സ്വന്തം ലേഖകൻ
ലണ്ടൻ : പൊതുഖജനാവിൽ നിന്ന് പണം എടുക്കാതെ രാജ്യത്തെ സേവിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെന്നും എന്നാൽ ഇനി അതിന് കഴിയില്ലെന്നും ഹാരി രാജകുമാരൻ. ഞായറാഴ്ച വൈകുന്നേരം ചെൽസിയിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന സെന്റബിൾ എന്ന ജീവകാരുണ്യ സംഘടന നടത്തിയ ചടങ്ങിൽ ആണ് ഹാരി വികാരനിഭരനായി സംസാരിച്ചത്. സെന്റിബിൾ തുടങ്ങിവെച്ചതും ഹാരി തന്നെയാണ്. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാലാണ് താനും മേഗനും മാറി നിൽക്കുന്നതെന്ന് ഹാരി പറഞ്ഞു. ” യുകെയെ ഞാൻ സ്നേഹിക്കുന്നു. ഇവിടുന്ന് പോയാലും ഇതെന്റെ വീട് തന്നെയാണ്.” വികാരനിർഭരനായി ഹാരി കൂട്ടിച്ചേർത്തു. ഒപ്പം മേഗനിലൂടെ താൻ എല്ലാ സന്തോഷവും കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇരുവരും പൂർണമായി യുകെ വിട്ടുപോകുകയല്ല എന്നും ഹാരി വ്യക്തമാക്കി.

വസന്തകാലം മുതൽ അവർ രാജകീയ പദവികളിൽ നിന്നും ഔദ്യോഗിക സൈനിക നിയമനങ്ങൾ ഉൾപ്പെടെയുള്ള രാജകീയ ചുമതലകളിൽ നിന്ന് പിന്മാറുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ പണം ഉപയോഗിക്കാതെ, രാജ്ഞിയെയും കോമ്മൺവെൽത്തിനെയും സൈന്യത്തിനെയും സേവിക്കണമെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ ഇപ്പോൾ മറ്റുവഴികൾ ഇല്ലാത്തതിനാൽ രാജകീയ പദവികൾ ഒഴിയുകയാണെന്നും ഹാരി തുറന്നുപറഞ്ഞു. കൊട്ടാരത്തിലെ എല്ലാവരോടും തനിക്കുള്ള സ്നേഹവും നന്ദിയും ഹാരി പങ്കുവെച്ചു. വിവാഹം കഴിഞ്ഞ നാളുകളിൽ ഈ രാജ്യത്തെ സേവിച്ച് കൂടെ നിൽക്കാൻ ആണ് തങ്ങൾ ആഗ്രഹിച്ചതെന്നും അതിനാൽ തന്നെ ഇപ്പോൾ ഹൃദയവേദനയോടെയാണ് പടിയിറങ്ങുന്നതെന്നും ഹാരി പറഞ്ഞു. മേഗനുവേണ്ടിയാണ് താൻ ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഹാരി വ്യക്തമാക്കി.

ഹാരി രാജകുമാരനും മേഗനും രാജകീയ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും അമിത മാധ്യമശ്രദ്ധയെക്കുറിച്ചും സംസാരിച്ചു. അമ്മയുടെ മരണത്തിലേക്ക് നയിച്ച അതേ ശക്തികൾക്ക് ഭാര്യ ഇരയായെക്കാമെന്ന് ഭയന്നതായി ഹാരി പറഞ്ഞു. താനും മേഗനും സേവനജീവിതം തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തുടർന്നുള്ള ജീവിതം രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായും വിനിയോഗിക്കുമെന്ന് ഉറപ്പ് നൽകിയാണ് ഹാരി, തന്റെ വികാരനിർഭരമായ പ്രസംഗം അവസാനിപ്പിച്ചത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജനുവരി 31ന് തീരുമാനിച്ചിരിക്കുന്ന ബ്രെക്സിറ്റിനുശേഷം, കുറ്റമറ്റതായ ഒരു ഇമിഗ്രേഷൻ സിസ്റ്റം നടപ്പിലാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വാഗ്ദാനം. യു കെ – ആഫ്രിക്ക ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നഅദ്ദേഹം, മറ്റെല്ലാ രാജ്യങ്ങളിൽനിന്നും ഉള്ള ആളുകളെ തുല്യമായി പരിഗണിക്കുമെന്നും ഉറപ്പുനൽകി. യുകെയ്ക്കും യൂറോപ്യൻ യൂണിയനിനും ഇടയിലുള്ള സ്വതന്ത്രസഞ്ചാരം 2020 ഡിസംബർ 31 ഓടുകൂടി അവസാനിക്കും. അതിനുശേഷം ജനുവരി 2021 ഓടുകൂടി ഓസ്ട്രേലിയൻ മാതൃകയിലുള്ള പോയിന്റ് ബേസ്ഡ് സംവിധാനം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് യുകെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള പോയിന്റുകൾ ലഭ്യമാക്കും. നിലവിലെ നിയമം അനുസരിച്ച്, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽനിന്നുള്ള അംഗങ്ങൾക്ക് യുകെയിൽ ജോലി ചെയ്യുവാൻ വിസയുടെ ആവശ്യമില്ല. നിലവിൽ യൂറോപ്യൻ യൂണിയന്റെ പുറത്തുനിന്നുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് മാത്രമാണ് പോയിന്റ് ബേസ്ഡ് സംവിധാനം നടപ്പിലാക്കുന്നത്.

ലോകത്തു നിന്നുള്ള മികച്ച പ്രതിഭകളെ യുകെയിലേക്ക് ആകർഷിക്കുക എന്നതാകും ലക്ഷ്യമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലണ്ടനിൽ വച്ച് പറഞ്ഞു. അടുത്ത ആഴ്ച ഗവൺമെന്റിന്റെ ഉപദേശകസമിതി ഇതിനെ സംബന്ധിക്കുന്ന റിപ്പോർട്ട് സമർപ്പിക്കും. യുകെയിലേക്ക് പുതിയ ഇൻവെസ്റ്റ്മെന്റുകളെ പ്രധാനമന്ത്രി ജോൺസൻ സ്വാഗതം ചെയ്തു. അതുപോലെതന്നെ ബ്രിട്ടനിൽ കൽക്കരിയിലുള്ള നിക്ഷേപങ്ങൾ കുറയ്ക്കും. ഇതിലൂടെ കാർബൺ ഉൽപാദനം കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഗവൺമെന്റ് നിലവിലുള്ള ഫണ്ടുകളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഷാഡോ ഇന്റർ നാഷണൽ ഡെവലപ്മെന്റ് മിനിസ്റ്റർ പ്രീത് ഗൗർ അഭിപ്രായപ്പെട്ടു. പലപ്പോഴും പാവപ്പെട്ടവരെ ഗവൺമെന്റ് തള്ളിക്കളയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ബ്രെക്സിറ്റാനന്തരം നവ പദ്ധതികളുമായി മുന്നോട്ടു പോകാൻ തയ്യാറെടുക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസനും കൂട്ടരും.
