UK

ബ്രിട്ടനില്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരവാന്‍ നിരവധിപേര്‍ രംഗത്തുണ്ട്. എന്നാല്‍ ജെറമി കോർബിനെ നേരിട്ട് വിമർശിക്കാതെ ‘പുരോഗമന ദേശസ്നേഹ’ വാഗ്ദാനവുമായി റെബേക്ക ലോംഗ്-ബെയ്‌ലി ലേബർ നേതൃത്വത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പ് നടത്തിയിരിക്കുകയാണ്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ലേബര്‍ പാര്‍ട്ടി മുന്നോട്ടുവെച്ച ‘ഒത്തുതീര്‍പ്പ് പരിഹാരം’ ഫലപ്രദമായില്ല എന്ന ഭാഗികമായ വിമര്‍ശമാണ് അവര്‍ ഉന്നയിച്ചത്.

സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് ലോംഗ്-ബെയ്‌ലി വ്യക്തമാക്കി. ഡെപ്യൂട്ടി ലീഡറായി ഏഞ്ചല റെയ്‌നറിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. നിലവിലെ വിദ്യാഭ്യാസ സെക്രട്ടറി കൂടിയായ റെയ്‌നര്‍ മത്സരത്തില്‍ നിന്നും പിന്മാറുന്നതായും, സുഹൃത്ത് റെബേക്ക ലോംഗ്-ബെയ്‌ലിക്കുവേണ്ടി വഴിമാറിക്കൊടുക്കുകയാണെന്നും നേരത്തേ പ്രഖ്യാപച്ചിരുന്നു. എമിലി തോൺബെറി, ക്ലൈവ് ലൂയിസ് എന്നിവര്‍ പാര്‍ട്ടീ നേതൃ സ്ഥാനങ്ങളിലേക്ക് മത്സരിക്കുമെന്ന് ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞത് അഞ്ച് എംപിമാർ കൂടി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

ഈ മാസം 12-ന് നടന്ന തെരഞ്ഞെടുപ്പില്‍ ബോറിസ്‌ ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ്‌ പാര്‍ടി വന്‍ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു. 650-ല്‍ 364 സീറ്റുകളുടെ വമ്പന്‍ വിജയമാണ് അവര്‍ കരസ്ഥമാക്കിയത്. അതോടെയാണ് ലേബര്‍ പാട്ടി നേതാവ് കോര്‍ബിന്‍റെ നില പരുങ്ങലിലായത്. ‘കനത്ത തോല്‍വിയാണ് നേരിട്ടത്. അതിന്‍റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ലേബര്‍ പാര്‍ട്ടിക്ക് ഉടനെ പുതിയ നേതാവുണ്ടാകും. ആര് നേതാവായാലും ലേബര്‍ പാര്‍ട്ടി ലോക സമാധാനത്തിനും സമൂഹിക സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം തുടരും’ എന്ന് കോര്‍ബിന്‍ പറഞ്ഞിരുന്നു. പുതിയ നേതാവിനെ കണ്ടെത്തുന്നത്വരെ അദ്ദേഹംതന്നെ തല്‍ സ്ഥാനത്ത് തുടരും. വരുന്ന ജനുവരി 31-നകം ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍നിന്ന്‌ പുറത്തെത്തിക്കുമെന്ന്‌ ബോറിസ്‌ ജോണ്‍സന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ലേബർ പാർട്ടി എംപി. മുൻ വെസ്റ്റ് ബ്രോംവിച്ച് ഈസ്റ്റ് എംപി ആയിരുന്ന ടോം വാട്സൺ, തന്റെ രാജിക്ക് പിന്നിൽ പാർട്ടിയ്ക്കുള്ളിലെ ക്രൂരതയും വൈരാഗ്യവും ആണെന്ന് വെളിപ്പെടുത്തി. ഇത് ഇന്നും ഉണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.ഡിസംബർ 12 ന് ലേബർ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് ഗാർഡിയൻസ് വീക്കെൻഡ് മാസികയോട് സംസാരിച്ച വാട്സൺ, പാർട്ടിക്കുള്ളിലെ ക്രൂരതയും ശത്രുതയും യഥാർത്ഥമാണെന്ന് തുറന്നുപറഞ്ഞു. സ്വന്തം പാർട്ടിയിലെ ഉദ്യോഗസ്ഥരിൽ നിന്ന് ഭീഷണി നേരിടേണ്ടതായി വന്നു എന്നും അദ്ദേഹം പറഞ്ഞു.

