അനേകം മലയാളികളിപ്പോള്‍ ബ്രിട്ടനിലെ ജനാധിപത്യ ഭരണ സംവിധാനങ്ങളിലേക്ക് സജീമായി രംഗത്തുവന്നുകൊണ്ടിരിക്കുന്ന കാഴ്ച്ചകള്‍ നമുക്ക് ചുറ്റും എന്നുമെന്നോണം കാണാവുന്നതാണ്. അടുത്ത മാസം 2018 മെയ് മൂന്നിന് നടക്കുന്ന ഇംഗ്ലണ്ടിലെ പല കൗണ്ടികളിലും, ലോക്കല്‍ ഇലക്ഷനില്‍ കൂടി സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ ചുമതല നിര്‍വ്വഹിക്കാനുള്ള കൗണ്‍സിലേഴ്സിനെ തെരഞ്ഞെടുക്കുകയാണ്. ഇത്തരം ജനാധിപത്യ ഭരണ സമിതി സഭകളിലേക്ക് സ്വദേശിയരെ കൂടാതെ ആഗോള വംശജരായ അനേകം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതിനാല്‍ ധാരാളം ഏഷ്യന്‍, ഭാരതീയ വംശജര്‍ക്കൊപ്പം, ചില മലയാളികളും വിവിധ പാര്‍ട്ടികളുടെ ബാനറില്‍ ജനവിധി തേടുന്നുണ്ട് എന്നതില്‍ നമുക്ക് മലയാളികള്‍ക്കും അഭിമാനിക്കാനിക്കാവുന്ന സംഗതികളാണ്.

നമ്മുടെ നാട്ടിലുള്ള ത്രിതല പഞ്ചായത്ത് ഭരണ സംവിധാനങ്ങള്‍ പോലെയുള്ള ജനാധിപത്യ ഭരണ മാതൃകയില്‍ തന്നെയാണ് ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളും നടത്താറുള്ളത്. ഇംഗ്ലണ്ടിലെ 68 കൗണ്ടി / ജില്ല ഭരണകൂടങ്ങള്‍ (ജില്ലാ പഞ്ചായത്ത്), അവിടെയുള്ള ബറവ് / Borough (കോര്‍പ്പറേഷന്‍), 34 മെട്രോപൊളിറ്റന്‍ ബറവ് (സിറ്റി കോര്‍പ്പറേഷനുകള്‍), 17 യൂണിറ്ററി അതോററ്റീസ് (മുന്‍സിപ്പാലിറ്റികള്‍) മുതലായവ കൂടാതെ ലണ്ടനിലെ ഒന്നോ രണ്ടോ നിയോജക മണ്ഡലങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന 32 London Borougsh/ ലണ്ടന്‍ ബറവ്കളെല്ലാം കൂടിയതാണ് ഇവിടത്തെ ലോക്കല്‍ കൗണ്‍സിലുകള്‍.

ഓരോ നാലുകൊല്ലം കൂടുമ്പോഴാണ് ഇവിടെ സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. ചില ടൗണ്‍ഷിപ്പുകളില്‍ രണ്ട് കൊല്ലം കൂടുമ്പോള്‍ പകുതി കൗണ്‍സിലേഴ്സിനെ വീതവും, മറ്റു ചില ലോക്കല്‍ കൗണ്‍സിലുകളില്‍ കൊല്ലം തോറും മൂന്നിലൊന്ന് ഭരണ സാരഥികളെയും തെരഞ്ഞെടുക്കുന്ന നിയമ സംവിധാനവും ഇപ്പോഴും യു.കെ യില്‍ പിന്തുടര്‍ന്ന് പോരുന്നുണ്ട്.

ലണ്ടനിലുള്ള 32 ബറവ്കളടക്കം, നാലുകൊല്ലത്തിലൊരിക്കല്‍ ഇലക്ഷന്‍ വരുന്ന രാജ്യത്തെ ഒട്ടുമിക്ക ലോക്കല്‍ കൗണ്‍സിലേഴ്സിനെയാണ്, ഇത്തവണ ഇംഗ്ലണ്ട് ജനത അടുത്ത മെയ് മാസം 3 ന് വോട്ട് ചെയ്ത് അധികാരത്തില്‍ ഏറ്റുന്നത്. ഒപ്പം തന്നെ കാലം പൂര്‍ത്തിയായ നേരിട്ട് തിരഞ്ഞെടുക്കാവുന്ന ഹാക്കിനി, ലെവിസ്ഹാം, ന്യൂഹാം, ടവര്‍ ഹാംലെറ്റ്, വാട്ട് ഫോര്‍ഡ് എന്നിവിടങ്ങളിലെ പുതിയ മേയര്‍മാരെയും പ്രജകള്‍ നേരിട്ട് തെരഞ്ഞെടുക്കുന്നുണ്ട്. ഈ അവസരത്തില്‍ ഇപ്പോള്‍ ഇവിടെ ജനവിധി തേടുന്ന നല്ല വിജയ പ്രതീക്ഷയുള്ള കുറച്ച് മലയാളി കൗണ്‍സിലേഴ്സിനെയും, ഇപ്പോള്‍ ഭരണത്തില്‍ തുടരുന്നവരെയും ജസ്‌ററ് ഒന്ന് പരിചയപ്പെടുത്തുകയാണ്.

പാശ്ചാത്യ നാട്ടിലെ ആദ്യത്തെ മലയാളി കൗണ്‍സിലര്‍:

ആദ്യമായി ഒരു മലയാളി പാശ്ചാത്യ നാട്ടില്‍ ഒരു ജനാധിപത്യ രാജ്യത്തുള്ള ഭരണ രംഗത്ത് മത്സരിച്ച് ജയിച്ചത് ഏതാണ്ട് 80 കൊല്ലം മുമ്പായിരുന്നു. ആയത് ഇംഗ്ലണ്ടില്‍ ലണ്ടനിലെ കാംഡെന്‍ ബറോവിലെ സെന്റ്: പാന്‍ക്രാസ് വാര്‍ഡില്‍ നിന്നും കൗണ്‍സിലറായി ഭരണത്തിലേറിയ പ്രഗത്ഭനായ വി.കെ കൃഷ്ണ മേനോന്‍ ആയിരുന്നു. പിന്നീട് പാര്‍ലമെന്ററി സീറ്റ് വരെ അദ്ദേഹത്തിന് ഓഫര്‍ ലഭിച്ചിരുന്നെങ്കിലും സ്വാതന്ത്രാനന്തരം ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വലിയ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ വി.കെ. തിരിച്ചു പോയി. തലശ്ശേരിയില്‍ ജനിച്ച് ബാല്യകാലം കോഴിക്കോടും, ബിരുദ പഠനം മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും പൂര്‍ത്തിയാക്കി 1924 ല്‍ ലണ്ടനില്‍ എത്തി ലണ്ടന്‍ യൂണി: കോളേജ്/ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ വി.കെ. കൃഷ്ണമേനോന്‍ അനേകം വിജ്ഞാന ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

സാഹിത്യത്തിലും പ്രസംഗത്തിലും രാഷ്ട്രീയത്തിലുമൊക്കെ വല്ലഭനായ, വെള്ളക്കാര്‍പോലും മാനിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഈ നവഭാരത ശില്പി. നല്ലൊരു വാഗ്മിയും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.കെ.കൃഷ്ണമേനോന്‍ – പെന്‍ഗില്‍ പബ്ലിക്കേഷന്റെ എഡിറ്ററായും ലേബര്‍ പാര്‍ട്ടിയുടെ നേതാവായും ആദ്യത്തെ ഭാരതീയ വംശജനായ കൗണ്‍സിലറായും സ്വാതന്ത്ര്യാനന്തരം, ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യന്‍ ഹൈ കമ്മീഷണറായും പ്രവര്‍ത്തിച്ചിരുന്നു. 1952 വരെ ലണ്ടനില്‍ ഉണ്ടായിരുന്ന സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു.

അതോടൊപ്പം ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ഇന്ത്യാ ലീഗ് മൂവ്‌മെന്റ്, മലയാളി സമാജം എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്തതും വി.കെ.കൃഷ്ണമേനോന്‍ എന്ന സാരഥിയായിരുന്നു. വി.കെ.കൃഷ്ണമേനോന് ശേഷം ധാരാളം ഏഷ്യന്‍/ ഭാരതീയ വംശജര്‍ ബ്രിട്ടണില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായും, പാര്‍ലിമെന്റില്‍ എം.പി മാരായും പല പാര്‍ട്ടികളുടെ ലേബലില്‍ മത്സരിച്ച് ജയിച്ച് വന്നിരുന്നു.

