സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടനിലെ ആദ്യ ബഡ്ജറ്റിനു സമയം ആയിരിക്കുകയാണ്. എന്നാൽ രാജ്യം ആകമാനം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഒരു വശത്തു രാഷ്ട്രീയമായ പലപ്രശ്നങ്ങളും നടക്കുമ്പോൾ, മറുവശത്ത് കൊറോണ ബാധ അതിരൂക്ഷമായി പടർന്നു കൊണ്ടിരിക്കുകയാണ്. കൊറോണ ബാധമൂലം സാമ്പത്തിക മേഖല ആകമാനം തകർന്നിരിക്കുകയാണ്. എന്നാൽ ഇത് ബഡ്ജറ്റിലെ സാമ്പത്തിക നീക്കിയിരിപ്പിനു കോട്ടം തട്ടുകയില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകുന്നത്.

ടാക്സ് സംബന്ധമായ തീരുമാനങ്ങളെടുക്കുക, പൊതു ചെലവുകൾക്ക് ആവശ്യമായ പണം നീക്കിവെക്കുക, സാമ്പത്തിക മേഖല സംബന്ധിക്കുന്ന മറ്റു വിവരങ്ങൾ പുറത്തു വിടുക തുടങ്ങിയവയാണ് ബജറ്റിലൂടെ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം തന്നെ മദ്യത്തിനും മറ്റുമുള്ള നികുതി തീർച്ചപ്പെടുത്തുക എന്ന ദൗത്യവും ബജറ്റിലൂടെ നിർവഹിക്കപ്പെടുന്നു. ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും എംപിമാർ വോട്ട് ചെയ്യാനുള്ള അവസരവും ഉണ്ട്. ബോറിസ് ജോൺസന് സഭയിൽ ഭൂരിപക്ഷം ഉള്ളതിനാൽ ബജറ്റ് ഉറപ്പായും പാസാകും.

മാർച്ച് പതിനൊന്നാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഹൗസ് ഓഫ് കോമ്മൺസിൽ ബജറ്റ് അവതരിപ്പിക്കപ്പെടുക. ചാൻസലർ റിഷി സുനകാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതിനുശേഷം ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ബജറ്റിനോട് പ്രതികരിക്കും. 2018 ഒക്ടോബറിന് ശേഷമുള്ള ആദ്യത്തെ ബഡ്ജറ്റാണ് മാർച്ച് 11ന് അവതരിപ്പിക്കപ്പെടുവാൻ പോകുന്നത്.

ബജറ്റിലെ നിശ്ചയിക്കപ്പെട്ട വസ്തുതകൾ മിനിമം വേതനത്തെ സംബന്ധിക്കുന്നതാണ്. 25 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും മണിക്കൂറിൽ മിനിമം വേതനം 8.72 പൗണ്ടായി ഉയർത്തിയ തീരുമാനം ബജറ്റിൽ ഉണ്ടാകും. ഇതോടൊപ്പംതന്നെ കൊറോണയെ സംബന്ധിക്കുന്ന പ്രസ്താവനകളും ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലണ്ടൻ : യുകെയിൽ നൂറിലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയാണ് രാജ്യത്തെങ്ങും. വെയിൽസിലും സ്കോട്ലൻഡിലും നോർത്തേൺ അയർലണ്ടിലും രോഗം ഇതിനകം പടർന്നുപിടിച്ചുകഴിഞ്ഞു. രോഗം തടയാനുള്ള പല മാർഗങ്ങളും സർക്കാർ സ്വീകരിച്ചുവരുന്നു. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, തുമ്മൽ എന്നിവയിലൂടെയാണ് ആളുകൾക്കിടയിൽ രോഗം പടരുന്നത്. കൈകൾ കഴുകുന്നതുപോലെതന്നെ ജനങ്ങൾ തങ്ങളുടെ ഫോണുകളും വൃത്തിയായി സൂക്ഷിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ലൈസോൾ പോലെയുള്ള ആന്റി ബാക്റ്റീരിയൽ വൈപ്പ്സ് ഉപയോഗിച്ച് ഫോൺ കഴുകി സൂക്ഷിക്കണമെന്ന് അവർ പറയുന്നു.

ചൈനയിൽ നിന്നുള്ള കണക്കുകൾ പ്രകാരം , കൊറോണ വൈറസ് കുട്ടികളെ താരതമ്യേന ബാധിച്ചിട്ടില്ല. എന്നിരുന്നാലും, ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള കുട്ടികൾ കൊറോണ പടരാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. വൈറസ് പടരാതിരിക്കാനായി സ്കൂളുകൾ അടയ്ക്കാൻ യുകെ സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ടൈംടേബിളുകളിൽ മാറ്റങ്ങളൊന്നുമില്ലെന്നും വിദ്യാർത്ഥികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ സാധാരണപോലെ പരീക്ഷകൾക്ക് തയ്യാറാകണമെന്നും യുകെയിലുടനീളമുള്ള പരീക്ഷാ ബോർഡുകൾ അറിയിച്ചു. ഇറ്റലിയിലെയും ഇറാനിലെയും സ്കൂളുകൾ ഇതിനകം അടച്ചു. രോഗം പടരുന്നത് തടയാൻ എല്ലാ ബാങ്കുകൾക്കും ലഭിക്കുന്ന പണം ഉപഭോക്താക്കൾക്ക് വിട്ടുകൊടുക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കണമെന്ന് ചൈനീസ് സർക്കാർ അറിയിച്ചു . കാർഡുകൾ, നാണയങ്ങൾ, നോട്ടുകൾ എന്നിവ കൈകാര്യം ചെയ്ത ശേഷം കൈകൾ നന്നായി കഴുകുക എന്നതാണ് വൈറസിനെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം. നഖം കടിക്കുകയോ കഴുകാത്ത കൈ വെച്ച് മുഖത്ത് സ്പർശിക്കുകയോ ചെയ്യരുത്.
ഓസ്‌ട്രേലിയ, യുഎസ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിർത്തികൾ അടയ്ക്കാൻ യുകെ സർക്കാർ ഒരുങ്ങുന്നില്ല. ആളുകളെ സുരക്ഷിതരായി നിലനിർത്തുവാനാണ് അവർ ശ്രമിക്കുന്നത്. നിലവിൽ, യുകെയിൽ എത്തുന്ന എല്ലാ വിമാനങ്ങളും കപ്പലുകളും തങ്ങളുടെ യാത്രക്കാർക്ക് സുഖമാണെന്ന അറിയിപ്പ് നൽകണം. കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന ആളുകൾ ആശുപത്രി സന്ദർശിക്കുന്നതിന് പകരം 111 എന്ന നമ്പറിൽ ബന്ധപ്പെടുക.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഇടയിൽ കൊറോണ വൈറസ് പകരാമെന്നതിന് തെളിവുകളൊന്നുമില്ല. എന്നാൽ മൃഗത്തിന്റെ രോമങ്ങളിൽ നിന്ന് കൊറോണ വൈറസ് പിടിപെടാൻ സാധ്യത ഉള്ളതിനാൽ വളർത്തുമൃഗങ്ങളെ സ്പർശിച്ചതിനുശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
സ്വന്തം ലേഖകൻ
ലണ്ടൻ : പ്രസവപരിചരണം മെച്ചപ്പെടുത്തുന്നതിനായി 2018ൽ ആയിരുന്നു എൻ എച്ച് എസ് റെസല്യൂഷൻ ഒരു പദ്ധതി കൊണ്ടുവന്നത്. ഇതിനായി ട്രസ്റ്റുകൾ 10 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അതിലൂടെ 132 ട്രസ്റ്റുകളിൽ 75 എണ്ണത്തിന് ഫണ്ട് ലഭ്യമായിരുന്നു. അതിലൊന്നാണ് ഷ്രൂസ്ബറി & ടെൽഫോർഡ് ഹോസ്പിറ്റൽ ട്രസ്റ്റ് (സാത്ത്). 2018ൽ 1 മില്യൺ ധനസഹായം ഇവർക്ക് ലഭിക്കുകയുമുണ്ടായി. എന്നാൽ ഏകദേശം 900 കുടുംബങ്ങൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുകയും ഒരു അന്വേഷണം നടത്തണമെന്ന് പിന്നീട് ആവശ്യപ്പെട്ടു. ഈ ആശുപത്രിയിൽ നിരവധി കുഞ്ഞുങ്ങളും മൂന്നു അമ്മമാരും മരണപ്പെട്ടു. കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) ഇൻസ്പെക്ടർമാർ ഇത് വിലയിരുത്തുമ്പോളാണ് പണം ട്രസ്റ്റിന് ലഭിക്കുന്നത് . കെയർ ക്വാളിറ്റി കമ്മീഷൻ റിപ്പോർട്ട്, ട്രസ്റ്റിന്റെ പ്രസവ സേവനങ്ങൾ ഉൾപ്പെടെയുള്ളവ അപര്യാപ്തമാണെന്ന് വിലയിരുത്തി. അതിനാൽ ലഭിച്ചത് തുക തിരികെ നൽകുമെന്ന് സാത്ത് ചീഫ് എക്‌സിക്യൂട്ടീവ് ലൂയിസ് ബാർനെറ്റ് പറഞ്ഞു.

“ഞങ്ങളുടെ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. മാറ്റങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുന്നു. ” ബാർനെറ്റ് പറഞ്ഞു. എൻഎച്ച്എസ് പ്രസവ സേവനങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കാൻ മുൻ ആരോഗ്യ മന്ത്രി ജെറമി ഹണ്ട് ഫെബ്രുവരിയിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഹണ്ട് മന്ത്രിമാർക്ക് ഒരു കത്തെഴുതി. കെയർ ക്വാളിറ്റി കമ്മീഷൻ മറ്റേണിറ്റിയും സുരക്ഷയുമായി ബന്ധിപ്പിക്കുക എന്ന ഒരു നിർദേശം അദ്ദേഹം മുന്നോട്ടുവെച്ചു. ഫെബ്രുവരിയിൽ നടത്തിയ ഒരു പരിശോധനയിൽ പ്രിൻസസ് റോയൽ ഹോസ്പിറ്റലിന്റെ എ & ഇ ഡിപ്പാർട്ട്‌മെന്റിൽ കുട്ടികൾക്ക് വേണ്ടിയുള്ള നഴ്സ് ജോലിയിൽ ഇല്ലെന്ന് കണ്ടെത്തി. ചൊവ്വാഴ്ച യോഗം ചേരുമ്പോൾ ക്ലിനിക്കൽ കമ്മീഷനിംഗ് ഗ്രൂപ്പ് ബോർഡ് ഇതൊക്കെ ചർച്ച ചെയ്യും.
സ്വന്തം ലേഖകൻ
നോർത്ത് വെയിൽസ് : ലോകജനതയെ തന്നെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. അതോടൊപ്പം തന്നെ രോഗത്തെ സംബന്ധിച്ചുള്ള ആശങ്കയും മിക്ക ആളുകളുടെയും മനസ്സിൽ ഉയരുന്നു. രോഗാവസ്ഥയെക്കുറിച്ചും ലക്ഷണങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ ഓർത്ത് ജനങ്ങൾ ആശങ്കാകുലരാണ്. ഇതിനിടെ ബ്രിട്ടനിലെ ആദ്യ കൊറോണ ബാധിതൻ തന്റെ രോഗാവസ്ഥ വെളിപ്പെടുത്തുകയുണ്ടായി. ചൈനയിലെ വുഹാനിൽ ജോലി ചെയ്തിരുന്ന നോർത്ത് വെയിൽസ് സ്വദേശി കോന്നർ റീഡ് (25) ആണ് തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്.

നവംബർ 25നാണ് രോഗലക്ഷണങ്ങൾ ആദ്യം കാണപ്പെട്ടുതുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. താൻ തുടർച്ചയായി മൂക്ക് ചീറ്റിയിരുന്നതായും കണ്ണുകൾ വിളറിയിരുന്നതായും അദ്ദേഹം പറഞ്ഞു. കനത്ത പനി ഉണ്ടെന്ന് ഭയന്നാണ് ഏഴുമാസം ട്യൂട്ടർ ആയി ജോലി ചെയ്തിരുന്ന സ്കൂളിൽ നിന്ന് അദ്ദേഹം അവധിയെടുത്തത്. രണ്ടാം ദിവസം കനത്ത തൊണ്ടവേദന അനുഭവപ്പെട്ടു. അപ്പോൾ തേനും ചൂടുവെള്ളവും ചേർത്ത് ഔഷധമായി കുടിച്ചു. താൻ മദ്യപിക്കാറില്ലെങ്കിലും ചികിത്സയുടെ ഭാഗമായി തേനിൽ വിസ്കി ചേർത്ത് കഴിച്ചതായും റീഡ് വെളിപ്പെടുത്തി. തുടർന്ന് രോഗം കുറഞ്ഞു വീണ്ടും ജോലിക്ക് പോയി തുടങ്ങി. എന്നാൽ ഏഴാം ദിനം ജലദോഷത്തോടൊപ്പം ദേഹമാസകലം വേദനയും വന്നപ്പോൾ സ്ഥിതി വഷളായി. ശക്തമായ ചുമയും വിറയലും തൊണ്ടയ്ക്ക് തടസ്സവും അനുഭവപ്പെട്ടതായി റീഡ് പറഞ്ഞു. ഭക്ഷണം കഴിച്ചില്ലെന്ന് മാത്രമല്ല കുറച്ചു ദിവസങ്ങൾക്കു ശേഷം ശരീര താപനില ഉയരുകയും ചെയ്തു. കോന്നറിന്റെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരു ചെറിയ പൂച്ചക്കുട്ടി പെട്ടെന്ന് മരിച്ചതായും അദ്ദേഹം ഓർക്കുന്നു.

ഡിസംബർ 6 ഉച്ചകഴിഞ്ഞ്, ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതായി അദ്ദേഹത്തിന് തോന്നി. “ടെലിവിഷൻ ഓണാണെങ്കിലും തനിക്ക് അത് മനസിലാക്കാൻ കഴിഞ്ഞില്ല. ബാത്‌റൂമിൽ പോയപ്പോൾ ശരീരം വിറയ്ക്കുന്നതായി അനുഭവപ്പെട്ടു. കുറച്ച് കഴിഞ്ഞ് ശ്വാസം വലിക്കാൻ പോലും കഴിയാതായി.” റീഡ് വെളിപ്പെടുത്തി. തുടർന്നാണ് സോങ്‌നാൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് ഒരു ടാക്സി എടുത്ത് അദ്ദേഹം പോയത്. ന്യൂമോണിയ ആണെന്ന് പറഞ്ഞു ഡോക്ടർമാർ ചികിത്സിച്ചെങ്കിലും തിരികെയെത്തിയ റീഡ് മരുന്നുകൾ കഴിക്കുവാൻ തയ്യാറായില്ല. അതിനുശേഷമുള്ള ദിവസങ്ങൾ കഠിന വേദനയിലൂടെയാണ് ജീവിച്ചതെന്നും 22ആം ദിനമാണ് ജോലിക്ക് പോകാൻ പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 52 ആം ദിനമാണ് തനിക്ക് കൊറോണ ബാധിച്ച കാര്യം അറിഞ്ഞതെന്നും ആ സമയത്ത് ചൈനയിൽ മിക്ക സ്ഥലങ്ങളിലും രോഗം പൊട്ടിപുറപ്പെട്ടതായി അറിഞ്ഞെന്നും റീഡ് വെളിപ്പെടുത്തി.

രോഗത്തിൽ നിന്ന് സുഖപ്പെട്ട റീഡ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. കൊറോണ വൈറസ് കേസുകളിൽ യുകെയിൽ ഇന്നലെ ഏറ്റവും വലിയ ദൈനംദിന വർദ്ധനവ് രേഖപ്പെടുത്തി. 87 പേർക്ക് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകത്താകമാനം 90,000ത്തിൽ അധികം കേസുകളും മൂവായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഓൾ ഇംഗ്ലണ്ട് ഓപ്പണിൽനിന്നും ഇന്ത്യയുടെ എച്ച്.എസ് പ്രണോയി, സമീർ വർമ, സൗരഭ് വർമ എന്നിവർ പിൻവാങ്ങി. മാർച്ച് 11 ന് ആരംഭിക്കുന്ന ടൂർമെന്റിൽനിന്ന് ഇവരെ കൂടാതെ നാല് ഇന്ത്യൻ താരങ്ങൾ കൂടി പിൻമാറിയിട്ടുണ്ട്. ഡബിൾസ് താരങ്ങളായ ചിരാഗ് ഷെട്ടി, സാത്വിക്സായിരാജ്, മനു അട്ടരി, സുമേഷ് റെഡ്ഡി എന്നിവരാണ് ഇവർ.
എന്നാൽ ഇന്ത്യയുടെ മുൻനിര താരങ്ങളായ പി.വി സിന്ധു, കെ. ശ്രീകാന്ത്, സായ് പ്രണീത് എന്നിവർ ടൂർണമെന്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. പ്രണോയ് ഗോപിനാഥ് അക്കാദമിയിൽനിന്നും നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 115 ൽ എത്തി. വ്യാഴാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം ആകെ കേസുകളിൽ 25 എണ്ണം ലണ്ടനിലാണ്.യുക്കെയിൽ ഇപ്പോൾ രോഗബാധിതരായ പലർക്കും രോഗം ബാധിച്ചിരിക്കുന്നത് യുക്കെയിൽ നിന്ന് തന്നെയാണെന്നതു ആശങ്ക ഉളവാക്കിയിട്ടുണ്ട് . വൈറസ് ഗണ്യമായ രീതിയിൽ പടരാൻ സാധ്യതയുണ്ടെന്നും അടുത്ത ഘട്ടത്തിനുള്ള തയ്യാറെടുപ്പിനായി ഉദ്യോഗസ്ഥർ പ്രവർത്തനം തുടരുകയാണെന്നും പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പുതുതായി രോഗനിർണയം നടത്തിയ 25 രോഗികൾ ഇംഗ്ലണ്ടിൽ നിന്നുള്ളവരാണെന്ന് പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു.പുതിയ എട്ട് കേസുകളിൽ എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് ഉദ്യോഗസ്ഥർക്ക് അറിയില്ല – അടുത്തകാലത്തായി മറ്റു രാജ്യങ്ങൾ സന്ദേർശിക്കാതിരുന്ന യുക്കെയിൽ കഴിഞ്ഞിരുന്ന 13 ആളുകൾക്ക് രോഗം പുതിയതായി പിടിപെട്ടിട്ടുണ്ട്.ലണ്ടനിൽ 25, വടക്ക്-പടിഞ്ഞാറ്17 , തെക്ക്-പടിഞ്ഞാറ് 15 , വടക്ക്-കിഴക്ക് 10, യോർക്ക്ഷയർ& മിഡ്‌ലാന്റിൽ ഒമ്പത്, ഇംഗ്ലണ്ടിന്റെ കിഴക്ക് എട്ട് .കൊറോണ വൈറസ് മൂലം ആദ്യ മരണം യുക്കെയിൽ സ്ഥിരീകരിച്ചു.
ലണ്ടൻ: സഹോദരനെ അധിക്ഷേപിച്ച ആരാധകനെ നേരിടാൻ ഗാലറിയിലേക്ക് ഓടിക്കയറി ടോട്ടനം താരം എറിക് ഡയർ. എഫ്എ കപ്പ് ഫുട്ബോളിൽ ടോട്ടനവും നോർവിച്ചും തമ്മിലുള്ള മത്സരത്തിനുശേഷമാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഷൂട്ടൗട്ടിലെ തോൽവിക്കുശേഷം ഗാലറിയോടു ചേർന്നു നടക്കുകയായിരുന്ന ഡയർ പെട്ടെന്നു ബാരിക്കേഡുകൾ ചാടിക്കടന്നു കാണികളുടെ ഇടയിലേക്ക് ഓടിക്കയറയുകയായിരുന്നു. തുടർന്ന് ആരാധകരിലൊരാളുമായി ഡയർ വാക്കേറ്റം നടത്തി. ഉടൻതന്നെ ഇരുവരേയും സ്റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന ഗാർഡുമാർ പിടിച്ചുമാറ്റി.
മത്സരം കാണാൻ ഡയറിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. കുടുംബത്തിന്റെ മുന്നിൽ വച്ച് ഒരു ആരാധകൻ ഡയറിനെയും കുടുംബത്തെയും അപമാനിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡയറിനെതിരേ എഫ്എ നടപടിയുണ്ടാകുമെന്നാണു സൂചന.
ടോട്ടനം പരിശീലകൻ ഹോസെ മൗറീഞ്ഞോ ഡയറിന്റെ കുടുംബത്തിന് എതിരേയുണ്ടായ അധിക്ഷേപം ആവർത്തിച്ചു. ഇതിന്റെ പേരിൽ താരത്തിനെതിരേ ക്ലബ് നടപടിയെടുത്താൽ അംഗീകരിക്കില്ലെന്നും മൗറീഞ്ഞോ പറഞ്ഞു.
ലണ്ടൻ: വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയിൽനിന്നു കടന്ന സാന്പത്തിക കുറ്റവാളി നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. അഞ്ചാം തവണയാണ് യുകെയിലെ കോടതി മോദിയുടെ ജാമ്യാപേക്ഷ തള്ളുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ അറസ്റ്റിലായ മോദിയെ വാണ്ട്സ്വർത്ത് ജയിലിലാണു പാർപ്പിച്ചിരിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 200 കോടി യുഎസ് ഡോളറിന്റെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ നീരവ് മോദി കൈമാറ്റ നടപടികൾക്കെതിരേ നിയമപോരാട്ടം നടത്തുകയാണ്. മേയിലാണ് ഇതിന്റെ വിചാരണ നടക്കുന്നത്. സ്കോട്ട്ലൻഡ് യാർഡ് മോദിക്കെതിരേ കൈമാറ്റ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിട്ട് നഴ്‌സറി ജീവനക്കാരി. കേസില്‍ ഏപ്രില്‍ മൂന്നിന് വിധി പറയും. ബ്രിട്ടനിലെ ബേര്‍ക്ക്‌ഷെയറിലെ നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ കോര്‍ഡിസാണ് (20) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരായത്. 2017 ജനുവരിയിലാണ് ലീ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന ഇവര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴാണ് പീഡനം നടത്തിയത്. ആദ്യമായി ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കുമ്പോള്‍ 17 വയസായിരുന്നു ലീയുടെ പ്രായം. പിന്നീട് പലതവണ ലീ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ ഇവര്‍ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്.
ഇതിനിടെ 2017 മെയ് മാസത്തില്‍ കാമുകനായ മറ്റൊരാളെ ലീ വിവാഹം കഴിച്ചെങ്കിലും ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. സംഭവമറിഞ്ഞ കാമുകന്‍ ഇതില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലീ കൂട്ടാക്കിയില്ല. 2018 വരെ പലതവണകളായി ലീ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
ഹില്‍ ചീസ് റോളിംഗ് എന്ന മത്സരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?. എന്നാല്‍ അങ്ങനെയൊരു മത്സരം ഉണ്ട്. അങ്ങ് ഇംഗ്ലണ്ടിലെ ഗ്ലൗസെസ് ടെര്‍ഷയറിലാണ് ഇത് നടക്കുന്നത്. ലോകത്തെ പല നാടുകളില്‍ നിന്നും ആളുകള്‍ കാണാന്‍ വരുന്ന ഈ മത്സരത്തില്‍ കൂടുതലായും പങ്കെടുക്കുന്നത് യുവാക്കള്‍ തന്നെയാണ്. അപകടകരമായ ഈ മത്സരം വലിയ കഷണം ചീസ് കൊണ്ട് തന്നെയാണ് നടക്കുന്നത്.
വസന്തകാലത്ത് നടക്കുന്ന ഈ മത്സരം എങ്ങനെയെന്നല്ലേ, കുത്തനെയുള്ള മലയിറക്കത്തില്‍ ഒരു വലിയ കഷണം ചീസ് ഉരുട്ടിവിടുന്നു. ഇത് പിടിക്കാനായി പിന്നാലെ യുവാക്കളുടെ കൂട്ടം തന്നെ ഓടും. കുത്തനെയുള്ള ഇറക്കമായതിനാല്‍ ഉരുണ്ടിറങ്ങുന്ന ചീസിന് പിന്നാലെ ഓടിയാല്‍ മരണം വരെ സംഭവിക്കുന്ന പരിക്കേല്‍ക്കാം. നിരങ്ങിയും കരണം മറിഞ്ഞും ഉരുണ്ടുമൊക്കെ ആള്‍ക്കാര്‍ താഴേക്ക് പതിക്കുന്നതും പരിക്കേല്‍ക്കുന്നതുമൊക്കെ സ്ഥിരമാണെങ്കിലും മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇവര്‍ തയ്യാറാവില്ല. മണിക്കൂറില്‍ 70 മൈല്‍ വരെ വേഗത വേണ്ടി വരുമെന്നാണ് പങ്കെടുക്കുന്നവര്‍ പറയുന്നത്.
മത്സരം കാണാന്‍ വന്‍ ജനാവലിയാണ് എത്തുന്നത്. 2009 വരെ ഈ മത്സരത്തിന് സര്‍ക്കാര്‍ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതും പരാതിയും പതിവായതോടെ ഈ പിന്തുണ ഉപേക്ഷിച്ചു. എന്നാല്‍ പാരമ്പര്യം തുടരുന്നതില്‍ നാട്ടുകാര്‍ക്ക് വിലക്കില്ലെന്നതിനാല്‍ എല്ലാവര്‍ഷവും മുടങ്ങാതെ മത്സരം നടക്കുന്നു. അപകടത്തില്‍പ്പെടുന്നവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാനുള്ള മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ തന്നെ നിയോഗിക്കാറുണ്ട്.