രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പെരുകിയതോടെ കര്‍ശന നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ച് കേന്ദ്ര സര്‍ക്കാര്‍. മുഴുവന്‍ സ്‌കൂളുകളും ഷോപ്പിംഗ് മാളുകളും നീന്തല്‍ക്കുളങ്ങളും അടച്ചുപൂട്ടാന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് താജ്മഹല്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ എല്ലാം അടച്ചിടാന്‍ ടൂറിസം വകുപ്പ് നിര്‍ദേശം നല്‍കി. ഈ മാസം 31 വരെയാണ് അടിച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. ഇന്ത്യയില്‍ ഇതുവരെ 114 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടു മരണവും ബാധിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള യാത്രയും നിരോധിച്ചിട്ടുണ്ട്. നാല് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള യാത്രികകര്‍ക്ക് കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ, ഖത്തര്‍, കുവൈറ്റ് ഒമാന്‍ എന്നി രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കും ഈ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്നവരും ഇന്ത്യയിലെത്തിയാല്‍ 14 ദിവസം നിര്‍ബന്ധമായി ക്വാറന്റൈന് വിധേയമാകണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

ചൈന, ഇറ്റലി, ഇറാന്‍ കൊറിയ, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്കാണ് ഈ നിര്‍ദ്ദേശം ഇപ്പോള്‍ നിലവിലുളളത്. നാളെ മുതല്‍ തീരുമാനം നടപ്പില്‍ വരും. യൂറോപ്യന്‍ യൂണിയനില്‍നിന്നോ യുറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍,തുര്‍ക്കി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരുമായി ഇന്ത്യയിലേക്ക് സഞ്ചരിക്കരുതെന്ന് വിമാനകമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പല സ്വകാര്യ സ്ഥാപനങ്ങളും ഇതിനോടകം ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ വരെ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിത്തുടങ്ങിയിരിക്കുന്നു.