ഓസ്ട്രേലിയയിൽ ഉണ്ടായ കാർ അപകടത്തിൽ മരണപ്പെട്ട തുരുത്തിപ്ലി തോമ്പ്ര ടി.എ.മത്തായിയുടെയും വല്‍സയുടെയും മകന്‍ ആല്‍ബിന്‍ ടി.മാത്യു (30), ഭാര്യ നിനു എൽദോ (28) എന്നിവരുടെ ശവസംസ്ക്കാര ചടങ്ങുകൾ ബുധനാഴ്ച (22/01/2020) തിരുത്തിപ്ലി സെന്റ് മേരിസ് വലിയപള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ബുധനാഴ്ച്ച 12:30 നു ആണ് ശവസംസ്ക്കാര ചടങ്ങുകൾ.
2019 ഡിസംബർ ഇരുപതാം തിയതിയാണ് അപകടം ഉണ്ടായത്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ലോയ്ക്കടുത്തായിരുന്നു അപകടം ഉണ്ടായത്.
റോഡില്‍ നിന്നു മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാർ ഉണ്ടായിരുന്നത്. ക്വീന്‍സ്‌ലന്‍ഡില്‍ നിന്ന് ഡബ്ലോയിലേക്കുള്ള ന്യൂവല്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ഈ അപകടത്തെത്തുടര്‍ന്നു പുറകെ വന്ന 7 വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പൊലീസെത്തി തീയണച്ചാണ് അന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടശേഷം കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു.
പുതിയതായി വാട കയ്‌ക്കെടുത്ത വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കാറില്‍ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. കൂനാബറാബ്രന്‍ ഹെല്‍ത്ത് സര്‍വീസിലെ നഴ്‌സായിരുന്നു നീനു.
മൂവാറ്റുപുഴ മുളവൂര്‍ പുതുമനക്കുഴി എല്‍ദോസ്–സാറാമ്മ ദമ്പതികളുടെ മകളാണ് നിനു. മധുവിധു തീരും മുന്‍പെയാണ് ദമ്പതികളെ മരണം തട്ടിയെടുത്തത്. ഒക്ടാബര്‍ 28നായിരുന്നു ഇവരുടെ വിവാഹം. നവംബര്‍ 20ന് ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പോയി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഓസ്‌ട്രേലിയയില്‍ നേഴ്‌സായി ജോലി ചെയ്യവേ ആണ് അപകടത്തിൽ നീനു മരണപ്പെടുന്നത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. റിട്ട.എസ്‌ഐയാണ് ആല്‍ബിന്റെ പിതാവ് ടി.എ.മത്തായി.
യുകെ മലയാളികളെ തേടി രണ്ടു ആകസ്മിക മരണങ്ങള്‍. ഇന്നലെ രാവിലെ ക്രോയിഡോണില്‍ ആദ്യകാല കുടിയേറ്റ കുടുംബത്തിലെ പുതുതലമുറ അംഗമായ ജയകുമാര്‍ ഭാനുവിനെയാണ് സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ വാര്‍ത്ത യുകെ മലയാളി സമൂഹം അറിഞ്ഞു തുടങ്ങുമ്പോഴേക്കും രണ്ടാമത്തെ ദുരന്ത വാര്‍ത്തയും എത്തി.
ഉച്ചകഴിഞ്ഞ് അപ്രതീക്ഷിതമായി കുതിച്ചെത്തിയ കല്ലാറിലെ മലവെള്ളപ്പാച്ചിലില്‍ യുകെയില്‍ നിന്നെത്തിയ സൗഹൃദ സംഘം അകപെടുക ആയിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍. ഈസ്റ്റ്ഹാം പ്രദേശത്തു നിന്നും പുറപ്പെട്ട സൗഹൃദ സംഘത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് കല്ലാറിലെ കയത്തില്‍ അകപ്പെട്ടത്.
ക്രോയിഡോണില്‍ ഏവര്‍ക്കും പരിചയമുള്ള ചെറുപ്പക്കാരനാണ് ജയകുമാര്‍. സമൂഹത്തില്‍ ഏവരുമായും അടുത്തിടപഴകിയിരുന്ന ജയകുമാറിന്റെ അപ്രതീക്ഷിതമായി ഉണ്ടായ മരണം ക്രോയ്ഡോണ്‍ മലയാളികള്‍ക്ക് ഞെട്ടല്‍ സമ്മാനിച്ചിരിക്കുകയാണ്. ഏക മകനും അമ്മയും ജയകുമാറിന് ഒപ്പമാണ് കഴിഞ്ഞിരുന്നത്. ക്രോയ്ഡോണിലെ ലന്‍സിങ് റോഡിലാണ് ഈ കുടുംബം താമസിച്ചിരുന്നത്.
ആദ്യകാല കുടിയേറ്റ സംഘത്തില്‍ പെട്ട വര്‍ക്കലയില്‍ നിന്നുള്ളവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടതാണ് ജയകുമാര്‍ ഭാനുവിന്റെ കുടുംബവും എന്ന് കരുതപ്പെടുന്നു. മരണം അറിഞ്ഞെത്തിയ പോലീസ് സാന്നിധ്യത്തില്‍ മൃതദേഹം ക്രോയ്ഡോണ്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണം സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ ലഭ്യമല്ല.
അതിനിടെ ഇന്നലെ ഉണ്ടായ രണ്ടാം ദുരന്തത്തില്‍ തലനാരിഴക്കാണ് മൂന്നു യുകെ മലയാളികള്‍ കല്ലാറിലെ കയത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് തിരുവനന്തപുരത്തു നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും ദിവസം മുന്‍പാണ് യുകെയില്‍ നിന്നും എട്ടംഗ സംഘം കേരളത്തില്‍ എത്തിയത്. ഇവരില്‍ നാലുപേര്‍ അടക്കമുള്ള എട്ടുപേരാണ് ഇന്നലെ ഉച്ചകഴിഞ്ഞു കല്ലാറില്‍ എത്തിയത്.
ഇവര്‍ കല്ലാറില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ അകപ്പെടുക ആയിരുന്നു. കല്ലാറില്‍ അപകട സാധ്യത ഉണ്ടെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും സംഘം നിര്‍ദ്ദേശത്തെ ഗൗരവത്തിലെടുത്തില്ലെന്നു സൂചനയുണ്ട്. മാത്രമല്ല കല്ലാറില്‍ എപ്പോള്‍ വേണമെങ്കിലും അപകടം ഉണ്ടാകാം എന്ന മുന്നറിയിപ്പ് സൂചന നല്‍കുന്ന ബോര്‍ഡില്‍ നിന്നും ഏറെ അകലെയല്ല അപകടം നടന്ന സ്ഥലം.
അപകടം നടന്നപ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നവരുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയവരാണ് സംഘത്തിലെ മറ്റുള്ളവരെ രക്ഷിച്ചത്. എന്നാല്‍ 53 കാരനായ പ്രശോഭ് കുമാറിനെ രക്ഷിക്കാനായില്ല. ഇദ്ദേഹം വെള്ളത്തിലെ കുത്തൊഴുക്കില്‍ പെടുക ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും യുകെയിലാണ്. ഒരു മകനും മകളുമാണ് പ്രശോഭ് കുമാറിന്. ഒരേ ദിവസം വിധിയുടെ ക്രൂരത കണ്ട് ആദ്യ ഞെട്ടലില്‍ നിന്നും വിടുതല്‍ ലഭിക്കാതെ നിസ്സഹായരായി കഴിയുകയാണ് യുകെ മലയാളി സമൂഹം. അല്‍പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കുമായിരുന്ന ദുരന്തം എന്ന ചിന്തയാണ് ഏവരും പങ്കിടുന്നത്.
ഇതോടെ ക്രിസ്മസും പുതുവര്‍ഷവും ഗംഭീരമായി വരവേല്‍ക്കുവാന്‍ തയ്യാറായ യുകെ മലയാളികള്‍ക്ക് തീരാത്ത വേദന നല്‍കി മരണത്തിലേക്ക് യാത്രയായവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ലണ്ടനില്‍ മരണത്തിനു കീഴടങ്ങിയ തിരുവനന്തപുരം സ്വദേശി ഹരി ശ്രീധരന്‍ നായര്‍, അപ്പാര്‍ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട അയര്‍ലന്റിലെ മലയാളി നഴ്‌സായ മേരി കുര്യാക്കോസ്, കാന്റര്‍ ബറിയില്‍ നിര്യാതനായ ലാല്‍ജിത്ത്, അസുഖങ്ങള്‍ മൂലം മരണത്തിനു കീഴടങ്ങിയ ലിവര്‍പൂളിലെ മലയാളി നഴ്‌സായ കൊച്ചുറാണി ജോസ്, പുത്തുദിവസത്തെ ഇടവേളയിട്ട് മരണത്തിനു യാത്രയായ ചെല്‍റ്റ്‌നാമിലെ ആന്റണി റാഫേല്‍ – സാറാമ്മ ദമ്പതികള്‍, റെഡ്ഡിംഗിലെ മലയാളി വീട്ടമ്മ ലീലാമ്മ ചെറിയാന്‍ എന്നിവരുടെ തുടര്‍ച്ചയായ മരണ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഇന്നലെ രണ്ടു വിടവാങ്ങലുകള്‍ യുകെ മലയാളികളെ തേടിയെത്തിയത്.
സ്വന്തം ലേഖകൻ
ബക്കിംഗ്ഹാം കൊട്ടാരം: രാജകീയ പദവികൾ വേണ്ടെന്ന് വച്ച് കൊട്ടാരത്തിന്റെ പടിയിറങ്ങുന്ന ഹാരിക്കും മേഗനും ആശംസകൾ നേർന്ന് രാജ്ഞി. സന്തോഷവും സമാധാനപരവുമായ പുതിയ ജീവിതം അവർക്ക് രാജ്ഞി നേരുകയുണ്ടായി. ഒപ്പം പ്രധാനമന്ത്രി ബോറിസ് ജോൺസനും ഇരുവർക്കും ആശംസകൾ അറിയിച്ചു. നല്ലൊരു ഭാവി ജീവിതം ഉണ്ടാവട്ടെ എന്ന് രാജ്യം മുഴുവനായി ആശംസിക്കുന്നു എന്നാണ് ജോൺസൻ പറഞ്ഞത്. “വളരെ പെട്ടെന്നു തന്നെ മേഗൻ കുടുംബത്തോടൊപ്പം ചേർന്ന് ഒരംഗമായി. ഹാരിയും അർച്ചിയും സ്നേഹിക്കപ്പെടും.” രാജ്ഞി കൂട്ടിച്ചേർത്തു. ഹാരിയുടെയും മേഗന്റെയും ഈ തീരുമാനത്തെ കണക്കിലെടുത്ത് ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശ പട്ടികയിൽ നിന്നും അവരെ പുറത്താക്കാൻ രാജ്ഞി തീരുമാനിച്ചിട്ടുണ്ട്. അതിനാൽ ഇരുവർക്കും ഇനി മുതൽ നികുതിപ്പണം ഉപയോഗിക്കാൻ ആവില്ല. കൂടാതെ ഫ്രോഗ്‌മോർ കോട്ടേജ് പുതുക്കിപ്പണിയാൻ ഉപയോഗിച്ച നികുതിദായകരുടെ 2.4 മില്യൺ പൗണ്ട് അവർ തിരിച്ചടയ്ക്കേണ്ടതായും വരും.

തിങ്കളാഴ്ച രാജ്ഞിയുമായി ചർച്ച നടത്തിയ ശേഷമാണ് ഭാവിയെക്കുറിച്ചുള്ള ദമ്പതികളുടെ പ്രഖ്യാപനം. “നിരവധി മാസത്തെ സംഭാഷണങ്ങൾക്കും ചർച്ചകൾക്കും ശേഷം എന്റെ പേരക്കുട്ടിക്കും കുടുംബത്തിനും വേണ്ടി ക്രിയാത്മകവും യോജിക്കുന്നതുമായ ഒരു വഴി കണ്ടെത്തിയതിൽ സന്തോഷമുണ്ട്”. രാജ്ഞി പറഞ്ഞു. മേഗന്റെ പിതാവ് തോമസ് മാർക്കലെ മകളുടെ ഈയൊരു തീരുമാനത്തോട് പൂർണ്ണ വിയോജിപ്പ് പ്രകടിപ്പിച്ചു. “ഓരോ പെൺകുട്ടിയും ഒരു രാജകുമാരിയാകാൻ ആഗ്രഹിക്കുന്നു. അവൾക്ക് അത് ലഭിച്ചു, എന്നാൽ ഇപ്പോൾ അവൾ അത് വലിച്ചെറിയുകയാണ്” അദ്ദേഹം പറഞ്ഞു.

ദമ്പതികളുടെ സ്വകാര്യ രക്ഷാകർതൃത്വങ്ങളും അസോസിയേഷനുകളും തുടരുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ പറയുന്നു. ഹാരി രാജകുമാരൻ രക്ഷാധികാരിയായി തുടരുന്നതിൽ സന്തോഷമുണ്ടെന്ന് റഗ്ബി ലീഗ് അറിയിച്ചു. അതേസമയം ഹാരിയും കുടുംബവും കാനഡയിലേക്കു വരുന്നതിനെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്വാഗതം ചെയ്തു. എന്നാൽ, സുരക്ഷാ ചെലവ് ഉൾപ്പെടെയുള്ള കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു.

റോയ് പാനികുളം
കൊച്ചി : മലയാള സിനിമ നടനും , അധ്യാപകനും , നാടക നടനുമായ ആന്റണി പാലയ്ക്കന്‍ ( ആന്‍സന്‍-72 ) അന്തരിച്ചു . സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ഓച്ചന്തുരുത്ത് കുരിശിങ്കല്‍ പളളിയില്‍ വച്ച് നടക്കുന്നതായിരിക്കും . ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷനിലെ അംഗമായ ജൂഡ് പാലിക്കന്റെയും , സിനി ജൂഡിന്റയും സഹോദരനാണ് ആന്റണി പാലയ്ക്കന്‍. കുറച്ചു നാളുകളായി രോഗബാധിതനായിരുന്നു പരേതന്‍ . ഓച്ചന്തുരുത്ത് വൈഎഫ്എ , കൊച്ചിന്‍ നാടക വേദി , കൊച്ചിന്‍ നീലിമ തുടങ്ങിയ നാടക സംഘങ്ങളില്‍ സജീവമായിരുന്നു ആന്റണി പാലയ്ക്കന്‍.

മഹാരാജാസ് കോളജ് ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായിരിക്കെ , സഹപാഠിയായിരുന്ന നടന്‍ മമ്മൂട്ടിയുമായി ആരംഭിച്ച ചങ്ങാത്തം അവസാന നാള്‍വരെ തുടര്‍ന്നു . അസുഖ ബാധിതനായ പാലയ്ക്കനെ കാണാന്‍ മമ്മൂട്ടി ഓച്ചന്തുരുത്തിലെ സിസി കോട്ടേജില്‍ എത്തിയിരുന്നു. ലേലം സിനിമയില്‍ ക്രൂഷ്ചേവ് കുഞ്ഞച്ചനായി വേഷമിട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു . ലേലം കൂടാതെ ഒട്ടേറെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ആന്റണി പാലയ്ക്കന്‍ തിളങ്ങിയിട്ടുണ്ട്.

മഹാരാജസിലെ പഠന കാലത്ത് വൈഎഫ്എ അവതരിപ്പിച്ച പിഎന്‍ പ്രസന്നന്റെ സബര്‍മതി എന്ന നാടകം സംവിധാനം ചെയ്തത് ആന്റണി പാലയ്ക്കനായിരുന്നു. കലക്ടറായിരുന്ന കെ ആര്‍ വിശ്വംഭരനും പാലയ്ക്കനൊപ്പം വൈഎഫ്എ നാടകങ്ങളില്‍ സജീവമായിരുന്നു. ഓച്ചന്തുരുത്ത് സെന്റ് പീറ്റേഴ്സ് എല്‍പി സ്‌കൂളിലെ മുന്‍ അറബി അധ്യാപകനായിരുന്നു ആന്റണി പാലയ്ക്കന്‍ . ഭാര്യ റീറ്റ. മക്കള്‍ : ആര്‍തര്‍ , ആല്‍ഡ്രസ് , അനീറ്റ. മരുമക്കള്‍ : ടിറ്റി, റിങ്കു, ജോവിന്‍.
രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള തീരുമാനമെടുത്ത ഹാരി രാജകുമാരനും ഭാര്യ മേഗൻ മാര്‍ക്കിളും ഇനിമുതല്‍ രാജകീയ ചിഹ്നങ്ങളൊന്നും ഉപയോഗിക്കില്ല. വിന്‍ഡ്പുസര്‍ ഹോം പുതുക്കി പണിയാന്‍ ചിലവഴിച്ച് 221 കോടി തിരിച്ചു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഇനി മുതല്‍ എങ്ങിനെയായിരിക്കും ഹാരിയോടും കുടുംബത്തോടും രാജകുടുംബത്തിന്‍റെ പെരുമാറ്റം എന്നത് സംബന്ധിച്ച് രാജ്ഞി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘നിരവധി മാസത്തെ സംഭാഷണങ്ങൾക്കും സമീപകാല ചർച്ചകൾക്കും ശേഷം എന്റെ ചെറുമകനും കുടുംബത്തിനും മുന്നോട്ടു പോകാന്‍ ക്രിയാത്മകമായൊരു വഴി കണ്ടെത്താന്‍ സാധിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന്’ രാജ്ഞി ആമുഖമായി പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തും ഹാരിയും മേഗനും ഇത്രകാലം നടത്തിയ എല്ലാ സേവനങ്ങള്‍ക്കും നന്ദിപറഞ്ഞ രാജ്ഞി, എല്ലാ രാജകീയ ചിഹ്നങ്ങളും നഷ്ടപ്പെടുമെങ്കിലും ഹാരി ഒരു രാജകുമാരനായിതന്നെ തുടരുമെന്നും പറഞ്ഞു. അത് ഭാവിയില്‍ രാജകീയ ചുമതലകളിലേക്ക് മടിങ്ങിവരാന്‍ തോന്നിയാല്‍ അവര്‍ക്ക് അതിനുള്ള വഴിയൊരുക്കും.
അതേസമയം, ഇരുവരും രാജകുടുംബത്തില്‍ നിന്ന് പുരത്തുപോകുന്നതിനെ കുറിച്ചല്ല, അവര്‍ക്കായി ചിലവഴിക്കുന്ന പൊതു പണത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ കൂടുതലും നടക്കുന്നത്. ഇരുവവര്‍ക്കും താമസിക്കാനായി ഫ്രോഗ്മോർ കോട്ടേജ് പുതുക്കിപ്പണിയാൻ വമ്പന്‍ തുക പൊതുഖജനാവില്‍നിന്നും ചിലവഴിച്ചിരുന്നു. തുടര്‍ന്നും അവര്‍ അവിടെത്തന്നെ തുടരും. എന്നാല്‍ ചിലവായ തുക തിരിച്ചടക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു.
യുകെ-യിലും കാനഡ-യിലുമായി ജീവിക്കാനുള്ള അവരുടെ തീരുമാനവും ചിലവ് വര്‍ദ്ധിപ്പിക്കുമെന്നാണ് പൊതുചര്‍ച്ച. സസെക്സ് കുടുംബത്തെ സംരക്ഷിക്കുന്നതിനായി മെട്രോപൊളിറ്റൻ പോലീസ് പ്രതിവർഷം 600,000 ഡോളറാണ് ചെലവഴിക്കുന്നത്. എന്നാല്‍ അതിനെകുറിച്ച് ചര്‍ച്ചചെയ്യാന്‍ ബക്കിംഗ്ഹാം കൊട്ടാരം ഇതുവരെ തയ്യാറായിട്ടില്ല. സാമ്പത്തികമായി സ്വതന്ത്രമാകാനും, പണത്തിനുവേണ്ടി കൊട്ടാരത്തെ ആശ്രയിക്കാതിരിക്കാനുമാണ് ഹാരിയും മേഗനും തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജകീയ പദവികള്‍ ഒഴിയുകയാണെന്ന വിവരം കഴിഞ്ഞ ബുധനാഴ്ച് (ജനുവരി എട്ട്) അവര്‍ പരസ്യമാക്കിയത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. അതിനു മുന്‍പ് രാജ്ഞിയുമായോ പിതാവ് ചാള്‍സുമായോ ജ്യേഷഠന്‍ വില്യമുമായോ ഇക്കാര്യം സംസാരിച്ചിരുന്നില്ല. അത് കുടുംബാംഗങ്ങളുമായുള്ള അവരുടെ അകല്‍ച്ചയുടെ സൂചനയാണെന്നും, ഏറെക്കാലംകൊണ്ട് എടുത്ത തീരുമാനമാണെന്നും പറയപ്പെടുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയും യൂറോപ്പിലെതന്നെ മറ്റു മലയാളി സംഘടനകൾക്കു പോലും മാതൃകയാകുന്ന തരത്തിൽ ഉജ്വലമായ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ 19 വർഷം പിന്നിടുന്ന യുണൈറ്റഡ് കിങ്‌ഡം ക്നാനായ കാത്തോലിക് അസോസിയേഷൻ ( UKKCA ) യുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ നോമിനേഷൻ കൊടുക്കുന്നതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചപ്പോൾ എല്ലാ പോസ്റ്റുകളിലേക്കും മത്സരിക്കാൻ ഓരോ സ്ഥാനാർത്ഥികൾ മാത്രമാണ് നോമിനേഷൻ നൽകിയിട്ടുള്ളത് . മുൻകാലങ്ങളിൽ എല്ല സ്ഥാനങ്ങളിലേക്കും കടുത്ത മത്സരങ്ങളിലൂടെയും ആരോഗ്യകരമായ ഡിബേറ്റിലൂടെയുമാണ് സ്ഥാനാർത്ഥികൾ വിജയിച്ചു വന്നിരുന്നത്, എന്നാൽ ഈ വർഷം വരുന്ന 25-)൦ തീയതി കേവലം നോമിനേഷൻ കൊടുത്തിരിക്കുന്നവരെ വിജയിച്ചവരായി പ്രഖ്യപിക്കുന്ന ചടങ്ങുമാത്രമാണ് നടക്കാൻപോകുന്നത് അത് ചൂണ്ടിക്കാണിക്കുന്നത് സംഘടനയുടെ .ദൗർബല്യമാണ്.

UKKCA കഴിഞ്ഞ കാലത്തെ കൺവെൻഷനുകളും അവിടെ നടക്കുന്ന കലാപരിപാടികളും ചിട്ടയായ പ്രവർത്തനങ്ങളും , ജനസാന്നിധ്യവും യു കെ യിലെ മുഴുവൻ ക്നാനായകാരുടെയും അഭിമാനമായിരുന്നു ,അത്തരം ഒരു ഒരു സംഘടനയുടെ നേതൃത്വത്തിലേക്ക് മത്സരത്തിന് ആരും തയാറായില്ല എന്നത് വലിയ അമ്പരപ്പാണ് യു കെ ക്നാനായ സമൂഹത്തിൽ ഉണ്ടായിരിക്കുന്നത് ,നിലവിൽ തോമസ് ജോൺ വാരികാട്ട് പ്രസിഡന്റ് സ്ഥാനത്തേക്കും , ജിജി വരിക്കാശേരി സെക്രട്ടറി സ്ഥാനത്തേക്കും മാത്യു ജേക്കബ് ട്രഷർ സ്ഥാനത്തേക്കും ബിജി ജോർജ് മാംകൂട്ടത്തിൽ വൈസ് പ്രസിഡണ്ടന്റ് സ്‌ഥാനത്തേയ്ക്കും ലുബി മാത്യൂസ് വെള്ളാപ്പിള്ളി ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും എബി ജോൺ കുടിലിൽ ജോയിന്റ് ട്രഷർ സ്ഥാനത്തേക്കും എതിരില്ലാതെ തെരഞ്ഞെടുത്തതായി വരുന്ന 25 നു പ്രഖ്യാപിക്കും ഇതു ചൂണ്ടികാണിക്കുന്നത് സംഘടനയുടെ തികഞ്ഞ ദൗർബല്യമാണ് .