ബ്രിട്ടനിലെ പ്രഥമ മലയാളി മേയര്‍:

എങ്കിലും വീണ്ടും വി.കെ.കൃഷ്ണമേനോന് ശേഷം ഒരു മലയാളി കൗണ്‍സിലര്‍ യു.കെ യില്‍ ജയിച്ചു വരുന്നത് പിന്നീട് അര നൂറ്റാണ്ടിന് ശേഷം 1995 ല്‍ ബക്കിങ്ങാംഷെയറിലെ ചില്‍റ്റെണ്‍ (Chiltern) ഡിസ്ട്രിക്ട് കൗണ്‍സിലിലെ, ചെഷാം ടൗണ്‍ഷിപ്പിലെ (Chesham) ടൗണ്‍സെന്റ്
(Town Send) വാര്‍ഡില്‍ നിന്നും ‘ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി’യുടെ കൗണ്‍സിലറായ റോയ് അബ്രഹാമാണ് (Roy Abraham). 1980 കാലഘട്ടത്തില്‍ ബ്രിട്ടനിലെത്തിയ റോയ് എബ്രഹാം ആയിരുന്നു, പിന്നീട് ചെഷാമിലെ വെള്ളക്കാരനല്ലാത്ത ആദ്യത്തെ മേയറായി 2003/ 2004 ല്‍ തെരഞ്ഞെടുക്കപ്പെട്ട ബ്രിട്ടന്‍ ജനാധിപത്യ ചരിത്രത്തിലെ ആദ്യത്തെ മലയാളി മേയര്‍.

2011 ല്‍ ആണ് ഇദ്ദേഹം അവസാനമായി ചില്‍റ്റെണില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ഒപ്പം തന്നെ 2014 വരെ റോയ്, ചില്‍റ്റെണ്‍ ക്‌ളീനിക്കല്‍ കമ്മീഷണല്‍ ഗ്രൂപ്പിന്റെ ഉപദേശകനായിരുന്നു. മുന്‍ ബാങ്കറും മാര്‍ക്കറ്റിങ്ങ് പ്രൊഫഷനലുമായിരുന്നു റോയ് അബ്രഹാം ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം ആ നാട്ടിലെ ധാരാളം സാമൂഹ്യ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടായിരുന്ന ശേഷം, ഇപ്പോള്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം വിരമിച്ച് കുടുബത്തത്തോടൊപ്പം റിട്ടയര്‍ ലൈഫ് ആസ്വദിക്കുകയാണ്.

യു. കെ. യിലെ ആദ്യത്തെ മലയാളി വനിതാ കൗണ്‍സിലര്‍/സിവിക് അംബാസഡര്‍

പിന്നീട് ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എഴുത്തുകാരിയായ ഡോ.ഓമന ഗംഗാധരനാണ് ലണ്ടനിലെ ന്യൂ ഹാം ബറോവില്‍ നിന്നും ലേബര്‍ പാര്‍ട്ടിയുടെ ലേബലില്‍ കൗണ്‍സിലറായി ജയിച്ചു വന്നിരുന്നത്. നോവലിസ്റ്റ്, കഥാകൃത്ത്, ലേഖിക, സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളില്‍ ലണ്ടനില്‍ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരിക്കാരിയായ എഴുത്തുകാരിയാണ് ഡോ.ഓമന ഗംഗാധരന്‍. പടിഞ്ഞാറന്‍ നാട്ടിലെ ആദ്യത്തെ മലയാളി വനിതാ കൗണ്‍സിലര്‍, പ്രഥമ സിവിക് അംബാസഡര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ച ഡോ.ഓമന ഗംഗാധരന്‍, 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി, ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ബോര്‍ഡ് മെമ്പര്‍, ലണ്ടനിലെ ‘ന്യൂഹാം കൗണ്‍സിലി’ന്റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍ എന്നീ നിലകളില്‍ നല്ല രീതിയില്‍ സേവനമനുഷ്ഠിച്ചു.

ഇത്തരം സ്ഥാനങ്ങള്‍ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി. ധാരാളം ലേഖനങ്ങളും കവിതകളും പന്ത്രണ്ടോളം ചെറുകഥകളും 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോള്‍ മൂന്ന് നോവലുകള്‍കൂടി പ്രസിദ്ധീകരിക്കുവാന്‍ പോകുകയാണ് ഈ എഴുത്തുകാരി.
ഈ വരുന്ന ലോക്കല്‍ ഇലക്ഷനിലും ലണ്ടനിലുള്ള ന്യൂ ഹാമിലെ ‘വോള്‍ എന്‍ഡ് വാര്‍ഡി’ല്‍ നിന്നും തീര്‍ച്ചയായും ജയിച്ചു വരുവന്‍ പോകുന്ന ഒരു കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥി തന്നെയാണ് ഈ മലയാളി വനിതാരത്‌നം.