“മാറി ചിന്തിക്കാൻ സമയമായി, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനും. ” വാട്സൺ പറഞ്ഞു. 51കാരനായ ടോം ഇപ്പോൾ ജിം ഇൻസ്ട്രക്ടർ ആയി പ്രവർത്തിക്കാൻ ഒരുങ്ങുന്നു. ജെർമി കോർബിനെ വ്യക്തിപരമായി പുകഴ്ത്തി സംസാരിച്ച വാട്സൺ അദ്ദേഹത്തിന്റെ നേതൃത്വത്തെ വിമർശിച്ചുവെന്ന് ഗാർഡിയൻ പറയുന്നു. പാർട്ടിയുടെ 2016 ലെ തിരഞ്ഞെടുപ്പ് വേളയിൽ കോർബിന്റെ എതിരാളി ഓവൻ സ്മിത്തിന് താൻ വോട്ടുചെയ്തതായും ടോം സമ്മതിച്ചു. അന്ന് പലരും രാജിവെക്കുകയും ഒരു അവിശ്വാസ പ്രമേയത്തിലേക്കും കാര്യങ്ങൾ നീങ്ങുകയും ചെയ്തു. കോർബിൻ അന്ന് രാജിവെക്കേണ്ടതായിരുന്നു എന്ന് വാട്സൺ പറഞ്ഞു.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പുതിയ നേതൃത്വ മൽസരത്തിന് ഒരുങ്ങുകയാണ്. 80 സീറ്റുകളുടെ വൻ ഭൂരിപക്ഷം ആണ് ടോറി പാർട്ടി നേടിയത്. വാട്സന്റെ മുൻ നിയോജകമണ്ഡലമായ വെസ്റ്റ് ബ്രോംവിച്ച് ഈസ്റ്റിൽ ആദ്യമായി 1593 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കൺസേർവേറ്റിവുകൾ അധികാരത്തിലെത്തിയിരുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കിഴക്കൻ യൂറോപ്പ് : യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് വൻ നേട്ടമായി ബ്രിട്ടനിലെ ആനുകൂല്യങ്ങൾ. ശരാശരി യുകെ പൗരന് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കാളും അധികമാണ് യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കിഴക്കൻ യൂറോപ്പ് അഭയാർത്ഥികളും പടിഞ്ഞാറൻ യൂറോപ്പ് അഭയാർത്ഥികളും തമ്മിൽ അനേക വ്യത്യാസങ്ങളുമുണ്ട്. പ്രതിവർഷം കുറഞ്ഞത് 4 ബില്യൺ പൗണ്ടിന്റെ ആനുകൂല്യങ്ങളാണ് യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

വർക്ക് , പെൻഷൻ, ടാക്സ്മാൻ ആൻഡ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പ്രകാരം യൂറോപ്യൻ യൂണിയൻ ജോലിക്കാർക്ക് 2.2 ബില്യൺ പൗണ്ടിൽ അധികം നികുതി ക്രെഡിറ്റുകളും ഭവന ആനുകൂല്യങ്ങളും, 1.1 ബില്യൺ പൗണ്ട് ജോലിക്ക് പുറത്തുള്ള ആനുകൂല്യങ്ങളും ഒപ്പം 700 മില്യൺ പൗണ്ട് കുട്ടികളുടെ ആനുകൂല്യവും ലഭിച്ചു. കൂടാതെ കുറഞ്ഞ വരുമാന നികുതിയാണ് അവർ അടച്ചത്. ബ്രെക്‌സിറ്റ് റഫറണ്ടം നടക്കുമ്പോൾ ഈ കണക്കുകൾ ലഭ്യമല്ലെന്ന് മന്ത്രിമാർ വാദിച്ചിരുന്നു. പിന്നീട് ഇത് പുറത്തുവരികയുണ്ടായി. റൊമാനിയ, ബൾഗേറിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അടച്ച വ്യക്തിഗത നികുതിയുടെ പകുതിയോളം നികുതി, ക്രെഡിറ്റിലേക്കും കുട്ടികളുടെ ആനുകൂല്യത്തിലേക്കും മടക്കിക്കിട്ടി.

മുൻ വർക്ക്, പെൻഷൻ സെക്രട്ടറി ഇയാൻ ഡങ്കൻ സ്മിത്ത് മൈഗ്രേഷൻ വാച്ച് യുകെയുമായി ചേർന്ന് പഠനങ്ങൾ നടത്തി. കണക്കുകൾ പുറത്തുവിടാൻ അവർ ആഗ്രഹിക്കാത്തതിൽ അതിശയിക്കാനില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി.

യോർക്ക്ഷയറിലേ ഒരുപറ്റം ക്രിക്കറ്റ് പ്രേമികൾ ചേർന്ന് ആരംഭിച്ച ലീഡ്സ് പ്രീമിയർലീഗിന്റെ രണ്ടാം സീസൺ വിജയകരമായി സമാപിച്ചു . രണ്ടാം സീസണിലേ വിജയികൾക്ക് വിപുലമായ പരിപാടികളോട് നടക്കുന്ന പ്രൗഢഗംഭീരമായ സദസ്സിൽ വച്ച് ഇന്ന് സമ്മാനദാനം നല്കപ്പെടുന്നതാണ്. ഏഴോളം ടീമുകൾ മാറ്റുരച്ച ലീഡ്സ് പ്രീമിയർലീഗിൽ 42 ഓളം മത്സരങ്ങളാണ് നടന്നത്. 15 ആഴ്ചയോളം നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ലീഡ്സ് ഗ്ലാഡിയേറ്റർസ് ആണ് വിജയികളായത്.

