ഷിൻസൺ മാത്യു
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഉഴവൂർക്കാർ ഈ വീക്കെന്റിൽ ഒന്നിച്ചു കൂടുമ്പോൾ സല്ലപിച്ചും, പാട്ടുപാടിയും ഉറക്കമില്ലാത്ത മൂന്ന് ദിനങ്ങൾക്കായി ഉഴവൂരുകാർ വീണ്ടും ഒന്നിക്കുന്നു.
ഒരുമിക്കാനും, പങ്കുവയ്ക്കാനും, സന്തോഷത്തോടെ ഒത്തുചേരാനും ആയി യുകെയിലെ എല്ലാ ഉഴവൂർക്കാരേയും വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ടീം ഷെഫീൽഡ് അറിയിച്ചു. ഡിസംബർ ഒന്ന് വെള്ളിയാഴ്ച നാല് മണി മുതൽ വെയിൽസിലുള്ള കഫൻലീ പാർക്കിൽ ഉഴവൂർ സംഗമം തുടങ്ങും.
കൃത്യം ആറുമണിക്ക് പതാക ഓപ്പൺ ചെയ്തു കൊണ്ട് ഉഴവൂർ സംഗമം ചെയർമാൻ അലക്സ് തൊട്ടിയിൽ സംഗമത്തിന് തുടക്കംകുറിക്കും. മുന്നൂറിലധികം ആൾക്കാർ പങ്കെടുക്കുന്ന സെലിബ്രേഷൻ നൈറ്റ് ആഘോഷമാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടീം ഷെഫീൽഡ് അറിയിച്ചു. ഡിസംബർ രണ്ടാം തീയതി ഉഴവൂർ സംഗമത്തിന്റെ മെഗാ സംഗമം കൃത്യം 10 മണിക്ക് ആരംഭിക്കും. അതിഥികളായി യുകെയിലും വിദേശത്ത് നിന്നും വരുന്നവരെ ഉഴവൂർ സംഗമം ആദരിക്കും. ഡിസംബർ രണ്ടിന് പത്തുമണിക്ക് ആരംഭിക്കുന്ന സംഗമം രാത്രി പത്ത് മണിവരെ നീണ്ടുനിൽക്കും. വിവിധ കലാപരിപാടികളായ ഡാൻസ്, ഡിജെ, ചെണ്ടമേളം, ക്യാബ് ഫയർ നൈറ്റ്, ഗാനമേള, വെൽക്കം ഡാൻസ്, പാട്ട്, റാലി, വടം വലി, വിവിധ തരത്തിലുള്ള മറ്റ് ആഘോഷങ്ങളും, ഒപ്പം സ്വാദിഷ്ടമായ ഭക്ഷണവും, കുട്ടികൾക്കും, ടീനേജിനും എല്ലാവർക്കും ഒരു പോലെ ആസ്വദിക്കത്തക്ക വിധത്തിലുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ചെയർമാൻ അലക്സ് തൊട്ടിയിൽ അറിയിച്ചു.
ഉഴവൂർക്കാർ ഒന്നിച്ചു കൂടുമ്പോൾ കോവിഡ് മഹാമാരിക്ക് ശേഷം നടത്തുന്ന രണ്ടാമത്തെ സംഗമത്തിൽ കൂട്ടുകാരെയും ബന്ധുക്കളെയും കാണാനും പഴയകാല സ്മരണകൾ അയവിറക്കാനും ഉള്ള അവസരം ആയി ഈ സംഗമം മാറും എന്ന് ഉറപ്പ്. ഏകദേശം നാനൂറോളം പേർ പങ്കെടുക്കുന്ന ഈ സംഗമം യുകെ ഉഴവൂർ സംഗമചരിത്രത്തിലെ ഏറ്റവും വലിയ സംഗമമായി മാറുമെന്ന് ചീഫ് കോർഡിനേറ്റർ ശ്രീ ബെന്നി വേങ്ങാച്ചേരീൽ അറിയിച്ചു. സംഗമത്തിന് നേതൃത്വം വഹിക്കാൻ കോർഡിനേറ്റേഴ്സ് ആയി ശ്രീ അലക്സ് തൊട്ടിയിൽ , ബെന്നി വേങ്ങാച്ചേരീൽ, അഭിലാഷ് തൊട്ടിയിൽ, സിബി വാഴപ്പിള്ളിൽ, ഷാജി എടത്തിമറ്റത്തിൽ, സാബു തൊട്ടിയിൽ, മജു തൊട്ടിയിൽ, സുബിൻ പാണ്ടിക്കാട്ട്, അജീഷ് മുപ്രാപ്പിള്ളിൽ എന്നിവർ മറ്റ് വിവിധ കമ്മിറ്റിയോടൊത്ത് ചേർന്ന് ഉഴവൂർ സംഗമത്തിന് വരുന്നവർക്ക് ഉഴവൂര് എത്തിയ പ്രതീതി ഉളവാക്കാൻ എല്ലാം ഒരുക്കങ്ങളും പൂർത്തിയായതായി ചീഫ് കോർഡിനേറ്റർ ശ്രീ അലക്സ് തൊട്ടിയിൽ അറിയിച്ചു.
ലൈഫ് ലൈൻ പ്രൊട്ടക്ഷൻ ആൻഡ് മോർഗേജസ് മുഖ്യ സ്പോൺസർ ആയ ഉഴവൂർ സംഗമം ഡിസംബർ മൂന്നിന് പത്ത് മണിക്ക് വിശുദ്ധ കുർബാനയോടെ തുടങ്ങി ഉഴവൂർ സംഗമം വൈകിട്ട് നാലു മണിയോടെ സമാപിക്കും എന്ന് ടീം ഷെഫീൽഡ് അറിയിച്ചു.
ജോഷി ചിത്രം ‘ആന്റണി’ ഡിസംബർ ഒന്നിന് യുകെ തിയേറ്ററുകളിൽ; പ്രീമിയർ നവംബർ 30ന്
മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ആൻ്റണി യുകെ തിയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ യുകെ മലയാളിയായ ഐൻസ്റ്റീൻ സാക് പോൾ ആണ്, ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രത്തിലെ കോംബോ ജോജു ജോർജ്ജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർക്ക് ഒപ്പം കല്ല്യാണി പ്രിയദർശനെയും അണിനിരത്തി “ആൻ്റണി” നിർമ്മിച്ചിരിക്കുന്നത്.
ഡിസംബർ ഒന്നിന് വേൾഡ് വൈഡ് റിലീസ് ആയി തീയറ്ററുകളിൽ എത്തുന്ന ചിത്രം, ബർമിംഹാമിൽ നവംബർ 30ന് പ്രീമിയർ ഷോയോട് കൂടി ആരംഭിക്കുന്നു. യുകെ മലയാളികളായ ഷിജോ ജോസഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ചിത്രത്തിൽ ഗോകുൽ വർമ, കൃഷ്ണരാജ് രാജൻ എന്നിവർ സഹ നിർമ്മാതാക്കൾ ആകുന്ന ആൻ്റണിയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
സിനിവേൾഡ്, ഒഡിയോൺ, വ്യൂ എന്നീ തീയറ്റർ ശ്രുംഘലകളിൽ ആർ.എഫ്.ടി ആണ് പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രത്തിൻ്റെ പ്രമോയുടെ ഭാഗമായി ജോജുവും കല്യാണിയും ചെമ്പനും വേൾഡ് മലയാളി കൗൺസിലിൻ്റെ വള്ളം കളിയിൽ പങ്കെടുക്കുവാൻ എത്തിയിരുന്നത് യുകെ യിൽ ഈ ചിത്രത്തിന് ഏറെ ജനപ്രീതി നൽകിയിരുന്നു.
ജോഷിയുടെ മുൻ ചിത്രങ്ങളിലെ പോലെ മാസ്സ് ആക്ഷൻ രംഗങ്ങളോടൊപ്പം കുടുംബ ബന്ധങ്ങളും സംസാരിക്കുന്ന ചിത്രമായിരിക്കും ആൻ്റണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ട്രെയിലർ, പാട്ടുകൾ എന്നിവ ആരാധർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.
പൊറിഞ്ചു മറിയം ടീമിന് പുറമെ വിജയരാഘവൻ, ആശ ശരത്ത്, ബിനു പപ്പു, ജിനു ജോസഫ്, ഹരിശന്ത്, അപ്പാനി ശരത്ത്, സുധീർ കരമന തുടങ്ങി വൻ താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
തിരക്കഥ: രാജേഷ് വർമ്മ, ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്,lപ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ എന്നിവരാണ് മറ്റു അണിയറ ശില്പികൾ.
പാട്ടഴകിന്റെ വിസ്മയ നിമിഷങ്ങള്‍ പകരാന്‍ നീലാംബരി സീസണ്‍ 4 എത്തുകയായ്. ഓരോ വര്‍ഷവും നീലാംബരിയിലേക്കുള്ള ജനപ്രവാഹം കൂടുന്നത് പരിഗണിച്ച് ഇക്കുറി കൂടുതല്‍ മികവുറ്റ സൗകര്യങ്ങളും വിപുലമായ സന്നാഹങ്ങളുമുള്ള പൂള്‍ ലൈറ്റ് ഹൗസിലാണ് പരിപാടി നടത്തുന്നത്. കൂടുതല്‍ ഇരിപ്പിടങ്ങളുള്ള ലൈറ്റ് ഹൗസിലെ അത്യാധുനിക വേദിയില്‍ 2024 ഒക്ടോബര്‍ 26 ന് നീലാംബരി കലാകാരന്‍മാര്‍ സംഗീത -നൃത്ത ചാരുതയുടെ ഭാവതലങ്ങള്‍ പകരുമ്പോള്‍ ആസ്വാദകാനുഭവം ആനന്ദമയമാകുമെന്ന് ഉറപ്പിക്കാം.
കലയുടെ ലയപൂര്‍ണിമ നുകരാന്‍ താങ്കളെയും കുടുംബത്തെയും ഏറെ സ്‌നേഹത്തോടെ നീലാംബരി സീസണ്‍ 4 ലേക്ക് സ്വാഗതം ചെയ്യുകയാണ്. മനസില്‍ മായാതെ കുറിച്ചിടാന്‍ തീയതി ചുവടെ ചേര്‍ക്കുന്നു.
2024 ഒക്ടോബര്‍ 26
Lighthouse
21 kingland Road, poole
BH15 1UG4
ന്യൂസ് ഡെസ്ക് മലയാളം യുകെ
ശ്രീ നാരായണഗുരുവിന്റെ ആത്മീയ അന്വേഷണങ്ങളുടെ വെളിച്ചം മനുഷ്യരിലേക്കെത്തിക്കുന്ന മാനവികതയെ ആഘോഷിക്കുന്ന മഹാതീര്‍ഥാടന കേന്ദ്രമാണ് ശിവഗിരി. ആത്മീയ പുരോഗതിയിലേക്കുള്ള അറിവിന്റെ തീർത്ഥാടനം 91 മത് വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യൂറോപ്പിലെ ഗുരുഭക്തരും ആവേശത്തിലാണ് . ഈ വർഷം മുതൽ തീർത്ഥാടനത്തിന് ശിവഗിരിയിൽ എത്തിച്ചേരുവാൻ സാധിക്കാത്ത യൂറോപ്പിലെ ശ്രീനാരായണീയർക്കായി യു കെയിൽ അവസരം ഒരുങ്ങുന്നു. 2023 ഡിസംബർ 30, 31 തീയതികളിൽ യു കെ യിലെ ശിവഗിരി ആശ്രമത്തിൽ രണ്ടു ദിവസങ്ങളിലായി ശിവഗിരി തീർത്ഥാടനഘോഷം നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം നിങ്ങൾ ഏവരെയും അറിയിച്ചു കൊള്ളട്ടെ.
യു കെ യിൽ വൂൾവർഹാംടൺ എന്ന സ്ഥലത്തെ ലോർഡ്‌സ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ശിവഗിരി ആശ്രമത്തിൽ നിന്നും ഒരു വിളിപ്പാടകലെ ശ്രീ ബുദ്ധനും, ഭഗവാൻ കൃഷ്ണനും, , ജുമുഅമസ്ജിദ്തും ഗുരുദ്വാരയും,, ക്രിസ്ത്യൻ ദേവാലയവും തുടങ്ങി സർവമതങ്ങളുടെയും ആത്മീയ കേന്ദ്രങ്ങൾ ഒത്തു ചേരുന്ന സ്ഥലത്താണ് തീർത്ഥാടന പദയാത്ര നടത്തുവാനായി തിരഞ്ഞെടുത്തിട്ടുള്ളത്.
ഗുരുദേവൻ നമുക്ക് നേടിത്തന്ന മാന്യതയുടെ രുദ്രാക്ഷം അണിഞ്ഞു നമ്മൾ ഗുരുവിനോട് ചേർന്നവർ എന്നുറക്കെ പറയുവാനുള്ള സാമൂഹ്യനില പിടിച്ചെടുത്തവരാണ്. മത സൗഹാർദം അരക്കിട്ടുറപ്പിക്കാൻ കഴിയുന്നതും , ആത്മീയ ഭൗതികരംഗങ്ങളില്‍ യു കെ യിലെ ശിവഗിരി ആശ്രമം ലോകത്തിനു മാതൃകയാകണം എന്ന ഉദ്ദേശത്തോടെയുള്ള ചരിത്രദൗത്യം ഏറ്റടുത്തു നടപ്പാക്കുവാൻ പറ്റുമെന്നുള്ള ഉറച്ച വിശ്വസമാണ് ആശ്രമത്തിന്റെ ഭാരവാഹികൾക്കുള്ളത്. യു കെ യിൽ ആദ്യമായി നടക്കുന്ന ഈ തീർത്ഥാടനത്തിനോടാനുബന്ധിച്ചു നടത്തുന്ന പദയാത്രയിലും, തീർത്ഥാടനത്തിലും യുകെയിലെ എല്ലാ ഗുരു ഭക്തരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ റെക്സം കത്തീഡ്രലിൽ നടന്ന ക്രിസ്മസിന് ഒരുക്കമായ ഏകദിന ധ്യാനം ഏവർക്കും അനുഗ്രഹ വചസുകൾ പ്രധാനം ചെയ്യുന്നതായിരുന്നു . ധ്യാനത്തിൽ മുഖ്യ വചന പ്രഘോഷണം നടത്തിയ ഫന്റാസഫ് ഡിവൈൻ ധ്യാന കേന്ദ്രത്തിലെ വചന പ്രഘോഷകൻ ബഹുമാനപെട്ട ഫാദർ പോൾ പാറേകാട്ടിൽ വി. സി. കുടുംബത്തെ കുറിച്ചും, വിശ്വാസത്തെയും, സ്നേഹത്തെയും ഓരോ വ്യക്തിയും താൻ എന്തിനായി വിളിക്കപ്പെട്ടിരിക്കുന്നു തുടങ്ങിയ വിഷയങ്ങളെ കുറിച്ച് നല്ല ചിന്താല്മകമായ ക്ലാസ്സുകളും, ആരാധനയും,, രോഗശാന്തി പ്രാർത്ഥനകളും ഏവർക്കും ആത്മീയ ഉണർവ് പകരുന്നതായിരുന്നു.
ഉച്ചക്ക് ശേഷം നടന്ന ആരാധനയും പരിശുദ്ധ കുർബാനയുടെ ആശിർവാദവും,സമൂഹ ബലിയും വളരെ ഭക്തി സാന്ദ്രമായിരുന്നു. പരിശുദ്ധ കുർബാനയിൽ പോളച്ചൻ മുഖ്യ കാർമികനും ബഹുമാനപെട്ട ജോർജ് സി. എം. ഐ, ഫാദർ ജോൺസൺ കാട്ടിപറമ്പിൽ സി എം ഐ എന്നിവർ സഹ കാർമികരായി.
രാവിലെ മുതൽ മുഴുവൻ സമയവും കുമ്പസാരിപ്പിക്കുവാൻ ചിലവഴിച്ച ബഹുമാനപെട്ട ജോർജ് അച്ചനും, ജോൺസൺ അച്ചനും അതു പോലെ ധ്യാനത്തിന്റെ ഒരുക്കങ്ങൾ ക്രമീകരിച്ച ബഹുമാനപെട്ട ജോൺസൺ അച്ചനും, ഭക്തി പൂർണമായ ഗാനങ്ങൾ നേതൃത്വം നൽകിയ ഗായകരായ പ്രദീഷ്, ജെയിംസ്, ഡോളി, ആൻസി, അനുഷ എന്നിവർക്കും, ധ്യനത്തിന് ആവശ്യമായ സൗണ്ട് സിസ്റ്റം കണ്ട്രോൾ ചെയ്ത ജിക്കുവിനും ,ജോലി തിരക്കും, കുട്ടികളുടെ സ്കൂൾ കാര്യവും ക്രമീകരിച്ച് ഒരു ദിവസം പ്രാർത്ഥനക്കും നവീകരണത്തിനുമായി വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന ഏവർക്കും റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ നന്ദി നേരുന്നു.
അടുത്ത മാസത്തെ ക്രിസ്മസ് ന്യൂ ഇയർ മാസ്സ് ഡിസംബർ 31-ന് 3 – മണിക്ക് കത്തീഡ്രലിൽ നടത്തപ്പെടുന്നു ഏവർക്കും സ്വാഗതം….
ഇന്ന് നവംബർ 25 ശനിയാഴ്ച കവൻറിയിൽ വെച്ചു നടത്തപെടുന്ന പത്താമത് ഇടുക്കി ജില്ലാ സംഗമത്തിന് എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായി. ഹൈറേഞ്ചും, ലോറേഞ്ചും ഉൾപ്പെട്ട ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിന്റെ മനോഹാരിതയും, മൊട്ടകുന്നുകളും, താഴ്വാരങ്ങളും,സുഗന്ധ വ്യഞ്ജനങ്ങളുടെ പറുദീസായും ലോക ഭൂപടത്തിൽ ഇടം നേടിയ മനോഹരമായ ഇടുക്കി ആർച്ച് ഡാം ജലസംഭരണിയും നമ്മുടെ മാത്രം അഭിമാനമായ മൂന്നാറും.
മിൽട്ടൻ കെയ്ൻസ്: ഇംഗ്ളീഷ് നാഷണൽസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിലും, ഡബിൾസിലും, മിക്സഡ് ഡബിൾസിലും സ്വർണ്ണമെഡലുകൾ തൂത്തുവാരി നിഖിൽ ദീപക് പുലിക്കോട്ടിൽ മലയാളികൾക്ക് വാനോളം അഭിമാനം ഉയർത്തിയിരിക്കുകയാണ്.
മിൽട്ടൺ കെയ്ൻസിൽ വെച്ച് നടന്ന 2023 നാഷണൽസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലാണ് നിഖിൽ തന്റെ അജയ്യത വീണ്ടും തെളിയിച്ചത്. നവംബർ 18, 19 തീയതികളിലായി നടന്ന ദേശീയ ബാഡ്മിന്റൺ ടൂർണ്ണമെന്റിലും, കഴിഞ്ഞ രണ്ടുവർഷവും സിംഗിൾസ് ചാമ്പ്യനായിരുന്ന നിഖിലിന് ഈ വിജയത്തോടെ ഹാട്രിക് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
U 13 സിംഗിൾസിൽ ഗോൾഡ് നേടിയ നിഖിൽ ദീപക് ഡബിൾസിൽ ഏറ്റിന്നെ ഫാനുമായി ( ഹോങ്കോങ് താരം) ചേർന്നുണ്ടാക്കിയ പാർട്ണർഷിപ്പിലും, മിക്സഡ് ഡബിൾസ്സിൽ വേദൻഷി ജെയിനുമായി (നോർത്ത് ഇന്ത്യൻ) കൈകോർത്തും സ്വർണ്ണ മെഡലുകൾ തൂത്തുവാരുക ആയിരുന്നു.
2022 ൽ സ്ലോവാനിയയിൽ വെച്ച് നടന്ന അന്താരാഷ്ട്ര ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ U13 കാറ്റഗറിയിൽ സിംഗിൾസിൽ ബ്രോൺസ് കരസ്തമാക്കുകയും, ഡബിൾസിൽ നിഖിൽ, ഏറ്റിന്നെ ഫാനുമായി ചേർന്ന് സ്വർണ്ണം നേടി രാജ്യാന്തര തലത്തിലും തന്റെ നാമം എഴുതിച്ചേർത്തിട്ടുള്ള പ്രതിഭയാണ് നിഖിൽ.
ലണ്ടനിൽ താമസിക്കുന്ന ദീപക്-ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ ഇളയ മകനാണ് നിഖിൽ ദീപക് പുലിക്കോട്ടിൽ. പിതാവ് ദീപക് NHS ൽ ബിസിനസ് ഇന്റലിജൻസ് മാനേജറായും, അമ്മ ബിനി ദീപക് NHS ൽ തന്നെ പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി ചെയ്തു വരികയാണ്.
നിഖിലിന്റെ ജ്യേഷ്‌ഠ സഹോദരൻ സാമൂവൽ പുലിക്കോട്ടിലും, ഇംഗ്ലണ്ടിലെ ബാഡ്മിന്റൻ കളിക്കളങ്ങളിൽ ശ്രദ്ധേയനാണ്. U 16 കാറ്റഗറിയിൽ സിംഗിൾസിൽ 10 ആം റാങ്കും ഡബിൾസിൽ 5 ആം റാങ്കും ഉള്ള സാമൂവൽ
11 ആം വർഷ വിദ്യാർത്ഥിയാണ്
അപ്മിനിസ്റ്റർ കൂപ്പർ ആൻഡ് കോബോൺ സ്ക്കൂളിൽ വിദ്യാർത്ഥികളാണ് നിഖിലും, സാമുവലും. 8 ആം ക്ലാസ്സിൽ പഠിക്കുന്ന നിഖിൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നതോടൊപ്പം സ്കൂൾ തലത്തിലുള്ള ഇതര ആക്റ്റിവിറ്റികളിലും സജീവവും, മിടുക്കനുമാണ്.
നിഖിലിന്റെ കായിക മികവ് മുൻ തലമുറകളുടെ സ്പോർട്സ് രംഗത്തുള്ള പിന്തുടർച്ച കൂടിയാണെന്നാണ് കുടുംബാംഗങ്ങളുടെ വിലയിരുത്തൽ. നിഖിലിന്റെ മുതുമുത്തച്ഛൻ ഒക്കുറു അക്കാലത്തെ പേരുകേട്ട ഒരു ബോൾ ബാഡ്മിന്റൺ കളിക്കാരനായിരുന്നു. മുത്തച്ഛൻ വിന്നി ജൂനിയർ സ്റ്റേറ്റ് ബാസ്കറ്റ് ബോൾ താരവും, ഷട്ടിൽ ബാഡ്മിന്റൺ കളിയിൽ പ്രശസ്തനുമായിരുന്നു. അഖിലിന്റെ പിതാവും നല്ലൊരു കളിക്കാരനാണ്
ചെറുപ്പം മുതലേ ബാഡ്മിന്റൺ ട്രെയിനിങ് തുടങ്ങിയിട്ടുള്ള നിഖിൽ OPBC ക്ലബ്ബിൽ റോബർട്ട് ഗോല്ഡിങ് എന്ന മുൻ ഇംഗ്ലണ്ട് ദേശീയ താരത്തിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത് .
ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ തുടർച്ചയായി ഗോൾഡ് മെഡൽ കരസ്ഥമാക്കിയതിന്റെ മികവിൽ ഈ വർഷത്തെ അണ്ടർ 13 ഇംഗ്ലണ്ട് ടീമിലേക്കും നിഖിലിന് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിൽ ബാഡ്മിന്റൺ കായിക രംഗത്ത് രാജീവ് ഔസേഫിലൂടെ മലയാളി താരത്തിളക്കത്തിനു തുടക്കം കുറിച്ച ദേശീയ തലത്തിലും, അന്താരാഷ്ട്ര രംഗത്തും അറിയപ്പെടുന്ന ഒരു ബാഡ്മിന്റൺ താരമാവണം എന്നാണ് ഈ മിടുമിടുക്കന്റെ വലിയ അഭിലാഷം. അതിനു ശക്തമായ പിന്തുണയും പ്രോത്സാഹനവുമായി കുടുംബവും, സ്‌കൂളും, കോച്ചും ഒപ്പം മലയാളി സമൂഹവും ഉണ്ട്.
കഴിഞ്ഞ ദിവസം ഇസ്റ്റീലിയിൽ വച്ച്നടന്ന “ഇംഗ്ലീഷ് ഗോജു- റിയു കരാട്ടെ-ഡു അസോസിയേഷൻ” (ഇജികെഎ) യുടെ നേതൃത്വത്തിൽ നടന്ന “ട്രഡീഷണൽ ഒകിനാവാൻ മാർഷ്യൽ ആർട്ട് ഓഫ് ഗോജു- റിയു കരാട്ടെ” അപൂർവങ്ങളിൽ അപൂർവമായ ബ്ലാക്ബെൽറ്റും ഗോൾഡ് മെഡലും വാങ്ങി തിളങ്ങി നിൽക്കുകയാണ് ബോൺമൗത്തിൽ നിന്നുള്ള ഈ കൊച്ചുമിടുക്കിയായ അലീറ്റ അലക്സ് .
അഞ്ചാംവയസുമുതൽ കാരാട്ടെ പഠിക്കുന്ന അലീറ്റയും, സഹോദരൻ ആഡോൺ അലക്സും വിവിധ ദേശീയ, പ്രാദേശിക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ഗോൾഡ് മെഡൽ ഉൾപ്പെടെ വിവിധ മെഡലുകൾ നേടുകയും ചെയ്തിട്ടുണ്ട്. സിംഗിളും, ഗ്രൂപ്പുമായി “കാറ്റ” കളിലും, “കുമിതെ” കളിലുമാണ് ഇ കൊച്ചു മിടുക്കർ മെഡലുകൾ കരസ്ഥമാക്കിയത്.
പല ഗ്രേഡിലെ ബെൽറ്റുകളുള്ള അൻപതോളം കുട്ടികൾ പഠിക്കുന്ന ബീച്ച് സിറ്റിയായ ബോൺമൗത് ശാഖയായ “ടെൻഷി കരാട്ടെ അക്കാഡമി” ലെ ഏറ്റവും മിടുക്കരും ആദ്യത്തെ മലയാളി കുട്ടികളുമായ ഇവർ രണ്ടു പേരും, യുകെയുടെ സൗത്വെസ്റ് റീജിയനിലുള്ള ഇരുനൂറ്റി അമ്പതോളം കുട്ടികളുമായി മത്സരിച്ചാണ് ഈ അപൂർവ സമ്മാനങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത്.
അലീറ്റയുടെ കഠിനാധ്വാനവും, അർപ്പണ മനോഭാവവും, സമർപ്പണവുമാണ് ഈ കൊച്ചുമിടിക്കിക്കു തൻെറ സ്വപ്നമായ ബ്ലാക് ബെൽറ്റ് എന്ന അപൂർവ നേട്ടം ഈ ചെറുപ്രായത്തിൽത്തന്നെ കൈവരിക്കാൻ പറ്റിയതെന്ന് അലീറ്റയുടെ കരാട്ടെ ടീച്ചർ ആയ സെൻസെയ് ലിസ ഡൊമെനി അഭിപ്രായപ്പെടുകയും ക്ലാസിൽ ഇവർക്ക് പ്രത്യേക സ്വീകരണം നൽകുകയും ചെയ്തു. അതോടൊപ്പം, മലയാളികുട്ടികളടക്കം ക്ലാസിലുള്ള മറ്റു കുട്ടികളെ പഠിപ്പിക്കാനുള്ള അവസരവും ഈ കൊച്ചുമിടിക്കിക്കു കിട്ടിയിരിക്കുകയാണ്.
അനേകവർഷങ്ങളായി ബി.സി.പി കൗൺസിലിൽ സോഷ്യൽവർക്ക് മാനേജരായി ജോലിചെയ്യുന്ന, പാലാ മേവട സ്വദേശി, തോട്ടുവയിൽ അലക്സിന്റെയും, എൻഎച്ച്എസിൽ ഒഫ്താൽമോളജിയിൽ സ്പെഷ്യലിസ്റ്റ് നേഴ്സ് ആയി ജോലിചെയ്യുന്ന ലൗലിയുടെയും പ്രിയ മക്കളാണ് അലീറ്റയും അഡോണും. കരാട്ടെ ചാമ്പ്യൻഷിപ്പിൽ അപൂർവ ബഹുമതി നേടി ഇവർ മറ്റു കുട്ടികൾക്ക് പ്രചോദനവും അതുപോലെതന്നെ ബോൺമൗത്തിലെ താരങ്ങളുമായി മാറിയിരിക്കുകയാണ് ഈ ചുണകുട്ടികൾ.
സ്വപ്നരാജ്യത്തിനു ശേഷം രഞ്ജി വിജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മൂന്നാംഘട്ടം. യവനിക ടാക്കീസിന്റെ ബാനറിൽ പൂർണ്ണമായും യുകെയിൽ ഷൂട്ട് ചെയ്തിട്ടുള്ള സിനിമയിൽ രഞ്ജി വിജയനെ കൂടാതെ പുതുമുഖ താരങ്ങളുൾപ്പെടെ ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്. യുകെയിലെ പ്രമുഖ ഫിലിം ഡിസ്‌ട്രിബ്യുട്ടേഴ്‌സായ RFT ഫിലിംസ് ആണ് ലണ്ടൻ പ്രീമിയറിന്റെ വിതരണം നിർവഹിക്കുന്നത്.
രഞ്ജി വിജയനെ കൂടാതെ സിജോ മംഗലശ്ശേരിൽ, ജോയ് ഈശ്വർ, സിമി ജോസ്, കുര്യാക്കോസ് ഉണ്ണിട്ടൻ, ബിട്ടു തോമസ്, പാർവതി പിള്ള, ഹരിഗോവിന്ദ് താമരശ്ശേരി, സാമന്ത സിജോ തുടങ്ങിയവർ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സംയുക്ത സംവിധായകരായി എബിൻ സ്കറിയ, ഹരിഗോവിന്ദ് താമരശ്ശേരി എന്നിവരും, സംവിധാന സഹായികളായി രാഹുൽ കുറുപ്പ്, റോഷിനി ജോസഫ് മാത്യു എന്നിവരും, ഛായാഗ്രഹണം അലൻ കുര്യാക്കോസും, പശ്ചാത്തല സംഗീതം കെവിൻ ഫ്രാൻസിസും നിർവഹിച്ചിരിക്കുന്നു. രാജേഷ് റാമും രഞ്ജി വിജയനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന സിനിമ ജനുവരിയിലെ യുകെ റിലീസിന് ശേഷം പ്രമുഖ ഒ ടി.ടി പ്ലാറ്റ്ഫോം വഴി പ്രേക്ഷകരിലേക്കെത്തും.
കേംബ്രിഡ്ജ്: ” ജനാധിപത്യ മൂല്യങ്ങളും, മാനവ അവകാശങ്ങളും സാമൂഹിക സമത്വവും ഉറപ്പാക്കുന്ന ഭരണം, പ്രതിജ്ഞാബദ്ധതയും, വിശാല കാഴ്ചപ്പാടും, ദിശാബോധവുമുള്ള രാഷ്ട്രീയ നേതാക്കളിലൂടെയേ കഴിയൂ” എന്ന് വീ ഡി സതീശൻ. “വിദ്യാഭ്യാസം, ആരോഗ്യം, നീതി, തൊഴിൽ, പാർപ്പിടം, ഭക്ഷണം, ക്രമ സമാധാനം,സമത്വം എന്നിവ മാനുഷിക അവകാശമാണെന്നും അത് നൽകുവാൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്” എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ ‘സോഷ്യൽ ജസ്റ്റിസ് ആൻഡ് പൊളിറ്റിക്കൽ ഇക്വാലിറ്റി’ എന്ന വിഷയത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു സതീശൻ. ‘സാമൂഹിക അസന്തുലിതാവസ്ഥ സാമ്പത്തിക മേഖലയിലും, മാനവികതയിലും, ജാതീക വ്യവസ്ഥതിയിലും വളരെയേറെ ആപൽക്കരമായ അവസ്ഥയിൽ വളർന്നു കൊണ്ടിരിക്കുന്നുവെന്നും’ അദ്ദേഹം ആശങ്ക അറിയിച്ചു.
കേംബ്രിഡ്ജ് ആൻഡ് പീറ്റർബറോ കൗൺസിൽ മേയർ അന്ന സ്മിത്ത് തന്റെ സന്ദേശത്തിൽ തൊഴിൽ മേഖലകളിലും ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ നയങ്ങളിലും സമത്വവും സന്തുലിതവുമായ നയങ്ങളാണ് ബ്രിട്ടൻ പിന്തുടരുന്നതെന്ന് എങ്കിലും സാധാരണ തൊഴിലാളികൾക്കും ആരോഗ്യ രംഗത്തുള്ളവർക്കും ജീവനാംശത്തിനുതകുന്ന വേതന നയം തിരുത്തേണ്ടതുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും’ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ചിന്തോദ്ദീപകമായ സംഭാഷണവും, വിശാലമായ കാഴ്ചപ്പാടും, പാണ്ഡിത്യവും തന്നെ വളരെയേറെ ആകർഷിച്ചു എന്ന് കൗൺസിലർ അന്ന സ്മിത്ത് കൂട്ടിച്ചേർത്തു.
കേംബ്രിഡ്ജ് സിറ്റി കൗൺസിൽ ഡെപ്യൂട്ടി മേയറും സോളിസിറ്ററുമായ ബൈജു തിട്ടാല അദ്ധ്യക്ഷത വഹിക്കുകയും വിഷയം അവതരിപ്പിച്ചു ഡിബേറ്റിനു തുടക്കം കുറിക്കുകയും ചെയ്തു.
സർക്കാർ ആശുപത്രികളുടെ വികസനം, കാരുണ്യ പദ്ധതി, അനിയന്ത്രിത ലോട്ടറി നിരോധനം, കുട്ടികളുടെ ഉച്ച ഭക്ഷണം, സാമൂഹിക നീതി തുടങ്ങിയ മേഖലകളിൽ തന്റേതും കൂടിയ ഇടപെടലുകൾ വിജയം കാണുവാൻ കഴിയുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ച സതീശൻ ഓരോ വ്യക്തികളുടെയും ചോദ്യങ്ങൾക്കു കൃത്യമായ മറുപടിയും നൽകി.
വിദ്യാഭ്യാസ മേഖലകൾ, സർക്കാർ ആരോഗ്യ രംഗം എന്നിവയിലുള്ള കാലിക അപ്ഡേറ്റ്സ്, കുട്ടികളുടെ ആരോഗ്യ പോളിസി, ട്രാൻസ്ജെൻഡറുകൾക്കുള്ള സാമൂഹിക നീതി ഉറപ്പാക്കൽ, വിദേശത്തു നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി തിരിച്ചെത്തുന്നവർക്കുള്ള ജോലി സാദ്ധ്യത, വ്യവസായ സംരംഭകർക്ക് അനുകൂല സാഹചര്യം തുടങ്ങിയ വിഷയങ്ങൾ ARU സ്റ്റുഡൻസ് യൂണിയൻ വൈസ് പ്രസിഡണ്ട് നിതിൻ രാജ്, ബോബിൻ ഫിലിഫ്, ജെയ്‌സൺ ജോർജ്ജ്, ഇൻസൺ ജോസ് തുടങ്ങിയവർ സംബോധന ചെയ്തു.
ARU കേരളാ സൊസൈറ്റി പ്രസിഡണ്ട് റമീസ് നാസർ, വൈസ് പ്രസിഡണ്ട് നിതിൻ രാജ്, ഖജാൻജി ജിനു മേരി, കേരളാ സൊസൈറ്റി മെംബേർസ് എന്നിവർ സെമിനാറിന് നേതൃത്വം വഹിച്ചു. സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.