യു.കെ യിലെ ആദ്യത്തെ മലയാളി വനിതാ മേയര്‍

ബ്രിട്ടന്‍ ജനാധിപത്യ ചരിത്രത്തില്‍ ഇതുപോലെ തന്നെ ചരിത്ര നേട്ടം കൈവരിച്ച മറ്റൊരു വനിതാരത്‌നമാണ് 2014/15 കാലഘട്ടത്തില്‍ ലേബല്‍ പാര്‍ട്ടിയുടെ ടിക്കറ്റില്‍ അട്ടിമറി വിജയം കരസ്ഥമാക്കി ക്രോയ്ഡന്‍ മേയറായി തീര്‍ന്ന മലയാളിയായ മഞ്ജു ഷാഹുല്‍ ഹമീദ്. തിരുവന്തപുരം പോത്തന്‍കോട് മഞ്ഞമല സ്വദേശിയായ മഞ്ജു, ഗണിത ശാസ്ത്രത്തില്‍ ഫസ്റ്റ് ക്ലാസ്സ് ബിരുദവുമായി ഒരു വീട്ടമ്മയായി ബിലാത്തിയില്‍ എത്തിയ ശേഷം, പിന്നീട് ഇവിടെയുള്ള ഗ്രീന്‍വിച്ച് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൈന്റിഫിക് സോഫ്റ്റ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഉദ്യോഗസ്ഥയാണ് ലേബര്‍ പാര്‍ട്ടിയുടെ ഈ പടയാളി. ക്രോയ്ഡന്‍ നഗര സഭയിലെ ഇക്കണോമി & ജോബ്സ് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി കാബിനറ്റ് ചെയറാണ് ഇപ്പോള്‍ മഞ്ജു.

മഞ്ജുവിന്റെ നേതൃത്വത്തില്‍ ആരംഭം കുറിച്ച കാന്‍സര്‍/മെന്റല്‍ ഹെല്‍ത്ത് ചാരിറ്റിയടക്കം അനേകം സാമൂഹ്യ സേവന രംഗങ്ങളിലും, കമ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തക തന്നെയാണ് ‘പീപ്പിള്‍സ് മേയര്‍’ എന്ന് വിളിക്കപ്പെട്ടിരുന്ന ഈ വനിതാ കൗണ്‍സിലര്‍. മഞ്ജു ഷാഹില്‍ ഹമീദ് ക്രോയ്ഡനിലെ ‘ബ്രോഡ് ഗ്രീന്‍ വാര്‍ഡി’ല്‍ നിന്നും ഇത്തവണയും മത്സരിച്ച് ജയിക്കുമെന്നുള്ള ശുഭപ്രതീക്ഷ തന്നെയാണ് ലേബര്‍ പാര്‍ട്ടിക്കുള്ളത്.

യു.കെ യിലെ ആദ്യത്തെ സ്വതന്ത്ര മലയാളി മേയര്‍

പത്തനംത്തിട്ടയിലെ വയലത്തലയില്‍ നിന്നും 1972 -ല്‍ എന്‍ജിനീയറിങ്ങ് ഉപരിപഠനത്തിന് വേണ്ടി യു.കെ യിലെത്തിയ ജേര്‍ണലിസ്റ്റും, കേരള ലിങ്ക് പത്രത്തിന്റെ എഡിറ്ററും, ‘യു.കെ കേരള ബിസിനസ് ഫോറ’ത്തിന്റ സ്ഥാപകനുമായ ഫിലിപ്പ് എബ്രഹാമാണ് ഇംഗ്ലണ്ടിലെ പ്രഥമ സ്വതന്ത്ര മേയര്‍. കഴിഞ്ഞ 25 കൊല്ലമായി ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘കേരള ലിങ്ക് ‘ എന്ന പത്രത്തിന്റെ ഉടമ കൂടിയാണ് പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം. ഇംഗ്ലണ്ടിലെ ‘എസെക്‌സ് ‘കൗണ്ടിയിലുള്ള ‘എപ്പിങ്ങ് ഫോറെസ്റ്റി’ലുള്ള ‘ലോഹ്ട്ടന്‍ (Loughton ) ടൗണ്‍ഷിപ്പിലെ താമസക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിഗണനകളില്ലാതെ കുറെകാലങ്ങളായി അവരുടെ കൗണ്‍സിലേഴിസിനെ തിരഞ്ഞെടുത്തുവരികയാണ്.

നോണ്‍ പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷനായ ‘ലോഹ്ട്ടന്‍ റെസിഡന്റ് അസോസിയേഷന്‍ (LHR)’ സ്ഥാനാര്‍ത്ഥിയായി ഈ ചെറിയ ടൗണ്‍ഷിപ്പില്‍ 2012 ലാണ് ഫിലിപ്പ് എബ്രഹാം, ‘ആല്‍ഡര്‍ട്ടന്‍ വാര്‍ഡി’ല്‍ നിന്നുമാണ് ആദ്യമായി കൗണ്‍സിലറായത്. പിന്നീട് 2016 ലും തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞവര്‍ഷം ഇദ്ദേഹം ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് അര്‍ഹനായി. ഇപ്പോള്‍ 2017/18 കാലഘട്ടത്തില്‍ ഈ ലോഹ്ട്ടന്‍ ടൗണ്‍ഷിപ്പിലെ കൗണ്‍സിലേഴ്സ്, ഫിലിപ്പ് എബ്രഹാമിനെ ലോഹ്ട്ടന്‍ മേയറായി തെരഞ്ഞെടുത്തിരിക്കുകയാണ്. ലോഹ്ട്ടന്‍ കൗണ്‍സില്‍ ഇലക്ഷന്‍ ഇനി 2020 ലായിരിക്കും നടക്കുക.

ബ്രിട്ടനില്‍ ഒരു മലയാളി ഡെപ്യൂട്ടി മേയര്‍

പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ സൗത്ത് ഗ്ലോസ്റ്റെര്‍ഷെയറിലുള്ള ആദ്യത്തെ ഏഷ്യന്‍ കൗണ്‍സിലര്‍ ആണ് ടോം പ്രബിന്‍ ആദിത്യ. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക് കൗണ്‍സിലില്‍ 2011 മുതല്‍ കൗണസിലറായും ഇപ്പോള്‍ ഡെപ്യൂട്ടി മേയര്‍ ആയും പ്രവര്‍ത്തിക്കുന്ന ടോം ആദിത്യ, ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായി പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന യു.കെ യിലെ ആദ്യത്തെ തെക്കേ ഇന്ത്യന്‍ വംശജനാണ്. എവോണ്‍ & സോമര്‍സെറ്റ് പോലീസ് സ്‌ക്രൂട്ടിണി പാനല്‍ വൈസ് ചെയര്‍മാനും, ബ്രിസ്റ്റള്‍ മള്‍ട്ടി ഫെയ്ത്ത് ഫോറത്തിന്റെ വൈസ് ചെയര്‍മാനും കൂടിയാണ് അദ്ദേഹം.

മനുഷ്യാവകാശപ്രവര്‍ത്തകനും, കോളമിസ്റ്റും, സാമൂഹ്യ ശാസ്ത്രത്തില്‍ ഗവേഷകനുമാണ്, കൗണ്‍സിലര്‍ ആദിത്യ. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലൂടെയും സഞ്ചരിച്ചിട്ടുള്ള അദ്ദേഹം നല്ലൊരു മാനേജ്മെന്റ് കണ്‍സള്‍ട്ടന്റും, പ്രഭാഷകനുമായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പാലായില്‍ ജനിച്ചു, റാന്നിയില്‍ വളര്‍ന്നു, തിരുവനന്തപുരത്തും ചങ്ങനാശേരിയിലും എറണാകുളത്തും വിദ്യഭ്യാസവും, കാഞ്ഞിരപ്പള്ളിയില്‍ കര്‍മ്മമേഖലയ്ക്ക് അടിത്തറയിട്ടതുമായ തികഞ്ഞ മലയാളിയാണ് അദ്ദേഹം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നായകനും, പാലായുടെ ആദ്യകാല നഗരപിതാവുമായിരുന്ന വെട്ടം മാണിയുടെ പൗത്രനായ ടോം, ഇംഗ്ലീഷ് ഡിബേറ്റിംഗ് പ്രസംഗകനായും, ക്വിസ് മത്സരജേതാവായും, വിദ്യാര്‍ത്ഥി സംഘടനാ നേതാവായും നന്നേ ചെറുപ്പത്തില്‍ തന്നെ ശോഭിച്ചിരുന്നു.

യു.കെ മലയാളികളുടെ പല ന്യായമായ ആവശ്യങ്ങളും നേടിയെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയുമായും, മന്ത്രിമാരുമായും ചര്‍ച്ചചെയ്ത് പരിഹാരം കാണുന്നതിലും, പല കമ്യൂണിറ്റി പ്രസ്ഥാനകളിലും നേരിട്ടു ഇടപ്പെട്ട് സേവനങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ ബിലാത്തി മലയാളികള്‍ക്കിടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നല്ലൊരു സാമൂഹ്യ പ്രവര്‍ത്തകനുമാണ് ടോം ആദിത്യ. ബ്രിട്ടനിലെ സ്‌കൂളുകളില്‍ മലയാള ഭാഷ ഒരു പാഠ്യവിഷയമായി ചേര്‍ക്കുന്ന പദ്ധതിയും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പ്രദേശത്തെ വികസനപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതിനു പുറമെ ബ്രിട്ടനിലെ പ്രവാസികളുടെ വിസാ പ്രശ്‌നങ്ങളിലും തൊഴില്‍ വിഷയങ്ങളിലും സുരക്ഷാ പ്രശ്‌നങ്ങളിലും ഇടപെട്ട് അത്തരക്കാര്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതിനും, ബ്രിട്ടനിലേയ്ക്ക് പുതുതായി കുടിയേറുന്ന മലയാളികള്‍ക്കു മാത്രമല്ല ഇതര രാജ്യക്കാര്‍ക്കും നിസ്തുലമായ സേവനം നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കൂടാതെ ബ്രിട്ടനില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം അനന്തരകര്‍മ്മങ്ങള്‍ക്കായി നാട്ടില്‍ എത്തിക്കുന്നതിനുള്ള പ്രക്രിയകള്‍ക്കും ടോം നിശബ്ദ പങ്കാളിയായി പ്രവര്‍ത്തിക്കുന്നു.

ബ്രിട്ടനില്‍ മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളില്‍ കഷ്ടപ്പെടുന്ന മലയാളി സഹോദരങ്ങളിലേക്കും അദ്ദേഹത്തിന്റെ കാരുണ്യസ്പര്‍ശം ഉണ്ടായിട്ടുണ്ട്. സൗദി അറേബ്യയില്‍ വീട്ടുവേലയ്ക്ക് പോയി നരകയാതന അനുഭവിച്ച മലയാളി സ്ത്രീകള്‍ക്ക് മോചനം നല്‍കുവാനും, അവരെ നാട്ടില്‍ എത്തിക്കുവാനും, അതുപോലെ അബുദാബിയില്‍ വധശിക്ഷക്ക് വിധിക്കപെട്ട മലപ്പുറം സ്വദേശി ഗംഗാധരനെ തൂക്കുകയറില്‍ നിന്ന് മോചനം നല്‍കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നേതൃത്വം നല്‍കിയതും ടോം ആദിത്യയാണ്. അങ്ങനെ നിരവധി സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളില്‍ അദ്ദേഹം ദിവസേന ഇടപെടാറുണ്ട്. ഈ മെയ് മാസം അദ്ദേഹം മേയര്‍ ആയി സ്ഥാനമേല്‍ക്കും എന്ന് നമുക്ക് കരുതാം. ഭാവിയില്‍ പാര്‍ലമെന്റിലും ടോം ആദിത്യയുടെ സാന്നിദ്ധ്യം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

2018 ലെ ലോക്കല്‍ ഇലക്ഷനില്‍ വിജയം പ്രതീക്ഷിക്കുന്ന മറ്റു മലയാളി കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥികള്‍:

സുഗതന്‍ തെക്കേപ്പുര

വൈക്കം സ്വദേശിയായ ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സുഗതന്‍ തെക്കേപ്പുര ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഒരു ഇടതുപക്ഷ ചിന്തകനാണ്. ലണ്ടനില്‍ ഒന്നര പതിറ്റാണ്ടോളമായി ധാരാളം സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്ക്‌ചേര്‍ന്നിട്ടുള്ള വ്യക്തിയാണ് സുഗതന്‍. നാട്ടില്‍ വെച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്താണ് അദ്ദേഹം ലണ്ടനില്‍ വന്നത്.

നോര്‍ത്ത് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ബിസിനസ്സ് മാനേജ്മെന്റ് ഡിഗ്രി പഠിക്കുവാന്‍ ഇവിടെ വന്ന അദ്ദേഹം ഇപ്പോള്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. നല്ലൊരു ഭാഷ സ്‌നേഹിയും, സാഹിത്യത്തില്‍ തല്‍പ്പരനുമായ സുഗതന്‍ ഇപ്പോള്‍ ലണ്ടനിലുള്ള സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനും ലേബര്‍ പാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കളില്‍ ഒരാളും കൂടിയാണ്. 2010 മുതല്‍ ന്യൂ ഹാമിലെ ലേബര്‍ പാര്‍ട്ടിയുടെ ‘മൊമെന്റം സ്റ്റിയറിങ്ങ് കമ്മറ്റി മെമ്പര്‍’, പാര്‍ട്ടിയുടെ ‘ഈസ്‌റ് ഹാം ഇഘജ മെമ്പര്‍ ‘ എന്നീ സ്ഥാനങ്ങളും സുഗതന്‍ വഹിക്കുന്നുണ്ട്. ഒപ്പം എന്നുമെന്നോണം സോഷ്യല്‍ മീഡിയയിലും, ആനുകാലികങ്ങളിലുമായി സുഗതന്‍ സാമൂഹ്യ പ്രസക്തിയുള്ള ധാരാളം ലേഖനങ്ങളും എഴുതി വരുന്നുണ്ട്. ന്യൂഹാം ബറോവിലെ ഈസ്‌റ് ഹാമിലെ ‘സെന്‍ട്രല്‍ വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന സുഗതന്‍ തെക്കേപ്പുര, അടുത്ത മെയ് മൂന്നിന് കൗണ്‍സിലറായി തിരഞ്ഞെടുകപ്പെടുക തന്നെ ചെയ്യും എന്നുറപ്പിക്കാവുന്നതാണ്.

