സ്വന്തം ലേഖകൻ

ബ്രിട്ടൻ :-കാനഡയിലേക്ക് മാറി താമസിക്കുവാനുള്ള ഹാരി രാജകുമാരന്റെയും, ഭാര്യ മേഗന്റെയും തീരുമാനത്തിന് രാജ്ഞിയുടെ അംഗീകാരം ലഭിച്ചു. അവരുടെ തീരുമാനത്തിന് തന്റെ പൂർണ പിന്തുണയുണ്ടെന്നും, എന്നാൽ അവർ രാജകൊട്ടാരത്തിൽ തന്നെ നിലനിൽക്കാൻ ആണ് താൻ ആഗ്രഹിക്കുന്നതെന്നും രാജ്ഞി വ്യക്തമാക്കി. വരുംദിവസങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഹാരി രാജകുമാരനെയും, ഭാര്യയെയും പറ്റിയുള്ള പല വാർത്തകളും സൃഷ്ടികളാണെന്നും, അവരുടെ തീരുമാനത്തിന് രാജകുടുംബത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും രാജ്ഞി വ്യക്തമാക്കി.

അവർ കൊട്ടാരത്തിൽ തന്നെ ഉണ്ടാകണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. എന്നാൽ ഒരു മാറ്റം അവർ ആഗ്രഹിക്കുന്നുവെന്നും, അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നും രാജ്ഞി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി ഹാരി രാജകുമാരനെയും, ഭാര്യ മേഗനെയും സംബന്ധിച്ച് പല വിവാദ വിഷയങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതിനെല്ലാം മറുപടിയായാണ് രാജ്ഞിയുടെ തുറന്നുപറച്ചിൽ.

ഇനിയുള്ള സമയം അമേരിക്കയിലും യുകെയിലുമായി ചെലവിടുമെന്നും രാജ്ഞിയോടും കോമൺവെൽത്തിനോടുമുള്ള കടപ്പാട് നിലനിർത്താൻ ഏതാനും ചില രാജകീയ ചുമതലകൾ മാത്രം തുടർന്നു വഹിക്കുമെന്നും ഹാരി ഈയിടെ പറഞ്ഞിരുന്നു . ബ്രിട്ടീഷ്​ രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടർന്നുകൊണ്ടു തന്നെ രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന നിലയിൽ നിന്ന്​ തങ്ങൾ പടിയിറങ്ങാൻ ഉദ്ദേശിക്കുകയാണെന്ന്​ ബക്കിങ്​ഹാം പാലസ്​ പുറത്തു വിട്ട പ്രസ്​താവനയിൽ ഹാരി രാജകു​മാരൻ അറിയിച്ചു . സാമ്പത്തികമായി സ്വതന്ത്രനാവാനാണ്​ പുതിയ തീരുമാനമെന്നാണ്​ അദ്ദേഹം നൽകുന്ന വിശദീകരണം. ഹാരിയുടെ ഈ തീരുമാനത്തോടെ സഹോദരനുമായുള്ള ബന്ധത്തിലെ വിള്ളലുകൾ കൂടുകയാണുണ്ടായത്.