UK

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

ഇന്ത്യന്‍ സിവില്‍ സര്‍വീസ് ബ്രിട്ടീഷ് ഭരണത്തിന്‍ നിഴലാണെന്ന് പറയാറുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ട് 7 പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും രാജ്യഭരണത്തിന്റെ കടിഞ്ഞാണ്‍ ഇന്നും ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയെടുത്ത സിവില്‍ സര്‍വീസ് സമൂഹത്തിന്റെ കയ്യില്‍ തന്നെയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ അതിസമര്‍ത്ഥരായ യുവജനതയുടെ എക്കാലത്തെയും സ്വപ്‌നമാണ് സിവില്‍ സര്‍വീസ്. അധികാരവും ഗ്ലാമറും ഇത്രയധികം ലഭിക്കുന്ന മറ്റൊരു ജോലിയും ഇന്ത്യയിലില്ല. ഐഐടിയില്‍ നിന്നും മറ്റും ഉന്നത റാങ്കില്‍ പാസാകുന്ന സമര്‍ത്ഥരാണ് മള്‍ട്ടിനാഷണല്‍ കമ്പനികളിലെയും വിദേശങ്ങളിലെയും ലക്ഷങ്ങള്‍ പ്രതിഫലമുള്ള ജോലിയുപേക്ഷിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ചേരുന്നത്.

ബ്രിട്ടനില്‍ കുടിയേറിയ പ്രവാസികളായ മലയാളികളുടെ മക്കള്‍ പൊതുവേ സമര്‍ത്ഥരും പാഠ്യരംഗത്ത് മുന്നിട്ടു നില്‍ക്കുന്നവരുമാണ്. എന്നാല്‍ ഇവരാരും ബ്രിട്ടീഷ് സിവില്‍ സര്‍വീസിനെക്കുറിച്ച് ചിന്തിക്കാറില്ല. മലയാളികളായ മാതാപിതാക്കളും മക്കളെ മെഡിസിനോ എന്‍ജിനീയറിംഗിനോ മറ്റോ പഠിപ്പിക്കാനാണ് താല്‍പര്യപ്പെടുന്നത്. വളരെയധികം മലയാളികള്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ ലക്ഷങ്ങള്‍ ഫീസ് നല്‍കി പഠിക്കുന്നുണ്ട്. ഇവിടെയാണ് വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് ബ്രിട്ടീഷ് സിവില്‍ സര്‍വീസ് കരസ്ഥമാക്കിയ ആന്‍ ക്രിസ്റ്റി വഴുതനപ്പള്ളി ശ്രദ്ധിക്കപ്പെടുന്നത്.

മലയാളികളിലെ പുതുതലമുറയെ പ്രതിനിധീകരിക്കുന്ന ആന്‍ ക്രിസ്റ്റി സാധാരണ സ്‌കൂളില്‍ പഠിച്ച് ഉന്നത നിലവാരത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയതാണ്. അതിനു ശേഷമാണ് സിവില്‍ സര്‍വീസ് മോഹം ഉദിച്ചതും ശ്രമിച്ചതും. ബര്‍മിംങ്ഹാമിനടുത്ത് ഡഡ്‌ലിയില്‍ താമസിക്കുന്ന ജോണ്‍ ജോസഫിന്റെയും റാണിയുടെയും മകളാണ് ആന്‍. ബ്രിട്ടനിലെ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമ മന്ത്രാലയത്തിലാണ് ആന്‍ ക്രിസ്റ്റിയുടെ ആദ്യ നിയമനം. ആന്‍ ക്രിസ്റ്റിയുടെ സഹോദരി ഡെല്ലാ ബിരുദാനന്തര ബിരുദത്തിനും ഇളയ സഹോദരന്‍ ഡാനി പത്താം ക്ലാസിലും പഠിക്കുന്നു. എന്തായാലും വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് നേട്ടം കൊയ്ത ആന്‍ ക്രിസ്റ്റി മലയാളി സമൂഹത്തിന് അഭിമാനമാണ്.

ബ്രെക്സിറ്റില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. പരാജയ സാധ്യത മുന്നില്‍ കണ്ട് എംപിമാരെ കൂടെ നിര്‍ത്താനുള്ള അവസാനഘട്ട ശ്രമത്തിലാണ് പ്രധാനമന്ത്രി തെരേസ മെയ്. െബ്രക്സിറ്റ് തന്നെ തടഞ്ഞേക്കുമെന്നാണ് മെയ് നല്‍കുന്ന സൂചന. ഇന്നത്തെ വോട്ടെടുപ്പില്‍ മെയ് പരാജയപ്പെട്ടാല്‍ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ജെറിമി കോര്‍ബിന്‍ വ്യക്തമാക്കി. വോട്ടെടുപ്പിലെ പരാജയം മുന്നില്‍ കണ്ട് ബ്രക്സിറ്റിന്റെ സമയപരിധി നീട്ടി നല്‍കാനാണ് യൂറോപ്യന്‍ കൗണ്‍സിലിന്റെ നീക്കം. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 29നാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്താകുക

 

കാരൂര്‍ സോമന്‍

ആകാശത്ത് നിന്ന് പ്രസരിക്കുന്ന പ്രകാശ കിരണങ്ങള്‍ പോലെയാണ് ലോകമെമ്പാടുമുള്ള വിശ്വോത്തര സര്‍വകലാശാലകള്‍. നൂറ്റാണ്ടുകളായി അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലേക്ക് ലണ്ടനിലെ കിംഗ് ക്രോസ് റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്ത് അവിടെയെത്തി. തണല്‍ വിരിച്ചു നില്‍ക്കു മരങ്ങളുടെയും വര്‍ണ്ണ വൈവിധ്യമാര്‍ന്ന പൂക്കളുടെയും മധ്യത്തില്‍ നില്‍ക്കുന്ന പടവൃക്ഷമാണ് കേംബ്രിഡ്ജ്. ആ വൃക്ഷത്തിന്റെ കൊമ്പുകളിലും, ചില്ലകളിലും, പൊത്തുകളിലും, ഇലകളിലും, വിവിധ ദേശങ്ങളില്‍ നിന്നു വരു പക്ഷികള്‍ കൂടുകെട്ടുന്നതു പോലെയാണ് വിവിധ ദേശങ്ങളില്‍ നിന്നുവരു സമര്‍ത്ഥരായ കുട്ടികള്‍ കേംബ്രിഡ്ജ് എന്ന വിശ്വവിജ്ഞാന പടവൃക്ഷത്തില്‍ കൂടു കെട്ടുന്നത്. ഈ വൃക്ഷത്തിന്റെ തളിരില പടര്‍പ്പുകളില്‍നിന്ന് മധുരം നിറഞ്ഞ ഫലങ്ങള്‍ ഭക്ഷിച്ചവര്‍ മടങ്ങുന്നു.

ഇന്നും ഇവിടെ പഠിക്കുന്ന കുട്ടികള്‍ ചെറിയ ജോലികള്‍ ചെയ്താണ് അവരുടെ പഠനചെലവുകള്‍ നടത്തുന്നത്. അവര്‍ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാറില്ല. ചെറുപ്പം മുതല്‍ കുട്ടികള്‍ അദ്ധ്വാനത്തില്‍ കൂടിയാണ് ഇവിടുത്തെ കുട്ടികള്‍ വളരുന്നത്. അതിനാല്‍ അവരില്‍ ആരോഗ്യവും, ശക്തിയും ബുദ്ധിയും വളര്‍ന്നുകൊണ്ടിരിക്കുന്നു. എന്റെ മുന്നിലേക്ക് ആദ്യം ചിറകടിച്ചെത്തിയത് ഇന്ത്യയുടെ അഭിമാനമായ നമ്മുടെ അയല്‍ക്കാരന്‍ കോയമ്പത്തൂരിലെ ഈറോഡില്‍ 1887 ഡിസംബര്‍ 22ന് ജനിച്ച് 1920 ഏപ്രില്‍ 20ന് അന്തരിച്ച ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞനും കണക്കിന്റെ മാന്ത്രികനുമായിരു ശ്രീനിവാസ രാമാനുജനാണ്. ഇതുപോലുള്ള വിദ്യാകേന്ദ്രങ്ങളില്‍ നിന്ന് പഠിച്ചുവന്നവരെല്ലാം സമൂഹത്തിന് ക്രിയാത്മകമായി ആശയങ്ങള്‍ നല്കിയവരും ജീവിതപുരോഗതിക്ക് പ്രൗഢസുന്ദരമായ ചൈതന്യം നല്കിയവരുമാണ്. വിശ്വമെങ്ങും നിറഞ്ഞു നില്‍ക്കാന്‍ രാമാനുജന് ഗുണമായതും ജ്ഞാനാനന്തമായ ഈ ചൈതന്യമാണ്. വികസിത രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ പഠിച്ചിറങ്ങുവരെ ശ്രദ്ധിച്ചാല്‍ ചില സത്യങ്ങള്‍ മനസ്സിലാക്കാം. മതത്തെക്കാള്‍ മനുഷ്യരെ സ്‌നേഹിക്കുന്നു. ആരോടും പുഞ്ചിരികൊണ്ട് വിനയത്തോടെ സംസാരിക്കുന്നു. സൃഷ്ടിപരമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അക്രമത്തെ വെറുക്കുന്നു. സ്‌നേഹവും സമാധാനവും നിലനിര്‍ത്തുന്നു. മാത്രവുമല്ല നമ്മുടെ ശീലങ്ങളും മാറും. അതിനുദാഹരണമാണ് രാമാനുജന്‍. ദാരിദ്യത്തിലും പട്ടിണിയിലും പഠിച്ചുവളര്‍ന്ന രാമാനുജന്‍ ഒരിക്കലും മദ്രാസില്‍വച്ച് അടുക്കളയില്‍ കയറി ഭക്ഷണം പാകം ചെയ്തിട്ടില്ല. ഇംഗ്ലണ്ടില്‍ വന്നപ്പോള്‍ സ്വന്തമായി പാചകം ചെയ്തു ഭക്ഷിക്കാന്‍ തുടങ്ങി. ഇന്‍ഡ്യയിലെ പുരുഷമേധാവിത്വം അവരെ അടുക്കളയില്‍ കയറ്റുന്നില്ല. ഇവിടെ സ്ത്രീയും പുരുഷനും തുല്യമാണ്. ഇവിടെനിന്ന് പഠിച്ച് പുറത്തിറങ്ങിയ ജവഹര്‍ലാല്‍ നെഹ്രു, റ്റാറ്റയുടെ സ്ഥാപകന്‍ ഡോറാബജി റ്റാറ്റാ, ഇംഗ്ലീഷ് നോവലിസ്റ്റ് അഹമ്മദ് സല്‍മാന്‍ റുഷുദി, മന്‍മോഹന്‍സിംഗ് തുടങ്ങി എത്രയോ മഹത് വ്യക്തികള്‍ക്ക് ഇവിടുത്തെ വിദ്യാഭ്യാസം കരുത്തു പകര്‍ന്നു. സാമൂഹികനീതിക്കും വളര്‍ച്ചയ്ക്കുമായി ഇന്‍ഡ്യയില്‍ അവരുടെ വിലപ്പെട്ട ഇടപെടലുകള്‍ നാം കണ്ടതാണ്.

