സ്വന്തം ലേഖകൻ
യൂറോപ്യൻ യൂണിയനിലെ 19 രാജ്യങ്ങളുടെ എക്കണോമിക് വളർച്ച താഴ്ന്ന നിരക്കിൽ. ഫ്രാൻസിന്റെയും ഇറ്റലിയുടെയും നേതൃത്വത്തിലെ സമ്പദ്ഘടന പിന്നോട്ടടിക്കുന്നു. യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക സർവേ ആയ യൂറോ സ്റ്റാറ്റ് കണക്കുപ്രകാരം കഴിഞ്ഞ 3 മാസത്തെ വളർച്ച വെറും 0.1% ആണ്. 2019 ജൂലൈ- സെപ്റ്റംബർ മാസങ്ങളിലെ വളർച്ച ആയ വെറും 0.3%ന് ശേഷമാണിത്. വളർച്ചയിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ഫ്രാൻസ് 0.1%വും ഇറ്റലി 0.3%വും ആയി ചുരുങ്ങി. അതേസമയം ജർമ്മനി ആകട്ടെ വളർച്ചയേ രേഖപ്പെടുത്തിയിട്ടില്ല.
യൂറോപ്യൻ നിർമാണ മേഖലയ്ക്ക് മറ്റ് രാജ്യങ്ങളിൽ ഡിമാൻഡ് കുറഞ്ഞതാണ് സാമ്പത്തിക ഇടിവിന് കാരണം. യുഎസ് ചൈന ട്രേഡ് വാറും, അതിന്റെ ബാക്കി പത്രവുമാണ് ഒരു കാരണമെന്ന് കണക്കാക്കപ്പെടുന്നു. ഉപഭോക്തൃ രാജ്യങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളാണ് നിർമ്മാണമേഖലയിൽ പ്രതിഫലിച്ചത്. ഡീസൽ കാറുകളുടെ ഉപയോഗവും മലിനീകരണവും ആഗോള ശ്രദ്ധയാകർഷിച്ചതിനാൽ ബദൽ മാർഗങ്ങൾ ആയ ഇലക്ട്രിക് കാറുകളിലേക്ക് ബില്യൺ കണക്കിന് രൂപ കൂടുതലായി ഇൻവെസ്റ്റ് ചെയ്യേണ്ടിവന്നു. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസും ജർമ്മനിയുടെ എക്സ്പോർട്ട് മേഖലയ്ക്ക് കുറച്ചൊന്നുമല്ല തലവേദന ഉണ്ടാക്കി വെച്ചത്. നോ ഡീൽ ബ്രെക്സിറ്റ് മൂലമുണ്ടായ ആഘാതം വേറെയും. ആഞ്ചല മെർക്കൽന്ന് ശേഷം ജർമ്മനി ആര് ഭരിക്കും എന്നതും നിക്ഷേപകരെ കുഴയ്ക്കുന്ന ചോദ്യമാണ്.
ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോൾ യുകെയുടെ സാമ്പത്തിക വളർച്ച നിരക്ക് 0% ആണെങ്കിൽ പോലും പ്രതീക്ഷക്ക് വക നൽകുന്നതാണ്. ഡിസംബറിലെ ജനറൽ ഇലക്ഷനും, ട്രേഡ് യുദ്ധവും യുകെയുടെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുകുലുക്കിയിരുന്നു. എന്നാൽ യൂറോസോൺനെ അപേക്ഷിച്ചു നോക്കുമ്പോൾ, ബോറിസ് ജോൺസൺ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു അതിനാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉടനെതന്നെ ഒരു തിരിച്ചുവരവ് നടത്തുമെന്ന് പ്രവചിക്കപ്പെടുന്നു.
