ലണ്ടൻ ∙ കഠാരയാക്രമണങ്ങളിൽ കുപ്രസിദ്ധിയാർജിച്ച ലണ്ടൻ നഗരം കഴിഞ്ഞ ദിവസം ഞെട്ടിയുണർന്നത് വെടിവയ്പിന്റെ വാർത്തകേട്ട്. രണ്ടു ദിവസത്തിനുള്ളിൽ മൂന്നു യുവാക്കൾക്കാണ് വ്യത്യസ്ത സംഭവങ്ങളിൽ വെടിയേറ്റത്. ഇതിൽ ഒരാൾ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച രാത്രിയാണ് 17 വയസുള്ള യുവാവ് കെന്നിംങ്ടണിൽ വെടിയേറ്റു മരിച്ചത്. ഇതിനു തൊട്ടുമുമ്പ് പതിമൂന്നും പതിനഞ്ചും വയസുള്ള രണ്ടു യുവാക്കൾക്ക് ഹാരോയിലെ വീൽഡ്സ്റ്റോണിലും വെടിയേറ്റു. പട്ടാപ്പകലായിരുന്നു ഇവർക്കുനേരെയുള്ള ആക്രമണം. ഇതോടൊപ്പം ഞായറാഴ്ച രാത്രി നോർത്ത് വെസ്റ്റ് ലണ്ടനിൽ മറ്റൊരു കഠാരയാക്രമണവും ഉണ്ടായി.
ആക്രമണങ്ങളെ ശക്തമായി അപലപിച്ച് രംഗത്തെത്തിയ മേയർ സാദിഖ് ഖാൻ ഇതവസാനിപ്പിക്കാൻ ശക്തമായ നടപടികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
കഴിഞ്ഞദിവസം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ലണ്ടനിലെ കഠാരയാക്രമണങ്ങളെപ്പറ്റി നടത്തിയ പരാമർശം ലോകശ്രദ്ധ നേടിയിരുന്നു. കുത്തേറ്റവരെക്കൊണ്ട് ലണ്ടനിലെ ആശുപത്രികൾ യുദ്ധക്കളംപോലെയായെന്നായിരുന്നു ട്രംപിന്റെ പരിഹാസച്ചുവയുള്ള പരാമർശം. ടെക്സാസിലെ ഡാലസിൽ നാഷനൽ റൈഫിൾ അസോസിയേഷന്റെ പരിപാടിയിൽ പ്രസംഗിക്കവേയാണ് തോക്ക് കൈവശം വയ്ക്കാൻ അനുവദിക്കുന്ന അമേരിക്കൻ നിയമത്തെ ന്യായീകരിച്ചുകൊണ്ട് ട്രംപ് ലണ്ടനിലെ വർധിച്ചുവരുന്ന കഠാരയാക്രമണങ്ങളെ തുറന്നു കാട്ടിയത്. ശരിയാണ് അവർക്ക് തോക്കുകളില്ല. പകരം കഠാരയാണ്. കഠാര..കഠാര..കഠാര.. ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ.
ഇതിനു തൊട്ടുപിന്നാലെ തന്നെ വെടിവയ്പും കത്തിക്കുത്തും ആവർത്തിച്ചത് ലണ്ടൻ മേയർ ഉൾപ്പെടയുള്ളവർക്ക് നാണക്കേടായി. റോഡുകളിൽ കൂടുതൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയും രാത്രികാല പട്രോളിംങ് ഊർജിതമാക്കിയും മേയറും സ്കോട്ട്ലൻഡ്‌യാർഡും കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ട്.
സ്വോർഡ്സ്∙ ഐറിഷ് ലീഗിൽ ഏഴാം വർഷത്തിലേക്കു കടക്കുന്ന സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ്ബിനു നവ നേതൃത്വം.അടുത്തിടെ നടന്ന ജനറൽ ബോഡിയിൽ ജോർജ് കണ്ണാടിക്കൽ ജോർജിനെ ക്ലബ്ബിന്റെ പ്രസിഡന്റ് ആയും ഫിലിപ്പ് ജേക്കബിനെ സെക്രട്ടറി ആയും തിരഞ്ഞെടുത്തു. ആൽവിൻ ഐസക്കിനെ ട്രഷറർ ആയും മനോജ് ജേക്കബിനെ ടീം മാനേജർ ആയും ജനറൽ ബോഡി തിരഞ്ഞെടുത്തു. ഷിജു നായർ -അസ്സോസിയേറ്റ് സെക്രട്ടറി, ജിനു ജോർജ്-എക്സിക്യൂട്ടീവ് മെംബർ, ബിൽസൺ കുരുവിള-എക്സിക്യൂട്ടീവ് മെംബർ എന്നിവരെയും ടീം ഒന്നിന്റെ ക്യാപ്റ്റൻ ആയി ബെൻലീ അഗസ്റ്റിനെയും, ടീം രണ്ടിന്റെ ക്യാപ്റ്റൻ ആയി ജിംസൺ ജോസഫിനെയും ജനറൽ ബോഡി തിരഞ്ഞെടുത്തു.
ജോർജ് കണ്ണാടിക്കൽ ജോർജിന്റെ നേതൃത്വത്തിൽ ഒൻപത് അംഗ കമ്മിറ്റി ആണു നിലവിൽ വന്നത് .രണ്ടു വർഷ കാലത്തേക്കാണ് കമ്മിറ്റിയുടെ കാലാവധി. നിരവധി വെല്ലുവിളികളെ അതിജീവിച്ചു മുന്നോട്ടു പോയി കൊണ്ടിരിക്കുന്ന ക്ലബ്ബിന് ഏകദേശം അൻപതോളം മെംബേർസ് ഉള്ള ക്ലബ്ബിന് നിലവിൽ രണ്ടു ടീം ആണ് ഉള്ളത്. ഡോണബെറ്റിലെ ന്യൂ ബ്രിഡ്ജ് പാർക്കിൽ ആണ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്. എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണവും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിക്കുന്നതായി കമ്മിറ്റി അംഗങ്ങൾ പറഞ്ഞു .പുതുതായി ക്ലബ്ബിൽ ചേരാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പരിലോ ഈമെയിലിലോ ബന്ധപ്പെടാൻ താൽപര്യപ്പെടുന്നു.
ഫിലിപ്പ് ജേക്കബ് -0 8 7 2 6 3 3 3 6 4
ഇമെയിൽ :[email protected]
ന്യൂസ് ഡെസ്ക്.
ബ്രിട്ടീഷ് ഹോം സെക്രട്ടറി സാജിദ് ജാവേദ് സ്ഥാനമേറ്റിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എങ്കിലും ആദ്യം തന്നെ വിവാദത്തിൽ കുടുങ്ങി. പ്രതിപക്ഷ എംപിമാർ ആദ്യ ദിനങ്ങളിൽ അങ്കിൾ ടോമെന്നും കോക്കനട്ടെന്നും വിളിച്ച് കളിയാക്കിയാണ് വരവേറ്റതെങ്കിൽ ഇത്തവണ പെട്ടിരിക്കുന്നത് വിസാ വിവാദത്തിലാണ്. സാജിദ് ജാവേദിന്റെ അമ്മാവൻ പാക്കിസ്ഥാനിൽ പണം വാങ്ങി വിസ വിറ്റിരുന്നു എന്നാണ് ആരോപണം. അമ്മാവൻ അബ്ദുൾ മജീദ് പാക്കിസ്ഥാനിൽ നിന്ന് ബ്രിട്ടണിലേയ്ക്ക് വരാൻ താത്പര്യമുള്ളവർക്ക് പണം വാങ്ങി വിസകൾ തരപ്പെടുത്തിയിരുന്നു എന്നാണ് ഡെയ്ലി മെയിൽ ന്യൂസ് വെളിപ്പെടുത്തിയിരിക്കുന്നത്. പണം നല്കി കബളിപ്പിക്കപ്പെട്ട ആളുകളുടെ ഫോട്ടോയും വിവരങ്ങളും സഹിതമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
1990 മുതൽ അമ്മാവന്മാരായ അബ്ദുൾ മജീദിന്റെയും അബ്ദുൾ ഹമീദിന്റെയും നേതൃത്വത്തിലാണ് വിസാ റാക്കറ്റ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. അബ്ദുൾ മജീദ് ഏഴ് വർഷം മുമ്പ് മരണമടഞ്ഞിരുന്നു. അബ്ദുൾ ഹമീദ് ബ്രിസ്റ്റോളിലാണ് താമസം. കുറച്ച് സ്റ്റുഡൻറ് വിസകൾ വിദ്യാർത്ഥികൾക്കായി തങ്ങളുടെ റിക്രൂട്ട്മെൻറ് സ്ഥാപനം വഴി ശരിയാക്കി നല്കിയിരുന്നെന്നും ആരോപണങ്ങൾ തികച്ചും അടിസ്ഥാമില്ലാത്തതും പച്ചക്കള്ളമാണെന്നും അബ്ദുൾ ഹമീദ് പറയുന്നു. ഹോം സെക്രട്ടറിയായി ചുമതലയേറ്റ സാജിദ് ജാവേദിന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണ് ഇതെന്നും ഇവർ പറഞ്ഞു. വിൻഡ് റഷ് കുടിയേറ്റ വിവാദത്തെത്തുടർന്ന് ആംബർ റൂഡ് രാജിവച്ച ഒഴിവിലാണ് സാജിദ് ജാവേദ് ഹോം സെകട്ടറിയായത്.
ടി. തോമസ്
ശാലോം മീഡിയ യൂറോപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം യുകെയില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശാലോം മീഡിയയുടെ സ്ഥാപക ചെയര്‍മാന്‍ ഷെവ. ബെന്നി പുന്നത്തുറയും ഫാദര്‍ ജില്‍റ്റോ ജോര്‍ജും നേതൃത്വം നല്‍കുന്നു. ലണ്ടന് സമീപത്തുള്ള ല്യൂട്ടന്‍ നഗരത്തില്‍ മേയ് 19-20 തിയതികളിലും മിഡ്ലാന്‍ഡ്സിലെ സ്റ്റാഫോര്‍ഡില്‍ മേയ് 26-27 തിയതികളിലുമാണ് ശാലോം മീഡിയ മീറ്റ്.
യൂറോപ്പിന്റെ പുനഃസുവിശേഷവല്‍ക്കരണത്തിനായി ഇവിടെ കുടിയേറിയ മലയാളികളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന മീറ്റിങ്ങുകളില്‍ ശാലോം പീസ് ഫെല്ലോഷിപ്പ് അംഗങ്ങള്‍, ശാലോം ടൈംസ്, ശാലോം ടൈഡിംഗ്, സണ്‍ഡേ ശാലോം എന്നിവയുടെ വിതരണക്കാര്‍, ശാലോം പ്രൊഫഷണല്‍ വോളന്റിയര്‍മാര്‍ എന്നിവര്‍ക്കൊപ്പം ശാലോമിന്റെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ താത്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം.
ശാലോമിന്റെ ശുശ്രൂഷകളെ ഹൃദയത്തോടു ചേര്‍ത്തു പിടിക്കുന്നവരുടെ കൂട്ടായ്മയാണ് ശാലോം പീസ് ഫെലോഷിപ്പ്(SPF). ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൈവികസ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍വേണ്ടി തങ്ങളുടെ സ്വപ്നങ്ങള്‍ ബലികഴിക്കുന്നവരുടെ കൂട്ടായ്മ. ശാലോമിന്റെ മാധ്യമ ശുശ്രൂഷകള്‍ മുന്‍പോട്ടു പോകുന്നത് എസ്.പി.എഫ് അംഗങ്ങളുടെ ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണവും പ്രാര്‍ത്ഥനയും കൊണ്ടാണ്. ശാലോമിന്റെ മീഡിയാ മിനിസ്ട്രിയോടു ചേര്‍ന്ന് ലോക സുവിശേഷവല്‍ക്കരണത്തിനും യൂറോപ്പിന്റെ ആത്മീയ നവോത്ഥാനത്തിനുമായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള എല്ലാവരെയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു.
യൂറോപ്പില്‍നിന്നും ലോകത്തിന്റെ പലഭാഗങ്ങളിലേക്കും സുവിശേഷവുമായി പോയ മിഷനറിമാര്‍ തങ്ങളുടെ സ്വപ്ങ്ങളും മോഹങ്ങളും ബലികഴിച്ചതുകൊണ്ടാണ് സഭ വളര്‍ന്നത്. ഈ കാലഘട്ടത്തില്‍ യൂറോപ്പിലേക്ക് കുടിയേറിയ ഓരോ മലയാളി ക്രൈസ്തവനും ഈ കാലത്തെ സഭയുടെ വേദന മനസ്സിലാക്കി സുവിശേഷത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കണം എന്ന സന്ദേശമാണ് ശാലോം യൂറോപ്പ് പങ്കുവയ്ക്കുന്നത്. ലോകത്തെ രക്ഷിക്കാനായി ഇസ്രായേലിനെ ദൈവം തിരഞ്ഞെടുത്തതുപോലെ ഈ ആധുനിക കാലത്ത് മലയാളികളിലൂടെ ലോകമെങ്ങും സുവിശേഷം എത്തണമെന്ന ദൈവിക പദ്ധതി നിറവേറ്റുകയാണ് ശാലോം. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ഈ കൂട്ടായ്മയില്‍ ചേരുകവഴി നിങ്ങളുടെ ആത്മീയ ജീവിതം നവീകരിക്കപ്പെടും. ഒപ്പം യൂറോപ്പിനെ സ്വര്‍ഗ്ഗത്തിനായി നേടുക എന്ന ദൈവിക സ്വപ്നം നിറവേറുകയും ചെയ്യും. യൂറോപ്പില്‍ സുവിശേഷത്തിന്റെ നവവസന്തം വിരിയിക്കുന്ന ശാലോം ശുശ്രൂഷകളില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവരെ ശാലോം പീസ് ഫെല്ലോഷിപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
ശാലോം പീസ് ഫെല്ലോഷിപ്പ് ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ https://shalommedia.org/spffamily/ എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ശാലോം യുകെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍ നമ്പര്‍: Office: +44 20 3514 1275
Email [email protected]
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
നോട്ടിംഗ്ഹാം: ആറുദിവസം നീണ്ടുനിന്ന ഇടയസന്ദര്‍ശനത്തില്‍ ദൈവാനുഗ്രഹം സമൃദ്ധമായി സ്വീകരിച്ച് നോട്ടിംഗ്ഹാം വിശ്വാസികള്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാ വിശ്വാസികളുടെയും ഭവനങ്ങള്‍ വെഞ്ചരിക്കുകയും നേരില്‍ കണ്ടു സംസാരിക്കുകയും ചെയ്തു. സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തിലും രൂപതാധ്യക്ഷനെ അനുഗമിച്ചു.
ലെന്റന്‍ ബുളിവാര്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ ഇന്നലെ രാവിലെ നടന്ന വി. കുര്‍ബാനയ്ക്കും മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. പ്രീസ്‌ററ് ഇന്‍ ചാര്‍ജ് റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. നമ്മോടു തെറ്റു ചെയ്യുന്ന എല്ലാവരോടും പൂര്‍ണമായി ക്ഷമിക്കുക എന്നതാണ് സ്വര്‍ഗ്ഗത്തിന്റെ നിയമമെന്നും ആ നിയമത്തിനനുസരിച്ച് ജീവിക്കേണ്ടവനാണ് ക്രിസ്ത്യാനിയെന്നും വചന സന്ദേശത്തില്‍ അ്‌ദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബൈബിളിലെ നിര്‍ദയനായ ഭൃത്യന്റെ ഉപമ വായിച്ച് വ്യാഖ്യാനം നല്‍കുകയായിരുന്നു അദ്ദേഹം.
വി. കുര്‍ബാനയുടെ സമാപനത്തില്‍ എല്ലാ കുട്ടികള്‍ക്കും ഇടവകയിലെ വിവിധ കാര്യങ്ങളില്‍ നേതൃത്വം നല്‍കുന്നവര്‍ക്കും പിതാവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിമെന്‍സ് ഫോറം അംഗങ്ങളുടെ പൊതുസമ്മേളനത്തില്‍ അഭിവന്ദ്യ പിതാവ് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആലോചന നടത്തുകയും ചെയ്തു. തിരുക്കര്‍മ്മങ്ങള്‍ തുടങ്ങുന്നതിനു മുമ്പായി പ്രീസ്റ്റ് ചാന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട് എല്ലാവര്‍ക്കും സ്വാഗതമാശംസിക്കുകയും സമാപനത്തില്‍ ട്രസ്റ്റി ബേബി കുര്യാക്കോസ് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.
ഇടവക സന്ദര്‍ശനത്തിനും ദിവ്യബലിക്കും ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ്, മതാധ്യാപകര്‍, വിമെന്‍സ് ഫോറം ഭാരവാഹികള്‍, അള്‍ത്താര ശുശ്രൂഷകര്‍, ഗായകസംഘം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദിവ്യബലിക്കും മറ്റു പൊതു ചടങ്ങുകള്‍ക്കും ശേഷം എല്ലാവര്‍ക്കുമായി സ്‌നേഹവിരുന്നും തയ്യാറാക്കിയിരുന്നു. ഇടയസന്ദര്‍ശനത്തിലൂടെ ദൈവസ്‌നേഹത്തിന്റെ പുതിയ തലങ്ങള്‍ അനുഭവിച്ചറിയാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ഇടവക സമൂഹം ഒന്നായി ദൈവത്തിനു നന്ദി പറഞ്ഞു.
ന്യൂസ് ഡെസ്ക്
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ രഘുറാം രാജൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായി നിയമിതനായി എന്ന് ശശി തരൂരിന്റെ ട്വീറ്റ്. ലോക സാമ്പത്തിക രംഗത്തെ നിർണായ പദവി അലങ്കരിക്കുന്ന രഘുറാം രാജൻ നിലവിലുള്ള ഗവർണർ മാർക്ക് കാർണിയുടെ പിൻഗാമിയാകുമെന്ന് സിയാസത്ത് ന്യൂസിനെ അടിസ്ഥാനമാക്കിയാണ് ശശി തരുർ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്. ഇൻറർനാഷണൽ മോനിട്ടറി ഫണ്ടിന്റെ ചീഫ് ഇക്കണോമിസ്റ്റായി നാല്പതാം വയസിൽ നിയമിതനായ ആദ്യത്തെ യൂറോപ്യനല്ലാത്ത വ്യക്തിയാണ് രഘുറാം രാജൻ. ലോകത്തിലെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ബാങ്കറായി മാറുന്ന രഘുറാം രാജന് ഒരു വർഷം 874,000 പൗണ്ട് ശമ്പളമായി ലഭിക്കുമെന്നും ഇന്ത്യയിൽ തിരസ്കരിക്കപ്പെട്ട പ്രതിഭയുടെ നിയമനം ബ്രെക്സിറ്റ് പശ്ചാത്തലത്തിൽ ബ്രിട്ടനെ ശക്തമാക്കാനെന്നും സിയാസത്ത് ന്യൂസ് റിപ്പോർട്ട് പറയുന്നു.
ഇന്ത്യാക്കാരനായ നാസർ ഹുസൈൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാര്യം അനുസ്മരിച്ചു കൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റിൽ ഇനിയൊരു ഇന്ത്യൻ പ്രൈം മിനിസ്റ്റർ കൂടിയായാൽ റിവേഴ്സ് കോളനിയൈസേഷൻ പൂർത്തിയാകുമെന്നും പറയുന്നു. എന്നാൽ ഇത് വ്യാജവാർത്തയാണെന്നും കാര്യങ്ങൾ വ്യക്തമായി മനസിലാക്കാതെ ട്വീറ്റു ചെയ്തതിന് കടുത്ത വിമർശനവുമാണ് ശശി തരൂർ നേരിടുന്നത്. നിലവിലുള്ള ഗവർണർ മാർക്ക് കാർണി 2019 ജൂണിലെ സ്ഥാനമൊഴിയൂ എന്നിരിക്കെ സിയാസത്ത് പോലെയുള്ള ഒരു ന്യൂസിന്റെ അടിസ്ഥാനത്തിൽ വ്യാജ വാർത്ത പ്രൊമോട്ട് ചെയ്തതിനെതിരെ നൂറു കണക്കിന് ട്വീറ്റുകൾ വന്നു കഴിഞ്ഞു.
അഹമ്മദ് കുറ്റിപ്പാല
ലണ്ടന്‍ : ബ്രിട്ടണിലുള്ള മലയാളികള്‍ ഒത്ത് ചേര്‍ന്ന് മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി യുകെ ഘടകം രൂപീകരിച്ചു . ആം ആദ്മി പാര്‍ട്ടി യുകെ ഘടകത്തിന്റെ രൂപീകരണവും പ്രഥമ സൗഹൃദ യോഗവും ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് വെംബ്ലിയിലെ ചല്‍ക്കില്‍ കമ്മൂണിറ്റി സെന്ററില്‍ വെച്ച് നടക്കുകയുണ്ടായി . 200 മൈല്‍ ദൂരത്ത് നിന്ന് വരെ ആം ആദ്മികള്‍ ലണ്ടനിലെ യോഗത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിരുന്നു
മുജീബ് ലണ്ടന്റെ അധ്യക്ഷതയില്‍ ഒത്തു കൂടിയ യുകെ മലയാളികളായ സാധാരണക്കാരുടെ യോഗം കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ അയച്ച വീഡിയോ സന്ദേശ പ്രദര്‍ശനത്തോടെയായിരുന്നു ആരംഭിച്ചത് . ഇന്ന് എന്തുകൊണ്ട് ഇങ്ങനെയൊരു കൂട്ടായ്മയുടെ ആവശ്യകതയും പ്രസക്തിയും എന്നത് പ്രധാന വിഷയമായി ചര്‍ച്ച ചെയ്തു . ആം ആദ്മി എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വരാനുള്ള കാരണവും സാഹചര്യവും , പാര്‍ട്ടിയുടെ ആശയങ്ങളും , നയങ്ങളും , ലക്ഷ്യവും , നാം പ്രവാസികള്‍ എന്തുകൊണ്ട് ആം ആദ്മി പാര്‍ട്ടിയെ അനുകൂലിക്കണമെന്നുമുള്ള അധ്യക്ഷന്റെ മിതമായ വാക്കുകള്‍ വളരെ ശ്രദ്ധേയമായിരുന്നു . എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്ത ഒരു അവസ്ഥയിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ ദുരവസ്ഥയെപ്പറ്റി പലരും മനസ്സ് തുറന്നു.
കഴിഞ്ഞ മൂന്നു വര്‍ഷക്കാലം കൊണ്ട് തന്നെ ഡെല്‍ഹിയിലെ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെട്ട് രാജ്യത്തിനാകെ മാതൃകാപരമായ മാറ്റങ്ങള്‍ നടപ്പിലാക്കിയതിന്റെ പിന്നിലുള്ള രാഷ്ട്രീയ കാഴ്ചപ്പാടിനെയും , ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിന്റെ കഴിവിനെയും യോഗം വിലയിരുത്തി . അധികാര ദുരുപയോഗമില്ലാതെ പൊതുജന നന്മയുദ്ദേശിച്ച് പ്രവര്‍ത്തിക്കുന്നിടത്തോളം കാലം ആം ആദ്മി പാര്‍ട്ടിക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു . അതോടൊപ്പം കേരളത്തിലെ ആം ആദ്മി പാര്‍ട്ടി നേത്രുത്വം നടത്തുന്ന പോരാട്ടത്തിന് ഐക്യധാര്‍ട്യവും പ്രഖ്യാപിച്ചു.
കേരളത്തിലെ ആം ആദ്മി കണ്‍വീനര്‍ ശ്രീ സി ആര്‍ നീലകണ്ഠന്‍ യുകെയിലെ ആം ആദ്മി പ്രവര്‍ത്തകര്‍ക്കായി നല്‍കുന്ന സന്ദേശം കാണുവാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യുക
വെയില്‍സില്‍ നിന്നും , വിഞ്ചെസ്സ്റ്ററില്‍ നിന്നും , കോവന്ട്രിയില്‍ നിന്നും വരെ അനേക മൈലുകള്‍ താണ്ടി എത്തിച്ചേര്‍ന്ന പ്രവര്‍ത്തകര്‍ സദസ്സിന് പ്രത്യേക ആവേശവും ഊര്‍ജ്ജവും പകര്‍ന്നു. ഓര്‍ഗനൈസറായി മുജീബ് ലണ്ടനെയും , ട്രഷററായി സക്കീര്‍ ക്രോയിഡനേയും ചുമതലപ്പെടുത്തി . ഇപ്പോള്‍ സ്റ്റേറ്റ് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ട് യുകെ മുഴുവനിലുമുള്ള പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു . ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഗ്രുപ്പുകളില്‍ കമന്റുകളും പോസ്റ്റുകളും പങ്ക് വെയ്ക്കുമ്പോള്‍ പാര്‍ട്ടിയുടെ ലക്ഷ്യവും നയങ്ങളുമായി ബന്ധപ്പെട്ട ഫലപ്രദമായ പോസ്റ്റുകള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതിന്റെ അനിവാര്യതയും ചര്‍ച്ചയുടെ ഭാഗമായി നടന്നു .
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് എല്ലാവിധ സഹായങ്ങളും നല്‍കികൊണ്ട് ഡോര്‍ റ്റു ഡോര്‍ ക്യാമ്പയിന് വേണ്ടി ഒരു സംഘത്തെ നാട്ടിലേയ്ക്ക് അയയ്ക്കാനും , പരമാവധി പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ടെലിഫോണ്‍ ക്യാമ്പയിന്‍ നടത്തുവാനും , ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് വേണ്ടി പരമാവധി തുക സമാഹരിക്കുവാനും യോഗം തീരുമാനിച്ചു . ആം ആദ്മി പാര്‍ട്ടി യുകെ ഘടകത്തിന്റെ വരുംകാല പ്രവര്‍ത്തന പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അധികം വൈകാതെ തന്നെ ഒരു കുടുംബ സംഗമം കൂടി സംഘടിപ്പിക്കണമെന്ന ശുഭവാര്‍ത്തയോടെയാണ് യോഗം അവസാനിച്ചത്.
ഹാരി രാജകുമാരന്റെ വിവാഹത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ, പുതിയ പുതിയ വാര്‍ത്തകളാണ് രാജകുടുംബത്തില്‍ നിന്ന് വരുന്നത്. ഹാരി- മേഗന്‍ വിവാഹത്തിന് ക്ഷണിക്കപ്പെട്ട് എത്തുന്ന അതിഥികള്‍ കൈയിൽ ഭക്ഷണവുമായി വരണമെന്ന നിര്‍ദ്ദേശത്തിലൂടെ ലോകത്തെ തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണ് രാജകുടുംബം. ഭക്ഷണം ഉണ്ടാകില്ല എന്ന കാര്യം ക്ഷണക്കത്തില്‍ സൂചിപ്പിക്കാന്‍ വിട്ടു പോയതിന് പിന്നാലെയാണ് ഭക്ഷണം സ്വന്തമായി തന്നെ കയ്യില്‍ കരുതണമെന്ന നിര്‍ദ്ദേശം എത്തിയത്.
രാജകീയ വിവാഹത്തിന് ക്ഷണം കിട്ടിയ 2640 അതിഥികളില്‍ 1200 പേര്‍ സാധാരണക്കാരാണ്. വിന്‍സര്‍ കൊട്ടാരവളപ്പിനുള്ളിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹം കാണാനുള്ള അവസരം വിഐപി അതിഥികള്‍ക്കു മാത്രമാണുള്ളത്. ബാക്കിയുള്ളവര്‍ കൊട്ടാരവളപ്പിലെ മൈതാനത്തിലിരിക്കണം. ഇവര്‍ക്കു ശീതളപാനീയവും ലഘുഭക്ഷണവും മാത്രമാണു കൊട്ടാരം വകയായി ഒരുക്കിയിരിക്കുന്നത്. വിവാഹച്ചടങ്ങു നാലുമണിക്കൂറിലേറെ നീളുമെന്നതിനാല്‍ ഉച്ചക്ക് കഴിക്കാനുള്ള പൊതി വീട്ടില്‍നിന്നു കൊണ്ടുവരുന്നതായിരിക്കും നല്ലതെന്നാണ് അറിയിപ്പ്. ഹാരിമേഗന്‍ വിവാഹച്ചെലവിനത്തില്‍ 40 കോടി പൗണ്ട് വകയിരുത്തിയ രാജകുടുംബം സാധാരണക്കാര്‍ക്കു മാന്യമായ ഭക്ഷണം കൊടുക്കാന്‍ പിശുക്കുകാട്ടുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
രാജകീയ മാംഗല്യത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാടകീയ സംഭവങ്ങളാണ് കൊട്ടാരത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ഹാരി രാജകുമാരന് മേഗന്‍ മെര്‍ക്കലിന്റെ സഹോദരന്‍ കത്തയച്ചത് വാര്‍ത്തയായിരുന്നു. ഒട്ടും താമസിച്ചിട്ടില്ല, മേഗനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറു എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. മേഗന്റെ അര്‍ദ്ധ സഹോദരന്‍ തോമസ് മെര്‍ക്കലായിരുന്നു കത്തയച്ചത്. മേഗനുമായുള്ള ഹാരിയുടെ വിവാഹം നടന്നാല്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ വിവാഹ ചരിത്രങ്ങളില്‍ ഏറ്റവും വലിയ പിഴവായിരിക്കും അതെന്നും തോമസ് കത്തില്‍ പറഞ്ഞിരുന്നു.
ജിജോ അരയത്ത്
ഇംഗ്ലണ്ടിലെ ലോക്കല്‍ കൗണ്‍സിലുകളിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പുകളില്‍ ഇത്തവണ മത്സര രംഗത്ത് ആറോളം മലയാളികളും ഉണ്ടായിരുന്നു. ഇതില്‍ ന്യൂഹാം, കേംബ്രിഡ്ജ്, ക്രോയ്ഡോണ്‍ കൗണ്‍സിലുകളില്‍ മലയാളി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി. ഓമന ഗംഗാധരന്‍, സുഗതന്‍ തെക്കെപ്പുര, മഞ്ജു ഷാഹുല്‍ ഹമീദ്, ബൈജു വര്‍ക്കി തിട്ടാല എന്നിവരാണ് ഇത്തവണ വിജയം കരസ്ഥമാക്കിയ മലയാളികളില്‍.
കേംബ്രിഡ്ജ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിയായ ബൈജു വര്‍ക്കി തിട്ടാലയെ ആദരിയ്ക്കാനുള്ള ഒരുക്കത്തിലാണ് യുകെയിലെ മുട്ടുചിറ നിവാസികള്‍. കോട്ടയം സ്വദേശിയായ ബൈജു വര്‍ക്കി തിട്ടാലയുടെ ഭാര്യ ആന്‍സി ബൈജു മുട്ടുചിറ സ്വദേശിനിയാണ്. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ഇംഗ്ലണ്ടില്‍ ക്രിമിനല്‍ ലോയര്‍ ആയി പ്രാക്ടീസ് ചെയ്യുന്ന ബൈജു വര്‍ക്കി തിട്ടാലയുടെ വിജയം.
ജൂലൈ ഏഴാം തീയതി ബോള്‍ട്ടനില്‍ വച്ച് നടക്കുന്ന പത്താമത് മുട്ടുചിറ സംഗമത്തില്‍ വച്ചായിരിക്കും ബൈജു വര്‍ക്കി തിട്ടാലയെ പൊന്നാട അണിയിച്ച് ആദരിക്കുന്നത് എന്ന് സംഗമം ഭാരവാഹികള്‍ അറിയിച്ചു.
ലണ്ടൻ∙ ഇംഗ്ലണ്ടിലെ പുതുപ്പള്ളി സെന്റ്. ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് മാഞ്ചസ്റ്റർ പെരുന്നാൾ മേയ് 12 , 13 തീയതികളിൽ.
ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ 12 നു വൈകിട്ട് 6ന് ഇടവക വികാരി ഫാദർ ഹാപ്പി ജേക്കബ് കൊടിയേറ്റുന്നതോടെ തുടക്കം കുറിക്കും. തുടർന്നു സന്ധ്യ നമസ്കാരവും ഫാദർ മാത്യു എബ്രഹാം (ബോബി അച്ഛൻ) നയിക്കുന്ന വചനശ്രുശൂഷയും നടത്തും
13 നു രാവിലെ 9നു പ്രഭാതനമസ്കാരവും തുടർന്ന് ഭദ്രാസന മെത്രാപോലിത്ത എച്ച്ജി ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി യുടെ മുഖ്യകാര്മികത്തിൽ വിശുദ്ധ മൂന്നിന്മേൽ ഖുർബാന നടത്തപ്പെടും.തുടർന്ന് ഭക്തിനിർഭരമായ രാസ വാദ്യമേളങ്ങളോട് കൂടെ നടത്തപ്പെടും, അതിനോട് അനുബന്ധിച്ചു ആശിർവാദവും നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നത് ആണ്. തുടർന്ന് നടക്കുന്ന ആത്യാത്മിക സംഘടനകളുടെ യോഗത്തിൽ തിരുമേനി അധ്യക്ഷത വഹിക്കുന്നതും ആയിരിക്കും.
2016 ൽ സ്വന്തമായി ദേവാലയം കൂദാശ ചെയ്യപ്പെട്ടതോടുകൂടി ഇംഗ്ലണ്ടിലെ പുതുപ്പള്ളി എന്നറിയപ്പെടുന്ന മലങ്കര സഭയുടെ മാഞ്ചസ്റ്റർ സെന്റ്.ജോർജ് പള്ളിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. കർത്താവിനുവേണ്ടി കഷ്ടതകൾ സഹിച്ചു രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ഗീവര്ഗീസ് സഹദാ യുടെ പെരുന്നാളിൽ വിശ്വാസികൾ ഏവരും പ്രാർഥനാപൂർവ്വം നേർച്ച കഴകളോട് വന്നു അനുഗ്രഹം പ്രാപിക്കാൻ കർത്തൃനാമത്തിൽ ഇടവക വികാരി റെവ ഫാദർ ഹാപ്പി ജേക്കബ് സാദരം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക.
ഫാദർ ഹാപ്പി ജേക്കബ്
ജിജി കുരിയൻ – പെരുന്നാൾ കൺവീനർ