ലീഡ്സ് പ്രീമിയർ ലീഗിൽ മാറ്റുരച്ച മറ്റ് ടീമുകൾ കിത്തലി സ്പോർട്സ്, മാസ്റ്റർ ബ്ലാസ്റ്റർ, എൻ. ജി. ടസ്കർ, മെൻ ഇൻ ബ്ലൂ, ലീഡ്‌സ് സൺ റൈസർ, ഷെഫീൻസ് ബ്ലാസ്റ്റർ എന്നിവയാണ്.

ക്രിസ്മസിന്റെ സംഗീതമെന്നാല്‍ കരോള്‍ ഗാനങ്ങളാണ്. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ കരോള്‍ ഗാനങ്ങള്‍ പിറവിയെടുത്തു എന്നാണ് പറയുന്നത്. ആനന്ദംകൊണ്ട് നൃത്തം ചെയ്യുക എന്നര്‍ത്ഥം വരുന്ന carole എന്ന ഫ്രഞ്ച് വാക്കില്‍ നിന്നുമാണ് കരോള്‍ എന്ന വാക്കിന്റെ ഉത്ഭവം

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിന്റെ കീഴിൽ ഉള്ള സീറോ മലബാർ യൂത്ത്‌ മൂമെന്റ് (SMYM) സംഘടിപ്പിച്ച മൂന്നാമത്  കരോൾ ഗാനമത്സരം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

അതോടൊപ്പം കുട്ടികളുടെ വളർച്ചയിൽ അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പപ്പാ ഡാൻസ് മത്സരവും നടത്തപ്പെട്ടു. സെന്റ് തോമസ് ചെസ്റ്റർട്ടൺ യൂണിറ്റ് ഒന്നാം സമ്മാനം നേടിയപ്പോൾ ഹോളി ട്രിനിറ്റി ഹാൻഫോർഡ് രണ്ടാമതും സെന്റ് അൽഫോൻസാ യൂണിറ്റ് മൂന്നാമതും എത്തി സമ്മാനങ്ങൾ കരസ്ഥമാക്കി.

 

സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ്സ്  സെന്റററിലെ മിക്കവാറും യൂണിറ്റുകളിലും വലിയ തോതിലുള്ള പരിശീലന പരിപാടികൾ നടത്തി കളർ ഫുൾ കോസ്റ്യൂമുകളും അണിഞ്ഞു മൽസര വേദിയിൽ എത്തിയപ്പോൾ ജഡ്ജുമാർ എല്ലാ മത്സരാത്ഥികളെയും അനുമോദിക്കാൻ മറന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്.

രാവിലെ പത്തുമണിയോട് കൂടി ട്രെൻന്താം സ്‌കൂൾ  ഹാളിൽ  റെജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് പത്തരമണിയോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്ന ഫാദർ ജോർജ്ജ് എട്ടുപറയിൽ ചുരുങ്ങിയ വാക്കുകളിൽ ഉള്ള ആമുഖ പ്രസംഗം.

സ്റ്റോക്ക് ഓൺ ട്രെൻഡ്  SMYM പ്രസിഡണ്ട് റ്റിജോയി ടോമി പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടകനായപ്പോൾ വൈസ് പ്രസിഡണ്ട് റിച്ച ബിജു എല്ലാവർക്കും സ്വാഗതം പറഞ്ഞു.

സ്റ്റോക്ക് ഓൺ ട്രെൻഡിലെ ചെറുപ്പക്കാർ ഒത്തു കൂടിയാൽ അസാധ്യമായി ഒന്നുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു പരിപാടിയുടെ വിജയം.  യൂത്ത് മൂവ്മെന്റ് കോഓർഡിനേറ്റർ സുദീപ് എബ്രഹാം കുട്ടികൾക്ക് പ്രചോദനമായി. പരിപാടിയുടെ വിജയത്തിനായി എല്ലാ സഹകരണവുമായി സ്റ്റോക്ക് മിഷന്റെ ട്രസ്റ്റിമാരായ സിബി പൊടിപ്പാറ, സിബി ജോസ്, ബ്ലസൺ, ജിജോ എന്നിവർ അണിയറയിൽ കർമ്മനിരതായിരുന്നു.SMYM ഭാരവാഹികൾ ആസൂത്രവളരെ വാശിയേറിയ മത്സരത്തിനൊടുവിൽ ഹോളി ട്രിനിറ്റി ന്യൂകാസിൽ യൂണിറ്റ് ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ ഒരിക്കൽ കൂടി രണ്ടാം സ്ഥാനം നിലനിർത്തി ഹോളി ഫാമിലി യൂണിറ്റ് ഹാൻഫോർഡ്. സെക്രട്ട് ഹാർട്ട് ട്രെന്റ് വെയിൽ യൂണിറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.SMYM വിതരണം ചെയ്‌ത റാഫിൾ വിജയിയായ അനൂജിന്  നാൽപത് ഇഞ്ച് ടീ വി ആണ് ഒന്നാം സമ്മാനമായി നൽകിയത്. കരോൾ മത്സരങ്ങളുടെ സ്പോൺസർ സ്റ്റോക്ക് ഓൺ ട്രെയ്നിലെ HC24 നേഴ്‌സിങ് ഏജൻസി ആയിരുന്നു.

പുൽക്കൂട് മത്സര വിജയികൾ 

സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ നേതൃത്വത്തിൽ  നടന്ന പുൽക്കൂട്‌മത്സരം എന്തുകൊണ്ടും എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു.  അതിമോഹരമായ കരവിരുതുകൾ പുറത്തുവന്നപ്പോൾ പുൽക്കൂട്‌ മത്സരം കടുത്തതായി..അവസാന ഫലം പുറത്തുവന്നപ്പോൾ ഒന്നാം സമ്മാനമായി റിജോ ജോൺ സ്‌പോർസർ ചെയ്‌ത £100 ഡും, ടി ജി ജോസഫ്    മെമ്മോറിയൽ എവർറോളിങ് ട്രോഫി മിയാ ജോസഫ് കരസ്ഥമാക്കിയപ്പോൾ ജോഷി വർഗ്ഗീസ് സ്പോൺസർ ചെയ്‌ത £75 ഉം മേലേത്ത് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും ജോസ് ആൻറണി ഒരിക്കൽ കൂടി നേടിയെടുത്തു. 

മൂന്നാം സമ്മാനമായി ജോസ് വർഗ്ഗീസ് സ്പോൺസർ ചെയ്ത £50 ഉം ൈകമഠം തുരുത്തിൽ ഔസേപ്പ് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫി ഡേവിഡ് എബ്രഹാം നേടിയെടുത്തു

ക്രിസ്മസ് കുർബാനക്ക് ശേഷം മാസ്സ് സെന്റിന്റെ നേതൃത്വം വഹിക്കുന്ന ഫാദർ ജോർജ്ജ് എട്ടുപറയിൽ സമ്മാനങ്ങൾ വിതരണം ചെയ്‌തു . പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ കൊടുക്കുകയും ചെയ്‌തു.

ആഘോഷങ്ങൾ നല്ലതെങ്കിലും അതിന്റെ പൂർണ്ണത നേടുവാൻ ചില നല്ല ചിന്തകൾ കൂടി നമ്മൾ കുട്ടികൾക്കായി പങ്കുവയ്‌ക്കേണ്ടതുണ്ട്. ക്രിസ്മസിന്റെ ചൈതന്യം ആഡംബരത്തിലല്ല, ലാളിത്യത്തിന്റെ സൗകുമാര്യത്തിലാണ് അനുഭവിക്കേണ്ടത് എന്ന് മനസിലാക്കികൊടുക്കുവാൻ മറന്നുപോകരുത്. പരിമിതമായ സൗകര്യങ്ങള്‍ പരാതി കൂടാതെ സ്വീകരിക്കാന്‍ സാധിക്കുന്ന മാനസികാവസ്ഥ കുട്ടികൾക്ക്  അപരിചിതമാവരുത്.

അനവധിയാളുകള്‍ ദാരിദ്ര്യത്തിലും മരണഭയത്തിലും  കഴിയുമ്പോൾ സുഖലോലുപതയും ധൂര്‍ത്തും നമ്മെയും നമ്മുടെ കുട്ടികളെയും  കീഴ്‌പ്പെടുത്താതിരിക്കട്ടെ. പങ്കുവയ്ക്കലിന്റെയും പരസഹായത്തിന്റെയും പാഠങ്ങളാണു യേശു നല്‍കിയത്. ക്രിസ്മസ് നല്‍കുന്നതു സ്വാര്‍ഥതയില്ലാത്ത ഉള്‍ച്ചേരലിന്റെയും വിശാലമായ കാഴ്ചപ്പാടുകളുടെയും ചൈതന്യമാണ് എന്ന കാര്യം മറക്കാതിരിക്കുക.