എന്തുകൊണ്ടാണ് ഇത്തരം ഒരു ബലഹീനതയിലേക്കു UKKCA നിലംപതിച്ചത് എന്ന അന്വേഷണം പ്രധാന പ്രവർത്തകരുടെയും നേതാക്കളുടെയും ഇടയിൽ നടത്തിയപ്പോൾ അറിയാൻ കഴിഞ്ഞത് യു കെ യിൽ പ്രവർത്തനം ആരംഭിച്ച സീറോ മലബാർ സഭയും അവർ അനുവദിച്ച ക്നാനായ മിഷനെ സംബന്ധിച്ച തർക്കം സഭവാദികളും സംഘടനാ വാദികളുമായി യു കെ യിലെ ക്നാനായക്കാരുടെ ഇടയിൽ രൂപപ്പെട്ടിട്ടുണ്ട് . അത്തരം അഭിപ്രായ വ്യത്യസം രൂപപ്പെട്ടതിന്റെ ബഹിസ്പുരണമാണ് ഇത്തരം ഒരു തണുത്ത കാറ്റു സംഘടനയിൽ വീശിക്കൊണ്ടിരിക്കുന്നതു ,കൂടാതെ ക്നാനായ സംരക്ഷണ സമിതി ബഹുഭൂരിപക്ഷം യൂണിറ്റുകളിലും നേടിയ വിജയം വൈദികരെ അനുകൂലിക്കുന്ന വിഭാഗങ്ങളെ പിറകോട്ടടിച്ചു മാറിനിൽക്കാൻ നിർബന്ധിക്കപ്പെട്ടു എന്നാണ് അറിയുന്നത് .
സീറോ മലബാർ സഭ യു കെ യിൽ അനുവദിച്ചിട്ടുള്ള 15 ക്നാനായ മിഷനുകളിൽ ക്നാനായ സ്വത്വബോധം നിലനിർത്താൻ ഉതകുന്നതല്ല എന്ന അവബോധം ഭൂരിപക്ഷം ക്നാനായക്കാരിലും ഉടലെടുക്കുകയും യു കെ യിലെ ക്നാനായ വൈദികർ അവരുടെ അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി ക്നാനായ സ്വത്വബോധത്തെ ഒറ്റികൊടുക്കുന്നു എന്ന ആരോപണം ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നു,. ഇത്തരം ഒരു ആരോപണം ലണ്ടൻ റീജിണൽ നിന്നുള്ള ജോണി കുന്നശ്ശേരി ഉൾപ്പെടെ പലരും പരസ്യമായി പ്രകടിപ്പിച്ചിരുന്നു . അതുകൊണ്ടു തന്നെ സഭയുമായി അത്തരം ഒരു ഏറ്റു മുട്ടലിനു മനസില്ലാത്തതുകൊണ്ടാണ് പലരും മത്സരത്തിൽ നിന്നും മാറി നിൽക്കുന്നത് എന്നാണ് അറിയുന്നത്.
സഭയുടെ അധിനിവേശവും ക്നാനായ വൈദികരുടെ ജന്മി മനോഭാവും ബ്രിട്ടീഷ് സമൂഹം അനുവദിച്ചു തന്നിട്ടുള്ള സ്വാതന്ത്ര്യത്തിനു മുകളിൽ വൈദികരും സഭയും കടന്നു കയറുന്നതിനെതിരെ അതിശകതമായ വികാരം അൽമായരുടെ ഇടയിൽ നിലനിക്കുന്നുണ്ട് , അത്തരം വിഭജനം സജീവമായതും സംഘടനയുടെ ശക്തിയിൽ വിള്ളൽ വീഴാൻ ഇടവന്നിട്ടുണ്ട് . കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വളരെ വലിയ നേട്ടങ്ങളാണ് സംഘടനയ്ക്കു ഉണ്ടാക്കിയത് എന്ന് സ്ഥാനം ഒഴിയുന്ന പ്രസിഡണ്ട് തോമസ് തൊണ്ണമ്മാവിൽ പറഞ്ഞു . ആസ്‌ഥാന മന്ദിരത്തിന്റെ നവീകരണം ,15 ക്നാനായ മിഷനുകൾ സ്ഥാപിക്കൽ , സമുദായ അംഗങ്ങളിൽ സാമൂദായിക ബോധം വളർത്തുന്നതിനുവേണ്ടിയുള്ള ക്‌ളാസ്സുകൾ എന്നിവ അതിൽ ചിലതു മാത്രം കൂടാതെ മുഴുവൻ ആളുകളെയും യോചിപ്പിച്ചു മുൻപോട്ടു സംഘടനയെ നയിക്കാൻ കഴിഞ്ഞു എന്നതും ഒരു വലിയ നേട്ടമായി അദ്ദേഹം ചൂണ്ടികാണിച്ചു .
കേരളത്തിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ 35000 പൗണ്ട് ജാതി മത ,വർഗ ,വർണ്ണ സ്ഥലകാലഭേതമില്ലാതെ സഹായിക്കാൻ UKKCA യ്ക്ക് കഴിഞ്ഞുവെന്ന് സ്ഥാനം ഒഴിയുന്ന സെക്രട്ടറി സാജു ലൂക്കോസ് പാണപറമ്പിലും ചൂണ്ടികാണിച്ചു. ഒട്ടേറെ സങ്കീർണ്ണമായ പ്രശ്നങ്ങളെ നേരിടേണ്ടത് ഉണ്ടെങ്കിലും സമൂദായത്തെ ഒരുമിച്ചുകൊണ്ടുപോകാൻ ശ്രമിക്കുമെന്ന് തിരഞ്ഞെടുക്കാൻ പോകുന്ന പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ടും പറഞ്ഞു . .

ടോം ജോസ് തടിയംപാട്
യുകെയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ സജീവ ഇടപെടലും നടത്തുന്ന ടോം ജോസ് തടിയമ്പാട്, യുകെയിലെ പ്രമുഖ ചാരിറ്റിയായ ഇടുക്കി ചാരിറ്റിയുടെ മുഖ്യ സംഘാടകരിൽ ഒരാൾ ആണ് .
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- പടിഞ്ഞാറൻ മിഡ്ലാൻഡ് ട്രെയിൻ സർവീസുകൾക്കെതിരെ ബ്രിട്ടനിൽ വ്യാപക പരാതി ഉയർന്നു വന്നിരിക്കുകയാണ്. ഈ ട്രെയിനുകളിൽ അതിരൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്. അഞ്ഞുറിലധികം യാത്രക്കാരുടെ പരാതികളാണ് നിലവിൽ ഈ ട്രെയിൻ സർവീസുകൾക്കെതിരെ ലഭിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ഈ ട്രെയിനിൽ വെച്ച് ഗർഭിണിയായ ഒരു യുവതി ബോധരഹിതയാവുകയും ചെയ്തു . പടിഞ്ഞാറൻ മിഡ്‌ലാൻഡിലെ പോലീസ് കമ്മീഷണറായ ഡേവിഡ് ജെയിംസൺ ഇത്തരം പരാതികളിൽ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.

ഡേവിഡ് ജാമിസൺ
ഇത്തരം ട്രെയിനുകൾ ക്കെതിരെയുള്ള പരാതികൾ അറിയിക്കാൻ അദ്ദേഹം ഏർപ്പെടുത്തിയ സംവിധാനത്തിൽ, ആദ്യ മണിക്കൂറിൽ തന്നെ നൂറ്റി അമ്പതോളം പരാതികളാണ് ലഭിച്ചത്. 24 മണിക്കൂറിനുള്ളിൽ 500 പേർ ഇത്തരം ട്രെയിൻ സർവീസുകൾക്കെതിരെ പരാതി നൽകി. ട്രെയിനുകൾ സമയക്രമം പാലിക്കാത്തതിനെ സംബന്ധിച്ചും പരാതികൾ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഇത്തരം ട്രെയിനുകളിലെ അതിരൂക്ഷമായ ആൾ തിരക്കാണ് ഏറ്റവും വലിയ പ്രശ്നമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

സാഹചര്യങ്ങൾക്ക് മാറ്റം സംഭവിച്ചില്ലെങ്കിൽ ഒരു പബ്ലിക് ഹിയറിങ് നടത്തുമെന്ന് ഡേവിഡ് ജെയിംസ് വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളെ നിയന്ത്രിക്കുന്നതിനായി വെസ്റ്റ് മിഡ് ലാൻഡ് ട്രെയിൻ സർവീസുകളി ലേക്ക് ഒരു പുതിയ മാനേജിംഗ് ഡയറക്ടറെ നിയമിച്ചിരിക്കുകയാണ്. ഈ നീക്കം പ്രശംസനീയമാണെന്ന് ഡേവിഡ് ജെയിംസൺ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ അഭിപ്രായത്തെ തങ്ങൾ മാനിക്കുന്നതായും, പ്രശ്നപരിഹാരത്തിന് ആവശ്യമായ എല്ലാ നടപടികളും ഉണ്ടാകുമെന്നും പടിഞ്ഞാറൻ മിഡ്ലാൻഡ് ട്രെയിൻ സർവീസ് വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജോയൽ ചെമ്പോല
യുകെയിൽ പ്രതിമാസം 100 ദശലക്ഷം മൃഗങ്ങൾ ഇറച്ചിക്കായി കൊല്ലപ്പെടുന്നതായാണ് കണക്ക്. ബ്രിട്ടനിലെ ഇറച്ചി വ്യവസായമാണ് ലോകത്തിലെ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നതെന്ന് ബ്രിട്ടീഷ് മീറ്റ് പ്രോസസ്സേഴ്സ് അസോസിയേഷൻ (ബിഎംപിഎ) അവരുടെ വെബ്‌സൈറ്റിൽ പറയുന്നു. അതിലെ പല അംഗങ്ങളും വേദനയോ ദുരിതമോ കഷ്ടപ്പാടുകളോ ഇല്ലാതെ അനായാസം സഞ്ചരിക്കാൻ സഹായിക്കുന്ന കൂടുകളാണ് മൃഗങ്ങളെ പാർപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് അവകാശപ്പെടുന്നു.
യുകെയിലെ ഇറച്ചി സംസ്കരണത്തിൽ 75,000 ആളുകൾ ജോലി ചെയ്യുന്നു. അതിൽ 69% മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് ബിഎംപിഎ പറയുന്നത്. കശാപ്പ് പ്രക്രിയയോടുള്ള വിരോധം കാരണം മിക്ക ആളുകളും അതിന്റെ ഉൽപാദനത്തിൽ പ്രവർത്തിക്കാൻ മടി കാണിക്കുന്നു. ഒരു കശാപ്പുശാലയില മുൻ ജോലിക്കാരി അവരുടെ ജോലിയെക്കുറിച്ചും മാനസികാരോഗ്യത്തെ എങ്ങനെ അത് ബാധിക്കുന്നുവെന്നും തുറന്നു പറഞ്ഞിരിക്കുന്നു.

ഒരു മൃഗഡോക്ടറാകണമെന്നായിരുന്നു കുട്ടിക്കാലത്തെ അവരുടെ ആഗ്രഹം. മനുഷ്യരുമായി ഇണങ്ങാത്ത നായ്ക്കുട്ടികളെ ഇണക്കുന്നതും, പേടിച്ചരണ്ട പൂച്ചക്കുട്ടികളെ ശാന്തമാക്കുന്നതുമെല്ലാം ഞാൻ സ്വപ്നം കണ്ടു. ഗ്രാമത്തിൽ ജനിച്ചു വളർന്ന കുട്ടിയെന്ന നിലയിൽ പ്രാദേശിക കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മൃഗങ്ങൾക്ക് കാലാവസ്ഥ വ്യതിയാനം മൂലം അനുഭവപ്പെടുന്ന രോഗങ്ങൾ ചികിൽസിച്ചു ഭേദമാക്കുന്നതായും സങ്കൽപ്പിച്ചു. സ്വപ്‌നം കണ്ട ഒരു സുന്ദരമായ ജീവിതമായിരുന്നു ഇതെല്ലാം. പക്ഷേ എത്തിപ്പെട്ടത് ഒരു അറവുശാലയിലെ ജോലിക്കാണ്.
വർഷങ്ങളായി ഭക്ഷ്യ വ്യവസായ മേഖലയിലും റെഡി-ഫുഡ് ഫാക്ടറികളിലും മറ്റും ജോലി ചെയ്തതിനാൽ ഒരു കശാപ്പുശാലയിൽ ക്വാളിറ്റി കൺട്രോൾ മാനേജരാകാൻ ഒരു ഓഫർ ലഭിച്ചപ്പോൾ അത് തികച്ചും സാധാരണ ജോലിയായിട്ടാണ് തോന്നിയത്.
ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം അവർ പരിസരമെല്ലാം ചുറ്റി നടന്ന് കാണിച്ച് എങ്ങനെയാണ് എല്ലാം പ്രവർത്തിക്കുന്നതെന്ന് വിശദീകരിച്ചു. മറ്റൊരു പ്രധാന കാര്യം ആരോഗ്യസ്ഥിതി എങ്ങനെയുണ്ടെന്ന് അവർ ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. ദൂരയാത്ര ചെയ്യ്ത ആളുകൾ ക്ഷീണിതരാകുന്നത് വളരെ സാധാരണമാണല്ലോ. സന്ദർശകരുടെയും പുതിയ തുടക്കക്കാരുടെയും ശാരീരിക സുരക്ഷ വളരെ പ്രധാനമാണെന്ന് അവർ വിശദീകരിച്ചു. പക്ഷേ അവിടവുമായി ഇണങ്ങിചേരാമെന്നാണ് കരുതിയത്. ആറുവർഷം അവിടെ ജോലി ചെയ്തു. രോഗം ബാധിച്ച മ്യഗങ്ങളെ ചികിൽസിക്കേണ്ട ജോലിക്ക് പകരം ഓരോ ദിവസവും 250 ഓളം മൃഗങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതലയായിരുന്നു ചെയ്യേണ്ടിവന്നത് .
