UK

ബ്രെക്സിറ്റ് കരട് കരാറിനായി പ്രധാനമന്ത്രി തെരെസ മെയ് ബ്രിട്ടിഷ് മന്ത്രിസഭയുമായി നടത്തിയ ചര്‍ച്ചകള്‍ വിജയിച്ചു. കരാറിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ പാര്‍ലമെന്റില്‍ കരാര്‍ പാസാക്കുക ഇനി എളുപ്പമാകും. രണ്ടുവര്‍ഷം മുന്‍പ് യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്ത് പോവുക എന്ന തെരേസ മെയുടെ നീക്കങ്ങളോട് മന്ത്രിസഭാംഗങ്ങള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു.

എന്നാല്‍ ചര്‍ച്ചകള്‍ വി‍ജയം കണ്ടതോടെ യൂറോപ്പിനോടുള്ള ബ്രിട്ടന്റെ വിട പറച്ചില്‍ സാധ്യമായേക്കുമെന്നാണ് വിലയിരുത്തല്‍. മെയുടെ തീരുമാനത്തിനോടു വിയോജിപ്പുമായി പ്രതിഷേധവും ഉയര്‍ന്നു. 2019 മാര്‍ച്ച് 29–ാം തിയതിയാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനോട് വിടപറയാന്‍ ഒരുങ്ങുന്നത്

 

സുധാകരന്‍ പാലാ

വെസ്റ്റേണ്‍സൂപ്പര്‍മെയര്‍: സനാധന ധര്‍മ്മം പുതിയ തലമുറയ്‌ക്കൊപ്പം പഴയ തലമുറയ്ക്കും പകര്‍ന്നുനല്‍കുന്നതിനായി രൂപികൃതമായ സംഗീതികയുടെ മൂന്നാമത് വാര്‍ഷികം നവംബര്‍ 17 ശനിയാഴ്ച്ച യു.കെയിലെ സൗന്ദര്യ സങ്കല്പ്പ ഭൂമിയായ തീര്‍ത്ഥാടന വിനോദസഞ്ചാര കേന്ദ്രമായി വെസ്റ്റേണ്‍സൂപ്പര്‍മെയര്‍ നടക്കും.

വൈകീട്ട് 4 മുതല്‍ രാത്രി 9മണി വരെ സ്വാമി അയ്യപ്പന്‍ ആരാധനയും ഭജനയും നടക്കും. ഗാനഗന്ധര്‍വ്വന്‍ ഡോ. കെ.ജെ യേശുദാസിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി രാജഗോപാല്‍ കോങ്ങാട് ഭജനയ്ക്ക് നേതൃത്വം നല്‍കുകയും സംഗീതികയുടെ മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. സംഗീതിക പ്രസിഡന്റ് ജെതീഷ് പണിക്കര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കും. കോര്‍ഡിനേറ്റര്‍ വി.എസ് സുധാകരന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. മണ്ഡല ഭജന കാര്യങ്ങള്‍ കോര്‍ഡിനേറ്റര്‍മാരായ അഖിലേഷ് മാധവന്‍, സോമരാജന്‍ നായര്‍ എന്നിവര്‍ വിശദീകരിക്കും. രാത്രി 9ന് പമ്പാസദ്യയെ ഓര്‍മ്മപ്പെടുത്തുന്ന മണ്ഡല സദ്യയോടെ പരിപാടിക്ക് തിരശീല വീഴും.

ടോം ജോസ് തടിയംപാട്

ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജെസ്സി മോനിസിന്റെ ജീവിതം തകിടം മറിഞ്ഞത് ഒരു നിമിഷം കൊണ്ടായിരുന്നു. ഭര്‍ത്താവുമൊത്ത് ബോംബയില്‍ ഹോളിഡേയ്ക്ക് പോയതായിരുന്നു. ഈ മാസം 16-ാം തിയതി ലിവര്‍പൂളില്‍ തിരിച്ചുവന്നു ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. പെട്ടെന്ന് തലകറങ്ങി ബോധംകെട്ടു വീണ മോനിസിനെ ബോംബയിലെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ തലയിലെ ഞരമ്പ് പൊട്ടി രക്തസ്രാവം സംഭവിച്ചു എന്നു മനസിലായി. കൈയിലുണ്ടായിരുന്ന സമ്പാദ്യങ്ങള്‍ എല്ലാം ചികിത്സയ്ക്ക് ചെലവായി. കടം വാങ്ങിക്കാവുന്നിടത്ത് നിന്നെല്ലാം വാങ്ങി ചികിത്സ തുടര്‍ന്നു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാന്‍ ഇനി ഒരു പൈസപോലും കൈയിലില്ല. ബോധം നഷ്ട്ടപ്പെട്ടു പോയ മോനിസിനെ യു.കെയില്‍ കൊണ്ടുവന്നു ചികിത്സിക്കണമെങ്കില്‍ എയര്‍ ആംബുലന്‍സ് വേണം അതിനു വലിയ തുക ചിലവാകും എന്നതുകൊണ്ട് അതിനു കഴിയില്ല.

ജെസ്സിയുടെ ആഗ്രഹം മോനിസിന്റെ രോഗം കുറച്ചു ഭേദമായി യു.കെയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ഇവിടെ ചികിത്സ സൗജന്യമായതുകൊണ്ട് എങ്ങനെയും രക്ഷപ്പെടുത്താമെന്നാണ്. പക്ഷെ അതിനു ബോംബയില്‍ ചികിത്സിച്ചു ബോധം വീണ്ടെടുത്ത് വിമാനത്തില്‍ കയറി വരുവാനുള്ള ആരോഗൃം വീണ്ടെടുക്കണം. അതിനു കുറെ പണം വേണ്ടിവരും അതിനു നിങ്ങളുടെ സഹായം വേണം. ആദ്യത്തെ രണ്ടു ദിവസം കൊണ്ട് തലയുടെ ഓപ്പറേഷനും വെന്റിലേറ്റര്‍ ചികിത്സക്കുമായി എട്ടുലക്ഷം രൂപ ചിലവായി ഇപ്പോള്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി രോഗം ഭേദമായി വരുന്നു. മോനിസ് ജെസ്സി ദമ്പതികള്‍ക്ക് രണ്ടു കുട്ടികളാണ് അവര്‍ പഠിച്ചുകൊണ്ടിരിക്കുന്നു. മോനിസ് വളരെ ചെറിയ ജോലികളാണ് ചെയ്തിരുന്നത് ജെസ്സിയുടെ ജോലിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ചിരുന്നത്.

മോനിസിനെ ശുശ്രുഷിക്കാന്‍ ജെസ്സി നില്‍ക്കുന്നതുകൊണ്ട് ഇപ്പോള്‍ ജോലിക്കും പോകാന്‍ കഴിയുന്നില്ല അതുകൊണ്ടാണ് ജെസ്സി സഹായത്തിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമിപിപ്പിച്ചത് നിങ്ങള്‍ ദയവായി കൈവിടരുത് നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നല്‍കുക.

ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴിയോ, ഫേസ്ബുക്ക് വഴിയോ, വാട്ട്‌സാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

‘ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു”

ഇടുക്കി ചാരിറ്റി വേണ്ടി
സാബു ഫിലിപ്പ്: 07708181997
ടോം ജോസ് തടിയംപാട്: 07859060320
സജി തോമസ്: 07803276626..

ജെഗി ജോസഫ്

നന്മയുടെ തിളക്കമുള്ള ഒത്തുകൂടലിനുള്ള മുന്നൊരുക്കത്തിലാണ് ബ്രിസ്‌ക. ഡിസംബര്‍ ഒന്നിന് സംഘടിപ്പിക്കുന്ന വിന്റര്‍ ഗാതറിങിന് ഇക്കുറി അങ്ങിനെയൊരു മേന്മ കൂടി എടുത്ത് പറയാനുണ്ട്. മലയാളികളിലേക്ക് സഹായ ഹസ്തം നീട്ടുകയാണ് ബ്രിസ്‌ക. ബ്രിട്ടനില്‍ താമസിച്ച് ജോലി ചെയ്യുന്ന മലയാളി സമൂഹം മലയാളികളോട് കാണിക്കുന്ന അകമഴിഞ്ഞ സ്നേഹം നമ്മള്‍ ഓരോ നിമിഷവും തിരിച്ചറിയുന്നതാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ പ്രളയജലം കേരളത്തെ ദുരിതത്തില്‍ മുക്കിയപ്പോള്‍ ഒത്തുചേര്‍ന്ന മലയാളികളുടെ കൂട്ടത്തില്‍ ബ്രിട്ടനിലെ മലയാളി സമൂഹം നല്‍കിയ സംഭാവനയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചവരാണ് ബ്രിസ്‌ക അംഗങ്ങള്‍.

കേരളത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന സഹായങ്ങളില്‍ ചെറിയ ഒരളവ് മാത്രമാണ് ബ്രിസ്‌ക ഇതുവരെ നല്‍കിയതെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് കൂടുതല്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന ചിന്തയുടെ ഭാഗമായാണ് ബ്രിസ്‌ക വിന്റര്‍ ഗാതറിംഗിനൊപ്പം ചാരിറ്റി ഈവനിംഗ് കൂടി ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്. സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളില്‍ ഡിസംബര്‍ 1 വൈകുന്നേരം അഞ്ച് മുതല്‍ എട്ട് വരെ നടക്കുന്ന സായാഹ്ന ഒത്തുചേരലില്‍ എല്ലാ ബ്രിസ്‌ക അംഗങ്ങളും പങ്കുചേര്‍ന്ന് പരിപാടി വന്‍വിജയമാക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. മലയാളികളുടെ വേദന ഉള്‍ക്കൊണ്ട് ഓണഘോഷങ്ങള്‍ ബ്രിസ്‌ക ഉപേക്ഷിച്ചു. ആഘോഷങ്ങള്‍ ചുരുക്കി ഒത്തുചേര്‍ന്ന് നടത്തിയ ധനസമാഹരത്തിലൂടെ തീര്‍ത്തും അപ്രതീക്ഷിതമായ ഒരു തുക തന്നെ കേരളത്തിനായി കൈമാറാന്‍ ബ്രിസ്‌കയ്ക്ക് കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് ഓരോ അംഗങ്ങളും.

മലയാളികള്‍ക്ക് തീരാ നഷ്ടമായി കടന്നുപോയ ബാലഭാസ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാകും വേദിയില്‍ പരിപാടികള്‍ ആരംഭിക്കുക. മിസ് ഇംഗ്ലണ്ടിന്റെ നേതൃത്വത്തിലുള്ള ബോളിവുഡ് ഡാന്‍സ് ടീമിന്റെ പ്രകടനം, വിവിധ നൃത്ത ഗാന പരിപാടികള്‍ എന്നിവയും ചടങ്ങിന് മികവേകും. ഓണാഘോഷ വേദിയില്‍ നല്‍കാനിരുന്ന വിവിധ പരിപാടികളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിന്റര്‍ ഗാതറിങ് & ചാരിറ്റി ഈവനിംഗില്‍ നല്‍കും. ബ്രിസ്‌കയുടെ നേതൃത്വം വഹിക്കുന്ന കമ്മിറ്റിയുടെ കാലാവധി ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണ് ഈ മുഹൂര്‍ത്തം ഒരുങ്ങുന്നത്. ജിസിഎസ്ഇ വിജയികളെയും ചടങ്ങില്‍ അനുമോദിക്കും.

സൗത്ത് മീഡ് കമ്യൂണിറ്റി ഹാളില്‍ രണ്ടു മണി മുതല്‍ നാലു മണിവരെ ബ്രിസ്‌കയുടെ ജനറല്‍ ബോഡി നടക്കും. ഇതിന് ശേഷമാണ് വിന്റര്‍ ഗാതറിങ് & ചാരിറ്റി ഈവനിംഗ് ആരംഭിക്കുക. ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക പ്രസിഡണ്ട് മാനുവല്‍ മാത്യുവും സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയും അറിയിക്കുന്നു.

ലെസ്റ്റര്‍: ജീവനക്കാരി ഉള്‍പ്പെടെ 5 പേരുടെ മരണത്തിനിടയാക്കിയ ലെസ്റ്റര്‍ സ്ഥാപനത്തിലെ തീപിടുത്തം ഉടമയുടെ സൃഷ്ടിയെന്ന് റിപ്പോര്‍ട്ട്. കോടതിയില്‍ കേസിന്റെ വാദത്തിനിടയിലാണ് ഉടമയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആരം കുര്‍ദ്, ആര്‍ക്കാന്‍ അലി, ഹവാക്കര്‍ ഹസന്‍ എന്നിവരാണ് കഴിഞ്ഞ ഫെബ്രുവരി 25നുണ്ടായ തീപിടുത്തത്തിന് കാരണമെന്നാണ് കോടതിയില്‍ വാദമുയര്‍ന്നിരിക്കുന്നത്. ഏറെ നാള്‍ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമായിരുന്നു മൂവരും ചേര്‍ന്ന് സ്ഥാപനത്തിന് തീകൊടുക്കാന്‍ പദ്ധതിയിട്ടത്. സ്ഥാപനത്തില്‍ പെട്രോള്‍ ശേഖരിച്ചുവെച്ചിരുന്നതായും കോടതിയില്‍ വാദമുയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആര്‍ക്കാന്‍ അലി, ഹവാക്കര്‍ ഹസന്‍ എന്നിവരോടപ്പം ചേര്‍ന്ന് ആരം കുര്‍ദ് സ്വന്തം സ്ഥാപനം തീയിടാന്‍ തീരുമാനിക്കുന്നത്. വന്‍ തുകയ്ക്ക് സ്ഥാപനം ഇന്‍ഷൂറന്‍സ് ചെയ്തതിന് ശേഷമായിരുന്നു തീയിടാന്‍ പദ്ധതിയൊരുക്കിയത്. ഏതാണ്ട് 300,000 പൗണ്ട് അപകടത്തില്‍ കട നശിച്ചാല്‍ ഇയാള്‍ക്ക് ലഭിക്കും. ഇത് സ്വന്തമാക്കുന്നതിന് സ്വഭാവിക അപകടമെന്ന രീതിയില്‍ കട കത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി സ്ഥാപനത്തിനുള്ളില്‍ പെട്രോള്‍ ശേഖരിച്ചു വെക്കുകയും ചെയ്തു. ജീവനക്കാരിയും സ്ഥാപനത്തിന് മുകളില്‍ താമസിക്കുന്ന കുടുംബവും തീപിടുത്തത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു.

സ്ഥാപനത്തിന് മുകളില്‍ താമസിച്ചിരുന്ന നേരി രഘുബീര്‍(46), മകന്‍ ഷെയിന്‍(18), ഷീന്‍(17), ഷെയിനിന്റെ കാമുകിയായ ലേയ് റീക്ക്(18) എന്നിവരാണ് കൊല്ലപ്പെട്ടത്. സാധാരണ തീപിടത്തത്തില്‍ നിന്നും വ്യത്യസ്തമായി ബില്‍ഡിംഗ് മുഴുവനും കത്തിയമര്‍ന്നതിന് പിന്നില്‍ അട്ടിമറി ശ്രമമാണോയെന്ന് തുടക്കം മുതല്‍ പോലീസിന് സംശയമുണ്ടായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രതികള്‍ക്കെതിരെ കൊലപാതകം, നരഹത്യ, വ്യാജരേഖകള്‍ ചമച്ച് പണം തട്ടാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. കേസില്‍ വാദം കേള്‍ക്കുന്നത് തുടരുകയാണ്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണെന്നും തീപിടുത്തം സ്വഭാവികമായ അപകടമാണെന്നുമാണ് പ്രതികളുടെ വാദം.

കൂടുതൽ വൈൻ നൽകാൻ വിസ്സമതിച്ച എയർ ഇന്ത്യ ജീവനക്കാരുടെ മുഖത്ത് തുപ്പിയും അസഭ്യം പറഞ്ഞും ഐറിഷ് യുവതി. മദ്യലഹരിയിൽ ജീവനക്കാരെ ചീത്ത വിളിക്കുന്ന യുവതിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. മദ്യലഹരിയിലായിരുന്ന യുവതി കൂടുതൽ വൈൻ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാർ വിസ്സമതിച്ചു. ഇതോടെ പ്രകോപിതയായ യുവതി ജീവനക്കാർക്ക് നേരെ തിരിഞ്ഞു.

അന്താരാഷ്ട്ര അഭിഭാഷകയാണ് താനെന്ന് യുവതി ഇടക്കിടെ ആവർത്തിക്കുന്നുണ്ട്. ‘ബിസിനസ് ക്ലാസ് യാത്രക്കാരെ നിങ്ങളിങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്? ഞാൻ എല്ലാ മനുഷ്യർക്കും വേണ്ടി ജോലി ചെയ്യുന്നയാളാണ്. രോഹിങ്ക്യകൾക്കും ഏഷ്യയിലെ മനുഷ്യർക്കും എല്ലാം വേണ്ടി ജോലി ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനൽ അഭിഭാഷകയാണ് ഞാൻ.’ അസഭ്യം ചേർത്ത് യുവതി പറയുന്നു.

ഞാൻ എയർ ഇന്ത്യയെ ബഹിഷ്കരിക്കാൻ പറഞ്ഞാൽ എല്ലാം കഴിഞ്ഞെന്നും യുവതി ഭീഷണി മുഴക്കി. യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തു.

 

ലണ്ടനില്‍ ഗര്‍ഭിണിയായ യുവതിയെ അമ്പെയ്ത് കൊലപ്പെടുത്തി. എട്ടു മാസം ഗര്‍ഭിണിയായ സന മുഹമ്മദ്‌ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ആദ്യഭര്‍ത്താവ് രാമനോട്ജെ ഉന്മതല്ലേഗാടൂവിനെ കൊലപാതക കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഏഴു മുപ്പതിന് ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ വീടിന്‍റെ അടുക്കളയില്‍ കുട്ടികള്‍ക്കുള്ള ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കെയാണ് സന മുഹമ്മദ്‌ എന്ന മുപ്പത്തിയഞ്ചുകാരി ദാരുണമായി കൊല്ലപ്പെട്ടത്. അഞ്ച് കുട്ടികളുടെ മാതാവായ ഇവര്‍ കുട്ടികളുടെ മുന്‍പില്‍ വച്ചാണ് ആദ്യഭര്‍ത്താവ് എയ്ത അമ്പു തറച്ച് മരണത്തിനു കീഴടങ്ങിയത്.

സനയുടെ രണ്ടാം ഭര്‍ത്താവ് ഇംതിയാസ് മുഹമ്മദ്‌ ആണ് ഇവരുടെ ഗാര്‍ഡന്‍ ഷെഡില്‍ സനയുടെ ആദ്യഭര്‍ത്താവ് ഒളിഞ്ഞിരിക്കുന്നത് ആദ്യം കണ്ടത്. ഒരു ടിവി ബോക്സ് ഷെഡില്‍ കൊണ്ട് പോയി വയ്ക്കാന്‍ ചെന്ന മുഹമ്മദ്‌ ഇവിടെ സനയുടെ ആദ്യഭര്‍ത്താവ് ആയുധവുമായി നില്‍ക്കുന്നത് കണ്ട് സനയോട് ഓടി രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു കൊണ്ട് തിരിഞ്ഞോടുകയായിരുന്നു. എന്നാല്‍ സനയ്ക്ക് രക്ഷപ്പെടാന്‍ കഴിയും മുന്‍പ് അടുക്കളയിലേക്ക് ഓടിയെത്തിയ അക്രമി സനയെ അമ്പെയ്തു കൊലപ്പെടുത്തുകയായിരുന്നു.

വയറിന് മുകള്‍ഭാഗത്തായി അമ്പു തറച്ച സനയെ സ്ഥലത്ത് എത്തിയ പാരാമെഡിക്സ്‌ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടിയെ ഉടന്‍ തന്നെ അടിയന്തിര സിസേറിയന്‍ നടത്തി പുറത്തെടുത്തു. ഇബ്രാഹിം എന്ന് ബന്ധുക്കള്‍ നാമകരണം ചെയ്ത കുഞ്ഞിന് അപകടമില്ലയെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

മിഡില്‍സ് ബറോ: യുകെയില്‍ മലയാളികളായ ഡോക്ടര്‍ ദമ്പതിമാരെ വഞ്ചിച്ച് വന്‍ തുക കൈക്കലാക്കിയ ശേഷം തിരികെ നല്‍കാതെ കബളിപ്പിച്ച കേസില്‍ മറ്റൊരു മലയാളിയ്ക്ക് ജയില്‍ ശിക്ഷ. മിഡില്‍സ് ബറോയില്‍ താമസിക്കുന്ന നൈനാന്‍ മാത്യു വര്‍ഗീസിനെയാണ് കോടതി മൂന്നു വര്‍ഷവും നാല് മാസവും ജയില്‍ ശിക്ഷ അനുഭവിക്കുവാന്‍ വിധിച്ചത്.

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്‍റെ യുകെയിലെ ശാഖയായ ഡാര്‍ലിംഗ്ടന്‍ ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ചെന്ന ഡോക്ടര്‍ ദമ്പതികളാണ് നൈനാന്‍ മാത്യുവിന്‍റെ വഞ്ചനയ്ക്ക് ഇരയായത്. ഈ ധ്യാനകേന്ദ്രത്തില്‍ ഗാന ശുശ്രൂഷയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്‍കിയിരുന്ന നൈനാന്‍ മാത്യു ഇവരുമായി പരിചയപ്പെട്ട് ഇവരുടെ വിശ്വാസം ആര്‍ജ്ജിച്ചെടുത്ത ശേഷം ആയിരുന്നു ഇവരെ കബളിപ്പിച്ചത്. ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കുന്ന വ്യക്തി എന്ന നിലയില്‍ ഇയാള്‍ക്ക് ഇവരുടെ വിശ്വാസം പിടിച്ച് പറ്റുക വളരെ എളുപ്പമായിരുന്നു.

പരാതിക്കാരുടെ ഭവനത്തിലെ നിത്യ സന്ദര്‍ശകനായി മാറിയ ഇയാള്‍ ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നതിനായി ഇവരെ പ്രേരിപ്പിക്കുകയായിരുന്നു. ഇതിനായി ഇയാളുടെ പരിചയക്കാരനായ മറ്റൊരാളുടെ പ്രോപ്പര്‍ട്ടി കാണിക്കുകയും ഇത് ലാഭകരമായി വാങ്ങി നല്‍കാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു. വിശ്വാസം കൈവരിക്കാനായി ഒരു ന്യൂസ് ഏജന്‍സിയുടെ ഷെയര്‍ ഹോള്‍ഡര്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യം ഒരു തുക കൈപ്പറ്റുകയും ഇതിന്‍റെ ലാഭവിഹിതമായി നാലായിരം പൗണ്ട് തിരികെ നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് ഒരു പ്രോപ്പര്‍ട്ടി ചെറിയ വിലയ്ക്ക് ലഭ്യമാണെന്നും ഇത് വാങ്ങിയാല്‍ വന്‍തുക ലാഭം കിട്ടുമെന്നും വിശ്വസിപ്പിച്ച് ഇയാള്‍ പരാതിക്കാരുടെ കയ്യില്‍ നിന്നും എഴുപതിനായിരം പൗണ്ട് ഇയാള്‍ കൈപ്പറ്റിയത്. ഇയാളെ വിശ്വസിച്ച പരാതിക്കാര്‍ തങ്ങളുടെ മുഴുവന്‍ ജീവിതസമ്പാദ്യവും ലോണ്‍ എടുത്ത തുകകളും ഒക്കെ ചേര്‍ത്താണ്  ഇത്രയും തുക ഇയാള്‍ക്ക് നല്‍കാനായി കണ്ടെത്തിയത്. എന്നാല്‍ പണം കിട്ടി കഴിഞ്ഞപ്പോള്‍ ഇയാള്‍ സ്വഭാവം മാറ്റുകയായിരുന്നു.

പണം ലഭിക്കുന്നത് വരെ ഇവരുടെ കുടുംബത്തില്‍ അടിക്കടി സന്ദര്‍ശനം നടത്തി വന്നിരുന്ന നൈനാന്‍ മാത്യു പിന്നീട് ഇവര്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാത്ത അവസ്ഥയായി. എന്നാല്‍ തുടര്‍ന്നും ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയുടെ മുന്‍പന്തിയില്‍ നിന്നിരുന്ന ഇയാളെ പരാതിക്കാര്‍ അവിടെ പോയി കണ്ട് പണം തിരികെ ചോദിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്നു. അതേ സമയം തന്നെ ഇവരില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ച് ഇയാള്‍ ഇവര്‍ക്ക് നല്‍കാമെന്ന് പറഞ്ഞിരുന്ന പ്രോപ്പര്‍ട്ടിയില്‍ സ്വന്തം പേരില്‍ ബിസിനസ് ആരംഭിച്ച് കഴിഞ്ഞിരുന്നു.

ഇക്കാര്യം മനസ്സിലാക്കിയതോടെ തങ്ങള്‍ കബളിപ്പിക്കപ്പെട്ടു എന്നു പരാതിക്കാര്‍ക്ക് മനസ്സിലാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വീകരിച്ച നിയമ നടപടികള്‍ ഫലം കാണുകയായിരുന്നു. കേസ് രേഖകള്‍ പരിശോധിച്ച കോടതിക്ക് നൈനാന്‍ മാത്യു പരാതിക്കാര്‍ക്ക് ഇത്രയും തുക നല്‍കാനുണ്ടെന്നു ബോധ്യപ്പെടുകയും അത് നല്‍കണമെന്ന് വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോടതി നൈനാൻ മാത്യുവിന്റെ വസ്തുവകകൾ  പിടിച്ചെടുക്കുകയും  പാപ്പരാക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ പരാതിക്കാര്‍ക്ക് വേണ്ടി ബൈജു വര്‍ക്കി തിട്ടാല, ആന്‍ഡ്രൂ പൈക്ക് എന്നിവര്‍ കോടതിയില്‍ ഹാജരായി. മിഡില്‍സ് ബറോ കോടതിയില്‍ ആയിരുന്നു നിയമനടപടികള്‍ നടന്നത്.

തുടര്‍ന്നും ക്രിമിനല്‍ കേസുമായി മുന്‍പോട്ടു പോയ ഡോക്ടര്‍ ദമ്പതികള്‍ക്ക് ആശ്വാസമായാണ് ഇപ്പോള്‍ മാത്യു നൈനാന്‍ വര്‍ഗീസിന് കോടതി മൂന്നു വര്‍ഷവും നാല് മാസവും ജയില്‍ ശിക്ഷ വിധിച്ചത്. താന്‍ ചെയ്ത തെറ്റില്‍ യാതൊരു പശ്ചാത്താപവും പ്രകടിപ്പിക്കാത്ത മാത്യു നൈനാന്‍ ഇരയാക്കപ്പെട്ട ദമ്പതികളോട് കാണിച്ചത് കൊടിയ വഞ്ചനയും ക്രൂരതയുമാണെന്ന് ജഡ്ജി തന്റെ വിധിന്യായത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.  ഇവരുടെ വിശ്വാസത്തെയും മതപരമായ പ്രവര്‍ത്തനങ്ങളെയും മുതലെടുത്ത്‌ ദൈവത്തിന്‍റെ പേര് പറഞ്ഞ് വഞ്ചന നടത്തിയ മാത്യു നൈനാന്‍ മുന്‍പും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട് എന്നതും കോടതി നിരീക്ഷിച്ചു.

90000 പൌണ്ടോളം കടബാധ്യത് ഉണ്ടായിരുന്നതായി അവകാശപ്പെട്ട മാത്യു നൈനാന്‍ വര്‍ഗീസ്‌ ഡോക്ടര്‍ ദമ്പതികളെ കബളിപ്പിച്ച് നേടിയ പണം തന്‍റെ ബാദ്ധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിച്ചു എന്നാണ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സ്വന്തം കാര്യം സുരക്ഷിതമാക്കാന്‍ മതവിശ്വാസത്തെ ചൂഷണം ചെയ്ത് നിഷ്കളങ്കരായ രണ്ട് വ്യക്തികളെ ചൂഷണം ചെയ്ത മാത്യു നൈനാന്‍റെ പ്രവര്‍ത്തി ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല എന്ന് പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂട്ടര്‍ ജോയലിന്‍ പെര്‍ക്ക്സ് ആയിരുന്നു ഡോക്ടര്‍ ദമ്പതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

മനുഷ്യര്‍ക്ക് സമാധാനവും സ്വസ്ഥതയും ലഭിക്കാനായി സന്ദര്‍ശിക്കുന്ന ധ്യാനകേന്ദ്രങ്ങളും ദേവാലയങ്ങളും തട്ടിപ്പുകള്‍ക്ക് മറ പിടിക്കാനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കുന്ന തട്ടിപ്പുകാര്‍ മലയാളികള്‍ക്കിടയില്‍ പെരുകി വരികയാണ്. ഇത്തരം സ്ഥാപനങ്ങളെയും സംഘടനകളെയും മറയാക്കി തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം സമര്‍ത്ഥമായി മറച്ചു വയ്ക്കുന്ന തട്ടിപ്പുകാര്‍ക്ക് ഇരകളാകുന്നവരുടെ എണ്ണം കൂടി വരികയാണ്.

Also read… 6800 പൗണ്ട് മുങ്ങിയതിനു മറുപടിയില്ല? തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയുമായി യുക്മ പ്രസിഡന്റ്; ഒത്തുകളിക്കുന്നത് ആരൊക്കെ? കള്ളക്കളിക്കു സര്‍ക്കാരിനെയും നാറ്റിച്ചെന്ന് പാര്‍ട്ടിയില്‍ പരാതി; വെള്ളപ്പൊക്ക ദുരിതാശ്വാസത്തില്‍ നാണക്കേട് ബാക്കിയായി!

കഴിഞ്ഞ ദിവസങ്ങളില്‍ യുകെയിലെ മലയാള മാധ്യമങ്ങളില്‍ യുക്മ നടത്തിയ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് പിരിവ് കൈമാറ്റത്തില്‍ പിരിച്ച തുകയും കൊടുത്ത തുകയും തമ്മില്‍ വലിയ അന്തരം ഉണ്ടായത് ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതിന് മറുപടിയുമായി രംഗത്ത് വന്ന യുക്മ പ്രസിഡന്റിന്റെ ‘ഞഞ്ഞാ പിഞ്ഞാ’ വര്‍ത്തമാനം അണികള്‍ക്കിടയില്‍ അമര്‍ഷം സൃഷ്ടിക്കുന്നു. ഓണ്‍ലൈനില്‍ പിരിഞ്ഞു കിട്ടിയ തുകയില്‍ 6800 പൗണ്ടിന്റെ കുറവ് എങ്ങനെ സംഭവിച്ചു എന്ന വാര്‍ത്തയ്ക്കു യുക്മ കോടികളുടെ ദുരിതാശ്വാസം ഏറ്റെടുക്കും എന്ന മറുപടിയുമായി യുക്മ പ്രസിഡന്റ് രംഗത്ത് വന്നത് രസകരമായ അനുഭവമായി മാറുകയാണ് യുകെ മലയാളികള്‍ക്ക്. ഒരു ഭാഗത്തു സംഘടനയോട് കൂറും വിശ്വാസവും ഉള്ള ഒരു പറ്റം ആളുകള്‍ കൈയിലെ പണവും കളഞ്ഞു ഇല്ലാത്ത സമയം ഉണ്ടാക്കി പ്രവര്‍ത്തിക്കുമ്പോള്‍ മറുഭാഗത്തു ദുരിതാശ്വാസത്തില്‍ പോലും കൈയ്യിട്ടു വരാന്‍ നാണം ഇല്ലാത്ത ഏതാനും വ്യക്തികള്‍ ചേര്‍ന്ന് സംഘടനക്ക് ഉണ്ടാകുന്ന ചീത്തപ്പേര് മറച്ചു പിടിക്കാന്‍ രാഷ്ട്രീയം കളിച്ചു വിദഗ്ധനായ പ്രസിഡന്റ് നടത്തുന്ന കളികള്‍ കൈയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് ഇന്നലെ യുക്മ പുറത്തുവിട്ട പത്രക്കുറിപ്പ് .

പിരിച്ചെടുത്ത തുകയില്‍ 6800 പൗണ്ട് കാണുന്നില്ല എന്ന ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളെ ഊടുപാട് ചീത്ത വിളിക്കാന്‍ ധൈര്യം കാട്ടുന്ന നേതാവ് മന്ത്രിക്കു നല്‍കിയ ചെക്കില്‍ കാണാതായ പണം എവിടെയെന്നു ഒരിടത്തും വെളിപ്പെടുത്തുന്നുമില്ല. ചാരിറ്റി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന, ഓഡിറ്റും റിപ്പോര്‍ട്ടും കാലാകാലം സമര്‍പ്പിക്കേണ്ട ഒരു സംഘടനാ പുലര്‍ത്തേണ്ട സാമാന്യ മര്യാദ പോലും കാണിക്കാതെ എന്ത് തോന്ന്യാസവും ചെയ്യാമെന്ന ധാരണയില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് കടലാസ് സംഘടനകള്‍ പോലും കാണിക്കുന്ന മര്യാദകള്‍ കാട്ടാതെയാണ് ബഹുജന അടിത്തറയുള്ള യുക്മയെ നാണം കെടുത്തുന്നത്. ചാരിറ്റിയുടെ പേരില്‍ പിരിക്കുന്ന പണം ഒരു തരത്തിലും വകമാറ്റി ചിലവിടാന്‍ പാടില്ല എന്ന ചാരിറ്റി കമ്മീഷന്റെ നിബന്ധന പോലും വായിച്ചു നോക്കാതെ പിരിച്ചെടുത്ത തുക ഘട്ടം ഘട്ടമായി തോന്നുന്ന പോലെ വകമാറ്റി ചെലവാക്കാം എന്ന് സ്വകാര്യമായി ശിങ്കിടികളെ ബോധ്യപ്പെടുത്തുന്ന നേതാവ് ചാരിറ്റി കമ്മീഷനില്‍ ഒരു പരാതി എത്തിയാല്‍ വെള്ളം കുടിക്കും എന്ന സത്യം മറച്ചു വെക്കുകയാണ്.

