UK

സാധാരണയായി പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഒരു അമ്മയുടെ പ്രകൃതമായിരുന്നില്ല അന്ന് കെയിറ്റിന്റേത്. രാജവീഥിയിലൂടെ കുഞ്ഞിനെയും മാറിലണച്ച് മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്നിലെത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ അമ്മയെപ്പോലെയായിരുന്നു അവള്‍. രാജ്യത്തിന്റെ ഭാവി കീരിടാവകാശിയെ ലോകത്തിന് മുന്നില്‍ ആദ്യമായി കാണിക്കുമ്പോള്‍ കെയിറ്റ് ധരിച്ച വസ്ത്രത്തെപ്പറ്റി വരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള വസ്ത്രമായിരുന്നു കെയിറ്റിന്റെ വേഷം. വെള്ള നിറത്തിലുള്ള തുണികൊണ്ട് പുതപ്പിച്ച് യുകെയുടെ പുതിയ കിരീടവകാശിയും.

കുഞ്ഞിന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. പേര് ഉടന്‍ തന്നെ അറിയിക്കുമെന്ന് വില്യം വ്യക്തമാക്കി. ഇടാനുദ്ദേശിക്കുന്ന പേര് സംബന്ധിച്ച് വാതുവെപ്പുകളും സജീവമായിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെയും ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് ഫിലിപ്പ് രാജകുമാരന്റെയും ആറാമത്തെ ഈ അനന്തരാവകാശിക്ക് ആര്‍തര്‍ എന്ന പേരായിരിക്കും നല്‍കുകയെന്നാണ് ഭൂരിപക്ഷവും കരുതുന്നത്. കുഞ്ഞിനെ പരിചപ്പെടുത്തല്‍ ചടങ്ങിനെത്തിയ കെയിറ്റിന്റെ അദ്ഭുത സൗന്ദര്യത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍ സജീവമായികൊണ്ടിരിക്കുന്നത്.

പ്രസവിച്ച് മണിക്കൂറുകള്‍ക്കുളളിലാണ് വില്യമിനോടപ്പം കെയിറ്റ് ആളുകളെ കാണുന്നത്. അഞ്ച് വയസിന് താഴെയുള്ള മൂന്ന് കുട്ടികളുടെ അമ്മയാണെന്ന് കണ്ടാല്‍ മനസിലാകുകയില്ലെന്നാണ് മാധ്യമ പ്രവര്‍ത്തക സാറാ വൈന്‍ കെയിറ്റിനെക്കുറിച്ച് പറഞ്ഞത്. കെയിറ്റിന്റെ പ്രായത്തിലുള്ള മിക്ക അമ്മമാരുടെയും ശരീരത്തില്‍ പ്രസവത്തിന്റെയും പ്രായത്തിന്റേതുമായി വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. പക്ഷേ ഞങ്ങളുടെ കെയിറ്റിന്റെ കാര്യത്തില്‍ മറിച്ചാണെന്ന് സാറാ വൈന്‍ വ്യക്തമാക്കുന്നു. പ്രസവത്തിന് ഒന്നോ രണ്ടോ ദിവസത്തിന് ശേഷമാണ് കെയിറ്റ് ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അദ്ഭുതപ്പെടാനില്ലായിരുന്നു. പക്ഷേ പ്രസവത്തിന് മണിക്കൂറുകള്‍ക്കകം വളരെ ആത്മവിശ്വാസത്തോടെ ഹൈ ഹീല്‍ ചെരിപ്പ് ധരിച്ച് കെയിറ്റ് എത്തിയെന്നത് അദ്ഭുതമുളവാക്കുന്ന കാര്യമാണെന്നും വൈന്‍ കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രെക്‌സിറ്റ് രജിസട്രേഷന്‍ നടത്താനുള്ള മൊബൈല്‍ ആപ്പ് ഐഫോണുകളില്‍ ലഭ്യമാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത് ഐഫോണുകളാണ്. ബയോമെട്രിക് പാസ്‌പോര്‍ട്ടുകളിലെ ചിപ്പുകള്‍ റീഡ് ചെയ്യാനുള്ള സൗകര്യം ഐഫോണുകളില്‍ ലഭ്യമല്ലാത്തത് കാരണമാണ് ആപ്പ് ഉപയോഗിക്കാന്‍ കഴിയാത്തതെന്ന് ഹോം സെക്രട്ടറി ആംബര്‍ റുഡ് വിശദീകരിച്ചു. പ്രസ്തുത ആപ്പ് യൂസര്‍ ഫ്രണ്ട്‌ലി ആയിരിക്കുമെന്നും ഏതൊരാള്‍ക്കും ഉപയോഗിക്കാന്‍ ഉതകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐഫോണുകളില്‍ ആപ്പ് ലഭ്യമല്ലെന്ന കാര്യം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ ഇയു പൗരന്മാര്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ കടം വാങ്ങി ഉപയോഗിക്കേണ്ടി വരുമെന്നും ലിബറല്‍ ഡമോക്രാറ്റ് എംഇപി കാതറീന്‍ ബിയറര്‍ പറഞ്ഞു.

എംഇപിമാര്‍ ഹോം ഓഫീസ് ഉദ്യോഗസ്ഥരുമായി ബ്രസല്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് ആപ്പിന്റെ ഉപയോഗം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള മൊബൈല്‍ ബ്രാന്റുകളിലൊന്നാണ് ആപ്പിളിന്റേത്. കൗമാരക്കാരായ ആളുകള്‍ക്കിടയിലും അല്ലാത്തവര്‍ക്കിടയിലും വലിയ ഡിമാന്റുള്ള ഐഫോണുകള്‍ തന്നെയാണ് മിക്കവരും ഉപയോഗിക്കുന്നത്. ഐഫോണില്‍ ആപ്പ് ലഭ്യമല്ലാതാവുന്നതോടെ മറ്റുള്ളവരുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ കടം വാങ്ങി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ട അവസ്ഥയുണ്ടാകും. അതേസമയം ഓണ്‍ലൈന്‍ മാര്‍ഗം രജിസ്റ്റര്‍ ചെയ്യാന്‍ അസൗകര്യവും ബുദ്ധിമുട്ടും നേരിടുന്നവര്‍ക്കായി മറ്റു മാര്‍ഗങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.

ആന്‍ഡ്രോയിഡ് ഫോണുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് നോണ്‍-ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന പുതിയ പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് ഇമിഗ്രേഷന്‍ അതോറിറ്റിയോടുള്ള ഇയു രാഷ്ട്രീയ നേതാക്കളുടെയും പൗരന്മാരുടെയും അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഹോം ഓഫീസില്‍ നിന്നും കരീബീയന്‍ നാടുകളില്‍ നിന്ന് എത്തിയവരുടെ ലാന്‍ഡിംഗ് രേഖകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതോടൊപ്പം ഇയു പൗരന്മാരുടെ രേഖകളും കാണാതായതായിട്ടാണ് റിപ്പോര്‍ട്ട്. യുറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രെക്‌സിറ്റിന് ശേഷം രാജ്യത്ത് തുടരാനുള്ള നടപടി ക്രമങ്ങളില്‍ ഇളവു വരുത്താനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനായിട്ടാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് യുകെ സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക്

M62 മോട്ടോർവേയിൽ വൈകുന്നേരം ആറുമണിയോടെ ഉണ്ടായ അപകടത്തെ തുടർന്ന് ജംഗ്ഷൻ 36 ഗൂളിനും 37 ഹൗഡനും ഇടയിൽ ഇരു ദിശകളിലും അടച്ചു. വൻ ട്രാഫിക് ക്യൂ മോട്ടോർവേയിൽ രൂപപ്പെട്ടിട്ടുണ്ട്. ഹള്ളിലേയ്ക്കും തിരിച്ചുമുള്ള ട്രാഫിക് പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. ദീർഘനേരത്തേയ്ക്ക് തടസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ റൂട്ടിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ഹംബർ സൈഡ് പോലീസും ഫയർ സർവീസും അഭ്യർത്ഥിച്ചിട്ടുണ്ട്.

ഔസ് ബ്രിഡ്ജിലുണ്ടായ അപകടത്തെ തുടർന്നാണ് മോട്ടോർവേ അടച്ചത്. എത്ര വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് അറിവായിട്ടില്ല. എമർജൻസി സർവീസുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഡ്രസിംഗ് ഗൗണിന്റെ ചരടുപയോഗിച്ച് ഏഴു വയസുകാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പിതാവ് പോലീസിനെ വിളിച്ച് അറിയിച്ചു. പുരാവസ്തു കച്ചവടക്കാരനായ റോബര്‍ട്ട് പീറ്റേഴ്‌സ് എന്ന 56കാരനാണ് തന്റെ മകളായ സോഫിയയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 3നായിരുന്നു സംഭവം. കുട്ടിയുടെ കഴുത്തില്‍ ചരട് മുറുക്കി അര മണിക്കൂറോളം ഇയാള്‍ പിടിച്ചുവെച്ചുവെന്നാണ് കോടതിയില്‍ വ്യക്തമാക്കപ്പെട്ടത്. മരണമുറപ്പാക്കിയ ശേഷം ഇയാള്‍ പോലീസില്‍ വിളിച്ച് ഒരു കൊലപാതകം നടന്നിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. താനാണ് കൊല നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

പുതിയ സ്‌കൂളില്‍ രണ്ടര ആഴ്ച നീളുന്ന അവധിയുടെ അവസാന ഘട്ടത്തിലായിരുന്നു സോഫിയ. കുട്ടിയെ കൊലപ്പെടുത്തിയതിന് പ്രത്യേക കാരണമൊന്നും പറയാനുമുണ്ടായിരുന്നില്ല. കൊല നടത്തുമ്പോള്‍ പീറ്റേഴ്‌സിന്റെ മാനസികനില എന്തായിരുന്നുവെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അത്ര ഗുരുതരമല്ലാത്ത വിഷാദരോഗത്തിന് ആ സമയത്ത് ഇയാള്‍ അടിമയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ മുകുള്‍ ചൗള ക്യുസി പറഞ്ഞു. എന്നാല്‍ ഒരു കൊലപാതകത്തിലേക്ക് ഈ അവസ്ഥ നയിക്കാന്‍ സാധ്യതയില്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

സൗത്ത് വെസ്റ്റ് ലണ്ടനിലെ റെയ്ന്‍സ് പാര്‍ക്കിലെ വീട്ടില്‍ വെച്ചാണ് സംഭവമുണ്ടായത്. പോലീസില്‍ വിളിച്ച് കൊല നടന്നുവെന്ന് അറിയിച്ചപ്പോള്‍ ആരാണ് ചെയ്തതെന്ന് ഓപ്പറേറ്റര്‍ ചോദിച്ചു. താനാണ് അത് ചെയ്തതെന്ന് പീറ്റേഴ്‌സ പറയുകയായിരുന്നു. വീട്ടില്‍ പോലീസ് എത്തിയപ്പോളും ഇയാള്‍ അവിടെയുണ്ടായിരുന്നു. ബെഡ്‌റൂമില്‍ കുട്ടിയുണ്ടെന്നും താന്‍ അവളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നും അയാള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. പാരാമെഡിക്കുകള്‍ സ്ഥലത്തെത്തി കുട്ടിക്ക് സിപിആറും അഡ്രിനാലിന്‍ കുത്തിവെയ്പ്പും നല്‍കിയപ്പോള്‍ ചെറിയ ഹൃദയമിടിപ്പ് കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. സെന്റ് ജോര്‍ജസ് ഹോസ്പിറ്റലില്‍ വെച്ചാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

സ്പീഡ് ക്യാമറകളെ കബളിപ്പിക്കാനായി തന്റെ റേഞ്ച് റോവറില്‍ ലേസര്‍ ജാമര്‍ ഘടിപ്പിച്ച 67 കാരന് തടവ് ശിക്ഷ. ഇയാളുടെ പ്രവൃത്തി കടുത്ത നിയമലംഘനമായി കണക്കാക്കിയ കോടതി 8 മാസം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഒരു പ്രമുഖ കമ്പനിയുടെ ഡയറക്ടര്‍ കൂടിയായ തിമോത്തി ഹില്‍ വാഹനത്തിന്റെ സ്പീഡ് കണ്ടുപിടിക്കുന്നത് തടയിടാനായി ലേസര്‍ ജാമര്‍ ഉപയോഗിക്കുകയായിരുന്നു. വാഹനം കടന്നുപോകുന്ന സമയത്ത് ക്യാമറയ്ക്ക് നേരെ ഇയാള്‍ നടുവിരല്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ യോര്‍ക്ക് ആന്റ് മിഡില്‍സ്ബറോയിലെ എ19 പാതയിലാണ് സംഭവം. ലേസര്‍ ജാമര്‍ ഉപയോഗിച്ചതിനാല്‍ ഹില്ലിന്റെ വാഹനത്തിന്റെ വേഗത കണ്ടുപിടിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞിട്ടില്ല. നീതിപീഠത്തെ അപമാനിച്ചുവെന്ന കാരണത്തിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.

പോലീസ് വാന്‍ ക്യാമറയിലാണ് ഹില്‍ നടത്തിയ നിയമലംഘനം പതിഞ്ഞത്. അതേസമയം തന്റെ പ്രവൃത്തി ക്യാമറയില്‍ കുടുങ്ങിയ കാര്യം ബോധ്യമായ ഇയാള്‍ ഉപകരണം വാഹനത്തില്‍ നിന്നും മാറ്റുകയും ചെയ്തു. ഇയാള്‍ ട്രാഫിക് ക്യാമറയ്ക്ക് നേരെ മിഡില്‍ ഫിംഗര്‍ ഉയര്‍ത്തി കാണിച്ച് കടന്നു പോകുന്ന ദൃശ്യങ്ങള്‍ പോലീസ് വാന്‍ ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അതേസമയം താന്‍ മണിക്കൂറില്‍ 60 മൈലിലും കുറഞ്ഞ വേഗതയിലാണ് വാഹനമോടിച്ചതെന്ന് ഹില്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ ദൃശ്യങ്ങള്‍ ഇയാളുടെ മൊഴിക്കെതിരായിരുന്നു. അന്വേഷണം ആരംഭിച്ചതിന് ശേഷം ജാമര്‍ നശിപ്പിച്ചെങ്കിലും പോലീസിന് ഇയാള്‍ ലേസര്‍ ജാമര്‍ ഉപയോഗിച്ചതായുള്ള തെളിവുകള്‍ ലഭിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഹില്ലിന്റെ താമസ സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ പ്രവൃത്തി കടുത്ത നിയമലംഘനമായി കോടതി നിരീക്ഷിച്ചു. 8 മാസം തടവ് ശിക്ഷ കൂടാതെ ഹില്ലിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് കോടതി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. നീതീ പീഠത്തിന് നേരെയുള്ള പരിഹാസമാണിതെന്ന് ഹില്ലിന് ശിക്ഷ വിധിച്ച ജഡ്ജ് ചൂണ്ടികാണിച്ചു. ആന്‍ഡ്രൂ ഫോര്‍ത്ത് എന്ന ട്രാഫിക് കോണ്‍സ്റ്റബിളാണ് കേസ് അന്വേഷിച്ചത്. പോലീസിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ മിഡില്‍ ഫിംഗര്‍ ഉയര്‍ത്തിക്കാണിക്കുന്നത് ഒരു മികച്ച നടപടിയാണ്. അതുപോലെ ജയിലില്‍ കിടക്കാനും ഇതൊരു മികച്ച പ്രവര്‍ത്തിയാണെന്നും ആന്‍ഡ്രൂ ഫോര്‍ത്ത് പരിഹസിച്ചു.

ന്യൂസ് ഡെസ്ക്

യുകെയിൽ പ്രചാരത്തിലുള്ള ബിറ്റ്കോയിൻ 2.0 പ്രോട്ടോകോൾ വിഭാഗത്തിലുള്ള എത്തീരിയം ബ്ലോക്ക് ചെയിൻ അടിസ്ഥാനമായി മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ കാർബൺ (CCRB) അതിന്റെ ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നു. ബിസിനസ് ബാങ്കിംഗ് എക്സ്ചേഞ്ച് (BBX) യുകെയുമായി  ലണ്ടൻ ആസ്ഥാനമായുള്ള ക്രിപ്റ്റോ കാർബൺ  ഗ്ലോബൽ ലിമിറ്റഡ് പാർട്ട്ണർഷിപ്പ് ഒപ്പുവച്ചു. ലോകത്തിലെ ഏറ്റവും ബൃഹത്തായ ബിസിനസ് മാർക്കറ്റിനെ നിയന്ത്രിക്കുന്ന BBX മായി കരാറിൽ ഏർപ്പെട്ടിരിക്കുന്നതുവഴി 14 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 90,000ലേറെ റീട്ടെയിൽ ബിസിനസുകളിൽ കൂടി ക്രിപ്റ്റോ കാർബൺ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താൻ കൺസ്യൂമർക്ക് അവസരം ലഭിക്കും. നിലവിൽ 200 ലേറെ രാജ്യങ്ങളിലായി 35,000 ഔട്ട്‌ ലെറ്റുകളിൽ CCRBയ്ക്ക് സ്വീകാര്യത ഉണ്ട്.

BBX ഉം CCRB യും തമ്മിലുള്ള ബിസിനസ് പ്ലാറ്റ്ഫോം ഇന്റഗ്രേഷൻ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാവും. 1993 ൽ സ്ഥാപിതമായ BBX ന് 97,000 കാർഡ് ഹോൾഡർമാർ നിലവിലുണ്ട്. ദൈനംദിന ജീവിതത്തിൽ ആവശ്യമായ വിവിധ നിരക്കിലുള്ള മില്യണിലേറെ  പ്രോഡക്ടുകളും സേവനങ്ങളും CCRB ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുവാൻ കഴിയും. ഒരു ഇൻവെസ്റ്റ്മെൻറായും സാധാരണ ഷോപ്പിംഗിനായും CCRB ഉപയോഗിക്കാം. 70 മില്യൺ ക്രിപ്റ്റോ കാർബണാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. മുഴുവൻ ക്രിപ്റ്റോ കാർബണും മൈൻ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇവ സ്വന്തമാക്കാൻ മൈനിംഗിനെ ആശ്രയിക്കേണ്ടതില്ല.

നേരിട്ടു വാങ്ങിയ്ക്കുന്നത് കൂടാതെ ഷോപ്പിംഗ് ലോയൽറ്റി സ്കീം, കാഷ് ബാക്ക് പ്ലാറ്റ്ഫോം, റെഫറൽ കമ്മീഷൻ എന്നിവ വഴി ക്രിപ്റ്റോ കാർബൺ സ്വന്തമാക്കാം. ടെസ്കോ, സെയിൻസ്ബറി, കോസ്റ്റാ, കറിസ് പിസി വേൾഡ്, ആർഗോസ്, മാർക്ക് ആൻഡ് സ്പെൻസർ, പ്രൈമാർക്ക്, മദർകെയർ, ടോപ്ഷോപ്പ്, സ്പോർട്സ് ഡയറക്ട്, തോമസ് കുക്ക്, സിനിവേൾഡ് അടക്കമുള്ള നിരവധി സൂപ്പർമാർക്കറ്റുകളിലും ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും ക്രിപ്റ്റോ കാർബൺ ഉപയോഗിക്കാം എന്നത് ഈ ഡിജിറ്റൽ കറൻസിയെ കൂടുതൽ ജനകീയമാക്കുന്നു. ക്രിപ്റ്റോ കാർബണിനെക്കുറിച്ചുള്ള വിവരങ്ങൾ www.cccrb.io എന്ന വെബ് സൈറ്റിലും CCRB ഷോപ്പിംഗ് ഡിസ്കൗണ്ടിനെക്കുറിച്ചുള്ള കാര്യങ്ങൾ www.beeone.co.uk എന്ന സൈറ്റിലും ലഭ്യമാണ്.

ജഗി ജോസഫ് 

ബ്രിസ്‌ക സര്‍ഗ്ഗോത്സവം സര്‍ഗ്ഗപ്രതിഭകളുടെ പോരാട്ടവേദിയായി മാറിയപ്പോള്‍ ആവേശവും, ആകാംക്ഷയും വാനോളം ഉയര്‍ന്നു. പങ്കെടുത്തവരെയും സംഘാടകരെയും ഒരു വള്ളംകളിയുടെ ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് ബ്രിസ്റ്റോള്‍ സൗത്ത്മീഡ് സെന്ററില്‍ ബ്രിസ്‌ക സര്‍ഗ്ഗോത്സവം പ്രൗഢഗംഭീരമായി കൊണ്ടാടിയത്. രാവിലെ പത്തരയ്ക്ക് ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചതോടെ സര്‍ഗ്ഗോത്സവത്തിന് കൊടിയുയര്‍ന്നു.

ബ്രിസ്‌ക ഭാരവാഹികളും, എക്‌സിക്യൂട്ടിവ് അംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനം പൂര്‍ത്തിയാക്കിയ ശേഷം വേദി മത്സരങ്ങളുടെ പോരാട്ടവീര്യത്തില്‍ ലയിച്ചു. കുട്ടികളുടെ പെയ്ന്റിങ് മത്സരമാണ് ആദ്യം ആരംഭിച്ചത്. ഇതിന് പിന്നാലെ വാശിയേറിയ മറ്റ് മത്സരങ്ങളുടെ പോരാട്ടച്ചൂടിലേക്കും വേദി ചുവടുമാറ്റി.

അഞ്ചു വിഭാഗങ്ങളായാണ് മത്സരങ്ങള്‍ അരങ്ങേറിയത്. വൈകുന്നേരം നാലര വരെ നീണ്ട മത്സരങ്ങള്‍ അതില്‍ പങ്കെടുത്തവരുടെ പ്രതിഭ വിളിച്ചോതുന്നതായി. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ വിവിധ ഗ്രൂപ്പുകളിലെ കലാപ്രതിഭയും, കലാതിലകവുമായി ഇവരെ തെരഞ്ഞെടുത്തു: ക്രിസ്റ്റല്‍ ജിനോയി,ഇമ്മാനുവല്‍ ലിജോ, ഒലീവിയ ചെറിയാന്‍, ലിയോ ടോം ജേക്കബ്, റിയ ജോര്‍ജ്, ഗോഡ് വിന്‍ സെബാസ്റ്റിയന്‍, റോസ്മി ജിജി തുടങ്ങിയവരാണ് വിവിധ ഏജ് ഗ്രൂപ്പില്‍ നിന്നും കലാപ്രതിഭയും കലാതിലകവുമായി കിരീടമണിഞ്ഞത്.

സമാപന സമ്മേളനത്തില്‍ വച്ച് ഈ വര്‍ഷം ദാമ്പത്യത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ജോണി ലൗലി ദമ്പതികളെ ബ്രിസ്‌ക സര്‍ഗ്ഗോത്സവത്തിന്റെ ആദരവറിയിച്ച് പൊന്നാട അണിയിച്ചു. പൊതു സമ്മേളനത്തില്‍ സമ്മാനങ്ങള്‍ നേടിയ മത്സരാര്‍ത്ഥികള്‍ക്കുള്ള  സമ്മാനങ്ങള്‍ നല്‍കി. ഇതിന് ശേഷം വേദി അതിമനോഹരമായ ഗാനമേളയുടെ താളങ്ങളില്‍ ലയിച്ചു. ബ്രിസ്‌റ്റോളിലെ കലാകാരന്മാരാണ് ഗാനമേളക്ക് നേതൃത്വം നല്‍കിയത്.

ബ്രിസ്‌ക സര്‍ഗ്ഗോത്സവേദിയില്‍ കേരളീയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ഫുഡ് കൗണ്ടര്‍ സവിശേഷ അനുഭവമായി. സജീ മാത്യുവാണ് ഫുഡ് കൗണ്ടറിന് നേതൃത്വം നല്‍കിയത്. ബ്രിസ്‌ക സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി, ആര്‍ട്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍മാരായ സെബാസ്റ്റ്യന്‍ ലോനപ്പന്‍, സന്ദീപ്, റെജി, വൈസ് പ്രസിഡന്റ് ബിജു പപ്പാരില്‍, ബ്രിസ്‌ക ട്രഷറര്‍ ബിജു, ബ്രിസ്‌ക എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഒരു പകല്‍ മുഴുവന്‍ ബ്രിസ്‌ക കലാകാരന്മാര്‍ മാറ്റുരച്ച സര്‍ഗ്ഗോത്സവം എട്ടുമണിയോടെ അവസാനിച്ചു.

പങ്കെടുക്കാനെത്തിയ പ്രതിഭകളാണ് ഈ പരിപാടിയെ വന്‍വിജയമാക്കിത്തീര്‍ത്തത്. പരിപാടി വിജയകരമാക്കാന്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ബ്രിസ്‌ക സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി നന്ദി രേഖപ്പെടുത്തി.

ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നതിനെ അനുകൂലിച്ച് ഭൂരിപക്ഷം ബ്രിട്ടീഷുകാര്‍. രണ്ട് ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് നടത്തിയ വലിയ സര്‍വേയില്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരണമെന്ന് 56 ശതമാനം പേര്‍ ആവശ്യപ്പെട്ടു. അതേസമയം പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനും ബ്രെക്‌സിറ്റോടെ സിംഗിള്‍ മാര്‍ക്കറ്റ് ബന്ധവും അവസാനിപ്പിക്കണമെന്ന പക്ഷക്കാരാണ്. യൂറോപ്പില്‍ തുടര്‍ന്നാല്‍ ബ്രിട്ടന്റെ സാമ്പത്തികമേഖലയ്ക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്ന് 52 ശതമാനം പേര്‍ അവകാശപ്പെട്ടു.

രണ്ടാമതൊരു ഹിതപരിശോധന നടന്നാല്‍ ബ്രിട്ടീഷ് ജനത ബ്രെക്‌സിറ്റിനോടുള്ള അഭിപ്രായം മാറ്റുമെന്നും സര്‍വേ പറയുന്നു. ബ്രെക്‌സിറ്റ് അനുകൂലികളായിരുന്ന 8 ശതമാനം പേര്‍ ഇപ്പോള്‍ അതില്‍ നിന്ന് പിന്നോട്ടു പോയിട്ടുണ്ട്. അതിനൊപ്പം തന്നെ ബ്രെക്‌സിറ്റ് വിരുദ്ധരായ 4 ശതമാനം പേര്‍ക്കും അഭിപ്രായ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. രണ്ടാം ഹിതപരിശോധന സംഭവിച്ചാല്‍ ബ്രെക്‌സിറ്റ് അനുകൂലികളും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം വെറും 1 ശതമാനത്തില്‍ ഒതുങ്ങും. അനുകൂലികളുടെ എണ്ണം 51 ശതമാനമായി കുറയുമെന്നാണ് വെളിപ്പെടുത്തല്‍.

ഇരു പക്ഷവുമല്ലാത്തവരുടെ വലിയൊരു ശതമാനം അപ്പോഴും നിലനില്‍ക്കുമെന്നതിനാല്‍ യൂണിയന്‍ വിടണമെന്ന അഭിപ്രായത്തിനു തന്നെയായിരിക്കും അപ്പോഴും മേല്‍ക്കൈ. യുകെയും ബ്രസല്‍സും തമ്മില്‍ നടന്നു വരുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ജനങ്ങള്‍ തൃപ്തരല്ലെന്നും സര്‍വേയില്‍ വ്യക്തമായി. 62 ശതമാനം പേരാണ് അസംതൃപ്തി അറിയിച്ചത്. ഗൂഗിള്‍ സര്‍വേയുമായി സഹകരിച്ചുകൊണ്ട് ജോണ്‍സ്റ്റണ്‍ പ്രസ്, ന്യൂസ്‌ക്വസ്റ്റ്, ഡെയിലി മിററിന്റെ മാതൃ കമ്പനിയായ ട്രിനിറ്റി മിറര്‍ എന്നീ പ്രസാധക സ്ഥാപനങ്ങള്‍ നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.

മാഞ്ചസ്റ്ററിലെ കോഫി ഷോപ്പുകളിലോ ബാറുകളിലോ കയറിയ ശേഷം പണമെടുത്തു നല്‍കിയാല്‍ ഇനി മുതല്‍ അവര്‍ സ്വീകരിക്കണമെന്നില്ല. മാഞ്ചസ്റ്ററിലെ പ്രശസ്തമായ സാന്‍ഡ്ബാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ക്യാഷ് പേയ്‌മെന്റില്‍ നിന്ന് പിന്‍മാറിക്കഴിഞ്ഞു. ഇനി മുതല്‍ ക്രിപ്‌റ്റോകറന്‍സിയിലേ തങ്ങള്‍ പ്രതിഫലം വാങ്ങൂ എന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡുകളുടെയും വാച്ചുകള്‍, ഫോണുകള്‍ എന്നിവയിലൂടെയുള്ള പണമടക്കലുകളുടെയും കാലത്ത് ക്യാഷ് രജിസ്റ്ററുകളും നോട്ടുകെട്ടുകളും പഴങ്കഥയായിക്കൊണ്ടിരിക്കുകയാണല്ലോ. അതിനിടെയാണ് ഡിജിറ്റല്‍ കറന്‍സിയിലേക്ക് ഷോപ്പുകള്‍ മാറിയിരിക്കുന്നത്.

ഫെബ്രുവരി മുതല്‍ തന്നെ റിയല്‍ എയ്ല്‍, സാന്‍ഡ്ബാര്‍ എന്നിവ ക്രിപ്‌റ്റോകറന്‍സി പേയ്‌മെന്റിലേക്ക് മാറിയിരുന്നു. കാര്‍ഡുകളും ബിറ്റ്‌കോയിനുകളും മാത്രമേ സ്വീകരിക്കൂ എന്ന് ഉപഭോക്താക്കളെ ഇവര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഭാവി ഇവയിലാണെന്ന് തങ്ങള്‍ കരുതുന്നുവെന്നാണ് മാനേജര്‍ ആഷ് റൈറ്റ് പറഞ്ഞത്. പത്ത് വര്‍ഷം മുമ്പ് 95 ശതമാനം പേയ്‌മെന്റുകളും പണമായിട്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ ഇതില്‍ 25 ശതമാനം ഇടിവുണ്ടായി. ആ ട്രെന്‍ഡ് പിന്നീട് തുടരുകയാണെന്നും റൈറ്റ് പറയുന്നു.

പണമായുള്ള പേയ്‌മെന്റുകള്‍ കുറയുന്നത് സമയം ലാഭിക്കുകയും ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ക്യാഷ് സര്‍വീസിംഗിനുള്ള ചെലവ് കാര്‍ഡ് പേയ്‌മെന്റുകളെ അപേക്ഷിച്ച് കുറവാണെന്നതാണ് വാസ്തവം. ആഴ്ചയില്‍ ഓഡിറ്റിംഗ് നടത്തുന്നതിനായി ചെലവാകുന്ന 40 മണിക്കൂര്‍ സമയം പുതിയ രീതിയില്‍ ഒഴിവാകുന്നുണ്ട്. ബാറുകളില്‍ കൊള്ള നടക്കുന്ന സംഭവങ്ങള്‍ ഇതു മൂലം കുറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെന്റില്‍ കഴിഞ്ഞ 15ന് അന്തരിച്ച ആര്‍. ഗോപിനാഥപിള്ളയുടെ സംസ്‌കാരം ഏപ്രില്‍ 30ന് നടക്കും. ഉച്ചക്ക് 12.45ന് മെഡ്വേ ക്രിമറ്റോറിയത്തില്‍ വെച്ചാണ് ചടങ്ങുകള്‍.

വിലാസം,
Medway Crematorium, Robin Hood Lane, Blue Bell Hill, Chatham, Kent, ME5 9QU.

സംസ്‌കാരത്തിന് മുമ്പ് ഭൗതികദേഹം പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലോര്‍ഡ്‌സ് വര്‍ത്ത് സ്‌പോര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ ക്ലബില്‍ രാവിലെ 10 മണി മുതല്‍ 11 വരെയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

വിലാസം
Lordswood Sports and Social Club, North Dane Way, Lordswood, Chatham, Kent, ME5 8YE. From 10:00 am to 11:00

തിരുവനന്തപുരം ജില്ലയിലെ മടവൂര്‍ സ്വദേശിയായ ഗോപിനാഥപിള്ള ഗില്ലിംങ്ഹാമില്‍ താമസം ആരംഭിച്ച ആദ്യ മലയാളി കുടുംബത്തിലെ അംഗമായിരുന്നു. കെന്റ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഗോപിനാഥന്‍ പിള്ള.

നിലവില്‍ കെന്റ് മലയാളി അസോസിയേഷന്റെ ട്രഷററായ രാജന്‍ പിള്ളയുടെ പിതാവാണ് ഗോപിനാഥന്‍ പിള്ള. ഭാര്യ രുഗ്മിണി അമ്മ പിള്ള, രാജന്‍ പിള്ള, രാധാകൃഷ്ണന്‍ പിള്ള, സിന്ധു പിള്ള ഹില്‍ എന്നിവര്‍ മക്കളാണ്, ബിന്ദു പിള്ള, സംഗീത പിള്ള, മാത്യൂ ഹില്‍ എന്നിവര്‍ മരുമക്കളാണ്, ഗായത്രി പിള്ള ജാസ് മഹല്‍, ധന്യ പിള്ള, വിസ്മയ പിള്ള, വിനായക് പിള്ള, ലിയാം പിള്ള ഹില്‍, ശിവന്‍ പിള്ള ഹില്‍, മായ പിള്ള ഹില്‍ എന്നിവര്‍ മരുമക്കളാണ്.

 

Copyright © . All rights reserved