ബൈജു വര്‍ക്കി തിട്ടാല

ഡല്‍ഹിയില്‍ നാനാതരം തൊഴില്‍ ജീവിതങ്ങള്‍ നയിച്ച കോട്ടയം ആര്‍പ്പൂക്കര സ്വദേശിയായ ബൈജു വര്‍ക്കി തിട്ടാല കേബ്രിഡ്ജ്ഷയറിലെ, കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ തിരഞ്ഞെടുപ്പിന് മത്സരിക്കുകയാണ്. ബ്രിട്ടനില്‍ വന്ന ശേഷം വളരെ ബുദ്ധിമുട്ടി തൊഴിലും പഠനവും നടത്തി വക്കീല്‍ ആകുക എന്ന തന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച വാക് ചാതുര്യമുള്ള സാമൂഹ്യ പ്രവര്‍ത്തനും എഴുത്തുകാരനുമാണ് ഇദ്ദേഹം. യുകെയില്‍ വന്ന ശേഷം ആംഗ്ലിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദവും, യൂണിവേഴ്സിറ്റി ഓഫ് ഈസ്‌റ് ആംഗ്ലിയ, നോര്‍വിച്ചില്‍ നിന്നും എംപ്ലോയ്മെന്റ് നിയമത്തില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയ ശേഷം ‘ലോയറാ’യി പ്രാക്ടീസ് ചെയ്യുന്ന ബൈജു വര്‍ക്കി അടുത്ത് തന്നെ സോളിസിറ്റര്‍, ബാരിസ്റ്റര്‍ പദവികള്‍ നേടിയെടുക്കുവാനുള്ള യത്‌നത്തിലാണ്.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നും ‘ഇന്ത്യന്‍ ആദിവാസികളുടെ മനുഷ്യാവകാശങ്ങളും, അതിനെ കുറിച്ചുള്ള ഇന്ത്യന്‍ ഭരണഘടന മൗലിക ചട്ടങ്ങളെപ്പറ്റി ഗവേഷണം നടത്തി ഡോക്റ്ററേറ് എടുക്കുവാനും ഒരുങ്ങുന്നു. കേംബ്രിഡ്ജിലെയടക്കം, ബ്രിട്ടനിലെ പല നിയമ ലംഘനങ്ങള്‍ക്കെതിരെ ഇടപെടലുകള്‍ നടത്തുന്ന ഈ സാമൂഹ്യ പ്രവര്‍ത്തകന്‍ കുറച്ച് കാലങ്ങള്‍ കൊണ്ട് തന്നെ ജനങ്ങള്‍ക്ക് പ്രിയങ്കരനായി മാറി. ഇപ്പോള്‍ കേംബ്രിഡ്ജ് സിറ്റികൗണ്‍സിലിലെ ‘ഈസ്‌ററ് ചെസ്റ്റണ്‍ ‘ വാര്‍ഡില്‍ നിന്നും ഈ ലോക്കല്‍ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ജയം പ്രതീക്ഷിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി തന്നെയാണ് ബൈജു വര്‍ക്കി തിട്ടാല.

ഒരു പക്ഷെ ആദ്യത്തെ മലയാളി പാര്‍ലിമെന്റ് എം.പി സ്ഥാനാര്‍ത്ഥിയായി അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് എന്നും അഭിമാനമായി മാറിയേക്കാവുന്ന, ബൈജു വര്‍ക്കി തിട്ടാലയുടെ പേര് തന്നെയാവും ലേബര്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുക.

സജീഷ് ടോം

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയായ സജീഷ് ടോം നോര്‍ത്ത് ഹാംഷെയറിലുള്ള ‘ബേസിങ്സ്റ്റോക്ക് സിറ്റി കൗണ്‍സിലേക്ക് ലേബര്‍ പാര്‍ട്ടിയുടെ ലേബലില്‍ മത്സരിക്കുകയാണ്. ആദ്യമായാണ് യൂറോപ്യന്‍ അല്ലാത്ത ഒരു കാന്റിഡേറ്റ്, ബേസിങ്സ്റ്റോക്കില്‍ നിന്നും കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്നതിലും, മലയാളിയാണെന്ന നിലക്കും സജീഷ് ടോമിനെ കുറിച്ച് നമുക്ക് അഭിമാനിക്കാം. അക്കൗണ്ടിങ്ങില്‍ ബിരുദധാരിയായ ബേസിങ്സ്റ്റോക്ക് ഹോസ്പിറ്റലില്‍ അഡ്മിനിസ്ട്രേറ്റീവ് ക്ലര്‍ക്കായി ജോലിചെയ്യുകയാണ് സജീഷ് ടോം. ഒരു എഴുത്തുകാരനും സംഘാടകനുമായ സജീഷ് ടോം നല്ലൊരു കവി കൂടിയാണ് യു. കെ യില്‍ നിന്നിറങ്ങുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ പ്രവാസി കഫേയുടെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയാണ് ഇദ്ദേഹം.

സജീഷ്, യു.കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയയായ ‘യുക്ക്മ / uukma ‘ യുടെ മുന്‍ ജനറല്‍ സെക്രട്ടറിയും, ബേസിങ്സ്റ്റോക്ക് മള്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ട്രഷററും, UNISON എന്ന ട്രേഡ് യൂണിയനിലെ ആക്റ്റീവ് മെമ്പറുമാണ്. ഒപ്പം ബേസിങ്സ്റ്റോക്ക് ഡെവലപ്പിംഗ് കമ്യൂണിറ്റി രംഗത്തടക്കം ധാരാളം സാമൂഹ്യ ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയാണ് സജീഷ് ടോം. ബേസിങ്സ്റ്റോക്ക് സിറ്റി കൗണ്‍സിലിലെ ‘ഈസ്‌ട്രോപ് വാര്‍ഡി’ല്‍ നിന്നും ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍, ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച് കൗണ്‍സിലറാകുവാന്‍ സാധ്യതയുള്ള ഒരു സ്ഥാനാര്‍ത്ഥി തന്നെയാണ് സജീഷ് ടോം.

റോയ് സ്റ്റീഫന്‍

കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ മുന്‍ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും വിരമിച്ച റോയ് സ്റ്റീഫന്‍, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുള്ള ‘സ്വിന്‍ഡന്‍ ടൌണ്‍ കൗണ്‍സിലി’ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ബാനറില്‍ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയനായ തീര്‍ന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ് റോയ് സ്റ്റീഫന്‍. ഈയിടെ ബ്രിട്ടീഷ് രാഞ്ജിയുടെ ‘ബ്രിട്ടീഷ് എംപയര്‍’ പുരസ്‌കാരം ലഭിച്ചതില്‍ പിന്നെ യു.കെ മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു റോയ്.

മൂന്ന് വര്‍ഷം മുമ്പ് ‘പ്രൈഡ് ഓഫ് സ്വിന്‍ഡന്‍ ‘ അവാര്‍ഡും റോയ് സ്റ്റീഫന്‍ നേടിയിരുന്നു. തന്റെ ഒരു ദശകം നീണ്ടുനിന്ന ബ്രിട്ടന്‍ സാമൂഹിക ജീവിതത്തിനിടയില്‍ അനേകം ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ 41000 പൗണ്ടുകള്‍ സമാഹരിച്ച്, ധാരാളം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത റോയ് നല്ലൊരു സാമൂഹിക സേവകനായി മാറുകയായിരുന്നു. സ്വിന്‍ഡന്‍ കൗണ്‍സിലില്‍ വോള്‍ക്കോട്ട് വാര്‍ഡില്‍ താമസിക്കുന്ന റോയ് സ്റ്റീഫന്‍, ‘വോള്‍ക്കോട്ട് & പാര്‍ക്ക് നോര്‍ത്ത് ഇന്‍ ടച്ച് (Walcot & Park North in Touch )’ വാര്‍ഡില്‍ നിന്നും ടോറി പാര്‍ട്ടിയുടെ കൗണ്‍സിലറായി തന്നെ വിജയിക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു.

ഇവിടത്തെ നാടുകളില്‍ രാഷ്ട്രീയ തെരഞ്ഞെടുപ്പിന് മുമ്പായി പരസ്പരമുള്ള ശക്തി പ്രകടനങ്ങളൊ ജാഥകളോ നടത്താറില്ല. വീടുകളില്‍ പോയി ലീഫ് ലെറ്റ് വിതരണങ്ങളിലൂടെയും മറ്റും അവരവരുടെ ഭരണ നയങ്ങളൊക്കെ അവതരിപ്പിച്ച് കൊണ്ടും സോഷ്യല്‍ മാധ്യമങ്ങളില്‍ കൂടിയുള്ള പരസ്യ വിജ്ഞാപനങ്ങള്‍ നടത്തിയും സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ നിന്നുള്ള നോട്ടീസ് വിതരണങ്ങളുമൊക്കെയായുള്ള തികച്ചും മാന്യമായ പ്രചരണങ്ങള്‍ മാത്രമാണ് നടക്കാറുള്ളത്.