UK

മക്കളോടൊപ്പം യുകെയിലെ വേനല്‍ക്കാലം ആസ്വദിക്കാനായി യുകെയിലെത്തിയ പിതാവ് ഇവിടെ വച്ച് നിര്യാതനായി. ഡോര്‍സെറ്റിന് സമീപം പൂളില്‍ താമസിക്കുന്ന ജിജി ജേക്കബ് – സിമി വര്‍ഗീസ്‌ ദമ്പതികളെ സന്ദര്‍ശിക്കാന്‍ നാട്ടില്‍ നിന്നെത്തിയ സിമിയുടെ പിതാവ് ടി.കെ. വര്‍ഗീസ്‌ (69) ആണ് നിര്യാതനായത്. ഒന്നര മാസം മുന്‍പ് യുകെയിലെത്തിയ ഇദ്ദേഹം ഇന്നലെ രാത്രിയാണ് ഹൃദയസ്തംഭനം മൂലം നിര്യാതനായത്.

മാതാപിതാക്കളുടെ സന്ദര്‍ശനത്തില്‍ സന്തോഷഭരിതരായിരുന്ന ജിജിയുടെയും സിമിയുടെയും കുടുംബത്തിന് അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തം ഇവിടുത്തെ മലയാളി കുടുംബങ്ങള്‍ക്കെല്ലാം ദുഖകരമായ ഒരു വാര്‍ത്തയായി. ഇവരെ ആശ്വസിപ്പിക്കാനായി ഡോര്‍സെറ്റ് മലയാളികള്‍ ഒന്നടങ്കം രംഗത്തുണ്ട്. സണ്ണിച്ചായന്‍ എന്നറിയപ്പെട്ടിരുന്ന ടി. കെ. വര്‍ഗീസിന്‍റെ ആത്മശാന്തിക്കായി പൂളിലെ സെന്റ്‌ ക്ലെമന്റ്സ് പാരിഷ് ഹാളില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രത്യേക പ്രാര്‍ത്ഥനയും മറ്റ് ശുശ്രൂഷകളും നടന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്കരിക്കും.

ന്യൂസ് ഡെസ്ക്

നോർഫോൾക്കിൽ ഉണ്ടായ ബൗൺസി കാസിൽ അപകടത്തിൽ പെൺകുട്ടി കൊല്ലപ്പെട്ടു. ഗോളി സ്റ്റോൺ ബീച്ചിലെ ബൗൺസി കാസിലിൽ നിന്ന് തെറിച്ചുവീണാണ് അപകടമുണ്ടായത്. ഇന്നു രാവിലെ 11.15 നാണ് അപകടം നടന്നത്. പാരാമെഡിക്സ് എത്തുന്നതിനുമുമ്പുതന്നെ  സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് പെൺകുട്ടിക്ക് സിപിആർ നല്കി. ആംബുലൻസിൽ ഉടൻ തന്നെ പെൺകുട്ടിയെ ജെയിംസ് പേജറ്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം ഉണ്ടായ സ്ഥലം പോലീസ് കോർഡണിലാണ്. ബീച്ചിന്റെ മറ്റു ഭാഗങ്ങളിൽ പൊതുജനങ്ങൾക്ക്  പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ്, പോലീസ്, ലോക്കൽ അതോറിറ്റി എന്നിവ സംയുക്തമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രണ്ടാമത് യുക്മ വള്ളംകളിയില്‍ ജലചക്രവര്‍ത്തിയായത് തായങ്കരി. തോമസ്കുട്ടി ഫ്രാന്‍സിസ് നേതൃത്വം നല്‍​കിയ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് നേടിയ ഉജ്ജ്വല വിജയത്തിന് ഫാര്‍മൂര്‍ തടാകക്കരയില്‍ തടിച്ച് കൂടിയ ആയിരങ്ങള്‍ സാക്ഷ്യയായി. പ്രാഥമിക റൗണ്ട് മുതല്‍ ആധികാരിക വിജയം നേടിയാണ് ജവഹര്‍ തായങ്കരി മുന്നേറിയത്. രണ്ടാം സ്ഥാനത്തെത്തിയത് യുക്മയിലെ ഏറ്റവും കരുത്തുറ്റ മലയാളി സംഘടനകളിലൊന്നായ നോട്ടിങ്ഹാം എന്‍.എം.സി.എ.യുടെ ബോട്ട് ക്ലബ് തുഴയാനിറങ്ങിയ കിടങ്ങറയാണ്. വടംവലിയില്‍ കരുത്തന്മാരായ നോട്ടിങ്ഹാം വള്ളംകളിയിലും പിന്നിലല്ലെന്ന് തെളിയിച്ചു. സാവിയോ ജോസ് ക്യാപ്റ്റനായുള്ള ടീം പലവട്ടം പരിശീലനം പൂര്‍ത്തിയാക്കി കന്നിയങ്കം തന്നെ അവിസ്മരണീയമാക്കി.

കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ തായങ്കരിയും 2017ലെ ജേതാക്കളായ കാരിച്ചാലും (വൂസ്റ്റര്‍ തെമ്മാടീസ്) ഏറ്റുമുട്ടിയ ഇഞ്ചോടിഞ്ച് വാശിയേറിയ പോരാട്ടം നടന്ന സെമിഫൈനലില്‍ കാരിച്ചാലിനെ വീഴ്ത്തിയതോടെ കഴിഞ്ഞ വര്‍ഷം നടന്ന ഫൈനലില്‍ നേരിട്ട പരാജയത്തിന് മധുരമായി പകരം വീട്ടുന്നതിനും കഴിഞ്ഞു. ലിവര്‍പൂളിന്റെ വിജയശില്പി ക്യാപ്റ്റന്‍ തോമസ്സ്കുട്ടി ഫ്രാന്‍സിസാണെന്ന് നിസ്സംശയം പറയുവാന്‍ കഴിയും. ഏറെ പരിചയസമ്പന്നനായ അദ്ദേഹം 1990ലെ നെഹ്റുട്രോഫിയില്‍ ജവഹര്‍ തായങ്കരി ചുണ്ടനിലും, പമ്പാ ബോട്ട്‌റേസില്‍ ചമ്പക്കുളം ചുണ്ടനിലും ക്യാപ്റ്റനായിരുന്ന കുട്ടനാട് പച്ച സ്വദേശി തോമസുകുട്ടി ഫ്രാന്‍സീസ്, കാല്‍ നൂറ്റാണ്ടിനു ശേഷം തുഴയെറിയലിനു പരിശീലനവും നേതൃത്വവും കൊടുത്ത് കഴിഞ്ഞ വര്‍ഷം ടീമിനെ എത്തിച്ചപ്പോള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് മടങ്ങിയത്. ചിട്ടയായ പരിശീലനത്തിലൂടെ മെയ്യും മനവും സജ്ജമാക്കി ഇത്തവണ ലിവര്‍പൂളിന്റെ ചുണക്കുട്ടന്മാര്‍ ചാമ്പ്യന്‍പട്ടം ലക്ഷ്യമിട്ട് തന്നെയാണ് ഇറങ്ങിയത്. അതിലവര്‍ വിജയിക്കുകയും ചെയ്തു.

ശശി തരൂര്‍ എംപിയില്‍ നിന്നും ജേതാക്കള്‍ക്കുള്ള ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയിലുള്ള യുക്മ എവര്‍റോളിങ് ട്രോഫി ഏറ്റുവാങ്ങി. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് നല്‍കിയത് അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്ടര്‍ ജോയ് തോമസാണ്. ജേതാക്കള്‍ക്ക് നല്‍കുന്ന ട്രോഫി യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വറുഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന് നല്‍കി.

വിജയികള്‍ക്ക് പിന്നാലെ അടുത്ത നാല് സ്ഥാനങ്ങള്‍ക്ക് കൂടി ട്രോഫിയും ക്യാഷ് പ്രൈസും നല്കിയിരുന്നു. കന്നിയങ്കത്തിന് ഇറങ്ങിയ ടീമുകളാണ് ഈ നാല് സ്ഥാനങ്ങളും സ്വന്തമാക്കിയത്.