ശാന്തരാത്രിയാണു വിശുദ്ധരാത്രിയായത്. ബലിയല്ല, കരുണയാണു ദൈവപുത്രന്‍ ആവശ്യപ്പെട്ടത്. യേശു ജനിച്ച പ്രശാന്ത രാത്രിയുടെ ഓര്‍മയിലൂടെ സമാധാനത്തിന്റെയും കരുണയുടെയും അലൗകിക പ്രഭ നമ്മളിലേക്കും നമ്മുടെ കുട്ടികളിലേയ്ക്കും പടരണം. ക്രിസ്മസ് ഒരു ദിവ്യജനനത്തിന്റെ അനുസ്മരണം മാത്രമല്ല, സംസ്‌കാരോദയത്തിന്റെ വിളംബരംകൂടിയാണ്. ജീവരക്ഷയ്ക്ക് ഉണ്ണിയേശു പലായനം ചെയ്യേണ്ടിവന്നു. അഭയം തേടുന്നവര്‍ക്കെതിരേ അതിര്‍ത്തിയില്‍ മുള്ളുകമ്പികൾ തീര്‍ക്കുന്നവരുണ്ട്; വാതുക്കൽ മുട്ടി വിളിക്കുമ്പോൾ വാതില്‍പ്പാളികള്‍ കൊട്ടിയടയ്ക്കുന്നവരുണ്ട്.

യൂറോപ്പിലെ ജീവിതത്തിലെ ആഘോഷവേളകളിൽ ഉള്ള സമ്മാന പെരുമഴയിൽ നമ്മുടെ കുട്ടികൾ വീണുപോവാതെ സൂക്ഷിക്കാൻ നമുക്കാവട്ടെ. പുതുവർഷത്തിലേക്കു നാം സഞ്ചരിക്കുമ്പോൾ നമ്മുടെ ചിന്താഗതികൾ മാറ്റുവാൻ കെൽപ്പുള്ളതായിരിക്കട്ടെ ഇത്തരം ക്രിസ്മസ് ചിന്തകൾ… പുതുവർഷ ആശംസകളോടെ..

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ബ്രിട്ടന്റെ ബ്രെക്സിറ്റ്‌ സ്വപ്‌നങ്ങൾ യാഥാർഥ്യമാവാൻ പോവുകയാണ്. അതിനായുള്ള ദിനങ്ങൾ അടുത്തുകൊണ്ടിരിക്കുന്നു. അതിനിടയിൽ യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസ് ടിമ്മർമാൻ ഒരു പ്രേമലേഖനം എഴുതുകയുണ്ടായി. മറ്റാർക്കും വേണ്ടിയല്ല, യൂറോപ്യൻ യൂണിയനിൽ നിന്നും പിരിഞ്ഞുപോകുന്ന ബ്രിട്ടനുവേണ്ടി.. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിൽ അതിയായ ദുഃഖം ഉണ്ടെന്ന് അദ്ദേഹം കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദി ഗാർഡിയനിലാണ് ടിമ്മർമാൻ തന്റെ ‘പ്രേമലേഖനം’ എഴുതിയത്.

“അടുത്തിടെ പ്രേമലേഖനത്തിന്റെ ഒരു പുസ്തകം വായിച്ചപ്പോൾ അത് ബ്രിട്ടനോടുള്ള എന്റെ പ്രണയത്തെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു” എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. റോമിലെ സെന്റ് ജോർജ്ജ് ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂളിൽ പഠിച്ച സമയം ഡച്ച് പൗരൻ ഓർമ്മിക്കുന്നു. ഒപ്പം ബ്രിട്ടൻ എല്ലായ്പ്പോഴും തന്റെ ഒരു ഭാഗമായി തന്നെ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. “എനിക്ക് നിന്നെ ഇപ്പോൾ അറിയാം. നീ ആരാണെന്നും നീയെനിക്ക് തന്നത് എന്താണെന്നും ഓർത്ത് ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ ഒരു പഴയ കാമുകനെപ്പോലെയാണ്.”ടിമ്മർമാൻ കൂട്ടിച്ചേർത്തു. “ഇപ്പോൾ നീ പോകുന്നു ; ഇതെന്റെ ഹൃദയത്തെ തകർക്കുന്നു. ” അദ്ദേഹം എഴുതി.

“നീ പോകാൻ തീരുമാനിച്ചപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. മൂന്ന് വർഷത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തിലെ ഒരാൾ ബന്ധം വിച്ഛേദിക്കാൻ ആഗ്രഹിക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്. എന്നാൽ പിന്നീട് ഓർത്തപ്പോൾ നമ്മുടെ കുടുംബബന്ധങ്ങൾ തകരുന്നില്ല എന്നോർത്ത് എനിക്ക് ആശ്വാസമായി.” തിരിച്ചുവരാൻ എപ്പോഴും സ്വാഗതം ചെയ്തുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ടിമ്മർമാന്റെ കത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽ ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവർക്ക് കത്തിനെക്കുറിച്ച് എതിരഭിപ്രായം ആയിരുന്നു. 2020 ജനുവരി 31ന് ആണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നത്.

ലണ്ടൻ: പ്രണയത്തിന് അതിർവരമ്പുകൾ ഇല്ല. ഒന്നും പ്രണയത്തിനുമുന്നിൽ തടസമാവുകയും ഇല്ല. പന്ത്രണ്ടുവർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പെരുംകള്ളനെ പ്രണയിച്ച സുന്ദരിയായ ജയിൽവാർഡൻ അയ്ഷെ ഗുൻ എന്ന ഇരുപത്തേഴുകാരിയാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. പ്രണയം തെളിവുസഹിതം പിടിക്കപ്പെട്ടതോടെ അയ്ഷെയും ഇപ്പോൾ ജയിലിലാണ്. കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അടുത്തിടെയാണ് അവർക്ക് ഒരുവർഷത്തെ തടവിന് ശിക്ഷിച്ചത്.

നോർത്ത് വെയിൽസിൽ റെക്സ് ഹാമിലെ ജയിലിലാണ് ഇൗ അപൂർവ പ്രണയം അരങ്ങേറിയത്. ജയിലിലെ ഏറ്റവും സമർത്ഥയായ ഒാഫീസറായിരുന്നു അയ്ഷെ. ഇൗ ജയിലിലേക്കാണ് ഖുറം റസാക്ക് എന്ന പെരുങ്കള്ളനെ അടച്ചത്. കാണാൻ സുമുഖൻ. സംസാരിച്ചാൽ ആരും വീണുപോകും. കള്ളനാണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം. ആരും ഇഷ്ടപ്പെട്ടുപോകുന്ന പ്രകൃതം. ആദ്യമൊക്കെ ഖുറത്തിനോട് വളരെ പരുഷമായിട്ടായിരുന്നു അയ്ഷെ പെരുമാറിയത്. പക്ഷേ, അധികം കഴിയും മുമ്പ് ഇതൊക്കെ പഴംകഥയായി. പതിയെ ഇവർക്കിടയിൽ പ്രണയം തളിർത്തു. അത് പടർന്ന് പന്തലിച്ച് പൂത്തുലയാൻ അധികസമയം വേണ്ടിവന്നില്ല.

പ്രണയം കടുത്തതോടെ അയ്ഷെ കാമുകിന് വഴിവിട്ട സഹായങ്ങൾ പലതും ചെയ്യാൻ തുടങ്ങി. മൊബൈൽഫോണും ലഹരിവസ്തുക്കളും സൗന്ദര്യവർദ്ധക വസ്തുക്കളുമൊക്കെ ജയിലിൽ എത്തിച്ചുകൊടുത്തു. തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പായിരുന്നു ഇവ കടത്തിയിരുന്നത്. ഉദ്യോഗസ്ഥയായിരുന്നതിനാൽ കർശന ശരീരപരിശോധന ഒഴിവാക്കിയിരുന്നു. ഇൗ അവസരം അയ്ഷെ പരമാവധി മുതലാക്കുകയായിരുന്നു. അടുപ്പം കൂടിയതോടെ ജയിൽ മുറിയിൽ വച്ച് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തത്രേ. ഖുറത്തിന്റെ മൊബൈലിലേക്ക് അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുക്കുതും അശ്ലീല ചാറ്റിംഗ് നടത്തുന്നതും പതിവായിരുന്നു. സെല്ലിനുള്ളിൽ ഇരുവരും ചുംബിച്ചുനിൽക്കുന്നത് സഹപ്രവർത്തകർ കണ്ടതോടെയാണ് പ്രണയം പുറംലോകം അറിഞ്ഞത്.ആദ്യമൊക്കെ എതിർത്തെങ്കിലും തെളിവുകൾ നിരത്തിയതോടെ എല്ലാം സമ്മതിച്ചു.

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മരിച്ച മലയാളി യുവാക്കളുടെ മൃതദേഹങ്ങൾ ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ നടന്ന ദുരന്തം മലയാളി സമൂഹം ഞെട്ടലോടെയാണ് കേട്ടത്. ദുബായ് ഗ്രീൻസ് ഗാർഡൻസ് വില്ല 336ൽ താമസിക്കുന്ന തിരുവനന്തപുരം കവടിയാർ കേശവസദനത്തിൽ ആനന്ദ് കുമാർ (നന്ദു), രാജേശ്വരി(രാജി) ദമ്പതികളുടെ മകൻ ശരത് കുമാർ (21), ഗ്രീൻസ് ഗാർഡൻസിൽ തന്നെ താമസിക്കുന്ന തൊടുപുഴ ആനക്കൂട് സ്വദേശി കൃഷ്ണകുമാറിന്റെ മകൻ രോഹിത് കൃഷ്ണകുമാർ (19) എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.

