UK

ജയന്‍ എടപ്പാള്‍

സമീക്ഷ പുരോഗമന സാംസ്‌കാരിക വേദിയുടെ 2018ലെ സാംസ്‌കാരിക സമ്മേളനവും വാര്‍ഷിക പൊതുയോഗവും പൂളില്‍ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. സമീക്ഷ ദേശീയ പ്രസിഡന്റ് രാജേഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജയപ്രകാശ് മറയൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സ്വപ്‌ന പ്രവീണ്‍ നന്ദിയും രേഖപ്പെടുത്തി. സാംസ്‌കാരിക സമ്മേളനത്തില്‍ ആശംസ നേര്‍ന്നുകൊണ്ടി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് ദേശീയ സെക്രട്ടറി ഹര്‍സേവ് ബൈന്‍സ്, ബോണ്‍മൗത്ത് മലയാളി കമ്യൂണിറ്റി മുന്‍ പ്രസിഡന്റും സാംസ്‌കാരിക പ്രവര്‍ത്തകനും ഇടതുപക്ഷ ചിന്തകനുമായ നോബിള്‍ തെക്കേമുറി എന്നിവര്‍ സംസാരിച്ചു.

സമീക്ഷ നടത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു സംസാരിച്ച ശ്രീരാമകൃഷ്ണന്‍ വരും കാലങ്ങളില്‍ സമീക്ഷയുടെ നേതൃത്വത്തില്‍ നടത്തേണ്ട യൂറോപ്പിലെ പുരോഗമന സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ചും സദസിനെ ബോധ്യപ്പെടുത്തി. ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനപ്രിയ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ലോകകേരള സഭയുടെ പ്രവര്‍ത്തനങ്ങളും വിശദീകരിച്ച സ്പീക്കര്‍ വിദേശ മലയാളികളുടെ കേരളത്തിന്റെ വികസനത്തിനുള്ള പങ്കും ഭാവിയില്‍ വിദേശ മലയാളികള്‍ക്ക് ഇടപെടാന്‍ കഴിയുന്ന മേഖലകളും വിശദീകരിച്ചു.

മറ്റു സാംസ്‌കാരിക സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി സമീക്ഷ യുകെയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിച്ച ഹര്‍സേവ് ബൈന്‍സ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയണം എന്ന പരാതിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പു രേഖപ്പെടുത്താനും അഭ്യര്‍ത്ഥിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ലണ്ടന്‍, ന്യൂഹാം കൗണ്‍സില്‍ മെംബറും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റും ആയ സുഗതന്‍ തെക്കേപ്പുരക്കല്‍, ലോക കേരള സഭ അംഗങ്ങളായ മിറാന്‍ഡ, രാജേഷ് കൃഷ്ണ, മലയാളം മിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തിനു ശേഷം വിവിധ കലാപരിപാടികളും ആഷിക് നേതൃത്വം കൊടുത്ത ക്വിസ് മത്സരവും സദസിനെ ആവേശഭരിതമാക്കി. പൂളിലെ ഗായകര്‍ ആലപിച്ച മനോഹര ഗാനങ്ങളും ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകിയുടെ ദൃശ്യാവിഷ്‌കാരവും സാംസ്‌കാരിക സമ്മേളനത്തിന് മാറ്റുകൂട്ടി

സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഇടതുപക്ഷ ചിന്തകരുടെ സന്ദേശങ്ങള്‍ സ്വപ്‌ന പ്രവീണ്‍ വായിച്ചു. കലാമത്സര വിജയികള്‍ക്ക് ശ്രീരാമകൃഷ്ണന്‍ ട്രോഫികള്‍ വിതരണം ചെയ്തു. സമ്മേളനത്തിനു ശേഷം ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ യുകെയിലെ പതിനഞ്ചോളം ചാപ്റ്ററുകളിസലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമീക്ഷ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത സമ്മേളനം നിലവിലുള്ള കമ്മിറ്റിയിലെ ഒഴിവുകളില്‍ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയും യൂറോപ്പിന് മൊത്തമായി രൂപീകൃതമാകാന്‍ പോകുന്ന സാംസ്‌കാരിക സംഘടനയുടെ തുടക്കം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 21 അംഗ കേന്ദ്രസമിതിയെയും 9 അംഗ സെക്രട്ടറിയേറ്റിനെയും ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തകര്‍ പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.

സംഘടനാ മികവും നേതൃത്വപാടവവും വിളിച്ചോതുന്ന പ്രവര്‍ത്തനങ്ങളാണ് പോളി മാഞ്ഞൂരാന്‍, നോബിള്‍ തെക്കേമുറി, ബേബി പ്രസാദ്, റെജി കുഞ്ഞാപ്പി, ഭാസ്‌കര്‍ പുരയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നത്. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് ആരംഭിച്ച പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജയന്‍ എടപ്പാള്‍, സ്വപ്ന പ്രവീണ്‍ എന്നിവരും രംഗ സജ്ജീകരണങ്ങള്‍ക്കും സമ്മേളന ഹാള്‍ ഒരുക്കലിനും ഷാജിമോന്‍, വെള്ളാപ്പള്ളി ദിനേശ് എന്നിവരും നേതൃത്വം നല്‍കി. ഏറെ വൈകി സമാപിച്ച പ്രതിനിധി സമ്മേളനത്തിനു ശേഷം ഭക്ഷണവും ദൂരെ നിന്നെത്തിയവര്‍ക്ക് താമസ സൗകര്യവും പൂളിലെ സമീക്ഷ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.

