UK

തോമസുകുട്ടിഫ്രാന്‍സിസ്

ലിവര്‍പൂള്‍: ഇംഗ്ലണ്ടിലെ സീറോമലബാര്‍ സഭാ തനയര്‍ക്ക് മാത്രം സ്വര്‍ഗ്ഗീയ ദാനമായി കിട്ടിയ രൂപത. ഈ രൂപതയുടെ രണ്ടാം പിറന്നാളിലേക്ക് കാലൂന്നുമ്പോള്‍ കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി സഭാമാതാവിന്റെ മടിയില്‍, അവളുടെ മാധുര്യമേറിയ വാത്സല്യം അഭംഗുരം നുകര്‍ന്നു പോരുന്ന വിശ്വാസ സമൂഹത്തിന് സ്വന്തമായി ഇതാ ഒരു ദേവാലയവും. പ്രവാസികളായി ഈ മണ്ണില്‍ അധിവസിക്കുന്ന സീറോമലബാര്‍ സഭാമക്കളുടെ വിശ്വാസ തീഷ്ണതയിലും പാരമ്പര്യ അനുഷ്ഠാനങ്ങളിലുമായി ദൈവം കനിഞ്ഞു നല്‍കിയ വലിയ സൗഭാഗ്യങ്ങളാണ് ഈ ഗ്രേറ്റ്ബ്രിട്ടന്‍ രൂപതയും അവള്‍ക്ക് അരുമയായി ലിവര്‍പൂളിലെ പുതിയ ദേവാലയവും. അതെ, ലിവര്‍പൂളിലെ ലെതര്‍ലാന്റിലുള്ള പരി. ദൈവ മാതാവിന്റെ നാമധേയത്തിലുള്ള OUR LADY QUEEN OF PEACE എന്ന ദേവാലയം ലിവര്‍പൂളിലെ ലത്തീന്‍ കത്തോലിക്കാസഭ ഇതാ സീറോമലബാര്‍ സഭാമക്കള്‍ക്കായി കനിഞ്ഞു നല്‍കുകയാണ്. ഈ ദേവാലയത്തിന്റെ ഔദ്യോ ഗികമായ ഉത്ഘാടനകര്‍മ്മം ഇന്ന് ആഘോഷ പൂര്‍വ്വം ലിവര്‍പൂളിലെ ലെതര്‍ലാന്റില്‍ നടത്തപ്പെടുന്നു.

ആ ധന്യ നിമിഷങള്‍ക്ക് സാക്ഷികളാകാനും കൃതജ്ഞതാബലി അര്‍പ്പിക്കാനുമായി യുകെയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറു കണക്കിന് വിശ്വാസികള്‍ ഇന്ന് ലിവര്‍പൂളിലെ ലെതര്‍ലാന്‍ഡിലെത്തിച്ചേരും. ഇന്ന് ഉച്ചകഴിഞ്ഞ് കൃത്യം 3 മണിക്ക് ദേവാലയകവാടത്തില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ പിതാക്കന്മാരെ ഇടവകവികാരി ഫാ ജിനോ അരീക്കാട്ടും കമ്മറ്റി അംഗങ്ങളും ഇടവക സമൂഹവും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി ദേവാലയത്തി
ലേക്ക് ആനയിക്കും. സീറോ മലബാര്‍ സഭ ഗ്രേറ്റ്ബ്രിട്ടന്‍ രൂപതയുടെ എപാര്‍ക്കി മാര്‍ ജോസഫ് സ്രാമ്പിക്കല്‍, നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ഈ മഹായിടവകയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. തുടര്‍ന്ന് ലിവര്‍പൂളിലെ സീറോമലബാര്‍ സഭാമക്കള്‍ക്ക് OUR LADY QUEEN OF PEACE എന്ന പുണ്യനാമധേയത്തിലുള്ള ഈ ആധുനിക ദേവാലയം ഔദ്യോഗികമായി നല്‍കികൊണ്ട് ലിവര്‍പൂള്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് Most Rev. Malcolm Mc Mahon ഉത്ഘാടനകര്‍മ്മം നിര്‍ഹിക്കുന്നതുമാണ്. ഈ മഹനീയ കര്‍മ്മങ്ങള്‍ക്ക് സാക്ഷികളായിക്കൊണ്ട് അനുഗ്രഹാശംസകള്‍ അര്‍പ്പിക്കുവാന്‍ ലിവര്‍പൂള്‍ അതിരൂപത Auxiliary Bishop Right
Rev. Thomas Williams, Emeritus Auxiliary Bishop Right Re. Vincent Melona എന്നിവ രുടെയും മഹനീയ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഗ്രേറ്റ്ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍മാര്‍, യു.കെയുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള ബഹു. വൈദികര്‍, സന്യാസിനി സമൂഹം, അത്മായ പ്രതിനിധികള്‍ ,മറ്റ്ഇതര ക്രൈസ്തവ സഭാമക്കള്‍ എന്നിവരും ഈ തിരുക്കര്‍മങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാനെത്തിച്ചേരും.

ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം കൃത്ജ്ഞതാ ബലി അര്‍പ്പിക്കപ്പടും. സമാപന സമ്മേളനത്തിനുശേഷം ഈ തിരുക്കര്‍മങ്ങളില്‍ പങ്കുകൊള്ളാനെത്തിച്ചേര്‍ന്ന ഏവര്‍ക്കും സ്‌നേഹ വിരുന്ന് നല്‍കപ്പെടുന്നതായിരിക്കും. ഏകദേശം 200ല്‍ പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥല സൗകര്യം ഈ വലിയ ദേവാലയത്തിന് ചുറ്റുമായി സജ്ജമാക്കികഴിഞ്ഞിട്ടുണ്ട്. വിശാലമായ പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ക്കായുള്ള ക്രമീകരണങ്ങള്‍ക്കും ദേവാലയ അലങ്കാരങ്ങള്‍ക്കും, മറ്റുള്ള ക്രമീകരണങ്ങള്‍ക്കുമായി കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഇടവക വികാരി ഫാ. ജിനോ അരീക്കാട്ടിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരും കമ്മറ്റിഅംഗങ്ങളും ഇടവക സമൂഹവും സജീവമായി പ്രവര്‍ത്തിക്കുന്നു. മാതൃജ്യോതിസ് അംഗങ്ങളും മതബോധന അധ്യാപകരുമൊക്കെ ഓരോ ക്രമീകരണങ്ങള്‍ക്കുമായി ഇവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

ലിവര്‍പൂള്‍ നഗരത്തിന്റെ ആരവങളില്‍ നിന്നൊഴിഞ്ഞുമാറി മേഴ്‌സീ നദിയുടെ ഓരം ചേര്‍ന്നു കിടക്കുന്നശാന്തമായ ഒരു ഗ്രാമം ആണ് ലെതര്‍ലാന്റ്. 1965ല്‍ പണികഴിക്കപ്പെട്ട ഈ ദേവാലയം, ഏകദേശം ഒരേക്കര്‍ ചുറ്റളവിലുള്ള വലിയൊരു കോമ്പൗണ്ടിനു നടുവിലായിട്ടാണ് ‘സമാധാനത്തിന്റെ രാജ്ഞി’ എന്ന നാമധേയത്തില്‍ വിളങ്ങി നില്‍ക്കുന്നത്. ആദ്ധ്യാത്മികവും, സാംസ്‌ക്കാരികവും, സാമൂഹികവുമായ മേഖലകളില്‍ ആത്മവിശ്വാസത്തോടും ദിശാബോധത്തോടും കൂടെ തങ്ങളുടെ തനതായ പൈതൃകങ്ങളെ മുറുകെപിടിച്ചുകൊണ്ട് മുന്നേറുന്നതിന് ദൈവികമായി ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദി പറയുകയാണ് ലിവര്‍പൂളിലെ സീറോ സഭാമക്കള്‍.

അനീഷ് ജോര്‍ജ്

ശ്രീ അമ്മ യാങ്കര്‍ അയ്യപ്പന്‍ എന്ന ശിവകാശിക്കാരി പെണ്‍കൊടി, ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു അഭിനേത്രിയായി വളര്‍ന്നത് അവരുടെ നിതാന്തമായ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ്. ‘ശ്രീദേവി” ആ പേര് വിളിച്ചോതും പോലെ തന്നെ, അഭ്രപാളിയില്‍ മിന്നിമായുന്ന, ഐശ്വര്യമുള്ള അവരുടെ മുഖകാന്തിയാണോ , അതോ ആ നടനചാരുതയാണോ അതുമല്ലെങ്കില്‍ വിടര്‍ന്ന ആ കണ്ണുകളാണോ? അഞ്ച് ദശാബ്ദക്കാലം പ്രായഭേദമെന്യേ നമ്മെ തീയേറ്ററുകളിലേക്കും ടെലിവിഷനുമുന്നിലും പിടിച്ചിരുത്തിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലും മുന്നോറോളം സിനിമകളില്‍ തന്റെ കഴിവുതെളിയിച്ച അവര്‍ അവാര്‍ഡുകളുടെ പ്രിയതോഴി കൂടിയായിരുന്നു. 2018ലെ മികച്ച നടിക്കുള്ള നാഷണല്‍ അവാര്‍ഡ് ഉള്‍പ്പെടെ.

നാലാം വയസ്സില്‍ അഭിനയിക്കാന്‍ ചായമിട്ട ശ്രീ പുതുതലമുറയിലുള്ള നായികാനായകന്‍മാര്‍ക്ക് ഒരു പാഠപുസ്തകമായി എന്നും നിലകൊള്ളും. അതുകൊണ്ടാവാം 2013ല്‍ പദ്മശ്രീ നല്‍കി ശ്രീദേവിയെ രാജ്യം അനുമോദിച്ചത്. ശ്രീദേവിയുടെ വിയോഗം വളരെ ഞെട്ടലോടെയാണ് നമ്മള്‍ ഓരോരുത്തരും കേട്ടത്. അമ്പത്തിനാലാം വയസ്സില്‍ ബോളിവുഡിന്റെ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ കിരീടം അഴിച്ചുവച്ച് സിംഹാസനം ഒഴിഞ്ഞപ്പോള്‍ കണ്ണില്‍ നനവ് പൊടിയാത്തവര്‍ വളരെ വിരളമായിരിക്കും. ഓസ്‌കാര്‍ അവാര്‍ഡുദാനച്ചടങ്ങില്‍ പോലും അവര്‍ക്ക് ആദരവ് കൊടുത്തു് അനുശോചനം ഏര്‍പെടുത്തിയിരുന്നത് നമ്മള്‍ ഓരോരുത്തരും അഭിമാനത്തോടെ കണ്ടിരുന്നതാണ്.

ജൂണ്‍ രണ്ടിന് ബോണ്‍മൗത്തില്‍ വച്ച് നടക്കുന്ന മഴവില്‍ സംഗീതത്തില്‍ ശ്രീദേവിയോടുള്ള ആദരസൂചകമായി ഒരു നൃത്താഞ്ജലിയുമായി എത്തുകയാണ് പ്രശസ്ത നര്‍ത്തകിയും മുന്‍ യുക്മ കലാതിലകവുമായിരുന്ന സാലിസ്ബറിയില്‍ നിന്നുള്ള മിന്നാ ജോസും സംഘവും. ഓരോ ചുവടിലും ആരാധകരെ ഇളക്കിമറിച്ച ശ്രീദേവിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ആ യുഗത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവാന്‍ മിന്നായും സംഘവും തീവ്രമായ പരിശ്രമത്തിലാണ്. അത് പാഴാവില്ല എന്ന നല്ല വിശ്വസത്തോടെ ക്ഷണിക്കുകയാണ് നിങ്ങളെ ഓരോരുത്തരെയും മഴവില്‍ സംഗീത വിരുന്നിലേക്ക്.

നാട്ടുകാരെയും, കൂട്ടുകാരെയും കാണുവാനും, സന്തോഷം പങ്കുവെക്കാനും ഇന്ന് നടക്കുന്ന ഏഴാമത് ഇടുക്കി ജില്ലാ സംഗമത്തിലേക്ക് കുടുംബ സമേതം പങ്ക് എടുക്കുവാന്‍ എല്ലാ ഇടുക്കി ജില്ലാക്കാരെയും ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു. യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്‌നേഹ കുട്ടായ്മ യുകെയിലും ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ കൊണ്ട് നിരവധി കുടുംബങ്ങളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിക്കന്‍ സാധിച്ചത് യുകെയിലുള്ള ഒരോ ഇടുക്കിജില്ലക്കാര്‍ക്കും അഭിമാനിക്കാനുള്ളതാണ്.

ഈയൊരു ദിനം എത്രയും ഭംഗിയായും മനോഹരമായും അസ്വാദകരമാക്കാന്‍ എല്ലാ ഇടുക്കി ജില്ലക്കാരും നമ്മുടെ ഈ കൂട്ടായ്മയിലേക്ക് കടന്നു വരണമെന്ന് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു.

കമ്മറ്റിക്ക് വേണ്ടി കണ്‍വീനര്‍ പീറ്റര്‍ താണോലി.

വേദിയുടെ അഡ്രസ്,
community centre –
Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.

ക്യാന്‍സര്‍ ചികിത്സക്കിടെയുണ്ടായ സങ്കീര്‍ണ്ണതയെത്തുടര്‍ന്ന് രോഗിയുടെ സ്ഥിതി ഗുരുതരമായെന്ന പരിശോധനാഫലം അറിയിക്കുന്നതില്‍ പിഴവ്. മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചു. മെറ്റലോക ഹല്‍വാല എന്ന 58കാരനാണ് രോഗത്തേക്കുറിച്ചുള്ള വിവരമറിയാതെ ഹോട്ടല്‍ മുറിയില്‍ മരിച്ചത്. ഹോഡ്കിന്‍സ് ലിംഫോമ എന്ന ക്യാന്‍സറിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കീമോതെറാപ്പി നടന്നു വരികയായിരുന്നു. അതിലെ സങ്കീര്‍ണ്ണതകള്‍ മൂലം രോഗിക്ക് ശ്വാസകോശത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞു കൂടുന്ന അവസ്ഥയുണ്ടായിരുന്നു. ഗുരുതരമായ ഈ അവസ്ഥ കണ്ടെത്താനായി ഡോക്ടര്‍ സ്‌കാനിംഗിന് നിര്‍ദേശിച്ചെങ്കിലും അതിന്റെ റിസല്‍ട്ട് ഹല്‍വാലക്കോ ഡോക്ടര്‍ക്കോ കാണാന്‍ സാധിച്ചില്ല. തെറ്റായ നമ്പറിലേക്ക് ആശുപത്രി ജീവനക്കാര്‍ ഈ റിസല്‍ട്ട് അയച്ചു കൊടുക്കുകയായിരുന്നു.

മെല്‍ബോണിലെ ഓസ്റ്റിന്‍ ഹോസ്പിറ്റലിലാണ് ഈ ഗുരുതരമായ പിഴവുണ്ടായത്. മരിക്കുന്നതിന് നാല് ദിവസം മുമ്പാണ് ഹല്‍വാല സ്‌കാനിംഗിന് വിധേയനായത്. ഹല്‍വാല മരിച്ചത് മെഡിക്കല്‍ പ്രൊഫഷനിലുണ്ടായ വീഴ്ച മൂലമാണെന്ന് കൊറോണര്‍ റോസ്‌മേരി കാര്‍ലിന്‍ പറഞ്ഞു. ചികിത്സ നടത്തിയാലും അദ്ദേഹം കൂടുതല്‍ കാലം ജീവിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെങ്കിലും ഈ പിഴവ് ചികിത്സയിലൂടെ കുറച്ചു കാലമെങ്കിലും ജീവിതം നീട്ടിക്കിട്ടാനും ബന്ധുക്കളുടെയും ഉറ്റവരുടെയും സാന്നിധ്യത്തില്‍ സമാധാനത്തോടെ മരിക്കാനുമുള്ള അവസരമാണ് അദ്ദേഹത്തിന് നിഷേധിച്ചതെന്നും കൊറോണര്‍ പറഞ്ഞു.

മെഡിക്കല്‍ പ്രൊഫഷനില്‍ വിവരങ്ങള്‍ കൈമാറാന്‍ കാലഹരണപ്പെട്ട രീതികള്‍ ഉപയോഗിക്കുന്നതിനെയും കൊറോണര്‍ വിമര്‍ശിച്ചു. ഒരു കാരണവശാലു വിശ്വസിച്ച് ഉപയോഗിക്കാന്‍ കഴിയാത്ത ഫാക്‌സ് പോലെയുള്ള സാങ്കേതികവിദ്യകള്‍ വൈദ്യശാസ്ത്രരംഗത്ത് ഉപയോഗിക്കുന്നുണ്ടെന്നത് അവിശ്വസനീയമാണെന്നും അവര്‍ പറഞ്ഞു. മെല്‍ബോണ്‍ ഓസ്റ്റിന്‍ ഹോസ്പിറ്റലിലെ റിസല്‍ട്ടുകള്‍ ഫാക്‌സ് ചെയ്യുന്ന രീതി അവസാനിപ്പിക്കാനും കൊറോണര്‍ നിര്‍ദേശിച്ചു.

സാമ്പത്തിക വ്യവസ്ഥയ്ക്ക് വെല്ലുവിളിയായിരുന്ന 100% മോര്‍ട്‌ഗേജ് പദ്ധതികള്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്. വീടുകള്‍ തേടുന്നവര്‍ക്ക് ആശ്വാസമാകുന്ന ഈ പദ്ധതികള്‍ പ്രമുഖ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഹൈസട്രീറ്റ് ബാങ്കുകള്‍ നല്‍കാന്‍ തുടങ്ങിയെന്നാണ് വ്യക്തമായിരിക്കുന്നത്. 2007ലെ സാമ്പത്തിക മാന്ദ്യകാലത്ത് അപ്രത്യക്ഷമായ ഈ പദ്ധതികള്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. 2007നു മുമ്പ് 250ഓളം 100% മോര്‍ട്‌ഗേജുകള്‍ ലഭ്യമായിരുന്നു. ഫസ്റ്റ് ടൈം ബയേഴ്‌സിനെ ആകര്‍ഷിക്കാന്‍ ഡിപ്പോസിറ്റ് രഹിത മോര്‍ട്‌ഗേജുകള്‍ നല്‍കാനായി ബാര്‍ക്ലേയ്‌സും പോസ്റ്റ് ഓഫീസുമുള്‍പ്പെടെ രംഗത്തുണ്ട്.

കുടുംബാംഗത്തെ തന്നെ ജാമ്യക്കാരനാക്കിക്കൊണ്ട് മോര്‍ട്‌ഗേജുകള്‍ നല്‍കാന്‍ ചില ബാങ്കുകള്‍ തയ്യാറാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം മുന്‍കരുതലുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും 100% മോര്‍ട്‌ഗേജുകള്‍ അപകടകരമാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. നെഗറ്റീവ് ഈക്വിറ്റി എന്ന അവസ്ഥ ചിലപ്പോഴെങ്കിലും ഉണ്ടാകാന്‍ ഇത് കാരണമായേക്കും. കടത്തേക്കാള്‍ കുറഞ്ഞ നിരക്ക് പ്രോപ്പര്‍ട്ടിക്ക് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.

2010നു ശേഷം വീട്, പ്രോപ്പര്‍ട്ടി വിലയില്‍ ഏറ്റവും ഇടിവ് രേഖപ്പെടുത്തിയ മാസമാണ് കടന്നു പോയത്. 3.1 ശതമാനമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. നേരത്തേ 100% മോര്‍ട്‌ഗേജ് എടുത്തിട്ടുള്ളവരെ നെഗറ്റീവ് ഇക്വിറ്റി മേഖലയിലേക്ക് ഈ ഇടിവ് തള്ളിവിടുകയും ചെയ്തു. സീറോ ഡിപ്പോസിറ്റ് സ്‌കീമുകള്‍ എടുക്കുന്നവര്‍ വളരെ ശ്രദ്ധയോടെ വേണം അതിന് തയ്യാറാകേണ്ടതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മാരുതിക്കും ബിഎംഡബ്ല്യുവിനും ശേഷം ജര്‍മന്‍ കമ്പനിയായ ഫോക്‌സ്‌വാഗണും കാറുകള്‍ തിരികെ വിളിക്കുന്നു. സിയറ്റ് അറോണ, സിയറ്റ് ഇബിസ, പോളോ തുടങ്ങിയ മോഡലുകളില്‍ കണ്ടെത്തിയ സുരക്ഷാപ്പിഴവിനെത്തുടര്‍ന്നാണ് നടപടി. അടുത്തിടെ വിറ്റഴിഞ്ഞ 28,000 കാറുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. സീറ്റ് ബെല്‍റ്റിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. ഫിന്നിഷ് ഓട്ടോമോട്ടീവ് മാഗസിനായ ടെക്‌നികാന്‍ മാലിമയാണ് ഈ തകരാര്‍ കണ്ടെത്തിയത്. ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ തകരാര്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സുരക്ഷയ്ക്ക് പ്രധാന പരിഗണന കൊടുക്കുന്നതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി തയ്യാറാകുകയാണെന്നും ഫോക്‌സ്‌വാഗണ്‍ വക്താവ് പറഞ്ഞു.

പിന്‍ സീറ്റില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുമ്പോള്‍ ഇടതു സീറ്റ് ബെല്‍റ്റിന്റെ ബക്കിള്‍ റിലീസ് ചെയ്യുന്ന വിധത്തിലാണ് മിഡില്‍ സീറ്റിന്റെ ബക്കിള്‍ നില്‍ക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹൈസ്പീഡ് ലെയിനുകള്‍ മാറുന്നതിനിടയില്‍ ഇടതു സീറ്റ് ബെല്‍റ്റ് ഇതു മൂലം തനിയെ ഊരി മാറാനിടയുണ്ട്. തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ക്കായി അധികൃതരുടെ അനുമതി കാത്തിരിക്കുകയാണെന്നും കമ്പനി വക്താവ് വ്യക്തമാക്കി. അതേസമയം തിരിച്ചു വിളിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഡിവിഎല്‍എ അറിയിച്ചു.

സീറ്റ് ബെല്‍റ്റ് വിഷയത്തില്‍ ഫോക്‌സ് വാഗണുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്പനിയുടെ പ്രതികരണം പ്രതീക്ഷിക്കുകയാണെന്നുമാണ് ഡിവിഎല്‍എ വക്താവ് അറിയിച്ചത്. 2015ല്‍ മലിനീകരണ പരിശോധനയില്‍ കൃത്രിമത്വം കാണിച്ചതിന്റെ പേരില്‍ ഫോക്‌സ് വാഗണ്‍ വിവാദത്തിലായിരുന്നു. ഈയാഴ്ച തുടക്കത്തില്‍ മറ്റൊരു ജര്‍മന്‍ കാര്‍ നിര്‍മാതാവായ ബിഎംഡബ്ല്യു ഇലക്ട്രിക്കല്‍ തകരാര്‍ മൂലം ഓട്ടത്തിനിടയില്‍ എന്‍ജിന്‍ നിന്നുപോകുന്ന പ്രശനം കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് ലക്ഷത്തിലേറെ കാറുകള്‍ തിരികെ വിളിച്ചിരുന്നു. ബലേനോ, പുതിയ സ്വിഫ്റ്റ് മോഡലുകളാണ് മാരുതി തിരികെ വിളിച്ചത്.

ഓക്സ്ഫോര്‍ഡിലെ സെന്റ്‌ പീറ്റേഴ്സ് ആന്‍റ് സെന്റ്‌ പോള്‍സ് യാക്കോബായ പള്ളി പൊതുയോഗത്തില്‍ വാക്ക് തര്‍ക്കവും സംഘര്‍ഷവും. ഇടവകയില്‍ നിന്നുള്ള പ്രതിപുരുഷനെ തെരഞ്ഞെടുക്കുന്നതിന് ചേര്‍ന്ന യോഗമാണ് ചേരി തിരിഞ്ഞുള്ള വാഗ്വാദത്തിലും ബഹളത്തിലും കലാശിച്ചത്. കാതോലിക്കാ ബാവയെ അനുകൂലിക്കുന്ന വിഭാഗവും പാത്രിയര്‍ക്കീസ് ബാവയെ അനുകൂലിക്കുന്ന വിഭാഗവും തമ്മിലാണ് ചേരിതിരിവും ബഹളവും ഉണ്ടായത്.

പള്ളി പ്രതിപുരുഷനെ തെരഞ്ഞെടുക്കുന്ന യോഗത്തില്‍ ഇടവക വികാരി ഫാ. രാജു ചെറുവള്ളിയുടെ നിര്‍ദ്ദേശപ്രകാരം കാതോലിക്ക ബാവയുടെ അനുകൂലികളില്‍ നിന്നുള്ളയാളെ പ്രതിപുരുഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ്‌ ബഹളം ഉണ്ടായത്. പാത്രിയര്‍ക്കീസ് ബാവ പക്ഷക്കാരായ ആളുകള്‍ ഇതിനെ എതിര്‍ക്കുകയും തങ്ങളുടെ പക്ഷത്ത് നിന്നുള്ളയാള്‍ വേണം പ്രതിപുരുഷ സ്ഥാനത്തേക്ക് എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് വേണ്ടി നടന്ന ഇലക്ഷനില്‍ കത്തോലിക്ക ബാവ അനുകൂലികള്‍ കൃത്രിമം കാണിച്ചു എന്നാരോപിച്ച് പാത്രിയര്‍ക്കീസ് പക്ഷക്കാര്‍ ബഹളം വയ്ക്കുകയും ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു.

തുടര്‍ന്ന് പാത്രിയര്‍ക്കീസ് ബാവയെ അനുകൂലിക്കുന്ന വിഭാഗം യോഗം ബഹിഷ്കരിക്കുകയും തെരഞ്ഞെടുപ്പ് അംഗീകരിക്കില്ല എന്ന് പ്രഖ്യാപിക്കുകയും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നില്ലെങ്കില്‍ തങ്ങള്‍ ഇനി ഇടവകയുടെ പരിപാടികള്‍ ബഹിഷ്കരിക്കും എന്നും ഇവര്‍ പ്രഖ്യാപിച്ചു.

എന്നാല്‍ ഇവരുടെ എതിര്‍പ്പ് മുഖവിലക്ക് എടുക്കാതെ കാതോലിക്ക ബാവ പക്ഷക്കാരനായ ജോസ് വര്‍ക്കിയെ ഇടവകയില്‍ നിന്നുള്ള പ്രതിപുരുഷനായി തെരഞ്ഞെടുത്തതായി പൊതുയോഗം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ തീരുമാനം അംഗീകരിക്കില്ലെന്ന് മറുഭാഗവും അറിയിച്ചതോടെ വിശ്വാസികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

 

ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ഫെബ്രുവരി 16ന് ആണ് മധ്യ ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ താമസക്കാരിയായ സര്‍ബ്ജിത് കൗറിനെ (38) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബിസിനസുകാരനായ ഗുര്‍പ്രീത് സിംഗ് (42) അറസ്റ്റിലായി.

വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസാണ് ഗുര്‍പ്രീതിനെ അറസ്റ്റ് ചെയ്തത്. കഴുത്തുഞെരിച്ചാണ് സര്‍ബ്ജിതിന്റെ കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കവര്‍ച്ചയ്ക്കിടെയാണ് സര്‍ബ്ജിത് കൊല്ലപ്പെട്ടതെന്നു വരുത്തിതീര്‍ക്കാന്‍ വീട്ടില്‍നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ മാറ്റിയിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഗുര്‍പ്രീത് കുടുങ്ങുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 16 ആണ് സര്‍ബ്ജിതിനെ ജീവനോടെ അവസാനമായി കാണുന്നത്. ഗുര്‍പ്രീതാണ് ഇവരെ അവസാനമായി കണ്ടതെന്നു പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഗുര്‍പ്രീതും മക്കളും അന്നുവൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുമ്ബോഴാണ് സര്‍ബ്ജിതിനെ മരിച്ച നിലയില്‍ കണ്ടതെന്നായിരുന്നു മൊഴി.

 

 

 

ലണ്ടന്‍ : യുകെയിലെ സംഗീത പ്രേമികൾ ആകാംഷാപൂർവം കാത്തിരുന്ന ” The Maestros” ന്  അരങ്ങൊരുങ്ങുന്നു . ആദ്യ പരിപാടിക്ക് ഇനി ഒരു നാൾ കൂടി മാത്രം. പരിപാടിക്ക് ഒരുക്കമായി പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ഔസേപ്പച്ചൻ , ശ്രീ. വിൽസ്വരാജ് എന്നിവർ ഇന്നലെ ഉച്ചക്ക് ലണ്ടനിൽ എത്തിക്കഴിഞ്ഞു . ഹീത്രൂ വിമാനത്തവാളത്തിൽ എത്തിയ ഇവരെ V4 Entertainments UK യുടെ പേരിൽ ശ്രീ.വിനോദ് നവധാര , സോജൻ എരുമേലി , തോമസ് കാക്കശ്ശേരി എന്നിവർ ചേർന്ന് സ്വീകരിച്ചു.

മെയ് 11, 12, 13 തീയതികളിൽ ലണ്ടനിലെ വിവിധ ഭാഗങ്ങളിൽ ആയിരിക്കും The Maestros അരങ്ങേറുക . പ്രശസ്ത സംഗീതജ്ഞനും ദേശീയ പുരസ്‌കാര ജേതാവും ആയ ശ്രീ ഔസേപ്പച്ചൻ മാഷ് നേതൃത്വം നൽകുന്ന ഈ സംഗീത സന്ധ്യയിൽ പ്രസിദ്ധ പിന്നണി ഗായകൻ ശ്രീ വിൽസ്വരാജ് , ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഡോക്ടർ വാണി ജയറാം , ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോൺടെസ്റ് ജേതാവ് രാജേഷ് രാമൻ എന്നിവർ പങ്കെടുക്കുന്നു . ഔസേപ്പച്ചൻ -രവീന്ദ്രൻ – ജോൺസൺ ത്രയത്തിന്റെ നിത്യഹരിത ഗാനങ്ങളിലൂടെ ഉള്ള ഒരു അവിസ്മരണീയയാത്ര ആയിരിക്കും ശ്രോതാക്കൾക്ക് ഈ പരിപാടി സമ്മാനിക്കുക.

ശ്രീ വിനോദ് നവധാരയുടെ നേതൃത്വത്തിൽ ഉള്ള പ്രശസ്ത ലൈവ് ഓർക്കസ്ട്ര ആയ നിസരി ആയിരിക്കും ഈ പരിപാടിയുടെ പിന്നണിയിൽ പ്രവർത്തിക്കുക . പല പ്രമുഖ സംഗീതജ്ഞരോടും ഒപ്പം ഇതിനു മുൻപും നിരവധി തവണ യുകെയിൽ അങ്ങോളം ഇങ്ങോളം ലൈവ് പരിപാടികൾ അവതരിപ്പിച്ചു പരിചയം ഉള്ളവർ ആണ് നിസരിയിലെ കലാകാരന്മാർ . ശ്രീ ഔസേപ്പച്ചൻ മാഷിനൊപ്പം നിസരിയിലെ അംഗങ്ങൾ കൂടി ചേരുമ്പോൾ സംഗീത ആസ്വാദകർക്ക് അതൊരു മറക്കാനാവാത്ത അനുഭവം ആയിരിക്കുമെന്ന് തീർച്ച . മെയ് 11 നു വൈകുന്നേരം ഏഴു മണിക്ക് ഈസ്റ്റ് ലണ്ടനിലെ ബോളിയൻ തീയറ്ററിൽ നടക്കുന്ന പരിപാടിയോടു കൂടിയിരിക്കും “The Maestros” ന് തുടക്കം കുറിക്കുക.

പിറ്റേ ദിവസം മെയ് 12 വൈകുന്നേരം 6.30 ന് വെസ്റ്റ് ലണ്ടനിലെ സംഗീതാസ്വാദകർക്കു വേണ്ടി ഹെയ്‌സിലെ നവ്‌നാത് സെന്ററിൽ വച്ചായിരിക്കും രണ്ടാമത്തെ പരിപാടി അരങ്ങേറുന്നത് . മെയ് 13 നു വൈകുനേരം സൗത്ത് ലണ്ടനിലെ ലാൻഫ്രാങ്ക് അക്കാദമിയിൽ വച്ചു നടക്കുന്ന മൂന്നാമത്തെ പരിപാടിയോടു കൂടി “The Maestros” സമാപിക്കും . നിരവധി മെഗാ ഷോകൾക്ക് ശബ്ദവും വെളിച്ചവും നൽകി പരിചയം ഉള്ള ലണ്ടനിലെ ഒയാസിസ് ഡിജിറ്റൽസാണ് പരിപാടികളുടെ ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്നത്.

അനശ്വര കലാകാരന്മാരുടെ അപൂർവ സംഗമം ആയ ഈ സംഗീത നിശയിലേയ്ക്ക് ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു . For information Contact : വിനോദ് നവധാര : 07805 192891 , സോജൻ : 07878 8963384 (ഈസ്റ്റ് ഹാം) , രാജേഷ് രാമൻ : 07874 002934 (ക്രോയിഡോൺ ) , ഷിനോ : 07411143936 (ഹെയ്സ് – വെസ്റ്റ് ലണ്ടൻ)

വക്കച്ചന്‍ കൊട്ടാരം

21/5/17 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് East Killbride our Lady of Lourd church Hallല്‍ വെച്ച് മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ വൈശാഖ് നിലവിളക്ക് തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്ത പ്രവര്‍ത്തനങ്ങള്‍ എല്ലാ അംഗങ്ങളുടേയും സഹകരണവും, ആത്മാര്‍ത്ഥതയും കൊണ്ട് വിജയകരമായിത്തീര്‍ന്നു. വര്‍ണ്ണാഭമായ ഓണാഘോഷം, കലാകേരളം കുടുംബ കൂട്ടായ്മകള്‍, കേരള പിറവി ദിനം, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍, ആനുകാലിക പ്രസക്ത വിഷയങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവകൊണ്ട് കര്‍മ്മോല്‍സുകമായിരുന്നു പോയ വര്‍ഷ പ്രവര്‍ത്തനങ്ങള്‍.

പാശ്ചാത്യമായ ഒരു സംസ്‌കാരത്തില്‍ ജീവിക്കേണ്ടി വരുമ്പോള്‍ പാരമ്പര്യമായി മലയാളികള്‍ പിന്തുടരുന്ന രീതികളും രണ്ടു സംസ്‌കാരങ്ങളിലെ വൈരുദ്ധ്യവും പുതുതലമുറയെ ഏതെല്ലാം തരത്തില്‍ ആശങ്കയുണ്ടാക്കുന്നു എന്ന വിഷയത്തിലൂന്നി 4/6/17ല്‍ കുട്ടികളും മാതാപിതാക്കളും ചേര്‍ന്ന് നടത്തിയ ഡിബേറ്റ് പ്രവാസ മലയാളി സമൂഹത്തിനു തന്നെ പുതുമയായി. 18/3/18 ഞായറാഴ്ച വൈകിട്ട് കാമ്പസ് ലാംഗ് സെന്റ്: ബ്രൈഡ് സ്ചര്‍ച്ച് ഹാളില്‍ വച്ച് മതേതരത്വം, ജനാധിപത്യം-ആശങ്കകള്‍, പ്രതീക്ഷകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാര്‍ ഏറെ പ്രസക്തമായിരുന്നു.

6/5/18 വൈകിട്ട് 7 മണിക്ക് കോട് ബ്രിഡ്ജ് സെന്റ്: മേരീസ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെട്ട വാര്‍ഷികാഘോഷത്തില്‍ ഏകാധിപത്യവും, സ്വേഛാധിപത്യവും, വര്‍ഗീയതയും, മറ്റെ ന്നത്തേക്കാളുമേറെ ലോകസമാധാനത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ അത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുവാനും, പ്രതിരോധിക്കുവാനും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മാനുഷിക മൂല്യങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ കൂടുതല്‍ കരുത്തോടെ മുമ്പോട്ട് കൊണ്ടു പോകേണ്ടതിന്റെ പ്രസക്തിയിലൂന്നിയ റിപ്പോര്‍ട്ട് ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു.

ചാരുതയാര്‍ന്ന കലാപ്രകടനങ്ങളും, ടീം കലാകേരളമൊരുക്കിയ സ്‌നേഹവിരുന്നും, ഒത്തൊരുമ നല്‍കുന്ന വലിയ സന്തോഷവും തിരതല്ലിയ വാര്‍ഷികാഘോഷങ്ങളോടെ പോയ വര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് തിരശ്ശീല വീണു. കലാകേരളം ഗ്ലാസ് ഗോയുടെ 2018-19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജോമോന്‍ തോപ്പില്‍-പ്രസിഡന്റ്, പോള്‍സണ്‍ ലോനപ്പന്‍-സെക്രട്ടറി, തോമസ് ജോസ്-ട്രഷറര്‍, ആന്റണി ജോസഫ്-ജോ.ട്രഷറര്‍, ജയന്‍ മഞ്ഞളി-വൈസ് പ്രസിഡന്റ്, ജിമ്മി ജോസഫ്-ജോ. സെക്രട്ടറി, വനിതാ പ്രതിനിധികളായി-ടെസി കാറ്റാടി, സുനിതാ വര്‍ഗീസ് എന്നിവരെ ചുമതലപ്പെടുത്തി. നേരിന്റെ, നെറിവിന്റെ ശബ്ദമായി കരമൊന്നിച്ച്, സ്വരമൊന്നിച്ച്, മനമൊന്നിച്ച് അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന കലാകേരളത്തിനും പുതിയ ഭരണ സമിതിക്കും എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു.

RECENT POSTS
Copyright © . All rights reserved