അടച്ചിടേണ്ടി വരികയും ഈ മേഖലയിൽ ജോലിയെടുക്കുന്ന മലയാളികളെയും മറ്റും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. അരി ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങൾ ശേഖരിച്ചു വെയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് മലയാളിസമൂഹം. മലയാളികളുടെ പല ആവശ്യസാധനങ്ങൾക്കും കടുത്ത ദൗർലഭ്യം നേരിടുന്നതായാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തിൽനിന്നുമുള്ള ജനങ്ങളുടെ സുരക്ഷയെക്കരുതിയും , ഗവൺമെന്റിന്റെയും സഭാധികാരികളുടെയും മാർഗനിർദേശങ്ങളോട് ചേർന്നുനിന്നുകൊണ്ടും 14 ന് നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കേണ്ടിയിരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ റദ്ദാക്കി. സെഹിയോൻ മിനിസ്ട്രിക്കുവേണ്ടി റവ.ഫാ. ഷൈജു നടുവത്താനിയിൽ അറിയിച്ചതാണിത്‌.
ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന സെഹിയോൻ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കൊറോണ വ്യാപനത്തിനെതിരെ മുൻകൂട്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റദ്ദാക്കിയത്. എന്നാൽ വിശ്വാസികൾക്കായി നാളെ വി. കുർബാന,വചന പ്രഘോഷണം, ആരാധന ഉൾപ്പെടെ തത്സമയ ഓൺലൈൻ ശുശ്രൂഷ രാവിലെ 9 മുതൽ 2 വരെ നടക്കുന്നതാണ്‌.

ടീനേജ് കുട്ടികൾക്കായുള്ള ലൈവ് സ്ട്രീമിങ് ശുശ്രൂഷയും തത്സമയം ഓൺലൈനിൽ കാണാവുന്നതാണ് .

അതിനായി താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക .https://youtu.be/tNv_taesxBM

രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർക്കുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷ
താഴെപ്പറയുന്ന ലിങ്കുകളിൽ യുട്യൂബിലും ഫേസ്ബുക്കിലും ലൈവ് ആയി കണ്ട് പങ്കെടുക്കാവുന്നതാണ് .ലൈവ് സ്ട്രീമിങ് ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
Youtube Live :
www.sehionuk.org/second-saturday-live-streams
Or sehion.eu

Facebook live :
https://facebook.com/sehionuk
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬
Attachments area
Preview YouTube video Teens For Kingdom | Second Saturday

മലയാളം യുകെ ന്യൂസ് ബ്യൂറോ

ലീഡ്സ്: സെന്റ് മേരീസ് സീറോ മലബാർ മിഷനിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കാനിരുന്ന ഇടവകയുടെ വാർഷിക ധ്യാനം ഉപേക്ഷിച്ചു. കൊറോണാ വൈറസിനെ നേരിടാൻ രാജ്യം ഒരുങ്ങുമ്പോൾ അതിനോട് സഹകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടവകയിലെ വാർഷിക ധ്യാനം ഉപേക്ഷിക്കേണ്ടി വന്നതെന്ന് വികാരി റവ. ഫാ. മാത്യൂ മുളയോലിൽ പറഞ്ഞു. കൊറോണ വൈറസിനെ നേരിടാൻ ശാസ്ത്രീയമായ തയ്യാറെടുപ്പുകളോട് സഹകരിക്കണമെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി പാർലമെന്റ് സമ്മേളനത്തിന് ശേഷം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ വെളിച്ചത്തിൽ ലീഡ്സ് ഇടവകയിലെ നിരവധി കുടുംബങ്ങൾ താല്ക്കാലികമായിട്ടെങ്കിലും ധ്യാനം ഉപേക്ഷിക്കണം എന്ന ആവശ്യവുമായി മുന്നോട്ടു വരികയായിരുന്നു. ഇടവക വികാരി എന്ന നിലയിൽ ഇടവകക്കാരുടെ ആവശ്യം പരിഗണിക്കുകയായിരുന്നു ഫാ. മുളയോലിൽ. എങ്കിലും സാധാരണയായി നടക്കുന്ന കുർബാന കൃമങ്ങൾക്ക് മാറ്റമില്ല എന്ന് ഫാ. മാത്യൂ മുളയോലിൽ അറിയിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved