UK

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മരിച്ച മലയാളി യുവാക്കളുടെ മൃതദേഹങ്ങൾ ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ നടന്ന ദുരന്തം മലയാളി സമൂഹം ഞെട്ടലോടെയാണ് കേട്ടത്. ദുബായ് ഗ്രീൻസ് ഗാർഡൻസ് വില്ല 336ൽ താമസിക്കുന്ന തിരുവനന്തപുരം കവടിയാർ കേശവസദനത്തിൽ ആനന്ദ് കുമാർ (നന്ദു), രാജേശ്വരി(രാജി) ദമ്പതികളുടെ മകൻ ശരത് കുമാർ (21), ഗ്രീൻസ് ഗാർഡൻസിൽ തന്നെ താമസിക്കുന്ന തൊടുപുഴ ആനക്കൂട് സ്വദേശി കൃഷ്ണകുമാറിന്റെ മകൻ രോഹിത് കൃഷ്ണകുമാർ (19) എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.

ഇന്നലെ പുലർച്ചെ ഇരുവരുടെയും വീടിന് ഒരു കിലോമീറ്റർ സമീപത്താണ് അപകടമുണ്ടായത്. റോഡിന്റെ തിട്ടയിൽ ഇടിച്ച് ഉയർന്ന കാർ പതിനഞ്ച് മീറ്ററോളം അകലെയുള്ള മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇരുവരും മരിച്ചു. കാർ പൊളിച്ചാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. ശരത്താണ് കാർ ഓടിച്ചിരുന്നത്. ഇരുവരുടെയും കഴുത്തിന്റെ ഭാഗത്താണ് ആഴത്തിൽ ക്ഷതമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നെന്നാണു പൊലീസ് റിപ്പോർട്ട്.

ദുബായ് ഡിപിഎസ് സ്കൂളിലെ പഠന കാലം മുതൽ സുഹൃത്തുക്കളായ ഇരുവരും മരണത്തിലും ഒന്നിച്ചു. ശരത് അമേരിക്കയിലെ ബോസ്റ്റൺ യൂണിവഴ്സിറ്റിയിലും രോഹിത് യുകെയിലെ മാഞ്ചസ്റ്റർ യൂണിവഴ്സിറ്റിയിലും ഉന്നത വിദ്യാഭ്യാസം ചെയ്യുകയായിരുന്നു. ഇരുവരും അവധിക്ക് ദുബായിൽ എത്തിയതാണ്. സൃഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും കണ്ട ശേഷം എല്ലാവരും ഡിസ്കവറി ഗാർഡൻസിൽ നിന്ന് ആഹാരവും കഴിച്ചു. ഒരു സൃഹൃത്ത് സ്വന്തം കാറിൽ വീട്ടിലേക്ക് പോയതിനെ തുടർന്ന് മറ്റ് മൂന്നുപേരും കാറിൽ ഗാർഡൻസിലേക്കു പുറപ്പെടുകയായിരുന്നു. ഒരാളെക്കൂടി വീട്ടിൽ എത്തിച്ച ശേഷം രോഹിതിനെ വീട്ടിലാക്കാൻ പോകുമ്പോഴായിരുന്നു അപകടം. പുലർച്ചെ മൂന്നോടെയാണ് അപകടം ഉണ്ടായതെങ്കിലും വീട്ടുകാർ വിവരം അറിഞ്ഞത് രാവിലെ എട്ടിനു ശേഷമാണ്. മക്കൾ കൂട്ടുകാരന്റെ വീട്ടിൽ ഉറങ്ങുകയാകുമെന്നാണ് ഇരുവീട്ടുകാരും കരുതി.

ഇരു കൂട്ടുകാരും ഇന്ന് കേരളത്തിലേക്കു പോകാൻ ടിക്കറ്റും ബുക്കു ചെയ്തിരുന്നതാണ്. എന്നാൽ വീടുകൾക്ക് വെറും ഒരുകിലോ മീറ്റർ അകലെ വച്ച് ഇരുവരെയും മരണം കവർന്നു. പഠനത്തില്‍ സമർഥരായിരുന്ന ഇരുവരെയും കുറിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പറയാൻ നല്ലതു മാത്രം. വ്യവസായിയായ ആനന്ദ് കുമാറിന്റെ ഏക മകനാണ് ശരത്. കൃഷ്ണകുമാറിന്റെ രണ്ടു മക്കളിൽ ഇളയ ആളാണ് രോഹിത്. ഇന്ന് നാട്ടിലെത്തി നാളെ തന്റെ മകനൊപ്പം ശബരിമലയിൽ പോകാനിരിക്കുകയായിരുന്നെന്നും മരണവാർത്ത വിശ്വസിക്കാനായില്ലെന്നും തിരുവനന്തപുരം കെബിപിൽ ഉദ്യോഗസ്ഥനും ആനന്ദ്കുമാറിന്റെ ബന്ധുവുമായ സൂരജ് പറഞ്ഞു.

