ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്‍റ് പുരോഗമിക്കുന്നു. എക്സല്‍ ലേഷർ സെന്‍ററില്‍ നടന്ന കോവെൻട്രി റീജിയണല്‍ മത്സരങ്ങളുടെ ഉദ്ഘാടനം സമീക്ഷ മുൻ നാഷണല്‍ പ്രസിഡന്‍റ് സ്വപ്ന പ്രവീൺ നിർവഹിച്ചു. കോവെൻട്രി യൂണിറ്റ് പ്രസിഡന്‍റ് ജുബിൻ അയ്യാരില്‍ അധ്യക്ഷത വഹിച്ചു. 24 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഉമാദേവി കിഴക്കേമന, അരുൺ ജേക്കബ്, വിഘ്‌നേഷ് കുമാർ, വിനു പാതായിക്കര എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. അമ്പയർമാരിലെ സ്ത്രീ സാന്നിധ്യം വേറിട്ട കാഴ്ചയായി.

ധനുഷ് വിനോദ് -ബേസിൽ നവാസ് സഖ്യം മത്സരത്തില്‍ വിജയികളായി. ആഷ്‌ലിൻ അഗസ്റ്റിൻ -ജർമി കുര്യൻ സഖ്യം രണ്ടാം സ്ഥാനവും സാക്ഷം ശർമ്മ – ബെൻസൺ ബെന്നി സഖ്യം മൂന്നാം സ്ഥാനവും നേടി. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് പുറമെ നാലാം സ്ഥാനം കരസ്ഥമാക്കിയ അതീത് ഗുരുങ് – സുപർണ്ണ സഖ്യം കൂടി ഗ്രാന്‍റ് ഫിനാലേയിലേക്ക് യോഗ്യത നേടി. ഒന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും ട്രോഫികളും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 101 പൗണ്ടും ട്രോഫികളും, 51 പൗണ്ടും ട്രോഫികളും നല്‍കി. ദി ടിഫിൻ ബോക്സ്‌ കോവെൻട്രി, ലെജൻഡ് സോളിസിറ്റേഴ്‌സ്, ആദിസ് എച്ച് ആർ ആൻഡ് അക്കൗണ്ടൻസി സൊല്യൂഷൻസ്, റോയൽ ഫുട് വെയർ അങ്കമാലി, മാർസോമിലൺ എന്നിവരാണ് സമ്മാനങ്ങള്‍ സ്പോൺസർ ചെയ്തത്. നാഷണൽ ബാഡ്മിന്റൺ കോർഡിനേറ്റർ ജിജു ഫിലിപ്പ് സൈമൺ, ടിഫിൻ ബോക്സ്‌ കോവന്റി മാനേജർ മൊഹമ്മദ്‌ റമീസ്, റോയൽ ഫുട് വെയർ അങ്കമാലി ഉടമ ലൂയിസ് മേനാച്ചേരി, ജുബിൻ അയ്യാരിൽ, യൂണിറ്റ് അംഗങ്ങളായ ദർശന അരുൺ, അബിൻ രാമദാസ്, അഭിഷേക് വിജയനന്ദൻ എന്നിവർ വിജയികള്‍ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ബെർമിങ്ഹാം ഏരിയ സെക്രട്ടറിയും കോവെൻട്രി റീജിയണൽ ബാഡ്മിന്റൺ ടൂർണമെന്റ് കോർഡിനേറ്ററുമായ പ്രവീൺ രാമചന്ദ്രൻ സ്പോൻസർമാർക്കും അമ്പയർമാർക്കുമുള്ള മോമെന്‍റോകളും മെഡലുകളും സമ്മാനിച്ചു. റീജിയണൽ കോർഡിനേറ്റർ ആയ ഹരികൃഷ്ണൻ വളണ്ടിയർമാരെ മെഡലുകള്‍ അണിയിച്ച് ആദരിച്ചു. അടുത്ത മാസം 24ന് കോവൻട്രിയിലാണ് ഗ്രാൻഡ് ഫിനാലെ. അടുത്ത ശനിയാഴ്ച ചെംസ്ഫോഡ് റീജിയണല്‍ മത്സരവും ഞായറാഴ്ച ഗ്ലോസ്റ്റർഷെയർ റീജിയണല്‍ മത്സരവും നടക്കും.