UK

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കോ റോങ് : അമേലിയ ബാംബ്രിഡ്ജ് എവിടെ? ആ പെൺകുട്ടിക്ക് എന്ത് സംഭവിച്ചു? സസെക്സിലെ വോർത്തിംഗിൽ നിന്നുള്ള അമേലിയ ബാംബ്രിഡ്ജിനെ (21) കാണാതായിട്ട് ഒരാഴ്ച ആവുന്നു. ബ്രിട്ടീഷ് യുവതിയുടെ തിരോധാനത്തിൽ ആറ് പേരെ കമ്പോഡിയൻ പോലീസ് ചോദ്യം ചെയ്തു. എന്നാൽ ആറ് പേർക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്ന് കോ റോങ് ഗവർണർ നാമ ബന്തോൾ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച കോ റോംങ് ദ്വീപിലെ ബീച്ച് പാർട്ടിയിലാണ് അവളെ അവസാനമായി എല്ലാവരും കണ്ടത്. തന്റെ മകളെ തട്ടിക്കൊണ്ടു പോയതാകാമെന്ന് പിതാവും ഭയപ്പെടുന്നു. ഇരുന്നൂറോളം സൈനികരും പോലീസും അമേലിയക്കായി ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ട്. വീട്ടിൽ നിന്നും സെപ്റ്റംബർ 27നാണ് അവൾ യാത്ര തിരിച്ചത്. ആദ്യം പോയത് വിയറ്റ്നാമിലേക്ക് ആയിരുന്നു.

കോ റോങിലെ നെസ്റ്റ് ബീച്ച് ക്ലബ് ഹോസ്റ്റലിലാണ് അവൾ താമസിച്ചിരുന്നത്. കാണാതായ ആ രാത്രിയിൽ ഹോസ്റ്റലിൽ കണ്ടുമുട്ടിയ സുഹൃത്തുക്കളോടൊപ്പം ബീച്ചിലേക്ക് പോയിരുന്നു. ഹോസ്റ്റലിലേക്ക് മടങ്ങി വരാത്തതിനെത്തുടർന്ന് സുഹൃത്തുക്കളാണ് പോലീസിൽ അവളെ കാണാതായതായി പരാതിപ്പെട്ടത്. അമേലിയയുടെ പേഴ്സ്, ക്രെഡിറ്റ് കാർഡുകൾ, ഫോൺ എന്നിവ അടങ്ങിയ ബാഗ് ബീച്ചിൽ നിന്നും അവളുടെ പാസ്‌പോർട്ട് ഹോസ്റ്റലിൽ നിന്നും പോലീസ് കണ്ടെടുത്തു. വിദേശ വിനോദ സഞ്ചാരികളോട്, പ്രത്യേകിച്ച് സ്ത്രീകളോട് പുരുഷന്മാർ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ചില പാശ്ചാത്യ സന്ദർശകരിൽ നിന്ന് പോലീസിന് ഒരു കത്ത് ലഭിച്ചതായി ഗവർണർ പറഞ്ഞു.

അവളെ ജീവനോടെയോ അല്ലാതെയോ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് മേജർ ജനറൽ ചുവോൺ നരിൻ അറിയിച്ചു. അടുത്തുള്ള ദ്വീപുകളിലേക്കും തായ്‌ലൻഡ് ഉൾക്കടലിൽ കൂടുതൽ തീരങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ അമേലിയ മുങ്ങി മരിച്ചിട്ടുണ്ടാകുമെന്നാണ് പ്രാദേശിക ഗവർണർ പറയുന്നത്. അമേലിയയുടെ തിരിച്ചുവരവിനായി ബ്രിട്ടൻ പ്രാർത്ഥിക്കുകയാണ്. നിറകണ്ണുകളോടെ…

ബ്രിട്ടനിൽ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിര്‍ദേശത്തെ ലേബര്‍പാര്‍ട്ടി അംഗീകരിച്ചതോടെയാണ്‌ തിരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്. ജോണ്‍സണ്‍ അവതരിപ്പിച്ച പ്രമേയത്തെ ആദ്യമായി 438 പേര്‍ പിന്തുണച്ചു. ‘നമ്മുടെ രാജ്യത്തെ രൂപാന്തരപ്പെടുത്തുന്നതിന് ഈ തലമുറക്ക് ലഭിച്ച അവസരമാണിതെന്ന്’ പൊതുതിരഞ്ഞെടുപ്പെന്ന ആശയത്തെ അംഗീകരിച്ചുകൊണ്ട് ലേബർ നേതാവ് ജറമി കോർബിൻ പറഞ്ഞു.