മാംസം കഴിച്ചാലും ഇല്ലെങ്കിലും യുകെയിലെ ആളുകൾ ആരും തന്നെ ഒരിക്കലും ഒരു അറവുശാലയും വന്ന് കണ്ടിട്ടുണ്ടാവില്ല. അതിന് കാരണം അവിടെയാകെ വൃത്തിക്കേടായ സ്ഥലങ്ങളാണ് എന്നത് തന്നെയാണ്. തറ മുഴുവൻ മൃഗങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു. ചുവരുകൾ രക്തത്തിൽ പൊതിഞ്ഞു കിടക്കുയാണ്. ഇതുപോലയുള്ള ഒരു സ്ഥലം സന്ദർശിക്കുവാൻ ആരെങ്കിലും തിരഞ്ഞെടുക്കുമോ?.
എല്ലാ അറവുശാലകളും ഒരുപോലെയല്ലെന്ന് ഉറപ്പുണ്ട്. പക്ഷേ ക്രൂരവും അപകടകരവുമായ ജോലിസ്ഥലമായിരുന്നു അത് . പശുക്കളെ അറക്കുവാനായി കൊണ്ടുവരുമ്പോൾ അത് ഭയപ്പെടുകയും പരിഭ്രാന്തരാകുകയും ചെയ്യും. കണ്ടു നിൽക്കുന്ന എല്ലാവർക്കും അത് ഭയാനക കാഴ്ച്ചയാണ്. ശാരീരികമായി പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും മനസ്സിന് പരുക്ക് സംഭവിച്ചു. ജനലുകളില്ലാത്ത ആ വലിയ കെട്ടിടത്തിൽ ദിവസം തോറും ചെലവഴിക്കുമ്പോൾ നെഞ്ചിൽ കൂടുതൽ ഭാരം അനുഭവപ്പെടുന്നു. രാത്രികളിൽ മനസ്സ് പേടിസ്വപ്നങ്ങൾ കൊണ്ട് നിറയും. പകൽ മുഴുവൻ കണ്ട ക്രൂരതകൾ വീണ്ടും മനസ്സിൽ ഓടിയെത്തും.
കശാപ്പ് ചെയ്തതിനു ശേഷം നൂറുകണക്കിന് പശുക്കളുടെ തലകൾ ഒഴിവാക്കുമായിരുന്നു. എന്നാൽ ഒരു കാര്യം അപ്പോഴും മനസ്സിൽ മായാതെ നില്പുണ്ട് , അത് അവയുടെ കണ്ണുകൾ ആയിരുന്നു. അവരുടെ മരണത്തിൽ പങ്കാളിയാകുമെന്ന് അറിഞ്ഞുകൊണ്ട് ചിലർ കുറ്റപ്പെടുത്തി. മറ്റുചിലർ വാദിക്കുന്നതായി തോന്നി. കൃത്യസമയത്ത് തിരിച്ചുപോയി രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടെന്ന മട്ടിൽ. അത് ഒരേ സമയം വെറുപ്പുളവാക്കുന്നതും ഭയപ്പെടുത്തുന്നതും ഹൃദയം തകർക്കുന്നതുമായിരുന്നു. അതിൽ കുറ്റബോധം തോന്നി. ആദ്യമായി ആ തലകൾ കണ്ടപ്പോൾ, ഛർദ്ദിക്കാതിരിക്കാൻ എല്ലാ ശക്തിയും എടുത്തിരുന്നു.
ഇതുപോലുള്ള കാര്യങ്ങൾ മറ്റ് തൊഴിലാളികളെയും അലട്ടുന്നുണ്ടെന്ന് അറിയാം . കുറച്ച് മാസങ്ങൾക്ക് മുമ്പ് കശാപ്പുശാലയിലെത്തിയപ്പോൾ കണ്ടത് ഒരു പശുവിനെ അറത്തുമാറ്റിയപ്പോൾ ഒരു കാളക്കുട്ടിയുടെ ഗർഭപിണ്ഡം താഴെ വീഴുന്നതാണ്. അത് ഗർഭിണിയായിരുന്നു. അറുത്തയാൾ ഉടനെ അലറാൻ തുടങ്ങി. അയാളെ ശാന്തനാക്കാൻ ഒരു മീറ്റിംഗ് റൂമിലേക്ക് കൊണ്ടുപോയി. അയാൾ പറഞ്ഞത് “ഇത് ശരിയല്ല, ശരിയല്ല” എന്നാണ്. ഗർഭിണികളായ പശുക്കളേ കൊല്ലുന്നതിനേക്കാൾ ക്രൂരമാണ് കൊല്ലേണ്ടി വന്ന കുഞ്ഞുങ്ങൾ.ജോലി ഉപേക്ഷിച്ചതിനുശേഷം കാര്യങ്ങൾ കൂടുതൽ തിളക്കത്തോടെ കാണാൻ തുടങ്ങി. പൂർണ്ണമായും മാനസികാരോഗ്യ ചാരിറ്റികളുമായി പ്രവർത്തിക്കാൻ തുടങ്ങി. അതിജീവിക്കാത്ത സഹപ്രവർത്തകരെകുറിച്ച് ഓർക്കുന്നു. അവരുടെ വികാരങ്ങളെക്കുറിച്ച് തുറന്ന് പറയാനും അവർക്ക് വേണ്ട പ്രൊഫഷണൽ സഹായങ്ങളും ചെയ്തു കൊടുക്കാനും ശ്രമിക്കുന്നു . രാത്രിയിൽ കണ്ണുകൾ അടച്ച് ഉറങ്ങാൻ ശ്രമിക്കുമ്പോൾ ചിലപ്പോഴൊക്കെ നൂറുകണക്കിന് ജോഡി കണ്ണുകൾ തുറിച്ചുനോക്കുന്നതായി ഇപ്പോഴും തോന്നാറുണ്ട്.