UK

ലോകത്തെ ഏറ്റവും ശക്തമായ കാറ്റാടി ടര്‍ബൈന്‍ അബര്‍ദീനില്‍ സ്ഥാപിച്ചു. ഇത്തരം 11 ടര്‍ബൈനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വാറ്റന്‍ഫോള്‍ കമ്പനി തങ്ങളുടെ ആദ്യത്തെ ടര്‍ബൈന്‍ അബര്‍ദീനിലെ യൂറോപ്യന്‍ ഓഫ്‌ഷോര്‍ വിന്‍ഡ് ഡിപ്ലോയ്‌മെന്റ് സെന്ററില്‍ സ്ഥാപിച്ചിരിക്കുന്നത്. ശരാശരി യുകെ വീടുകള്‍ ഒരു ദിവസം ഉപയോഗിക്കുന്ന വൈദ്യുതി ഈ ടര്‍ബൈന്‍ ഒറ്റ കറക്കത്തില്‍ ഉദ്പാദിപ്പിക്കുമെന്ന് പ്രോജക്ട് ഡയറക്ടര്‍ ആഡം എസ്സമേല്‍ പറഞ്ഞു. 191 മീറ്റര്‍ ഉയരത്തിലാണ് ടര്‍ബൈന്‍ സ്ഥാപിച്ചിരിക്കുന്നത്. എട്ട് മീറ്റാണ് ബ്ലേഡുകളുടെ നീളം. 164 മീറ്റര്‍ റോട്ടറിന് ലണ്ടന്‍ ഐയേക്കാള്‍ ചുറ്റളവുണ്ട്.

സ്‌കോട്ട്‌ലന്‍ഡിലെ ഏറ്റവും വലിയ ഓഫ്‌ഷോര്‍ വിന്‍ഡ് ടെസ്റ്റ് ആന്‍ഡ് ഡെമോണ്‍സ്‌ട്രേഷന്‍ സൗകര്യമാണ് അബര്‍ദീന്‍ ബേ ഡെവലപ്പ്‌മെന്റ് എന്ന ഈ പദ്ധതിക്ക് ഉള്ളത്. പുതിയ സാങ്കേതികവിദ്യയുടെ പരീക്ഷണമാണ് ഇവിടെ നടത്താന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ പദ്ധതി ചില നിയമക്കുരുക്കുകളില്‍പ്പെട്ടാണ് താമസിച്ചത്. തന്റെ ഗോള്‍ഫ് കോഴ്‌സിന്റെ ദൃശ്യം ടര്‍ബൈനുകള്‍ മറയ്ക്കുമെന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ പരാതിയും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച വമ്പന്‍ ക്രെയിനുകള്‍ കൊമേഴ്‌സ്യല്‍ പ്രോജക്ടുകള്‍ക്കായി ആദ്യമായാണ് ഉപയോഗിച്ചത്.

ഓഫ്‌ഷോര്‍ വിന്‍ഡ് എനര്‍ജി മേഖലയില്‍ ആദ്യമായാണ് 8.8 മെഗാവാട്ട് മോഡല്‍ സ്ഥാപിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇത്തരം രണ്ട് ടര്‍ബൈനുകളും 8.4 മെഗാവാട്ടിന്റെ 9 ടര്‍ബൈനുകളും സ്ഥാപിക്കുന്നതോടെ അബര്‍ദീന്റെ വൈദ്യുതാവശ്യങ്ങളുടെ 70 ശതമാനവും പരിഹരിക്കാനാകുമെന്നാണ് നിഗമനം.

അഞ്ച് മാസത്തിനുള്ളില്‍ ജിപിയാകാന്‍ യോഗ്യത ലഭിക്കുന്ന സിംഗപ്പൂര്‍ പൗരനെ ഡീപോര്‍ട്ട് ചെയ്യാനൊരുങ്ങി ഹോം ഓഫീസ്. 10 വര്‍ഷം മുമ്പ് യുകെയിലെത്തിയ ലൂക്ക് ഓങ് എന്ന ഡോക്ടറാണ് ഡീപോര്‍ട്ടേഷന്‍ ഭീഷണി നേരിടുന്നത്. മാഞ്ചസ്റ്ററില്‍ ജീവിക്കുന്ന ഓങ് പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷ നല്‍കിയിരുന്നെങ്കിലും 18 ദിവസം താമസിച്ചാണ് നല്‍കിയതെന്ന കാരണമുന്നയിച്ച് ഹോം ഓഫീസ് അത് നിരസിക്കുകയായിരുന്നു. ഇതിനെതിരെ ഡോക്ടര്‍ നല്‍കിയ അപ്പീലില്‍ ഇദ്ദേഹത്തെ പുറത്താക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഇമിഗ്രേഷന്‍ ജഡ്ജ് വ്യക്തമാക്കിയിരുന്നു. ഡോക്ടറെ അനുകൂലിച്ച് അരലക്ഷത്തോളം ആളുകളാണ് ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് പെര്‍മനന്റ് റസിഡന്‍സി നല്‍കണമെന്ന അപേക്ഷയില്‍ എംപിമാരും ഡോക്ടര്‍മാരുമുള്‍പ്പെടെയുള്ളവര്‍ ഒപ്പുവെച്ചിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ സെന്‍ട്രല്‍ പ്രദേശത്താണ് ഡോക്ടര്‍ താമസിക്കുന്നത്. ഇവിടുത്തെ എംപി ലൂസി പവല്‍ പെറ്റീഷനില്‍ ഇദ്ദേഹത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ എന്നിവരും ഇദ്ദേഹത്തിന് പിന്തുണ നല്‍കുന്നു. കോടതിവിധിയുടെയം സമ്മര്‍ദ്ദങ്ങളുടെയും പശ്ചാത്തലത്തില്‍ ഹോം ഓഫീസിന് തീരുമാനം മാറ്റേണ്ടിവരുമെന്നാണ് കരുതുന്നത്. ഡോക്ടര്‍മാരുടെ ക്ഷാമം മൂലം 3000 ജിപിമാരെ 100 മില്യന്‍ പൗണ്ട് ചെലവഴിച്ച് വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹോം ഓഫീസ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് ബിഎംഎ ചെയര്‍മാന്‍ ഡോ.ചാന്ദ് നാഗ്‌പോള്‍ പറഞ്ഞു.

തനിക്കു കിട്ടുന്ന പിന്തുണ വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് ഡോ.ഓങ് പറഞ്ഞു. ഡോക്ടര്‍ക്കെതിരായുള്ള നടപടി പരിഹാസ്യമാണെന്ന് എംപി ലൂസി പവല്‍ പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന് ജോലി ചെയ്യാന്‍ അനുവാദമില്ല. അതുമൂലം താമസ സൗകര്യം പോലും നഷ്ടമാകുമെന്ന സ്ഥിതിയാണ്. താന്‍ ഹോം സെക്രട്ടറിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

ബൈക്കില്‍ നിന്ന് തെറിച്ച് വീണ ഭാര്യയുടെ ദേഹത്ത് കൂടി ഭര്‍ത്താവ് ഓടിച്ചിരുന്ന വാഹനം കയറിയിറങ്ങി. വെസ്റ്റ് വെയില്‍സിലെ പെന്നി ബ്രിഡ്ജിന് സമീപത്തുള്ള എ4075 പാതയിലാണ് 46കാരിയായ വനേസയുടെ ജീവനെടുത്ത അപകടം നടന്നത്. മുന്നിലെത്തിയ കാറില്‍ നിന്ന രക്ഷപ്പെടാന്‍ മോട്ടോര്‍ബൈക്ക് ബ്രേക്ക് ചെയ്ത വനേസ റോഡിലേക്ക് തെറിച്ചു വീഴുകയും ഭര്‍ത്താവ് ജിം മക് അലൂണ്‍ ഓടിച്ചിരുന്ന മോട്ടോര്‍ ബൈക്ക് ഇവരുടെ ശരീരത്തിലൂടെ കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വനേസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാന്‍സര്‍ രോഗം ബാധിച്ച് വളരെക്കാലം ചികിത്സയിലായിരുന്ന ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ കൂടിയായ വനേസ. രോഗം മാറിയതിന്റെ സന്തോഷം പങ്കിടാന്‍ ഭര്‍ത്താവ് ജിമ്മിനൊപ്പം ഒരു ചെറിയ റൈഡ് പോകുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.

അവസാനഘട്ട കീമോ തെറാപ്പിയും പൂര്‍ത്തിയാക്കിയതിന് ശേഷം ആദ്യമായിട്ടാണ് ഭര്‍ത്താവുമൊന്നിച്ച് വനേസ പുറത്തിറങ്ങുന്നത്. കാന്‍സറിനെ ചെറുത്ത് തോല്‍പ്പിച്ചെങ്കിലും കൂടുതല്‍ കാലം ജീവിക്കാന്‍ അവര്‍ക്ക് വിധിയുണ്ടായിരുന്നില്ല. വനേസയുടെ ബൈക്കിന് തൊട്ടുപിന്നിലായി വാഹനമോടിച്ചിരുന്ന ജിമ്മിന് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് വാഹനം ഇടിച്ചു കഴിഞ്ഞിരുന്നു. വളരെ ഇടുങ്ങിയ വളവുകള്‍ ഉള്ള പ്രദേശമാണ് എ4075 പാത. ഈ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ അതീവ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ വലിയ അപകടങ്ങളുണ്ടായേക്കും. വനേസയുടെ എതിരെ വന്ന ഒരു വോക്‌സ്‌ഹോള്‍ കോഴ്‌സയാണ് അപകടത്തിന് കാരണമായിരിക്കുന്നത്. വളവില്‍വെച്ച് ഒരു ട്രാക്ടറിനെ മറികടക്കാന്‍ ശ്രമിച്ച കോഴ്‌സ വനേസയുടെ ബൈക്കിന് തൊട്ടു മുന്നിലെത്തുകയും വനേസ അപകടത്തില്‍പ്പെടുകയുമായിരുന്നു.

അപകടം കോഴ്‌സ ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് കണ്ടെത്തിയ കോടതി ജൂറി ഇയാള്‍ക്ക് തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. വനേസയുടെ മരണം കുടുംബത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് മകള്‍ റബേക്ക പ്രതികരിച്ചു. കുടുംബത്തെയാകെ ശൂന്യതയിലാഴ്ത്തിയാണ് അമ്മ പോയത്. ജിമ്മിന്റെ വീടും ബിസിനസുമെല്ലാം മരണത്തിന് ശേഷം തകര്‍ന്നു. ഞങ്ങളുടെ കുടുംബം അനാഥമായെന്നും റബേക്ക പറഞ്ഞു. ഞങ്ങള്‍ക്കുണ്ടായ നഷ്ടം വിശദീകരിക്കാന്‍ കഴിയാത്തതാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം ഇരട്ടിയായെന്ന് കണക്കുകള്‍. 2016 ജൂണില്‍ നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം 6555 ബ്രിട്ടീഷുകാര്‍ യൂറോപ്യന്‍ നാടുകള്‍ തേടി പോയിട്ടുണ്ട്.2015ല്‍ ഇത് 2478 പേര്‍ മാത്രമായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സി യൂറോസ്റ്റാറ്റാണ് ഈ വിവരം പുറത്തു വിട്ടത്. പൗരത്വത്തിനായി ജര്‍മനിയെയാണ് ബ്രിട്ടീഷുകാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്. 2702 പേര്‍ ജര്‍മനിയില്‍ താമസിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഫ്രാന്‍സിലേക്ക് 517 പേരും ബെല്‍ജിയം പൗരത്വം സ്വീകരിച്ച് 506 പേരും പോയിട്ടുണ്ട്.

സൈപ്രസ്, അയര്‍ലന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും ബ്രിട്ടീഷുകാര്‍ ചേക്കേറിയിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ബ്രെക്‌സോഡസ് എന്നാണ് ഈ കൂട്ടപ്പലായനത്തിന് നല്‍കിയിരിക്കുന്ന പേര്. ബ്രെക്‌സിറ്റ് അടുക്കുന്നതോടെ പലായനം ചെയ്യുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുന്നുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ അനുകൂല സംഘടനയായ ബെസ്റ്റ് ഫോര്‍ ബ്രിട്ടന്‍ ക്യാംപെയിന്‍ വക്താവ് പോള്‍ ബട്ടേഴ്‌സ് പറഞ്ഞു. ബ്രെക്‌സിറ്റോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് വ്യക്തമായതോടെയാണ് ജനങ്ങള്‍ രാജ്യം വിടുന്നതെന്നും ഡേവിഡ് ഡേവിസ് ഇക്കാര്യത്തില്‍ ലജ്ജിക്കണമെന്നും ബട്ടേഴ്‌സ് പറഞ്ഞു.

തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായാണ് തങ്ങളുടെ സ്വത്വത്തിന്റെ പാതിയായ പൗരത്വം ഉപേക്ഷിച്ച് അപരദേശങ്ങള്‍ തേടുന്നത്. ഇവരുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നും പതിനായിരക്കണക്കിന് ഇമിഗ്രേഷന്‍ ടാര്‍ജറ്റുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബട്ടേഴ്‌സ് കുറ്റപ്പെടുത്തി. ബ്രെക്‌സിറ്റിനു ശേഷം മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം നഷ്ടപ്പെടുമെന്നതിനാലാണ് യൂറോപ്യന്‍ പൗരത്വം നിലനിര്‍ത്തുന്നതിനായി ബ്രിട്ടീഷ് പൗരന്‍മാര്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്.

യുകെയിലെ മോട്ടോര്‍വേകളിലെ ഗതാഗതത്തിരക്കുകള്‍ കുറയ്ക്കുന്നതിനായി അവതരിപ്പിച്ചിരിക്കുന്ന സംവിധാനമാണ് സ്മാര്‍ട്ട് മോട്ടോര്‍വേകള്‍. ഏഴ് ഇംഗ്ലീഷ് മോട്ടോര്‍വേകളിലായി 20 സെക്ഷനുകളാണ് ഇപ്പോള്‍ സ്മാര്‍ട്ട് മോട്ടോര്‍വേകളായി മാറ്റിയിരിക്കുന്നത്. 6 ഇടങ്ങളില്‍ ഇവയുടെ നിര്‍മാണം പുരോഗമിക്കുന്നു. 18 ഇടങ്ങള്‍ കൂടി സ്മാര്‍ട്ട് വേകളാക്കി മാറ്റാന്‍ പദ്ധതിയുണ്ട്. തിരക്കുള്ള സമയങ്ങളില്‍ കാറുകള്‍ക്ക് ഹാര്‍ഡ് ഷോള്‍ഡറുകളിലൂടെ സഞ്ചരിക്കാന്‍ അനുമതി നല്‍കുകയും ക്യാമറകളിലൂടെയും സ്പീഡ് സൈനുകളിലൂടെയും ഗതാഗതം നിയന്ത്രിക്കുകയുമാണ് ഈ പാതകളിലെ രീതി.

ഒരു അധിക ലെയിന്‍ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തികവും പാരിസ്ഥിതികവുമായ നഷ്ടം ഒഴിവാക്കിക്കൊണ്ട് മോട്ടോര്‍വേകളുടെ ശേഷി 33 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ സ്മാര്‍ട്ട് വേകള്‍ക്ക് കഴിയും. വാഹനങ്ങളുടെ എണ്ണം കൂടുകയും ദീര്‍ഘകാലമായി റോഡുകളില്‍ കാര്യമായ തുക വകയിരുത്താതിരിക്കുകയും ചെയ്തതിലൂടെ സംജാതമാകുന്ന ഗതാഗതക്കുരുക്കുകള്‍ പ്രതിവര്‍ഷം വരുത്തിവെക്കുന്ന 2 ബില്യന്‍ പൗണ്ടിന്റെ നഷ്ടം കുറയ്ക്കാനും സ്മാര്‍ട്ട് വേകള്‍ സഹായിക്കും.

മൂന്ന് വിധത്തിലുള്ള സ്മാര്‍ട്ട് വേകളാണ് നിലവിലുള്ളത്.

1 കണ്‍ട്രോള്‍ഡ് മോട്ടോര്‍വേ

സ്പീഡ് ലിമിറ്റുകള്‍ ഒരു റീജിയണല്‍ ട്രാഫിക് സെന്ററിലുടെ നിയന്ത്രിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ബ്രേക്ക്ഡൗണുകള്‍ പോലെയുള്ള എമര്‍ജന്‍സികളില്‍ ഹാര്‍ഡ് ഷോള്‍ഡര്‍ ഉപയോഗിക്കാന്‍ മാത്രമേ ഇവിടെ അനുവാദം ലഭിക്കുകയുള്ളു. എം25ന്റെ വെസ്‌റ്റേണ്‍ സെക്ഷനാണ് ഉദാഹരണം.

2. ഹാര്‍ഡ് ഷോള്‍ഡര്‍ റണ്ണിംഗ്

പീക്ക് ടൈമില്‍ വാഹനങ്ങള്‍ക്ക് ഹാര്‍ഡ് ഷോള്‍ഡറിലൂടെ മാത്രമേ കടന്നുപോകാന്‍ ഇവിടെ അനുവാദമുള്ളു. അനുവദിച്ചിരിക്കുന്ന ഷോള്‍ഡറിന് മുകളിലുള്ള ഗാന്‍ട്രിയില്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്റര്‍ ഒരു സ്പീഡ് ലിമിറ്റ് സിഗ്നല്‍ നല്‍കും. ഉപയോഗത്തിന് അനുമതിയില്ലാത്ത ഷോള്‍ഡറിന് ചുവന്ന എക്‌സ് അടയാളവും നല്‍കിയിരിക്കും. ഇത്തരം എക്‌സ് അടയാളത്താല്‍ വിലക്കിയിരിക്കുന്ന ഷോള്‍ഡറിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് പിഴയീടാക്കുന്നതാണ്. ബ്രേക്ക്ഡൗണുകള്‍ക്കായി നിശ്ചിത ദൂരങ്ങളില്‍ എമര്‍ജന്‍സി റെഫ്യൂജി ഏരിയകള്‍ സ്ഥാപിക്കുകയും ചെയ്യും.

3. ഓള്‍ ലെയിന്‍സ് റണ്ണിംഗ്

ഈ മേഖലകളില്‍ ഹാര്‍ഡ് ഷോള്‍ഡര്‍ എല്ലാ സമയത്തും നോര്‍മല്‍ ലെയിനായി പ്രവര്‍ത്തിക്കും. ഇവിടെയും ഇആര്‍എകള്‍ നല്‍കുന്നതാണ്.

ഇആര്‍എ (എമര്‍ജന്‍സി റെഫ്യൂജ് ഏരിയ)

സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ ഇആര്‍എകള്‍ എക്കാലത്തും വിവാദമായിട്ടുണ്ട്. ആദ്യകാലത്ത് ഓരോ 500-800 മീറ്ററുകളില്‍ ഇവ സ്ഥാപിക്കുമായിരുന്നു. 2013ല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് പുതിയ സ്മാര്‍ട്ട് വേകള്‍ ഓള്‍ ലെയിന്‍ റണ്ണിംഗ് രീതിയിലുള്ളവയായിരിക്കുമെന്ന് തീരുമാനിച്ചു. ഇആര്‍എകള്‍ 2.5 കിലോമീറ്ററുകള്‍ക്കിടയില്‍ സ്ഥാപിക്കാനായിരുന്നു പരിപാടി. അപകടങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് എത്തിച്ചേരാന്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കി. 2018ല്‍ ഇആര്‍എകള്‍ തമ്മിലുള്ള ദൂരം ഒരു മൈല്‍ മാത്രമാക്കി ചുരുക്കാന്‍ ഹൈവേയ്‌സ് ഇംഗ്ലണ്ട് തീരുമാനിച്ചു. അത്തരം മേഖലകള്‍ ഓറഞ്ച് നിറത്തില്‍ തിരിക്കാനും തീരുമാനമായി.

പാലിക്കേണ്ട നിയമങ്ങള്‍

എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് വേണ്ടി മാത്രമാണ് ഇആര്‍എകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവയില്‍ നിര്‍ത്തിക്കഴിഞ്ഞാല്‍ മോട്ടോര്‍വേയില്‍ തിരികെ പ്രവേശിക്കുന്നതിന് അധികൃതരുടെ അനുവാദത്തിനായി കാത്തു നില്‍ക്കണം. ഗാന്‍ട്രിയില്‍ എക്‌സ് അടയാളം പതിച്ചിരിക്കുന്ന ലെയിനിലൂടെ സഞ്ചരിക്കുന്നത് ശിക്ഷാര്‍ഹമാണ്. നിലവില്‍ പോലീസ് ഒരു വാര്‍ണിംഗ് ലെറ്റര്‍ മാത്രമായിരിക്കും നല്‍കുന്നതെങ്കിലും ഫൈനുകള്‍ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ഉടന്‍തന്നെ നിലവില്‍ വരും.

ബ്രിട്ടനിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സര്‍വീസ് നടത്തുന്ന കമ്പനിയായി ജെറ്റ്-2വിനെ തെരഞ്ഞെടുത്തു. യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ ആളുകളെ സഹായിക്കുന്ന ആപ്ലിക്കേഷനായ ട്രിപ് അഡൈ്വസറാണ് ജെറ്റ്-2 സേവനങ്ങള്‍ക്ക് അംഗീകാരവുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ എയര്‍ലൈനുകളുടെ സര്‍വീസ് ക്വാളിറ്റി പരിശോധിച്ചാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. ലോകത്തിലെ ചെലവ് കുറഞ്ഞ യാത്രാവിമാനങ്ങളുടെ പട്ടികയില്‍ ജെറ്റ്-2 എഴാം സ്ഥാനത്താണ്. യുകെയിലെ പ്രമുഖ എയര്‍ലൈനുകളുമായി കടുത്ത മത്സരത്തിന് ശേഷമാണ് ജെറ്റ്-2 ട്രിപ് അഡൈ്വസര്‍ ട്രാവലേഴ്‌സ് ചോയിസ് അവാര്‍ഡ് നേടിയിരിക്കുന്നത്. അവാര്‍ഡ് അഭിമാനര്‍ഹമായ നേട്ടമാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ പ്രതികരിച്ചു.

ബ്രിട്ടീഷ് എയര്‍വേഴ്‌സ്, ഈസിജെറ്റ്, റയന്‍എയര്‍ തുടങ്ങിയ കമ്പനികള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ കഴിഞ്ഞില്ല. ലോകത്തെമ്പാടുമുള്ള സഞ്ചാരികള്‍ കഴിഞ്ഞ 12 മാസം ട്രിപ് അഡൈ്വസറില്‍ വിമാന കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ള റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്വാളിറ്റി എയര്‍ലൈനുകളെ പൂര്‍ണമായും തെരഞ്ഞടുത്തിരിക്കുന്നത് ഉപഭോക്താക്കളുടെ അഭിപ്രായം കണക്കിലെടുത്താണ്. യുറോപ്പിലെ ചെലവ് കുറഞ്ഞ മറ്റു എയര്‍ലൈനുകള്‍ ബ്ലു എയര്‍, റോമാനിയ, തോമസ് കുക്ക് എയര്‍ലൈന്‍ എന്നിവരാണ്.

ലോകത്തിലെ മികച്ച എയര്‍ലൈനുകളുടെ പട്ടികയില്‍ ഒന്നാമന്‍ സിംഗപ്പൂര്‍ എയര്‍ലൈനാണ്. മികച്ച സേവനം ഉറപ്പു വരുത്തുന്ന ഈ ഏഷ്യന്‍ എയര്‍ലൈന്‍ വിമാന യാത്രാക്കാരുടെ ഇഷ്ട വിമാനക്കമ്പനികളിലെ പ്രധാനിയാണ്. എയര്‍ ന്യൂസിലാന്റ്, എമിറേറ്റ്‌സ് എന്നീ കമ്പനികളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഉപഭോക്താക്കളുടെ ഇഷ്ട പട്ടികയിലുള്ള ഏറ്റവും കൂടുതല്‍ കമ്പനികള്‍ ഏഷ്യയില്‍ നിന്നുള്ളവയാണ്. നാല് എയര്‍ലൈനുകളാണ് ഏഷ്യയില്‍ നിന്നും ആദ്യ പത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇവിഎ എയര്‍, കൊറിയന്‍ എയര്‍, ജപ്പാന്‍ എയര്‍ലൈന്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നീ കമ്പനികളാണ് ലോകത്തിലെ മികച്ച കമ്പനികളുടെ പട്ടികയിലുള്ളത്.

അനീഷ് ജോര്‍ജ്

മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ തന്നെയാണ് ഓരോ സംഗീതാസ്വാദകരും മഴവില്ലിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മഴവില്‍ സംഗീത പരിപാടി കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ ഒരുപോലെ ആസ്വാദകരമായിരുന്നു. അന്ന് വിശിഷ്ടാതിഥികളായെത്തിയ സര്‍ഗാത്മ ഗായകന്മാരായ ശ്രീ വില്‍സ്വരാജും, ഡോ.ഫഹദ് അതുപോലെ തന്നെ യുകെയുടെ നാനാഭാഗത്തുനിന്നും ഉള്ള പ്രശസ്ത ഗായകരും ചേര്‍ന്ന് മഴവില്ലിന്റെ ഏഴുനിറങ്ങളിലൂടെ പകര്‍ന്നുതന്നതു ഏഴുസ്വരങ്ങളുടെ സ്വര ലയ താള വിസ്മയമായിരുന്നു.

സംഗീതത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ട് മറ്റു കലാപരിപാടികളും നൃത്തനൃത്യങ്ങളും ഒത്തുചേരുന്ന ഒരു കലാവിരുന്നാണ് എല്ലാ തവണയും പോലെ ഈ മഴവില്ലിലും ഒരുക്കിയിരിക്കുന്നത്. സംഗീതത്തിന് മുറിവുണക്കാനും ഹൃദയങ്ങളെ ഇണക്കിച്ചേക്കാനും കഴിയുമെന്നു ശാസ്ത്രം പോലും തെളിയിച്ചിരിക്കുന്നു.

മഴവില്ലിന്റെ സാരഥികളായ സംഗീതത്തെ ആസ്വദിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്യുന്ന ദമ്പതികളായ അനീഷ് ജോര്‍ജിന്റെയും ടെസ്സമോള്‍ ജോര്‍ജിന്റെയും പരിശ്രമവും ആത്മാര്‍ത്ഥതയും സംഗീതതോടുള്ള അഭിനിവേശവുമാണ് ”മഴവില്‍ സംഗീതം”.കൂടെ കരുത്തായി എന്നും നിന്നിട്ടുള്ള ഒരുപിടി സംഗീതപ്രേമികളായ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍,ഓരോരുത്തരും മഴവില്ലിന്റെ ചരിത്രത്തില്‍ സ്വര്‍ണലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടവരാണ്. ഏവര്‍ക്കും സ്വാഗതം മഴവില്‍ സംഗീത സായാഹ്നത്തിലേക്ക്

കൂടുതല്‍ വിവരങ്ങള്‍ക്ക് അനീഷ് ജോര്‍ജ് (07915061105 )

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ നിര്‍ണ്ണയം എന്‍എച്ച്എസില്‍ വൈകുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ രോഗമുള്ളവരില്‍ പകുതിയാളുകള്‍ക്കും രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പായി രണ്ട് തവണയെങ്കിലും ജിപിമാരെ കാണേണ്ടി വന്നിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ആറ് ശതമാനം പുരുഷന്‍മാര്‍ക്ക് രോഗ സ്ഥിരീകരണത്തിനായി അഞ്ച് തവണയെങ്കിലും ജിപിമാരെ കാണേണ്ടതായി വന്നിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി അപ്പോയിന്റ്‌മെന്റ് പോലുമെടുക്കാതെ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് അഞ്ചിലൊന്ന് രോഗികളും വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

ബ്രെസ്റ്റ് ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് വെറും 9 ശതമാനം പേര്‍ക്ക് മാത്രമേ രണ്ടാമത്തെ ജിപി സന്ദര്‍ശനം ആവശ്യമായി വരുന്നുള്ളു എന്നിരിക്കെയാണ് ഇത്. ജിപിമാരും രോഗികളും രോഗലക്ഷണങ്ങളെ അവഗണിക്കുന്ന പ്രവണത പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ കാര്യത്തിലുണ്ടെന്നും ക്യാന്‍സര്‍ ചാരിറ്റിയായ ഓര്‍ക്കിഡ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. യുകെയില്‍ ഓരോ വര്‍ഷവും 12,000 പേര്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ മൂലം മരിക്കുന്നുവെന്നാണ് കണക്ക്. 47000 പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്യാറുണ്ട്.

അടുത്ത രണ്ട് ദശകങ്ങളില്‍ ഈ നിരക്ക് ഉയരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ചരിത്രത്തിലാദ്യമായി ഈ വര്‍ഷം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ മരണങ്ങള്‍ സ്തനാര്‍ബുദ മരണങ്ങളുടെ എണ്ണത്തെ കവച്ചു വെച്ചു. രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ മാത്രം കണ്ടെത്തപ്പെടുന്നതാണ് ഇതിന് കാരണം. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ 2016ലെ ക്യാന്‍സര്‍ എക്‌സ്പീരിയന്‍സ് സര്‍വേയില്‍ നിന്നുള്ള വിവരങ്ങളാണ് ഓര്‍ക്കിഡ് സര്‍വേ അവലംബിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക്:

സാലിസ്ബറി:  യുക്മയുടെ ഏതൊരു പരിപാടികൾക്കും സജീവ സാന്നിദ്ധ്യമാകുന്ന സാലിസ്ബറി മലയാളീ അസോസിയേഷന് നവ നേതൃത്വം.പ്രസിഡണ്ട് ആയി മിസ്റ്റർ സുജു ജോസഫ്,സെക്രട്ടറിയായി ശ്രീമതി മേഴ്‌സി സജീഷ്, ട്രഷറർ ആയി മിസ്റ്റർ M P പത്മരാജ് എന്നിവർ ചുമതലയേറ്റു.വൈസ് പ്രസിഡണ്ട് ആയി മിസ്റ്റർ ഷിബു ജോണും, ജോയിന്റ് സെക്രട്ടറിയായി ശ്രീമതി സിജു സ്റ്റാലിനും, ജോയിന്റ് ട്രഷറർ ആയി മിസ്റ്റർ ജോബിൻ ജോണും അവർക്കൊപ്പമുണ്ട്.


ഏപ്രിൽ ഏഴാം തിയതി ബ്രിറ്റ്ഫോർഡ് ഹാളിൽ  ഈസ്റ്റർ വിഷു ആഘോഷങ്ങളോട് അനുബന്ധിച്ചു നടന്ന ചടങ്ങിലാണ് പുതിയ ഭരണ സമതി ചുമതലയേറ്റത്.അസ്സോസിയേഷൻ ഭാരവാഹികൾക്കൊപ്പം നാട്ടിൽ നിന്നും എത്തിയ മാതാപിതാക്കളും കൂടി നിലവിളക്ക് കൊളുത്തി ഈസ്റ്റർ,വിഷു ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മറ്റി കോർഡിനേറ്ററായി ശ്രീമതി ഷൈബി സെബാസ്റ്റിയൻ ,സ്റ്റേജ് കമ്മറ്റി കോർഡിനേറ്ററായി മിസ്റ്റർ M P പത്മരാജ്,ഫുഡ് കമ്മറ്റി കോർഡിനേറ്ററായി മിസ്റ്റർ അഭിലാഷ് എന്നിവരും ചുമതലയേറ്റു.
കഴിഞ്ഞ രണ്ടു വർഷക്കാലം പ്രസിഡണ്ട് എന്ന നിലയിൽ തനിക്കു നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും ഷിബു ജോൺ നന്ദി പറഞ്ഞു.സെക്രട്ടറി ശ്രീമതി സിൽവി ജോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും പുതിയ ഭരണ സമതിക്ക്‌ എല്ലാവിധ സപ്പോർട്ടും വാഗ്‌ദാനം ചെയ്തു.ട്രഷറർ മിസ്റ്റർ സെബാസ്റ്റിയൻ ചാക്കോ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.


കഴിഞ്ഞ ഭരണ സമിതി അംഗങ്ങൾ കേക്ക് മുറിച്ചു സന്തോഷം പങ്ക് വച്ചതിനു ശേഷമാണ് പുതിയ കമ്മറ്റിക്ക് ചുമതല കൈമാറിയത്.സാലിസ്ബറി മലയാളീ അസ്സോസിയേഷനെ വീണ്ടും ഉയരങ്ങളിൽ എത്തിക്കാൻ പുതിയ ഭരണ സമിതിക്ക്‌ സാധിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു. അസ്സോസിയേഷന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങൾ വളരെ ആവശ്യമാണെന്നും SMA യുടെ വളർച്ചക്ക് വേണ്ടി പരിശ്രമിക്കുമെന്നും പുതിയതായി ചുമതലയേറ്റ അംഗങ്ങൾ അറിയിച്ചു.ശ്രീമതി ഷീന ജോബിൻ സ്വാഗതവും ശ്രീമതി മേഴ്‌സി സജീഷ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ഏൽപ്പിച്ച ചുമതല ഭംഗിയായി നടപ്പാക്കിയ മിസ്റ്റർ പദ്മരാജിനെ അസ്സോസിയേഷൻ അംഗങ്ങൾ അനുമോദിച്ചു.

‘ജ്വലിക്കാം സൂര്യ തേജസില്‍, വളരാം വട വൃക്ഷമായി, കാക്കാം യുവത്വമേ ക്‌നാനായ പൈതൃകം’…. UKKCA 2018 കണ്‍വെന്‍ഷന്‍ ആപ്തവാക്യം പ്രഖ്യാപിച്ചു. ലിവര്‍പൂള്‍ പൂള്‍ യൂണിറ്റില്‍ നടന്ന ഈസ്റ്റര്‍ ആഘോഷങ്ങളില്‍ വച്ച് UKKCA പ്രസിഡന്റ് തോമസ് തോണ്ണന്‍മാവുങ്കാല്‍ ആണ് UKKCA 2018 കണ്‍വെന്‍ഷന്‍ ആപ്തവാക്യം പ്രഖ്യാപിച്ചത് .

ക്‌നാനായ കത്തോലിക്ക അസ്സോസിയേഷന്‍ ലെസ്റ്റര്‍ യൂണിറ്റിലെ അംഗമായ ലൈബി സുനില്‍ ആല്‍മതടത്തില്‍, സുനില്‍ ആല്‍മതടത്തില്‍ എന്നിവര്‍ ആണ് ഈ വര്‍ഷത്തെ ആപ്ത വാക്യ വിജയികള്‍. പാലാ ചെറുകര ക്‌നാനായ കത്തോലിക്ക പള്ളി ഇടവക അംഗമാണ്. ഭര്‍ത്താവ് സുനില്‍ ആല്‍മതടത്തില്‍ കഴിഞ്ഞ വര്‍ഷത്തെ UKKCA സ്വാഗത ഗാന വിജയിയാണ്.

ലെസ്റ്റര്‍ യൂണിറ്റിന് ഇത് അഭിമാന നിമിഷം

UKKCA യുടെ 51 യൂണിറ്റുകളില്‍ നിന്നും വന്ന എന്‍ട്രികളില്‍ നിന്നും അവസാന റൗണ്ടില്‍ എത്തിയ 30 ഓളം എന്ററികളില്‍ നിന്നാണ് വിജയിയെ കണ്ടെത്തിയത്. ശ്രീമതി ലൈബി സുനിലിന് ലെസ്റ്റര്‍ യൂണിറ്റിന്റെ അഭിനന്ദനങ്ങള്‍ പ്രസിഡന്റ് ശ്രീ തോമസ് ചേത്തലില്‍ സഹോദരനും സെകട്ടറിയുമായ ശ്രീ റോബിന്‍സ് എന്നിവര്‍ കമ്മറ്റിക്കുവേണ്ടി രേഖപ്പെടുത്തി .

RECENT POSTS
Copyright © . All rights reserved