UK

ആണ്‍ സുഹൃത്തിനെ ആക്രമിച്ച കേസില്‍ വിചാരണ നേരിടാനൊരുങ്ങവേ ടി വി അവതാരകയെ മരിച്ച നിലയില്‍ കണ്ടെത്തി. ഐ ടി വി 2വിന്റെ ലവ് ഐലന്‍ഡ് പരിപാടിയുടെ അവതാരക കരോലിന്‍ ഫ്ലാക്കിനെയാണ് ലണ്ടനിലെ വസതിയില്‍ ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് നാലിനാണ് വിചാരണ ആരംഭിക്കേണ്ടിയിരിക്കുന്നത്.സുഹൃത്ത് ലൂയിസ് ബര്‍ട്ടന്‍ വെള്ളിയാഴ്ച കരോലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിചാരണയ്ക്ക് മുന്‍പ് ആണ്‍ സുഹൃത്തുമായി ഏതെങ്കിലും തരത്തില്‍ ആശയവിനിമയം നടത്തുന്നതില്‍ നിന്നു കരോലിന് കോടതിയുടെ വിലക്കുണ്ട്.

കരോലിന്റെ മരണം കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്ളാക് കുടുംബത്തിന്റെ അഭിഭാഷകന്‍ കരോലിന്‍ ആത്മഹത്യ ചെയ്തതായി മാധ്യമങ്ങളോട് പറഞ്ഞു.

കരോലിന്‍ അവതാരകയായ ലവ് ഐലന്ഡിന്റെ ഹൈലൈറ്റ്സ് സംപ്രേക്ഷണം ചെയ്യില്ലെന്ന് ഐ ടി വി അറിയിച്ചു. കരോലിന്‍ അവതാരകയായ ടി വി സീരീസ് ദ സര്‍ജൂറിയുടെ സംപ്രേക്ഷണം ചാനല്‍ ഫോറും നിര്‍ത്തിവെച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആണ്‍ സുഹൃത്തിനെ ആക്രമിച്ചതിന് പോലീസ് കരോലിനെ അറസ്റ്റ് ചെയ്തത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- യുകെ യിൽ കൊറോണ ബാധമൂലം ചികിത്സയിലായിരുന്ന ഒമ്പത് പേരിൽ, എട്ടു പേരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നാഷണൽ ഹെൽത്ത് സർവീസ്, ശനിയാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ എല്ലാവരെയും രണ്ടു തവണ രോഗ പരിശോധനയ്ക്ക് വിധേയമാക്കി, രോഗം ഇല്ല എന്ന് സ്ഥിരീകരിച്ച ശേഷം ആണ് ഡിസ്ചാർജ് ചെയ്തത് എന്ന് വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ വൈറലിലെ ആറോ പാർക്ക്‌ ആശുപത്രിയിൽ ഐസൊലേഷനിലായിലിരുന്ന 94 ആളുകളും ആശുപത്രിവിട്ടു. രോഗത്തിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നും ബ്രിട്ടനിലേക്ക് ആദ്യമെത്തിയ ആളുകളിലാണ് രോഗം കണ്ടെത്തിയിരുന്നത്. ഇപ്പോഴും ചൈനയിൽ നിന്നെത്തിയ നൂറോളം ആളുകൾ ഐസൊലേഷനിലാണ്.

ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് നടത്തിയ വാർത്താസമ്മേളനത്തിൽ, ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത എല്ലാവരും പൂർണ്ണ ആരോഗ്യം ഉള്ളവരാണെന്നും, എല്ലാവരെയും പരിശോധനകൾക്കു ശേഷമാണ് ഡിസ്ചാർജ് ചെയ്തതെന്നും പറഞ്ഞു. എന്നാൽ രോഗം പടരാതിരിക്കാൻ ആളുകൾ കുറച്ചു ദിവസങ്ങൾ വീടുകളിൽ തന്നെ കഴിയുകയാണ് നല്ലതെന്ന് എൻഎച്ച് സ്ട്രാറ്റജിക് ഇൻസിഡന്റ് ഡയറക്ടർ പ്രൊഫസർ കെയ്ത് വില്ലേറ്റ് പറഞ്ഞു.

ചൈനയ്ക്ക് പുറത്ത് ഏകദേശം 24 രാജ്യങ്ങളിലായി അഞ്ഞൂറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ ഏകദേശം 2641 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ചൈനയിൽ രോഗബാധിതരുടെ എണ്ണം 66492 ആയി. ചൈനയ്ക്ക് പുറത്ത് കൊറോണ ബാധമൂലം മൂന്ന് മരണങ്ങൾ ആണ്സ്ഥിരീകരിച്ചിട്ടുള്ളത് – ഹോങ്കോങ്ങിലും, ഫിലിപ്പീൻസിലും, ജപ്പാനിലും ആണ് ഇവ. ജനങ്ങൾ എല്ലാംതന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് നൽകിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ഫീസടച്ച് പഠിക്കുന്ന സ്വകാര്യ സ്കൂളുകളിൽ പഠിച്ചിറങ്ങിയ ക്യാബിനറ്റ് മന്ത്രിമാർ ആണ് ബോറിസ് ജോൺസന്റെ സഭയിൽ അധികവും.ഡൗണിങ് സ്ട്രീറ്റിലേക്ക് പുതുതായി എത്തിയവർ ആധുനിക ബ്രിട്ടന്റെ മുഖം എന്ന് അവകാശപ്പെടാവുന്ന മന്ത്രിമാരാണ്. ജനസംഖ്യക്ക് ആനുപാതികമായി നോക്കുമ്പോൾ സഭയിൽ ഉള്ളവരുടെ ഒൻപത് ഇരട്ടിയിലേറെ ആൾക്കാരും സ്വകാര്യ വിദ്യാഭ്യാസം നേടിയവരാണ്. ചാൻസലറായ സാജിദ് ജാവേദിന്റെ അപ്രതീക്ഷിതമായ രാജിയെ തുടർന്നാണ് ഈ വിഷയത്തിൽ റിസർച്ച് നടത്തപ്പെട്ടത്. ട്രഷറിയുടെ അധികാരത്തിനുവേണ്ടി വടംവലി നടത്തിയ ജാവേദ് ഒരു കോംപ്രിഹെൻസീവ് സ്കൂളിൽ പഠിച്ച വ്യക്തിയാണ്.

യുകെയിലെ സാധാരണക്കാരിൽ 7 ശതമാനം പേർക്ക് മാത്രമാണ് സ്വകാര്യ വിദ്യാഭ്യാസം സാധ്യമാകുന്നത് എന്നിരിക്കെ, ക്യാബിനറ്റിൽ 26 മന്ത്രിമാരിൽ 17 പേരും പ്രൈവറ്റ് വിദ്യാഭ്യാസം നേടിയവരാണ്. അത് സഭയിലെ ഏകദേശം 65 ശതമാനം പേർ വരും. രണ്ടു മന്ത്രിമാർ ഗ്രാമർ സ്കൂളിൽ പഠിച്ചപ്പോൾ ഏഴുപേർ സാധാരണ സ്റ്റേറ്റ് സ്കൂളിൽ പഠിച്ചവരാണ്. പക്ഷേ അത് വെറും 27 ശതമാനം മാത്രമാണ്.

ബ്രെക്സിറ്റ് കാരണം യുകെയ്ക്ക് മുഴുവൻ കരുത്തും പുറത്തെടുക്കാൻ ആവും എന്ന ബോറിസ് ജോൺസൺന്റെ അവകാശവാദം പൂർണ്ണമായി ദഹിക്കാൻ സാധിക്കുന്നില്ല എന്ന് മന്ത്രിസഭയുടെ പുനസംഘടന രൂപീകരണത്തെ പറ്റി ലിബറൽ ഡെമോക്രാറ്റ്സ് അഭിപ്രായപ്പെട്ടു. പഴയതിൽ നിന്ന് വ്യത്യസ്തമായി ഒന്നും ഇവരും ചെയ്യാൻ പോകുന്നില്ല. പാർട്ടി വക്താവായ ക്രിസ്റ്റൈൻ ജാർഡീൻ പറയുന്നു ” ബോറിസ് ജോൺസൺന്റെ കാബിനറ്റ് തന്നെ, ജനങ്ങളോട് എത്രമാത്രം കുറച്ച് ആണ് അവരുടെ സഭ സംവദിക്കുന്നത് എന്നും അവരുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നത് എന്നുമുള്ളതിന്റെ തെളിവാണ്. 2016ലെ തെരേസയുടെ ക്യാബിനറ്റിനേക്കാൾ രണ്ടിരട്ടി കൂടുതലാണ് ഇപ്പോഴത്തെ സഭയിൽ ഉള്ള സ്വകാര്യ വിദ്യാഭ്യാസം നേടിയവരുടെ എണ്ണം. 2015ലെ ഡേവിഡ് കാമറൂണിന്റെ മന്ത്രിസഭയിൽ 50 ശതമാനവും, 1979ലെ മാർഗരറ്റ് താച്ചറുടെ മന്ത്രിസഭയിൽ 91 ശതമാനവും ആയിരുന്നു സ്വകാര്യ വിദ്യാഭ്യാസംനേടിയവരുടെ എണ്ണം . പ്രൈം മിനിസ്റ്റർ ഉൾപ്പെടെ 26 മന്ത്രിമാരും ഓക്സ്ഫോർഡിലോ കേംബ്രിഡ്ജിലോ പഠിച്ചവരാണ്.

കഴിഞ്ഞ ജൂലൈയിൽ ഇലക്ഷൻ ജയിച്ച സമയത്ത്, എല്ലാ മേഖലയിൽ നിന്നുമുള്ള ജനങ്ങൾക്കും സഭയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ജോൺസൺ ഉറപ്പുനൽകിയിരുന്നു. സട്ടൻ ട്രസ്റ്റിന്റെ സ്ഥാപകനും ചെയർമാനുമായ സർ പീറ്റർ ലാമ്പലിന്റെ അഭിപ്രായത്തിൽ, ഇത് രാഷ്ട്രീയ മുഖത്തിന് ആകെയുണ്ടായ മാറ്റമാണ്. കൺസർവേറ്റീവ് എംപിമാരിൽ അധികംപേരും പല വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ഇപ്പോഴത്തെ സഭയുടെ ഘടന പ്രകാരം അവർ സമൂഹത്തിൽ ഉയർന്ന പദവിയിലിരിക്കുന്നവർക്ക് മാത്രം മുഖം നൽകാനും ആവശ്യങ്ങൾ പരിഗണിക്കാനും ബാധ്യസ്ഥരാണ്. പുതിയ ക്യാബിനറ്റ് പ്രകാരം ആൻഡ്രിയ ലിഡ്സൺ, തെരേസ വില്ലേഴ്സ്, എസ്തർ മാക് വേ എന്നിവർക്ക് പദവി നഷ്ടപ്പെട്ടു. മുൻ കൾച്ചറൽ സെക്രട്ടറിയായിരുന്ന ബരോനെസ് മോർഗൻ സ്ഥാനമൊഴിഞ്ഞു. പ്രീതി പട്ടേൽ, ലിസ് ട്രസ്, തെരേസ കോഫേയ്, ബരോനെസ് ഇവാൻസ് എന്നിവർ സ്ഥാനം നിലനിർത്തിയപ്പോൾ ആനി മേരി ട്രെവില്യന്, അമാൻഡ മില്ലിങ്, സ്വല്ല ബ്രേവർ മാൻ എന്നിവർ സ്ഥാനക്കയറ്റം നേടി.

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിതർ ആകെ 9 പേരാണ്. ഈ രോഗികളുമായി സമ്പർക്കം പുലർത്തിയിരുന്ന എല്ലാവരെയും കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ് പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ട്. ചൈനയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 60000 കടന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. എന്നാൽ കോവിഡ് 19 രോഗം യുകെയിൽ ഒറ്റ അക്കത്തിൽ ഒതുങ്ങുന്നത് ആശ്വാസകരമാണ്. യുകെയുടെ പ്രതിരോധം അത്രമാത്രം ശക്തമാണെന്നതാണ് കാര്യം. രോഗം പടരാനുള്ള സാധ്യത ഉള്ളപ്പോൾ തന്നെ അതിനെ പ്രതിരോധിക്കാൻ ഉള്ള ശ്രമത്തിലാണ് അധികൃതർ. രോഗം എത്രയും പെട്ടെന്നു തിരിച്ചറിയുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ വൈദ്യശാസ്ത്ര പ്രൊഫസറായ പോൾ ഹണ്ടർ പറഞ്ഞു. കൊറോണ വൈറസിനെതിരെ പോരാടാനുള്ള സർക്കാരിന്റെ തന്ത്രത്തിൽ രോഗനിയന്ത്രണവും ഐസൊലേഷനും പ്രധാനമാണെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി ബിബിസിയോട് പറഞ്ഞു . “അടിസ്ഥാനപരമായി ഞങ്ങൾക്ക് നാല് തന്ത്രപരമായ ലക്ഷ്യങ്ങളാണുള്ളത് : ആദ്യത്തേത് ഉൾക്കൊള്ളുക; രണ്ടാമത്തേത് കാലതാമസം വരുത്തുക ; മൂന്നാമത്തേത് ഗവേഷണം നടത്തുക അല്ലെങ്കിൽ നിരീക്ഷിക്കുക, നാലാമതായി പ്രതിരോധിക്കുക.” അങ്ങനെ നമുക്ക് രോഗത്തെ തടയാൻ കഴിയുമെന്ന് ഫെബ്രുവരി 13 ന് അദ്ദേഹം ടുഡേ പ്രോഗ്രാമിൽ പറഞ്ഞു.

രോഗം പകരുന്നത് തടയാൻ മെച്ചപ്പെട്ട യൂണിറ്റുകളാണ് യുകെയിൽ ഉള്ളത്. ഇംഗ്ലണ്ടിൽ അത്തരം ആറ് യൂണിറ്റുകളുണ്ട്. കോവിഡ് -19 രോഗികൾ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുമ്പ് യുകെയിലെ മറ്റുള്ളവരിലേക്ക് വൈറസ് പടർന്നിട്ടില്ലെന്ന് ഉറപ്പാക്കുന്നു. സ്ഥിരീകരിച്ച കോവിഡ് -19 കേസുമായി നിങ്ങൾ ബന്ധപ്പെട്ടിരിക്കുകയാണെങ്കിൽ, പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ട് നിങ്ങളെയും ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുക. ഇതുവരെ, വൈറസിനായി 2,521 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്, ഒമ്പത് എണ്ണം ഒഴികെ ബാക്കി എല്ലാം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന ആർക്കും ഒരു ഒറ്റപെട്ട ജീവിതം തിരഞ്ഞെടുക്കാം. അതിനർത്ഥം, ജോലിയിൽ നിന്നോ സ്കൂളിൽ നിന്നോ ഒഴിഞ്ഞു രണ്ടാഴ്ചയോളം വീട്ടിൽ നിൽക്കുക, നിങ്ങളുടെ വീട്ടിലേക്കുള്ള സന്ദർശകരെ ഒഴിവാക്കുക തുടങ്ങിയവയാണ് . രോഗം പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാനിൽ നിന്ന് തിരിച്ചെത്തിയവർ ശക്തമായ നിരീക്ഷണത്തിൽ തന്നെയാണ്. രോഗികളെ ഒരു പ്രദേശത്ത് ഒരുമിച്ച് കൂട്ടുന്നതും അവരെ ചികിത്സിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതപ്പെടുത്തുന്നതു പോലുള്ള മുൻകരുതലുകൾ നടപ്പാക്കേണ്ടതുണ്ട്.

ആശുപത്രികൾക്ക് പുറത്ത്, രോഗം പടരുന്നത് തടയാൻ സർക്കാർ അടിയന്തര പദ്ധതികൾ ആരംഭിക്കും. ഈയൊരു രോഗം പടരുന്നത് മൂലം ചൈനയിൽ എഫ് 1 റേസ് മാറ്റിവച്ചു.സ്പെയിനിൽ മൊബൈൽ വേൾഡ് കോൺഗ്രസ് റദ്ദാക്കി. ഒപ്പം സ്കൂളുകളും പൂട്ടാൻ തുടങ്ങിയിരിക്കുന്നു. ഉയർന്ന താപനിലയിലുള്ള പനി, ചുമ, ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ. രോഗം പടരാതിരിക്കാനുള്ള ഉപദേശം ലളിതമാണ്. സോപ്പ് അല്ലെങ്കിൽ ജെൽ ഉപയോഗിച്ച് പതിവായി കൈ കഴുകുക, അസുഖമുള്ളവരുമായി അടുത്ത ബന്ധം ഒഴിവാക്കുക, കഴുകാത്ത കൈകൾ ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടാതിരിക്കുക തുടങ്ങിയ നടപടികളിലൂടെ അണുബാധ ഏൽക്കാനുള്ള സാധ്യത ഇല്ലാതാക്കാൻ കഴിയും. മറ്റ് 24 രാജ്യങ്ങളിൽ വൈറസ് കണ്ടെത്തിയപ്പോൾ, രോഗികളുടെ എണ്ണം 500 ൽ താഴെയാണ്, അറിയപ്പെടുന്ന രണ്ട് മരണങ്ങൾ മാത്രം. ചൈനയ്ക്ക് പുറത്തുള്ള രോഗികളിൽ ഭൂരിഭാഗവും ഏഷ്യയിലാണ്. പ്രത്യേകിച്ച് ജപ്പാനിൽ 259 ഉം സിംഗപ്പൂർ 67 ഉം. ചൈനയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67,535 ആയെന്നാണു ഔദ്യോഗിക വിവരം. വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥർക്കെതിരെ ചൈന കഴിഞ്ഞ ദിവസങ്ങളിൽ നടപടി സ്വീകരിച്ചിരുന്നു .

ആതിര സരാഗ്

“സമീറാ… നീ കരുതുംപോലെ പണത്തിന്റെ ഇല്ലായ്മയിൽനിന്നുള്ള കലഹത്തിന്റെ പേരല്ല വിപ്ലവം എന്നത്. ഇല്ലായ്മയിൽ നിന്ന് ആത്യന്തികമായി ഉണ്ടാവുന്നത് നിരാശയും ഭഗ്നാശയും മാനസിക തകർച്ചയും അന്യനോടുള്ള പകയും ഒക്കെയാണ്.
. . . . . . . . . . . . . . .
എന്നാൽ ഒരുവന്റെ ആത്മാഭിമാനവും സ്വത്വബോധവും അടങ്ങിയ വീണ്ടുവിചാരത്തിൽനിന്ന് ഉയർന്നുവരുന്ന ഒരു സമത്വബോധമുണ്ട്. നിനക്കൊപ്പം തുല്യനായിരിക്കാൻ എനിക്കും അവകാശമുണ്ടെന്ന ബോധം. അതു തന്റെ ഇല്ലായ്മയെ ഓർത്തുള്ള പകയല്ല. ഉള്ളവനോടുള്ള അസൂയയുമല്ല. തന്റെ അവകാശങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങളാണ്. അതാണ് യഥാർത്ഥ വിപ്ലവം സൃഷ്ടിക്കുന്നത്. ” (മുല്ലപ്പൂ നിറമുള്ള പകലുകൾ)

“ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്.” (അൽ അറേബ്യൻ നോവൽ ഫാക്ടറി)

അറേബ്യൻ രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവത്തെ പശ്ചാത്തലമാക്കി ബെന്യാമിൻ രചിച്ച ഇരട്ട നോവലുകളായ അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ എന്നിവയിലെ വരികളാണിവ.
വായനക്കാരനെ തന്റെ അക്ഷരങ്ങൾക്കുള്ളിൽ പിടിച്ചിടുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട് എന്ന് ഈ നോവലുകൾ വായിക്കുന്ന ഏതൊരു വായനക്കാരനും അംഗീകരിക്കും.
ഒരുമിച്ച് പ്രസിദ്ധീകരിച്ച ഈ നോവലുകൾ ഒറ്റപ്പെട്ട വായനക്ക് യോഗ്യമാണെങ്കിലും അൽ അറേബ്യൻ നോവൽ ഫാക്ടറി ആദ്യത്തേത് എന്നും  മുല്ലപ്പൂ നിറമുള്ള പകലുകൾ രണ്ടാമത്തേത് എന്നും കണക്കാക്കാവുന്നതാണ്.

കാനഡയിൽ സ്ഥിരതാമസമാക്കിയ പ്രതാപ് എന്ന മലയാളി പത്രപ്രവർത്തകന് വളരെ യാദൃശ്ചികമായാണ് ഒരു മധ്യപൂർവ്വേഷ്യൻ രാജ്യത്തേക്ക് പോകേണ്ടി വരുന്നത്. ഈ യാത്രയേയും ഇതിനിടയിൽ പ്രതാപ് വായിക്കുവാൻ ഇടയാക്കുന്ന ഒരു പുസ്തകത്തെ ചുറ്റിപ്പറ്റിയാണ് ‘അൽ അറേബ്യൻ നോവൽ ഫാക്ടറി’ എന്ന നോവൽ.

ഒരു വിദേശ നോവലിസ്റ്റിനായി നോവൽരചനയ്ക്കാവശ്യമായ വിവരശേഖരണത്തിനായിയാണ് പത്രസ്ഥാപനം പ്രതാപിനെ നിയോഗിക്കുന്നതെങ്കിലും തന്റെ പഴയകാല നഷ്ടപ്രണയം ആ നഗരത്തിൽ ഉണ്ട് എന്ന തിരിച്ചറിവാണ് അയാൾ അങ്ങോട്ട് പോകുവാൻ പ്രേരിപ്പിക്കുന്നത്. ആനന്ദത്തിന്റെ നഗരം എന്ന പേരിൽ അറിയപ്പെടുന്ന നഗരത്തിൽ കഴിയവേ വളരെ യാദൃശ്ചികമായ അനുഭവങ്ങളിലൂടെ പ്രതാപ് കടന്നുപോകുന്നു. ഒരു സഹപ്രവർത്തകന്റെ  മുറിയിൽ നിന്നും ലഭിക്കുന്ന ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം അയാളുടെ ജീവിതത്തെ പരിപൂർണ്ണമായി മാറ്റിമറിക്കുന്നു. മുല്ലപ്പൂ വിപ്ലവം ശക്തമായിരുന്ന കാലഘട്ടത്തിൽ നഗരത്തിൽ ആർ ജെ ആയി  ജോലി നോക്കിയ സമീറ പർവീൺ എന്ന പാക്കിസ്ഥാനി പെൺകുട്ടി രചിച്ച ആ പുസ്തകം കാലഘട്ടത്തിന്റെ യഥാർത്ഥ ദുരന്തമുഖം വെളിപ്പെടുത്തുന്നതായിരുന്നു. എന്നാൽ രാജ്യത്ത് നിരോധിച്ച ആ പുസ്തകം പൂർണമായും വായിക്കുവാൻ പ്രതാപിന് സാധിക്കാതെ വരികയും സമീറയ്ക്ക് എന്ത് സംഭവിച്ചു എന്ന തുടരന്വേഷണവുമാണ് നോവലിന്റെ ബാക്കി ഭാഗങ്ങൾ.

ഉദ്യോഗജനകമായ അവതരണം നോവലിന്റെ കഥാഗതിയെയും ആശയത്തെയും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. സാധാരണയായി മലയാളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മധ്യപൂർവേഷ്യൻ രാജ്യങ്ങളുടെ ചരിത്രവും പോരാട്ടവും തുറന്നുകാട്ടുവാൻ നോവിലിനു  സാധിച്ചിട്ടുണ്ട് എന്ന് പറയാം. സ്വെച്ഛാധിപത്യതിന്റെ അവസാനം പ്രതീക്ഷിച്ച് നടത്തുന്ന സമരങ്ങളും അതിനു പിന്നിലെ ക്രൂരസത്യങ്ങളും നിരപരാധികളായ ആയിരങ്ങളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും നോവലിൽ പ്രതിപാദിക്കുന്നു. ചെയ്യുവാൻ പോകുന്ന ജോലിയോ തിരഞ്ഞു വന്ന പ്രണയമോ മറന്ന് പ്രതാപ് സമീരയെ  കണ്ടെത്തുവാൻ നടത്തുന്ന ഓരോ ശ്രമങ്ങളും വായനക്കാരുടെയും ശ്രമങ്ങളായി  മാറുകയാണ്.

അന്വേഷണമാണ്  ‘അൽ അറേബ്യൻ നോവൽ ഫാക്ടറിയുടെ’ ശൈലിയെങ്കിലും  ഉത്തരം പറച്ചിലാണ് ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന പുസ്തകം. പാകിസ്ഥാനിൽ നിന്നും തന്റെ അച്ഛനൊപ്പം കഴിയുവാനായി  നഗരത്തിലെത്തിയ സമീറ ആർജെയുടെ
സ്ഥാനം സ്വീകരിക്കുകയും വളരെ യാദൃശ്ചികമായി ഒരു ജനമുന്നേറ്റത്തിന്റെ  ഭാഗമായി മാറുന്നു. ആനന്ദം എന്ന പുറംതൊലിക്കുള്ളിൽ സ്വേച്ഛാധിപത്യത്തിന്റെ മൃഗമാണ് ആ നഗരത്തിൽ ഒളിച്ചിരിക്കുന്നത് എന്ന് സമീറ മനസ്സിലാക്കുന്നു. മജസ്റ്റിയുടെയും കാവൽ പൊലീസിന്റെയും ഗൂഢലക്ഷ്യങ്ങളും അതിക്രൂരമായ ശിക്ഷാനടപടികളും അടിച്ചമർത്തൽ രീതികളും ഞെട്ടലോടെയാണ് സമീറ  നോക്കിക്കാണുന്നത്.

താൻ കണ്ടതും അനുഭവിച്ചതുമായ
കാര്യങ്ങൾ എഴുതിയിടുമ്പോൾ വലിയ അപകടത്തിലേക്കാണ് പോകുന്നത് എന്ന് സമീറ തിരിച്ചറിഞ്ഞില്ല. സാധരണ ജനതയെ വെറും നോക്കുകുത്തിയാക്കി നിർത്തി മുന്നോട്ട് പോകുന്ന ഭരണസംവിധാനം എതിരെ വരുന്ന പ്രതിക്ഷേധങ്ങളെ എത്ര ക്രൂരവും അവിശ്വസനീയവുമായ രീതിയിലാണ് അടിച്ചമർത്തുന്നത് എന്ന് സമീറയുടെ വിവരണത്തിൽ വ്യക്തമാണ്.
ഈ കാരണത്താൽ ഭരണകൂടത്തിന്റെ ശത്രുവായി മുദ്ര കുത്തപെടുന്ന സമീറ കടന്നുപോകേണ്ടി വരുന്ന അവസ്ഥകളും നോവലിൽ വിവരിക്കുന്നു. ആ രാജ്യത്ത് വിലക്കപെട്ട സമീറയുടെ ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം സ്വതന്ത്ര പരിഭാഷയിലൂടെ വായനക്കാർക്ക് മുന്നിൽ എത്തിയ്ക്കുക എന്ന ഉദ്യമം ബെന്യാമിനെ ഏൽപ്പിക്കുന്നത് പ്രതാപാണ്. കുടുംബം പോലും ഭരണകൂടത്തെ ഭയന്ന് സമീറയെ ഒറ്റപ്പെടുമ്പോൾ നീതിയുടെയും സത്യത്തിന്റെയും സ്വരമായി മാറുകയാണ് അവൾ.

വിപ്ലവത്തിന്റെ പറയപ്പെടാത്ത പോകുന്ന മുഖങ്ങൾ, ഏകാധിപത്യവും മതാധിപത്യവും ഒരു സാധാരണജനതയെ കൊണ്ടെത്തിക്കുന്ന അവസ്ഥാന്തരങ്ങൾ, മനുഷ്യന്റെ നിലനിൽപ്പിനായുള്ള പോരാട്ടം എന്നിവ വളരെ തൻമയത്വത്തോടെ നോവലുകളിൽ അവതരിപ്പിച്ചിരിക്കുന്നു. ഒന്നു വായിച്ചാൽ മറ്റേത് വായിക്കാതെ ഇരിക്കാനാവില്ല എന്ന നിലയിലേക്കു വായനക്കാരനെ എത്തിക്കുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയവും ചരിത്രവും യാഥാർത്ഥ്യവും ഇടകലർന്ന ഒരു പുതിയലോകം വായനക്കാരനു മുൻപിൽ തുറന്നിടുകയാണ് അദ്ദേഹം തന്റെ ഇരട്ട നോവലുകളിലൂടെ.

 

 

ആതിര സരാഗ്

ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കി തൃശ്ശൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ സേവനമനുഷ്ഠിച്ചു. വായനയിലും സാഹിത്യരചനയിലും തല്പര. സ്കൂൾ – കോളേജ് തലങ്ങളിൽ കലാമത്സരങ്ങളിൽ വിജയി. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.

 

 

 

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ കടുത്ത നടപടിയെടുത്ത് യുവേഫ. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ചെന്ന കാരണം ചൂണ്ടികാട്ടി അടുത്ത 2 സീസണ്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് യുവേഫ അവരെ വിലക്കി. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ചതിനുള്ള ശിക്ഷയായി വിലക്ക് ലഭിച്ചത് കൂടാതെ 30 മില്യണ്‍ യൂറോ പിഴയും സിറ്റി അടക്കേണ്ടി വരും.

യുവേഫയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങളില്‍ കടുത്ത ലംഘനമാണ് മാഞ്ചസ്റ്റര്‍ സിറ്റി നടത്തിയത് എന്നാണ് യുവേഫ കണ്ടെത്തിയത്. കൂടാതെ ഇക്കാര്യത്തില്‍ യുവഫയെ തെറ്റ് ധരിപ്പിക്കാനും സിറ്റി ശ്രമിച്ചു. നിലവില്‍ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് എതിരായ റൗണ്ട് 16 മത്സരത്തിന് സിറ്റി തയ്യാറെടുക്കെയാണ് യുവേഫയുടെ നടപടി. ഈ സീസണില്‍ സിറ്റിക്ക് ഭീഷണി ഇല്ലെങ്കിലും അത് ടീമിന്റെ ആത്മവിശ്വാസത്തെ എങ്ങനെ ബാധിക്കും എന്നത് കണ്ട് അറിയേണ്ടി വരും. തുടക്കം മുതല്‍ മുന്‍വിധിയോടെയുള്ള നടപടിയാണ് യുവേഫ സ്വീകരിച്ചതെന്നും ഈ നടപടി തെറ്റായിട്ടുള്ളതാണെന്നും മാഞ്ചസ്റ്റര്‍ സിറ്റി പ്രസ്താവനയില്‍ ആരോപിച്ചു, ഈ തീരുമാനത്തില്‍ ക്ലബ് നിരാശനാണെന്നും എന്നാല്‍ നിരോധനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും സിഎഎസില്‍ ”എത്രയും വേഗം പിഴ ഈടാക്കുമെന്നും” സിറ്റി അറിയിച്ചു.

ക്ലബ് അവരുടെ വരുമാനം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചപ്പോള്‍ അവ വ്യാജമെന്ന് യുവേഫ കണ്ടെത്തുകയായിരുന്നു. ജര്‍മ്മന്‍ മാസികയായ ഡെര്‍ സ്പീഗല്‍ 2018 നവംബറില്‍ പ്രസിദ്ധീകരിച്ച ”ചോര്‍ന്ന” ഇമെയിലുകളും രേഖകളും എന്ന പ്രസിദ്ധീകരണത്തെ തുടര്‍ന്നുള്ള അന്വേഷണണത്തിലാണ്‌ ക്ലബ് കുറ്റക്കാരായി കണ്ടെത്തിയത്. അന്വേഷണത്തില്‍ ക്ലബ് ഉടമ അബുദാബി ഭരണകുടുംബത്തിലെ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 67.5 മില്യണ്‍ ഡോളര്‍ ക്ലബിന് വാര്‍ഷിക ധനസഹായമാണ് നല്‍കുന്നത്. എയര്‍ലൈന്‍, ഇത്തിഹാദ്. ചോര്‍ന്ന ഇമെയിലുകളിലൊന്ന്, 2015-16 ലെ സ്‌പോണ്‍സര്‍ഷിപ്പിന്റെ 8 മില്യണ്‍ ഡോളര്‍ മാത്രമാണ് ഇത്തിഹാദ് നേരിട്ട് ധനസഹായം നല്‍കിയതെന്നും ബാക്കിയുള്ളവ സിറ്റിയുടെ ഉടമസ്ഥതയ്ക്കായി മന്‍സൂറിന്റെ സ്വന്തം കമ്പനിയായ അബുദാബി യുണൈറ്റഡ് ഗ്രൂപ്പില്‍ നിന്ന് വരുന്നതാണെന്നുമാണ് കണ്ടെത്തല്‍.

  • സ്വന്തം ലേഖകൻ

ബ്രിട്ടൻ :- യാത്രികരിൽ കൊറോണ ബാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് എട്ടോളം വിമാനങ്ങൾ ലണ്ടനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹെയ്ത്രോവിൽ തടഞ്ഞിട്ടു. സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് ആണ് യാത്രികരിൽ ഒരാൾക്ക് കൊറോണ ബാധ്യതയുണ്ടെന്ന് സംശയത്തെ തുടർന്ന് ലണ്ടനിൽ പിടിച്ചിട്ടത്. ഇതോടൊപ്പം തന്നെ മറ്റ് എട്ടോളം ഫ്ലൈറ്റുകളും പിടിച്ചിട്ടുണ്ട്. കോലാലംപൂരിൽ നിന്നും ബ്രിട്ടനിലേക്കുള്ള ഫ്ലൈറ്റ് രണ്ടു മണിക്കൂറോളം പിടിച്ചിട്ടു. യാത്രികരിൽ ഉൾപ്പെട്ട ഒരു മലേഷ്യൻ ദമ്പതികൾക്ക് കൊറോണ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ഇത്.

എന്നാൽ എയർപോർട്ട് അധികൃതർ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും, വിമാനത്താവള അധികൃതരും ഈ വാർത്തയെ സംബന്ധിച്ച് പ്രതികരിച്ചില്ല. ഇതേ സംബന്ധിക്കുന്ന ഒരു വിവരങ്ങളും പുറത്തുവിടാൻ ഇവർ തയ്യാറായിട്ടില്ല. എന്നാൽ സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള വിമാനത്തിലെ യാത്രികരിൽ ഒരാൾക്ക് വിമാനത്തിൽ വച്ച് വയ്യാതായതായി എയർലൈൻസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടൊപ്പം തന്നെ യാത്രക്കാരോട് ഇടപെടുമ്പോൾ വിമാനത്തിലെ ജീവനക്കാർ മാസ്‌ക്കുകളും മറ്റും ധരിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. എന്നാൽ യാത്രക്കാരുടെ സുരക്ഷ ആണ് ഏറ്റവും വലുതെന്നും, അതിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു. യുഎസിൽ നിലവിൽ 15 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടണിൽ ഒൻപത് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 

സ്വന്തം ലേഖകൻ

യൂറോപ്യൻ യൂണിയനിലെ 19 രാജ്യങ്ങളുടെ എക്കണോമിക് വളർച്ച താഴ്ന്ന നിരക്കിൽ. ഫ്രാൻസിന്റെയും ഇറ്റലിയുടെയും നേതൃത്വത്തിലെ സമ്പദ്ഘടന പിന്നോട്ടടിക്കുന്നു. യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക സർവേ ആയ യൂറോ സ്റ്റാറ്റ് കണക്കുപ്രകാരം കഴിഞ്ഞ 3 മാസത്തെ വളർച്ച വെറും 0.1% ആണ്. 2019 ജൂലൈ- സെപ്റ്റംബർ മാസങ്ങളിലെ വളർച്ച ആയ വെറും 0.3%ന് ശേഷമാണിത്. വളർച്ചയിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ഫ്രാൻസ് 0.1%വും ഇറ്റലി 0.3%വും ആയി ചുരുങ്ങി. അതേസമയം ജർമ്മനി ആകട്ടെ വളർച്ചയേ രേഖപ്പെടുത്തിയിട്ടില്ല.

യൂറോപ്യൻ നിർമാണ മേഖലയ്ക്ക് മറ്റ് രാജ്യങ്ങളിൽ ഡിമാൻഡ് കുറഞ്ഞതാണ് സാമ്പത്തിക ഇടിവിന് കാരണം. യുഎസ് ചൈന ട്രേഡ് വാറും, അതിന്റെ ബാക്കി പത്രവുമാണ് ഒരു കാരണമെന്ന് കണക്കാക്കപ്പെടുന്നു. ഉപഭോക്തൃ രാജ്യങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളാണ് നിർമ്മാണമേഖലയിൽ പ്രതിഫലിച്ചത്. ഡീസൽ കാറുകളുടെ ഉപയോഗവും മലിനീകരണവും ആഗോള ശ്രദ്ധയാകർഷിച്ചതിനാൽ ബദൽ മാർഗങ്ങൾ ആയ ഇലക്ട്രിക് കാറുകളിലേക്ക് ബില്യൺ കണക്കിന് രൂപ കൂടുതലായി ഇൻവെസ്റ്റ് ചെയ്യേണ്ടിവന്നു. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസും ജർമ്മനിയുടെ എക്സ്പോർട്ട് മേഖലയ്ക്ക് കുറച്ചൊന്നുമല്ല തലവേദന ഉണ്ടാക്കി വെച്ചത്. നോ ഡീൽ ബ്രെക്സിറ്റ് മൂലമുണ്ടായ ആഘാതം വേറെയും. ആഞ്ചല മെർക്കൽന്ന് ശേഷം ജർമ്മനി ആര് ഭരിക്കും എന്നതും നിക്ഷേപകരെ കുഴയ്ക്കുന്ന ചോദ്യമാണ്.

ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോൾ യുകെയുടെ സാമ്പത്തിക വളർച്ച നിരക്ക് 0% ആണെങ്കിൽ പോലും പ്രതീക്ഷക്ക് വക നൽകുന്നതാണ്. ഡിസംബറിലെ ജനറൽ ഇലക്ഷനും, ട്രേഡ് യുദ്ധവും യുകെയുടെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുകുലുക്കിയിരുന്നു. എന്നാൽ യൂറോസോൺനെ അപേക്ഷിച്ചു നോക്കുമ്പോൾ, ബോറിസ് ജോൺസൺ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു അതിനാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉടനെതന്നെ ഒരു തിരിച്ചുവരവ് നടത്തുമെന്ന് പ്രവചിക്കപ്പെടുന്നു.

യൂറോപ്യൻ സെൻട്രൽ ബാങ്ക് സെപ്റ്റംബറോടുകൂടി ബോണ്ടുകൾ വാങ്ങാൻ തുടങ്ങുമെന്നാണ് കരുതുന്നത്. ക്രിസ്റ്റീൻ ലഗാർഡിന്റെ കീഴിലുള്ള ബാങ്ക് സാമ്പത്തിക വളർച്ചയ്ക്കായി ഇനി എന്ത് ചെയ്യാം എന്ന കരു നീക്കത്തിലാണ്. കൊറോണ വൈറസ് ഭീതി ആണ് യൂറോപ്പിനെ മൂന്നു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൊണ്ടെത്തിച്ചത്. എയ്ഞ്ചല മെർക്കലിന് ശേഷം ആര് എന്ന ചോദ്യം ജർമ്മനിയിൽ രാഷ്ട്രീയപരമായി ഒരു ശൂന്യത ആയി നിൽക്കുന്നു. ബാറത് കുപ്പിലിയാൻ എന്ന മുതിർന്ന സാമ്പത്തിക വിദഗ്ധൻെറ അഭിപ്രായത്തിൽ, യൂറോപ്പിന് കരകയറാൻ മാർഗങ്ങൾ നിലവിലുണ്ട്. മുഖ്യധാരയിൽ അല്ലാത്ത രാജ്യങ്ങളുടെ വളർച്ചയിലൂടെ ഒരു തിരിച്ചുവരവ് സാധ്യമാണ്. എങ്കിലും കൊറോണ വൈറസ് ഏൽപ്പിച്ച ആഘാതം എത്രനാൾ നിലനിൽക്കും എന്ന് പറയാനാവില്ല.

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസിന് അന്ത്യമില്ല. കൊറോണ വൈറസ് പൊട്ടിപുറപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏവരും മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് ജീവിക്കേണ്ടിവരുന്നു. കഴിഞ്ഞയാഴ്ച ക്യുഇഐഐ കോൺഫറൻസ് സെന്ററിൽ നടന്ന യുകെ ബസ് ഉച്ചകോടിയിൽ പങ്കെടുത്ത ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോൺഫറൻസിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അധികൃതർ. മുൻകരുതൽ എന്ന നിലയിൽ ഫെബ്രുവരി 20 വരെ പൊതു പരിപാടികൾ റദ്ദാക്കുന്നുവെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത രണ്ട് ലേബർ പാർട്ടി എംപിമാർ പറഞ്ഞു. ഇതുവരെ യുകെയിൽ ഒമ്പത് പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.