സ. ജിജു നായര്‍ എടുത്ത സമീക്ഷ സമ്മേളനത്തിന്‍റെ കൂടുതല്‍ ഫോട്ടോകള്‍ കാണാന്‍ ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ (ഒഎസ്‌സിഇ) പരീക്ഷയില്‍ തോറ്റ വിഷയങ്ങള്‍ വീണ്ടും എഴുതാന്‍ നഴ്‌സുമാര്‍ക്ക് അവസരമൊരുങ്ങുന്നു. നഴ്‌സ് ക്ഷാമം മൂലം വലയുന്ന എന്‍എച്ച്എസ് ആശുപത്രികളുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണം. ഇതേത്തുടര്‍ന്ന് ഒഎസ്‌സിഇ പരീക്ഷയില്‍ വന്‍ ഇളവുകളാണ് എന്‍എംസി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 16 മുതല്‍ ഒഎസ്‌സിഇ പരീക്ഷയില്‍ തോറ്റ വിഷയങ്ങള്‍ മാത്രം എഴുതിയാല്‍ മതിയാകും.

നഴ്‌സിംഗ് ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ ഐഇഎല്‍ടിഎസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും ബാന്‍ഡ് 7 വീതം സ്‌കോര്‍ ചെയ്യുകയും സിബിടി ഓണ്‍ലൈന്‍ പരീക്ഷ പാസാകുകയും വേണം. ഇവയില്‍ വിജയിച്ചല്‍ മാത്രമേ വിസക്ക് അപേക്ഷിക്കാനാകുമായിരുന്നുള്ളു. പിന്നീട് യുകെയില്‍ എത്തിയ ശേഷം മൂന്ന് മാസത്തിനുള്ളില്‍ ഒഎസ്‌സിഇ പരീക്ഷ കൂടി പാസാകണമായിരുന്നു.

കാഠിന്യമേറിയ ഒഎസ്‌സിഇ പരീക്ഷ നഴ്‌സുമാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. ഇനി മുതല്‍ പരീക്ഷയില്‍ തോല്‍ക്കുന്ന വിഷയങ്ങള്‍ മാത്രം എഴുതിയെടുത്താല്‍ മതി. ഒരു പ്രാവശ്യം പരീക്ഷയെഴുതാന്‍ 1000 പൗണ്ടായിരുന്നു ഫീസ്. പുതിയ രീതിയില്‍ പരീക്ഷാ ഫീസ് തുകയും കുറയും. ഈ മാസം 16 മുതല്‍ ഒഎസ്സിഇ പരീക്ഷയ്ക്കിരിക്കുന്നവര്‍ അവര്‍ തോറ്റ വിഷയങ്ങള്‍ മാത്രം എഴുതിയാല്‍  മതിയെന്ന് നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ സീനിയര്‍ ഇന്റര്‍നാഷണല്‍ രജിസ്ട്രേഷന്‍ മാനേജരായ ജാക്ക് ബാന്‍ഡ് സ്ഥിരീകരിച്ചു.

യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ എക്കണോമിക് ഏരിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ എന്‍എംസി രജിസ്ട്രറില്‍  ചേരാനായി അപേക്ഷിക്കുമ്പോള്‍ അവരുടെ കഴിവുകള്‍ നിര്‍ണയിക്കുന്നതിനും ഉറപ്പ് വരുത്തുന്നതിനും സ്വീകരിക്കുന്ന വഴിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

നോട്ടിംഗ്ഹാം: രോഗീ പരിചരണത്തിലെ മികവിന് ഡെയ്‌സി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അംഗീകാരം ഇത്തവണ ലഭിച്ചത് മലയാളി നഴ്സിന്. നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മൂവാറ്റുപുഴ പിച്ചാപ്പള്ളി കുടുംബാംഗമായ നിഷ തോമസ്‌ ആണ് സ്നേഹമസൃണമായ രോഗീപരിചരണത്തിലൂടെ അഭിമാനാര്‍ഹമായ അവാര്‍ഡ് നേടിയത്.  ഒരു പതിറ്റാണ്ടിലേറെയായി യുകെയില്‍ താമസിക്കുന്ന നിഷയ്ക്ക് ഇത് അര്‍പ്പണ മനോഭാവത്തിനുള്ള അംഗീകാരമാണ്. രോഗികള്‍ നല്‍കുന്ന നോമിനേഷനുകള്‍ അടിസ്ഥാനമാക്കിയാണ് എല്ലാ മാസവും നോട്ടിങ്ഹാം എന്‍എച്ച്എസ് ട്രസ്റ്റിലെ ജീവനക്കാരെ ഡെയ്‌സി അവാര്‍ഡ് തേടി എത്തുന്നത്. ആയിരക്കണക്കിന് നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ഈ ട്രസ്റ്റില്‍ നഴ്‌സുമാരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്.

തങ്ങളുടെ കുടുംബത്തിലെ ചെറുപ്പക്കാരനായ പാട്രിക് ബാര്‍നെസിന്റെ ആകസ്മിക മരണത്തില്‍ മനം നൊന്ത ബാര്‍നസ് കുടുംബം, തങ്ങളുടെ ദുരിത സമയത്തു ആശ്വാസവുമായി കൂടെ നിന്ന നഴ്‌സുമാരോടുള്ള കടപ്പാട് സൂചിപ്പിക്കുന്നതിനാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ശരീരത്തിലെ പ്രതിരോധ സംവിധാനം തകര്‍ന്നാണ് 1999 ല്‍ പാട്രിക് ബരാനസ് മരണപ്പെടുന്നത്. തുടര്‍ന്ന് ഡിസീസ് അറ്റാക്കിങ് ദി ഇമ്മ്യൂണ്‍ സിസ്റ്റം എന്ന വാക്കില്‍ നിന്നും ഡെയ്‌സി എന്ന പേര് സ്വീകരിച്ചു നഴ്‌സുമാര്‍ക്കായി ആദരവ് ഒരുക്കുകയാണ് ഡെയ്‌സി ഫൗണ്ടേഷന്‍. ജോലിയിലെ ആത്മാര്‍ത്ഥതയും രോഗിയോടുള്ള സ്‌നേഹമസൃണമായ പെരുമാറ്റവുമാണ് അവാര്‍ഡിന്റെ പ്രധാന മാനദണ്ഡം. അവാര്‍ഡിന് അര്‍ഹയാകുന്ന നഴ്‌സിനു അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തു തന്നെ പൊതു ചടങ്ങു സംഘടിപ്പിച്ചു സര്‍ട്ടിഫിക്കറ്റും എ ഹീല്‍സ് ടച്ച് എന്ന് ആലേഖനം ചെയ്ത പുരസ്‌ക്കാരവും അവാര്‍ഡ് ബാഡ്ജും നല്‍കുകയാണ് പതിവ്. ഹോസ്പിറ്റലിലെ വിവിധ ഭാഗങ്ങളില്‍ വച്ചിരിക്കുന്ന ബാലറ്റ് ബോക്‌സില്‍ രോഗികള്‍ നിക്ഷേപിക്കുന്ന പേരുകളില്‍ നിന്നാണ് നോമിനേഷനുകള്‍ രൂപം കൊള്ളുന്നത്.

ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളിയായിരിക്കും നിഷയെന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ അവാര്‍ഡ് പട്ടിക തെളിയിക്കുന്നു. നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ തൊറാസിക് വാര്‍ഡിലാണ് നിഷ ജോലി ചെയ്യുന്നത്. കഴിഞ്ഞ 13 വര്‍ഷമായി നോട്ടിങ്ഹാം എന്‍എച്ച്എസ് ട്രസ്റ്റ് ജീവനക്കാരിയാണ് നിഷ തോമസ്. ബ്രിട്ടനൊപ്പം 18 രാജ്യങ്ങളിലെ നഴ്‌സുമാരെ ആദരിക്കുന്നതിനും ബര്‍നാസ് കുടുംബം ഡെയ്‌സി അവാര്‍ഡ് നല്‍കുന്നുണ്ട്.

മലയാറ്റൂര്‍ സ്വദേശിയായ പ്രോബിന്‍ പോള്‍ ആണ് നിഷയുടെ ഭര്‍ത്താവ്. ഒന്‍പതു വയസുകാരി ഫ്രേയായും ഏഴു വയസുകാരന്‍ ജോണും ആണ് നിഷ, പ്രോബിന്‍ ദമ്പതികളുടെ മക്കള്‍. ഡല്‍ഹി തീര്‍ത്ഥ രാം ഷാ ഹോസ്പിറ്റലില്‍ നിന്നാണ് നിഷ നഴ്‌സിങ് പാസായത്.

മനോജ്കുമാര്‍ പിള്ള

യുകെ മലയാളികളുടെ മനസ്സില്‍ ആവേശത്തിന്റെ പൊന്നോളങ്ങളുയര്‍ത്തി മനോഹരമായ ദൃശ്യാനുഭവം സമ്മാനിച്ച കേരളാപൂരം-യുക്മ വള്ളംകളിയോടനുബന്ധിച്ച് പ്രത്യേകമായി സംഘടിപ്പിച്ച പ്രൗഢോജ്വലമായ ചടങ്ങില്‍ വെച്ച് യുക്മ സാംസ്‌കാരിക വേദി നടത്തിയ സാഹിത്യമത്സരങ്ങളുടെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം നടത്തി. യുകെ മലയാളികള്‍ക്കെല്ലാം പങ്കെടുക്കുവാന്‍ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീ വിഭാഗങ്ങളില്‍ സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായിരുന്നു സാംസ്‌കാരിക വേദി മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. വിവിധ വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള പുരസ്‌കാരവും പ്രശസ്തിപത്രവും യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റുമാരായ സുജു ജോസഫ്, ഡോ. ദീപാ ജേക്കബ്, സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ സി എ ജോസഫ്, ജനറല്‍ കണ്‍വീനര്‍ മനോജ്കുമാര്‍ പിള്ള, സാഹിത്യവിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി, സാഹിത്യവിഭാഗം പ്രതിനിധി മാത്യു ഡൊമിനിക്ക്, യുക്മ മുന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍, മുന്‍ ജനറല്‍ സെക്രട്ടറി സജീഷ് ടോം എന്നിവര്‍ നല്‍കി. സി എ ജോസഫ് സ്വാഗതവും ജേക്കബ് കോയിപ്പള്ളി നന്ദിയും പറഞ്ഞു.

കേരളാപൂരം വള്ളംകളിയോടൊപ്പം കേരളത്തിന്റെ തനതായ പൈതൃകം വിളിച്ചോതിക്കൊണ്ടുള്ള വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും തനിമയോടെ അവതരിപ്പിച്ച മഹത്തായവേദിയില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് സാംസ്‌കാരികവേദിയുടെ സാഹിത്യ മത്സരവിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്കിയതെന്നറിഞ്ഞ വിശിഷ്ടാതിഥികള്‍ വിശേഷിച്ച് യുണൈറ്റഡ് നേഷന്‍സിന്റെ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലും മുന്‍ കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായ ശ്രീ. ശശി തരൂര്‍ എം.പി, കേരളാ നിയമസഭ സ്പീക്കറും സാഹിത്യകുതുകിയുമായ ശ്രീ. പി ശ്രീരാമകൃഷ്ണന്‍, എം.എല്‍.എമാരായ ശ്രീ. വി.ടി. ബല്‍റാം, ശ്രീ. റോഷി അഗസ്റ്റിന്‍, യുകെ പാര്‍ലമെന്റ് അംഗം ശ്രീ. മാര്‍ട്ടിന്‍ ഡേ എം പി, കൗണ്ടി കൗണ്‍സില്‍ മേയര്‍മാര്‍ ഒക്കെ യുക്മ സാംസ്‌കാരികവേദിയെയും പുരസ്‌കാര ജേതാക്കളെയും പ്രത്യേകം അഭിനന്ദിച്ചു.

യുകെ മലയാളികളില്‍ ബഹുമുഖ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുക്മ കഴിഞ്ഞ പത്തുവര്‍ഷമായി സംഘടിപ്പിക്കുന്ന കലാമേളകള്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും അതോടൊപ്പം എവിടെയും മലയാളികള്‍ തങ്ങളുടെ വേരു മറക്കാതെ കാത്തുസൂക്ഷിക്കുന്നത് ഇത്തരം മത്സരങ്ങളിലൂടെയുമാണെന്നും, യുകെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹപ്പിക്കാനുമായി യുക്മ നടത്തുന്ന സാഹിത്യമത്സരങ്ങളും ഏറെ ശ്ലാഘനീയമാണെന്നും കൂടുതല്‍ ഭംഗിയായി പ്രവര്‍ത്തനങ്ങള്‍ തുടരണം എന്നും ശ്രീ. തരൂര്‍ അഭിപ്രായപ്പെട്ടു.

മത്സരങ്ങളുടെ വിധി നിര്‍ണ്ണയം നടത്തിയത് പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ. പി.ജെ.ജെ. ആന്റണി, ശ്രീ. തമ്പി ആന്റണി, ശ്രീ. ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരായിരുന്നു. സാഹിത്യമത്സരങ്ങളില്‍ നിന്നുള്ള സമ്മാനാര്‍ഹമായ രചനകളും പ്രസിദ്ധീകരണയോഗ്യമായ തെരഞ്ഞെടുക്കപ്പെട്ട കൃതികളും യുക്മ സാംസ്‌കാരിക വേദി എല്ലാ മാസവും പത്താംതീയതി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതുമാണെന്ന് യുക്മ ദേശീയ ഭാരവാഹികളും സാംസ്‌കാരികവേദി ഭാരവാഹികളും അറിയിച്ചു. അവാര്‍ഡ് ജേതാക്കളെയും ഒപ്പം എല്ലാ മത്സരാര്‍ത്ഥികളെയും യുക്മ ഭാരവാഹികളും സാംസ്‌കാരികവേദി ഭാരവാഹികളും അഭിനന്ദിച്ചു.

ജെറമി ഹണ്ടിനു കീഴില്‍ ചില സുപ്രധാന മേഖലകളില്‍ എന്‍എച്ച്എസ് പിന്നോട്ടു പോയെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ആറു വര്‍ഷം ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തിരുന്ന ഹണ്ടിനു കീഴില്‍ ജീവനക്കാരും അതൃപ്തരായിരുന്നുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തങ്ങളുടെ ശബ്ദത്തിനു പ്രാധാന്യം നല്‍കിയതില്‍ ഹണ്ടിന് നന്ദി പറയുകയാണ് ചില പേഷ്യന്റ് ഗ്രൂപ്പുകള്‍. ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തു നിന്ന് ഫോറിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാറിയ ഹണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും പ്രവഹിക്കുകയാണ്. താന്‍ ഒരു കര്‍ക്കശക്കാരനാണെന്നാണ് ചില ജീവനക്കാര്‍ കരുതുന്നതെന്ന് വിടവാങ്ങല്‍ സന്ദേശത്തില്‍ ഹണ്ട് പറഞ്ഞു.

വീക്കെന്‍ഡുകളിലെ ഓവര്‍ടൈമിന് ഡോക്ടര്‍മാര്‍ക്ക് നല്‍കി വന്നിരുന്ന വേതനം വെട്ടിക്കുറച്ചതും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് വൈകുന്നേരങ്ങളില്‍ ഡ്യൂട്ടി നല്‍കിയതുമൊക്കെ ഹണ്ടിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിരുന്നു. ഇതിനെതിരെ നടന്ന സമരങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന റേച്ചല്‍ ക്ലാര്‍ക്ക് എന്ന പാലിയേറ്റീവ് കെയര്‍ ഡോക്ടര്‍ രൂക്ഷമായ ഭാഷയിലാണ് ഹണ്ടിനെ വിമര്‍ശിക്കുന്നത്. മറക്കാനാവാത്തതും നാണംകെട്ടതുമായ സമ്പ്രദായങ്ങളാണ് ഹണ്ട് നടപ്പിലാക്കിയതെന്ന് ഇവര്‍ പറയുന്നു. 7000 ബെഡുകള്‍ വെട്ടിക്കുറച്ചു. വിന്റര്‍ ക്രൈസിസ് മനുഷ്യാവകാശ പ്രതിസന്ധി പോലും സൃഷ്ടിച്ചു.

ആശുപത്രി ഇടനാഴികളില്‍ അകാല മരണങ്ങള്‍ വര്‍ദ്ധിച്ചുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ രോഗീ സുരക്ഷയില്‍ ഹണ്ട് ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്‍എച്ച്എസ് ചികിത്സാപ്പിഴവുകള്‍ മൂലം രോഗികള്‍ മരിച്ച അവസരങ്ങളില്‍ ബന്ധുക്കള്‍ പറയുന്നത് കേള്‍ക്കാനും അത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഹണ്ട് ശ്രദ്ധിച്ചിരുന്നുവെന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

യുകെയില്‍ നിര്യാതനായ മലയാളി റോഷന്‍ ജോണിന്റെ സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച്ച. സംസ്‌കാര ശുശ്രൂഷകള്‍ സെന്റ് മേരീസ് മദര്‍ ഓഫ് ഗോഡ് റോമന്‍ കാത്തലിക് ചര്‍ച്ചിലാണ് നടക്കുക. ജൂലൈ 12 വ്യാഴാഴ്ച്ച രാവിലെ 10 മണിക്കാണ് ചടങ്ങ്. ശേഷം ഉച്ചയ്ക്ക് 1.30ന് ഒക്കെന്‍ഡന്റ് റോഡിലെ അപ്മിന്‍സ്റ്റര്‍ സെമിറ്ററിയില്‍ മൃതദേഹം സംസ്‌ക്കരിക്കും.

റോഷന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നികത്താനാവാത്ത ഒരു വിടവും ദുഃഖവുമാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സാമൂഹ്യ ജീവികളായ നമ്മള്‍ നമ്മുടേതായ സാമൂഹിക പ്രതിബദ്ധതയും സ്‌നേഹവും സഹകരണവും സഹായവും റോഷന്റെ കുടുംബത്തിന് നല്‍കേണ്ടിയിരിക്കുന്നു. നിങ്ങളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ അതിനായി പ്രതീക്ഷിച്ചുകൊള്ളുന്നു.

തുടര്‍ന്നുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും വ്യാഴാഴ്ച നടക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകളിലും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പങ്കുചേര്‍ന്നു നമ്മുടെ ആദരവും ബഹുമാനവും സ്‌നേഹവും ഏറ്റവും ഭംഗിയായി പ്രകടിപ്പിക്കണമെന്നും നിങ്ങളോട് താഴ്മയായി അപേക്ഷിക്കുന്നു.

