UK

മിടുക്കരായ നഴ്സുമാര്‍ക്ക് മുന്‍പില്‍ പുത്തന്‍ അവസരങ്ങളുടെ വാതില്‍ തുറന്നു ബ്രിട്ടീഷ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഐഇഎല്‍ടിഎസ് റൈറ്റിംഗ് സ്‌കോര്‍ 7 ബാന്‍ഡില്‍ നിന്നും 6.5 ആയി കുറച്ചതു പോലെ ഇപ്പോള്‍ ഒഇടി റൈറ്റിംഗ് സ്‌കോറിലും ഇളവു വരുത്തിയിരിക്കുകയാണ് എന്‍എംസി. കഴിഞ്ഞ ഒരു മാസത്തെ വിശദമായ പരിശോധനകള്‍ക്കു ശേഷമാണ് ഒഇടി സ്‌കോര്‍ കുറയ്ക്കുവാന്‍ തീരുമാനിച്ചത്. പുതിയ മാറ്റം അനുസരിച്ച് ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റി (ഒഇടി) ല്‍ എല്ലാവരും തുടര്‍ച്ചയായി തോല്‍ക്കുന്ന റൈറ്റിംഗിന് സിപ്ലസ് നേടിയാല്‍ മതിയാകും. ലിസണിംഗ്, റീഡിങ്, സ്പീക്കിംഗ് എന്നിവയ്ക്ക് നിലവിലുള്ള ബി ഗ്രേഡ് തുടരുമ്പോള്‍ റൈറ്റിംഗിന് സിപ്ലസ് മതിയാകും. പുതിയ നിയമം നിലവിൽ വന്നാൽ ഏറ്റവും കൂടുതൽ സഹായകരമാകുന്നത് കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ആയിരിക്കും .

ഈമാസം 27 മുതല്‍ സ്വീകരിക്കുന്ന ആപ്ലിക്കേഷനുകള്‍ പുതിയ മാറ്റം അനുസരിച്ചുള്ളതാവും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒഇടി എഴുതിയപ്പോള്‍ റൈറ്റിംഗിനു മാത്രം സി പ്ലസ് കിട്ടിയതുകൊണ്ട് ബ്രിട്ടനിലേക്ക് എത്താന്‍ സാധിക്കാതെ പോയവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. യുകെയില്‍ ജോലി ചെയ്യാനുള്ള നഴ്സുമാരുടെ ഇംഗ്ലീഷ് യോഗ്യതയില്‍ വെട്ടിക്കുറവ് വരുത്തുന്ന യുകെയിലെ നഴ്സിങ് റെഗുലേറ്ററി ഏജന്‍സിയായ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ എടുത്ത ചരിത്രപരമായ തീരുമാനം ആണ് ഇന്ത്യയിലും ഗള്‍ഫിലുമെല്ലാമായി കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് പുതിയ അവസരത്തിന് വഴി തുറക്കുന്നത്.

നിരവധി തവണ ഒഇടി ടെസ്റ്റ് എഴുതിയിട്ടും റൈറ്റിംഗ് മൊഡ്യൂള്‍ എന്ന കടമ്പ കടക്കാനാവാതെ നിരവധി പേരാണ് പരാജയപ്പെടുന്നത്. അനേകം മലയാളി നഴ്സുമാരാണ് നാലും അഞ്ചും തവണ ബാക്കി എല്ലാത്തിനും ബി നേടിയിട്ടും നേടിയിട്ടും റൈറ്റിങ്ങില്‍ സി പ്ലസില്‍ കുടുങ്ങി കിടക്കുന്നത്. റൈറ്റിംഗിനു മാത്രം സി പ്ലസ് ആയതുകൊണ്ട് ബ്രിട്ടനിലെ നഴ്സിംഗ് ജോലി എന്ന സ്വപ്നം ഉപേക്ഷിച്ചവര്‍ നിരവധിയാണ്.

അതുകൊണ്ട് തന്നെ എന്‍എംസിയുടെ പുതിയ തീരുമാനം ഇപ്പോള്‍ ഒഇടിയിക്ക് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാര്‍ക്കെങ്കിലും ഒറ്റയടിക്ക് ആശ്വാസമാകും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇവര്‍ ഒഇടി എഴുതുകയും അതില്‍ റൈറ്റിങ് സി പ്ലസും ബാക്കിയെല്ലാം ബിയും ആണെങ്കില്‍ അവര്‍ക്ക് ഇനി പരീക്ഷ എഴുതേണ്ട കാര്യമില്ല. ഈമാസം 27ന് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്ന ദിവസം തന്നെ ഇവര്‍ക്ക് ജോലി ചെയ്യാനുള്ള പ്രൊസസ് തുടങ്ങാം.

 

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബോയിങ് 737 മോഡൽ വിമാനം നവീകരിക്കാൻ നീക്കം. ഏഴായിരത്തോളം പാസഞ്ചർ ഫ്ലൈറ്റുകൾ ആണ് നവീകരിക്കുന്നത്. അടിക്കടി ഉണ്ടായ  അപകടങ്ങളെ തുടർന്നാണ് ഈ നീക്കം. 2018 ഏപ്രിലിൽ ന്യൂയോർക്കിൽ നിന്നും ഡള്ളാസിലേക്കുള്ള യാത്രയ്ക്കിടെ, വിമാനത്തിന്റെ ഫാൻ ബ്ലേഡ് എൻജിൻ കേസിങ്ങിൽ വന്നടിച്ചു അപകടം ഉണ്ടായിരുന്നു. ഇതോടൊപ്പം തന്നെ വന്ന് അടിച്ച ശക്തിയിൽ വിമാനത്തിലെ പാസഞ്ചർ സീറ്റിൽ ഒരു ജനലിനും കേടുപാട് സംഭവിച്ചിരുന്നു. ഇതിലൂടെ ജെന്നിഫർ റിഓർഡാൻ എന്ന് യാത്രയ്ക്ക് പുറത്തേക്ക് പോയിരുന്നു. യാത്രക്കാരെല്ലാരും കൂടി ഇവരെ വലിച്ചെടുത്തെങ്കിലും പിന്നീട് ഇവർ മരണപ്പെട്ടു.

നാഷണൽ ട്രാൻസ്പോർട്ടേഷൻ സോഫ്റ്റി ബോർഡ് നൽകിയ റിപ്പോർട്ട് അനുസരിച്ച് വിമാനത്തിന്റെ ഘടനയിൽ തന്നെ അപാകതകൾ ഉണ്ട് . റയാനൈർ ആണ് ബോയിങ് വിമാനത്തിന്റെ യൂറോപ്പിലെ ഏറ്റവും വലിയ ഓപ്പറേറ്റർ. 450 ഓളം ബോയിങ് 737 വിമാനങ്ങളാണ് അവർക്കുള്ളത്.

ഭാവിയിൽ ഇനിയും അപകടങ്ങൾ വരാതിരിക്കാൻ ആണ് ഘടനയിൽ മാറ്റം വരുത്തണമെന്ന ആവശ്യങ്ങൾ ഉയർന്നിരിക്കുന്നത്. ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ബോയിങ് തയ്യാറായിട്ടുണ്ട്. അപകടത്തിൽ മരിച്ച ജെന്നിഫറിന്റെ കുടുംബത്തോടുള്ള ദുഃഖവും അവർ രേഖപ്പെടുത്തി.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ഓൺലൈൻ മണി ട്രാൻസ്ഫർ കമ്പനിയായ പേയ്പാൽ സി ഇ ഒ, ഡാനിയേൽ ഷുൽമാൻ തനിക്ക് സ്വന്തമായി ബിറ്റ്കോയിൻ നാണയങ്ങൾ ഉണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ്. ഫോർച്യൂൺ മാസികയ്ക്ക് കഴിഞ്ഞ ആഴ്ച നൽകി ഇന്റർവ്യൂവിൽ ആണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. 2014 – ൽ ആണ് അദ്ദേഹം കമ്പനി സി ഇ ഒ യായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ ക്രിപ്റ്റോ കറൻസിയിലുള്ള മുതൽമുടക്കിനെ സംബന്ധിച്ചും, പേയ്പാലിന്റെ ക്രിപ്റ്റോ പ്രോജക്ടുകളെ സംബന്ധിച്ചും, ഫേസ്ബുക്കിന്റെ ലിബ്ര പ്രോജെക്റ്റിൽ നിന്നുള്ള പേയ്പാൽ കമ്പനിയുടെ പിന്മാറ്റത്തെ സംബന്ധിച്ചും നിരവധി ചോദ്യങ്ങൾ അദ്ദേഹം അഭിമുഖത്തിൽ നേരിട്ടു.


താങ്കൾക്ക് ക്രിപ്റ്റോ കറൻസി സ്വന്തമായി ഉണ്ടോ എന്ന ചോദ്യത്തിന്, ബിറ്റ്‌കോയിൻ മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം മറുപടി നൽകി. എന്നാൽ എത്രത്തോളമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഷുൽമാന്റെ നേതൃത്വം കമ്പനിക്ക് ക്രിയാത്മകമായ മാറ്റങ്ങൾ ആണ് സംഭാവന ചെയ്തത്. പേയ്പാലിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിനു മുൻപ്, അദ്ദേഹം പല നേതൃ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രൈസ്ലൈൻ ഗ്രൂപ്പ്‌ സിഇഒ, സ്പ്രിന്റ് നെക്സ്റ്റ്ൽ കോർപ്പറേഷൻ പ്രസിഡന്റ് തുടങ്ങിയവ അവയിൽ ചിലതാണ്.

പേയ്പാൽ കമ്പനിക്കും ക്രിപ്റ്റോകറൻസിയിൽ ഷെയറുകൾ ഉണ്ട്. ഇതിനു വേണ്ടി പ്രത്യേകം പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ കമ്പനിയിൽ തന്നെ ഉണ്ടെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജോൺ റെയ്നി മുൻപ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കമ്പനിയുടെ പ്രോജക്ടുകളെ പറ്റി കൂടുതൽ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ക്രിപ്റ്റോ കറൻസികളുടെ അസ്ഥിരതയെ പറ്റി അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.


ഫേസ്ബുക്കിന്റെ ലിബ്ര പ്രൊജക്റ്റിൽ നിന്നുള്ള കമ്പനിയുടെ പിൻ മാറ്റത്തെ പറ്റിയുള്ള ചോദ്യത്തിന്, ഇരുവരുടെയും ലക്ഷ്യങ്ങൾ ഒന്ന് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരിക്കലും ഒരു മത്സരം തങ്ങൾക്കിടയിൽ ഇല്ല. ഭാവിയിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന പല മേഖലകളും ഉണ്ടെന്നും അഭിമുഖത്തിൽ അദ്ദേഹം രേഖപ്പെടുത്തി.

ഫെറിയിൽ റഫ്രിജറേറ്റഡ് കണ്ടെയ്നറിനുള്ളിൽ കയറ്റി കൊണ്ടുപോവുകയായിരുന്ന 25 കുടിയേറ്റക്കാരെ ഡച്ച് അധികൃതർ പിടികൂടി. ഇംഗ്ലണ്ടിലേക്കുള്ള യാത്രയിലായിരുന്നു അവര്‍. കണ്ടെത്തിയവരെല്ലാം ജീവനോടെയുണ്ടെന്നും അതിലൊരാള്‍ കുട്ടിയാണെന്നും കരുതുന്നതായി പ്രാദേശിക സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയില്‍ പറയുന്നു.

ഡി‌എഫ്‌ഡി‌എസ് സീവേയ്സിന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടാനിയ സീവേസ് എന്ന കടത്തുവള്ളമാണ് പിടിച്ചെടുത്തത്. വ്‌ലാഡിംഗെൻ തുറമുഖം വിട്ട് സഫോൾക്കിലെ ഫെലിക്‌സ്റ്റോവിലേക്ക് പുറപ്പെടുകയായിരുന്നു ഫെറി. കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന സൂചന ലഭിച്ചതോടെ 20 ആംബുലൻസുകളുമായി അധികൃതര്‍ ഫെറി വളഞ്ഞു. രണ്ടുപേര്‍ക്ക് ഹൈപോതെര്‍മിയ അനുഭവപ്പെട്ടതിനാല്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കി 23 പേർക്ക് തുറമുഖത്ത് വെച്ചുതന്നെ വൈദ്യപരിശോധന ലഭ്യമാക്കുകയും, ശേഷം പോലീസ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എവിടെനിന്നുള്ള കുടിയേറ്റക്കാരാണ് അവര്‍ എന്നത് ഇനിയും വ്യക്തമല്ല. അവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്.

പിടിയിലായവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് റോട്ടർഡാം പോലീസിന്റെ വക്താവ് മിർജാം ബോയേഴ്സ് ബ്രോഡ്കാസ്റ്റർ പറഞ്ഞു. ഇത് മനുഷ്യ ജീവന്‍റെ പ്രശ്നമാണ്. അവരുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നതാണ് പ്രധാനം. നിയമപരമായ കാര്യങ്ങളെ കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം എന്നും അവര്‍ പറഞ്ഞു. കുടിയേറ്റക്കാരെകുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും അവര്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഒക്ടോബറില്‍, ഇംഗ്ലണ്ടിലേക്കുള്ള യാത്രാമധ്യേ ലണ്ടനിലെ എസെക്‌സില്‍വച്ച് റഫ്രിജറേറ്റഡ് ലോറി ട്രെയിലറില്‍ 39 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പതിനഞ്ച് മണിക്കൂറോളം തുടര്‍ച്ചയായി റഫ്രിജറേറ്റഡ് ലോറിയിലെ തണുപ്പില്‍ കിടന്ന് അവര്‍ ഇഞ്ചിഞ്ചായി മരിക്കുകയായിരുന്നു. ഹോളണ്ട്, ബള്‍ഗേറിയ, തുടങ്ങിയ രാജ്യത്തിലൂടെ സഞ്ചരിച്ചാണ് അവര്‍ ബെല്‍ജിയത്തിലെ സീബ്രഗ്ഗ് തുറമുഖത്ത് എത്തിയത്. അവിടെനിന്നും ഇംഗ്ലണ്ടിലേക്ക് പോവുകയായിരുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ലോകം കൂടുതൽ ഡിജിറ്റൽ ആയികൊണ്ടിരിക്കുകയാണ്. ബിൽ അടയ്ക്കുക, ഭക്ഷണം ഓർഡർ ചെയ്യുക എന്നതുമാത്രമല്ല കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിലും ഇപ്പോൾ നമ്മുടെ കൈയിൽ ഇരിക്കുന്ന സ്മാർട്ട്ഫോൺ സ്വാധീനം ചെലുത്തുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണിനൊപ്പം കൂടതല്‍ സമയം ചെലവഴിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതു തീര്‍ച്ചയായും നിങ്ങളുടെ ഉറക്കം കെടുത്തും. സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വൺ പ്ലസിന്റെ സർവേയിലാണ് ആളുകളുടെ ഉറക്കകുറവിനെ പറ്റി പറയുന്നത്. സ്മാർട്ട്‌ഫോൺ ഉപയോഗം മൂലം യുകെയിൽ നാലിൽ ഒരു മുതിർന്ന വ്യക്തിക്ക് ഉറക്കക്കുറവ് അനുഭവപ്പെടുന്നു. എന്നാൽ യുവാക്കളിൽ എത്തുമ്പോൾ ഉറക്കകുറവിന്റെ പ്രശ്നം അനുഭവിക്കുന്നവർ 86% ആണ്. പ്രധാന കാരണം ഉറക്കത്തിനു മുമ്പ് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത് തന്നെ. രാത്രി പതിനൊന്നു മുതൽ വെളുപ്പിനെ മൂന്നു മണി വരെ തങ്ങൾ ഫോൺ ഉപയോഗിക്കുന്നതായി 15% യുവാക്കൾ വെളിപ്പെടുത്തി. 55 വയസ്സിനു മുകളിൽ ഉള്ള ആളുകളിൽ 9% പേർക്ക് മാത്രമാണ് ഉറക്കക്കുറവ് അനുഭവപ്പെട്ടത്. 12 മില്യൺ ജനങ്ങൾക്ക് ഈ പ്രശ്നം നേരിട്ടേക്കാം എന്നും റിപ്പോർട്ട്‌ പറയുന്നു.

ചില ഫോൺ നിർമാതാക്കൾ ഈയൊരു പ്രശ്നത്തെ മറികടക്കാനായി പല സംവിധാനങ്ങളും ഫോണിൽ ഉൾപ്പെടുത്തുന്നു. നീല വെളിച്ചം തടയാൻ സ്ക്രീൻ മോഡിൽ മാറ്റം വരുത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വൺപ്ലസിലെ ഇ.യു സ്ട്രാറ്റജിയുടെയും യുകെ മാർക്കറ്റിംഗിന്റെയും തലവൻ കേറ്റ് പാർക്കിൻ പറഞ്ഞു ; “സാങ്കേതികവിദ്യ ജീവിതത്തെ മെച്ചപ്പെടുത്തണം. എന്നാൽ ഉറക്കം നശിക്കുകയല്ല വേണ്ടത്. ” അത്കൊണ്ടു തന്നെ ഇ 3 പാനൽ, ഡാർക്ക് മോഡ്, സെൻ മോഡ് തുടങ്ങിയ പ്രധാന സവിശേഷതകളുള്ള 90 ഹെർട്സ് ഡിസ്‌പ്ലേ വൺപ്ലസ് കൊണ്ടുവന്നു. ദി സ്ലീപ്പ് കൗൺസിൽ മേധാവി ലിസ ആർട്ടിസ് പറഞ്ഞു : ഈ റിപ്പോർട്ടുകൾ യഥാർത്ഥത്തിൽ കണ്ണ് തുറപ്പിക്കുന്നതാണ്. നീല വെളിച്ചം ഉറക്കം ഇല്ലാതാകാൻ കാരണമാകുന്നു. കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ ഫോൺ മാറ്റിവെക്കണം. വൈകിട്ട് ഫോൺ ഉപയോഗിക്കുന്നവർ മറ്റു സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നീലവെളിച്ചം നിയന്ത്രിക്കണം.”

ബെൽഫാസ്റ്റ് ആസ്ഥാനമായുള്ള ന്യൂറോവാലൻസ് കമ്പനിയായ മോഡിയസ്, ഉറക്ക മരുന്നുകളുടെ ആവശ്യമില്ലാതെ ഉറക്കത്തെ മെച്ചപ്പെടുത്തുന്നതിന് ന്യൂറോ സയൻസ് ഉപയോഗിക്കുന്നു. കിടക്കുന്നതിന് മുമ്പായി 30 മിനിറ്റ് ധരിക്കാൻ ഒരു ഹെഡ്സെറ്റ് അവർ അവതരിപ്പിച്ചു. ഇത് തലച്ചോറിലെ പ്രധാന സ്ലീപ്പ് ന്യൂറോണുകളെ സജീവമായി ഉത്തേജിപ്പിക്കുന്നു. ഒപ്പം ആപ്പിളും ഗൂഗിളും അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്ക് നീല വെളിച്ചം കുറയ്ക്കുന്ന ക്രമീകരണങ്ങളും ഡാർക്ക്‌ മോഡ് ക്രമീകരണങ്ങളും ഉൾപ്പെടുത്തി അവതരിപ്പിക്കുന്നു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ഇംഗ്ലണ്ട് :- സ്റ്റാഫ്‌ഫോർഡ്ഷയറിനെയും ചെഷയറിനെയും ബന്ധിപ്പിക്കുന്ന പാതയായ എ 500 -ൽ ബുധനാഴ്ച ലോറിക്ക് ഉണ്ടായ തീപിടുത്തത്തെ തുടർന്ന് അടച്ചിട്ടിരുന്ന രണ്ടു ലെയിനുകളിൽ ഒരു ലെയിൻ യാത്രക്കാർക്കായി തുറന്നുകൊടുത്തു. അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് പുലർച്ചെ നാലരയോടെ എത്തിയതിനുശേഷം റോഡ് അടയ്ക്കുകയായിരുന്നു. എ 52 മുതൽ എ 53 വരെയുള്ള റോഡിന്റെ വടക്കുഭാഗം പൂർണമായി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ റോഡിന്റെ തെക്ക് ഭാഗം പുലർച്ചെ ആറുമണിയോടെ തുറന്നുകൊടുത്തു.


റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ നഗരത്തിൽ ഗതാഗത തടസ്സം അതിരൂക്ഷം ആണ്. വൻ ശബ്ദത്തോടെയാണ് ലോറി പൊട്ടിത്തെറിച്ചത് എന്ന് ജനങ്ങൾ പറയുന്നു. ഉടൻതന്നെ അഗ്നിശമന സേനാംഗങ്ങളെ വിവരമറിയിക്കുകയും, പുലർച്ചെ തന്നെ അവർ സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. ലോറിയിൽ അപകടകരമായ വസ്തുക്കൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഗതാഗതം പുനസ്ഥാപിക്കാൻ ഉള്ള എല്ലാ മാർഗ്ഗങ്ങളും ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ലോറി ഡ്രൈവറും സുരക്ഷിതനാണ്

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഇന്റർനാഷണൽ ട്രാവൽ ആൻറ് ടൂറിസം വെബ്സൈറ്റായ ബിഗ് സെവൻ ട്രാവൽ പല രാജ്യങ്ങളിലായി വർഷം തോറും നടത്തുന്ന സർവ്വേയിൽ ഇംഗ്ലണ്ടിലെ മികച്ച 25 ഹോട്ടലുകളിൽ ലീഡ്സിലെ തറവാട് റെസ്റ്റോറന്റ് മൂന്നാമതെത്തി. കഴിഞ്ഞ വർഷം ഇതേ സർവ്വേയിൽ തറവാട് പതിനേഴാം സ്ഥാനത്തായിരുന്നു. സൗത്തിന്ത്യൻ ഭക്ഷണങ്ങൾക്ക്, പ്രത്യേകമായും കേരളത്തിന്റെ തനതായ രുചികൾക്ക് പ്രാതിനിധ്യം നല്കികൊണ്ടുള്ള ഭക്ഷണങ്ങളാണ് തറവാട്ടിൽ ലഭിക്കുന്നത്. പ്രത്യേകിച്ച് തറവാട്ടിലെ താലി വളരെ പ്രസിദ്ധമാണ്. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ക്ലാപ്റ്റനടക്കം സീസണിൽ പങ്കെടുത്ത ടീമുകളിൽ പലരും തറവാട് റെസ്റ്റോറന്റ് സന്ദർശിച്ചിരുന്നു. രുചികരമായ ഭക്ഷണങ്ങളുടെ നീണ്ട നിരതന്നെ തറവാട്ടിൽ ഉണ്ടെങ്കിലും ഞണ്ട് വറ്റിച്ചത്, കൊച്ചിൻ കൊഞ്ച് റോസ്റ്റ്, മുട്ട റോസ്റ്റ് തുടങ്ങിയവയാണ് തറവാടിന്റെ എടുത്തു പറയേണ്ട പ്രത്യേകതകൾ.

ഇംഗ്ലണ്ടിലെ താമസക്കാരും അതിഥികളും ആയ ആസ്വാദകർ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും ആസ്വദിക്കേണ്ടതുമായ രുചി വൈവിധ്യങ്ങൾ ഒരുക്കുകയാണ് ഇന്ത്യൻ റസ്റ്റോറന്റുകൾ. ഇംഗ്ലണ്ടിലെ പാരമ്പര്യമായി കണ്ടുവരുന്ന കുടുംബങ്ങൾ നടത്തുന്ന റസ്റ്റോറന്റുകൾക്ക് പുറമേ രണ്ടാം തലമുറക്കാരും മൂന്നാം തലമുറക്കാരായ ഇന്ത്യക്കാർ തുടങ്ങിവച്ച പുതിയ ഭക്ഷണ ശാലകളുടെ ഒരു നിര തന്നെയുണ്ട് ഇംഗ്ലണ്ടിൽ. തട്ടുകട ഭക്ഷണം മുതൽ സ്റ്റാർ ഹോട്ടൽ നിലവാരത്തിലുള്ള ഭക്ഷണശാലകൾ വരെ ഇവയിലുണ്ട്.നമ്മുടെ നാടിന്റെ തനിമ യിലേക്കും സ്വാദിന്റെ മാന്ത്രികത യിലേക്കും കൊണ്ടെത്തിക്കാൻ മത്സരിക്കുക ആണ് ഇന്ത്യൻ റസ്റ്റോറന്റുകൾ.

ഡ്രൈലിംഗ്ടൺലെ പ്രഷാദ് റസ്റ്റോറന്റ് വെജിറ്റേറിയൻസിന്റെ പ്രിയ കേന്ദ്രമാണ്. പരമ്പരാഗത റെസിപ്പികളിൽ പുതിയ പരീക്ഷണം നടത്തി വിജയിച്ച ഇവർ പ്രധാനമായും നോർത്തിന്ത്യൻ ഭക്ഷണമാണ് വിളമ്പുന്നത്. കെന്റ് ലെ ആംബ്രെറ്റിൽ റസ്റ്റോറന്റ് ഉടമസ്ഥനും ഷെഫുമായ ദേവ ബിസ്വാൽ യുകെയുടെ ബെസ്റ്റ് ഏഷ്യൻ ഷെഫ് അവാർഡ് ജേതാവാണ്. ഇന്ത്യൻ വിഭവങ്ങൾക്കൊപ്പം യുകെയുടെ എക്സോട്ടിക് ഭക്ഷണവും വിളമ്പുന്ന ശാലയാണ് ഇത്.

ലണ്ടനിലെ ചെട്ടിനാട് റസ്റ്റോറന്റ് സൗത്ത് ഇന്ത്യയിലെ വിഭവങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ദോശയും മസാല ദോശയും ആണ് ഇവിടുത്തെ മാസ്റ്റർ പീസ് വിഭവങ്ങൾ.

ലിമിങ്ടൺ ലെ റിവാസ് റസ്റ്റോറന്റ് ഏറ്റവും മികച്ച ഇന്ത്യൻ ഭക്ഷണം മാത്രം വിളമ്പുന്ന ഇടമാണ്. ഓരോ ദിവസവും ഓരോ പുതിയ വിഭവങ്ങൾ പരിചയപ്പെടുത്താൻ ഇവർ ശ്രമിക്കുന്നു. ചെട്ടൻഹാംലെ കൊലോഷി ഭക്ഷണശാലയിൽ ഹോം സ്റ്റൈൽ വിഭവങ്ങൾ മാത്രമാണ് വിളമ്പുന്നത്. ഗൃഹാതുരതയുണർത്തുന്ന രുചിയും സൗകര്യങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത.

ബർമിങ്ഹാമിലെ വിക്ടറി തന്തൂരി, ഇന്ത്യൻ ബംഗ്ലാദേശി വിഭവങ്ങൾക്കുള്ള ഇടമാണ്. അതേസമയം ലീഡ്സിലെ ബുണ്ടോബസ്റ്റ് ഇന്ത്യയിലെ പച്ചക്കറി വിഭവങ്ങളും ബിയറും മാത്രം വിളമ്പുന്നു. എപ്പിങ് ലെ ഇന്ത്യൻ ഓഷ്യൻ റസ്റ്റോറന്റ് ഇന്ത്യയിലെമ്പാടുമുള്ള രുചി വിഭവങ്ങൾ നൽകാൻ ശ്രമിക്കുന്നുണ്ട്.

മാഞ്ചസ്റ്ററിലെ ഡിഷ്റൂംഈ ശ്രേണിയിലെ ഏറ്റവും ഏകതാനമായ ഭക്ഷണശാലയാണ്. ബോംബെയിലെ പരമ്പരാഗത ഇറാനി അനുസ്മരിപ്പിക്കുന്ന ഇവിടം ഭക്ഷണ പ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്. ലണ്ടനിലെ മൊട്ടു, സന്ദർശിക്കുന്നവർ വീട്ടിലേക്ക് മടങ്ങുമ്പോൾ കയ്യിൽ ഒരു പൊതിയും ഉണ്ടാകും എന്ന് തീർച്ചയാണ് .   കേംബ്രിഡ്ജിലെ താജ് തന്തൂരി 1986 മുതൽ ഇന്ത്യൻ ബംഗ്ലാദേശി ഇംഗ്ലണ്ട് ചൈനീസ് വിഭവങ്ങൾ വിളമ്പുന്ന ഇടമാണ്. ഇനിയും പതിനഞ്ചിലധികം ഏറ്റവും മികച്ച ഇന്ത്യൻ ഭക്ഷണശാലകൾ ഇംഗ്ലണ്ടിൽ ഉണ്ട് എന്നത് ഭക്ഷണ പ്രേമികൾക്ക് സന്തോഷവാർത്ത ആണ്.

ലിസ മാത്യു , മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടനിൽ അബോർഷൻ നടത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഒരു വർഷം ആറു അബോർഷൻ വരെ സ്ത്രീകൾ നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നു. ഇതിൽ അഞ്ചോളം ടീനേജ് പെൺകുട്ടികളും ഉൾപ്പെടുന്നതായി പറയപ്പെടുന്നു. ഈ കണക്കുകൾ ആശങ്കാജനകമെന്ന് അബോർഷൻ – വിരുദ്ധ ക്യാമ്പയ്‌ൻ പ്രവർത്തകർ അഭിപ്രായപെടുന്നു. അബോർഷന് സഹായകരമാകുന്ന പുതിയ നിയമസംവിധാനങ്ങളും ഈ കണക്കുകൾ വർദ്ധിക്കുന്നതിന് കാരണമായതായി പറയുന്നു. എന്നാൽ സ്ത്രീകളുടെ വ്യക്തിപരമായ കാരണങ്ങളാണ് അബോർഷനിലേക്കു നയിക്കുന്നതെന്ന് അബോർഷനെ പിന്തുണക്കുന്ന മേരി സ്റ്റോപ്പ്സ് അഭിപ്രായപെടുന്നു.


2018 -ൽ അബോർഷൻ നടത്തിയ 718 സ്ത്രീകളിൽ അഞ്ചു ടീനേജ് പെൺകുട്ടികളും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ആകെ മൊത്തം 84, 258 അബോർഷനുകളാണ് 2018 – ൽ ബ്രിട്ടനിൽ നടന്നത്. 2017 ലെ കണക്കുകളിൽ നിന്നും 7 ശതമാനം വർദ്ധനവാണ് രേഖപെടുത്തിയിരിക്കുന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും നിസ്സഹായാവസ്ഥയെയാണ് ഇതു കാണിക്കുന്നത്.

ഈ സാഹചര്യത്തെ ഗൗരവത്തോടെ കാണണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. എൻ എച്ച് എസും, ഹെൽത്ത്‌ ഡിപ്പാർട്മെന്റും ഇടപെടണമെന്ന ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്.

ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം

യുകെ സർവ്വകലാശാലകളും (യുയുകെ) യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയനും (യുസിയു) തമ്മിലുള്ള തർക്കത്തിൽ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും ഭാവി ആശങ്കയിലാകുമെന്നും യൂണിവേഴ്സിറ്റിയുടെ സുസ്ഥിരതയെ അത് ബാധിക്കുമെന്നും എസെക്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ആന്റണി ഫോർസ്റ്റർ പറഞ്ഞു.

ശമ്പളവും പെൻഷനും സംബന്ധിച്ച് ലക്ചറർമാരും മറ്റ് സർവകലാശാലാ സ്റ്റാഫുകളും തിങ്കളാഴ്ച മുതൽ എട്ട് ദിവസത്തെ പണിമുടക്ക് ആരംഭിക്കാനിരിക്കെയാണ്, എസെക്സ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് പോസ്റ്റിൽ പ്രൊഫസർ ഫോസ്റ്റർ പ്രതിസന്ധിക്ക് പരിഹാരം ചെയ്യണമെന്നാവശ്യപ്പെട്ടത്. പെൻഷൻ തുക നൽകാനുള്ള സാമ്പത്തികഭദ്രത സർവകലാശാലകൾക്കുണ്ടെന്നും എന്നാൽ പെൻഷൻ പദ്ധതിയുടെ ട്രസ്റ്റിമാർ ആസ്തികളെ കുറച്ചുകാണുകയും ബാധ്യതകളെ അമിതമായി വിലയിരുത്തുകയും ചെയ്യുകയാണെന്ന് അദ്ദേഹം വിലയിരുത്തി.

യൂണിവേഴ്സിറ്റികളുടെ സൂപ്പർഇന്യൂവേഷൻ സ്കീമിലെ ആനുകൂല്യങ്ങൾ നിലനിർത്തുന്നതിന് കൂടുതൽ സംഭാവന നൽകാൻ യുസിയു അംഗങ്ങൾ നിർബന്ധിതരാകുന്നു. ശമ്പളത്തിന്റെ 9.6 ശതമാനം പദ്ധതിയിലേക്ക് അടക്കുന്നതിനെതിരെ നവംബർ 25 മുതൽ ഡിസംബർ നാലുവരെ പണിമുടക്കാൻ ആണ് അംഗങ്ങൾ തീരുമാനിച്ചിരുക്കുന്നത്. സാമ്പത്തികഭദ്രത ഉണ്ടായിട്ടും, ഒരു ദശലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം തേടുന്നതിൽ യുയുകെ ഒത്തുതീർപ്പിന് തയ്യാറല്ല എന്നും പ്രൊഫ. ഫോസ്റ്റർ ബ്ലോഗിൽ കുറിച്ചു.

ഉയർന്ന ചെലവിലുള്ള ദേശീയ സെറ്റിൽമെന്റ് മിക്ക തൊഴിലുടമകൾക്കും താങ്ങാനാവില്ല എന്നും ഏതെങ്കിലും തൊഴിലുടമ വ്യത്യസ്തമായ കാഴ്ചപ്പാടാണ് സ്വീകരിക്കുന്നതെങ്കിൽ, അവർക്ക് തങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോകാമെന്നും യു‌എസ്‌എസ് തൊഴിലുടമകളുടെ വക്താവ് വ്യക്തമാക്കി.

യുകെയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. അതിനിടെ ആദ്യമായി ടിവി തിരഞ്ഞെടുപ്പ് ചർച്ചയിൽ പങ്കെടുത്ത പ്രധാനമന്ത്രി ബോറിസ് ജോൺസണും ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ജെറിമി കോർബിനും ബ്രെക്സിറ്റിനെച്ചൊല്ലി ഏറ്റുമുട്ടി. ‘ഈ ദേശീയ ദുരിതം അവസാനിപ്പിക്കുമെന്ന്’ ഉറപ്പ് നല്‍കിയ ജോണ്‍സണ്‍ ‘വിഭജനവും പ്രതിബന്ധവും മാത്രമാണ്’ ലേബര്‍പാര്‍ട്ടിയുടെ അജണ്ടയെന്നും ആരോപിച്ചു. എൻ‌എച്ച്‌എസ്, വിശ്വാസവും നേതൃത്വവും, സ്കോട്ട്‌ലൻഡിന്റെ ഭാവി, രാജകുടുംബം തുടങ്ങിയ വിഷയങ്ങളിലും ഇരുവരും തമ്മില്‍ കൊമ്പുകോർത്തു. ചര്‍ച്ചയില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു എന്ന് ബിബിസി പൊളിറ്റിക്കൽ എഡിറ്റർ ലോറ ക്യൂൻസ്ബർഗ് പറഞ്ഞു. പക്ഷേ, പ്രേക്ഷകർ അവരുടെ പല പ്രസ്താവനകളെയും പരിഹാസത്തോടെ നോക്കിക്കണ്ടതും ശ്രദ്ധേയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ചർച്ചയിൽ വിജയിച്ചത് ആരാണെന്ന് കണ്ടെത്തുന്ന തിരക്കിലാണ് പോളിംഗ് സംഘങ്ങള്‍. മിക്ക ലേബർ വോട്ടർമാരും ജെറിമി കോർബിൻ വിജയിച്ചുവെന്നും, മിക്ക കൺസർവേറ്റീവ് വോട്ടർമാരും ബോറിസ് ജോൺസൺ വിജയിച്ചുവെന്നും കരുതുന്നു. അതേസമയം, ജോൺസന്റെയും കോർബിന്റെയും പ്രകടനങ്ങൾ ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ തള്ളിക്കളഞ്ഞു. രണ്ടും വെറും വാചാടോപം മാത്രമായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ ആക്ഷേപം. പരമപ്രധാനമായ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സംവാദം അവസാനം ഒരു വഴിപാടുപോലെ തീര്‍ത്തതില്‍ ഗ്രീൻ പാർട്ടി സഹ-നേതാവ് സിയാൻ ബെറി നിരാശ പ്രകടിപ്പിച്ചു.

എങ്ങിനെയെങ്കിലും ബ്രെക്സിറ്റ് നടപ്പാക്കിയാല്‍ മതിയെന്ന ജോണ്‍സന്‍റെ നിലപാടിനെ കടന്നാക്രമിച്ചുകൊണ്ടാണ് കോര്‍ബിന്‍ സംസാരിച്ചത്. ജോണ്‍സണ്‍ ഉണ്ടാക്കിയ കരാര്‍ കീറിക്കളഞ്ഞ് കൂടുതല്‍ ജനപ്രിയമായ മറ്റൊരു കരാര്‍ യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കുമെന്ന് കോർബിൻ പറയുന്നു. ബ്രെക്സിറ്റിനു ശേഷം ബ്രിട്ടന്‍റെ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി അമേരിക്കന്‍ കമ്പനികളെ ഏല്‍പ്പിക്കാനാണ് ജോണ്‍സണ്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതിനു തെളിവായി അമേരിക്കയുമായി പുതിയ സര്‍ക്കാര്‍ നടത്തിയ രഹസ്യ മീറ്റിംഗുകളുടെ വിശദാംശങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ വ്യാപാര ചര്‍ച്ചകളില്‍ എവിടെയും എന്‍എച്എസ് ഒരു വിലപേശല്‍ ശക്തിയായി മാറില്ലെന്നാണ് ജോണ്‍സണ്‍ നല്‍കിയ മറുപടി.

Copyright © . All rights reserved