യൂറോപ്യൻ സെൻട്രൽ ബാങ്ക് സെപ്റ്റംബറോടുകൂടി ബോണ്ടുകൾ വാങ്ങാൻ തുടങ്ങുമെന്നാണ് കരുതുന്നത്. ക്രിസ്റ്റീൻ ലഗാർഡിന്റെ കീഴിലുള്ള ബാങ്ക് സാമ്പത്തിക വളർച്ചയ്ക്കായി ഇനി എന്ത് ചെയ്യാം എന്ന കരു നീക്കത്തിലാണ്. കൊറോണ വൈറസ് ഭീതി ആണ് യൂറോപ്പിനെ മൂന്നു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൊണ്ടെത്തിച്ചത്. എയ്ഞ്ചല മെർക്കലിന് ശേഷം ആര് എന്ന ചോദ്യം ജർമ്മനിയിൽ രാഷ്ട്രീയപരമായി ഒരു ശൂന്യത ആയി നിൽക്കുന്നു. ബാറത് കുപ്പിലിയാൻ എന്ന മുതിർന്ന സാമ്പത്തിക വിദഗ്ധൻെറ അഭിപ്രായത്തിൽ, യൂറോപ്പിന് കരകയറാൻ മാർഗങ്ങൾ നിലവിലുണ്ട്. മുഖ്യധാരയിൽ അല്ലാത്ത രാജ്യങ്ങളുടെ വളർച്ചയിലൂടെ ഒരു തിരിച്ചുവരവ് സാധ്യമാണ്. എങ്കിലും കൊറോണ വൈറസ് ഏൽപ്പിച്ച ആഘാതം എത്രനാൾ നിലനിൽക്കും എന്ന് പറയാനാവില്ല.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസിന് അന്ത്യമില്ല. കൊറോണ വൈറസ് പൊട്ടിപുറപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏവരും മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് ജീവിക്കേണ്ടിവരുന്നു. കഴിഞ്ഞയാഴ്ച ക്യുഇഐഐ കോൺഫറൻസ് സെന്ററിൽ നടന്ന യുകെ ബസ് ഉച്ചകോടിയിൽ പങ്കെടുത്ത ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോൺഫറൻസിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അധികൃതർ. മുൻകരുതൽ എന്ന നിലയിൽ ഫെബ്രുവരി 20 വരെ പൊതു പരിപാടികൾ റദ്ദാക്കുന്നുവെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത രണ്ട് ലേബർ പാർട്ടി എംപിമാർ പറഞ്ഞു. ഇതുവരെ യുകെയിൽ ഒമ്പത് പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.
ഫെബ്രുവരി 6 ന് വെസ്റ്റ്മിൻസ്റ്ററിൽ നടന്ന സമ്മേളനത്തിൽ ട്രാൻസ്പോർട്ട് സെലക്ട് കമ്മിറ്റിയുടെ മുൻ ചെയർ എംപി ലിലിയൻ ഗ്രീൻവുഡ് സംസാരിച്ചിരുന്നു. ബസ്, ഗതാഗത വ്യവസായ മേഖലയിൽ നിന്ന് 250 ഓളം പേർ പങ്കെടുത്തു. അതിനെത്തുടർന്ന് രണ്ടാഴ്ചക്കാലത്തേക്ക് തന്റെ പൊതുപരിപാടികൾ റദാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായിരുന്ന ഗതാഗത മന്ത്രി ബറോണസ് വെരെ, പൊതുജനാരോഗ്യ ഇംഗ്ലണ്ട് ഉപദേശങ്ങൾ അനുസരിക്കുകയാണെന്ന് അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് വൈറസ് ബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ പരിപാടിയിൽ പങ്കെടുത്ത ഏവർക്കും കോൺഫറൻസിന്റെ സംഘാടകരായ ട്രാൻസ്പോർട്ട് ടൈംസ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു ഇമെയിൽ അയച്ചു. എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ വീട്ടിൽ തന്നെ കഴിയാനും എൻ എച്ച് എസിലേക്ക് 111 എന്ന നമ്പറിൽ ബന്ധപ്പെടാനും ഇമെയിലിൽ പറയുന്നു.
ഇതേസമയം, ഇന്നലെ മാത്രം അനേകം ആളുകൾ മരിച്ചതോടെ മൊത്തം മരണസംഖ്യ 1400 കടന്നു. എങ്കിലും പുതിയ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസം പകരുന്നു. 44,653 പേർക്കാണ് ചൈനയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയെ കൂടാതെ ജപ്പാൻ, ഹോങ്കോങ്, ഫിലിപ്പൻസ് എന്നീ രാജ്യങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്വന്തം ലേഖകൻ
സ്വിൻഡൻ : യുകെയിലെ കുട്ടനാട്ടുകാർ കഴിഞ്ഞ പതിനൊന്ന് വർഷമായി നടത്തിവരുന്ന കുട്ടനാട് സംഗമം ഈ വർഷം സ്വിൻഡനിലൊരുങ്ങുന്നു . പന്ത്രണ്ടാമത് കുട്ടനാട് സംഗമം ഈ വരുന്ന ജൂൺ 27 ന് സ്വിൻഡനിലെ ഡോർക്കൻ അക്കാദമിയിലെ അയ്യപ്പപണിക്കർ നഗറിൽ വച്ച് നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി നടത്തിവരുന്നു . കഴിഞ്ഞയാഴ്ച സ്വിൻഡനിലുള്ള ആന്റണി കൊച്ചിത്തറയുടെ വീട്ടിൽ വച്ച് കൂടിയ ആദ്യ യോഗത്തിൽ ഇപ്രാവശ്യത്തെ സംഗമത്തിനായുള്ള കമ്മിറ്റി രൂപീകരിച്ചു . സ്വിൻഡനിൽ നിന്നുള്ള ജയേഷ് കുമാർ , ആന്റണി കൊച്ചിത്തറ , ഡിവൈസിസ്സിൽ നിന്നുള്ള സോണി ആന്റണി , സോജി തോമസ് , ജൂബി സോജി , ഗ്ലോസ്സറ്ററിൽ നിന്നുള്ള ജോസഫ്കുട്ടി ദേവസ്യ , അനീഷ് ചാണ്ടി , തോമസ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു .
പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനർമാരായി ആന്റണി കൊച്ചിത്തറയെയും സോണി ആന്റണിയെയും യോഗം തെരഞ്ഞെടുത്തു . പി ആർ ഒ ആയി തോമസ് ചാക്കോയെയും , ഫുഡ് കമ്മിറ്റി അംഗങ്ങളായി ജയേഷ് കുമാറിനെയും സോജി തോമസിനെയും , റോജൻ തോമസിനെയും , ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായി ജോസഫ്കുട്ടി ദേവസ്യയെയും , അനീഷ് ചാണ്ടിയെയും , പ്രോഗ്രാം കോർഡിനേറ്റേഴ്സായി റാണി ജോസ് ഒഡേറ്റിൽ , അനു ചന്ദ്ര , ജെസ്സി വിനോദ് , ഷോണി ലെനി , ജൂബി സോജി എന്നിവരെയെയും തെരഞ്ഞെടുത്തു.
അഞ്ഞൂറോളം ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന സ്വിൻഡനിലെ ഡോർക്കൻ അക്കാദമി ഹാളിൽ രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കുന്നത് . കുട്ടനാട് സംഗമത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തുന്ന പ്രമുഖ പിന്നണി ഗായകനായ പ്രശാന്ത് പുതുക്കരിയും , യുകെയിലെ കുട്ടനാട്ടുകാരുടെ അഭിമാനമായ അനു ചന്ദ്രയും ഒരുക്കുന്ന ഗാനമേളയും , സ്വിൻഡൻ സ്റ്റാർസിന്റെ ചെണ്ടമേളവും ഇപ്രാവശ്യത്തെ സംഗമത്തെ മികവുറ്റതാക്കും . കുട്ടനാടൻ ഓർമ്മകൾ ഉൾക്കൊള്ളിച്ചുള്ള മികവുറ്റ കലാവിരുന്നുകൾക്കൊപ്പം സ്വാദിഷ്‌ഠമായ കുട്ടനാടൻ സദ്യയും ,ആർപ്പു വിളികൾക്കും വഞ്ചിപ്പാട്ടുകൾക്കൊപ്പം കുട്ടനാടൻ വള്ളംകളിയും ഒരുക്കുന്നുണ്ട് .
യുകെയിലുള്ള കുട്ടനാടൻ മക്കളും മരുമക്കളും ഒത്തുകൂടുന്ന പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവൻ കുട്ടനാട്ടുകാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി കൺവീനർമാർ അറിയിച്ചു .
സംഗമ വേദിയുടെ അഡ്രസ്സ്
കുട്ടനാട് സംഗമത്തെ പറ്റിയുള്ള വിവരങ്ങൾക്ക് ബന്ധപ്പെടുക .
ANTONY KOCHITHARA KAVALAM 07440454478
SONY ANTONY PUTHUKARY 07878256171
JAYESH PUTHUKARY 07440772155
സ്വന്തം ലേഖകൻ
ലണ്ടൻ : ബഡ്ജറ്റ് അവതരണത്തിന് വെറും നാല് ആഴ്ചകൾ മാത്രം അവശേഷിക്കെ ബോറിസ് ജോൺസൺ മന്ത്രിസഭയിലെ ഏറ്റവും പ്രമുഖ വകുപ്പുകളിൽ ഒന്നായ ധനവകുപ്പിന്റെ തലവൻ സാജിദ് ജാവേദ് അപ്രതീക്ഷിതമായി ബോറിസ് ജോൺസൺ മന്ത്രിസഭയിൽ നിന്നു രാജിവെച്ചു. ബോറിസ് ജോൺസണുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ ഋഷി സുനക് ആണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രി. ബോറിസ് ജോൺസൺ മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചതോടെ രാജിവെച്ച സാജിദ് ജാവേദിന് പകരമായാണ് ഈ പുതിയ നിയമനം. ബ്രിട്ടീഷ് ധനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനകിനെ(39) പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് നിയമിച്ചത്. ബ്രെക്സിറ്റിനായുള്ള പ്രചാരണത്തിൽ മുൻപന്തിയിലായിരുന്നു ഇദ്ദേഹം. 2015ൽ ആദ്യമായി പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. ഈ നിയമനത്തോടെ ബ്രിട്ടീഷ് മന്ത്രിസഭയിലെ രണ്ടാമത്തെ ഇന്ത്യൻ വംശജനായ മന്ത്രിയാവുകയാണ് ഋഷി സുനക്. ഇന്ത്യൻ വംശജ പ്രീതി പട്ടേൽ ആഭ്യന്തര സെക്രട്ടറിയായി തുടരുന്നു.
2015ൽ യോർക്ക്ഷയറിലെ റിച്ച്മോണ്ടിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി, തെരേസ മേയ്, ബോറിസ് ജോൺസൺ മന്ത്രിസഭകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു. വിൻചെസ്റ്റർ കോളേജിലും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം അതിനുശേഷം ഒരു നിക്ഷേപ സ്ഥാപനം തുടങ്ങുകയുണ്ടായി. 2009ലാണ് ഇൻഫോസിസ് സ്ഥാപകൻ നാരയണ മൂർത്തിയുടെ മകളെ വിവാഹം ചെയ്യുന്നത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
ജാവിദും പ്രധാനമന്ത്രിയുടെ മുതിർന്ന ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ തുടർന്നാണ് ജാവിദിന്റെ രാജി. ബജറ്റ് അവതരിപ്പിക്കുന്നതിനു നാല് ആഴ്ചമാത്രം ബാക്കിനിൽക്കുന്നതിനിടെയാണ് ജാവിദിന്റെ അപ്രതീക്ഷിത രാജി. മന്ത്രിസഭയിൽ നടന്ന അഴിച്ചുപണിയിൽ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ബെയ്‌നസ് മോർഗന് പകരക്കാരനായി പുതിയ സാംസ്കാരിക സെക്രട്ടറി ആയി ജനറൽ ഒലിവർ ഡോഡൻ സ്ഥാനമേറ്റു. നോർത്തേൺ അയർലൻഡ് സെക്രട്ടറി ജൂലിയൻ സ്മിത്തിന് പകരമായി ആഭ്യന്തര കാര്യാലയം മന്ത്രി ബ്രാൻഡൻ ലൂയിസ് എത്തി. ബിസിനസ് സെക്രട്ടറി ആൻഡ്രിയ ലീഡ്‌സോം, ഹൗസിംഗ് സെക്രട്ടറി എസ്ഥർ മക്വെയ് എന്നിവരെ സർക്കാരിൽ നിന്നും പുറത്താക്കി. വിദേശകാര്യ സെക്രട്ടറിയായി ഡൊമിനിക് റാബും കാബിനറ്റ് ഓഫീസ് മന്ത്രിയായി മൈക്കൽ ഗോവും ആരോഗ്യ സെക്രട്ടറിയായി മാറ്റ് ഹാൻകോക്കും തങ്ങളുടെ സ്ഥാനങ്ങളിൽ തുടരുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- 15000 പൗണ്ട് ചിലവാക്കി ബോറിസ് ജോൺസൺ നടത്തിയ ആഡംബര യാത്രയുടെ സ്പോൺസർമാരെ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ലേബർ പാർട്ടി രംഗത്ത്. യാത്ര സ്പോൺസർ ചെയ്തു എന്ന് പറയപ്പെടുന്ന ഒരു കൺസർവേറ്റീവ് പാർട്ടി ഡോണർ, തന്റെ പങ്ക് നിഷേധിച്ചതിനെ തുടർന്നാണ് ഇത്തരമൊരു ആവശ്യം ഉയർന്നു വന്നിരിക്കുന്നത്. പണത്തിന്റെ ഉറവിടം ഉടൻ തന്നെ വെളിപ്പെടുത്തണമെന്നും, ഇല്ലെങ്കിൽ പാർലമെന്റ് അന്വേഷണം നേരിടേണ്ടിവരുമെന്നും ലേബർ പാർട്ടിയുടെ മുന്നറിയിപ്പുണ്ട്. ബോറിസ് ജോൺസനും, ഗേൾഫ്രണ്ട് ക്യാരി സിമോണ്ട്സും കരിബീയൻ രാജ്യമായ സെയിന്റ് വിൻസെന്റ് & ഗ്രീനാടെൻസ് എന്ന ദ്വീപ് സമൂഹത്തിലേക്കാണ്, ഇലക്ഷന് ശേഷം ഉള്ള വിജയം ആഘോഷിക്കുവാനായി പോയത്. ബോറിസ് ജോൺസൺ നേരത്തെ നൽകിയ വിവരം അനുസരിച്ച്, ഈ യാത്ര സ്പോൺസർ ചെയ്തത് കാർഫോൺ വെയർഹൗസ് സഹസ്ഥാപകൻ ആയിരിക്കുന്ന ഡേവിഡ് റോസ് ആണ്. എന്നാൽ കഴിഞ്ഞ ദിവസം ഇദ്ദേഹം ഡെയിലി മെയിലിനു നൽകിയ അഭിമുഖത്തിൽ, താൻ ഈ യാത്ര സ്പോൺസർ ചെയ്തിട്ടില്ലെന്നും, താമസ സൗകര്യങ്ങളെ പറ്റിയുള്ള വിവരങ്ങൾ പ്രധാനമന്ത്രിക്ക് നൽകുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു.
ഇതേ തുടർന്നാണ് താൻ നടത്തിയ യാത്രയുടെ യഥാർത്ഥ വിവരങ്ങൾ പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്നും, ഇല്ലെങ്കിൽ പാർലമെന്റ് അന്വേഷണം നേരിടാൻ തയ്യാറാകണമെന്നും ലേബർ പാർട്ടി ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഈ യാത്രയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം ചെയ്തയാളുടെ വിശദ വിവരങ്ങൾ പുറത്തു വിടണമെന്ന് ഷാഡോ ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ ജോൺ ട്രിക്കേറ്റ് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ഇത്തരം വിവരങ്ങൾ അറിയാനുള്ള അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനിയൻ നേതാവായിരുന്ന കാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയപ്പോൾ ഉണ്ടായ പ്രശ്ന സമയങ്ങളിൽ ബോറിസ് ജോൺസൺ ഈ യാത്രയിലായിരുന്നു. യാത്ര ഇടയ്ക്കുവെച്ച് നിർത്തി തിരികെ രാജ്യത്തേക്ക് വരാത്തതിൽ അന്നേ പ്രതിഷേധമുയർന്നിരുന്നു.
ഡിസംബർ 26 മുതൽ ജനുവരി അഞ്ചു വരെയുള്ള സമയത്താണ് ബോറിസ് ജോൺസൺ യാത്രയിൽ ഏർപ്പെട്ടത്. ബോറിസ് ജോൺസന് എതിരെ ശക്തമായ ആരോപണങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്.
സ്വന്തം ലേഖകൻ
ലണ്ടൻ : തായ്‌ലൻഡിലെ ജയിലിൽ നിന്നും യുകെയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട വ്യക്തിക്ക് കൊറോണ വൈറസ് ബാധയെന്ന് സംശയം. മയക്കുമരുന്ന് കേസിന് തായ്‌ലൻഡിൽ ശിക്ഷിക്കപ്പെട്ട മാർക്ക് ജോൺ റംബിൾ എന്ന 31കാരൻ ജനുവരി 27നാണ് യുകെ ജയിലിൽ എത്തിയത്. ഈ സമയത്തായിരുന്നു കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് അദ്ദേഹത്തിന് വൈറസ് ബാധ സംശയിക്കുന്നത്. അദ്ദേഹത്തെ ഓക്സ്ഫോർഡ്ഷയറിലെ എച്ച്എംപി ബുള്ളിംഗ്ഡണിലേക്ക് കൊണ്ടുപോയി. രോഗഭീതി പടർന്നതിനെ തുടർന്ന് ജയിലിലെ തടവുകാരെല്ലാം പരിഭ്രാന്തരായിരിക്കുകയാണ്. ബിസെസ്റ്റർ ജയിലിലെ തടവുകാരെ ഇപ്പോൾ അവരുടെ സെല്ലുകളിൽ തന്നെ പാർപ്പിച്ചിരിക്കുകയാണ്.
ജയിലിൽ ആകെ 1,114 തടവുകാരാണ് ഉള്ളത്. റംബിളിനോടൊപ്പം സെല്ലിൽ താമസിച്ച വ്യക്തിയെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഓക്‌സ്‌ഫോർഡ്ഷയർ വാലിംഗ്‌ഫോർഡ് സ്വദേശി റംബിൾ കഴിഞ്ഞ നവംബറിൽ തായ്‌ലൻഡിലെ പട്ടായയിൽ മയക്കുമരുന്ന് കുറ്റകൃത്യത്തിന്റെ പേരിൽ അറസ്റ്റിലായിരുന്നു. തുടർന്നാണ് ഭീതി പടർത്തി ഈ സംഭവങ്ങൾ അരങ്ങേറുന്നത്. അതുപോലെതന്നെ രണ്ട് മെഡിക്കൽ ഡോക്ടർമാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അവർ ചികിത്സിച്ച 12 രോഗികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ആ രണ്ട് ഡോക്ടർമാരും ഇപ്പോൾ ഐസൊലേഷനിലാണ്. അതോടൊപ്പം രോഗം ബാധിച്ചിരുന്ന 53 കാരനായ സ്റ്റീവ് വാൽഷ് പൂർണമായി സുഖം പ്രാപിച്ചശേഷം ആശുപത്രി വിട്ടു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് യുകെയിൽ കൊറോണ വൈറസിനായി 1,358 പേരെ പരിശോധിച്ചു. ഇതിൽ 1,350 പേർ നെഗറ്റീവ് ആണെന്നും എട്ട് പേർ പോസിറ്റീവ് ആണെന്നും കണ്ടെത്തി. കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന്റെ ഔദ്യോഗിക നാമം കോവിഡ് -19 എന്നാണ് ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച പറഞ്ഞത്. വൈറസിന്റെ പുതിയ കേസുകൾ ഇനിയും ഉയരുമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ പകർച്ചവ്യാധി വിദഗ്ധനായ പ്രൊഫ. നീൽ ഫെർഗൂസൺ ബിബിസിയോട് പറഞ്ഞു.
ഉയർന്ന താപനിലയിലുള്ള പനി, ചുമ, ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ. സോപ്പ് അല്ലെങ്കിൽ ജെൽ ഉപയോഗിച്ച് പതിവായി കൈ കഴുകുക, അസുഖമുള്ളവരുമായി അടുത്ത ബന്ധം ഒഴിവാക്കുക, കഴുകാത്ത കൈകൾ ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടാതിരിക്കുക തുടങ്ങിയ നടപടികളിലൂടെ അണുബാധ ഏൽക്കാനുള്ള സാധ്യത ഇല്ലാതാക്കാൻ കഴിയും.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ഇന്നും വംശീയ വിവേചനങ്ങളാണ് നടക്കുന്നതെന്ന് ആർച്ച് ബിഷപ്പ് ഓഫ് കാന്റർബെറിയുടെ വെളിപ്പെടുത്തൽ. ചർച്ചിന്റെ ജനറൽ സിനഡ് യോഗത്തിലാണ് ബിഷപ്പ് ജസ്റ്റിൻ വെൽബി, സഭയുടെ പതിറ്റാണ്ടുകൾ നീണ്ട വിവേചനപരമായ ഇടപെടലുകളിലുള്ള അതൃപ്തി രേഖപ്പെടുത്തിയത്. വിൻഡ്റഷ് വിവാദങ്ങൾക്ക് ശേഷം, സഭയിൽ നടക്കുന്ന വംശീയ വിവേചനങ്ങൾക്ക് ഖേദം രേഖപ്പെടുത്തി കൊണ്ട് ജനറൽ സിനഡ് പ്രസ്താവന പാസാക്കി. വിൻഡ്റഷ് പ്രശ്നത്തിൽ, 1948 മുതൽ 1971 വരെയുള്ള കാലഘട്ടത്തിൽ കരീബിയൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിപ്പാർത്ത ആളുകളെ തിരികെ അയക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. 2018 -ൽ വിൻഡ്റഷ് അഭയാർത്ഥികളെ അനധികൃതമായി നാടു കടത്തുന്നതിൽ ആഭ്യന്തര സെക്രട്ടറി ഖേദം പ്രകടിപ്പിച്ചിരുന്നു.
സഭയും ഇത്തരം ആളുകളോട് വിവേചനപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് കാന്റർബെറി ബിഷപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങളിൽ ഉള്ള ഖേദം അദ്ദേഹം രേഖപ്പെടുത്തി. ഇവരോടുള്ള ശത്രുതാപരമായ സമീപനം മാറി, എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സാണ് സഭ കാണിക്കേണ്ടത് എന്ന് അദ്ദേഹം വ്യക്തമാക്കി. സഭയിൽ നടക്കുന്ന എല്ലാ തരത്തിലുമുള്ള വിവേചനപരമായ സമീപനങ്ങൾക്കും മാറ്റം വരണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.
സൗത്ത്വാർക്ക് ഡയോസിസ്സിലെ ബിഷപ്പ് ആയിരിക്കുന്ന റവ. മൗട്ടിൻ-മംബി, ആണ് ജനറൽ സിനഡ് യോഗത്തിൽ വംശീയത ക്കെതിരെയുള്ള ബില്ല് കൊണ്ടുവന്നത്. എല്ലാ അംഗങ്ങളും ഒന്നടങ്കം ഈ പ്രസ്താവനയെ പിന്തുണച്ചു. ഈ പ്രസ്താവന പാസാക്കിയതിനുശേഷമാണ് ആർച്ച് ബിഷപ്പ് ഓഫ് കാന്റർബെറിയുടെ ഈ വെളിപ്പെടുത്തൽ.
സ്വന്തം ലേഖകൻ
ലൈംഗികാതിക്രമം, ബുള്ളിയിങ്, മോശം അധ്യാപനം തുടങ്ങി യൂണിവേഴ്സിറ്റികളിലെ ക്രമക്കേടുകൾ പുറത്ത് പോകാതിരിക്കാൻ വിദ്യാർഥികളോട് സ്വീകരിക്കുന്ന നടപടികൾ ഭയാനകം.
എൻഡിഎ എന്നറിയപ്പെടുന്ന നോൺ ഡിസ്‌ക്ലോഷർ അഗ്രിമൻസ് അഥവാ പുറത്ത് വിവരം കൊടുക്കാൻ പാടില്ലാത്ത പത്രികകളിൽ ഒപ്പ് ഇടുവിച്ചാണ് യൂണിവേഴ്സിറ്റികൾ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ പുറം ലോകമറിയുന്നത് മറച്ചുവയ്ക്കുന്നത്. 2016 മുതൽ ഏകദേശം മൂന്നിലൊന്ന് യൂണിവേഴ്സിറ്റികളും ഇത് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിദ്യാർത്ഥികളെ നിശബ്ദരാക്കാൻ ഇത് ഉപയോഗിച്ചു കൂടാത്തതാണ്. സാധാരണയായി ബിസിനസ് രഹസ്യങ്ങൾക്കും , നിയമ കാര്യങ്ങൾക്കുമായി ആണ് ഈ പത്രികകൾ ഉപയോഗിച്ചു വരാറുള്ളത്. കോഴ്സുകളെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുക, യൂണിവേഴ്സിറ്റികളിലെ സൗകര്യ കുറവുകൾ, താമസസൗകര്യം ഇല്ലായ്മ തുടങ്ങിയ ഒന്നുംതന്നെ വിദ്യാർഥികൾക്ക് പരാതിപ്പെടാൻ സാധിക്കില്ല.
ഷാർലറ്റ് ( യഥാർത്ഥ പേര് അല്ല) വെസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ വച്ച് അണ്ടർ ഗ്രാജുവേഷൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു വിദ്യാർഥിയിൽ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്നു. എന്നാലത് യൂണിവേഴ്സിറ്റിയ്ക്കും പോലീസിനും റിപ്പോർട്ട് ചെയ്തപ്പോൾ, മണിക്കൂറുകളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷം കൃത്യമായ തെളിവുകൾ ഇല്ല എന്ന കാരണത്താൽ പ്രതിയെ വെറുതെ വിടുകയായിരുന്നു. ഇതിനെ തുടർന്ന് നേരിട്ട മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയത് ഏകദേശം മൂന്ന് ആഴ്ചയോളം സിക്ക് ലീവ് എടുത്തിട്ടാണ്. അതിനുശേഷം തിരിച്ചെത്തിയപ്പോഴും യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് മോശം പ്രതികരണമാണ് ഉണ്ടായത്. പ്രകൃതിയുടെ ഭാവി നശിപ്പിക്കാതെ ഇരുന്നതിന് ഒരു പ്രൈവറ്റ് മീറ്റിങ്ങിൽ വച്ച് യൂണിവേഴ്സിറ്റി സ്റ്റാഫ് നന്ദി സൂചിപ്പിക്കുക പോലുമുണ്ടായി. പക്ഷേ വീണ്ടും കുറ്റവാളികളോട് എന്ന പോലെയാണ് തന്നോട് പെരുമാറിയത് എന്ന് അവൾ പറയുന്നു. പിന്നീട് നടത്തിയ നിയമ നടപടിയിലൂടെ ആയിരം പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിരുന്നുവെങ്കിലും, സംഭവിച്ചതൊന്നും പുറത്ത് പറയാതിരിക്കണം എന്നായിരുന്നു നിർദേശം. മറ്റൊരു യൂണിവേഴ്സിറ്റിയിലെ ഒലിവിയ എന്ന വിദ്യാർത്ഥിനിക്കും സമാനമായ അനുഭവങ്ങൾ ആണ് പറയാനുള്ളത്. യു ജി ക്ക് പഠിക്കുമ്പോൾ സഹ വിദ്യാർത്ഥിയിൽ നിന്ന് നേരിട്ട പീഡനങ്ങൾ പരാതിപെട്ടപ്പോൾ തെളിവില്ല എന്ന കാരണത്താൽ കേസ് തള്ളി പോവുകയായിരുന്നു. കൂടുതൽ നിയമനടപടികൾക്കു മുതിർന്നാൽ കോളേജിൽ നിന്ന് പുറത്താക്കുമെന്ന് തനിക്കു വാണിംഗ് നൽകിയിരുന്നു എന്നും അവർ പറയുന്നു. പിന്നീട് യൂണിവേഴ്സിറ്റിയിൽനിന്ന് നേരിട്ടത് ബലാത്സംഗത്തെക്കാൾ വലിയ പീഡനമായിരുന്നു എന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. ജോർജിന് കാൽബർട് ലി എന്ന അഭിഭാഷകയുടെ അഭിപ്രായത്തിൽ വിദ്യാർഥികൾക്ക് നേരെ എൻഡിഎ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
ഇപ്പോൾ 36 വയസ്സുള്ള പിഎച്ച്ഡി വിദ്യാർഥിനിയായ, ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഓറിയൽ കോളേജിലെ ടിസിയാനയും സമാനമായ അനുഭവങ്ങളിലൂടെ കടന്നു പോയ വ്യക്തിയാണ്. പരാതിപ്പെടാൻ മുതിർന്നപ്പോൾ എല്ലാം ഭീഷണിപ്പെടുത്തിയായിരുന്നു തന്നെ നിശബ്ദ ആക്കിയത് എന്ന് അവർ പറയുന്നു. യൂണിവേഴ്സിറ്റികൾ നഷ്ടപരിഹാരത്തിനായി മാത്രം 87 മില്യൺ പൗണ്ട് ചെലവാക്കി എന്നാണ് ബിബിസിയുടെ കണ്ടെത്തൽ. ഒരു വർഷം ഏകദേശം 1500 ഓളം പരാതി ലഭിക്കുന്നതിൽ ഉദാസീനമായ രീതിയിലാണ് നടപടികൾ സ്വീകരിക്കുന്നത്. യുകെയിലെ 136 ഇൻസ്റ്റിറ്റ്യൂഷൻകളിൽ മിക്കവാറും എല്ലായിടത്തെയും അവസ്ഥ ഇതാണ്.
ബിജുഗോപിനാഥ്
നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആവേശപൂർവം എത്തിച്ചേർന്ന പ്രവർത്തകരുടെ സാന്നിധ്യത്തിൽ സമീക്ഷ ദേശിയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളി ആണ് സമീക്ഷയുടെ ഇരുപതാമത്തെ ബ്രാഞ്ച് ബ്രിസ്റ്റോളിൽ ഉദ്‌ഘാടനം ചെയ്തത് . ഫെബ്രുവരി 8 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ശ്രീ .ജാക്സൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ .ജോൺസ് മാമൻ യോഗത്തിനെത്തിച്ചേർന്ന പ്രതിനിധികൾക്ക് സ്വാഗതം ആശംസിച്ചു . തുടർന്ന് സമീക്ഷയുടെ നിലപാടുകളുടെയും കഴിഞ്ഞകാല പ്രവർത്തനങ്ങളെയും ഭാവിപരിപാടികളെയും കുറിച്ച് ദേശിയ സെക്രട്ടറി സംസാരിച്ചു . പിന്നീട് നടന്ന ചർച്ചയിൽ പ്രതിനിധികൾ സമീക്ഷ ബ്രിസ്റ്റോൾ ബ്രാഞ്ചിലും യുകെയിലും ഭാവിയിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു .
ഒരുനൂറ് ദിനങ്ങൾ ഒരായിരം മെമ്പർമാർ എന്ന മുദ്രാവാക്യം ഉയർത്തി സമീക്ഷ നടത്തുന്ന മെമ്പർഷിപ് പ്രവർത്തനത്തിന്റെ ഭാഗമായി സമ്മേളനത്തിൽ പങ്കെടുത്തവർ സമീക്ഷയുടെ മെമ്പർഷിപ് ശ്രീ.ദിനേശ് വെള്ളാപ്പള്ളിയിൽ നിന്നും ഏറ്റുവാങ്ങി.
തുടർന്ന് ബ്രാഞ്ചിന്റെ ഭാരവാഹികളായി ഇവരെ തിരഞ്ഞെടുത്തു .
പ്രസിഡന്റ് : ശ്രീ. ജാക്സൺ ജോസഫ്
വൈ പ്രസിഡന്റ് : ശ്രീ. ജിമ്മി മാത്യു
സെക്രട്ടറി : ശ്രീ.സെൽവരാജ് രഘുവരൻ
ജോ . സെക്രട്ടറി : ജോൺസ് മാമൻ
ട്രെഷറർ :ശ്രീ. അനീഷ് വിരകൻ .
പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ശ്രീ .സെൽവരാജ് ബ്രാഞ്ചുരൂപീകരണത്തിനു സഹായിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.
അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി കാലിഖോ പുളിന്റെ മകൻ ശുഭാംസോ പുളിനെ മരിച്ച നിലയിൽ കണ്ടെത്തി. യു.കെ.യിലെ സർവകലാശാലാ വിദ്യാർഥിയായ ശുഭാംസോ പുളിനെ സസെക്സിലെ ബ്രൈറ്റണിലുള്ള അപ്പാർട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുളിന് ആദ്യ ഭാര്യ ഡംഗ്വിംസായിയിലുള്ള മകനാണ് ശുംഭാംസോ. കാലിഖോ പുളും ജീവനൊടുക്കുകയായിരുന്നു
കോൺഗ്രസിലെയും ബി.ജെ.പി.യിലെയും അംഗങ്ങളുടെ പിന്തുണയോടെ 2016-ലാണ് കാലിഖോ പുൾ അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായത്. എന്നാൽ പിന്നീട് സുപ്രീംകോടതി അദ്ദേഹത്തിന്റെ നിയമനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചതോടെ സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഇറ്റാനഗറിലെ ഔദ്യോഗിക വസതിയിൽ അദ്ദേഹം ജീവനൊടുക്കുകയായിരുന്നു.