സണ്ണിമോൻ മത്തായി

വാറ്റ്ഫോഡ്:  ഓണാഘോഷത്തോടനുബന്ധിച്ച് കെ.സി.എഫ് വാറ്റ്ഫോഡ് നടത്തിയ ബാഡ്മിൻറൺ ടൂർണമെൻറിൽ ഡെന്നി-ഡാർവിൻ സഖ്യം ജേതാക്കളായി. തോമസ് പാർമിറ്റേസ് സ്പോർട്സ് സെൻററിൽ വച്ചു നടന്ന ബാഡ്മിൻറൺ ടൂർണമെൻറിൽ വാറ്റ്ഫോഡിൽ നിന്നുളള പ്രഗത്ഭരായ 11ടീമുകൾ അണിനിരന്നു. അത്യന്തം വീറും വാശിയും നിറഞ്ഞ മത്സരം കാണികൾക്ക് ഹരം പകരുന്നതായിരുന്നു. കൃത്യമായ ചിട്ടയോടു കൂടി നടന്ന മത്സരങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. രാവിലെ 11 ന് ആരംഭിച്ച മത്സരത്തിന്റെ ഉദ്ഘാടനം കേരളത്തിലെ പ്രമുഖ ബിൽഡേഴ്സ് ആയ Mumkiz Builder’s Pvt Ltd ഉടമ ഡോട്ടി ദാസ് നിർവഹിച്ചു.

First Runner up

Roy and Sunil Warrier

Second Runner up

Balaji and Benny

3rd Runner up

Charles and Beno.

എബിന്‍ പുറവക്കാട്ട്

സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ വി.തോമാശ്ലീഹായുടെയും വി.അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഭക്തി സാന്ദ്രമായി കൊണ്ടാടി. ഭാരതത്തിനു വിശ്വസ വെളിച്ചം പകര്‍ന്നു നല്കിയ അപ്പസ്‌തോലനായ വി.തോമാശ്ലീഹായുടെയും മലയാളക്കരയുടെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ലോംഗ് സൈറ്റ് സെന്റ്.ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ ക്രൈസ്തവ വിശ്വാസത്തെ പ്രഘോഷിക്കപ്പെടുന്ന വിവിധ തിരുക്കര്‍മ്മങ്ങളോടും കലാപരിപാടികളോടും കൂടെ ആഘോഷിക്കപ്പെട്ടു.

ശനിയാഴ്ച്ച വൈകുന്നേരം സെന്റ്.ജോസഫ് പള്ളി വികാരി ഫാ.ഇയാന്‍ ഫാരലിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന കൊടിയേറ്റോടു കൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത് ഫാ.സാജന്‍ നെട്ടപ്പൊങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷപൂര്‍വ്വമായ കുര്‍ബാനയോെടെ ആരംഭിച്ച തിരുക്കള്‍മ്മങ്ങള്‍ ക്രൈസ്തവ മൂല്യങ്ങള്‍ വിളിച്ചറിയിക്കപ്പെടുന്നതും അതുവഴി വിശ്വാസ സമുഹത്തെ ഭക്തിയുടെ പാരമ്യത്തില്‍ എത്തിക്കുന്നതും ആയിരുന്നു.
ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞ് 3 മണിയോടു കൂടി ആരംഭിക്കുകയും സീറോ മലബാര്‍ കമ്മ്യൂണിറ്റി സെന്റ്ററില്‍ നിന്നും പ്രദക്ഷിണമായി വിശ്വാസികള്‍ പളളിയിലേക്ക് വരുകയും ചെയ്തു സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള മാലാഖമാരെ പ്രതിനിധാനം ചെയ്തു വെള്ളയുടുപ്പുകള്‍ അണിഞ്ഞ് കുഞ്ഞുങ്ങളും കേരള തനിമ വിളിച്ചോതുന്ന പരമ്പാരഗത വേഷങ്ങള്‍ അണിഞ്ഞ ക്രൈസ്തവ സമൂഹം തിരുന്നാള്‍ പ്രദക്ഷിണത്തിനു മാറ്റുകൂട്ടി. നാട്ടിലെ തിരുനാള്‍ ആഘോഷങ്ങളുടെ പ്രതീതി ജനിപ്പിക്കുമാറ് പള്ളിയും പരിസരവും വര്‍ണ്ണശബളമായ മുത്തുക്കുടകളാലും കൊടിതോരണങ്ങളാലും അലംകൃതമായിരുന്നു.

ഇടവക ജനങ്ങളെ വിശ്വാസത്തില്‍ ഊട്ടിയുറപ്പിക്കാനായി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ആഘോഷ നിര്‍ഭരമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും ക്രൈസ്തവ വിശ്വാസത്തെയും മൂല്യങ്ങളെയും പ്രഘോഷിക്കപ്പെടുന്നതായിരുന്നു.
ബാഹ്യമായ ആഘോഷങ്ങളെക്കാള്‍ ഉപരിയായി വിമര്‍ശനങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് നമ്മുടെ വിശ്വാസത്തെ പ്രലോഷിപ്പിക്കപ്പെടുന്നവയും വരും തലമുറയ്ക്ക് ആ വിശ്വാസത്തെ പകര്‍ന്നു കൊടുക്കാന്‍ ഉതകുന്നതും ആയിരിക്കണം നമ്മുടെ തിരുനാള്‍ ആഘോഷങ്ങള്‍ എന്ന് അച്ചന്‍ കുര്‍ബാന മധ്യേ പറയുകയുണ്ടായി തിരുനാള്‍ ബലിയെ തുടര്‍ന്ന് അമ്പ് എഴുന്നള്ളിക്കുന്നതിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു.