ഡിസംബർ ഒൻപതിനു തെരഞ്ഞെടുപ്പാകാമെന്ന നിർദേശം തള്ളിയതോടെ ലിബറൽ ഡെമോക്രാറ്റുകളും സ്കോട്ടിഷ് ദേശീയ പാർട്ടിയും വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു. ലേബർ എം‌പിമാരിൽ പകുതിയോളം പേരും നിയമനിർമ്മാണത്തിനെതിരെ വോട്ട് രേഖപ്പെടുത്തിയിരുന്നു. അഞ്ച് ആഴ്ചത്തെ ഹ്രസ്വ പ്രചാരണത്തിനായി പാർലമെന്റ് അടുത്ത ബുധനാഴ്ച പിരിച്ചുവിടും. ജോണ്‍സന്‍റെ പ്രമേയം ഹൌസ് ഓഫ് ലോർഡ്‌സും ഉടന്‍ പാസാക്കുമെന്നാണ് പ്രതീക്ഷ.

‘ഭരിക്കാനായി ജനിച്ചവരാണ്’ എന്ന് കരുതുന്ന ജോൺസനെപോലുള്ള കൺസർവേറ്റീവുകളെ പുറത്താക്കാൻ വോട്ടര്‍മാരോട് ആഹ്വാനം ചെയ്തുകൊണ്ട് കോർബിൻ തന്റെ പ്രചാരണത്തിന് കളമൊരുക്കി. ‘ബ്രെക്സിറ്റ് ഇല്ലാതാക്കാനായി ഒരു സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്’ എന്നായിരുന്നു ലിബറല്‍ ഡെമോക്രാറ്റിക്‌ ലീഡര്‍ ജോ സ്വിൻസൺ പറഞ്ഞത്. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടനെ പുറത്തെത്തിക്കാന്‍ ‘പുതിയതും പുനരുജ്ജീവിപ്പിച്ചതുമായ’ ഒരു പാർലമെന്റ് ആവശ്യമാണെന്ന് ജോണ്‍സണ്‍ ഹൌസ് ഓഫ് കോമണ്‍സില്‍ നടന്ന ചര്‍ച്ചക്കിടെ വാദിച്ചിരുന്നു. ‘ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങളിലേക്ക് പോകുകയല്ലാതെ നമ്മുടെ മുന്നില്‍ മറ്റ് മാർഗമില്ല’ എന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു.

ഒക്ടോബർ 31-ന് മുൻപ് യൂറോപ്യൻ യൂണിയൻ വിടുമെന്ന പ്രഖ്യാപനം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം ബോറിസ് ജോൺസൻ ആരംഭിച്ചത്. കരാറില്ലാതെ ബ്രെക്‌സിറ്റ് ഉണ്ടാവില്ലെന്നു വ്യക്തമായി ഉറപ്പു തന്നാൽ തെരഞ്ഞെടുപ്പ് നിർദേശം പരിഗണിക്കാമെന്നായിരുന്നു ആദ്യം ലേബര്‍പാര്‍ട്ടി എടുത്ത നിലപാട്. ബ്രെക്‌സിറ്റ് കാലാവധി 2020 ജനുവരി 31 വരെ നീട്ടി നൽകാൻ യൂറോപ്യൻ യൂണിയൻ സമ്മതിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ബിൽ ജോൺസൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ചാൽ മാത്രമേ ജനുവരിക്ക് മുൻപ് യൂറോപ്യൻ യൂണിയൻ വിടാൻ സാധിക്കൂ. പൊതു തിരഞ്ഞെടുപ്പിലൂടെ അംഗബലം കൂട്ടി ശക്തമായി തിരിച്ചുവരാനാണ് ജോണ്‍സണ്‍ തയ്യാറെടുക്കുന്നത്.

സുഹൃത്തുക്കൾക്കിടയിൽ മൗറിസ് റോബിൻസൺ അറിയപ്പെടുന്നത് ‘മോ’ എന്ന വിളിപ്പേരിലാണ്. ‘ലോറി ഡ്രൈവർ’ എന്ന് തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ ജോബ് ഡിസ്‌ക്രിപ്‌ഷനായിത്തന്നെ ചേർത്തിട്ടുള്ള റോബിൻസന്റെ വാളിൽ നിറഞ്ഞു നിൽക്കുന്നതും തന്റെ പ്രിയവാഹനവും ഉപജീവന മാർഗവുമായ ‘പോളാർ എക്സ്പ്രസ്സ്’ എന്നുപേരിട്ടിട്ടുളള സ്കാനിയാ ട്രെയ്‌ലർ ട്രക്കാണ്, ഒപ്പം തന്റെ പ്രിയപ്പെട്ട വളർത്തുപട്ടികളും. സതേൺ റീജിയണൽ കോളേജിൽ ലൈറ്റ് വെഹിക്കിൾ മെയിന്റനൻസ് ആൻഡ് റിപ്പയറിൽ ഡിപ്ലോമഎടുത്ത ശേഷമാണ് റോബിൻസൺ കാർഗോ ട്രെയിലറുകളുടെ രാജ്യാന്തര ഡ്രൈവിങ്ങ് തന്റെ ഉപജീവനമായി തെരഞ്ഞെടുക്കുന്നത്. ഇപ്പോൾ യുകെയിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഒരു പേരാണ് മോ റോബിൻസന്റെത്. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ 39 ഏഷ്യൻ വംശജരുടെ കൊലപാതകത്തിന്റെ കുറ്റം മോയുടെ തലയിലാണ്.

വടക്കൻ അയർലണ്ടിലെ പോർട്ടഡോൺ സ്വദേശിയാണ് റോബിൻസൺ. ബെൽജിയത്തിലെ സീബ്രഗ്ഗിൽ നിന്ന് തെയിംസ് നദിയിലെ ടിൽബറി ഡോക്കിനടുത്തുള്ള പർഫ്‌ളീറ്റിൽ വന്നിറങ്ങിയതാണ് ഈ റഫ്രിജറേറ്റഡ് ട്രെയ്‌ലർ. അവിടെ നിന്ന് ട്രെയിലർ തന്റെ ട്രക്കുമായി ഘടിപ്പിച്ച് യാത്ര തുടങ്ങിയ റോബിൻസൺ അതുമായി ഹോളിഹെഡ് വഴി ഡബ്ളിനിലൂടെ യാത്ര തുടരുകയായിരുന്നു. ഒടുവിൽ എസ്സെക്സിലെ ഗ്രേയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെത്തി. അവിടെ വണ്ടി നിർത്തിയശേഷം കാർഗോയുടെ രേഖകൾ എടുക്കാൻ വേണ്ടി ട്രെയിലർ തുറന്നപ്പോഴാണ്, റോബിൻസൺ ഉള്ളിൽ തണുത്തുറഞ്ഞു മരിച്ചുകിടക്കുന്ന 39 പേരെ കാണുന്നത്. ആ ഭീകരദൃശ്യം കണ്ട നിമിഷം തന്നെ മോ റോബിൻസൺ ബോധം കെട്ടുവീഴുകയായിരുന്നു. അൽപനേരം കഴിഞ്ഞ് ബോധം വന്നപ്പോൾ റോബിൻസൺ തന്നെയാണ് ആംബുലൻസ് വിളിച്ചുവരുത്തിയത്. പിന്നാലെ വന്നെത്തിയ പോലീസ് റോബിൻസനെ അറസ്റ്റുചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുവേണ്ടി റോബിൻസൺ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

വാഹനത്തിന്റെ റെഫ്രിജറേഷൻ സിസ്റ്റം പ്രവർത്തിച്ചിരുന്നു എന്നും, അതിനുള്ളിലുള്ളവർ മരിച്ചത് -25 ഡിഗ്രിസെൽഷ്യസിൽ ഹൈപ്പോതെർമിയ ബാധിച്ചാണ് എന്നുമാണ് ഇപ്പോൾ അനുമാനിക്കപ്പെടുന്നത്. നിരവധി മൾട്ടിനാഷണൽ കമ്പനികളുടെ കാർഗോ ട്രെയിലറുകൾ വന്നുപോകുന്ന ഡോക്കിൽ നിന്ന് ട്രെയിലർ തന്റെ ട്രക്കിൽ ഘടിപ്പിച്ചുവന്ന റോബിൻസൺ ചിലപ്പോൾ അതിനുള്ളിൽ 39 മൃതദേഹങ്ങൾ ഉള്ള കാര്യം അറിഞ്ഞുകാണാൻ ഇടയില്ല എന്ന് അതേ റൂട്ടിലോടുന്ന ചില ട്രെയിലർ ട്രക്കുകളുടെ ഡ്രൈവർമാർ ഡെയ്‌ലി മെയിൽ പത്രത്തോട് പറഞ്ഞു. മാത്രവുമല്ല, രേഖകളെടുക്കാൻ വേണ്ടി ട്രെയിലർ തുറന്ന് മൃതദേഹങ്ങൾ കണ്ടപാടെ റോബിൻസൺ തന്നെയാണ് ആംബുലൻസിനെയും പൊലീസിനെയും മറ്റും വിളിച്ചുവരുത്തിയതും.

എന്നാൽ, ഈ യാത്രയിൽ റോബിൻസൺ വന്ന വളഞ്ഞ വഴിയാണ് അയാളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്. ഒരു ദിവസം കൂടുതൽ യാത്ര ചെയ്യേണ്ടുന്ന ഒരു റൂട്ടിലൂടെയാണ് റോബിൻസൺ തന്റെ ട്രെയിലറുമായി വന്നത്. ആ വഴി ചെക്ക്പോസ്റ്റുകൾ കുറവാണ് എന്നതിനാൽ സൗകര്യമോർത്ത് പല ട്രെയ്‌ലർ ഡ്രൈവർമാരും ആ വഴി പോകാറുണ്ട് എന്നും പറയപ്പെടുന്നു. പോളാർ എക്സ്പ്രസ് എന്ന ലോറി റോബിൻസന്റെ സ്വന്തമല്ല. 2017-ൽ ബൾഗേറിയയിൽ ഒരു ഐറിഷ് കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടതാണ് ഈ സ്‌കാനിയ ട്രക്ക്.

എസെക്‌സിൽ റോബിൻസൺ തുറന്നത് സ്വന്തം ട്രെയിലറിന്റെ മാത്രം വാതിലല്ല. അയാൾ അഴിച്ചിട്ടത്, ചൈനയിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറാൻ മോഹിച്ച് അതിനായി ജീവൻ വരെ പണയപ്പെടുത്തി, ദുരിതങ്ങൾ അനുഭവിക്കാൻ തയ്യാറെടുത്ത് ഇറങ്ങിപ്പുറപ്പെടുന്നവരെ മുതലെടുത്തുകൊണ്ട് ഇരുളിന്റെ മറവിൽ വാഴുന്ന മനുഷ്യക്കടത്തു മാഫിയകളുടെ മുഖംമൂടി കൂടിയാണ്. മൗറിസ് ‘മോ’ റോബിൻസൺ എന്ന ലോറി ഡ്രൈവർ, നിരപരാധിയായ ഒരു നിമിത്തം മാത്രമാണോ അതോ കെട്ടുപിണഞ്ഞുകിടക്കുന്ന ഈ ‘മനുഷ്യക്കടത്ത് മാഫിയയുടെ കണ്ണി തന്നെയോ എന്നത് പൊലീസ് ഇനിയും അന്വേഷിച്ചു കണ്ടെത്താനിരിക്കുന്നതേയുള്ളൂ.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ബ്രസൽസ് : ഒക്ടോബർ 31 എന്ന തീയതി ഇനി മറന്നേക്കൂ. ബ്രെക്സിറ്റിൽ പുതിയ വഴിത്തിരിവ്. 2020 ജനുവരി 31 വരെ ബ്രെക്സിറ്റ് നീട്ടണമെന്നുള്ള ബ്രിട്ടന്റെ അഭ്യർത്ഥനയക്ക് യൂറോപ്യൻ യൂണിയന്റെ അനുമതി. അതുകൊണ്ട് തന്നെ മുൻ നിശ്ചയപ്രകാരം അന്തിമ കാലാവധിയായിരുന്ന ഈ വ്യാഴാഴ്ച ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടില്ല. യൂറോപ്യൻ യൂണിയനിൽ നിലവിലുള്ള 27 അംഗരാജ്യങ്ങളും ബ്രെക്സിറ്റ്‌ നീട്ടുന്നതിന് അനുമതി നൽകിയതായി പ്രസിഡന്റ്‌ ഡൊണാൾഡ് ടസ്‌ക് അറിയിച്ചു. ഒക്ടോബർ 31ന് തന്നെ എന്ത് വന്നാലും യൂറോപ്യൻ യൂണിയൻ വിടുമെന്ന ഉറച്ച നിലപാടിലായിരുന്നു ജോൺസൻ. എന്നാൽ പാർലമെന്റിൽ ഏറ്റ കനത്ത തിരിച്ചടി മൂലമാണ് അധികസമയത്തിനായി യൂറോപ്യൻ യൂണിയനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

സമയം നീട്ടിചോദിക്കണമെന്ന നിലപാടാണ് ഭൂരിഭാഗം എംപിമാരും കൈകൊണ്ടത്. ജോൺസൻ കൊണ്ടുവന്ന പുതിയ ബ്രെക്സിറ്റ്‌ കരാറിന് അവർ അംഗീകാരം നൽകിയതുമില്ല. ബ്രെക്സിറ്റ് സമയപരിധി നീട്ടാൻ പ്രധാനമന്ത്രിയെ നിർബന്ധിക്കുന്ന ഒരു നിയമവും അവർ പാസ്സാക്കിയിരുന്നു. പാർലമെന്റിന്റെ അഭ്യർത്ഥനയും ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും കണക്കിലെടുത്താണ് ബ്രെക്സിറ്റ്‌ സമയപരിധി നീട്ടാൻ യൂറോപ്യൻ യൂണിയൻ അനുമതി നൽകിയത്.

28 രാജ്യങ്ങളുടെ കൂട്ടായ്മ ആയ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്റെ കരാറായ ബ്രെക്സിറ്റ്‌, നേരത്തെ രണ്ടു പ്രാവശ്യം നീട്ടിവെച്ചിരുന്നു. നിലവിലെ പാർലമെന്റിൽ ബ്രെക്സിറ്റ്‌ തീരുമാനത്തിന് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് തീയതി നീട്ടിയുള്ള തീരുമാനം. എന്നിരുന്നാലും ബ്രെക്സിറ്റ്‌ പ്രശ്നങ്ങൾ പ്രധാനമന്ത്രിയ്ക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുകയെ ഉള്ളൂ.

ലണ്ടൻ ∙ ബ്രിട്ടിഷ് രാജകുടുംബാംഗം ചാൾസ് രാജകുമാരൻ നവംബർ 13ന് രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തും. സുസ്ഥിര വിപണി, കാലാവസ്ഥാ വ്യതിയാനം, സാമൂഹിക ധനകാര്യം എന്നീ വിഷയങ്ങളിൽ ഔദ്യോഗിക ചർച്ച നടത്തും. സന്ദർശനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യഥാസമയം പ്രഖ്യാപിക്കുമെന്ന് ക്ലാരൻസ് ഹൗസ് ഓഫിസ് അറിയിച്ചു.

70 കാരനായ ചാൾസിന്റെ പത്താമത്തെ ഔദ്യോഗിക ഇന്ത്യ സന്ദർശനമാണിത്. 2017 നവംബറിൽ ഭാര്യ കാമിലക്കൊപ്പം ഡച്ചസ് ഓഫ് കോൺ‌വാൾ, ബ്രൂണൈ, ഇന്ത്യ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കു നടത്തിയ സംയുക്തപര്യടനത്തിന്റെ ഭാഗമായാണ് അവസാനമായി ചാൾസ് ഇന്ത്യയിൽ എത്തിയത്. ബ്രെക്സിറ്റിനു ശേഷം ഇന്ത്യയുമായി വ്യാപാര കരാർ ഉറപ്പിക്കുന്ന കാര്യത്തിൽ ബ്രിട്ടൻ കൂടുതൽ പ്രധാന്യം നല്‍കുന്നുണ്ട്. മകൻ വില്യമിന്റെയും ഭാര്യ കേറ്റിന്റെയും നാലുദിവസത്തെ പാക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കി ഒരാഴ്ച കഴിഞ്ഞാണ് ചാൾസിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ പ്രഖ്യാപനം.

 

സ്റ്റോക്ക് ഓൺ ട്രെന്റ് ഇൽ താമസിക്കുന്ന ശ്രീ റെജിനോൾഡ് ദേവസി യുടെ അമ്മ ശ്രീമതി ബേബി ദേവസി (84)നിര്യായാത  ആയി.
ശവ സംസ്കാരം ചൊവ്വാഴ്ച രാവിലെ തൃശൂർ വിജയപുരം സെയിന്റ് സേവ്യർ പള്ളിയിൽ നടത്ത പെടും.
മക്കൾ :  ജെയിംസ്  അലക്സ് ,റെജിനോൾഡ് , ഷിജി റെജിനോൾഡ്  , ജെസ്സി , ജാൻസി

ശ്രീമതി ബേബി ദേവസ്യയുടെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വിയറ്റ്നാം : “അവൾക്ക് വലിയ മനസ്സായിരുന്നു. ഈ കുടുംബത്തെ പരിപാലിച്ചത് അവളായിരുന്നു ” ആ അച്ഛൻ വിതുമ്പി. ബൾഗേറിയയിൽ നിന്ന് അയർലൻഡ് വഴി ലണ്ടനിൽ എത്തിയ ട്രക്കിന്റെ കണ്ടെയ്നറിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളിൽ ഒന്ന് തന്റെ മകളുടെ ആണെന്ന് തിരിച്ചറിഞ്ഞ പിതാവ് തകർന്നുപോയിരുന്നു. വിയറ്റ്നാമിലെ ഹാ ടിൻ പ്രവിശ്യയിലെ എൻഗെൻ പട്ടണത്തിലുള്ള ഫാം വാൻ തിനിന്റെ വീട്ടിൽ ഇന്ന് കളിചിരികളില്ല , തകർന്ന മനസ്സുമായി കഴിഞ്ഞുകൂടുന്ന ചിലർ മാത്രം. എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ട പുത്രിയെ ഓർത്ത് വിലപിക്കുന്ന മാതാപിതാക്കൾ. 26കാരിയായ ഫാം തി ട്രാ മൈ ഒക്ടോബർ മൂന്നിനാണ് ഹാനോയിലേക്ക് തിരിച്ചത്. അവിടെ നിന്ന് ചൈനയിലേക്കും ഫ്രാൻസിലേക്കും കടന്നു. ബ്രിട്ടനിലേക്ക് എത്തുന്ന വഴിയാണ് മരിച്ചത്. 31000 പൗണ്ട് ആണ് കടത്തുകാർക്ക് കുടുംബാംഗങ്ങൾ നൽകിയത്. “ആളുകളെ ഒരു സുരക്ഷിതമായ മാർഗ്ഗത്തിലൂടെയാണ് കൊണ്ട് പോകുന്നതെന്ന് അവർ ഞങ്ങളോട് പറഞ്ഞു. കാറിലോ വിമാനത്തിലോ ആയിരിക്കുമെന്നും പറഞ്ഞു. ” ട്രാ മൈയുടെ പിതാവ് സിഎൻഎന്നിനോട് പറഞ്ഞു.

കുടുംബത്തിനോടുള്ള അഗാധമായ സ് നേഹം അവളുടെ അവസാന സന്ദേശത്തിലും പ്രകടമായിരുന്നു. “അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം. വിദേശത്തേക്ക് പോയത് തെറ്റായി. ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്, എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല. ഐ ലവ് യു മം ആൻഡ് ഡാഡ് ” ലോകത്തിൽ നിന്ന് വിടപറയുന്നതിന് മുമ്പ് ട്രാ മൈ അമ്മയ്ക്കയച്ച സന്ദേശമാണിത്. യാത്ര കഠിനമാണെങ്കിൽ പോകേണ്ടെന്ന് പറഞ്ഞിരുന്നതായി പിതാവ് വെളിപ്പെടുത്തി. എന്നാൽ താൻ പോയില്ലെങ്കിൽ കടബാധ്യത മൂലം കുടുംബത്തിന് ബുദ്ധിമുട്ട് വരുമെന്നും അതിനാൽ പോകണമെന്നും അവൾ പറയുമായിരുന്നു. ആളുകളെ തെറ്റായ രീതിയിൽ ആണ് കൊണ്ടുപോകുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ അവളെ വിടില്ലായിരുനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിലെ ഒരു നെയിൽ സലൂണിൽ ജോലിചെയ്യാനും അതിൽ നിന്നും ലഭിക്കുന്ന ശമ്പളം വീട്ടിലേക്ക് അയക്കാനും അവൾ വളരെയധികം ആഗ്രഹിച്ചിരുന്നു. ജീവൻ നഷ്ടപ്പെട്ടെങ്കിലും എത്രയും വേഗം തന്റെ മകളെ വീട്ടിൽ എത്തിക്കാനാണ് പിതാവ് ശ്രമിക്കുന്നത്. അതാണ് ഇനി അവരുടെ ആഗ്രഹവും.

അനധികൃത കുടിയേറ്റം മൂലം തകർന്നത് ഒരു കുടുംബത്തിന്റെ സ്വപ്‍നവും പ്രതീക്ഷയും ആയിരുന്നു. ബാക്കി 38 കുടുംബങ്ങളുടെയും സ്ഥിതി ഇതുതന്നെ. 39 മൃതദേഹങ്ങളേയും പോസ്റ്റ്മാർട്ടത്തിനായി ക്‌ളെയിംസ്‌ഫോർഡ് ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ടവരുടെ ബാഗും ഫോണും എല്ലാം പരിശോധനവിധേയമാക്കും. തുടരന്വേഷണത്തിനായി ഫോണിലെ സന്ദേശങ്ങളും പരിശോധിക്കും. ബ്രിട്ടനിലേക്ക് വന്ന മൂന്ന് ലോറികളിൽ ഒന്ന് മാത്രമാണ് എസ്സെക്സിലെതെന്ന വാദവും ഉയരുന്നു. രണ്ടു ലോറികളിലായി എഴുപതോളം കുടിയേറ്റക്കാർ യുകെയിലേക്ക് കടന്നതായും റിപ്പോർട്ടുകൾ വരുന്നു. ട്രക്ക് കണ്ടെയ്നറുകളിൽ ഒളിച്ച് ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം പതിവാണ്. 2000ൽ 58 ചൈനക്കാരുടെ മൃതദേഹങ്ങൾ ഒരു ട്രക്കിൽ കണ്ടെടുത്തിരുന്നു. 2014ൽ കപ്പലിലെ കണ്ടെയ്നറിനുള്ളിൽ ശ്വാസം കിട്ടാതെ അവശനിലയിൽ അഫ്ഗാനിൽ നിന്നുള്ള 34 സിഖുകാരെയും കണ്ടെത്തിയിരുന്നു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരൻെറ ജീവിതം കുറെ നാളുകളായി വിവാദങ്ങൾക്ക് നടുവിൽ ആണ്. അടുത്തിടെയായി പുതിയ ഒരു വിവാദത്തിനും തുടക്കമായിട്ടുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്ത് ടോം ബ്രാഡ്ബിയുടെ ” ഹാരി & മേഗൻ : ആൻ ആഫ്രിക്കൻ ജേർണി ” എന്ന ഡോക്യുമെന്ററി യിലൂടെ മാധ്യമങ്ങളെ ആകെ വിമർശിച്ചു എന്നതാണ് പുതിയ ആരോപണം.

ഹാരിയെ മുറിവേറ്റ ഹൃദയത്തിന് ഉടമയായ ഒരു യുവാവായാണ് ബ്രിട്ടനിൽ ഇപ്പോൾ പലരും ചിത്രീകരിക്കുന്നത്. ഷേക്സ്പിയർ നാടകങ്ങളിലെ പ്രിൻസ് ഹാളിനോടാണ് ഹാരിയെ ഉപമിക്കുന്നത്. എന്നാൽ അടുത്തിടെയായി അമ്മയുടെ മരണത്തിന്റെ ദുഃഖം തന്നെ ഇന്നും വേട്ടയാടുന്നു എന്ന ഹാരിയുടെ പ്രതികരണത്തിന് മറുപടിയായി അദ്ദേഹത്തെ മറ്റൊരു ഷേക്സ്പീരിയൻ കഥാപാത്രമായ ഹാംലറ്റുമായാണ് ഉപമിച്ചിരിക്കുന്നത്.

മാധ്യമങ്ങൾ എന്നും രാജകുടുംബത്തിന്റെ നിലനിൽപ്പിന് അവിഭാജ്യ ഘടകങ്ങളാണ്. രാജകുടുംബങ്ങളിലെ വിവാഹവും, മരണവും ജന്മദിനവുമെല്ലാം മാധ്യമശ്രദ്ധ ആകർഷിക്കപ്പെടുന്നതാണ്. മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന അവസാനത്തെ രാജ്ഞിയായി നിലവിലുള്ള എലിസബത്ത് രാജ്ഞി മാറും എന്നാണ് നിഗമനം. രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾ എല്ലാം തന്നെ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കപ്പെട്ടവരാണ്. ഏറ്റവും അവസാനത്തെ ഇരയായി ഹാരി രാജകുമാരൻ മാറിയിരിക്കുകയാണ്.

ക്രിസ്റ്റി അരഞ്ഞാണി

ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് കോവൻട്രി റീജിയണൽ ബൈബിൾ കൺവെൻഷന് അതി വിപുലമായ ഒരുക്കങ്ങൾ കൺവൻഷൻ കമ്മിറ്റി ഭാരവാഹികളെയും കൺവീനർമാരായ റവ. ഫാ ടെറിൽ മുല്ലക്കര അച്ഛന്റെയും ജോയ് മാത്യുവിനെ യും നേതൃത്വത്തിൽ പൂർത്തിയായിക്കഴിഞ്ഞു.
പ്രമുഖ വചനപ്രഘോഷകനും ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറുമായ റവ. ഫാ ജോർജ്ജ് പനക്കൽ അച്ഛന്റെയും ഫാദർ ആന്റണി പറങ്കി മണ്ണിൽ അച്ഛന്റെയും രൂപതാ അധ്യക്ഷൻ മാർ ജോസഫ് സാംപ്രിക്കൽ പിതാവിന്റെയും അതുപോലെ രൂപതയുടെയും റീജിയണിന്റെയും കീഴിലുള്ള വൈദികരുടെ കൂട്ടായ്മയും നടത്തപ്പെടുന്നു.

കുട്ടികളുടെ ആത്മീയ വിശ്വാസ വളർച്ചയ്ക്കും അതിലൂടെ സഭയെയും യേശുവിനെയും അറിയുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് ഫാദർ ജോസഫ് ഇടത്തിൽ നേതൃത്വം വഹിക്കുന്ന ശുശ്രൂഷയ്ക്ക് ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായി.

ഒക്ടോബർ 28ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കൺവെൻഷൻ വൈകീട്ട് 5 മണിക്ക് അവസാനിക്കുന്നതാണ്. വചനപ്രഘോഷണവും ആരാധനയും പരിശുദ്ധമായ ദിവ്യബലിയും ഈ സമയങ്ങളിൽ നടത്തപ്പെടുന്നു. അതുപോലെ കുമ്പസാരത്തിനുള്ള അവസരവും ഒരുക്കിയിരിക്കുന്നു.
ഉച്ച ഭക്ഷണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. വോളണ്ടിയർമാരുടെ നിർദ്ദേശങ്ങൾ വിശ്വാസികൾ കർശനമായി പാലിക്കേണ്ടതാണ്.

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം ? ഈ തിരക്കുപിടിച്ച പ്രവാസ ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങൾക്കും പേരിനും പ്രശസ്തിക്കും മാറ്റ് ഇഹ ലോക സുഖങ്ങൾക്കും വേണ്ടി നമ്മൾ നെട്ടോട്ടം ഓടുമ്പോൾ ദൈവം തന്ന ദാനത്തെയും അവന്റെ കരുണയെയും സ്നേഹത്തെയും വിസ്മരിച്ച് നമ്മുടെ ആത്മാവിനെ നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്ന് തിരിച്ച് ദൈവത്തിന്റെ വഴിയിലേക്ക് തിരികെ പോകുന്നതിനായി ഈ കൺവെൻഷൻ പ്രയോജനകരമാക്കാം. അതിനായി എല്ലാ കുടുംബങ്ങളെയും ബൈബിൾ കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.

എത്തിച്ചേരേണ്ട വിലാസം :
The new bingley hall
II hockley circus
hockley , birmingham
B18 5BE

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വോൾവർഹാംപ്ടൺ : വോൾവർഹാംപ്ടണിലെ വൻ കഞ്ചാവ് ശേഖരം പോലീസ് പിടിച്ചെടുത്തു. റെയ്ഡിനെ തുടർന്ന് കഞ്ചാവ് ഫാക്ടറി പോലീസ് അടച്ചുപൂട്ടി. ഒക്ടോബർ 24 പുലർച്ചെ ആയിരുന്നു റെയ്ഡ്. ഫാക്ടറിയുടെ ഗേറ്റ് തകർത്താണ് പോലീസ് അകത്തു കടന്നത്. കൃത്യമായ കണക്ക് ഇല്ലെങ്കിലും നൂറോളം കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

റെയ്ഡിനെ തുടർന്ന് വെസ്റ്റ് മിഡ്‌ലാന്റ്സ് പോലീസ് ഇപ്രകാരം ട്വീറ്റ് ചെയ്തു ; “വ്യാഴം രാവിലെ 9.30 ന് മുമ്പ് വോൾവർഹാംപ്ടണിലെ കേബിൾ സ്ട്രീറ്റ്, ഓൾ സെയിന്റ്സിലെ വസ്തുവിൽ വാറന്റ് നടപ്പാക്കി.” ഏഴു മുറികൾ നിറച്ചും കഞ്ചാവ് ചെടികൾ ആയിരുന്നെന്നും അഞ്ചുലക്ഷം പൗണ്ട് വിലമതിക്കുന്നവയാണ് അവ എന്നും പോലീസ് കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved