സൂപ്പർമാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ടെസ്കോ ബ്രിട്ടനിൽ ഉടനീളം 4500ഓളം തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നു. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള അനേകം തൊഴിലാളികളെ ഇത് ബാധിക്കും . മെട്രോ നഗരങ്ങളിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം മണിക്കൂറുകൾ വെട്ടി ചുരുക്കാൻ ആണ് തീരുമാനം. 153 ഓളം കടകളിൽ ആണ് ഈ തീരുമാനം ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഓൺലൈൻ ഷോപ്പിംഗിന്റെ വർദ്ധനവും, ആൽടി പോലെയുള്ളടത്തെ ഡിസ്കൗണ്ട് സെയിലുകളുമെല്ലാം എല്ലാം വ്യാപാരത്തിൽ വൻ ഇടിവ്സൃഷ്ടിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം .
മുൻപ് ആഴ്ചയിൽ സാധനം വാങ്ങിയിരുന്ന കസ്റ്റമറുകൾക്കായിയാരുന്നു ടെസ്‌കോ മുൻഗണന നൽകിയിരുന്നത്. എന്നാൽ ഈ സാഹചര്യം മാറിയിരിക്കുകയാണ്. ഉപഭോക്താക്കൾ ദിവസേനയുള്ള ആഹാരസാധനങ്ങൾ വാങ്ങുന്നതിനാണ് താല്പര്യം കാണിക്കുന്നത്.
ടെസ്കോ മുൻകാലങ്ങളിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചിരിക്കുന്നത്. എന്നാൽ ജർമനിയിലെ ആൽടി സെയിലും മറ്റും ടെസ്‌കോയ്ക് ഭീഷണിയാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, സ്ഥാപനങ്ങൾ കസ്റ്റമറുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിപ്പിക്കാനാണു ടെസ്കോ തീരുമാനിച്ചിരിക്കുന്നതെന്ന് ബ്രിട്ടണിലെ എംടി ജേസൺ ടാരി വ്യക്തമാക്കി. ടെസ്‌കോയുടെ പുതിയ സ്ഥാപനങ്ങളിൽ വളരെ കുറച്ച് സാധനങ്ങൾ മിതമായ നിരക്കിൽ വിൽക്കാനാണ് തീരുമാനം.
ഏകദേശം മൂന്നു ലക്ഷത്തി ഇരുപതിനായിരത്തോളം പേർക്ക് ജോലി നൽകുന്ന സ്ഥാപനമാണ് ടെസ്കോ. ഈ വർഷമാദ്യം ആയിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ജീവനക്കാരുടെ യൂണിയനുകൾ, ജോലി നഷ്ടപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്
പാമ്പുകളില്ലാത്ത ലോകത്തിലെ ഏക പ്രദേശമെന്ന വിശേഷണം യൂറോഷ്യന്‍ രാജ്യമായ അയര്‍ലണ്ടിനുള്ളതാണ്. ലോകത്തിലെ ഓരോ കോണിലും വിവിധ തരം പാമ്പുകള്‍ കാണപ്പെടുമ്പോള്‍ അയര്‍ലണ്ടില്‍ മാത്രം പാമ്പ് കാണപ്പെടാത്തതിന്റെ പിന്നില്‍ എന്താണെന്നും ചോദ്യം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്.
പാട്രിക് പുണ്യാളന്‍ പാമ്പുകളെ അയര്‍ലണ്ടില്‍ നിന്ന് കുടിയിറക്കി സമുദ്രത്തിലേക്ക് പായിച്ചുവെന്നുള്‍പ്പെടെ നിരവധി കാരണങ്ങളാണ് ഇതുവരെ പ്രചരിച്ചിരുന്നത്. അയര്‍ലണ്ടില്‍ ഉണ്ടായിരുന്ന പാമ്പുകള്‍ എങ്ങും പോയി മറഞ്ഞതല്ല; ഇതുവരെ ആ രാജ്യത്ത് പാമ്പുകള്‍ ഉണ്ടായിട്ടില്ല.
ഏകദേശം 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് പാമ്പുകള്‍ ഭൂമിയില്‍ ആവിര്‍ഭവിക്കുന്നത്. ആ സമയത്ത് ഗ്വോണ്ടാന എന്ന ഒറ്റ വന്‍കരയായിരുന്നു ഉണ്ടായിരുന്നത്. അതേസമയം, ഈ സമയത്ത് അയര്‍ലണ്ട് ഈ കരയുടെ ഭാഗമായിരുന്നില്ല. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം സമുദ്രത്തിനടിയില്‍ നിന്നാണ് അയര്‍ലണ്ട് ഉയര്‍ന്നു വന്നത്.
അയര്‍ലണ്ട് രൂപപ്പെട്ടപ്പോള്‍ മഞ്ഞുമൂടിയ പ്രദേശമായിരുന്നു അത്. മഞ്ഞുപാളികള്‍ വഴി ബ്രിട്ടനുമായി അയര്‍ലണ്ട് ബന്ധപ്പെട്ടു കിടന്നിരുന്നുവെങ്കിലും മഞ്ഞ് ഉള്ളത് പാമ്പിനെ അകറ്റി നിര്‍ത്തി. തുടര്‍ന്ന് 15000 വര്‍ഷങ്ങള്‍ പിന്നിട്ടാണ് അയര്‍ലണ്ടില്‍ നിന്നും മഞ്ഞു പൂര്‍ണമായി ഇല്ലാതായത്. എന്നാല്‍ ആ രൂപപ്പെടലിനിടയില്‍ ബ്രിട്ടനും അയര്‍ലന്‍ഡിനുമിടയിലെ പന്ത്രണ്ട് മൈല്‍ ദൂരത്തില്‍ സമുദ്രം രൂപപ്പെടുകയും ചെയ്തതോടെ പാമ്പുകള്‍ക്ക് കടന്നുകയറാനുള്ള അവസരം നഷ്ടമാകുകയായിരുന്നു.
ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിതയായി. വിവാഹവാര്‍ത്ത രാഖി തന്നെയാണ് ഞായറാഴ്ച്ച പുറത്തു വിട്ടത്. “ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഞാൻ എന്റെ ആരാധകനെ വിവാഹം കഴിച്ചു. എന്നെ യഥാർത്ഥമായി സ്നേഹിച്ച ഒരു ആരാധകനെ,” രാഖി സാവന്ത് പറഞ്ഞു.
സ്വകാര്യ വിനോദ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ വിവാഹം കഴിഞ്ഞതായി രാഖി വെളിപ്പെടുത്തിയിരിക്കുന്നത്.
ലണ്ടനില്‍ ബിസിനസുകാരനായ റിതേഷാണ് തന്‍റെ ഭര്‍ത്താവെന്നും മുംബൈയില്‍ വച്ചായിരുന്നു വിവാഹമെന്നും രാഖി പറയുന്നു. തന്‍റെ കടുത്ത ആരാധകനായിരുന്നു റിതേഷെന്നും വാട്സ്‌ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്നും രാഖി പറയുന്നു. വിവാഹ ശേഷം റിതേഷ് ലണ്ടനിലേക്ക് മടങ്ങിയെന്നും വിസ ലഭിച്ചയുടന്‍ താന്‍ ലണ്ടനിലേക്ക് പോകുമെന്നും രാഖി പറയുന്നു.
എന്തുകൊണ്ടാണ് വിവാഹം വളരെ രഹസ്യമായി സൂക്ഷിച്ചതെന്ന് ചോദിച്ചപ്പോൾ രാഖി സാവന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, “വിവാഹിതരാണെന്ന് ആളുകൾ അറിഞ്ഞാൽ, മുമ്പ് സ്ത്രീകൾ അനുഭവിച്ചിരുന്നത് പോലെ എനിക്കും ഈ മേഖലയിൽ അവസരങ്ങൾ ലഭിക്കാതെയാകു എന്ന് ഞാൻ ഭയപ്പെട്ടു. ദീപിക, പ്രിയങ്ക തുടങ്ങിയ വലിയ നടിമാരെ പോലെയല്ല. അവർക്ക് വിവാഹക്കാര്യം പ്രഖ്യാപിച്ചാലും എപ്പോഴത്തേയും പോലെ അവസരങ്ങൾ ലഭിക്കും.
പക്ഷെ ഞാൻ ഐറ്റം നമ്പറുകൾ ചെയ്യുന്ന ആളാണ്. ഞാൻ ഇപ്പോൾ വിവാഹിതയായ സ്ത്രീയാണെന്ന് ആളുകൾ അറിഞ്ഞാൽ എനിക്ക് ജോലി ലഭിക്കുമോ എന്ന് എനിക്കറിയില്ല. എന്നാൽ ഇന്ന് ഞാൻ വളരെ സന്തുഷ്ടയായ സ്ത്രീയായതിനാൽ അത് പിന്നീടുള്ള കാര്യമാണെന്ന് ഞാൻ കരുതുന്നു. ഞാൻ സ്വപ്നം കണ്ടിരുന്ന ഒരു പുരുഷനുമായി ഞാൻ വിവാഹിതയായി,” രാഖി സാവന്ത് പറഞ്ഞു.
ലണ്ടന്‍ : വ്യത്യസ്ത കലാവിരുന്നുമായി യുകെയിലെ സൗഹൃദ കൂടായ്മയായ ടീം പപ്പടം. കലാപരമായ കഴിവുകളുള്ള ഒരു കൂട്ടം സുഹൃത്തുക്കള്‍ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന പല സംഭവങ്ങളെയും കോര്‍ത്തിണക്കികൊണ്ട് വീഡിയോകള്‍ നിര്‍മ്മിക്കുന്നു. ടീം പപ്പടം എന്നാണ് ഈ സൗഹൃദ കൂട്ടായ്മയ്ക്ക് അവര്‍ പേര് നല്‍കിയിരിക്കുന്നത്. പപ്പടത്തിന്റെ ആദ്യ വീഡിയോ ഇതിനോടകം റിലീസ്സായി കഴിഞ്ഞു .