ഇന്നലെ രാത്രി തന്നെ ആനന്ദ് തിരുവനന്തപുരത്ത് നിന്ന് ദുബായിലെത്തി. ഇന്ന് വൈകിട്ട് നാലിന് എംബാമിങിന് ശേഷം ശരത്തിന്റെ മൃതദേഹം രാത്രി ഒൻപതിന് എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോകും. രോഹിതിന്റെ മൃതദേഹം കൊച്ചിയിലേക്കും കൊണ്ടുപോകും. ശരത്തിന്റെ സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ എംബാമിങ് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ഗ്രീൻസിലെ വില്ലയിൽ രാജിക്കൊപ്പം താമസിക്കുന്ന രാജിയുടെ മാതാവിനെ ചെറുമകന്റെ മരണ വിവരം ഇന്നലെ അറിയിച്ചിരുന്നില്ല. ഇന്നു രാവിലെ അറിയിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് ബന്ധുക്കൾ. മുത്തശ്ശിയും ചെറുമകനും തമ്മിൽ നല്ല ആത്മബന്ധമായിരുന്നു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- നാഷണൽ ഹെൽത്ത് സർവീസ് സ്റ്റാഫുകളുടെയും , മറ്റ് പബ്ലിക് സെക്ടർ ജീവനക്കാരുടെയും സേവനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി ബോറിസ് ജോൺസന്റെയും, ജെറെമി കോർബിന്റെയും ക്രിസ്മസ് സന്ദേശങ്ങൾ. ഇലക്ഷന് ശേഷമുള്ള തന്റെ പ്രഥമ ക്രിസ്മസ് സന്ദേശത്തിൽ, പ്രധാനമന്ത്രി ലോകമെങ്ങും പീഡനം നേരിടുന്ന ക്രിസ്തീയ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലോകത്തെങ്ങും അനീതിയും, അസമാധാനവും വളർന്നുകൊണ്ടിരിക്കുകയാണ് എന്ന് ലേബർ പാർട്ടിയുടെ നേതാവ് ജെർമി കോർബിൻ തന്റെ ക്രിസ്മസ് സന്ദേശത്തിൽ വ്യക്തമാക്കി. എന്നാൽ ക്രിസ്മസിന്റെ ദിവസങ്ങളിൽ പോലും ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.


സ്കോട്ട്‌ലൻഡിന്റെ പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയോനും പബ്ലിക് സെക്ടറിൽ ജോലിചെയ്യുന്ന ജീവനക്കാരോടുള്ള നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രി തന്നെ ക്രിസ്മസ് സന്ദേശത്തിൽ, എല്ലാവർക്കും ക്രിസ്മസ് ആശംസകളും നേർന്നു. ഇലക്ഷൻ വിജയത്തിന് ശേഷം ആദ്യമായി ഡൗണിങ് സ്ട്രീറ്റിൽ ക്രിസ്മസ് ആഘോഷിക്കുന്ന ബോറിസ് ജോൺസൺ, ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്ക് തന്റെ പിന്തുണ അറിയിച്ചു.

ലേബർ പാർട്ടി നേതാവായുള്ള തന്റെ അവസാന ക്രിസ്മസ് സന്ദേശത്തിൽ, നന്മ നിറഞ്ഞ ഒരു സമൂഹം ഉണ്ടാവണമെന്ന ആശംസയാണ് ജെർമി കോർബിൻ നേർന്നത്. എല്ലാവരും ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുമ്പോഴും, സാധാരണക്കാരും പാവപ്പെട്ടവരും എല്ലാവരുടെയും ഓർമ്മയിൽ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: ഓണ്‍ലൈന്‍ വിപണിയിലെ വിലക്കുറവ് മഹാമേളകള്‍ ഉപയോക്താക്കള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. മൊബൈലടക്കമുള്ളവയാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിക്ക് പ്രിയമെങ്കില്‍ യുകെയിൽ മദ്യത്തിനാണ് വലിയ ഡിമാന്‍ഡ്. വിലക്കുറവ് തന്നെയാണ് അവിടെയും ആകര്‍ഷണഘടകം. ക്രിസ്മസ് പ്രമാണിച്ച് ആമസോണ്‍.യുകെ അടക്കമുള്ള ഓണ്‍ലൈന്‍ വിപണിയിലെ വിലക്കുറവ് ആരേയും അമ്പരപ്പിക്കുന്നതാണ്.

യുകെ ആമസോണ്‍ 44 ശതമാനം വരെ മദ്യത്തിന് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീമിയം ബ്രാന്‍ഡുകള്‍ക്കാണ് പ്രധാനമായും വിലക്കുറവ്. ക്രിസ്മസിന് മദ്യം ഗിഫ്റ്റ് നല്‍കാന്‍ ആഗ്രഹിക്കുന്നവരെ ആമസോണ്‍ പ്രത്യേകം നോട്ടമിട്ടിട്ടുണ്ട്. മദ്യ ഗിഫ്റ്റ് പാക്കറ്റുകള്‍ക്കും വലിയ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബര്‍ ഒമ്പതിന് ആരംഭിച്ച ക്രിസ്മസ് ഗിഫ്റ്റ് ഓഫര്‍ ഇരുപത്തിരണ്ടാം തിയതിയാണ് അവസാനിക്കുക. മദ്യമടക്കം ഇരുന്നൂറിലധികം ഉല്‍പന്നങ്ങള്‍ക്കാണ് ആമസോണ്‍.യുകെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുകെ ആമസോണ്‍ സൈറ്റില്‍ കയറി സെര്‍ച്ച് ബാറില്‍ ബിയര്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റ് എന്ന് ടൈപ്പ് ചെയ്താല്‍ മദ്യവില്‍പ്പനയുടെ മൊത്തം വിവരങ്ങളും ലഭ്യമാകും.

 

 

സൗത്ത് ആഫ്രിക്കക്കെതിരായ പാരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ക്യാമ്പിൽ ടീം അംഗങ്ങളിൽ ചിലർക്ക് അജ്ഞാത അസുഖം ബാധിച്ചതിനെത്തുടർന്ന് സോമർസെറ്റ് ബളർമാരായ ഡൊമിനിക് ബെസ്, ക്രെയ്ഗ് ഓവർട്ടൺ എന്നിവരെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ഇംഗ്ലണ്ട് വിളിപ്പിച്ചു.

ഇംഗ്ലണ്ടിലെ ടൂറിംഗ് നിരവധി അംഗങ്ങൾക്ക് ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളുണ്ട്, ബോക്സിംഗ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് ഒരാഴ്ച മാത്രം മാത്രമുള്ളപ്പോൾ ആണ് ഇത്.

അതിന്റെ അനന്തരഫലമായി, ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ വെള്ളിയാഴ്ചത്തെ സന്നാഹമത്സരത്തെ ഫസ്റ്റ് ക്ലാസ് പദവിയിൽ നിന്ന് തരംതാഴ്ത്തി പ്രദർശന മത്സരമായാണ് കളിച്ചതു.

സ്റ്റുവർട്ട് ബ്രോഡ്, ജോഫ്ര ആർച്ചർ, ജാക്ക് ലീച്ച് എന്നിവർക്കാണ് അസുഖ ബാധിതർ. ഏതൊരു പകർച്ച വ്യാധി രോഗമാണെങ്കിൽ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കുമെന്നു ആശങ്കയിൽ ആണ് ടീം അംഗങ്ങൾ.

ഓഫ് സ്പിന്നർ ബെസും സീമർ ഓവർട്ടണും ശനിയാഴ്ച ജോഹന്നാസ്ബർഗിൽ എത്തും.ഇംഗ്ലണ്ട് നാല് ടെസ്റ്റുകളും മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ട്വന്റി -20 മത്സരങ്ങളും കളിക്കും.

സുരേന്ദ്രൻ ആരക്കോട്ട്.

ലണ്ടൻ:- നിലവിലെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് സഹമന്ത്രിയും, ഭാരതീയ ജനതാ പാർട്ടി കേരള ഘടകത്തിന്റെ മുൻ പ്രസിഡന്റും, മലയാളിയും ആയ ശ്രീ വി. മുരളീധരന് ഡിസംബർ 18 വ്യാഴാഴ്ച വൈകീട്ട് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ വക ഗംഭീര സ്വീകരണമൊരുക്കി.

സിഖ് മതാചാര്യനായ ശ്രീ ഗുരു നാനാക് ദേവ്ജിയുടെ 550-ആം ജന്മ വാർഷിക ആഘോഷങ്ങളിൽ സംബന്ധിക്കാനായി ഇന്ത്യൻ ഗവൺമെന്റ്  പ്രതിനിധിയായി യുകെയിൽ എത്തിച്ചേർന്ന കേന്ദ്രമന്ത്രിയെ ആദരിക്കാനായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീമതി. രുചി ഗനശ്യാം ആണ് നെഹ്‌റു സെന്ററിൽ സ്വീകരണമൊരുക്കിയത്. ചടങ്ങിൽ ശ്രീമതി രുചി ഗനശ്യാം, ലോർഡ് രമീന്ദാർ സിംഗ് റേഞ്ചർ എന്നിവർക്ക് പുറമെ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട ഇന്ത്യൻ വംശജർ പങ്കെടുക്കുകയുണ്ടായി.

ഇന്ത്യയുടെ മഹത്തായ പൈതൃകവും, നൂറ്റാണ്ടുകളെ അതിജീവിച്ച സംസ്കാരവും തന്റെ പ്രസംഗത്തിൽ ഉയർത്തിക്കാട്ടിയ കേന്ദ്ര മന്ത്രി ശ്രീ. മുരളീധരൻ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മറ്റു ലോക രാജ്യങ്ങൾ ബഹുമാനിക്കാൻ തുടങ്ങിയിരിക്കുന്നത് ശുഭോതർക്കമാണെന്നു സൂചിപ്പിച്ചു. നമ്മുടെ അയൽ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, മാറി മാറി ഭരിക്കുന്ന രാഷ്ട്രീയ മുന്നണികൾ എന്നും ഇന്ത്യക്കു സുശക്തമായ സർക്കാരുകളെയാണ് നൽകിയിട്ടുള്ളത്. ബ്രിട്ടനിലും ഇന്ത്യയിലും പിന്തുടരുന്ന ജനാധിപത്യത്തിന്റെ ശക്തിയാണ് ഇത് എടുത്തുകാണിക്കുന്നതെന്നു ശ്രീ. മുരളീധരൻ അഭിപ്രായപ്പെട്ടു.

ക്ഷണം ലഭിച്ചതനുസരിച്ച് സ്വീകരണ ചടങ്ങിൽ സംബന്ധിച്ച യുക്മ നാഷണൽ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മയുടെ ലണ്ടൻ ഓർഗനൈസർ എബ്രഹാം ജോസ് പൊന്നുംപുരയിടം, യുക്മ ന്യൂസ് എഡിറ്റർ സുരേന്ദ്രൻ ആരക്കോട്ട് എന്നിവർ കേന്ദ്ര മന്ത്രി ശ്രീ. വി. മുരളീധരനുമായി നേരിട്ട് സംസാരിക്കുകയും യുകെയിലെ മലയാളികളെയാകെ ഒറ്റക്കുടക്കീഴിൽ അണിനിരത്തുന്ന യുക്മ എന്ന സംഘടന നടത്തുന്ന സാമൂഹിക – സാംസ്കാരിക പരിപാടികളെക്കുറിച്ചും ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ഹൈക്കമ്മീഷന്റെ എല്ലാ സഹായവും ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്നു ഉറപ്പു നൽകി.

ലിസ മാത്യു

ബെർമിംഗ്ഹാം : ഒരു കന്യാസ്ത്രി സിനിമ സംവിധാനം ചെയ്യുമോ ?.. ആരെയും ഒന്ന്  അമ്പരപ്പിക്കുന്ന ചോദ്യം . എന്നാൽ ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് മലയാളിയായ  സിസ്റ്റർ ജിയ .  ക്രൈസ്തവ സന്ദേശം ജനമനസ്സുകളിൽ എത്തിക്കുവാൻ പുതിയ മേഖലകൾ കണ്ടെത്തിയിരിക്കുകയാണ് മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റർ ജിയ. തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം തന്നാലാവുന്ന വിധം തന്റെ കഴിവുകളിലൂടെ പ്രകാശിപ്പിക്കുകയാണ് സിസ്റ്റർ ജിയ . വനിതാ സംവിധായകർ കുറവായ സിനിമാ രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ് ഈ സന്യാസിനി. സിസ്റ്ററിന്റെ കഠിനാധ്വാനത്തിന്റെയും, സമർപ്പണത്തിന്റെയും ഫലമാണ് “എന്റെ വെള്ളത്തൂവൽ “എന്ന രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന സിനിമ. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി, ഒരു കന്യാസ്ത്രീയുടെ ത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് വെള്ളിത്തൂവൽ. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഗാനരചന, നിർമ്മാണം, സംവിധാനം എന്നിവയെല്ലാം നിർവഹിച്ചിരിക്കുന്നത് സിസ്റ്റർ ജിയ ആണ്.

2015 ൽ കത്തോലിക്ക സഭ സമർപ്പിത വർഷമായി ആചരിച്ചപ്പോൾ, സമർപ്പിതരുടെ ത്യാഗോജ്വലമായ ജീവിതത്തെ അനുസ്മരിച്ചുകൊണ്ട് ഒരു ചിത്രം രൂപപ്പെടുത്തണം എന്ന ആഗ്രഹത്തിൽ നിന്നാണ് “എന്റെ വെള്ളിത്തൂവൽ” എന്ന സിനിമ പിറന്നതെന്ന് സിസ്റ്റർ അനുസ്മരിക്കുന്നു. കുടുംബങ്ങളിലേക്ക് സ്നേഹത്തിന്റെ വെളിച്ചം വീശുക എന്നതായിരുന്നു ഈ ചിത്രത്തിന്റെ ലക്ഷ്യമെന്നും സിസ്റ്റർ പറയുന്നു. ചെറുപുഴയിലെ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ ലാബിന്റെ ചുമതലകൾക്കിടയിലാണ് സിസ്റ്റർ സിനിമ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്നത്. സിനിമയുടെ ഓരോ പടിയിലും സിസ്റ്ററിൻെറ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.

നിലവിൽ രണ്ട് ഷോർട്ട് ഫിലിമുകളും സിസ്റ്റർ ചെയ്യുന്നുണ്ട് – ദൈവദാസൻ, ബെൽസ് ഓഫ് ഹംഗർ എന്നിവയാണ് അവ. തന്റെ സന്യാസി സമൂഹം തനിക്ക് പൂർണ്ണ പിന്തുണ നൽകി എന്ന് സിസ്റ്റർ നന്ദിയോടെ ഓർക്കുന്നു.

എന്നാൽ ഇപ്പോൾ ഈ ക്രിസ്തുമസ് കാലത്ത് ഇതേ സിസ്റ്ററിന്റെ തൂലികത്തുമ്പിൽ നിന്നും അതിമനോഹരമായ ഒരു കരോൾ ഗാനം കൂടി പിറന്നിരിക്കുകയാണ്.” ഗ്ലോറിയ പാടൂ ആമോദമായ് ചേർന്ന്” എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഫാദർ മാത്യൂസ് പയ്യപ്പിള്ളി എം സി ബി എസ് ആണ്. ഈ ഗാനം പുറത്തിറങ്ങി ദിവസങ്ങൾക്കകം തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. യുകെയിലെ വാൽസാൾ നിവാസിയായ ഷിജു തോമസ് മടത്തിമലയിൽ നിർമ്മിച്ച ഈ മനോഹരമായ ഗാനം ജിജോ ജോയും ആൽഡ്രിയ സാബുവും ചേർന്നാണ് പാടിയിരിക്കുന്നത്.

പാലക്കാട് രൂപതയിലെ ഇരുമ്പകച്ചോല കൊമ്പേരിയിൽ ജോയിയുടെയും എൽസിയുടെയും പത്ത് മക്കളിൽ നാലാമത്തെ ആളാണ് സിസ്റ്റർ ജിയ. ക്രിസ്തുവിനെ മനുഷ്യമനസ്സുകളിൽ എത്തിക്കുവാൻ നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തണമന്നാണ് സിസ്റ്റർ പറയുന്നത്. തന്റെ ജീവിതത്തെ മറ്റുള്ളവർക്ക് പ്രയോജനപ്രദം ആക്കി മാറ്റിയിരിക്കുകയാണ് സിസ്റ്റർ.

സിസ്റ്റർ ജിയ രചിച്ച മനോഹരമായ ഈ ക്രിസ്തുമസ് ഗാനം കേൾക്കുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക

[ot-video][/ot-video]

പ്രവാസി മലയാളികളുടെ നാട്ടിലേക്കുള്ള യാത്രകൾ ഓ സി ഐ കാർഡുള്ളവർക്ക് തലവേദനയായിരുന്നു. 20 വയസ് വരെയുള്ളവരും 50 വയസ് കഴിഞ്ഞവരും പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഓ.സി.ഐ കാര്‍ഡ് പുതുക്കണമെന്ന നിബന്ധനയില്‍ ഇളവാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. 20 ന് മുമ്പും 50 ന് ശേഷവും വിദേശ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒപ്പം ഓ.സി.ഐ കാര്‍ഡും പുതുക്കണമെന്നാണ് 2005 മുതലുള്ള നിയമം. എങ്കിലും അത് വിമാനത്താവളങ്ങളില്‍ കര്‍ശനമായി നടപ്പാക്കി തുടങ്ങിയപ്പോള്‍ പല പ്രവാസികളുടെയും കുടുംബ സമേതമുള്ള യാത്രകള്‍ മുടങ്ങിയ വിവരം മലയാളം യുകെ മുൻപ് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇത്തരത്തിൽ പലർക്കും ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഇപ്പോൾ ചെറിയ ഒരു ഇളവ് നൽകിയിരിക്കുന്നത്.

ഇതോടെ 2020 ജൂണ്‍ വരെ ഈ നിയമത്തില്‍ ഇളവ് പ്രഖാപിച്ചിട്ടുണ്ട്. ഓ.സി.ഐ കാര്‍ഡും പഴയ പാസ്സ്‌പോര്‍ട്ടും കൈവശം വെയ്ക്കണമെന്നാണ് വ്യവസ്ഥ.കഴിയുന്നതും വേഗം ഓ.സി.ഐ കാര്‍ഡുകള്‍ നിയമം അനുസരിച്ചു പുതുക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്.

സ്വിസ് മലയാളികളുടെ പുരോഗമന പ്രസ്‌ഥാനമായ സ്വിസ് കേരള പ്രോഗ്രസ്സിവ് ഫോറം (KPFS) പൗരത്വ ബില്ലുമായി ബന്ധപ്പെട്ടു ഇന്ത്യയൊട്ടാകെ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധങ്ങളിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ചു.

പൗരന്മാരെ രണ്ടു തരമായി തിരിച്ചു ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരെ അവഗണിക്കുകയും പാർശ്വവത്കരിക്കുകയും ചെയ്തു അവർക്കു മൗലികാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ കൊണ്ട് വന്നിരിക്കുന്ന പൗരത്വ ഭേദഗതി ബില്ല് (CAB) പാർലമെന്റിന്റെ ഇരു സഭകളിലും ബി.ജെ.പി ഗവണ്മെന്റിനു പാസ്സാക്കിയെടുക്കാൻ കഴിഞ്ഞിരുന്നു. ഫാസിസത്തിന്റെ എല്ലാ സവിശേഷതകളോടു കൂടി രൂപാന്തരണം ചെയ്തുകൊണ്ടിരിക്കുന്ന വർഗീയ ശക്തികളുടെ ഈ നീക്കങ്ങളെ പുരോഗമനചിന്താഗതിക്കാരായ ഓരോ ഇന്ത്യൻ പൗരനും ഉൽകണ്ഠയോടും ഭീതിയോടെയുമാണ് കാണുന്നത്. ഒരുമയോടെ പ്രവർത്തിക്കുവാനും നാടിന്റെ പുരോഗതിക്കു വേണ്ടി നിലകൊള്ളാനും ഓരോ പൗരനെയും ഇത്തരം നീക്കങ്ങൾ ഓർമിപ്പിക്കുന്നു.

ഈ ഭേദഗതി ബിൽ വിദേശമലയാളികൾക്കും OCI കാർഡ് കൈവശമുള്ള എല്ലാവര്ക്കും ദോഷമുണ്ടാക്കുന്ന ഭേദഗതികൾ ഉള്കൊള്ളുന്നതാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്ധിപ്പിക്കുന്നതാണെന്നതിൽ സംശയമില്ല. നിസ്സംഗതയോടെ കാര്യങ്ങളെ കാണുന്ന പ്രവണത മാറ്റി ഉണർന്നു പ്രവറ്ത്തിക്കേണ്ടതിന്റെ ആവശ്യകതയും ഇത്തരം സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. പിറന്ന മണ്ണിലേക്ക്, വീടും വസ്തുവകകളും സ്‌ഥിതിചെയ്യുന്ന നാട്ടിലേക്ക് ചെല്ലുവാൻ വിസപോലും കിട്ടാത്ത അവസ്‌ഥ ഓരോ മലയാളിക്കും ചിന്തിക്കാൻ പോലുമാകില്ല.

സാമുദായികസൗഹാർദ്ദത്തിന് കടക്കൽ കത്തി വയ്ക്കുന്ന ഇത്തരം നീക്കങ്ങളെ കൂട്ടായ്മയോടെ എതിർക്കേണ്ടതുണ്ടെന്നു കേരള ഗവണ്മെന്റ് തന്നെ അഭിപ്രായം പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജനുവരി 26 നു സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലക്കു KPFS ന്റെ ഭാവുകങ്ങൾ നേരുന്നതായി സംഘടനക്ക് വേണ്ടി പ്രസിഡന്റ് സണ്ണി ജോസഫും ജന:സെക്രട്ടറി സാജൻ പെരേപ്പാടനും അറിയിച്ചു.

ഡബ്ലിന്‍: യുകെയിലേക്ക് കൂടുതൽ വിദേശ നഴ്‌സുമാരെ കൊണ്ടുവരും എന്ന അറിയിപ്പിന്‌ പിന്നാലെ അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ വ്യാപകമായ പൊളിച്ചെഴുത്തുകള്‍ നടത്തി കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. അയര്‍ലണ്ടില്‍ ജോലിയ്‌ക്കെത്തുന്ന എല്ലാ നഴ്‌സുമാര്‍ക്കും ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ജനുവരി ഒന്നിന് പുതിയ വര്‍ക്ക് പെര്‍മിറ്റ് നിയമം പ്രാബല്യത്തില്‍ വരും എന്നാണ് അയർലണ്ടിലെ മന്ത്രിയുടെ വാർത്താക്കുറിപ്പ് ഇന്ന് ഐറിഷ് മാധ്യമങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

ഇത് വരെ അയര്‍ലണ്ടില്‍ എത്തിയിരുന്ന വിദേശ നഴ്‌സുമാരെ ക്രിട്ടിക്കല്‍ സ്‌കില്‍, ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചാണ് പെര്‍മിറ്റ് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം നഴ്‌സുമാര്‍ എല്ലാവരും ക്രിട്ടിക്കല്‍ സ്‌കില്‍ എന്ന ഒരൊറ്റ കാറ്റഗറിയിലാവും ഉള്‍പ്പെടുക. നിലവില്‍ ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്ള നഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും ജനറല്‍ പെര്‍മിറ്റില്‍ എത്തിയവര്‍ക്കും ലഭിക്കും.

ജനറല്‍ വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയവരുടെ സ്പൗസസിന് ജോലി ചെയ്യാനുള്ള തടസം, ഫാമിലിയെ കൊണ്ടുവരാന്‍ ഉണ്ടായിരുന്ന കാലതാമസം എന്നിവയെല്ലാം പുതിയ നിയമത്തോടെ നീക്കം ചെയ്യും. ജോലി തേടി അയര്‍ലണ്ടില്‍ എത്തുന്ന നഴ്‌സുമാര്‍ക്കൊപ്പം തന്നെ അവരുടെ പങ്കാളിക്കും, മക്കള്‍ക്കും അയര്‍ലണ്ടില്‍ എത്താനാവും. പങ്കാളികള്‍ക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ ഉണ്ടായിരുന്ന എല്ലാ തടസവും സര്‍ക്കാര്‍ ഇല്ലാതാക്കി. അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ ഷെഫുമാരെയും, കണ്‍സ്ട്രക്ഷന്‍ വിദഗ്ധരെയും ആകര്‍ഷിക്കാനായുള്ള നിയമഭേദഗതികളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ ഷെഫുമാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.

ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ കുറവ് പരിഹരിക്കുന്നതിന് ഹെവി ഗുഡ്‌സ് വാഹന ഡ്രൈവര്‍മാര്‍ക്ക് 200 പെര്‍മിറ്റുകളും അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മികച്ച കരിയര്‍ ബാക്ക് ഗ്രൗണ്ടില്‍ നിന്നും അയര്‍ലണ്ടില്‍ എത്തുന്ന നഴ്‌സുമാരുടെ സ്പൗസസിന് അയര്‍ലണ്ടിലെ പൊതു തൊഴില്‍ മേഖലയില്‍ നിബന്ധനകളില്ലാതെ പ്രവര്‍ത്തിക്കാനാവുമെന്നത് ഏറെ നേട്ടമാകും. അത് കൊണ്ട് തന്നെ മലയാളികള്‍ക്കും ഏറെ അഭിമാനിക്കാവുന്ന ഒരു നിയമ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അയര്‍ലണ്ടിലേക്ക് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ എത്തുന്നതും ഇന്ത്യയില്‍ നിന്നാണ്. എന്തായാലൂം മെഡിക്കൽ പഠനം നടത്തിയിട്ടുള്ളവരുടെ ജോലി അവസരങ്ങൾ കൂടുന്നു എന്നത് ഒരു യാഥാർത്യമാണ്.

സ്വന്തം ലേഖകൻ

ബെർമിംഗ്ഹാം : സ്വർഗീയ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് കഴിഞ്ഞ ശനിയാഴ്ച്ച ബെർമിംഗ്ഹാമിലെ കിംഗ് എഡ്വേർഡ് സ്കൂളിൽ ഗർഷോം ടിവിയും , ലണ്ടൻ അസഫിയൻസും ഒന്നിച്ച് ഒരുക്കിയ ജോയ് റ്റു ദി വേൾഡ് കരോൾ ഗാന മത്സരത്തിൽ പങ്കെടുത്തത് യുകെയിലെ ഏറ്റവും കഴിവുറ്റ പതിനഞ്ചോളം ഗായകസംഘങ്ങൾ . കഴിഞ്ഞ വർഷങ്ങളെക്കാൾ മനോഹരമായി ഒരുക്കിയ ഈ സംഗീത വിരുന്നിൽ വൻ ജനപങ്കാളിത്തമാണ് ഇപ്രാവശ്യം ഉണ്ടായിരുന്നത് . ജോയ് റ്റു ദി വേൾഡ് മൂന്നാമത് ഓൾ യുകെ കരോൾ ഗാന മത്സരത്തിൽ മിഡ്ലാൻഡ്സ് ഹെർമോൻ മാർത്തോമാ പള്ളി ഗായക സംഘം അലൈഡ് മോർട് ഗേജ് സർവീസ് സ്പോൺസർ ചെയ്ത ആയിരം പൗണ്ട് കാഷ് അവാർഡിന് അർഹരായി .

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പള്ളികളെയും , സംഘടനകളെയും പ്രതിനിധീകരിച്ചു പങ്കെടുത്ത പതിനഞ്ചു ഗായകസംഘങ്ങൾ പങ്കെടുത്ത ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ബ്രിസ്റ്റോൾ ക്നാനായ കത്തോലിക്ക അസോസിയേഷൻ ഗായക സംഘം , ഹെവൻലി വോയിസ് സ്റ്റോക്ക് ഓൺ ട്രെൻഡ് , ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച്‌ ഗായകസംഘം, എയിൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ മിഷൻ ഗായകസംഘം എന്നിവർ യഥാക്രമം രണ്ടും , മൂന്നും , നാലും അഞ്ചും സ്ഥാനങ്ങൾ നേടി .

രണ്ടാം സ്ഥാനം നേടിയ ബ്രിസ്റ്റോൾ ടീമിന് ലോ ആൻഡ് ലോയേഴ്സ് സ്പോൺസർ ചെയ്ത അഞ്ഞൂറ് പൗണ്ടും ട്രോഫിയും , മൂന്നാം സമ്മാനം നേടിയ ഹെവൻലി വോയിസ് ടീമിന് പ്രൈം കെയർ സ്പോൺസർ ചെയ്ത  ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും , നാലും അഞ്ചും ടീമുകൾക്കു ട്രോഫിയും സമ്മാനിച്ചു . കഴിഞ്ഞ മൂന്നു വർഷങ്ങളായി തുടർച്ചയായി നടക്കുന്ന ജോയ് റ്റു ദി വേൾഡ് കരോൾ മത്സരവും , സംഗീത നിശയും ഓരോ വർഷം കഴിയുന്തോറും പങ്കെടുക്കുന്ന ടീമുകളുടെ എണ്ണവും , ആളുകളും വർധിച്ചു വരുന്നതായാണ് കാണുന്നത് .

ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക് മേയർ ടോം ആദിത്യ പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുക്കുകയും സമ്മേളനം ഉത്‌ഘാടനം ചെയ്യുകയും ചെയ്തു . യുകെ ക്രോസ്സ് കൾച്ചർ മിനിസ്ട്രീസ് ഡയറക്ടർ ജോ കുര്യൻ , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ റവ . ഫാ. ടോമി എടാട്ട് , എന്നിവർ ക്രിസ്മസ് സന്ദേശം നൽകി .

മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വികാരി ജനറാൾ വെരി . റെവ . ഫാ. ജോർജ് ചേലക്കൽ , അലൈഡ് മോർട്ട്‌ ഗേജ് മാനേജിങ് പാർട്ണർ ബിജോ ടോം ചൊവ്വേലിക്കുടി , മേയർ ടോം ആദിത്യ , റോജി മോൻ വർഗീസ്, ഗർഷോം ടി വി ഡിറക്ടര്മാരായ ജോമോൻ കുന്നേൽ , ബിനു ജോർജ് ലണ്ടൻ അസാഫിയൻസ് സെക്രട്ടറി സുനീഷ് ജോർജ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ടെക്ക് ബാങ്ക് യുകെയും , പോൾ ജോൺ ആൻറ് കമ്പനിയും , ഗണിത വെൽത്തും , ടോംടൺ ട്രാവൽസും , ഡയറക്ട് ആക്സിഡന്റ് ക്ലൈം അസിസ്റ്റന്റ് ലിമിറ്റഡ് ,  ടൂർ ഡിസൈനേഴ്സും ഈ പരിപാടിയുടെ സ്‌പോൺസർമാർ ആയിരുന്നു .

യുകെ മലയാളികൾക്കിടയിൽ സംഗീത രംഗത്ത് മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വച്ച് മുന്നേറുന്ന ടെസ്സ സൂസൻ ജോൺ , ടീന ജിജി എന്നിവർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു. കരോൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ വിവിധ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി.

Copyright © . All rights reserved