കുട്ടികള്‍ക്ക് മലയാള ഭാഷയിലെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ട് സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് രൂപതാ ചാപ്ലിന്‍സി വലിയൊരു ദൗത്യത്തിന് തുടക്കമിട്ടിരിക്കുകയാണ്. കുട്ടികളെ മലയാള ഭാഷ എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതാണ് മലയാള ഭാഷ പഠനത്തിന്റെ ഉദ്ദേശം. തങ്ങളുടെ മാതാപിതാക്കളുടെ മാതൃഭാഷ പഠിക്കുന്ന ഉത്സാഹത്തിലാണ് മലയാള ഭാഷ പഠന ക്ലാസിലെത്തിയ കുട്ടികള്‍. കഴിഞ്ഞ ശനിയാഴ്ച്ചയ്ക്ക് ശേഷം സീറോ മലബാര്‍ സഭ ലീഡ്‌സ് രൂപതാ ചാപ്ലിന്‍ ഫാ. മാത്യു മുളയോലിന്‍ മലയാള ഭാഷ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മലയാള ഭാഷ പഠനത്തിന് ആവേശകരമായ പ്രതികരണമാണ് കുട്ടികളില്‍ നിന്ന് ലഭിക്കുന്നത്. പുതിയൊരു ഭാഷ പഠിച്ചെടുക്കുന്നതിന്റെ ത്രില്ലിലാണ് പല കുട്ടികളും. നമ്മുടെ കുട്ടികള്‍ക്ക് കേരളവുമായിട്ടുള്ള ബന്ധവും സംസര്‍ഗവും ഉപേക്ഷിക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ടു തന്നെ അത്യാവശ്യം മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കുന്നത് പലവിധത്തിലും അനുഗ്രഹമാകും. ഇതിലുപരിയായ യൂണിവേഴ്‌സിറ്റി പ്രവേശന അവസരത്തിലും മറ്റഉം വ്യക്തിഗത വിവരങ്ങള്‍ നല്‍കുമ്പോള്‍ കൂടുതലായി ഒരു ഭാഷയില്‍ പ്രാവീണ്യമുണ്ടെങ്കില്‍ പ്രയോജനപ്രദമാണ്. ഇന്ത്യയിലെ 22 ഷെഡ്യൂള്‍ഡ് ഭാഷകളില്‍ ഒന്നായ മലയാളം പ്രധാനമായും കേരളം, ലക്ഷദ്വീപ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ ജനങ്ങളാണ് സംസാരിക്കുന്നത് ലോകമെമ്പാടുമായി നാല് കോടിയോളം ജനങ്ങളുടെ സംസാരഭാഷയാണ് മലയാളം. ആദ്യകാല ദ്രാവിഡ ഭാഷകളില്‍ ഒന്നായ മലയാള ഭാഷയെ അടുത്തറിയാന്‍ പല പാശ്ചാത്യ സര്‍വ്വകലാശാലകളുടെയും കീഴില്‍ പ്രത്യേക വിഭാഗം തന്നെയുണ്ട്.
മരണപ്പെടുന്നയാളുടെ പേരിലുള്ള സ്വത്തുക്കളില്‍ ബന്ധുക്കള്‍ക്ക് അവകാശം ലഭിക്കാന്‍ ആവശ്യമായ പ്രൊബേറ്റിനായുള്ള നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. മരണം സാക്ഷ്യപ്പെടുത്താനുള്ള നിരക്ക് അടുത്ത ഏപ്രില്‍ മുതല്‍ 6000 പൗണ്ടായിരിക്കും. നിലവില്‍ 215 പൗണ്ട് മാത്രമാണ് നിരക്ക്. 280,000 കുടുംബങ്ങള്‍ക്ക് 215 പൗണ്ടിനു മുകളിലുള്ള തുക നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. 56,000 കുടുംബങ്ങള്‍ക്ക് 2500 പൗണ്ടിനും 6000 പൗണ്ടിനും ഇടയിലുള്ള തുക നല്‍കേണ്ടി വന്നേക്കും. ഡെത്ത് ടാക്‌സ് എന്ന പേരിലാണ് വിമര്‍ശകര്‍ ഈ അദൃശ്യ നികുതിയെ വിശേഷിപ്പിക്കുന്നത്. വര്‍ദ്ധിപ്പിക്കുന്ന നിരക്കുകളില്‍ നിന്ന് മിനിസ്ട്രി ഓഫ് ജസ്റ്റിസ് 2022-23 വര്‍ഷത്തോടെ 185 മില്യന്‍ പൗണ്ട് സമാഹരിക്കുമെന്നാണ് കണക്കാക്കുന്നത്.
ബജറ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ മറ്റൊരു അധിക നികുതി കൂടി ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍ എന്ന് ചാരിറ്റികളും ലീഗല്‍ ഗ്രൂപ്പുകളും ക്യാംപെയിനര്‍മാരും ആരോപിക്കുന്നു. കുടുംബാംഗങ്ങളുടെ മരണത്തില്‍ ദുഖിതരായ ബന്ധുക്ക ള്‍ക്ക് മറ്റൊരു ആഘാതം കൂടി നല്‍കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് സര്‍ വിന്‍സ് കേബിള്‍ കുറ്റപ്പെടുത്തി. റോഡിലെ കുഴി മുതല്‍ ടോയ്‌ലെറ്റുകള്‍ വരെ നന്നാക്കാന്‍ കഴിഞ്ഞയാഴ്ച ചാന്‍സലറുടെ കയ്യില്‍ ആവശ്യത്തിലേറെ പണമുണ്ടായിരുന്നു. എന്നാല്‍ ഈയാഴ്ച മരിച്ചവരുടെ പേരില്‍ ബന്ധുക്കളില്‍ നിന്ന് നികുതിയീടാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഗവണ്‍മെന്റെന്ന് മുന്‍ പെന്‍ഷന്‍സ് മിനിസ്റ്ററും റോയല്‍ ലണ്ടന്‍ എന്ന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ പോളിസി ചീഫുമായ സ്റ്റീവ് വെബ്ബ് പറഞ്ഞു.
മരണപ്പെട്ടവരുടെ സ്വത്തുക്കളില്‍ അവകാശികള്‍ക്ക് നിയന്ത്രണം ലഭിക്കണമെങ്കില്‍ പ്രൊബേറ്റ് ലഭിക്കേണ്ടതുണ്ട്. നിലവില്‍ 215 പൗണ്ടാണ് ഇതിനായുള്ള നിശ്ചിത ഫീസ്. സോളിസിറ്ററെ ഉപയോഗിക്കുന്നവര്‍ക്ക് 155 പൗണ്ടാണ് ഫീസ്. സ്വത്തിന്റെ വലിപ്പം അനുസരിച്ച് ഈ ഫീസില്‍ വര്‍ദ്ധനവ് വരുത്താനാണ് പുതിയ നീക്കം. 250 പൗണ്ട് മുതല്‍ 6000 പൗണ്ട് വരെ ഈ ഫീസ് ഉയര്‍ന്നേക്കാം. 50,000 പൗണ്ട് വരെ മാത്രമേ അവകാശപ്പെടാനുള്ളുവെങ്കില്‍ ഫീസ് ഒഴിവാക്കും. നിലവില്‍ ഇതിന്റെ പരിധി 5000 പൗണ്ടാണ്. സ്വത്തിന്റെ 0.5 ശതമാനത്തില്‍ കൂടുതലാകില്ല ഈ ഫീസെന്ന് മിനിസ്ട്രി ഓഫ് ജസ്റ്റിസ് വ്യക്തമാക്കി.
ലോറന്‍സ് പെല്ലിശ്ശേരി
ഗ്ലോസ്റ്റര്‍ : സംഘടനാ പ്രവര്‍ത്തനങ്ങളിലെ മികവ് കൊണ്ട് എന്നും വ്യത്യസ്ഥരായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ യുകെയിലെ ഒരു മലയാളി കൂട്ടായ്മയ്ക്കും കഴിയാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ലോക മലയാളികള്‍ക്ക് മാതൃകയാകുന്നു . ജി എം എയുടെ കാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായ ഭവന നിര്‍മ്മാണ പദ്ധതിക്ക് ചെങ്ങന്നൂരിലെ പുലിയൂര്‍ ഗ്രാമത്തില്‍ ഐതിഹാസിക തുടക്കം . സഹജീവികളോടുള്ള സഹാനുഭൂതി ഫേസ്ബുക്കിലും വാട്സപ്പിലുമായി ഒതുങ്ങി പോകുന്ന ഇക്കാലത്ത് പ്രളയത്തിൽ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയർത്തിക്കൊണ്ട് ക്രിയാത്‌മകമായ പ്രവർത്തനങ്ങളിൽ കൂടി ഗ്ലോസ്റ്റർഷെയർ മലയാളികൾ വീണ്ടും യുകെ മലയാളികൾക്ക് അഭിമാനവും മാതൃകയുമായി മാറുന്നു.
അതിന്റെ നേർക്കാഴ്‌ച്ചയായി മാറി ഇന്നലെ ചെങ്ങന്നൂരിലെ പുലിയൂരിൽ ജി എം എയുടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചുള്ള ആദ്യ ഭവന നിര്‍മ്മാണത്തിന്റെ തറക്കല്ലിടൽ കർമ്മം . വളർത്തി വലുതാക്കിയ സ്വന്തം നാട് , നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ടപ്പോൾ വെറും കാഴ്ചക്കാരായി മാറിനിൽക്കാതെ നാടിനോടൊപ്പമെന്ന നിലപാടിലെത്താൻ ജി എം എയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു . ഓണാഘോഷപരിപാടികൾ പോലും നിര്‍ത്തലാക്കികൊണ്ട് , പ്രളയ ദിനങ്ങളിൽ തന്നെ 25000 പൗണ്ട് പിരിച്ചെടുക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് കേരള വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിന് രൂപം നൽകുകയും , ജി എം എയിലെ യുവ തലമുറയടക്കം ഓരോ അംഗങ്ങളും അതിന്റെ ലക്ഷ്യപ്രാപ്തിക്കു വേണ്ടി രംഗത്ത് വരികയും ചെയ്തു.
ജി എം എയിലെ അംഗങ്ങളുടെ സംഭാവനയായും , ജോലിസ്ഥലങ്ങളിൽ ഇന്ത്യൻ ഭക്ഷണങ്ങള്‍ ഉണ്ടാക്കി വിറ്റഴിച്ചും , മുസ്ലിം – ക്രിസ്ത്യൻ പള്ളികളിലെ സഹായങ്ങള്‍ വഴിയും , തെരുവുകളിലെ ബക്കറ്റ് പിരുവുകളിലൂടെയും , ഫേസ്ബുക്ക് പേജിലെ സഹായ അഭ്യര്‍ത്ഥനകളിലൂടെയുമെല്ലാം സഹജീവികളോടുള്ള സഹാനുഭൂതി നാണയത്തുട്ടുകളായും പൗണ്ടുകളായും ഒഴുകിയെത്തുകയായിരുന്നു . ചുരുക്കം ചിലർക്കെങ്കിലും അപ്രാപ്യമെന്നു തോന്നിയിരുന്ന 25000 പൗണ്ട് എന്ന ലക്ഷ്യം വെറും മൂന്ന് ആഴ്ചകൾക്കുള്ളിൽ സമാഹരിച്ചുകൊണ്ട് ഇപ്പോൾ 28000 പൗണ്ടിൽ എത്തിനിൽക്കുന്നു എന്നുള്ളത് , വെറും 175 കുടുംബങ്ങൾ അംഗങ്ങളായുള്ള ജി എം എ ഒരു കമ്മ്യൂണിറ്റി അസോസിയേഷൻ എങ്ങനെ ആയിരിക്കണം എന്നതിന്റെ ചൂണ്ടുപലക ആയി മാറുന്നു .
പ്രളയത്തിൽ കിടപ്പാടം തന്നെ നഷ്ടപെട്ട് , സാമ്പത്തികമായി ഏറ്റവും കഷ്ടത അനുഭവിക്കുന്ന നാല് കുടുംബങ്ങൾക്ക് പൂർണ്ണമായും ജി എം എയുടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ആറായിരം പൌണ്ടിന് തത്തുല്ല്യമായ പുതിയ വീട് നിർമ്മിച്ച് നൽകുകയാണ് ജി എം എ ചെയ്യുന്നത് . കേരളാ ഗവണ്മെന്റിന്റെ ലൈഫ് മിഷനും , യുക്മയുടെ സ്നേഹക്കൂട് പദ്ധതിയുമായി സഹകരിച്ചാണ് ജി എം എ ഇത് പ്രാവർത്തികമാക്കുന്നത് . ഈ പദ്ധതിയിൽ കൂടി നിർമ്മിക്കുന്ന ആദ്യ ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ ചെങ്ങന്നൂരിലെ പുലിയൂരിൽ കൂലിപ്പണിക്കാരനായ സജി കാരാപ്പള്ളിയിൽ എന്ന വ്യക്തിക്കും കുടുംബത്തിനുമായി തുടക്കം കുറിച്ചിരിക്കുന്നു.
പ്രളയത്തിൽ അവരുടെ കൊച്ചു വീട് പൂർണ്ണമായും ഇല്ലാതായിരുന്നു . കാലങ്ങളായി മാറാ രോഗങ്ങൾ അലട്ടിയിരുന്ന സജിയുടെ ഭാര്യക്കും കുഞ്ഞുങ്ങൾക്കും മുമ്പിൽ വിധി പ്രളയരൂപത്തിൽ വീണ്ടും കോമാളി വേഷം കെട്ടിയപ്പോൾ ജി എം എയുടെ സഹായഹസ്തം അവരെ തേടി ചെല്ലുകയായിരുന്നു . ജി എം എ എക്സിക്യൂട്ടീവ് അംഗം ശ്രീ തോമസ് ചാക്കോയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു പുലിയൂരിലെ സജി കാരാപ്പള്ളിയുടെ കുടുംബത്തെ കണ്ടെത്താനും , നിർമ്മാണ തുടങ്ങുന്നതിനാവശ്യമായ ഏകോപനം ഇത്രയും വേഗത്തിൽ സാധ്യമാക്കാനും കഴിഞ്ഞത് .
തറക്കല്ലിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സജിക്കും കുടുംബത്തിനുമൊപ്പം പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി . ടി . ഷൈലജ , വാർഡ് മെമ്പർമാരായ മുരളീധരൻ നായര്‍ , ബാബു കല്ലോത്തറ , ജി എം എ പ്രതിനിധി ഷാജി എബ്രഹാം , പൊതു പ്രവർത്തകരായ ബിനു മുട്ടാർ , രാജീവ് പള്ളത്ത് , അജേഷ് പുലിയൂര്‍ തുടങ്ങി പ്രാദേശിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ വിശിഷ്ട അതിഥികൾ സന്നിഹിതരായിരുന്നു . ചെങ്ങന്നൂരിലെ പല സന്നദ്ധ സംഘടനകള്‍ക്കും വേണ്ടി അനേകം വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുള്ള അജേഷ് പുലിയൂരാണ് ജി എം എയുടെ സ്വപ്നക്കൂട് സജി കാരാപ്പള്ളിയ്ക്കായി നിര്‍മ്മിക്കുന്നത് .
യൂകെയിൽ ഇരുന്നു കൊണ്ട് കേരളത്തിൽ ഇങ്ങനെയൊരു നിർമ്മാണ പദ്ധതി ഏറ്റെടുത്തു സാക്ഷാൽക്കരിക്കുക എന്നുള്ളത് വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും , ജി എം എ കമ്മിറ്റിയുടെ നിശ്ചയദാർഢ്യവും മുഴുവൻ അംഗങ്ങളുടെ നിസ്വാർത്ഥ സഹകരണവും ഈയൊരു മിഷന്റെ മുന്നോട്ടുള്ള പ്രയാണം സുഗമമാക്കുന്നു . വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് അങ്ങേയറ്റം സുതാര്യമായും , അഴിമതി രഹിതവുമായി അര്‍ഹരായവരില്‍ മാത്രം എത്തിക്കുന്നതിനായി സുനില്‍ കാസ്സിം , വിനോദ് മാണി , ജില്‍സ് പോള്‍ , വിന്‍സെന്റ് സ്കറിയ , ലോറന്‍സ് പെല്ലിശ്ശേരി , ഡോ : ബിജു പെരിങ്ങത്തറ , തോമസ് ചാക്കോ എന്നിവര്‍ അടങ്ങുന്ന ഒരു പ്രത്യേക കമ്മിറ്റിയും രൂപികരിച്ചിട്ടുണ്ട് . ഇതിനൊപ്പം പ്രളയത്തില്‍ വീട്ടിലെ സാധന സാമഗ്രികളെല്ലാം നഷ്ട്ടപ്പെട്ടുപോകുകയോ ഉപയോഗശൂന്യമാകുകയോ ചെയ്ത , സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന 20 കുടുംബങ്ങൾക്ക് ഇരുപതിനായിരം രൂപ വരെ മൂല്യമുള്ള അവശ്യ വസ്തുക്കൾ നൽകി സഹായിക്കുകയും ചെയ്യുന്നു.
ചാരിറ്റി രംഗത്തെ ജി എം എ യുടെ ഓരോ ചുവടുവയ്പ്പും കാലപ്രയാണത്തിൽ സുവർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെടുന്നതിന്റെ ആൽമനിർവൃതിയിലാണ് ഗ്ലോസ്റ്റർഷെയർ മലയാളികൾ . അടുത്ത മൂന്നു വീടുകൾക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സുഗമമായി പുരോഗമിക്കുമ്പോൾ , ജി എം എ പ്രസിഡന്റ് വിനോദ് മാണിയും , സെക്രട്ടറി ജിൽസ് പോളും , ട്രഷറർ വിൻസെന്റ് സ്കറിയയും ഇതിനെല്ലാം നേതൃത്വം നൽകുന്നതോടൊപ്പം ഇതുമായി സഹകരിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും ഒത്തിരി സ്നേഹത്തോടെ രേഖപ്പെടുത്തുന്നു
ഡാവിഞ്ചി എന്ന പേരില്‍ അറിയപ്പെടുന്ന പ്രോക്ടര്‍ റോബോട്ട് ഉപയോഗിച്ച് നടത്തിയ ഹൃദയ വാല്‍വ് ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിക്കാന്‍ കാരണം ഡോക്ടര്‍ക്ക് വേണ്ടത്ര പരിചയമില്ലാത്തതിനാലെന്ന് റിപ്പോര്‍ട്ട്. ഡാവിഞ്ചിയില്‍ പരിശീലനം നിരസിക്കപ്പെട്ട ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. സങ്കീര്‍ണ്ണമായ ഈ ഉപകരണത്തില്‍ കൂടുതല്‍ പരിശീലനം താന്‍ നടത്തേണ്ടതായിരുന്നുവെന്ന് മുന്‍നിര കാര്‍ഡിയാക് സര്‍ജനായ സുകുമാരന്‍ നായര്‍ തന്റെ സഹപ്രവര്‍ത്തകനോട് പറഞ്ഞിരുന്നതായി കൊറോണര്‍ക്ക് മൊഴി ലഭിച്ചു. സ്റ്റീഫന്‍ പെറ്റിറ്റ് എന്ന 69 കാരനായ രോഗിയാണ് ശസ്ത്രക്രിയയെത്തുടര്‍ന്ന് മരിച്ചത്. 2015ല്‍ ന്യൂകാസിലിലെ ഫ്രീമാന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു സംഭവം. ട്രസ്റ്റില്‍ ആദ്യമായി നടത്തിയ ഡാവിഞ്ചി റോബോട്ട് ഉപയോഗിച്ചുള്ള ഹൃദയ വാല്‍വ് ശസ്ത്രക്രിയയായിരുന്നു ഇത്.
സ്റ്റീഫന്‍ പെറ്റിറ്റിന്റെ ശസ്ത്രക്രിയ നടക്കുന്നതിനിടെ സര്‍ജിക്കല്‍ ടീമിനെ സഹായിച്ചുകൊണ്ടിരുന്ന റോബോട്ടിക് വിദഗ്ദ്ധര്‍ അറിയിപ്പ് നല്‍കാതെ സ്ഥലം വിട്ടുവെന്നും മൊഴി ലഭിച്ചിട്ടുണ്ട്. പെറ്റിറ്റിന്റെ മരണത്തെത്തുടര്‍ന്ന് ന്യൂകാസില്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ അന്വേഷണം നടന്നിരുന്നു. പോലീസ് അന്വേഷണവും ഇതൊടൊപ്പം നടന്നു. രോഗികളുടെ റിക്കവറി സമയം പരമാവധി കുറയ്ക്കുന്നതിനായാണ് കീഹോള്‍ ശസ്ത്രക്രിയകള്‍ക്കായി ഡാവിഞ്ചി പോലെയുള്ള റോബോട്ടുകളെ ഉപയോഗിക്കുന്നത്. സ്റ്റീഫന്‍ പെറ്റിറ്റിന്റെ മൈട്രല്‍ വാല്‍വിനായിരുന്നു തകരാറ്. ഇത് പരിഹരിക്കാനായി ഡാവിഞ്ചി ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയക്കിടെ ഹൃദയത്തിന്റെ മേലറകളെ വിഭജിക്കുന്ന ഭിത്തിക്ക് തകരാറുണ്ടായി.
ഹൃദയ ഭിത്തിക്കുണ്ടായ തകരാര്‍ പരിഹരിക്കാന്‍ പിന്നീട് ഓപ്പണ്‍ സര്‍ജറി നടത്തേണ്ടി വന്നു. ശസ്ത്രക്രിയ പൂര്‍ത്തിയായിട്ടും ഹൃദയത്തിന്റെ പ്രവര്‍ത്തനം വളരെ മോശമായിരുന്നു. മരുന്നുകളും ഉപകരണങ്ങളുടെ സഹായവും നല്‍കിയിട്ടും രോഗിയുടെ അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തന രഹിതമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. പദ്ധതിയിട്ടതനുസരിച്ച് ശസ്ത്രക്രിയ വിജയകരമായി നടത്താന്‍ കഴിഞ്ഞില്ലെന്ന് ഇതിനു ശേഷം ഡോ.സുകുമാരന്‍ നായര്‍ ഫ്രീമാന്‍ ഹോസ്പിറ്റലിലെ റോബോട്ടിക്‌സ് വിഭാഗം കോഓര്‍ഡിനേറ്റര്‍ പോള്‍ റെന്‍ഫോര്‍ത്തിനെ ഫോണില്‍ അറിയിച്ചിരുന്നു. റോബോട്ടില്‍ കൂടുതല്‍ പരീശീലനം ലഭിച്ചിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും റെന്‍ഫോര്‍ത്ത് പറഞ്ഞു. ഈ സംഭവത്തിന് ഒരു മാസം മുമ്പ് ഡാവിഞ്ചി ഉപയോഗിച്ച് വാല്‍വ് ശസ്ത്രക്രിയ നടത്താന്‍ ഡോ.സുകുമാരന്‍ നായര്‍ സമീപിച്ചിരുന്നുവെന്ന് ട്രസ്റ്റിന്റെ കാര്‍ഡിയോ തൊറാസിക് ക്ലിനിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ സൈമണ്‍ ഹെയിന്‍സും മൊഴി നല്‍കിയിട്ടുണ്ട്.
ഫാ. ബിജു കുന്നയ്ക്കാട്ട്
ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം ആതിഥ്യം അരുളുന്ന രണ്ടാമത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവത്തിനുള്ള ചുവടും താളവും ഒരുവട്ടം കൂടി ഉറപ്പിച്ച് മത്സരാര്‍ത്ഥികള്‍ ഒരുങ്ങുമ്പോള്‍ തയ്യാറെടുപ്പുകളെക്കുറിച്ച് അവസാനവട്ട അവലോകനം നടത്തി കലോത്സവം കോര്‍ കമ്മിറ്റി. യൂറോപ്പിലെ ഏറ്റവും വലിയ കലാമാമാങ്കമെന്ന ഖ്യാതിയുമായി ബൈബിള്‍ കലോത്സവ വേദിയില്‍ പോരാട്ടത്തിന്റെ തീപാറുമ്പോള്‍ സജ്ജീകരണങ്ങള്‍ക്ക് ഒരു കുറവും വരരുതെന്ന നിര്‍ബന്ധത്തിലാണ് സംഘാകര്‍ അവസാനവട്ട മിനുക്കുപണികള്‍ പോലും ശ്രദ്ധയോടെ പൂര്‍ത്തിയാക്കുന്നത്. നവംബര്‍ പത്തിന് ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്റര്‍ വേദിയാക്കിയാണ് ബൈബിള്‍ കലോത്സവത്തിന് അരങ്ങൊരുങ്ങുന്നത്.
ഒമ്പത് വേദികളിലായി 1200ലേറെ മത്സരാര്‍ത്ഥികളാണ് ഇക്കുറി കലാപോരാട്ടത്തില്‍ ഏറ്റുമുട്ടുക. അതുകൊണ്ട് തന്നെ മത്സരത്തില്‍ വീറും വാശിയും പ്രകടമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വേദിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് വിവിധ റീജിയണുകളില്‍ നിന്നുമുള്ള ടീമുകള്‍.
ഇത്രയേറെ മത്സരാര്‍ത്ഥികളെ ഒരുമിച്ച് വേദികളില്‍ എത്തിക്കാന്‍ കഴിഞ്ഞത് തന്നെ ബൈബിള്‍ കലോത്സവത്തിന്റെ മഹത്തായ പ്രവര്‍ത്തനത്തിന്റെ വിജയം വിളംബരം ചെയ്യുന്നു. കേരളത്തിലെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന മട്ടില്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് കലാപ്രകടനത്തിനായി ഒരുക്കുന്നത്. യുകെയിലെ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ഇരുനൂറ് പേരുടെ മത്സരം തന്നെ നടത്താന്‍ ബുദ്ധിമുട്ടുമ്പോഴാണ് ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിലേക്ക് 1200ലധികം മത്സരാര്‍ത്ഥികളെത്തുന്നത്.
നവംബര്‍ 10ന് രാവിലെ 9 മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്യത്തില്‍ ബൈബിള്‍ പ്രതിഷ്ഠയോടെയാണ് കലോത്സവത്തിന് ആരംഭം കുറിയ്ക്കുക. തുടര്‍ന്ന് 9 സ്റ്റേജുകളിലും ഇടതടവില്ലാതെ മത്സരങ്ങള്‍ നടക്കും. മത്സരങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി വൈകുന്നേരം ആറരയോടെ സമ്മാനദാനം നിര്‍വ്വഹിച്ച് രാത്രി ഒന്‍പതരയോടെ കലാത്സവത്തിന് തിരശ്ശീല വീഴും. മത്സരങ്ങള്‍ കഴിഞ്ഞ ഷോര്‍ട്ട് ഫിലിമിന്റെയും മറ്റും ഫലങ്ങള്‍ ജഡ്ജിങ് കമ്മിറ്റി വിലയിരുത്തുകയാണ്.
കലോത്സവം മികച്ച രീതിയില്‍ നടത്താന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടകര്‍ നടത്തിവരുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്കാര്‍ക്കെങ്കിലും ഇനിയും താമസ സൗകര്യം ആവശ്യമാണെങ്കില്‍ കലോത്സവ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
ഫാ. പോള്‍ വെട്ടിക്കാട്ട്: 07450243223
ജോജി മാത്യു: 07588445030
ലണ്ടന്‍: ന്യൂസിലാന്റ് സ്വദേശിയായ യുവാവിന് ഹോം ഓഫീസ് അധികൃതരുടെ പിഴവ് മൂലം വിസ നിഷേധിക്കപ്പെട്ടതായി പരാതി. 29 കാരനായ ലൂക്ക് തോമസാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അധികൃതര്‍ വിസ നിഷേധിച്ചത് മൂലം തന്റെ അഞ്ച് മാസം പ്രായമായ മകനെ ഇതുവരെ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ലൂക്ക് തോമസ് പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി തോമസും പാര്‍ട്ണറും ന്യൂസിലാന്റിലാണ് താമസം. തങ്ങളുടെ മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് ബ്രിട്ടനിലേക്ക് താമസം മാറാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി വിസയ്ക്ക് ഹോം ഓഫീസിനെ സമീപിക്കുകയും ചെയ്തു. തോമസിന്റെ കേസില്‍ വിസ നിഷേധിക്കേണ്ടതായ യാതൊരു നിയമപ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടായിരുന്നില്ല. ഹോം ഓഫീസില്‍ നിന്ന് പാസ്‌പോര്‍ട്ട് നഷ്ടമായതാണ് ഈ ഉരുണ്ടുകളിക്ക് കാരണമെന്ന് ദമ്പതികളുടെ സോളിസിറ്റര്‍ പറയുന്നു.
ഏപ്രില്‍ മാസത്തിലാണ് 573 പൗണ്ട് നല്‍കി പ്രീമിയം സര്‍വ്വീസ് ഉപയോഗിച്ച് അണ്‍മാരീഡ് പാര്‍ട്ണര്‍ വിസയ്ക്ക് തോമസ് അപേക്ഷ നല്‍കിയത്. ഹോം ഓഫീസ് അനുകൂലമായി പ്രതികരിക്കാതിരുന്നതോടെ ഏതാണ്ട് 5 മാസത്തോളം തോമസിന്റെ യു.കെ സന്ദര്‍ശനം മുടങ്ങി. നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഹോം ഓഫീസ് അധികൃതര്‍ തയ്യാറായില്ലെന്ന് തോമസിന്റെ പാര്‍ട്ണര്‍ പറയുന്നു. പിന്നീടാണ് തോമസിന്റെ പാസ്‌പോര്‍ട്ട് കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. ആദ്യം പാസ്‌പോര്‍ട്ട് ഹോം ഓഫീസില്‍ കൈപ്പറ്റിയിട്ടില്ലെന്നായിരുന്നു വിവരം ലഭിച്ചത്. എന്നാല്‍ ഡെലിവറി രേഖകള്‍ പ്രകാരം പാസ്‌പോര്‍ട്ട് ഹോം ഓഫീസിലെത്തിയതായി വ്യക്തമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വിസ നിഷേധിച്ചതായി വ്യക്തമാക്കികൊണ്ട് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നു. എന്നാല്‍ അത് അബദ്ധം സംഭവിച്ചതാണെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു.
നിരവധി നാടകീയ സംഭവങ്ങള്‍ക്ക് ശേഷം തോമസിന് സെപ്റ്റംബര്‍ അവസാനത്തോടെ വിസയും പാസ്‌പോര്‍ട്ടും ലഭിച്ചു. എന്നാല്‍ പതിപ്പിച്ചിരുന്ന എന്‍ട്രി സ്റ്റാമ്പ് കാലാവധി കഴിഞ്ഞതായിരുന്നു. എനിക്ക് 4 മാസത്തിലധികം പ്രായമായ ഒരു മകനുണ്ട്, അധികൃതരുടെ അനാസ്ഥമൂലം എനിക്ക് അവനെ ഒരു നോക്ക് കാണാനുള്ള അവസരമാണ് അനന്തമായ നീളുന്നതെന്ന് തോമസ് പറയുന്നു. തോമസിന്റെ മൂന്ന് മക്കളും നിലവില്‍ മാതാവിനൊപ്പം യു.കെയിലാണ് താമസിക്കുന്നത്. തോമസിന്റെ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങള്‍ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി പാട്ണറായ സിമോണ്‍ ബ്രൂക്ക്‌സ് പറഞ്ഞു. മൂന്ന് കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നത് വിഷാദരോഗമുണ്ടാക്കുന്നതായും ബ്രൂക്ക്‌സ് പറയുന്നു.
വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനു മുമ്പ് പണം നല്‍കണമെന്ന വ്യവസ്ഥ നിലവില്‍ വന്നേക്കും. ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ കടന്നു കളയുന്ന പതിവിന് വിരാമമിടാന്‍ ലക്ഷ്യം വെച്ചാണ് നീക്കം. ഈ വിധത്തിലുള്ള കുറ്റങ്ങള്‍ക്കു പിന്നാലെ നടക്കാതെ വലിയ തോതിലുള്ള കുറ്റകൃത്യങ്ങളില്‍ ശ്രദ്ധയൂന്നാനാണ് പുതിയ നിര്‍ദേശമെന്ന് നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സിലിലെ സൈമണ്‍ കോള്‍ പറയുന്നു. പണം നല്‍കാതെ കടന്നുകളയുന്ന രീതി ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു ബിസിനസ് മോഡല്‍ വികസിപ്പിക്കാന്‍ കഴിയാത്തതില്‍ പെട്രോളിയം കമ്പനികളെ അദ്ദേഹം വിമര്‍ശിച്ചു. ഒട്ടേറെ രാജ്യങ്ങളില്‍ നിലവിലുള്ള ആദ്യം പണം നല്‍കുന്ന സമ്പ്രദായം നടപ്പില്‍ വരുത്തണമെന്ന് അദ്ദേഹം കമ്പനികളോട് ആവശ്യപ്പെട്ടു.
പണം നല്‍കാതെ കടന്നുകളയുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസ് മേധാവിമാര്‍ ഈ നീക്കം അവതരിപ്പിക്കുന്നത്. വര്‍ഷത്തില്‍ 25000 സംഭവങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പെട്രോള്‍ വില കൂടിയതിനു ശേഷം 40 ശതമാനം വര്‍ദ്ധനവും ഇവയില്‍ ഉണ്ടായിട്ടുണ്ട്. 50 പൗണ്ടില്‍ താഴെയുള്ള തുക നല്‍കാതെ പോകുന്ന സംഭവങ്ങള്‍ ചില പോലീസ് സേനകള്‍ അന്വേഷിക്കാറില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം കേസുകളില്‍ ക്രിമിനല്‍ ലക്ഷ്യമോ ക്രിമിനല്‍ പ്രവര്‍ത്തനമോ നടക്കുന്നതായി തെളിവില്ലാത്തതിനാലാണ് അന്വേഷണം വേണ്ടെന്നു വെക്കുന്നത്.
ഹൈസ്ട്രീറ്റ് ഷോപ്പുകള്‍ വിലയേറിയ വസ്തുക്കള്‍ ഡോറുകള്‍ക്ക് അരികില്‍ വെക്കുന്നത് കൊള്ളയടിക്ക് കാരണമാകുന്നതായും സൈമണ്‍ കോള്‍ പറഞ്ഞു. മൊത്തം കുറ്റകൃത്യങ്ങളില്‍ 12 ശതമാനവും ഇത്തരത്തിലുള്ളവയാണ്. ഇത് അന്വേഷണോദ്യോഗസ്ഥരുടെ ജോലി കൂട്ടുകയും മറ്റു ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഇവ ഇല്ലാതാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
3000 കോടി രൂപ മുടക്കി പ്രതിമ നിര്‍മ്മിച്ച് പൊങ്ങച്ചം കാണിക്കുന്ന രാജ്യത്തിന് ധന സഹായം നല്‍കേണ്ടതില്ലെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍ പീറ്റര്‍ ബോണ്‍. സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ച കാലയളവില്‍ 2012 മുതല്‍ 2018 വരെ ഇന്ത്യയ്ക്ക് ബ്രിട്ടന്‍ ഒരു ബില്യണ്‍ പൗണ്ടിലേറെ (അതായത് 9400 കോടി) സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും പീറ്റര്‍ ബോണ്‍ പറയുന്നു.
2012 ല്‍ മൂന്നൂറ് മില്യണ്‍ പൗണ്ട് (2839 കോടി രൂപ), 2013 ല്‍ 268 പൗണ്ട് (2631 കോടി രൂപ), 2015 ല്‍ 185 മില്യണ്‍ പൗണ്ട് (1751 കോടി രൂപ) കൂടാതെ ചെറിയ രീതിയിലുള്ള സാമ്പത്തിക സഹായവും ഇന്ത്യയ്ക്ക് ബ്രിട്ടന്‍ നല്‍കിയെന്നും പീറ്റര്‍ ബോണ്‍ പറയുന്നു. ഇന്ത്യയ്ക്ക് ബ്രിട്ടന്‍ നല്‍കിവരുന്ന ധനസഹായം 2015 ല്‍ നിര്‍ത്തലാക്കിയെങ്കിലും സമ്പദ്യ വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികള്‍ നടപ്പാക്കാനും ഇപ്പോഴും സാമ്പത്തിക സഹായം നല്‍കുകയാണ്.
രാജ്യം ആരോഗ്യ സാമ്പത്തിക മേഖലയില്‍ ബുദ്ധിമുട്ടുമ്പോള്‍ മൂവായിരം കോടി മുടക്കി കേന്ദ്രം സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചത് വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ലോകത്തെ തന്നെ ഉയരമുള്ള പ്രതിമ നിര്‍മ്മിച്ച ഇന്ത്യ ധൂര്‍ത്താണ് കാണിച്ചതെന്നാണ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത് .
കവെൻട്രി കേരളാ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം ഇന്നലെ ഒരു പുതിയ അദ്ധ്യായം കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ ചരിത്ര താളുകളിൽ എഴുതപ്പെടുകയായിരുന്നു. കവന്റി കേരളാ കമ്മ്യൂണിറ്റി അംഗങ്ങളുടെ കലാ, കായിക, സാംസ്കാരിക, വിനോദ, വിജ്ഞാന വികസനത്തിനു പുറമെ യുകെ മലയാളികൾ ദൈനന്തിന ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യാൻ സോഷ്യൽ കെയർ ബോധവത്കരണ സെമിനാറും കേരളാ പിറവി ആഘോഷങ്ങളും ഇന്നലെ കവെൻട്രിയിൽ നടത്തപെട്ടു.
രാവിലെ 10.30 ന് തുടങ്ങിയ സോഷ്യൽ കെയർ ബോധവത്കരണ സെമിനാർ കവെൻട്രി സിറ്റി കൗൺസിലർ പട്രീഷ്യാ സീമൻ ഉല്ഘാടനം ചെയ്തു. സി കെ സി യുടെ നവീനവും നൂതനവും ആയ പ്രവർത്തനങ്ങളെ അനുമോതിക്കുന്നതോടൊപ്പം മുന്നോട്ട് കവെൻട്രി സിറ്റി കൗൺസിലിന്റെ ഭാഗത്തു നിന്നുമുള്ള എല്ലാ പിന്തുണയും, സഹായങ്ങളും വാഗ്ദാനം ചെയ്തു.
ചൈൽഡ് പ്രൊട്ടക്ഷൻ ആന്റ് സേഫ് ഗാർഡിങ് ക്ലാസ്സിന് നേത്രുത്വം നൽകിയത് വാർവിക്ഷയർ കൗൺസിൽ സോഷ്യൽ വർക്കർ ഷിൻസൺ മാത്യു ആണ്. അന്ധൾട്ട് സോഷ്യൽ കെയർ ഇഷ്യൂസിനെ കുറിച്ച് വാർവിക്ഷയർ കൗൺസിൽ സോഷ്യൽ വർക്കർ ശ്രീ ജോബി തോമസ് ക്ലാസ്സ് എടുത്തു.
Cultural identity and its impact on families in UK എന്ന വിഷയത്തെ കുറിച്ചും, എന്താണ് ഫോസ്റ്റർ കെയർ എന്നും, ഏഷ്യൻ ഫോസ്റ്റർ കെയ്റേഴ്സിന്റെ ആവശ്യത്തെകുറിച്ചും വാർവിക്ഷയർ കൗൺസിൽ സോഷ്യൽ വർക്കർ മിസ്സ് റെബേക്ക ക്ളിഫോഡ് ക്ളാസ്സെടുത്തു.
സി കെ സി യോടൊപ്പം കവന്റി സിറ്റി കൗൺസിലും, വാർവിക്ഷയർ കൗൺഡി കൗൺസിലും സംയുക്തമായി ചേർന്ന് നടത്തിയ ബോധവൽകരണ സെമിനാറിൽ പങ്കെടുത്തത് കവന്റിയിലും കവന്റിയുടെ പരിസരങ്ങളിൽ താമസിക്കുന്ന അനേകം മലയാളികളാണ്. ഇതിൽ പങ്കെടുത്ത എല്ലാവരും അവർക്ക് കിട്ടിയ അവസരങ്ങൾ മുതലെടുത്ത് അനേകം ചോദ്യങ്ങൾ ചോതിക്കുകയും സംശയങ്ങൾ തീർക്കുകയും ചെയ്തു.
സികെസിയുടെ ഈ പുതിയ ആശയത്തെ എല്ലാവരും സ്വാഗതം ചെയ്യുകയും ഇങ്ങനെയാവണം അസോസിയേഷൻ പ്രവർത്തിക്കേണ്ടതെന്നും തുറന്ന് പറയാൻ പലരും മടിക്കാണിച്ചില്ല. മലയാളികൾക്ക് തങ്ങൾ ദൈനന്തിന ജീവിതത്തിൽ നേരിടുന്ന പല വെല്ലുവിളികളും എങ്ങനെ തരണം ചെയ്ത് ധൈര്യത്തോടെ മുന്നോട്ട് നീങ്ങാം എന്ന് ഇന്നത്തെ ബോധവത്കരണ സെമിനാറിലൂടെ പഠിക്കാൻ സ്വാധിച്ചു. അതോടൊപ്പം സോഷ്യൽ വർക്കർമാര് നമ്മുടെ വീട്ടിൽ വരാതിരിക്കാൻ നാം എന്തെല്ലാം മുൻ കരുതലുകൾ എടുക്കണം, ഇനി വന്നാൽ എങ്ങനെ തരണം ചെയ്യണം എന്നും അറിയാൽ സെമിനാറിൽ പങ്കെടുത്ത എല്ലാവർക്കും സാധിച്ചു.
സികെസി വൈസ് പ്രസിഡന്റ് ശ്രീ ജോമോൻ വല്ലായിൽ എല്ലാവർക്കും സ്വാഗതവും ജോയിന്റ് ട്രഷറർ ശ്രീ സുനിൽ മാത്യു നന്ദിയും അറിയിച്ചു. സി കെ സി അടുത്തതായി നവംബർ പതിനേഴിന് നടത്തുന്ന മെഡിക്കൽ ബോധവൽക്കരണ സെമിനാറിലേക്ക് കവന്റിയോട് ചേർന്ന് കിടക്കുന്ന എല്ലാ പ്രദേശത്തുനിന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ ജോർജുകുട്ടി വടക്കേകുറ്റ് അറിയിച്ചിട്ടുണ്ട്.
സംഗമങ്ങളുടെ സംഗമമായ 2019 ലെ ഉഴവൂർ സംഗമം ജൂൺ 22, 23 തീയതികളിൽ കവെൻട്രിയിൽ വെച്ച് നടത്തപ്പെടും. യുക്കെയിലെ സംഗമങ്ങളിൽ വച്ചേറ്റവും വലിയതും, സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്നതും, എല്ലാ വർഷവും പുതുമയേറിയ കലാപരിപാടികൾ കൊണ്ട് പ്രശംസ പിടിച്ച് പറ്റുന്നതും, നൂറ് ശതമാനം ജനപങ്കാളിത്തം എല്ലാ വർഷവും തന്നെ ഉള്ളതും ആയ ഉഴവൂർ സംഗമം അടുത്ത വർഷവും വളരെ വിപുലമായ രീതിയിൽ നടത്താനുള്ള ഒരുക്കങ്ങൾ കവന്റിയിൽ തുടങ്ങി. 2019 ലെ ഉഴവൂർ സംഗമം ജൂൺ 22, 23 തീയതികളിൽ കവന്റിയിൽ വച്ച് നടത്താൻ തീരുമാനിച്ചു എന്ന് സംഘാടകരായ കവന്റി ടീമംഗങ്ങൾ അറിയിച്ചു.
യുകെയിലുള്ള എല്ലാ ഉഴവൂർക്കാരും ഇത് ഒരു അറിയിപ്പായി സ്വീകരിക്കണമെന്ന് സംഘാടകർ അറിയിച്ചുകൊള്ളുന്നു.