ഇന്നലെ പുലർച്ചെ ഇരുവരുടെയും വീടിന് ഒരു കിലോമീറ്റർ സമീപത്താണ് അപകടമുണ്ടായത്. റോഡിന്റെ തിട്ടയിൽ ഇടിച്ച് ഉയർന്ന കാർ പതിനഞ്ച് മീറ്ററോളം അകലെയുള്ള മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇരുവരും മരിച്ചു. കാർ പൊളിച്ചാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. ശരത്താണ് കാർ ഓടിച്ചിരുന്നത്. ഇരുവരുടെയും കഴുത്തിന്റെ ഭാഗത്താണ് ആഴത്തിൽ ക്ഷതമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നെന്നാണു പൊലീസ് റിപ്പോർട്ട്.

ദുബായ് ഡിപിഎസ് സ്കൂളിലെ പഠന കാലം മുതൽ സുഹൃത്തുക്കളായ ഇരുവരും മരണത്തിലും ഒന്നിച്ചു. ശരത് അമേരിക്കയിലെ ബോസ്റ്റൺ യൂണിവഴ്സിറ്റിയിലും രോഹിത് യുകെയിലെ മാഞ്ചസ്റ്റർ യൂണിവഴ്സിറ്റിയിലും ഉന്നത വിദ്യാഭ്യാസം ചെയ്യുകയായിരുന്നു. ഇരുവരും അവധിക്ക് ദുബായിൽ എത്തിയതാണ്. സൃഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും കണ്ട ശേഷം എല്ലാവരും ഡിസ്കവറി ഗാർഡൻസിൽ നിന്ന് ആഹാരവും കഴിച്ചു. ഒരു സൃഹൃത്ത് സ്വന്തം കാറിൽ വീട്ടിലേക്ക് പോയതിനെ തുടർന്ന് മറ്റ് മൂന്നുപേരും കാറിൽ ഗാർഡൻസിലേക്കു പുറപ്പെടുകയായിരുന്നു. ഒരാളെക്കൂടി വീട്ടിൽ എത്തിച്ച ശേഷം രോഹിതിനെ വീട്ടിലാക്കാൻ പോകുമ്പോഴായിരുന്നു അപകടം. പുലർച്ചെ മൂന്നോടെയാണ് അപകടം ഉണ്ടായതെങ്കിലും വീട്ടുകാർ വിവരം അറിഞ്ഞത് രാവിലെ എട്ടിനു ശേഷമാണ്. മക്കൾ കൂട്ടുകാരന്റെ വീട്ടിൽ ഉറങ്ങുകയാകുമെന്നാണ് ഇരുവീട്ടുകാരും കരുതി.

ഇരു കൂട്ടുകാരും ഇന്ന് കേരളത്തിലേക്കു പോകാൻ ടിക്കറ്റും ബുക്കു ചെയ്തിരുന്നതാണ്. എന്നാൽ വീടുകൾക്ക് വെറും ഒരുകിലോ മീറ്റർ അകലെ വച്ച് ഇരുവരെയും മരണം കവർന്നു. പഠനത്തില്‍ സമർഥരായിരുന്ന ഇരുവരെയും കുറിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പറയാൻ നല്ലതു മാത്രം. വ്യവസായിയായ ആനന്ദ് കുമാറിന്റെ ഏക മകനാണ് ശരത്. കൃഷ്ണകുമാറിന്റെ രണ്ടു മക്കളിൽ ഇളയ ആളാണ് രോഹിത്. ഇന്ന് നാട്ടിലെത്തി നാളെ തന്റെ മകനൊപ്പം ശബരിമലയിൽ പോകാനിരിക്കുകയായിരുന്നെന്നും മരണവാർത്ത വിശ്വസിക്കാനായില്ലെന്നും തിരുവനന്തപുരം കെബിപിൽ ഉദ്യോഗസ്ഥനും ആനന്ദ്കുമാറിന്റെ ബന്ധുവുമായ സൂരജ് പറഞ്ഞു.

ഇന്നലെ രാത്രി തന്നെ ആനന്ദ് തിരുവനന്തപുരത്ത് നിന്ന് ദുബായിലെത്തി. ഇന്ന് വൈകിട്ട് നാലിന് എംബാമിങിന് ശേഷം ശരത്തിന്റെ മൃതദേഹം രാത്രി ഒൻപതിന് എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോകും. രോഹിതിന്റെ മൃതദേഹം കൊച്ചിയിലേക്കും കൊണ്ടുപോകും. ശരത്തിന്റെ സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ എംബാമിങ് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ഗ്രീൻസിലെ വില്ലയിൽ രാജിക്കൊപ്പം താമസിക്കുന്ന രാജിയുടെ മാതാവിനെ ചെറുമകന്റെ മരണ വിവരം ഇന്നലെ അറിയിച്ചിരുന്നില്ല. ഇന്നു രാവിലെ അറിയിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് ബന്ധുക്കൾ. മുത്തശ്ശിയും ചെറുമകനും തമ്മിൽ നല്ല ആത്മബന്ധമായിരുന്നു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- നാഷണൽ ഹെൽത്ത് സർവീസ് സ്റ്റാഫുകളുടെയും , മറ്റ് പബ്ലിക് സെക്ടർ ജീവനക്കാരുടെയും സേവനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി ബോറിസ് ജോൺസന്റെയും, ജെറെമി കോർബിന്റെയും ക്രിസ്മസ് സന്ദേശങ്ങൾ. ഇലക്ഷന് ശേഷമുള്ള തന്റെ പ്രഥമ ക്രിസ്മസ് സന്ദേശത്തിൽ, പ്രധാനമന്ത്രി ലോകമെങ്ങും പീഡനം നേരിടുന്ന ക്രിസ്തീയ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലോകത്തെങ്ങും അനീതിയും, അസമാധാനവും വളർന്നുകൊണ്ടിരിക്കുകയാണ് എന്ന് ലേബർ പാർട്ടിയുടെ നേതാവ് ജെർമി കോർബിൻ തന്റെ ക്രിസ്മസ് സന്ദേശത്തിൽ വ്യക്തമാക്കി. എന്നാൽ ക്രിസ്മസിന്റെ ദിവസങ്ങളിൽ പോലും ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.


സ്കോട്ട്‌ലൻഡിന്റെ പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയോനും പബ്ലിക് സെക്ടറിൽ ജോലിചെയ്യുന്ന ജീവനക്കാരോടുള്ള നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രി തന്നെ ക്രിസ്മസ് സന്ദേശത്തിൽ, എല്ലാവർക്കും ക്രിസ്മസ് ആശംസകളും നേർന്നു. ഇലക്ഷൻ വിജയത്തിന് ശേഷം ആദ്യമായി ഡൗണിങ് സ്ട്രീറ്റിൽ ക്രിസ്മസ് ആഘോഷിക്കുന്ന ബോറിസ് ജോൺസൺ, ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്ക് തന്റെ പിന്തുണ അറിയിച്ചു.

ലേബർ പാർട്ടി നേതാവായുള്ള തന്റെ അവസാന ക്രിസ്മസ് സന്ദേശത്തിൽ, നന്മ നിറഞ്ഞ ഒരു സമൂഹം ഉണ്ടാവണമെന്ന ആശംസയാണ് ജെർമി കോർബിൻ നേർന്നത്. എല്ലാവരും ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുമ്പോഴും, സാധാരണക്കാരും പാവപ്പെട്ടവരും എല്ലാവരുടെയും ഓർമ്മയിൽ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: ഓണ്‍ലൈന്‍ വിപണിയിലെ വിലക്കുറവ് മഹാമേളകള്‍ ഉപയോക്താക്കള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. മൊബൈലടക്കമുള്ളവയാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിക്ക് പ്രിയമെങ്കില്‍ യുകെയിൽ മദ്യത്തിനാണ് വലിയ ഡിമാന്‍ഡ്. വിലക്കുറവ് തന്നെയാണ് അവിടെയും ആകര്‍ഷണഘടകം. ക്രിസ്മസ് പ്രമാണിച്ച് ആമസോണ്‍.യുകെ അടക്കമുള്ള ഓണ്‍ലൈന്‍ വിപണിയിലെ വിലക്കുറവ് ആരേയും അമ്പരപ്പിക്കുന്നതാണ്.

യുകെ ആമസോണ്‍ 44 ശതമാനം വരെ മദ്യത്തിന് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീമിയം ബ്രാന്‍ഡുകള്‍ക്കാണ് പ്രധാനമായും വിലക്കുറവ്. ക്രിസ്മസിന് മദ്യം ഗിഫ്റ്റ് നല്‍കാന്‍ ആഗ്രഹിക്കുന്നവരെ ആമസോണ്‍ പ്രത്യേകം നോട്ടമിട്ടിട്ടുണ്ട്. മദ്യ ഗിഫ്റ്റ് പാക്കറ്റുകള്‍ക്കും വലിയ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബര്‍ ഒമ്പതിന് ആരംഭിച്ച ക്രിസ്മസ് ഗിഫ്റ്റ് ഓഫര്‍ ഇരുപത്തിരണ്ടാം തിയതിയാണ് അവസാനിക്കുക. മദ്യമടക്കം ഇരുന്നൂറിലധികം ഉല്‍പന്നങ്ങള്‍ക്കാണ് ആമസോണ്‍.യുകെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുകെ ആമസോണ്‍ സൈറ്റില്‍ കയറി സെര്‍ച്ച് ബാറില്‍ ബിയര്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റ് എന്ന് ടൈപ്പ് ചെയ്താല്‍ മദ്യവില്‍പ്പനയുടെ മൊത്തം വിവരങ്ങളും ലഭ്യമാകും.

 

 

RECENT POSTS
Copyright © . All rights reserved