എ 30 പാതയില്‍ കനത്ത മഞ്ഞുവീഴ്ചയിലും ഹിമക്കാറ്റിലും നൂറോളം വാഹനങ്ങള്‍ കുടുങ്ങി. കോണ്‍വാളിനു സമീപം ടെംപിളിലാണ് വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും ഏറെ നേരം നീണ്ടു. കടുത്ത ശൈത്യമായതിനാല്‍ വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിരുന്നു. രാത്രി മുഴുവന്‍ ഇവര്‍ വാഹനങ്ങളില്‍ കഴിച്ചുകൂട്ടേണ്ടി വരുമെന്നാണ് കരുതിയിരുന്നതെങ്കിലും റോഡില്‍ നിന്ന് മഞ്ഞ് നീക്കം ചെയ്യുന്ന എമര്‍ജന്‍സി വാഹനങ്ങള്‍ അയച്ചിട്ടുണ്ടെന്ന് ഹൈവേ ഇംഗ്ലണ്ട് അറിയിച്ചു. മൂന്നു മണിക്കൂറിലേറെ റോഡില്‍ കുടുങ്ങിയെന്ന് ചിലര്‍ അറിയിച്ചു. മഞ്ഞുവീണ റോഡില്‍ വാഹനങ്ങള്‍ നിരയായി കിടക്കുന്ന ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചു.

മഞ്ഞുവീഴ്ച കിഴക്കന്‍ ഭാഗത്തേക്ക് നീങ്ങിയതിനാല്‍ ഗതാഗത തടസം തുടര്‍ന്നേക്കുമെന്ന് ഡെവണിലെയും കോണ്‍വാളിലെയും റോഡ് പോലീസിംഗ് ചുമതലയുള്ള ചീഫ് ഇന്‍സ്‌പെക്ടര്‍ ഏഡ്രിയന്‍ ലെയിസ്‌ക് പറഞ്ഞു. യുകെയുടെ മിക്ക ഭാഗങ്ങളിലും 10 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആംബര്‍ വാര്‍ണിംഗും പുറപ്പെടുവിച്ചിരുന്നു. ഗതാഗത തടസത്തിനും വാഹനങ്ങള്‍ ഏറെ നേരം കുടുങ്ങിക്കിടക്കാനും റെയില്‍ ഗതാഗതത്തില്‍ താമസം നേരിടാനോ സര്‍വീസുകള്‍ റദ്ദാക്കാനോ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. പവര്‍കട്ടുണ്ടാകാനും ഗ്രാമപ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകാനും സാധ്യതുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സതേണ്‍ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ സ്‌കോട്ട്‌ലാന്‍ഡ്, യുകെയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ യെല്ലോ വാര്‍ണിംഗും പുറപ്പെടുവിച്ചിരുന്നു. ഈ വിന്ററിലെ ഏറ്റവും ശൈത്യമേറിയ രാത്രിയാണ് കടന്നു പോയതെന്നാണ് വിലയിരുത്തപ്പെടുന്നത്. അബര്‍ദീന്‍ഷയറിലെ ബ്രെയിമറിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് 13 ഡിഗ്രിയായിരുന്നു ഇവിടുത്തെ താപനില.