ഫെബ്രുവരി 6 ന് വെസ്റ്റ്മിൻസ്റ്ററിൽ നടന്ന സമ്മേളനത്തിൽ ട്രാൻസ്പോർട്ട് സെലക്ട് കമ്മിറ്റിയുടെ മുൻ ചെയർ എംപി ലിലിയൻ ഗ്രീൻവുഡ് സംസാരിച്ചിരുന്നു. ബസ്, ഗതാഗത വ്യവസായ മേഖലയിൽ നിന്ന് 250 ഓളം പേർ പങ്കെടുത്തു. അതിനെത്തുടർന്ന് രണ്ടാഴ്ചക്കാലത്തേക്ക് തന്റെ പൊതുപരിപാടികൾ റദാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായിരുന്ന ഗതാഗത മന്ത്രി ബറോണസ് വെരെ, പൊതുജനാരോഗ്യ ഇംഗ്ലണ്ട് ഉപദേശങ്ങൾ അനുസരിക്കുകയാണെന്ന് അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് വൈറസ് ബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ പരിപാടിയിൽ പങ്കെടുത്ത ഏവർക്കും കോൺഫറൻസിന്റെ സംഘാടകരായ ട്രാൻസ്പോർട്ട് ടൈംസ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു ഇമെയിൽ അയച്ചു. എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ വീട്ടിൽ തന്നെ കഴിയാനും എൻ എച്ച് എസിലേക്ക് 111 എന്ന നമ്പറിൽ ബന്ധപ്പെടാനും ഇമെയിലിൽ പറയുന്നു.

ഇതേസമയം, ഇന്നലെ മാത്രം അനേകം ആളുകൾ മരിച്ചതോടെ മൊത്തം മരണസംഖ്യ 1400 കടന്നു. എങ്കിലും പുതിയ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസം പകരുന്നു. 44,653 പേർക്കാണ് ചൈനയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയെ കൂടാതെ ജപ്പാൻ, ഹോങ്കോങ്, ഫിലിപ്പൻസ് എന്നീ രാജ്യങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്വന്തം ലേഖകൻ

സ്വിൻഡൻ : യുകെയിലെ കുട്ടനാട്ടുകാർ കഴിഞ്ഞ പതിനൊന്ന് വർഷമായി നടത്തിവരുന്ന കുട്ടനാട് സംഗമം ഈ വർഷം സ്വിൻഡനിലൊരുങ്ങുന്നു  . പന്ത്രണ്ടാമത് കുട്ടനാട് സംഗമം ഈ വരുന്ന ജൂൺ 27 ന് സ്വിൻഡനിലെ ഡോർക്കൻ അക്കാദമിയിലെ അയ്യപ്പപണിക്കർ നഗറിൽ വച്ച് നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി നടത്തിവരുന്നു . കഴിഞ്ഞയാഴ്ച സ്വിൻഡനിലുള്ള ആന്റണി കൊച്ചിത്തറയുടെ വീട്ടിൽ വച്ച് കൂടിയ ആദ്യ യോഗത്തിൽ ഇപ്രാവശ്യത്തെ സംഗമത്തിനായുള്ള കമ്മിറ്റി രൂപീകരിച്ചു . സ്വിൻഡനിൽ നിന്നുള്ള ജയേഷ് കുമാർ , ആന്റണി കൊച്ചിത്തറ , ഡിവൈസിസ്സിൽ നിന്നുള്ള സോണി ആന്റണി , സോജി തോമസ് , ജൂബി സോജി , ഗ്ലോസ്സറ്ററിൽ നിന്നുള്ള ജോസഫ്കുട്ടി ദേവസ്യ , അനീഷ് ചാണ്ടി , തോമസ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു .

പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനർമാരായി ആന്റണി കൊച്ചിത്തറയെയും സോണി ആന്റണിയെയും യോഗം തെരഞ്ഞെടുത്തു . പി ആർ ഒ ആയി തോമസ് ചാക്കോയെയും , ഫുഡ് കമ്മിറ്റി അംഗങ്ങളായി ജയേഷ് കുമാറിനെയും സോജി തോമസിനെയും , റോജൻ തോമസിനെയും , ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായി ജോസഫ്കുട്ടി ദേവസ്യയെയും , അനീഷ് ചാണ്ടിയെയും , പ്രോഗ്രാം കോർഡിനേറ്റേഴ്സായി റാണി ജോസ് ഒഡേറ്റിൽ , അനു ചന്ദ്ര , ജെസ്സി വിനോദ് , ഷോണി ലെനി , ജൂബി സോജി എന്നിവരെയെയും തെരഞ്ഞെടുത്തു.

അഞ്ഞൂറോളം ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന സ്വിൻഡനിലെ ഡോർക്കൻ അക്കാദമി ഹാളിൽ രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കുന്നത് . കുട്ടനാട് സംഗമത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തുന്ന പ്രമുഖ പിന്നണി ഗായകനായ പ്രശാന്ത് പുതുക്കരിയും , യുകെയിലെ കുട്ടനാട്ടുകാരുടെ അഭിമാനമായ അനു ചന്ദ്രയും ഒരുക്കുന്ന ഗാനമേളയും , സ്വിൻഡൻ സ്റ്റാർസിന്റെ ചെണ്ടമേളവും ഇപ്രാവശ്യത്തെ സംഗമത്തെ മികവുറ്റതാക്കും . കുട്ടനാടൻ ഓർമ്മകൾ ഉൾക്കൊള്ളിച്ചുള്ള മികവുറ്റ കലാവിരുന്നുകൾക്കൊപ്പം സ്വാദിഷ്‌ഠമായ കുട്ടനാടൻ സദ്യയും ,ആർപ്പു വിളികൾക്കും വഞ്ചിപ്പാട്ടുകൾക്കൊപ്പം കുട്ടനാടൻ വള്ളംകളിയും ഒരുക്കുന്നുണ്ട് .

യുകെയിലുള്ള കുട്ടനാടൻ മക്കളും മരുമക്കളും ഒത്തുകൂടുന്ന പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവൻ കുട്ടനാട്ടുകാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി കൺവീനർമാർ അറിയിച്ചു .

സംഗമ വേദിയുടെ അഡ്രസ്സ്

The Dorcan Acadamy,

St: Paul’s Dr,

Swindon ,

Wiltshire ,

SN35DA.

കുട്ടനാട് സംഗമത്തെ പറ്റിയുള്ള വിവരങ്ങൾക്ക് ബന്ധപ്പെടുക .

ANTONY KOCHITHARA KAVALAM 07440454478

SONY ANTONY PUTHUKARY 07878256171

JAYESH PUTHUKARY 07440772155

Copyright © . All rights reserved