മൂന്നാം സ്ഥാനത്തെത്തിയത് കവന്‍ട്രി സെവന്‍സ്റ്റാര്‍സ് ബോട്ട് ക്ലബ് തുഴഞ്ഞ കായിപ്രം വള്ളമാണ്. ബാബു കളപ്പുരയ്ക്കല്‍ ക്യാപ്റ്റനായ സെവന്‍സ്റ്റാര്‍സ് പലയാവര്‍ത്തി പരിശീലനം നടത്തിയത് മത്സരഫലത്തില്‍ നിന്നും വ്യക്തമാണ്.

നാലാം സ്ഥാനം നേടിയത് സഹൃദയ ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ ക്യാപ്റ്റന്‍ ജോഷി സിറിയക്കിന്റെ നേതൃത്വത്തിലുള്ള പായിപ്പാട് വള്ളമാണ്.

ലൂസേഴ്സ് ഫൈനലില്‍ ഒന്നാമതെത്തിയത് ജോമോന്‍ കുമരകം ക്യപ്റ്റനായി തുഴഞ്ഞ ബര്‍മ്മിങ്ഹാം ബി.സി.എം.സി ടീമിന്റെ തകഴി വള്ളത്തിനാണ്.

വെരിക്കോസ് വെയിന്‍ ശസ്ത്രക്രിയ, കൂര്‍ക്കംവലി നിയന്ത്രണം, സ്തനവലിപ്പം കുറയ്ക്കല്‍ തുടങ്ങിയവയ്ക്കായുള്ള ശസ്ത്രക്രിയകള്‍ എന്നിവ എന്‍എച്ച്എസില്‍ ഇനി മുതല്‍ ലഭ്യമാകില്ല. ചെലവു ചുരുക്കലിന്റെ ഭാഗമായി ഈ ചികിത്സകള്‍ നിര്‍ത്തലാക്കാന്‍ എന്‍എച്ച്എസ് നേതൃത്വം തീരുമാനിച്ചു. ഇത്തരം ഒരു ലക്ഷത്തോളം അനാവശ്യ പ്രൊസീജ്യറുകളാണ് ഓരോ വര്‍ഷവും ആശുപത്രികളില്‍ നടക്കുന്നത്. ഇവ നിര്‍ത്തലാക്കുന്നതിലൂടെ ലക്ഷക്കണക്കിന് പൗണ്ട് ലാഭിക്കാനാകുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വിലയിരുത്തുന്നു.

കാര്‍പല്‍ ടണല്‍, ഹെമറോയ്ഡ്, വേരിക്കോസ് വെയിന്‍ തുടങ്ങിയവയ്ക്ക് വളരെ അത്യാവശ്യമായ ഘട്ടങ്ങളില്‍ മാത്രമേ എന്‍എച്ച്എസ് ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്തുകയുള്ളു. പല രോഗികളിലും കുത്തിവെയ്പ്പുകളും ആഹാരനിയന്ത്രണവും ഫിസിയോതെറാപ്പിയുമൊക്കെ മതിയാകും ഇവയുടെ ചികിത്സക്കെന്നാണ് വിലയിരുത്തല്‍. അനാവശ്യമായതും റിസ്‌കുള്ളതുമായ പ്രൊസീജ്യറുകള്‍ കുറയ്ക്കുന്നതിലൂടെ അനാവശ്യ ചെലവുകള്‍ കുറയ്ക്കാനും മറ്റ് അത്യാവശ്യ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുമെന്ന് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊ.സ്റ്റീഫന്‍ പോവിസ് പറഞ്ഞു.

എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇക്കാര്യം അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതിനു ശേഷം കണ്‍സള്‍ട്ടേഷനു വിടും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സിന്റെ പരിഗണനയ്ക്കും വിഷയം വിടും. നൈസിന്റെ നിര്‍ദേശം കൂടി പരിഗണിച്ചേ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു.

എ-ക്ലാസ് മയക്കുമരുന്നുകള്‍ കൈമാറുന്നതിനായി മാഫിയകള്‍ ഉപയോഗിക്കുന്നു എന്ന സംശയത്തില്‍ ഓരോ ആഴ്ചയും പിടിയിലാകുന്നത് 40ഓളം കുട്ടികളെന്ന് റിപ്പോര്‍ട്ട്. ഡ്രഗ് മാഫിയകള്‍ 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയാണ് മയക്കുമരുന്ന് കടത്തിനായി ഉപയോഗിക്കുന്നതെന്ന് സണ്‍ഡേ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മയക്കുമരുന്ന് കടത്തിനായി 30,000ത്തോളം കുട്ടികള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടും പുറത്തു വരുന്നത്. ഓരോ ദിവസവും അഞ്ച് കുട്ടികള്‍ വീതമാണ് അറസ്റ്റിലാകുന്നത്. ബ്രിട്ടീഷ് തെരുവുകളിലെ ബാലചൂഷണത്തിന്റെ തെളിവുകളാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

മാഫിയകള്‍ ഉപയോഗിച്ചിരുന്ന 16 വയസില്‍ താഴെ പ്രായമുള്ള 1950 കുട്ടികളെ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. കൊക്കെയിന്‍, ഹെറോയിന്‍ തുടങ്ങിയ മയക്കുമരുന്നുകളാണ് ഇവര്‍ കൈകാര്യം ചെയ്തിരുന്നത്. ലിവര്‍പൂളില്‍ മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റിലായ കുട്ടികളില്‍ അഞ്ചു പേര്‍ 13 വയസില്‍ താഴെ പ്രായമുള്ളവരും രണ്ട് പേര്‍ 12 വയസില്‍ താഴെ മാത്രം പ്രായമുള്ളവരുമാണെന്ന് പോലീസ് വ്യക്തമാക്കി. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 44 പോലീസ് സേനകളില്‍ 33 സേനകള്‍ വിവരങ്ങള്‍ കൈമാറി.

ലണ്ടനില്‍ 486 കുട്ടികളാണ് അറസ്റ്റിലായത്. ഇവരില്‍ 12ല്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. കുട്ടികള്‍ ഇത്തരം മാഫിയകളില്‍ പെടുന്നത് തടയേണ്ടത് അത്യാവശ്യമാണെന്ന് മിസ്സിംഗ് ചില്‍ഡ്രന്‍ ആന്‍ഡ് അഡല്‍റ്റ്‌സ്, ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിന്റെ അദ്ധ്യക്ഷ ആന്‍ കോഫി പറയുന്നു. ആയിരത്തിലേറെ ഗ്യാംഗുകള്‍ മയക്കുമരുന്ന് കച്ചവടത്തിനായി ഹോട്ട്‌ലൈനുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നാണ് നാഷണല്‍ ക്രൈം ഏജന്‍സി പറയുന്നത്.

സമ്മറില്‍ ജനങ്ങള്‍ക്ക് ആശങ്കയായി ഇലക്ട്രിക് ഉറുമ്പുകളും. രാജ്യത്തെ ഏറ്റവും വലിയ ഉറുമ്പ് കോളനി ഈസ്റ്റ്‌ബോണില്‍ കണ്ടെത്തിയതോടെയാണ് ഇത്. ഏഷ്യന്‍ സൂപ്പര്‍ ആന്റ് എന്ന് കൂടി അറിയപ്പെടുന്ന ഇവയെ 2009ലാണ് യുകെയില്‍ ആദ്യമായി കണ്ടെത്തിയത്. ഇറക്കുമതി ചെയ്ത ചെടികളിലൂടെയായിരിക്കാണ് ഇവ യുകെയില്‍ എത്തിയതെന്നാണ് കരുതുന്നത്. ഗ്ലോസ്റ്റര്‍ഷയറിലാണ് ഇവയുടെ ആദ്യ കോളനി പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷം എസെക്‌സ്, ലണ്ടന്‍, നോര്‍ഫ്‌ളോക്ക്, കേംബ്രിഡ്ജ്, യോര്‍ക്ക്ഷയര്‍, സഫോള്‍ക്ക് എന്നിവിടങ്ങളിലും ഇവയുടെ കോളനികള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈസ്റ്റ് സസെക്‌സിലെ ഈസ്റ്റ്‌ബോണില്‍ ഇപ്പോള്‍ കണ്ടെത്തിയ കോളനിയില്‍ ലക്ഷക്കണക്കിന് ഉറുമ്പുകളാണ് ഉളളത്.

2009ല്‍ ഗ്ലോസ്റ്റര്‍ഷയറിലെ നാഷണല്‍ ട്രസ്റ്റിന്റെ ഹിഡ്‌കോട്ട് മാനര്‍ ഗാര്‍ഡന്‍സിലാണ് ഇതിനു മുമ്പ് വലിയ ഉറുമ്പ് കോളനി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. ഒരു ജംഗ്ഷന്‍ ബോക്‌സില്‍ മാത്രം 35,000 ഉറുമ്പുകളെ അന്ന് കണ്ടെത്തി. ഇലക്ട്രിസിറ്റി കേബിളുകളിലും ജംഗ്ഷന്‍ ബോക്‌സുകളിലുമാണ് ഇവയുടെ കോളനികള്‍ സാധാരണ കാണപ്പെടാറുള്ളത്. അതുകൊണ്ടാണ് ഇലക്ട്രിക് ഉറുമ്പ് എന്ന വിളിപ്പേര് ഇവയ്ക്ക് ലഭിച്ചത്. ഇവ മൂലം വൈദ്യുതി തടസങ്ങളും ചിലപ്പോള്‍ തീപ്പിടിത്തങ്ങള്‍ പോലും ഉണ്ടാകാറുണ്ട്. 100 മീറ്ററോളം നീളത്തില്‍ വരെ ഇവയുടെ കൂടുകള്‍ ഉണ്ടാകാറുണ്ട്. പരസ്പരം ബന്ധിതമായ കൂടുകള്‍ ചിലപ്പോള്‍ മൈലുകളോളം നീളും. 50 ഏക്കര്‍ വരെ വലിപ്പമുള്ള കൂടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്കി, സൗത്ത് ഈസ്റ്റ് യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം ലാസിയസ് നെഗ്ലെക്റ്റസ് എന്നാണ്. ഈസ്റ്റ്‌ബോണില്‍ ഇപ്പോള്‍ കണ്ടെത്തിയ വലിയ കോളനി രാജ്യത്ത് ഇവ വന്‍തോതില്‍ പെരുകിയിട്ടുണ്ടെന്നതിന്റെ സൂചനയാണ്.

ന്യൂസ് ഡെസ്ക്

ലീഡ്സിൽ ഉണ്ടായ കാറപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു. രണ്ടു കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവർ 18 നും 21 നും വയസിനിടയിൽ പ്രായമുള്ളവരാണ്. 16ഉം 17ഉം വയസുള്ള രണ്ടു പെൺകുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർ എല്ലാവരും ഒരേ കാറിൽ യാത്ര ചെയ്തിരുന്നവരാണ്. ഇവർ സഞ്ചരിച്ചിരുന്ന സിയറ്റ് ലിയോൺ കാർ യൂബർ ടാക്സിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ടാക്സി ഓടിച്ചിരുന്ന 42 കാരനായ ബ്രാഡ് ഫോർഡുകാരനായ ഡ്രൈവറും പരിക്കുകളേറ്റ് ഹോസ്പിറ്റലിലാണ്.

ലീഡ്സിലെ ഹോർസ് ഫോർത്തിൽ ഔട്ടർ റിംഗ് റോഡായ A6120 ൽ ആണ് ഇന്ന് അതിരാവിലെ 2.41 ന് അപകടം നടന്നത്. അപകടത്തിൽപ്പെട്ട സിയറ്റ് ലിയോൺ കാർ അമിത വേഗതയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പോലീസ് റോഡ് അടച്ചിരിക്കുകയാണ്. കൊളീഷൻ ഇൻവെസ്റ്റിഗേഷൻ ടീം സ്ഥലത്ത് അന്വേഷണം ആരംഭിച്ചു.

എടിഎമ്മുകളില്‍ നിന്ന് സൗജന്യമായി പണമെടുക്കാന്‍ കഴിയുന്ന കാലം യുകെയിലും അവസാനിക്കുന്നു. നാളെ നടപ്പാകുന്ന പുതിയ ക്യാഷ് പോയിന്റ് നിയമങ്ങള്‍ പല എടിഎമ്മുകളില്‍ നിന്നും സൗജന്യമായി പണമെടുക്കുന്നത് നിയന്ത്രിക്കുന്നു. പ്രതിമാസം 300 എടിഎമ്മുകള്‍ വീതം അടച്ചുപൂട്ടുന്നുണ്ടെന്നാണ് കണ്‍സ്യൂമര്‍ വാച്ച്‌ഡോഗായ വിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്. കൂടുതല്‍ എടിഎമ്മുകള്‍ പ്രവര്‍ത്തന നിരതമാക്കാനായി വരുത്തുന്ന മാറ്റങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് പണമീടാക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിതമാക്കുകയാണ്. അതായത് ഇനി മുതല്‍ എടിഎമ്മുകളില്‍ നിന്ന് പണമെടുക്കണമെങ്കില്‍ അതിനുള്ള സര്‍വീസ് ചാര്‍ജ് കൂടി ഉപഭോക്താവ് നല്‍കേണ്ടി വരും.

ഗ്രാമീണ മേഖലകളിലെ ക്യാഷ് പോയിന്റുകള്‍ സംരക്ഷിക്കാനും ഈ രീതി അനുവര്‍ത്തിക്കുന്നതായിരിക്കും ഉചിതമെന്ന് നേരത്തേ നിര്‍ദേശിക്കപ്പെട്ടിരുന്നു. യുകെയിലെ എടിഎമ്മുകളുടെ ഷെയേര്‍ഡ് നെറ്റ്‌വര്‍ക്കായ ലിങ്ക് ക്യാഷ് പോയിന്റുകള്‍ ഉപയോഗിക്കപ്പെടുമ്പോള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഫീസുകള്‍ ശേഖരിക്കും. എന്നാല്‍ ഈ വിധത്തില്‍ പണമീടാക്കുന്നത് ഉപഭോക്താക്കളെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ 2018 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 1500 മെഷീനുകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

2015ല്‍ പ്രതിമാസം 50 മെഷീനുകള്‍ മാത്രമായിരുന്നു ഈ വിധത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നത്. ഗ്രാമീണ മേഖലയിലാണ് ഈ പ്രവണത ഏറ്റവും കൂടുതല്‍ ദൃശ്യമായത്. ബാങ്ക് ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നതിലും വര്‍ദ്ധനയുണ്ടാകുന്നതിനാല്‍ റൂറല്‍ കമ്യൂണിറ്റികള്‍ക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിച്ച് വിലയിരുത്തുന്നു.

ഐവിഎഫ് ചികിത്സക്കുള്ള ഫണ്ടിംഗ് കുറയ്ക്കാന്‍ എന്‍എച്ച്എസ് നേതൃത്വം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ പല പ്രദേശങ്ങളിലും ഇപ്പോള്‍ ശരിയായ വിധത്തിലുള്ള വന്ധ്യതാ ചികിത്സ ലഭിക്കുന്നില്ല. നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മൂന്ന് സൈക്കിള്‍ ട്രീറ്റ്‌മെന്റ് നല്‍കുന്നത് ഇപ്പോള്‍ പത്തിലൊന്ന് സെന്ററുകളിലായി ചുരുങ്ങിയിട്ടുണ്ട്. ഫെര്‍ട്ടിലിറ്റി നെറ്റ്‌വര്‍ക്ക് യുകെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. മറ്റൊരു പത്തിലൊന്ന് സെന്ററുകളില്‍ ഫെര്‍ട്ടിലിറ്റി ചികിത്സ പൂര്‍ണ്ണമായും നിര്‍ത്താന്‍ പോകുന്നതായും അഭ്യൂഹമുണ്ട്. പണച്ചെലവ് ഒഴിവാക്കുന്നതിനാണ് എന്‍എച്ച്എസ് നേതൃത്വം ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സ് (നൈസ്) നിര്‍ദേശമനുസരിച്ച് സ്വാഭാവികമായി ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത 40 വയസില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് മൂന്ന് സൈക്കിള്‍ ചികിത്സ നല്‍കേണ്ടതാണ്. കഴിഞ്ഞ 15 മാസമായി അതില്‍ കൂടുതല്‍ സൈക്കിളുകള്‍ നല്‍കിയിട്ടില്ല. മൂന്ന് സൈക്കിള്‍ ട്രീറ്റ്‌മെന്റുകള്‍ പോലും 16 ശതമാനത്തില്‍ നിന്ന് 11.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ചികിത്സക്കായി ഇപ്പോള്‍ പലരും നെട്ടോട്ടമോടുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ചിലര്‍ ഇംഗ്ലണ്ടില്‍ത്തന്നെയുള്ള മറ്റു പ്രദേശങ്ങളില്‍ ചികിത്സക്കായി തെരയുമ്പോള്‍ മറ്റു ചിലര്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കാനും തുടങ്ങിയിട്ടുണ്ട്. മൂന്ന് സൈക്കിള്‍ ട്രീറ്റ്‌മെന്റ് തേടി ബെര്‍ക്ക്ഷയറില്‍ നിന്ന് 200 മൈലുകള്‍ താണ്ടി ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറിയില്‍ ഒരു കുടുംബം എത്തിയതായി ഫെര്‍ട്ടിലിറ്റി നെറ്റ്‌വര്‍ക്ക് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യമേഖലയില്‍ വന്‍ തുക വേണ്ടിവരുന്ന ചികിത്സയായതിനാലാണ് പലരും ഈ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ തയ്യാറാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബന്ധുവിനെ കുത്തിക്കൊന്ന കോസില്‍ ഇന്ത്യന്‍ വംശജന് 5 വര്‍ഷം തടവ്. വോള്‍വര്‍ഹാംട്ടണിലെ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 41കാരനായ സുഖ്‌വീന്ദര്‍ സിംഗ് നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ കാലാവധിക്ക് ശേഷം ഇയാളെ ഇന്ത്യയിലേക്ക് തിരികെ അയക്കും. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കിയതിന് ശേഷമായിരിക്കും ശിക്ഷാ നടപടികള്‍ ആരംഭിച്ചാല്‍ മതിയെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ ഇയാളുടെ ഭാര്യയുടെ സഹോദരനാണ്. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 10 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

തന്റെ ഭാര്യ സഹോദരനായ ഹമീഷ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സിംഗ് പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. മൂര്‍ച്ചേയേറിയ ആയുധംകൊണ്ട് ഹമീഷ് കുമാറിന്റെ നെഞ്ചില്‍ കുത്തിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇരയുടെ മൃതദേഹവുമായി സിംഗ് വെസ്റ്റ് ബ്രോംവിച്ച് പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. കാറിന്റെ പാസഞ്ചര്‍ സീറ്റില്‍ മൃതദേഹം വെച്ച് സ്റ്റേഷനിലെത്തിയ സിംഗിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മണിക്കൂറോളം പാസഞ്ചര്‍ സീറ്റില്‍ മൃതദേഹവത്തെ ഇരുത്തി അലഞ്ഞതിന് ശേഷമാണ് സിംഗ് വെസ്റ്റ് ബ്രോംവിച്ച് പോലീസ് സ്‌റ്റേഷനിലെത്തിയത്. സ്‌റ്റേഷനിലെത്തിയ ഉടനെ പാസഞ്ചര്‍ സീറ്റില്‍ ഭാര്യ സഹോദരന്‍ മരിച്ചു കിടക്കുന്നതായി ഉദ്യോഗസ്ഥരോട് വിവരിച്ചു. സംശയം തോന്നിയതോടെ പോലീസ് സിംഗിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസ് സ്‌റ്റേഷനിലെത്തിയ സമയത്ത് തന്നെ സിംഗ് മാനസിക അസ്യാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഈ ആനുകൂല്യം കണക്കിലെടുത്താണ് കോടതി വെറും അഞ്ച് വര്‍ഷത്തെ ശിക്ഷ നല്‍കിയതെന്നാണ് കരുതുന്നത്. അതേസമയം കോടതിയില്‍ ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ ചികിത്സയുടെ സമയത്ത് കൊലപാതകം നടത്തിയതായി ഇയാള്‍ പലതവണ വ്യക്തമാക്കിയിരുന്നതായി പോലീസ് പറയുന്നു. ഇതൊരു അസാധാരണമായ കേസായിരുന്നുവെന്ന് കേസന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇരയുടെ മൃതദേഹവുമായി സ്‌റ്റേഷനിലെത്തിയ സമയത്ത് വളരെ സാധാരണമായി പെരുമാറാന്‍ സിംഗ് ശ്രമിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved