ഇറാഖിൽനിന്നു ജീവനക്കാരെ പിൻവലിച്ച് യുഎസ്. സൗദിയുടെ 2 എണ്ണക്കപ്പലുകൾ അടക്കം 4 കപ്പലുകൾക്കുനേരെ ആക്രമണം ഉണ്ടായതിനു പിന്നിൽ ഇറാനോ ഇറാൻ അനുകൂല ശക്തികളോ ആണെന്ന ആരോപണമാണ് യുഎസ് ഉയർത്തുന്നത്. ഇതേത്തുടർന്നാണ് അടിയന്തര സേവനങ്ങൾക്കു രാജ്യത്തു കഴിയേണ്ട ജീവനക്കാർ ഒഴിച്ച് ബാക്കി എല്ലാവരെയും യുഎസ് തിരിച്ചുവിളിച്ചത്. ബഗ്ദാദിലെ യുഎസ് എംബസിയിലെയും ഇർബിലിലെ കോൺസുലേറ്റിലെയും ജീവനക്കാരെയാണു തിരികെ വിളിച്ചത്.
ഈ സ്ഥാപനങ്ങളിൽ സാധാരണയായി നടക്കുന്ന വീസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജീവനക്കാർ എത്രയും വേഗം തിരിച്ചുപോരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ എത്ര ജീവനക്കാരാണു മടങ്ങിപ്പോരേണ്ടിവരികയെന്നു വ്യക്തമല്ല. ഇറാഖിലെ തങ്ങളുടെ ട്രൂപ്പുകൾക്കുനേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന ഭീഷണിയെക്കുറിച്ചുള്ള ആശങ്ക യുഎസ് ചൊവ്വാഴ്ചയും സ്ഥിരീകരിച്ചിരുന്നു.
ഇറാന്റെ എണ്ണ വാങ്ങുന്ന ചില രാജ്യങ്ങൾക്കുമേൽ ട്രംപ് ഭരണകൂടം ഉപരോധമെന്ന ഭീഷണി നടത്തുകയാണെന്നും ഇത് ഇറാനെ തകർക്കുന്നതിനു വേണ്ടിയുള്ള യുഎസിന്റെ സമ്മർദ്ദതന്ത്രമാണെന്നും ഇറാൻ ആരോപിക്കുന്നു. ഇറാന്റെ ഭീഷണിയെ പേടിച്ചു ജീവനക്കാരെ പിൻവലിക്കുകയാണെന്ന വാർത്തയിൽ മുതിർന്ന ബ്രിട്ടിഷ് കമാൻഡറും സംശയം രേഖപ്പെടുത്തിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു.
യുഎസിനെ തള്ളി ബ്രിട്ടൻ
ഇറാന്റെ മേൽ ആരോപണം ഉന്നയിക്കുന്ന യുഎസ് നീക്കത്തെ തള്ളി ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) നേരിടാൻ രൂപീകരിച്ച യുഎസ് സഖ്യത്തിലുള്ള മുതിർന്ന ബ്രിട്ടിഷ് ജനറൽ രംഗത്തെത്തി. ഇറാഖിലോ സിറിയയിലോ ഉള്ള ഇറാൻ അനുകൂല ശക്തികളാണ് കപ്പലുകൾക്കുനേർക്കുള്ള ആക്രമണത്തിനു പിന്നിലെന്നാണ് യുഎസിന്റെ ആരോപണം. എന്നാൽ ഇതു നിഷേധിച്ചാണ് ഓപ്പറേഷൻ ഇൻഹറെന്റ് റിസോൾവ് (ഒഐആർ) ഡപ്യൂട്ടി കമാൻഡർ മേജർ ജനറൽ ക്രിസ്റ്റഫർ ഘിക രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങൾ പറയുന്ന ഘികയുടെ വിഡിയോ രാജ്യാന്തര മാധ്യമമായ ഗാർഡിയൻ പുറത്തുവിട്ടിട്ടുണ്ട്.
ഇറാനുമായി ബന്ധമുള്ള ഇറാഖിലെ ഷിയ സംഘങ്ങൾ അടുത്തിടെയായി അവരുടെ നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇറാനോ ഇറാന്റെ പിന്തുണയുള്ള ശക്തികളോ ആണ് എണ്ണക്കപ്പലുകൾക്കുനേർക്കുള്ള ആക്രമണത്തിനുപിന്നിലെന്നാണ് യുഎസിന്റെ നിലപാട്. ഇതിനു ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും യുഎസ് അവകാശപ്പെടുന്നു. എന്നാൽ ബ്രിട്ടന്റെ നിലപാടിനെ കഠിനമായി വിമർശിച്ച് യുഎസ് പത്രക്കുറിപ്പ് ഇറക്കി.
ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷ സാധ്യത വർധിച്ചുവരുന്നതിനിടെ ഇറാനുമായി ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. റഷ്യൻ സന്ദർശനത്തിനിടെയായിരുന്നു പോംപെയോയുടെ പരാമർശം. ‘സാധാരണ രാജ്യം’ പോലെ ഇറാൻ പെരുമാറുമെന്നാണു യുഎസ് കരുതുന്നത്. എന്നാൽ തങ്ങളുടെ താൽപര്യങ്ങൾ ആക്രമിച്ചാൽ മറുപടി നൽകുമെന്നും പോംപെയോ കൂട്ടിച്ചേർത്തു. യുഎസുമായി ഒരു യുദ്ധം ഉണ്ടാകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞയാഴ്ച യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഗൾഫിലേക്ക് യുഎസ് വിന്യസിച്ചിരുന്നു. ഇതിനിടയിലാണ് 4 എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം ഉണ്ടായത്.
സൈനിക അഭ്യാസത്തിനായി യുഎസ് കപ്പൽപ്പടയ്ക്കൊപ്പമുണ്ടായിരുന്ന സ്പെയിനിന്റെ യുദ്ധക്കപ്പൽ മെൻഡെസ് നുനെസ് പിൻമാറി. ഇറാൻ – യുഎസ് സംഘർഷ സാധ്യത കണക്കിലെടുത്ത് ഗൾഫിലേക്കു കപ്പൽപ്പടയെ വിന്യസിച്ചതിനു പിന്നാലെയാണ് സ്പാനിഷ് കപ്പൽ പിന്മാറിയത്. ഇറാനുമായി ഒരുതരത്തിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സ്പെയിൻ ആഗ്രഹിക്കുന്നില്ലെന്നും സ്പാനിഷ് മുഖപത്രം എൽ പൈസ് വ്യക്തമാക്കി. അമേരിക്കൻ വ്യോമവാഹിനി ഈ പ്രദേശത്തു തുടരുന്നതിനാൽ താൽക്കാലിക പിൻമാറ്റം നടത്തുകയാണെന്നു സ്പെയിനിന്റെ വിദേശകാര്യ വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോട് അറിയിച്ചു.
ബ്രെക്‌സിറ്റില്‍ ജൂണ്‍ ആദ്യം പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് സംബന്ധിച്ചായിരിക്കും വോട്ടെടുപ്പ്. ലേബറുമായി നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം എത്തിയാലും ഇല്ലെങ്കിലും വോട്ടെടുപ്പില്‍ മാറ്റമുണ്ടാവില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. എംപിമാരുടെ സമ്മര്‍ അവധിക്കു മുമ്പായി യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറണമെങ്കില്‍ ബ്രെക്‌സിറ്റ് നടപ്പാക്കല്‍ ബില്ലിലുള്ള വോട്ടെടുപ്പ് അനിവാര്യമാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. എന്നാല്‍ ഇത് ഒരിക്കലും പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് ഉടമ്പടിയിലുള്ള നാലാമത്തെ വോട്ടെടുപ്പല്ലെന്നും വക്താവ് പറഞ്ഞു. അതേസമയം ഉഭയകക്ഷി ധാരണയിലെത്താതെ ബില്ലിന് പിന്തുണ നല്‍കില്ലെന്ന് ലേബര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഡീല്‍ മൂന്നു പ്രാവശ്യം പാര്‍ലമെന്റ് തള്ളിയതോടെയാണ് ക്രോസ് പാര്‍ട്ടി സമവായത്തിന് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചത്. ിത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ മുന്നോട്ടുവെച്ച് സമ്മറിനു മുമ്പായി ബ്രെക്‌സിറ്റ് നടപ്പിലാക്കാനാണ് തെരേസ മേയ് ശ്രമിക്കുന്നത്. എന്നാല്‍ പ്രതിപക്ഷവുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഇതുവരെ സമവായം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ലെന്ന് ബിബിസി പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് ഇയാന്‍ വാട്ട്‌സണ്‍ പറയുന്നു. ഇപ്പോള്‍ മുന്നോട്ടു വെച്ചിരിക്കുന്ന ബില്‍ ചര്‍ച്ചകള്‍ തുടരുന്നതിന് കൂടുതല്‍ സമയവും സ്ഥലവും നല്‍കുമെന്നും വാട്ട്‌സണ്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ തെരേസ മേയും കോര്‍ബിനും ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയില്‍ വിലയിരുത്തി.
ചര്‍ച്ചകള്‍ ഫലപ്രദമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ചര്‍ച്ചകള്‍ തീരുമാനത്തിലേക്ക് എത്തിക്കാനും ഹിതപരിശോധനാ ഫലം നടപ്പിലാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തെരേസ മേയ് വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. അതേസമയം കണ്‍സര്‍വേറ്റീവ് എംപിമാരും ക്യാബിനറ്റ് മിനിസ്റ്റര്‍മാരും പ്രധാനമന്ത്രിയെ മാറ്റാന്‍ ശ്രമം നടത്തുന്നതിനാല്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ കോര്‍ബിന്‍ സംശയം പ്രകടിപ്പിച്ചുവെന്നാണ് ലേബര്‍ വക്താവ് പറഞ്ഞത്.
ക്രിക്കറ്റ് താരത്തിന്റെ ക്രൂരപീഡനത്തെതുടര്‍ന്ന് മുഖത്തിന്റെ ഒരു വശം തളർന്നുപോയെന്ന് പീഡനത്തിന് ഇരയായ യുവതി. ഇംഗ്ലണ്ടിലെ പ്രശസ്തനായ കൗണ്ടി ക്രിക്കറ്റർ അലക്സ് ഹെപ്ബേൺ മാധ്യമങ്ങളിൽ നിറഞ്ഞത് ക്രൂരമായ പീഡനത്തിന്റെ വാർത്ത പുറത്തുവന്നതോടെയാണ്.
ഉറങ്ങിക്കിടന്ന യുവതിയെ പന്തയം ജയിക്കാനായി അലക്സ് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഈ കേസിന്റെ വിചാരണ നടപടികൾക്കിടയിലാണ് യുവതി തനിക്കേറ്റ ക്രൂരപീഡനത്തിന്റെ വേദനങ്ങൾ കോടതിയോട് തുറന്നു പറഞ്ഞത്. ഏറ്റവും കൂടുതൽ സ്ത്രീകളുമായി കിടക്ക പങ്കിട്ടെന്ന ഖ്യാതി നേടാൻ നടത്തിയ പന്തയത്തിന്റെ ഭാഗമായിരുന്നു യുവതിയ്ക്ക് നേരിട്ട പീഡനം.
ക്രിക്കറ്റ് ടീം അംഗമായ ജോ ക്ലർക്കിന്റെ കാമുകിയായിരുന്നു യുവതി. ക്ലാർക്കിനൊപ്പം കിടക്കുമ്പോഴാണ് അലക്സ് മുറിയിലേക്ക് കടന്നുവന്ന് ഇവരെ പീഡിപ്പിച്ചത്. ജോ ക്ലാർക്കാണ് തന്നെ കടന്നുപിടിച്ചതെന്നാണ് ആദ്യം യുവതി കരുതിയത്, എന്നാൽ മറ്റൊരാളാണ് ഒപ്പമെന്ന് മനസിലായതോടെ ശക്തമായി തള്ളി മാറ്റി. എന്നാൽ അലക്സ് കാലുകൾ ബലമായി പിടിച്ചുവെച്ച് പീഡനം തുടർന്നു. പീഡനം തന്നെ മാനസികവും ശാരീരികവുമായും ആഘാതമേൽപ്പിച്ചിട്ടുണ്ടെന്ന് യുവതി അറിയിച്ചു.
മുഖത്തിന്റെ ഒരു വശം തളർന്നുപോയി. ഒരിക്കലും പുഞ്ചിരിക്കാൻ സാധിക്കാത്ത വിധമായി മുഖം മാറി. സ്ട്രോ ഉപയോഗിച്ച് മാത്രമാണ് വെള്ളം പോലും കുടിക്കാൻ സാധിച്ചത്. ആരോഗ്യവും ജോലിയും നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടി വന്നു. 2017 ഏപ്രിൽ ഒന്നിന് നടന്ന പീഡനത്തിന്റെ ആഘാതത്തിൽ നിന്ന് ഇതുവരെയും മുക്തയായിട്ടില്ലെന്ന് യുവതി അറിയിച്ചു. ഇവരുടെ കാമുകൻ ജോ ക്ലർക്കും പന്തയത്തിലെ കണ്ണിയാണെന്ന് വളരെ വൈകിയാണ് മനസിലാക്കുന്നത്.
ഒരു മാംസ കഷ്ണത്തോട് എന്ന രീതിയിലാണ് അലക്സ് യുവതിയോട് പെരുമാറിയതെന്ന് ജഡ്ജിയും നിരീക്ഷിച്ചു. വിചാരണ തീർന്ന് അലക്സ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ശിക്ഷ അധികം വൈകാതെ ഉണ്ടാകും.
ലണ്ടന്‍: ലണ്ടനു സമീപം കെന്റിലെ ബെക്‌സില്‍ ഓണ്‍ സീയില്‍ താമസിച്ചിരുന്ന മലയാളി യുവാവ് വീട്ടില്‍ വച്ച് ഉണ്ടായ ഹൃദയാഘാതം മൂലം മരിച്ചു. ചങ്ങനാശേരി തെങ്ങണ പത്തിച്ചിറ വീട്ടില്‍ പി.ജെ. തോമസിന്റെയും സിസിലിയുടെയും മകന്‍ ജോസി എന്നു വിളിക്കുന്ന ജോസഫ് തോമസാണ് (46) ഇന്നലെ രാത്രി മരിച്ചത്. ഭാര്യ ഡിനി ചേര്‍ത്തല പള്ളിപ്പുറം പള്ളിപ്പറമ്പില്‍ കുടുംബാംഗം. വിദ്യാര്‍ഥികളായ ജസീന, (12) ജെറോം (7) എന്നിവര്‍ മക്കളാണ്. കണ്‍ക്വസ്റ്റ് ഹോസ്പിറ്റലില്‍ നാലു വര്‍ഷമായി തീയേറ്റര്‍ നഴ്‌സായി ജോലി ചെയ്യുകയാണ് ഭാര്യ ഡിനി ജോസി. ജോസിയുടെ സഹോദരി റെജി വര്‍ഗീസും ബെക്‌സില്‍ ആണ് താമസം. തോമസ് (ജോയിച്ചന്‍), ജോജി തോമസ് (ഖത്തര്‍), ജോബി തോമസ് എന്നിവര്‍ സഹോദരങ്ങളാണ്. 11 വര്‍ഷം മുമ്പാണ് ജോസിയും കുടുംബവും യുകെയില്‍ എത്തിയത്. 2015ലാണ് കെന്റിലേക്ക് താമസം മാറ്റിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു ഏജന്‍സിയില്‍ കെയററായി ജോലി ചെയ്തു വരികയായിരുന്നു ജോസഫ്. ഇന്നലെ അത്താഴം കഴിച്ച ശേഷം വീടിന്റെ മുകളിലെ മുറിയില്‍ വിശ്രമിക്കുകയായിരുന്നു ജോസഫ്. അടുക്കള ജോലികളെല്ലാം തീര്‍ത്ത് ജോസഫിന്റെ ഡയബറ്റിക്‌സിനുള്ള ഇഞ്ചക്ഷനുമായി മുറിയിലേക്ക് ചെന്നപ്പോഴാണ് ഭാര്യ ഡിനി ബോധമില്ലാതെ ജോസഫ് കിടക്കുന്നത് കണ്ടത്.
നഴ്‌സായ ഡിനിക്ക് പ്രാഥമിക പരിശോധനയില്‍ തന്നെ ഹൃദയാഘാതം സംഭവിച്ചതാണെന്ന് മനസിലാവുകയും മനസ്സാന്നിധ്യം കൈവിടാതെ സിപിആര്‍ നല്‍കുകയും ചെയ്തു. ഉടന്‍ ആംബുലന്‍സ്, മെഡിക്കല്‍ ടീമിനെ വിളിക്കുകയും ചെയ്തു. സിപിആര്‍ നല്‍കിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. ഉടനെത്തിയ ആംബുലന്‍സ്, മെഡിക്കല്‍ ടീം മുക്കാല്‍ മണിക്കൂറോളം പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാകാതെ, 11.35 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വീട്ടില്‍ വച്ചു നടന്ന മരണമായതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയും നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം സെന്റ് ലിയോണാഡ്‌സ് ഓണ്‍ സീയിലെ കണ്‍ക്വസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. നാട്ടില്‍ ചങ്ങനാശ്ശേരി തെങ്ങാന പത്തിച്ചിറ വീട്ടില്‍ പി ജെ തോമസിന്റെയും സിസിലിയുടെയും മകനാണ് ജോസഫ്. അഞ്ചു വര്‍ഷം സൗദിയില്‍ ജോലി ചെയ്ത ശേഷമാണ് 11 വര്‍ഷം മുന്‍പ് ജോസഫും കുടുംബവും യുകെയില്‍ എത്തിയത്. ആദ്യത്തെ ആറു വര്‍ഷം ഈസ്റ്റ്ഹാമിലായിരുന്നു താമസം. 2015 മുതലാണ് ബെക്‌സ് ഹില്ലിലേക്ക് എത്തിയത്. മലയാളി സമൂഹത്തിന്റെ എല്ലാ പരിപാടികളിലും പള്ളി കാര്യങ്ങളിലും സജീവമായിരുന്നു ജോസഫ്.
ജോസിയുടെ അകാലമരണത്തിൽ വേദന അനുഭവിക്കുന്ന കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും ടീമിന്റെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.
ബോക്സിങ് ഡേയിൽ ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ബ്രിട്ടനില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ലോറന്‍സ് ബ്രാന്‍ഡ് എന്ന യുവാവിനാണ് റെഡിങ് കോടതി ശിക്ഷ വിധിച്ചത്. 2018ലെ ബോക്സിങ് ഡേയിൽ ഭാര്യ എയ്ഞ്ചല മിത്തലിനെ(42) ലോറന്‍സ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. എയ്ഞ്ചലയുടെ കഴുത്തിലും നെഞ്ചിലുമായി 59 തവണയാണ് ലോറന്‍സ് കുത്തിയത്. കുത്തുന്നതിനിടെ ഒരു കത്തി ഒടിഞ്ഞ് പോയി. പിന്നീട് മറ്റൊരു കത്തിയെടുത്ത് നിരവധി തവണ ലോറന്‍സ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
വിവാഹമോചനം ആവശ്യപ്പെട്ടതിനാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ക്രിസ്മസ് രാത്രിയില്‍ ഭാര്യ ഉറങ്ങിക്കിടക്കുമ്പോള്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് തുരുതുരാ കുത്തുകയായിരുന്നു. കൊലപാതകവിവരം ലോറന്‍സ് തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത്.
വര്‍ഷങ്ങളായി ലോറന്‍സ് ശാരീരികമായും മാനസികമായും എയ്‌ഞ്ചലയെ പീഡിപ്പിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തി. ഇതില്‍ സഹികെട്ടാണ് എയ്ഞ്ചല വിവാഹമോചനം ആവശ്യപ്പെട്ടത്. ഒരു കുഞ്ഞിന്‍റെ അമ്മകൂടിയാണ് എയ്ഞ്ചല. 2004 ലിൽ ഹോളണ്ടിൽ വച്ചാണ് എയ്ഞ്ചല ലോറന്‍സ് ബ്രാന്‍ഡിനെ പരിചയപ്പെടുന്നതും പിന്നീട് 2006 റിൽ വിവാഹം കഴിക്കുന്നതും.
ലണ്ടന്‍: മുതിര്‍ന്ന സ്ത്രീക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളി വൈദികനെ ലണ്ടനില്‍ (കാനഡ) അറസ്റ്റു ചെയ്തു. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള സൗത്ത് ലണ്ടനിലെ കിംഗ് എഡ്‌വേര്‍ഡ് അവന്യൂവിലുള്ള സെന്റ് മേരീസ് സീറോമലബാര്‍ പള്ളിയിലെ വൈദികന്‍ ടോബി ദേവസ്യ (33) ആണ് അറസ്റ്റിലായിരിക്കുന്നത്. തിങ്കളാഴ്ചയാണ് വൈദികനെതിരെ പരാതി ഉയര്‍ന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസ് ജൂണ്‍ 24ന് കോടതി വീണ്ടും പരിഗണിക്കും.
പള്ളിയില്‍ വൈദികനെ കാണാനെത്തിയ സ്ത്രീയെ വൈദികന്‍ ദുരുദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് കേസ്. ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ പരാതിക്കാരി തയ്യാറായില്ല എന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഇംഗ്ലീഷ് മാധ്യമം പറയുന്നു. സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ വൈദികനില്‍ നിന്നാണ് ദുരനുഭവമുണ്ടായതെന്ന് ഇവര്‍ പറയുന്നു.
അഞ്ചുവര്‍ഷം മുന്‍പ് പൗരോഹിത്യം സ്വീകരിച്ചയാളാണ് ഈ വൈദികനെന്ന് സഭയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇദ്ദേഹം ഈ പള്ളിയില്‍ എത്തിയത്. വൈദികനെ വസതിയില്‍ നിന്നും അറസ്റ്റു ചെയ്യുന്നതിന് താന്‍ സാക്ഷിയാണെന്ന് ലണ്ടനിലെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ പയസ് ജോസഫ് ഇംഗ്ലീഷ് മാധ്യമത്തിനോട് പറയുന്നു. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം പള്ളിയില്‍ ചുമതലയേറ്റതു മുതല്‍ വിശ്വാസ സമൂഹം ഏറെ സന്തോഷത്തിലായിരുന്നു. അദ്ദേഹം എല്ലായ്‌പോയും പള്ളിയില്‍ തന്നെ ഉണ്ടായിരുന്നുവെന്നും പയസ് ജോസഫ് പറഞ്ഞു.
ലണ്ടന്‍: ഇംഗ്ലണ്ടില്‍ റിപ്പര്‍ മോഡല്‍ ആക്രമണം നടത്തി പോലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്ന പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അപ്പു സതീശന്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും മറ്റും ചിത്രം സഹിതം ഇയാളെക്കുറിച്ച് വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ കീഴടങ്ങി എന്നാണ് പുറത്തുവരുന്ന വിവരം. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഒരാളെ ചുറ്റികകൊണ്ട് മുഖത്തടിച്ച് റിപ്പര്‍ മോഡല്‍ ആക്രമണം നടത്തിയശേഷം ഇയാള്‍ മുങ്ങിയത്. ആക്രമണത്തിന് ഇരയായതും ഏഷ്യക്കാരന്‍ തന്നെയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ആക്രമണത്തിന് ഇരയായ ആൾ മലയാളിയാണോ എന്നറിയില്ല.
വ്യക്തമായ മേല്‍വിലാസമില്ലാതെ കഴിയുന്ന പ്രതിയെക്കുറിച്ച് ഏഷ്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും ഏഷ്യന്‍ കടകളിലും നേരിട്ടെത്തിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ്ഹാം, ഇല്‍ഫോര്‍ട്, ഗ്രേറ്റര്‍ ന്യൂഹാം, റെഡ്ബ്രിഡ്ജ്, കാനിങ്‌ടൌണ്‍ തുടങ്ങിയ ഏഷ്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇയാള്‍ പലവട്ടം വന്നുപോയിട്ടുള്ളതായി പൊലീസ് സംശയിച്ചിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ചിത്രം പുറത്തുവിട്ട മെറ്റ് പോലീസ് കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ഥിച്ചിരുന്നു.
പ്രതി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ വിവരവും പോലീസാണ് പുറത്തുവിട്ടത്. മുഖത്ത് മാരകമായി പരിക്കേല്‍പ്പിച്ചതിനും വധശ്രമത്തിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇസ്റ്റ്ഹാമിലും ഇല്‍ഫഡിലുമാണ് ഇയാളെ കൂടുതല്‍ കണ്ടിരുന്നതെങ്കിലും ഗ്രേറ്റര്‍ ന്യൂഹാമിലും റെഡ്ബ്രിഡ്ജ് ഏരിയയിലും ഇയാളെ കണ്ടതായും പോലീസിന് വിവരം ലഭിച്ചിരുന്നു. മെറ്റ് പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഏഷ്യക്കാരനാണെന്ന് സംശയിക്കുന്ന ഒരാളുടെ മുഖത്ത് ചുറ്റിക കൊണ്ട് ഇടിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. മെറ്റ്‌സ് ഏരിയ ഒഫന്‍ഡര്‍ മാനേജ് മെന്റ് ടീം ആണ് കേസ് അന്വേഷിക്കുന്നത്.
ലണ്ടൻ: പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാങ്ക്ഫർട്ടിനെ വീഴ്ത്തി ചെൽസി യൂറോപ്പ ലീഗ് ഫൈനലിൽ കടന്നു. ആദ്യ പാദത്തിലും നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിൽ എത്തിയത്. രണ്ടു പെനാൽറ്റികൾ തടഞ്ഞിട്ട് ഗോളി കെപ അരിസബലാഗ ചെൽസിയുടെ ഹീറോയായി. ആദ്യ പാദം 1-1 സമനിലയിൽ അവസാനിച്ചിരുന്നു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിന്റെ 28-ാം മിനിറ്റിൽ റൂബൻ ചീക്കിലൂടെ ചെൽസിയാണ് ആദ്യ ഗോൾ നേടുന്നത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലൂക ജോവിച്ചിലൂടെ ഫ്രാങ്ക്ഫർട്ട് തിരിച്ചടിച്ചു. തുടർന്നു മത്സരത്തിൽ ഫ്രാങ്ക്ഫർട്ട് ആധിപത്യം സ്ഥാപിച്ചെങ്കിലും ഗോൾ നേടാനായില്ല. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടു.
ചെൽസിക്കു വേണ്ടി ബാർക്ലി, ജോർജിഞ്ഞോ, ലൂയിസ്, ഏഡൻ ഹസാർഡ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ അസ്പിലിക്വറ്റയുടെ ശ്രമം ഫ്രാങ്ക്ഫർട്ട് ഗോൾ കീപ്പർ കെവിൻ ട്രാപ്പ് രക്ഷപെടുത്തി. ഫ്രാങ്ക്ഫർട്ടിനു വേണ്ടി ഹല്ലെർ, ജോവിച്ച്, ഡി ഗുസ്മാൻ എന്നിവർ ലക്ഷ്യം കണ്ടു. ഹിന്റർറെഗെറിന്റെയും പസിൻസിയയുടെയും കിക്കുകൾ കെപ തടഞ്ഞിട്ടു. മേയ് 29-ന് നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് ടീമായ ആഴ്സണലാണ് ചെൽസിയുടെ എതിരാളികൾ. വലൻസിയയെ പരാജയപ്പെടുത്തിയാണ് ആഴ്സണൽ ഫൈനലിൽ കടന്നത്. ഇതോടെ യൂറോപ്പ ലീഗിലും ഇംഗ്ലണ്ട് ടീമുകളുടെ ഫൈനലായി. നേരത്തെ, ചാന്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ടീമുകളായ ലിവർപൂളും ടോട്ടനവും കലാശക്കൊട്ട് ഉറപ്പിച്ചിരുന്നു
മൃഗശാലയിലെ കുരങ്ങിനെപ്പോലെയാണ് തന്നെ പരിഗണിക്കുന്നതന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ക്രിസ്റ്റ്യന്‍ മിഷേല്‍. ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ പരാതിക്ക് പിന്നാലെ സ്പെഷ്യല്‍ സിബിഐ ജഡ്ജി അരവിന്ദ് കുമാര്‍ തീഹാര്‍ ജയില്‍ ഉദ്യോഗസ്ഥരോട് വെള്ളിയാഴ്ച ഹാജരാകാന്‍ പറഞ്ഞു.
ജയിലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ 16 കിലോ കുറഞ്ഞെന്നാണ് മിഷേലിന്‍റെ ആരോപണം. യൂറോപ്യന്‍ ഭക്ഷണം ജയിലില്‍ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതായും ക്രിസ്റ്റ്യന്‍ മിഷേല്‍ പരാതിയില്‍ പറയുന്നു. കൂടെ താമസിക്കുന്നവര്‍ ജയിലിനുള്ളില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുകയാണെന്നും തന്നെ അതിന് നിര്‍ബന്ധിക്കുകയാണെന്നും ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ പരാതിയിലുണ്ട്. കുടുംബത്തോടൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഏഴുദിവസത്തെ ജാമ്യം നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും കോടതി നിരസിച്ചിരുന്നു.
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍മൂലം വിയന്നയിലേക്ക് തിരിച്ചു വിട്ടു. വിയന്ന വിമാനത്താവളത്തിലിറക്കിയ വിമാനത്തിന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് ലണ്ടനിലേക്ക് യാത്ര തുടരാനായത്. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് ഹീത്രു വിമാനത്താവളത്തിലേക്ക് 300 യാത്രക്കാരുമായി തിരിച്ച എയര്‍ ഇന്ത്യ 131 വിമാനത്തിനാണ് യാത്രക്കിടെ എഞ്ചിന്‍ തകരാര്‍ സംഭവിച്ചത്. ഇതേ തുടര്‍ന്ന് വിയന്നയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. എയര്‍ ഇന്ത്യയുടെ സാങ്കേതിക സംഘം വിയന്നയിലെത്തി പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വിമാനം സുരക്ഷിതമായി ലണ്ടനിലെത്തി.