മാധ്യമ വിമര്‍ശനം എക്കാലവും തങ്ങളെ തകര്‍ക്കാന്‍ ഉള്ള അടവാണെന്നു പറഞ്ഞു ഫലിപ്പിക്കുന്ന യുക്മ നേതൃത്വം ഇക്കുറിയും പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ്. സംഘടനയ്ക്ക് സംഭവിച്ച വീഴ്ച കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മാറ്റി വച്ച പണം ഉടനെ സര്‍ക്കാരിന് നല്‍കും എന്ന് പറയാതെ ഒരു കോടിയുടെ കണക്കുകമായാണ് നേതാവ് എത്തിയിരിക്കുന്നത്. ഒരു കോടിയല്ല നൂറു കോടി കിട്ടിയാലും കേരളത്തിന് അത്യാവശ്യമാണ് എന്നിരിക്കെ ഒരു കോടിയുടെ സേവന പ്രവൃത്തി ചെയ്യരുത് എന്നാരെങ്കിലും വിലക്കി എന്ന മട്ടിലാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് വെല്ലുവിളിയുടെ ഭാഷ നല്‍കാന്‍ ഇപ്പോഴും രാഷ്ട്രീയ കുപ്പായം ഊരാത്ത നേതാവ് ശ്രമിക്കുന്നത്. എന്നും കൈയ്യിട്ടു വാരി ശീലിച്ച തന്ത്രം ഇക്കുറിയും പയറ്റിയപ്പോള്‍ കയ്യോടെ പിടിക്കപ്പെടും എന്നത് ഓര്‍ക്കാതെ പോയതാണ് ഇപ്പോള്‍ വിനയായി മാറിയത്. ചില ഓണ്‍ലൈന്‍ പത്രങ്ങളോട് രഹസ്യമായി ബന്ധം സ്ഥാപിച്ചും പരസ്യമായി എതിര്‍ത്തും രണ്ടു വര്‍ഷം മുന്നോട്ടു പോയപ്പോള്‍ എന്ത് തോന്ന്യാസവും കാട്ടാം, ആരും ചോദ്യം ചെയ്യില്ല എന്ന ചിന്ത കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പത്രങ്ങള്‍ പൊളിച്ചപ്പോള്‍ വീണ്ടും പരസ്യ വെല്ലുവിളി എന്ന തന്ത്രമാണ് രക്ഷയ്ക്ക് വേണ്ടി നേതാവ് പയറ്റുന്നത്.

അതിനിടെ ലണ്ടനില്‍ എത്തിയ മന്ത്രിയെ കരുവാക്കി 6800 പൗണ്ട് ഒറ്റയടിക്ക് വെട്ടിമാറ്റിയ യുക്മക്കാര്‍ക്കെതിരെ ബ്രിട്ടനില്‍ നിന്നും തന്നെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ നാട്ടില്‍ വിവരം എത്തിച്ചു കഴിഞ്ഞു. രണ്ടു വര്‍ഷം വള്ളംകളി നടത്താന്‍ സര്‍ക്കാര്‍ കൂട്ട് നിന്ന് എന്ന് മേനി നടിച്ച നേതാവ് എന്ത് തോന്ന്യാസത്തിനും കേരള സര്‍ക്കാര്‍ കൂട്ട് നില്‍ക്കും എന്ന് കരുതിയത് ഇപ്പോള്‍ തിരിച്ചടിയാവുകയാണ്. ഇടക്കാലത്തു സര്‍ക്കാരില്‍ പിടിപാടുള്ള ഇടതു സഹയാത്രികനെ കൂട്ട് കിട്ടിയ നേതാവിന് സഹയാത്രികന്‍ തെറ്റിപ്പിരിഞ്ഞതും ഇപ്പോള്‍ വിനയായി മാറുകയാണ്. കോഴിയും കുറുക്കനും പോലെയുള്ള ചങ്ങാത്തമായിരുന്നു കോണ്‍ഗ്രസുകാരനായ യുക്മ നേതാവും ഇടതു സഹയാത്രികനും തമ്മില്‍ ഉണ്ടായിരുന്നത്. ഏതായാലും മന്ത്രിക്കു കിട്ടിയ ചെക്കും ഓണ്‍ലൈന്‍ പിരിവിന്റെ വിവരങ്ങളും സര്‍ക്കാരില്‍ എത്തിയതോടെ യുക്മയുടെ പേര് ബ്ലാക് ലിസ്റ്റില്‍ എത്തിച്ചതിന്റെ മഹത്വവും ഭരണസമിതിയെ തേടിയെത്തുകയാണ്. കണക്കുകള്‍ എന്നും കടലാസില്‍ എഴുതി വെ്ക്കേണ്ടതാണ് എന്ന ശീലം തെറ്റിക്കുന്ന പാരമ്പര്യമുള്ള യുക്മ വെള്ളപ്പൊക്കത്തിലും അതെ അടവ് കാട്ടിയതു എട്ടിന്റെ പണി കിട്ടിയത് പോലെയായി മാറി.

എന്തൊക്കെ നല്ലതു ചെയ്താലും ചെറിയൊരു പിഴവ് പോലും സാമൂഹ്യ രംഗത്ത് കളങ്കമായി മാറും എന്നിരിക്കെ 6800 പൗണ്ട് എന്ന വന്‍തുക സര്‍ക്കാരിന് നല്‍കാതെ മാറ്റിവയ്ക്കാന്‍ യുക്മ കാട്ടിയ പിന്‍ബുദ്ധി ഇനിയെന്ത് ന്യായീകരണം പറഞ്ഞാലും എക്കാലവും ചോദ്യമായി യുക്മയ്ക്കു മുന്നിലെത്തും. ആര്‍ക്കും പരിശോധിക്കാവുന്ന, ഓണ്‍ലൈനില്‍ കാണാവുന്ന വിര്‍ജിന്‍ മണി ലിങ്കിലെ പണത്തില്‍ ഇത്രയും വലിയ തിരിമറി നടന്നെങ്കില്‍ ആരും കാണാത്ത യുക്മയുടെ സ്വന്തം കണക്കില്‍ എത്ര ആയിരം അടിച്ചു മാറ്റി എന്നാരെങ്കിലും ചിന്തിച്ചാല്‍ അതിനും ഉത്തരമായി തെറിവിളി മാത്രമാകും യുക്മ നേതൃത്വം നല്‍കുക. സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ ഉള്ള കൃത്യമായ ഒത്തുകളി ഇനിയും പിടിക്കപ്പെടാതിരിക്കെ 6800 പൗണ്ട് മാറ്റിവെച്ചതു ആരുടെ ബുദ്ധി എന്നതാണ് ഇനി അറിയേണ്ടത്.

പഴി വരുമ്പോള്‍ പ്രസിഡന്റിന്റെ തലയില്‍ എത്തിക്കോളും എന്നതിനാല്‍ കൂടെ നിന്നവന്‍ തന്നെ പണിതത് ആണെന്നും വിവരം കൃത്യമായി മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയതാണെന്നും വിവരമുണ്ട്. യുക്മയ്ക്കു ബദലായി രൂപം കൊള്ളുന്ന സംഘടനയുടെ പിറവി ദിനത്തില്‍ തന്നെയാണ് യുക്മയെ നാറ്റിക്കുന്ന ഇടപാട് പുറത്തു വന്നതും. സെക്രട്ടറിയില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് കയറ്റം പ്രതീക്ഷിക്കുന്ന നേതാവിന് നിലവിലെ പ്രസിണ്ടന്റ് രഹസ്യമായ പിന്തുണ വാഗ്ദാനം ചെയ്തതും തന്റെ വിദേശം കടന്നുള്ള ബിസിനസിന് അല്പം പണം കളഞ്ഞാലും മോശമാകില്ല എന്ന ചിന്തയുള്ള രണ്ടാമനും തമ്മിലുള്ള രഹസ്യ ഫോര്‍മുലയില്‍ നിലവിലെ പ്രസിഡന്റ് ഒരു കാരണവശാലും വീണ്ടും രംഗത്ത് വരാതിരിക്കാന്‍ കൂടുതല്‍ നാറ്റക്കഥകള്‍ നാളുകളില്‍ യുക്മയില്‍ നിന്നുണ്ടാകും എന്നാണ് ഇരുവരുമായി അടുപ്പമുള്ളവരില്‍ നിന്നും പുറത്തു വരുന്ന സൂചനകള്‍.

ഒരു മലയാളി സംഘടനക്ക് ആവശ്യമായ തമ്മില്‍ തല്ലും പാരവയ്പ്പും ധാരാളം ഉള്ള സംഘടനയില്‍ അടുത്തെത്തി നില്‍ക്കുന്ന വാര്‍ഷിക തെരഞ്ഞെടുപ്പ് വരെ ഇനിയും പിരിവിന്റെ പേരില്‍ ഉള്ള കഥകള്‍ എത്തികൊണ്ടിരിക്കും. പ്രാദേശിക മലയാളി സംഘടനകള്‍ പിരിച്ച പണമെടുത്തു ഇതെല്ലം തങ്ങളുടെ നേതൃത്വ മികവാണ് എന്ന് കേരള സര്‍ക്കാരില്‍ ബോധ്യപ്പെടുത്താന്‍ ഉള്ള നേതാവിന്റെ നീക്കത്തിന് ആദ്യ തിരിച്ചടിയാവുകയാണ് മന്ത്രിയെ മുന്നില്‍ നിര്‍ത്തി എടുത്ത പതിനായിരം പൗണ്ടിന്റെ ചെക്ക് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍. ഇനി ഇത്തരം കുതന്ത്രവുമായി സര്‍ക്കാരിന് മുന്നില്‍ എത്തിയാല്‍ നേതാവിന് ഉള്ളത് കയ്യോടെ കിട്ടും എന്ന സൂചനയും യുകെയില്‍ ഇടതു ചിന്താഗതിക്കാര്‍ പങ്കിടുന്നു. മലയാളം മിഷന് രൂപീകരിച്ചപ്പോള്‍ യുക്മയുടെ ബാനര്‍ മതിയെന്ന് സര്‍ക്കാരില്‍ ബോധ്യപ്പെടുത്താന്‍ ഓടി നടന്ന നേതാവിന് മുട്ടന്‍ പാരവന്നതും യുകെയില്‍ നിന്ന് തന്നെയാണ്. അന്ന് രംഗത്ത് വന്നവര്‍ തന്നെയാണ് കേരള സര്‍ക്കാരിന് വേണ്ടി പിരിച്ച 6800 പൗണ്ട് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ എത്തിക്കാതെ മാറ്റി വച്ച കാര്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ മുന്നില്‍ നില്‍ക്കുന്നത്.

ലണ്ടന്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വേണ്ടി പാന്തേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാന്തേഴ്‌സ് എസ്‌സി കിരീടം ചൂടി. നവംബര്‍ 10ന് മിഡില്‍സെക്സ് എഫ്എ റെക്ടറി പാര്‍ക്കില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ജമൈക്ക എഫ്‌സിയോട് പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ആണ് പാന്തേഴ്‌സ് വിജയം കൈവരിച്ചത്.

യൂകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 12 ടീമുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാന്തേഴ്‌സ് എസ്‌സി, ഈസ്റ്റ് ഹാം എസിക്‌സ്, മിഡ്‌ലാന്‍ഡ്‌സ് എഫ്‌സി, ഈസ്റ്റ് ഹാം യുണൈറ്റഡ്, ഡ്യൂക്‌സ് എഫ്‌സി, കേരള സ്ട്രൈക്കേഴ്സ് ഗ്ലോസ്റ്റര്‍, ല്യൂട്ടന്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ്, പാന്തേഴ്‌സ് ഇലവന്‍, റെഡ് ഇന്ത്യന്‍സ് തുടങ്ങിയ ടീമുകള്‍ പങ്കെടുത്തു.

 

സെമി ഫൈനലില്‍ അതിശക്തരായ ഈസ്റ്റ് ഹാം എസിക്‌സ്‌നോട് 2-1ന് പാന്തേഴ്‌സ് ഫൈനലിലേക്ക് ജയിച്ചു കയറിയപ്പോള്‍ അജയ്യരായ സിപി എഫ്‌സിയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഗോള്‍കീപ്പര്‍ അയ്യൂബിന്റെ മികവോടെ ജമൈക്ക എഫ്‌സി കീഴടക്കി.

വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍രഹിതരായ സാഹചര്യത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെയാണ് പാന്തേഴ്‌സ് എഫ്‌സി വിജയം കണ്ടെത്തിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സിപി എഫ്‌സിയിലെ ഡാനിയെയും ടോപ് സ്‌കോറര്‍ ആയി മിദ്ലാജ് പാന്തേഴ്സും മികച്ച ഗോള്‍കീപ്പര്‍ ആയി ജമൈക്കയിലെ അയൂബിനെയും തിരഞ്ഞെടുത്തു. ലണ്ടന്‍ മലയാളം റേഡിയോ ഡയറക്ടര്‍ ജെറീഷ് കുര്യന്‍ വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

RECENT POSTS
Copyright © . All rights reserved