ഇടവക തിരുനാളിനോട് അനുബന്ധിച്ച് വുമന്‍സ് ഫോറം അംഗങ്ങള്‍ ഒരുക്കിയ തട്ടുകടയില്‍ നിന്ന് രുചിയൂറുന്ന വിഭവങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു തിരുനാള്‍ ആലോഷങ്ങളുടെ ഭാഗമായി ഇടവക ജനങ്ങളുടെ വിവിധയിനം കലാപരിപാടികളും അതോടൊപ്പം സണ്‍ഡെ സ്‌കൂള്‍ വാര്‍ഷികവും നടത്തപ്പെട്ടു ഇടവകയിലെ കുട്ടികളും മുതിര്‍ന്നവരുമായ കലാപ്രതിഭകള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ പ്രേക്ഷകര്‍ക്ക് ഒരു നല്ല കലാവിരുന്നായി
വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നോടു കൂടി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു
ഫാ.മാത്യു പിണക്കാട്ടിന്റെ നേതൃത്വത്തില്‍ തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ജോസി ജോസഫ്, ട്രസ്റ്റിമാരായ വര്‍ഗീസ് കോട്ടക്കല്‍ ഹാന്‍സ് ജോസഫ് എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികളുടെയും വേദ പാഠ അധ്യാപകരുടെയും ഏറെ ദിവസത്തെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായിരുന്നു വളരെ മനോഹരമായ തിരുനാളും സണ്‍ഡെ സ്‌കൂള്‍ വാര്‍ഷിക ആഘോഷവും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാനായി നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്കും വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നതായി തിരുനാള്‍ സംഘാടക കമ്മറ്റി അറിയിച്ചു.

 

കാനേഷ്യസ് അത്തിപ്പൊഴിയില്‍

ദേശാന്തരങ്ങള്‍ കടന്നു ജീവിതം കെട്ടിപ്പടുക്കുവാന്‍ മറുനാട്ടിലെത്തിയ യുകെ മലയാളികള്‍ ഓരോരുത്തരും എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന ഒന്നാണ് നമ്മുടെ നാടിന്റെ ഓര്‍മ്മകളും ചിന്തകളും. അത്തരം ജന്മനാടിന്റെ ഓര്‍മ്മകളും പേറി, മറുനാട്ടില്‍ നാടന്‍കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന തിരുവിതാംകൂറിന്റെ തലയെടുപ്പായ ചേര്‍ത്തലയുടെ മക്കള്‍ നാലാമത് സംഗമത്തിനായി ജൂണ്‍ 26 ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡില്‍ ഒത്തു കൂടി. സ്‌കൂള്‍, കോളേജ് കാലഘട്ടങ്ങളിലെ ഓര്‍മ്മകളും, നാട്ടുവിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേര്‍ത്തലക്കാര്‍ ഒരു ദിവസം മനസ്സ് തുറന്ന് ആഘോഷിച്ചു. പ്രസിഡന്റ് സാജു ജോസഫിന്റെ അധ്യക്ഷത്തില്‍ കൂടിയ ചടങ്ങില്‍ യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരി സിസിലി ജോര്‍ജ് മുഖ്യാതിഥിയായി പങ്കെടുത്തു.

ഓക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ രക്ഷാധികാരിയായ പ്രമോദ് കുമരകം ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തി. ചാരിറ്റിയുടെ മഹനീയ സന്ദേശവും പകര്‍ന്നു കൊണ്ട് കഴിഞ്ഞ സംഗമത്തില്‍ അംഗങ്ങള്‍ ചാരിറ്റിക്കായി സമാഹരിച്ച 68306 രൂപ, സാമ്പത്തിക പരാധീനതകളാല്‍ ചികിത്സക്ക് ബുദ്ധിമുട്ടിയിരുന്ന ചേര്‍ത്തല നിവാസികളായ തണ്ണീര്‍മുക്കത്തുള്ള 19 വയസ്സുകാരന്‍ അഹില്‍, 38 വയസുകാരനായ പട്ടണക്കാട്ടുള്ള ഉദയന്‍ എന്നിവര്‍ക്ക് നല്‍കിയതായി ചാരിറ്റി കോര്‍ഡിനേറ്റര്‍ സാജന്‍ മാടമന യോഗത്തെ അറിയിച്ചു. പ്രസിഡന്റ് സാജു ജോസഫ്, സെക്രട്ടറി ടോജോ ഏലിയാസ്, ട്രഷറര്‍ ജോണ്‍ ഐസക്, ചാരിറ്റി കോര്‍ഡിനേറ്റര്‍ സാജന്‍ മാടമന എന്നിവര്‍ക്ക് യോഗം നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് ചേര്‍ത്തല സംഗമത്തിന്റെ 2018 -2019 ലെ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള റിജോ ജോണ്‍ പ്രസിഡന്റ് ആയും സാജന്‍ മാടമന സെക്രട്ടറി ആയും ജോസിച്ചന്‍ ജോണ്‍ ട്രഷറര്‍ ആയും ഷെഫീല്‍ഡില്‍ നിന്നുള്ള ആനി പാലിയത്ത് ചാരിറ്റി കോര്‍ഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. നാട്ടുകാര്‍ തമ്മില്‍ നിരന്തര ബന്ധവും പരസ്പര സഹകരണവും ഊട്ടിയുറപ്പിക്കുവാന്‍ ഉതകുന്ന തലത്തിലും പ്രവര്‍ത്തന മേഖല വിപുലീകരിക്കുവാനുള്ള ഭാഗത്തിന്റെ അടിസ്ഥാനത്തിലും അടുത്ത പ്രാവശ്യം മുതല്‍ സംഗമം കൂടുതല്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷമാക്കുവാന്‍ യോഗത്തില്‍ തീരുമാനം ഉണ്ടായി.

ലക്ഷക്കണക്കിന് പൗണ്ടിന്റെ കള്ളപ്പണവുമായി പിടിയിലായ പാകിസ്ഥാന്‍ വംശജരുടെ സംഘത്തിന് 26 വര്‍ഷം തടവുശിക്ഷ നല്‍കാന്‍ വിധി. ചൗധരി യഹ്യ, സഹോദരന്‍ ഷഹബാസ് അലി, ആബിദ് ഹസ്സന്‍, ബോസ്താസ് എന്നിവര്‍ക്കാണ് തടവുശിക്ഷ ലഭിച്ചത്. യഹ്യയുടെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിച്ചത്. സൗത്ത് മാഞ്ചസ്റ്ററിലെ ലോംഗ്‌സൈറ്റില്‍ ഒരു പഴയ പോസ്റ്റ് ഓഫീസില്‍ ഇയാള്‍ ആരംഭിച്ച മണി സര്‍വീസ് ബ്യൂറോയിലൂടെയായിരുന്നു കള്ളപ്പണം വെളുപ്പിച്ചിരുന്നത്. സങ്കീര്‍ണ്ണമായ മാര്‍ഗ്ഗങ്ങളിലൂടെ കോടിക്കണക്കിന് പൗണ്ടിന്റെ കള്ളപ്പണം ഇവിടെ വെളുപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു..

ഇയാള്‍ ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്. കുട്ടികള്‍ക്ക് പ്രൈവറ്റ് വിദ്യാഭ്യാസമായിരുന്നു നല്‍കിയിരുന്നത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രഹസ്യമായി നടത്തിയ അന്വേഷണങ്ങളിലാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായത്. ഈസ്റ്റ് മാഞ്ചസ്റ്ററിലെ ഓഡന്‍ഷോയിലുള്ള ആരോ ട്രേഡിംഗ് എസ്‌റ്റേറ്റിലാണ് സംഘത്തിന്റെ രഹസ്യനീക്കങ്ങള്‍ നടന്നിരുന്നതെന്ന് വ്യക്തമായി. 2014 സെപ്റ്റംബറില്‍ ഇവിടേക്ക് നിരവധി വലിയ ബാഗുകള്‍ എത്തിച്ചിരുന്നതിന് പോലീസ് ദൃക്‌സാക്ഷിയായി. പിന്നീട് നാടകീയമായ ഒരു നീക്കത്തില്‍ മാഞ്ചസ്റ്ററില്‍ വെച്ച് യഹ്യയുടെ കാര്‍ പോലീസ് തടഞ്ഞു. എന്നാല്‍ ഉള്ളില്‍ നിന്ന് ഡോറുകള്‍ ലോക്ക് ചെയ്തതിനാല്‍ പോലീസിന് വിന്‍ഡോകള്‍ തകര്‍ക്കേണ്ടി വന്നു.

കാറിന്റെ പിന്‍സീറ്റില്‍ ബിന്‍ ബാഗുകളിലാക്കിയ നിലയില്‍ 2.5 ലക്ഷം പൗണ്ടിന്റെ കറന്‍സി കണ്ടെത്തുകയും ചെയ്തു. ആബിദ് ഹസ്സന്‍ എന്നയാളുടെ കാറിന്റെ ഹോള്‍ഡോളില്‍ നിന്ന് 3 ലക്ഷം പൗണ്ടിന്റെ നോട്ടുകളാണ് പിടികൂടിയത്. ട്രാഫോര്‍ഡില്‍ നിന്ന് സംഘത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ പിടികൂടിയിരുന്നു. ഇതില്‍ നിന്ന് 2.7 ലക്ഷം പൗണ്ടാണ് ലഭിച്ചത്. സംഘത്തിലെ നാലു പേരില്‍ നിന്നായി 818,000 പൗണ്ടാണ് ആകെ പിടികൂടിയത്. ഇവരുടെ കേന്ദ്രത്തില്‍നിന്ന് 29,604 പൗണ്ടും പിടികൂടി. യഹ്യക്ക് 12 വര്‍ഷവും ഷഹബാസ് അലിക്ക് ഒമ്പതര വര്‍ഷവും ബോസ്താസിന് രണ്ടു വര്‍ഷവും എട്ടു മാസലും ഹസ്സന് രണ്ടു വര്‍ഷവും 11 മാസവുമാണ് തടവ് വിധിച്ചിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved