അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസ് ബാധ ബ്രിട്ടനിൽ പടർന്നു പിടിക്കുകയും 11 ഓളം പേർ മരണമടഞ്ഞതോടുകൂടി ആളുകൾ കൂട്ടം കൂടുന്നത് നിരോധിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് സർക്കാർ. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ശരിയായ തീരുമാനം എടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹൺഡ് ആളുകൾ കൂടുന്നത് നിരോധിക്കാനുള്ള ഗവൺമെന്റ് തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹെൽത്ത് സെക്രട്ടറി ആളുകൾ കൂട്ടം കൂടുന്നത് നിരോധിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.

സ്കോട്ട്‌ലാൻഡ് ഗവൺമെന്റ് അടുത്ത ആഴ്ച മുതൽ 500 ലധികം ആളുകൾ കൂട്ടംകൂടരുതെന്ന് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലവിൽ വരികയാണെങ്കിൽ ബ്രിട്ടനിലെമ്പാടുമുള്ള 100 കണക്കിന് മലയാളി അസോസിയേഷനുകളുടെ ഈസ്റ്റർ ആഘോഷപരിപാടികൾ ഉപേക്ഷിക്കേണ്ടിവരും. നിരവധി മലയാളി അസോസിയേഷനുകൾ ഈസ്റ്റർ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായാണ് മലയാളം യുകെയ്ക്ക് ലഭിച്ച വിവരം. ഹോളുകൾ ബുക്ക് ചെയ്യുക, ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുക തുടങ്ങിയ മുന്നൊരുക്കങ്ങൾ ഇതിനോടകം പൂർത്തിയായിരുന്നു.

കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാകുന്നില്ലെങ്കിൽ മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മകളും മറ്റും ഉപേക്ഷിക്കേണ്ടിവരും. കേറ്ററിംഗ് സംരംഭങ്ങളിലൂടെ സ്വയംതൊഴിൽ കണ്ടെത്തുന്ന നിരവധി മലയാളികളാണ് യുകെയിൽ ഉള്ളത്. ഓണം, ക്രിസ്തുമസ്, ഈസ്റ്റർ തുടങ്ങിയ വിശേഷവസരങ്ങളിൽ മലയാളി സമൂഹത്തിൽ കേറ്ററിംഗ് സർവീസ് നടത്തുകയായിരുന്നു ഇവരുടെ പ്രധാന ഉപജീവനമാർഗ്ഗം. അസോസിയേഷൻ പരിപാടികൾ ഉപേക്ഷിക്കേണ്ടി വരുന്നത് ഇവരുടെ വരുമാനത്തെ സാരമായി ബാധിക്കാൻ ഇടയുണ്ട്. ഇതിനുപുറമേ മലയാളികളുമായി ബന്ധപ്പെട്ട നിരവധി ജന്മദിന ആഘോഷങ്ങളും മറ്റും ഇതിനോടകം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സാധിച്ചില്ലെങ്കിൽ റസ്റ്റോറന്റുകളും മറ്റും അടച്ചിടേണ്ടി വരികയും ഈ മേഖലയിൽ ജോലിയെടുക്കുന്ന മലയാളികളെയും മറ്റും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. അരി ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങൾ ശേഖരിച്ചു വെയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് മലയാളിസമൂഹം. മലയാളികളുടെ പല ആവശ്യസാധനങ്ങൾക്കും കടുത്ത ദൗർലഭ്യം നേരിടുന്നതായാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.