വിദ്യാഭ്യാസം ഒരു പൗരന്റെ അവകാശമായതുകൊണ്ടാണ് ഇവിടുത്തെ കുട്ടികള്‍ പതിനെട്ടു വയസ്സുവരെ യാതൊരു ആശങ്കകളും ചിലവുകളും കൂടാതെ പഠിക്കുന്നത് എല്ലാം സര്‍ക്കാരിന്റെ ചുമലിലാണ്.. നമ്മുടെ നാട്ടില്‍ സമര്‍ത്ഥരായ ഒരു കുട്ടിക്ക് സാമ്പത്തികമില്ലാതെ തുടര്‍പഠനം നടത്തുവാന്‍ ഭാരപ്പെടുമ്പോള്‍ ഇവിടുത്തെ സമ്പത്തില്ലാത്ത കുട്ടികള്‍ക്ക് ബിരുദമല്ല ബിരുദാനന്തര പഠനങ്ങള്‍ക്ക് എത്ര തുകവേണമെങ്കിലും ബാങ്കുകള്‍ നല്കും. ആ പണം മടക്കികൊടുക്കുന്നതാകട്ടെ തൊഴില്‍ ലഭിച്ച് എല്ലാ മാസവും ലഭിക്കു ശമ്പളത്തില്‍നിന്ന് തുച്ഛമായ തുക ഈടാക്കിയാണ്. ഇവിടെ പാഠ്യവിഷയങ്ങള്‍ തെരെഞ്ഞെടുക്കുനന്നത് കുട്ടികളുടെ ആഗ്രഹവും അഭിരുചിയുമനുസരിച്ചാണ്. അവര്‍ തെരെഞ്ഞെടുക്കു വിഷയങ്ങളില്‍ അവരെ അറിവിന്റെ വിശാലമായ ലോകത്തേയ്ക്ക് നയിക്കുന്നത് ഉത വിദ്യാഭ്യാസമുള്ള അധ്യാപകരാണ്. ആദ്യമായി ഒരു കുട്ടി ക്ലാസ്സില്‍ വരുമ്പോള്‍ അവനെ പഠിപ്പിക്കുന്നത് സ്വന്തം മുറി ശുദ്ധിചെയ്യാനാണ്. അതിനുശേഷം മാത്രമാണ് അവനെ ചിത്രം വരപ്പിക്കുന്നതും അക്ഷരങ്ങള്‍ പഠിപ്പിക്കുന്നതും. അവനെ ആദ്യം പഠിക്കുന്ന ആ ശുചിത്വബോധം തുടര്‍ന്നുള്ള ക്ലാസ്സുകളിലും ലഭിക്കുന്നു. അതിനാല്‍ വീടും പരിസരങ്ങളും നാടും നഗരവും അവന്‍ മലിനമാക്കുില്ല. ഇങ്ങനെ എല്ലാ വിഷയങ്ങളിലും ആവശ്യമുള്ള അവബോധമുള്ളതിനാല്‍ അവര്‍ നാടിന്റെ സമ്പത്തും ഒരു പരിഷ്‌കൃത സമൂഹത്തിന്റെ അംഗവുമാകുന്നു.

1209-ല്‍ സ്ഥാപിക്കപ്പെട്ട ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ പൗരാണിക സ്വഭാവം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഈ യൂണിവേഴ്‌സിറ്റിയുടെ ചുറ്റിനുമുള്ള ഓരോ ദൃശ്യങ്ങളും നയനാനന്തകരമാണ്. മധുരനാദം പൊഴിച്ചുകൊണ്ടൊഴുകുന്ന കാം നദിയും അതിലൂടെ വള്ളം തുഴഞ്ഞുപോകു വിദ്യാര്‍ത്ഥികളും, അരയന്നങ്ങളും മുളച്ചുപൊന്തിനില്‍ക്കുന്ന പച്ചപ്പൂകളും മരങ്ങളും യൂണിവേഴ്‌സിറ്റിയുടെ സൗന്ദര്യപൊലിമ വര്‍ദ്ധിപ്പിക്കുന്നു. വള്ളത്തിലിരുന്നു ഒരാള്‍ വയലിന്‍ അതിസാഹസമായി വായിക്കുന്നു. അടുത്തുകൂടി വള്ളത്തില്‍ പോകുന്ന സുന്ദരിമാരുടെ മിഴികള്‍ സംഗീതത്തില്‍ ലയിച്ചു. എങ്ങും കുളിര്‍മ പരന്നു നിന്നു. ആ വള്ളം കണ്ണില്‍ നിന്നും മറയുന്നതുവരെ ഞാനവിടെ നിന്നു. ഫിസിക്‌സ്, കെമിസ്ട്രി, മെഡിസിന്‍, ലിറ്ററേച്ചര്‍, സമാധാനം തുടങ്ങിയ മേഖലകളില്‍ എത്രയെത്ര നോബല്‍ പുരസ്‌കാരങ്ങളാണ് ഈ സ്ഥാപനം നേടിയത്. ഇത് ജന്മമെടുക്കാനുണ്ടായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ പണ്ഡിതന്മാരും ലോക്കല്‍ ഭരണകൂടവും തമ്മിലുള്ള കിടമത്സരമാണ്. അറിവുണ്ടെന്നു നടിക്കുന്നവരോടു ഏറ്റുമുട്ടാന്‍ ഈ പണ്ഡിതര്‍ തയ്യാറായത് പുതിയൊരു യൂണിക് അവര്‍ തയ്യാറെടുത്തു. അതിനു രാജാവായിരുന്ന ഹെന്‍ട്രി മൂന്നാമന്‍ കൂട്ടുനിന്നു. ഇവിടെ ലോകത്ത് ആദ്യമായി പാവപ്പെട്ട കുട്ടികള്‍ക്കും പഠിക്കാന്‍ അവസരമൊരുക്കി. അത് വിദ്യയ്ക്ക് ലഭിച്ച വലിയൊരു അംഗീകാരവും സ്വാതന്ത്ര്യവുമായിരുന്നു. പഠിക്കാന്‍ നിവര്‍ത്തിയില്ലാത്ത പാവപ്പെട്ടവന് ധാര്‍മ്മിക നീതി ലഭിക്കണം. സമത്വം വേണം. വിദ്യയ്ക്ക് വലിയവനോ ചെറിയവനോ എന്നില്ല അതായിരുന്നു അവരുടെ നിലപാട്. പണം എങ്ങനെ കണ്ടെത്തും അതായി പിന്നീടുള്ള പ്രശ്‌നം. അതിനവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം പണമില്ലാത്തവര്‍ കോളേജില്‍ ചെറിയ ജോലികള്‍ ചെയ്യണം. അതിലൂടെ സാമ്പത്തിക നേട്ടം ലഭിക്കും. കേംബ്രിഡ്ജിലും അവിടുത്തെ ട്രിനിറ്റികോളേജിലും കുട്ടികള്‍ മേശകള്‍, കസേരകള്‍, ഇരിക്കുന്ന മുറികള്‍, ലൈബ്രറി പുസ്തകങ്ങള്‍ വരാന്തകള്‍ അങ്ങനെ എല്ലായിടത്തും ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തു പണം നേടി. അതിനുള്ളിലെ റസ്റ്റോറന്റുകളില്‍ പാത്രങ്ങള്‍ കഴുകാനും, കോഫി ഉണ്ടാക്കാനും അത് തീന്മേശയില്‍ കൊടുക്കാനും, മേശകള്‍ തുടച്ചു വൃത്തിയാക്കാനും കുട്ടികള്‍ മുന്നോട്ടു വന്നു. ആ കൂട്ടത്തില്‍ ആധുനിക ശാസ്ത്രത്തിനു അസ്ഥിവാരമിട്ട സര്‍ ഐസക്ക് ന്യൂട്ടനും വരും. അദ്ദേഹത്തിനു ലഭിച്ചത് ആയിരമായിരം പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയായിരുന്നു. ക്രിസ്തുമസ് ദിനമായ ഡിസംബര്‍ 25ന് 1642ല്‍ ജനിച്ച ഐസക് 1661ലാണ് ഇവിടെ എത്തുത്. സമ്പന്നമല്ലാത്ത ഒരു കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.