ഈ കൂട്ടായ്മയിലുള്ള അംഗങ്ങളുടെ കലാപരമായ വളര്‍ച്ചയാണ് ഇങ്ങനെയുള്ള വീഡിയോകള്‍ നിര്‍മ്മിക്കുന്നതിലൂടെ ടീം പപ്പടം ലക്ഷ്യമിടുന്നത്. നര്‍മ്മം തുളുമ്പുന്ന സൗഹൃദ സംഭാഷണങ്ങള്‍ വെബ് സീരീസ്സായി അവതരിപ്പിക്കുകയാണ് യുകെയിലെ സൗഹൃദ കൂടായ്മയായ ടീം പപ്പടം. ടീം പപ്പടത്തിലെ അംഗങ്ങള്‍ തന്നെയാണ് ഈ വീഡോയോകളില്‍ അഭിനേതാക്കളാവുന്നത്. പ്രൊഫഷണല്‍ രീതിയിലല്ലാതെ മൊബൈല്‍ ഫോണും , ഡിജിറ്റല്‍ ക്യാമറയും ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഈ വെബ് സീരീസ് ടീം പപ്പടത്തിന്റെ ഒഫീഷ്യല്‍ യൂ ട്യൂബ് ചാനല്‍ വഴിയാണ് റിലീസ് ചെയ്യുക. ആദ്യത്തെ എപ്പിസോഡായ ” പോയിസണ്‍ ” ഓഗസ്റ്റ് 4ന് റിലീസ് ചെയ്തു കഴിഞ്ഞു . വെബ് സീരീസ് കൂടാതെ സ്റ്റാന്‍ഡ് എലോണ്‍ എപ്പിസോഡുകളും ഭാവിയില്‍ ചെയ്യുവാനുള്ള ഒരുക്കത്തിലാണ് ടീം പപ്പടം.
ടീം പപ്പടത്തിന്റെ ആദ്യ വീഡിയോയ ” പോയിസണ്‍ ” കാണുവാന്‍ താഴെയുള്ള യൂ ട്യൂബ് ലിങ്ക് സന്ദർശിക്കുക …
[ot-video][/ot-video]
2017ൽ ലണ്ടൻ ബ്രിഡ്ജിൽ നടന്ന തീവ്രവാദി ആക്രമണം ഇന്നും ഒരു ഞെട്ടലോട് മാത്രമേ ഓർക്കാൻ കഴിയൂ. ലണ്ടൻ ബ്രിഡ്ജിലെ വഴിയാത്രക്കാർക്കിടയിലേക്ക് വാൻ ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ഈ കേസിനോടുള്ള സർക്കാരിൻെറ സമീപനവും തികച്ചും വ്യത്യസ്തമായിരുന്നു. ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് നിയമസഹായം നൽകുന്നതിന് പകരം തീവ്രവാദികളുടെ കുടുംബങ്ങൾക്കാണ് സർക്കാർ നിയമസഹായം നൽകിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഓസ്‌ട്രേലിയൻ നേഴ്സ് ക്രിസ്റ്റി ബോഡൻെറ സുഹൃത്ത് ജെയിംസ് ഹോഡൻ ആണ് സർക്കാരിൻെറ ഈ നിലപാടിനെതിരെ പ്രതിഷേധിക്കുന്നത്. 2017 ജൂണിൽ ഐഎസ്ഐഎസ് അനുയായികളുടെ ആക്രമണത്തിലാണ് ക്രിസ്റ്റി കൊല്ലപ്പെട്ടത്. സർക്കാരിൻെറ ഭയാനകമായ ഈ നിയമപ്രക്രിയയ്ക്ക് മാറ്റമുണ്ടാവണമെന്ന് ജെയിംസ് ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന മാഞ്ചസ്റ്റർ ബോംബാക്രമണത്തിൻെറ അന്വേഷണങ്ങളിൽ ഇത്തരം രീതികൾ ആവർത്തിക്കാതിരിക്കാനായി ജെയിംസ് നടത്തുന്ന പ്രചാരണത്തിന് 250000ത്തിൽ അധികം ആളുകളുടെ പിന്തുണയുണ്ട്. ആക്രമണത്തിന് നേതൃത്വം നൽകിയ ഖുറാം ബട്ടിൻെറ വിധവയ്ക്ക് എല്ലാവിധ നിയമസഹായങ്ങളും ലഭിക്കുകയുണ്ടായി. “അവർക്ക് സഹായം നല്കരുതെന്നല്ല ; എന്തുകൊണ്ട് ആക്രമണത്തിനിരയായവരുടെ കുടുംബത്തിന് നിയമസഹായം ലഭിക്കുന്നില്ല എന്നതാണ് എൻെറ ചോദ്യം. ” ജെയിംസ് പറഞ്ഞു. നിയമസഹായ അപേക്ഷ നടപടിക്രമം ഭയാനകമാണെന്നും 32കാരനായ ജെയിംസ് പറഞ്ഞു. ക്രിസ്റ്റിയുമായുള്ള ബന്ധത്തിൻെറ തെളിവായി ഫേസ്ബുക് ചിത്രങ്ങൾ അടക്കമുള്ളവ നൽകേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായത്തോടെ നിയമപരമായ പ്രാതിനിധ്യം സർക്കാർ നൽകണമെന്നാവശ്യപ്പെടുന്ന അദ്ദേഹത്തിൻെറ നിവേദനത്തിൽ 250000ത്തിൽ അധികം ആളുകൾ ഒപ്പുവെച്ചു.
ഫ്രാൻസിൽ, ഭീകരാക്രമണ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ധനസഹായം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എംപി സ്റ്റീഫൻ ലോയിഡ് ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ബക്ക്ലാൻഡിന് കത്തയച്ചു. ” നിയമസഹായം ഫ്രാൻസിൽ നല്കുന്നുണ്ടെങ്കിൽ യുകെയിലും അതാവാം. ഭരണകൂടത്തിന്റെ കടമ അതിന്റെ പൗരന്മാരെ പരിപാലിക്കുക എന്നതാണ്. ” ഇൻഡിപെൻഡൻന്റിനോട് അദ്ദേഹം പറയുകയുണ്ടായി. മാഞ്ചസ്റ്റർ ബോംബാക്രമണത്തിന്റെ വിചാരണ നടന്നുവരുന്നു. ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ചില കുടുംബങ്ങൾ, ലീഗൽ എയ്ഡ് ഏജൻസിയിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്നതിലെ ബുദ്ധിമുട്ടുകളെകുറിച്ച് ആശങ്കാകുലരാണെന്ന് കഴിച്ച ആഴ്ച നടന്ന പ്രാഥമിക ഹിയറിങ്ങിൽ നിന്ന് അറിയുവാൻ കഴിഞ്ഞു.
ഒരു മാസത്തിനിടെ മൂന്നാമത്തെ വിദേശ കപ്പലും പിടിച്ചെടുത്ത് പേർഷ്യൻ ഉൾക്കടലിൽ പ്രകോപനം ശക്തമാക്കി ഇറാൻ. കപ്പലിലുണ്ടായിരുന്ന ഏഴ് വിദേശികളെയും അറസ്റ്റ് ചെയ്തു. ഇവരിൽ ഇന്ത്യക്കാരുണ്ടോയെന്നതിൽ വ്യക്തത വന്നിട്ടില്ല. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഹോർമുസ് കടലിടുക്കിനു വടക്കായി ഫർസി ദ്വീപിനു സമീപത്തു നിന്നാണ് എണ്ണ കള്ളക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ച് ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സ് കപ്പൽ പിടിച്ചെടുത്തത്. ദ്വീപിനു സമീപം ഇറാന്റെ നാവികസേനാ കേന്ദ്രങ്ങളിലൊന്നു സ്ഥിതി ചെയ്യുന്നുണ്ട്.
ഏകദേശം ഏഴു ലക്ഷം ലീറ്റർ എണ്ണയാണ് ‘കള്ളക്കടത്ത്’ നടത്തിയതെന്ന് ഇറാന്റെ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ രാജ്യാന്തര തലത്തിൽ യുഎസിന്റെ ഉപരോധം ശക്തമായ സാഹചര്യത്തിലാണ് മൂന്നാമത്തെ കപ്പലും പിടിച്ചെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ മേയ് മുതൽ പലപ്പോഴായി ഹോർമുസ് കടലിടുക്കിൽ വിദേശ കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായിരുന്നു. യുഎസിന്റെ ഡ്രോൺ ഇറാൻ തകർത്ത സംഭവവുമുണ്ടായി. അതിനിടെ ഇറാന്റെ കപ്പൽ ജിബ്രാൾട്ടറിനു സമീപം ബ്രിട്ടൻ പിടിച്ചെടുത്തു. സിറിയയിലേക്ക് അനധികൃതമായി എണ്ണ കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതോടെയാണ് വിദേശ കപ്പലുകൾ പിടിച്ചെടുക്കാൻ ഇറാൻ ആരംഭിച്ചത്.
ഉപരോധത്തെത്തുടർന്ന് ഇറാന്റെ എണ്ണ കയറ്റുമതി ഭാഗികമായി നിലച്ച അവസ്ഥയിലാണ്. ലോകത്തിലെ എണ്ണ കൈമാറ്റത്തിന്റെ ഭൂരിപക്ഷവും നടക്കുന്ന മേഖലയിൽ ജൂലൈ 18ന് എംടി റിയ എന്ന കപ്പലാണ് ഇറാൻ ആദ്യം പിടിച്ചെടുത്തത്. എണ്ണ കള്ളക്കടത്താണ് കാരണമായി പറഞ്ഞത്. ഒരു ദിവസത്തിനു ശേഷം ബ്രിട്ടന്റെ കീഴിലുള്ള സ്റ്റെന ഇംപറോ പിടിച്ചെടുത്തു. രാജ്യാന്തര സമുദ്ര കരാർ ലംഘനത്തിന്റെ പേരു പറഞ്ഞായിരുന്നു ഹോർമുസ് കടലിടുക്കിലെ പിടിച്ചെടുക്കൽ. ഇതിൽ ക്യാപ്റ്റൻ ഉൾപ്പെടെ 18 പേരും ഇന്ത്യക്കാരാണ്. മൂന്നാമതായി പിടിച്ചെടുത്ത കപ്പല്‍ ഏതു രാജ്യത്തു നിന്നാണെന്നു വ്യക്തമായിട്ടില്ല.
മേഖലയിൽ പട്രോളിങ്ങിനിടെയാണ് കപ്പൽ ശ്രദ്ധയിൽപ്പെട്ടതെന്നും കള്ളക്കടത്താണെന്നു ബോധ്യമായതോടെ പിടിച്ചെടുക്കുകയായിരുന്നെന്നും ഇറാൻ വ്യക്തമാക്കി. അറബ് രാജ്യങ്ങളിലേക്കാണ് എണ്ണ കടത്തിയിരുന്നത്. ബുഷേറിലാണ് ഇപ്പോൾ കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. കപ്പലിൽ നിന്ന് എണ്ണ മാറ്റിയിട്ടുണ്ട്. നിയമപരമായാണു നീങ്ങുന്നതെന്നും കപ്പലിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇറാൻ അറിയിച്ചു. എന്നാൽ കപ്പല്‍ ഏതു രാജ്യത്തിന്റെയാണെന്നോ കമ്പനിയുടേതാണെന്നോ വ്യക്തമാക്കിയില്ല.
മേഖലയിൽ സംഘർഷം കുറയുന്ന സാഹചര്യമാണു നിലവിലെന്ന് ഇറാൻ ജനറൽമാരിലൊരാൾ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കപ്പൽ പിടിച്ചെടുത്തത്. ‘ഒറ്റനോട്ടത്തിൽ പേർഷ്യൻ ഉൾക്കടലിലെ സാഹചര്യം സൈനിക നടപടിയിലേക്കാണു നയിക്കുന്നതെന്നു തോന്നിപ്പിക്കും. എന്നാൽ കൂടുതൽ ആഴത്തിൽ ചിന്തിച്ചാൽ അത്തരമൊരു നീക്കത്തിനു സാധ്യത വളരെ കുറച്ചേ ഉള്ളൂവെന്നു മനസ്സിലാകും’– ബ്രിഗേഡിയർ ജനറൽ അഹമ്മദ്‌റേസ പൗർദസ്ഥാൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഒരു വെടിമരുന്നുശാല പോലെയാണ് പേർഷ്യൻ ഉൾക്കടൽ. ചെറിയൊരു പൊട്ടിത്തെറി മതി വൻ സ്ഫോടനമുണ്ടാകാൻ– ജനറൽ കൂട്ടിച്ചേർത്തു.
കപ്പൽ പിടിച്ചെടുത്തതിനെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട വക്താവ് പറഞ്ഞു. ബഹ്റൈനിലാണ് ഇപ്പോൾ യുഎസിന്റെ ഈ നാവികസേന കപ്പൽ വ്യൂഹമുള്ളത്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ബ്രിട്ടന്റെ കപ്പലുകൾക്ക് അകമ്പടിയായി യുദ്ധക്കപ്പലുകൾ അയച്ചു തുടങ്ങിയെന്ന് ജൂലൈ 25ന് ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു. എന്നാൽ എണ്ണക്കടത്തിന്റെ ഈ നിർണായക പാതയിൽ നടക്കുന്ന ഏതു പ്രകോപനപരമായ നീക്കത്തിനും തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാന്റെ നയം. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ രാജ്യത്തിന്റെ ചുമതലയാണെന്നും ഇറാൻ പറയുന്നു.
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഏവര്‍ക്കുമറിയാം. അക്കാര്യത്തെച്ചൊല്ലി ഒരു ചര്‍ച്ചയുടെ ആവശ്യകതയേ ഉണ്ടാകുന്നില്ല. മാരകമായ പല അസുഖങ്ങളിലേക്കും പുകവലി മനുഷ്യരെ എത്തിക്കുന്നുണ്ട്. എന്നാല്‍ പുകവലിക്കുന്നത് കൊണ്ട് മനുഷ്യരുടെ ശരീരം മാത്രമാണോ കേടാകുന്നത്? അല്ലെന്നാണ് കേംബ്രിഡ്ജിലുള്ള ‘ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി’യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ പറയുന്നത്. പിന്നെയോ? പഠനം വിശദീകരിക്കുന്നു.
ലോകത്തെമ്പാടും ഓരോ വര്‍ഷവും കോടാനുകോടി സിഗരറ്റ് കുറ്റികളാണത്രേ അശ്രദ്ധമായി മനുഷ്യര്‍ അവരുടെ ചുറ്റുപാടുകളില്‍ എറിഞ്ഞ് കളയുന്നത്. ഇതിലെ ഓരോന്നും മണ്ണില്‍ ലയിച്ചുപോകാന്‍ 10 വര്‍ഷമെങ്കിലും എടുക്കുന്നുവെന്നാണ് പഴയൊരു പഠനം വാദിക്കുന്നത്. അങ്ങനെയെങ്കില്‍ അത്രയും കാലം ഇത് മണ്ണില്‍ കിടക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?
വിത്തുകളില്‍ നിന്ന് മുള പൊട്ടുന്നതും, ചെടികളുടെ വളര്‍ച്ചയും, ആരോഗ്യവുമെല്ലാം ഇത് കുത്തിക്കെടുന്നുവത്രേ. അപ്പോള്‍ ലോകത്താകമാനം എത്ര ചെടികളുടെ ജീവന്‍ ഈ സിഗരറ്റ് കുറ്റികള്‍ നശിപ്പിച്ചുകാണും! ഇത്രയുമധികം പച്ചപ്പ് ഇല്ലാതാകുന്നത് ഏതൊരു ജീവിയേയും പോലെ മനുഷ്യരേയും ബാധിക്കില്ലേ!
ചിന്തിക്കേണ്ട വിഷയം തന്നെയാണ് പഠനം ഓര്‍മ്മിപ്പിക്കുന്നത്. മനുഷ്യന്‍ പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഹാനികരമായ അവശിഷ്ടം സിരഗറ്റ് കുറ്റിയാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പ്ലാസ്റ്റിക് പോലും ഇതിന് ശേഷമേ വരൂവെന്നാണ് ഇവര്‍ പറയുന്നത്. കൃത്യമായ രീതിയില്‍ മാത്രമേ സിഗരറ്റ് കുറ്റികള്‍ നശിപ്പിക്കാവൂ എന്നും, ഒരിക്കലും അവ അലക്ഷ്യമായി മണ്ണിലേക്ക് വലിച്ചെറിയരുത് എന്നും കൂടി പഠനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് മിസ് ഇംഗ്ലണ്ട് കിരീടം. 23കാരിയായ ഭാഷാ മുഖര്‍ജിയാണ് മിസ് ഇംഗ്ലണ്ട് പട്ടം സ്വന്തമാക്കിയത്. അഞ്ച് ഭാഷകള്‍ കൈകാര്യം ചെയ്യാനറിയുന്ന ഇവരുടെ ഐക്യു 146 ആണ്. ബോണസ്റ്റണിലെ ലിങ്കണ്‍ഷൈറിലെ ഒരു ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് ഭാഷയിപ്പോള്‍.
”മെഡികല്‍ സ്കൂളില്‍ പഠിക്കുന്നതിനിടയ്ക്കാണ് പേജന്‍റ് കരിയര്‍ തുടങ്ങിയത്. ഈ കരിയര്‍ തുടരാന്‍ ഒരുപാട് ബോധ്യപ്പെടുത്തലുകള്‍ വേണ്ടി വന്നു. പഠനത്തോടൊപ്പം ഇതും തുടരാന്‍ ഞാന്‍ തീരുമാനിച്ചത് എനിക്ക് ഈ അവസരം നല്‍കി” – ഭാഷ മുഖര്‍ജി പറഞ്ഞു.
”ചിലര്‍ കരുതുന്നത് ഞങ്ങള്‍ പേജന്‍റ് പെണ്‍കുട്ടികള്‍ നിസാരരാണെന്നാണ്. എന്നാല്‍ ഞങ്ങളിവിടെ നില്‍ക്കുന്നതിന് വ്യക്തമായ കാരണമുണ്ട്” എന്ന് ഭാഷ പറഞ്ഞു. മിസ് ഇംഗ്ലണ്ടായി തെരഞ്ഞെടുത്തതോടെ ഭാഷ ഇനി മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കും.
യുകെയില്‍ അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഡ്രൈവര്‍ക്ക് രണ്ടര വര്‍ഷം തടവുശിക്ഷ. ഹൂണ്‍സ്ലോയിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യന്‍ യുവതി ഹിമാന്‍ഷി ഗുപ്തയെയും മറ്റൊരു വഴിയാത്രക്കാരിയെയുമാണ് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്.
2017 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹിമാന്‍ഷി ഗുപ്തയെയും മറ്റൊരു യുവതിയെയും ലണ്ടനിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹിമാന്‍ഷിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ വാദം കേട്ട ഐസ്‍വര്‍ത്ത് കോടതി തടവുശിക്ഷയ്ക്ക് പുറമെ രണ്ട് വര്‍ഷത്തേക്ക് ഇയാളെ വാഹനമോടിക്കുന്നതില്‍ നിന്നും വിലക്കുകയും പിഴ വിധിക്കുകയും ചെയ്തു.
വായനക്കാരുടെ എണ്ണത്തിൽ മലയാളം യുകെ ബ്രിട്ടനിൽ ഒന്നാമതെത്തി . ഈ ഒരു നേട്ടത്തിലേയ്ക്ക് ഞങ്ങളെ എത്തിച്ച എല്ലാ പ്രിയ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീം സ്നേഹാദരവോടെ നന്ദി അറിയിക്കുകയാണ്. കാരണം ഞങ്ങളുടെ നന്ദിയും കടപ്പാടും മുഴുവൻ പ്രിയ വായനക്കാരോടാണ്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിൻെറ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്. തൊട്ടടുത്ത എതിരാളിയായ ഓൺലൈൻ പോർട്ടലിനോട് താരതമ്യം ചെയ്യുമ്പോൾ 2600 റിൽ കൂടുതൽ റാങ്കിങ് നേട്ടം കൈവരിച്ച മലയാളം യുകെ യുടെ റേറ്റിങ്ങ് മികച്ചു നിൽക്കുന്നു. ഇന്ത്യയിൽ റേറ്റിങ്ങിൻെറ കാര്യത്തിൽ തൊട്ടടുത്ത എതിരാളിയായ പോർട്ടലിനെ മറികടന്നിട്ട് വളരെ കാലമായിരിന്നു. ബ്രിട്ടനിലെയും ഇന്ത്യയിലെയും മലയാളം യുകെയുടെ അലെക്‌സാ (www.alexa.com) റേറ്റിങ്ങ് ആണ് ഈ വാർത്തയോടൊപ്പമുള്ള ചിത്രത്തിൽ കൊടുത്തിരിക്കുന്നത് .
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത് ഇന്നത്തെപ്പോലെ ജനപ്രിയമല്ലാത്ത കാലത്താണ് ബ്രൂസ്റ്റര്‍ കാള്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയത്. 1982ല്‍ പഠനം പൂര്‍ത്തിയാക്കിയ കാള്‍, ‘തിങ്കിങ് മെഷീന്‍സ്’ എന്നൊരു സൂപ്പര്‍ കംപ്യൂട്ടര്‍ കമ്പനി തുടങ്ങി. പിന്നീട് 1989ല്‍ ‘വൈഡ് ഏരിയ ഇന്‍ഫര്‍മേഷന്‍ സെര്‍വര്‍’ എന്ന് അറിയപ്പെട്ട ഇന്റര്‍നെറ്റിലെ തന്നെ ആദ്യത്തെ പബ്ലിഷിങ് സിസ്റ്റം നിര്‍മിക്കുകയും ആ കമ്പനി എ.ഒ.എല്ലിന് വില്‍ക്കുകയും ചെയ്തു. 1996ല്‍ ‘അലെക്‌സ’ എന്ന ഇന്റര്‍നെറ്റ് കാറ്റലോഗ് ആയിരുന്നു കാളിന്റെ സൃഷ്ടി. സംഭവം ഇന്റര്‍നെറ്റിലെ സൈറ്റുകളുടെ ഒരു ലീഡര്‍ ബോഡ് പോലെയായിരുന്നു. അതായത് ലോകത്തുള്ള എല്ലാ വെബ്സൈറ്റുകളുടെയും പ്രീതി കണക്കുകൂട്ടാൻ ഉള്ള ഒരു സൂപ്പർ കമ്പ്യൂട്ടർ ആയാണ് ഇത് പ്രവർത്തിക്കുന്നത്. വളരെ ലഘുവായി പറഞ്ഞാൽ ഒരു വെബ്‌സൈറ്റിൽ എത്ര പേർ ഓരോ ദിവസവും എത്തുന്നു എന്നതിന്റെ കണക്ക് സൂക്ഷിപ്പുകാരനാണ് ഈ അലെക്‌സാ എന്ന വെബ്സൈറ്റ്. ഇന്നും സൈറ്റുകളെ താരതമ്യം ചെയ്യുമ്പോള്‍ അലക്‌സ റാങ്കിങ് പറയുന്നത് സര്‍വസാധാരണം. 1999ല്‍ അലക്‌സയെ ആമസോണിന് കാൾ വിൽക്കുകയും ചെയ്‌തു.
മറ്റൊന്ന്… ഏറ്റവും കുറഞ്ഞ നമ്പർ കാണിക്കുബോൾ… ഉദാഹരണമായി ഒരു വെബ്സൈറ്റിന്റെ അലെക്‌സാ റാങ്കിങ് നമ്പർ 300 ഉം മറ്റൊന്നിന്റേത് 500 ഉം ആണെന്ന് കരുതുക. ഈ രണ്ട് വെബ്സൈറ്റുകളിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് റാങ്കിങ് നമ്പർ 300 ഉള്ള സൈറ്റിൽ ആണെന്ന് സാരം. അലെക്‌സ നൽകുന്നത് ഒരു അന്താരാഷ്ട്ര നമ്പറും അതിനോടൊപ്പം ഓരോ രാജ്യത്തെ റാങ്കിങ് നമ്പറും ആണ്. അങ്ങനെ അലക്‌സ റാങ്കിങ് അനുസരിച്ച് ബ്രിട്ടനിൽ മലയാളം യുകെയുടെ റാങ്കിങ് 5547 ഉം ഇന്ത്യയിലേത് 28714 ഉം, വർഷങ്ങളായി യുകെയിൽ പ്രവർത്തനം ഉള്ള തൊട്ടടുത്ത എതിരാളി വെബ്സൈറ്റിന്റെ ബ്രിട്ടനിലെ റാങ്കിങ് 7792 ഉം ഇന്ത്യയിലേത് 175267 ഉം ആണ്. (02/08/2019) അതായത് മലയാളംയുകെ ബ്രിട്ടനിലും ഇന്ത്യയിലും വളരെ മുന്നിലാണ് എന്ന് സാരം. ഇത് ഞങ്ങളുടെ നേട്ടമല്ല മറിച്ച് വായനക്കാരായ നിങ്ങൾ ഞങ്ങൾക്ക് നൽകിയ വിശ്വാസമായാണ് ഇതിനെ മലയാളം യുകെ കാണുന്നത്.
ഓൺ ലൈൻ പത്ര പ്രവർത്തന രംഗത്ത് മലയാളം യുകെ എന്ന സൂര്യോദയമുണ്ടായിട്ട് 4 വർഷങ്ങൾ പിന്നിടുകയാണ് . ബാലാരിഷ്ടതകളിലെ പ്രതിസന്ധികളിൽ കൂടിയും പ്രതിബന്ധങ്ങളിൽകൂടിയും കടന്നു പോകുമ്പോൾ പ്രിയ വായനക്കാർ നൽകിയ പിന്തുണയും ആത്മബലവും മാത്രമായിരുന്നു കൈമുതൽ. കാലാകാലങ്ങളിൽ മലയാളം യുകെയുമായി സഹകരിച്ച എല്ലാവരെയും ഈ അവസരത്തിൽ നന്ദി പൂർവം അനുസ്മരിക്കുകയാണ്. മലയാളം യുകെയുടെ ആരംഭം മുതൽ സ്ഥിരം പംക്തികൾ കൈകാര്യം ചെയ്യുന്ന ബേസിൽ ജോസഫ് – വീക്കെൻഡ് കുക്കിംഗ്, ജോജി തോമസ് – മാസാന്ത്യം എന്നിവർ ഓൺലൈൻ പത്രപ്രവർത്തനരംഗത്ത് സ്ഥിരം പംക്തി എന്ന ആശയം പ്രാവർത്തികമാക്കാൻ മലയാളം യുകെയെ സഹായിച്ചവരാണ്. ഫാ. ബിജു കുന്നക്കാടിൻെറ 60 ആഴ്ചകൾക്കുമുകളിൽ പ്രസിദ്ധീകരിച്ച ഞായറാഴ്ച്ചയുടെ സങ്കീർത്തനം മലയാളികൾക്ക് വായനയുടെ വേറിട്ട അനുഭവം നൽകിയ പംക്തിയായിരുന്നു.
ഡോ. എ. സി. രാജീവ്‌കുമാറിൻെറ ആയുരാരോഗ്യം , ഷിജോ തോമസ് ഇലഞ്ഞിക്കലിൻെറ മിനിക്കഥകൾ, ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ “ഒരു മണ്ടന്റ് സ്വപ്നങ്ങൾ”, കാരൂർ സോമൻെറ കന്യാസ്ത്രീ കാർമ്മേൽ, നമ്മളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ, ടെക്‌നോളജി ഫോർ ഈസി ലൈഫ് തുടങ്ങിയവയാണ് മലയാളം യുകെയിലെ മറ്റ് സ്ഥിരം പംക്തികൾ. കൂടാതെ നോമ്പുകാലങ്ങളിൽ വിശ്വാസികളെ ആത്മീയതയുടെ പുതിയ തലങ്ങളിലേയ്ക്ക് നയിക്കാൻ ഉതകുന്ന ഹാപ്പി ജേക്കബ് അച്ചൻെറ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. പരസ്യവരുമാനത്തിലൂടെ മലയാളം യുകെയെ സാമ്പത്തികമായി സഹായിക്കുന്ന ബിസിനസ് സ്ഥാപനങ്ങളെയും, സുഹൃത്തുക്കളെയും, മലയാളം യുകെ യ്ക്കു വേണ്ടി കേരള ന്യൂസ് റൂമിലും പുറത്തും കഠിനാധ്വാനം ചെയ്യുന്ന മലയാളം യുകെ കുടുംബാംഗങ്ങളെയും ഈ അവസരത്തിൽ നന്ദിയോടെ അനുസ്മരിക്കുന്നു. എല്ലാറ്റിലും ഉപരിയായി ഞങ്ങളുടെ നന്ദിയും കടപ്പാടും മലയാളം യുകെ യുടെ പ്രിയ വായനക്കാരോടാണ്…………
മലയാളം യുകെ
ന്യൂസ് ടീം