ഇന്‍ഡ്യ ശാസ്ത്രം, കണക്ക്, ഐ.റ്റി മേഖലകളില്‍ മുന്നേറുന്നുവെങ്കിലും പാശ്ചാത്യരാജ്യത്തു ലഭിക്കുന്ന ശാസ്ത്ര – സാങ്കേതിക- പരീക്ഷണ- നിരീക്ഷണ – ഗവേഷകരംഗങ്ങളില്‍ വിജ്ഞാനോല്പാദനത്തിനുള്ള പരീക്ഷണശാലകളോ, ലൈബ്രറികളോ ഇല്ല പറയാനായി. പേരിന് വേണ്ടി എല്ലാമുണ്ട്. രാമാനുജനെ വളര്‍ത്തി വലുതാക്കിയത് കേംബ്രിഡ്ജിലെ ബൃഹത്തായ ലോകോത്തര പുസ്തകശേഖരമാണ്. ഏതു വിഷയവും ആധികാരികമായി പഠിക്കാന്‍ അവിടെ പുസ്തകങ്ങളും വായനാമുറികളുമുണ്ട്. അനേകായിരം ശിഷ്യഗണങ്ങളെ അറിവുള്ളവരാക്കിയ ആ ജ്ഞാനഭണ്ഡാരത്തെ ഞാനും താണുവണങ്ങി നോക്കി നിന്നു. ഇന്‍ഡ്യയിലേതുപോലെ ഇവിടുത്തെ കുട്ടികള്‍ പഠിക്കുന്നത് കാണാപാഠങ്ങളോ, ചുമലില്‍പേറി നടക്കുന്ന പുസ്തകങ്ങളോ അല്ല. അതിലുപരി പഠിക്കുന്ന പുസ്തകങ്ങളിലെ അന്വേഷണ-നിരീക്ഷണ- ഗവേഷണ കണ്ടെത്തലുകളാണ്. അവര്‍ അറിവിന്റെ ആത്മാവിനെ തേടിയാണ് സഞ്ചരിക്കുന്നത്. അല്ലാതെ മത-രാഷ്ട്രീയത്തിന്റെ ആത്മാവിനെ തേടിയല്ല. മതങ്ങളെ മറയാക്കു അധികാരികള്‍ക്കോ രാജ്യങ്ങള്‍ക്കോ അല്ലെങ്കില്‍ ജ്ഞാനം വിപണിയില്‍ വിറ്റ് കാശുണ്ടാക്കുന്നവര്‍ക്കോ വളരാന്‍ സാധിക്കില്ല. അവിടെ വളരുന്നത് പടവൃക്ഷമെന്ന വിദ്യയല്ല മറിച്ച് കുറ്റിച്ചെടികളായ വിദ്യാഭ്യാസമാണ്.

ബെഡ്‌ഫോര്‍ഡ്: മ്യൂസിക് ബാന്‍ഡ് രംഗത്ത് ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ തരംഗമായി മാറിയ 7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡ്‌ന്റെ കെറ്റെറങ്ങില്‍ നടന്ന സംഗീതോത്സവം സീസണ്‍ 1 ഉം,ബെഡ് ഫോര്‍ഡില്‍ നടന്ന സീസണ്‍ 2 നും ശേഷം ലണ്ടനടുത്തുള്ള പ്രധാന പട്ടണങ്ങളില്‍ ഒന്നായ വാറ്റ് ഫോര്‍ഡില്‍സംഗീതോത്സവം സീസണ്‍ 3 & ചാരിറ്റി ഇവന്റും Kerala charitable foundation Trust KCF Watford ടും  സംയുക്തമായി സീസൺ 3 നടത്തുന്നു. മലയാള സിനിമാ ഗാന രംഗത്ത് അതുല്യ സംഭാവനചെയ്ത ഏതൊരു മലയാളിയുടെ മനസിലും എന്നും നിറഞ്ഞു നില്‍ക്കുന്ന ഒട്ടനവധി നിത്യ ഹരിത ഗാനങ്ങള്‍ രചിച്ച വലിയ കലാകാരന്‍ പത്മശ്രീ ഓ എന്‍ കുറുപ്പിന്റെ അനുസ്മരണവുമായി ഫെബ്രുവരി 23ശനിയാഴ്ച 3 മണി മുതല്‍ 11 മണി വരെ വാറ്റ്‌ഫോര്‍ഡിലെ ഹോളി വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് അതിവിപുലമായിമാറിയ നടത്തപ്പെടുന്നു.

സംഗീതവും നൃത്തവും ഒന്നുചേരുന്നു ഈ വേദിയില്‍ യു കെ യയില്‍ വിവിധ വേദികളില്‍ കഴിവു തെളിയിച്ച ഗായികാ ഗായകന്മാര്‍ അണിയിച്ചൊരുക്കുന്ന സംഗീതവിരുന്നും സിരകളെ ത്രസിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക്കല്‍ നൃത്തങ്ങളും സംഗീതോത്സവത്തിനു മാറ്റേകും.തികച്ചും സൗജന്യമായി നടത്തപ്പെടുന്നസംഗീതോത്സവം സീസണ്‍ 3യില്‍ യൂകെയിലെ കലാ,സാംസ്‌കാരിക,രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നു.കൂടാതെ മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന ബെര്‍മിംഗ്ഹാം ദോശ വില്ലേജ് റെസ്റ്റോറെന്റിന്റെ സ്വാദേറും ഭക്ഷണശാല വേദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും,തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന ഈ കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി മുഖ്യ സങ്കാടകനായ ജോമോന്‍ മാമ്മൂട്ടില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ജോമോന്‍ മാമ്മൂട്ടില്‍ :07930431445
സണ്ണിമോന്‍ മത്തായി :07727 993229
മനോജ് തോമസ് :07846 475589
വേദിയുടെ വിലാസം :
HolyWell Communtiy Cetnre
Watford
WD18 9QD.

 

കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ശനിയാഴ്ച ആഘോഷത്തിന്റെ ദിനമായിരുന്നു. അറുന്നൂറിന് മുകളില്‍ ആളുകള്‍ മൂന്ന് മണി മുതല്‍ പത്ത് മണി വരെ ഇരിപ്പിടങ്ങളില്‍ നിന്നും അനങ്ങാതെ കലാ വിരുന്ന് ആസ്വദിച്ചു. കൃത്യം ഒന്നരക്ക് തുടങ്ങിയ കൃസ്തുമസ്സ് കരോള്‍ ഗാനങ്ങളോടെ സി കെ സി യുടെ പരിപാടികള്‍ക്ക് തുടക്കമായി. പലവട്ടം പല വേദികളിലും മികവ് തെളിയിച്ച ഹരീഷ് പാലായും, ജിനോ ജോണും, സുനില്‍ ഡാനിയേലും ആണ് കലാ പരിപാടികള്‍ കോഓര്‍ഡിനേറ്റ് ചെയ്തത്. റെനിന്‍ കടുത്തൂസ്, രേവതി നായര്‍ എന്നിവര്‍ കൊറിയോഗ്രാഫി ചെയ്ത നേറ്റീവിറ്റി ഷോ കുട്ടികള്‍ ഗംഭീരമാക്കി. പിന്നീടുള്ള മണിക്കൂറുകള്‍ കൈയ്യടികളുടേതായിരുന്നു. സ്റ്റേജില്‍ നിന്നും കണ്ണു പറിക്കാതെ, ഒരു മുഴുനീള സിനിമ ഇരുന്ന് കാണുന്ന പോലെ ആ ദൃശ്യ വിരുന്ന് കുട്ടികളും, വലിയവരും ഒരു പോലെ ആസ്വദിച്ചു.അഞ്ചു ജോഷിയും ലിന്‍സിയാ ജിനോയും കൊറിയോഗ്രാഫി ചെയ്ത ഷ്‌ളാഷ് മോബ് കവന്‍ട്രിയിലെ യുവതി യുവാക്കള്‍ ഒരു പുത്തന്‍ അനുഭവം ആക്കി. നിലക്കാത്ത കൈയ്യടിയോടെ ആണ് കാണികള്‍ ഇതിനെ ഉള്‍ക്കൊണ്ടത്. പിന്നീടങ്ങോട്ട് ഒരു അവാര്‍ഡ് നിശയെ വെല്ലുന്ന കലാപരിപാടികളാണ് കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ ടാലന്റഡ് ആയിട്ടുള്ള കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് കാഴ്ച വെച്ചത്.
ഓരോ പരിപാടികള്‍ക്കും ചേര്‍ന്ന ബാക്ക്ഗ്രൗന്‍ഡ്, സ്റ്റേജില്‍ വലിയ എല്‍സിഡി സ്‌ക്രീനില്‍ മാറിമറഞ്ഞത് എല്ലാവര്‍ക്കും പുത്തന്‍ അനുഭവമായി മാറി. കവന്‍ട്രിയില്‍ ആദ്യമായി ആണ് ഒരു എല്‍സിഡി സ്‌ക്രീനോടു കൂടി പരിപാടികള്‍ നടന്നത്. ഇത് എല്ലാവരും നന്നായി ആസ്വദിച്ചു.

ഷാജീ പീറ്റര്‍, അഞ്ചു ജോഷി, റീജാ ബോബി, ഡോണാ ബിജു, നിബു സിറിയക്ക് മഞ്ചു പ്രവീണ്‍, എവിന്‍ ഷാജി എന്നിവര്‍ ആന്‍കറിംഗ് മികവുറ്റതാക്കി.

സി കെ സി യുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളെയും, കമ്മ്യൂണിറ്റിക്ക് നല്‍കുന്ന സേവനങ്ങളെയും റവ.ഫാദര്‍ സെബാസ്റ്റിയന്‍ നാമറ്റത്തില്‍ പുതുവര്‍ഷ സന്ദേശം നല്‍കിയപ്പോള്‍ പ്രശംസിച്ചു. മുന്നോട്ടും ഈ ഒരുമയും, ഐക്യവും കാത്തു സൂക്ഷിക്കണം എന്നും എല്ലാവരെയും അദ്ദേഹം ഓര്‍മ്മപെടുത്തി.

സി കെ സി യുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്ന
‘സികെസി കനിവിന്റെ’  പ്രവര്‍ത്തനോദ്ഘാടനം കമ്മറ്റി അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് തിരി തെളിച്ച് നിര്‍വഹിച്ചു. സ്റ്റീഫന്‍ കുര്യാക്കോസ് നേതൃത്ത്വം നല്‍കിയ ഗാനമേള എല്ലാവരും ആസ്വദിച്ചു, കുട്ടികളും, മുതിര്‍ന്നവരും ഒരു പോലെ കൈയ്യടിച്ചും, പാട്ടുകള്‍ക്കൊപ്പം ഡാന്‍സ് കളിച്ചും അവരെ പ്രോത്സാഹിപ്പിച്ചു.

സി കെ സി യുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കുന്നതിന്ന് വന്ന എര്‍ഡിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ശ്രീ പ്രകാശ് മൈക്കിള്‍ സികെസി യെ വളരെ അധികം പ്രശംസിച്ചു. സികെസി യുക്കെയിലെ മറ്റെല്ലാ അസോസിയേഷനുകള്‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞത് നിറഞ്ഞ കൈയ്യടിയോടെ ആണ് എല്ലാവരും വരവേറ്റത്

മാഗ്‌നാവിഷന്‍ ടി വി യിലൂടെ ലൈവായി പ്രോഗ്രാമുകള്‍ സംപ്രേഷണം ചെയ്തിരുന്നു. മാഗ്നാവിഷന്റെ ഡയറക്റ്റര്‍ ഡീക്കന്‍ ജോയ്‌സ് ജെയിംസ് സി കെ സി യുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് സംസാരിക്കുകയും മാഗ്‌നാ വിഷന്‍ പുതിയതായി സമകാലീയ വിഷയങ്ങളെ ആസ്പതമാക്കി ഒരു ലൈവ് ടോക് ഷോ ഉടന്‍ ആരംഭിക്കും എന്നും അറിയിച്ചു. യുക്മ നടത്തിയ പരിപാടികളില്‍ പങ്കെടുത്തവരെ ട്രോഫി നല്‍കി ആദരിച്ചു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കരോള്‍ ഗാന മത്സരത്തില്‍ പോട്ടേഴ്‌സ് ഗ്രീന്‍ ഒന്നാം സ്ഥാനവും, ഡോര്‍ചസ്റ്റര്‍ വേ രണ്ടാം സ്ഥാനവും യഥാക്രമം നേടി.

സി കെ സി പ്രസിഡന്റ് ശ്രീ ജോര്‍ജ്കൂട്ടി വടക്കേകുറ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി കെ സി സെക്രട്ടറി ഷിന്‍സണ്‍ മാത്യൂ സ്വാഗതവും, സി കെ സി വൈസ് പ്രസിഡന്റ് ജോമോന്‍ വല്ലൂര്‍ നന്ദിയും അറിയിച്ചു.

ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ബിസിഎംസിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 12 ശനിയാഴ്ച രാവിലെ പത്തു മണിക്ക് സോളിഹള്ളിലുള്ള സെന്റ് മേരീസ് ഹോബ്‌സ്‌മോട്ട് ചര്‍ച്ച് ഹാളില്‍ ആരംഭിക്കുന്നു. നമുക്കൊന്നിക്കാം എന്ന മുദ്രാവാക്യവുമായി ഒരൊറ്റ കുടുംബമായിത്തന്നെ മുന്നോട്ടു പോകുന്ന ഈ കമ്യൂണിറ്റിയിലെ കലാകാരന്‍മാരും കലാകാരികളും പ്രായഭേദമെന്യേ അവതരിപ്പിക്കുന്ന വിവിധ പരിപാടികള്‍ മധുരിതമാക്കാനുള്ള കഠിനാധ്വാനത്തിലാണ് പ്രസിഡന്റ് അഭിലാഷ് ജോസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി.

നൃത്തവിസ്മയങ്ങള്‍ക്ക് എന്നും പേരുകേട്ട ബിസിഎംസി ആസ്വാദ്യകരമായ രീതിയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനു പുറമേ രുചികരമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പരിപാടികള്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം

St Mary’s Hobs Moat, 30 Hob’s Meadow, Solihull B92 8PN.

ലണ്ടന്‍ എയര്‍ ആംബുലന്‍സിന് സ്വന്തം ബര്‍ത്ത്‌ഡേ വാലറ്റും പോക്കറ്റ് മണിയും സംഭാവന ചെയ്ത മലയാളി ബാലന് സര്‍വീസിന്റെ ആദരം. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി മുജീബുറഹ്മാന്‍- യാസ്മിന്‍ ദമ്പതികളുടെ എട്ടു വയസുകാരനായ മകന്‍ മുഹമ്മദ് മുസ്തഫയെയാണ് ലണ്ടന്‍ എയര്‍ ആംബുലന്‍സ് സര്‍വീസ് ആദരിച്ചത്. ഇതിനായി മുസ്തഫയെയും സഹോദരന്‍മാരെയും തങ്ങളുടെ ഹെലിപാഡിലേക്ക് വിളിച്ചു വരുത്തുകയും എയര്‍ ആംബുലന്‍സും സൗകര്യങ്ങളും പരിചയപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ സര്‍വീസിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലും ഫെയിസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

പോസ്റ്റുകളില്‍ മുസ്തഫയക്ക് വലിയ അഭിനന്ദന പ്രവാഹമാണ്. തനിക്ക് മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിനാലാണ് എയര്‍ ആംബുലന്‍സ് ഫണ്ടിലേക്ക് കൈവശമുണ്ടായിരുന്ന പണം നല്‍കിയതെന്നും മുസ്തഫ പറഞ്ഞതായി ലണ്ടന്‍ എയര്‍ ആംബുലന്‍സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. മുസ്തഫ കാട്ടിയ കരുണയില്‍ നന്ദിയുണ്ടെന്നും സര്‍വീസ് വ്യക്തമാക്കുന്നു.

https://www.facebook.com/272789145530/posts/10161412855105531/

പ്രായമായവര്‍ക്ക് ടെക്‌നോളജിയോട് കാര്യമായ പ്രതിപത്തിയില്ലാത്തത് പരഹിരക്കാന്‍ പുതിയ പദ്ധതി വരുന്നു. ടെക്‌നോളജിയില്‍ പ്രാവീണ്യമുള്ള പെന്‍ഷനര്‍മാര്‍ മറ്റുള്ളവര്‍ക്ക് അത് പഠിപ്പിച്ചു നല്‍കുന്ന സില്‍വര്‍ സര്‍ഫര്‍ സംവിധാനത്തിനാണ് തുടക്കമാകുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെടുന്ന സില്‍വര്‍ സര്‍ഫര്‍മാര്‍ക്ക് ലാപ്‌ടോപ്പുകളും സ്മാര്‍ട്ട് സെന്‍ട്രല്‍ ഹീറ്റിംഗും മറ്റ് ഗാഡ്ജറ്റുകളും നല്‍കും. ഇവയുടെ ഉപയോഗം പ്രായമായ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയാണ് സില്‍വര്‍ സര്‍ഫര്‍മാരുടെ ദൗത്യം. പെന്‍ഷനര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താനും ഇന്റര്‍നെറ്റില്‍ ജിപി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും വീട്ടുപകരണങ്ങള്‍ ദൂരെയിരുന്ന് നിയന്ത്രിക്കാനുമുള്ള പരിശീലനവും ഇതിലൂടെ നല്‍കും.

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ കള്‍ച്ചറിന്റെ ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടില്‍ നിന്ന് 400,000 പൗണ്ട് ചെലവഴിച്ച് ഇതിന്റെ പൈലറ്റ് സ്‌കീം എസെക്‌സില്‍ ആരംഭിച്ചിട്ടുണ്ട്. പ്രായമായവരും ഭിന്നശേഷിയുള്ളവരുമാണ് ഡിജിറ്റല്‍ സ്‌കില്ലുകള്‍ ആര്‍ജ്ജിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുന്ന വിഭാഗങ്ങളെന്ന് ഗവേഷണത്തില്‍ വ്യക്തമായിരുന്നു. ഇന്റര്‍നെറ്റ് ഏറ്റവും കുറച്ച് ഉപയോഗിക്കുന്നതും ഈ വിഭാഗം തന്നെയാണ്. പദ്ധതിക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന ഫണ്ടില്‍ ഒരു വിഹിതം ബുദ്ധിമാന്ദ്യമുള്ളവരുടെ ശരീരഭാരവും അവരുടെ വ്യായാമവും നിരീക്ഷിക്കുന്നതിനായി തയ്യാറാക്കുന്ന ആപ്പിന്റെ വികസനത്തിനായി വിനിയോഗിക്കും. എല്ലാ പ്രായത്തിലുമുള്ളവരുടെ ഡിജിറ്റല്‍ സ്‌കില്‍ വികസിപ്പിക്കുകയും അതിലൂടെ ആധുനിക സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ എല്ലാവരിലും എത്തിക്കുകയുമാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യമെന്ന് ഡിജിറ്റല്‍ മിനിസ്റ്റര്‍ മാര്‍ഗോറ്റ് ജെയിംസ് പറഞ്ഞു.

ഡിജിറ്റല്‍ കാലത്ത് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ അനിവാര്യമാണെന്ന് സിറ്റിസണ്‍സ് ഓണ്‍ലൈനിലെ ജോണ്‍ ഫിഷര്‍ പറയുന്നു. ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് ആരോഗ്യകരമായും സജീവമായും ജീവിക്കാന്‍ മൊബൈല്‍ ആപ്പ് സഹായിക്കുമെന്ന് ഡൗണ്‍സ് സിന്‍ഡ്രോം ആക്ടീവിലെ അലക്‌സ് റൗളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ചൈനയ്ക്ക് സഹായമായി യുകെ കോടികള്‍ നല്‍കുന്നതിനെതിരെ ജനരോഷം. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം വലിയ ബഹിരാകാശ ഗവേഷണ പദ്ധതികള്‍ നടത്തുകയാണെന്നും ബ്രിട്ടന്‍ ആ രാജ്യത്തിന് സഹായധനം ഇനി നല്‍കേണ്ടതില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. ചന്ദ്രന്റെ ഇരുണ്ട വശത്ത് ചൈന പര്യവേഷണ പേടകം ഇറക്കിയെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് യുകെയില്‍ ഈ അഭിപ്രായം ഉയരുന്നത്. 49.3 മില്യന്‍ പൗണ്ടാണ് 2017ല്‍ ഫോറിന്‍ എയിഡ് ഫണ്ട് ഇനത്തില്‍ ചൈനയ്ക്ക് അനുവദിച്ചത്. അതേസമയം ബഹിരാകാശ ഗവേഷണത്തിനായി കോടിക്കണക്കിന് പൗണ്ടിന് തുല്യമായ തുകയാണ് ചൈന വകയിരുത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ചാന്ദ്ര പര്യവേഷണത്തില്‍ വിപ്ലവം കുറിച്ചു കൊണ്ട് ചന്ദ്രന്റെ ഇരുണ്ട വശത്ത് ചൈന പേടകം ഇറക്കിയത്.

ചാങ് ഇ 4 എന്ന പേരില്‍ അറിയപ്പെടുന്ന പര്യവേഷണ വാഹനം ചന്ദ്രന്റെ മറുവശത്ത് മനുഷ്യന്‍ ഇറക്കുന്ന ആദ്യ ദൗത്യമാണ്. ഇതുവരെ ചൈനയുടെ ബഹിരാകാശ ഗവേഷണ മേഖല പാശ്ചാത്യ നാടുകളേക്കാള്‍ ഏറെ പിന്നിലായിരുന്നു എന്നാണ് നാന്‍ജിംഗ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഹൂ സിയുന്‍ പറഞ്ഞത്. ചാന്ദ്ര ദൗത്യത്തോടെ മുന്‍നിരയിലേക്ക് ചൈന കുതിച്ചെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍ശക്തിയാകാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ ദൗത്യത്തെ വിലയിരുത്തുന്നത്. 2022ല്‍ ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതി ചൈന നേരത്തെ പുറത്തു വിട്ടിരുന്നു. പ്രതി വര്‍ഷം 3.9 മില്യന്‍ പൗണ്ട് ചെലവു വരുന്ന പദ്ധതിയാണ് ഇത്.

ലോകത്തില്‍ ആദ്യമായി ബഹിരാകാശ പ്രതിരോധ സേനയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന് കഴിഞ്ഞ വര്‍ഷം അമേരിക്ക പ്രഖ്യാപിച്ചതിനു ശേഷമാണ് ചൈനയുടെ ഉദ്യമങ്ങള്‍ക്ക് വേഗം വെച്ചത്. ചൈനയുടെ ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള വാര്‍ത്തക്കു പിന്നാലെ എല്‍ബിസി അവതാരകന്‍ ആന്‍ഡ്രൂ പിയേഴ്‌സ് ആണ് ചൈനയ്ക്ക് ബ്രിട്ടന്‍ സഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. ട്വിറ്ററില്‍ ഈ ആവശ്യത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.

ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ ബ്രിട്ടന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഫ്രാന്‍സിന്റെ പിന്തുണ. ഫ്രാന്‍സ് തീരത്തു നിന്ന് ചാനല്‍ കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളെ തടയാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ പരസ്പര സഹകരണവും നോര്‍ത്തേണ്‍ തീരപ്രദേശത്ത് നിരീക്ഷണവും സുരക്ഷയും ശക്തമാക്കാനാണ് തീരുമാനം. ഈ പദ്ധതി അനധികൃതമായുള്ള ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന് അന്ത്യം കുറിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്‌റ്റോഫ് കാസ്റ്റനര്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ അപകടകാരികളെന്നും നിയമ ലംഘകരെന്നുമാണ് കാസ്റ്റനര്‍ വിശേഷിപ്പിച്ചത്. പുതിയ അഭയാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന മനുഷ്യക്കടത്തുകാരെ നിയന്ത്രിക്കുക എന്നത് ഫ്രാന്‍സിന്റെയും യുകെയുടെയും താല്‍പര്യങ്ങളില്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ 71 ശ്രമങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഫ്രാന്‍സ് അറിയിക്കുന്നത്. 2017ല്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 12 എണ്ണം കൂടുതലാണ് ഇത്. 2018 നവംബറിലും ഡിസംബറിലുമായാണ് 57 ശ്രമങ്ങളും ഉണ്ടായതെന്നത് ഞെട്ടിക്കുന്നതാണ്. ചാനല്‍ കടക്കാന്‍ ശ്രമിച്ച 504 അഭയാര്‍ത്ഥികളില്‍ 276 പേര്‍ ബ്രിട്ടനില്‍ എത്തി. 228 പേരെ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടി. യൂറോടണലിലും ഫെറി പോര്‍ട്ടുകളിലും സുരക്ഷ ശക്തമാക്കിയതോടെയാണ് ചാനലിലൂടെ ബോട്ടുകളില്‍ അഭയാര്‍ത്ഥികള്‍ എത്താന്‍ തുടങ്ങിയതെന്നാണ് വിലയിരുത്തല്‍. അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് ചാനലില്‍ റോയല്‍ നേവിയുടെ കപ്പല്‍ വിന്യസിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സ് പുതിയ തീരുമാനവുമായി രംഗത്തെത്തിയത്.

അഭയാര്‍ത്ഥി പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് കാസ്റ്റനറും ഹോം സെക്രട്ടറി സാജിദ് ജാവീദും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനായി സാമ്പത്തികവും സാങ്കേതികവുമായ സഹായം തുടരാമെന്ന് യുകെ ഫ്രാന്‍സിന് ഉറപ്പു നല്‍കി. ഡ്രോണുകളും റഡാറുകളും വീഡിയോ സര്‍വെയിലന്‍സുമാണ് ഏര്‍പ്പെടുത്തുക. അനധികൃത കുടിയേറ്റം തടയുന്നതിനായുള്ള ഇരു രാജ്യങ്ങളുടെയും സഹകരണം ബ്രെക്‌സിറ്റിനും മാറ്റാന്‍ കഴിയില്ലെന്ന് കാസ്റ്റനര്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved