UK

ദിനേശ് വെള്ളാപ്പിള്ളി

ബ്രിട്ടനിലെ മലയാളി സമൂഹത്തിന് സേവനം യുകെ നല്‍കുന്ന കലയുടെ കൈനീട്ടം വിഷുനിലാവ് ഏപ്രില്‍ 14ന് ഗ്ലോസ്റ്ററില്‍ അരങ്ങേറും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.നാടിന്റെ ആഘോഷങ്ങള്‍ സമ്പൂര്‍ണ്ണമാകണമെങ്കില്‍ നാവില്‍ ആ നാടന്‍ രൂചികള്‍ കൂടി തേടിയെത്തിയേ തീരൂ. മലയാളക്കരയുടെ കൃഷിയുത്സവമായ വിഷുവിന്റെ ആഘോഷം സേവനം യുകെ ‘വിഷുനിലാവ്’ സംഗീത-നൃത്ത സന്ധ്യയായി ആഘോഷിക്കുമ്പോള്‍ നാവില്‍ നാടിന്റെ രുചിപ്പെരുമ വിളയാടും. ഇതിനായി സേവനം യുകെ ടീം വേദിക്കരികിലായി തനിനാടന്‍ രുചിവിഭവങ്ങള്‍ വിളമ്പുന്ന തട്ടുകടയാണ് ഒരുക്കുന്നത്. കേരളക്കരയില്‍ നിന്നുമുള്ള സ്വാദിഷ്ടമായ വിഭവങ്ങളാണ് ഇവിടെ ലഭ്യമാക്കുക.

നാട്ടിലെ രുചിയേറിയ വിഭവങ്ങളോര്‍ക്കുമ്പോള്‍ നാവില്‍ കൊതിയൂറുന്നത് സ്വാഭാവികം. നാടന്‍ കപ്പയും മീന്‍കറിയും ചിക്കന്‍കറിയും വടയുമൊക്കെ മനസില്‍ നൊസ്റ്റാള്‍ജിയ നിറയ്ക്കുന്ന സ്വാദാണ്. ആ സ്വാദിലേക്ക് ഒരിക്കല്‍ കൂടി പോകാം. സേവനം യുകെയുടെ വിഷുനിലാവ് പരിപാടി ആസ്വദിക്കാനെത്തുന്നവര്‍ക്ക് തട്ടുകടയിലെ രുചിയുമറിയാം. ചിക്കനും ചിപ്സും ഉഴുന്നുവടയും പരിപ്പുവടയും ഇടിയപ്പവും മട്ടന്‍കറിയും ഫ്രൈഡ്റൈസും ചിക്കന്‍കറിയും കപ്പ ബിരിയാണിയും മിതമായ നിരക്കില്‍ ലഭിക്കുന്നതാണ്.

വിഷുനിലാവിന്റെ പ്രധാന സ്പോണ്‍സേഴ്സ് ഇവരാണ്

മലയാളികള്‍ക്ക് സുപരിചിതമായ പ്രമുഖ മോര്‍ട്ട്‌ഗേജ് – ഇന്‍ഷുറന്‍സ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫൈനാന്‍ഷ്യല്‍സ് ലിമിറ്റഡ് ആണ് വിഷു നിലാവിന്റെ മുഖ്യ സ്‌പോണ്‍സര്‍, മലയാളികളുടെ സ്വന്തം മുത്തൂറ്റ് ഫിനാന്‍സിയേഴ്സ്,
മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ വെസ്റ്റേണ്‍ യൂണിയന്‍, ഹെല്‍ത്ത് കെയര്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ റോസ്റ്റര്‍ കെയര്‍, പ്രമുഖ ട്രാവല്‍ കമ്പനിയായ ടൂര്‍ ഡിസൈനേഴ്സ് എന്നിവരാണ് മറ്റ് സ്പോണ്‍സേഴ്സ്.

മലയാളത്തില്‍ ഇന്നു ജനപ്രീതിയുടെ കാര്യത്തിലും ചാനല്‍ റേറ്റിംഗിലും ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയുടെ നൂറ്റിയന്‍പതാം എപ്പിസോഡില്‍ എല്ലാവരുടെയും കയ്യടി നേടി യുകെ മലയാളികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മുന്നില്‍ എത്തിച്ചിരിക്കുകയാണ് വോക്കിംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രത്യാശ ചാരിറ്റബിള്‍ ട്രസ്റ്റ്. വര്‍ഷത്തില്‍ ഒരു വീട് എന്ന ലക്ഷ്യവുമായി കഴിഞ്ഞ നവംബറില്‍ പത്തു സുമനസ്സുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഈ സംഘടനയുടെ ആദ്യത്തെ ഗുണഭോക്താവിനെയാണ് കോമഡി ഉത്സവം വഴി തിരഞ്ഞെടുത്തത്. കേരളത്തിലെ ഗാനമേള വേദികളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു തിരുവനന്തപുരം സ്വദേശിയായ യുവഗായകന്‍ ഷാനവാസ്.

കഴിഞ്ഞ മാസം ശാര്‍ക്കരയിലെ ഒരു ക്ഷേത്രോത്സവവേദിയില്‍ ഗായികയോടൊപ്പം പാട്ട് പാടുന്നതിനിടെ കുഴഞ്ഞുവീണ ഷാനവാസ് വേദിയില്‍ നിന്നും താഴേക്കു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കിയെങ്കിലും പിറ്റേദിവസം രാവിലെ ഷാനവാസ് ഈ ലോകത്തോട് വിട പറഞ്ഞു. യുവഗായകന്റെ മരണത്തോടെ ഭാര്യ ഷംലയും ആറും നാലും വയസ്സുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളും ഷാനവാസിന്റെ മാതാവും അടങ്ങുന്ന ആദ്ദേഹത്തിന്റെ കുടുംബം അനാഥമായി. പൂജപ്പുരക്കടുത്ത് ഒരു ചെറിയ വാടക വീട്ടില്‍ താമസിക്കുന്ന ഈ കുടുംബം ഷാനവാസിന് ഗാനമേളകളില്‍ നിന്നും ലഭിച്ചുവന്ന തുച്ഛമായ വരുമാനം കൊണ്ട് മാത്രമാണ് മുന്നോട്ടു പോയിരുന്നത്. ഷാനവാസിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ ഈ കുടുംബത്തിനു വളരെ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. വീട് വാടക പോയിട്ട് അന്നന്നുള്ള ആഹാരത്തിനു പോലും എങ്ങനെ പണം കണ്ടെത്തും എന്ന വിഷമത്തില്‍ കഴിഞ്ഞ ഷംലയെ കോമഡി ഉത്സവം പ്രവര്‍ത്തകരാണ് പ്രത്യാശ ചാരിറ്റിയുമായി ബന്ധപ്പെടുത്തുന്നത്.

സ്വന്തമായി ഒരു വീട് എന്നത് മറ്റെല്ലാവരെയും പോലെ ഷാനവാസിന്റെയും ഒരു ചിരകാല സ്വപ്നമായിരുന്നു. ആ സ്വപ്ന സാക്ഷാല്‍ക്കാരമാണ് പ്രത്യാശ ചാരിറ്റബിള്‍ ട്രസ്റ്റ് തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പുമായി സഹകരിച്ചു നടത്തുവാന്‍ പോകുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഷാനവാസിന്റെ കുടുംബത്തിനു ഒരു താങ്ങാകുവാന്‍ പ്രത്യാശയുമായി കൈകൊര്‍ക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് താഴെ കൊടുക്കുന്ന അക്കൌണ്ടില്‍ പണം നിക്ഷേപിക്കാവുന്നതാണ്.

Account name : PRATHYASHA CHARITABLE TRUST
Barclays Sort code : 20-11-43 Account No : 43006131

ഡ്രൈയിംഗ് മെഷിനില്‍ കുടുങ്ങി അറ്റുപോയ 3 വയസുകാരന്റെ കൈപ്പത്തി ഓപ്പറേഷനിലൂടെ തുന്നിച്ചേര്‍ത്തു. കുടുംബത്തോടൊപ്പം കാരവാന്‍ ഹോളിഡേ പാര്‍ക്കില്‍ അവധി ആഘോഷിക്കാനെത്തിയ 3 വയസുകാരനാണ് അപകടത്തില്‍പ്പെട്ടത്. കാരവാനിലെ ഡ്രൈയിംഗ് മെഷീനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. കൈപ്പത്തി പുര്‍ണമായും ശരീരത്തില്‍ നിന്ന് വേര്‍പെട്ടിരുന്നു. ഹോളിഡേ ക്യാമ്പ് ജീവനക്കാര്‍ സംഭവമറിഞ്ഞയുടന്‍ ഓടിയെത്തിയെങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എമര്‍ജന്‍സി എയര്‍ ആംബുലന്‍സുകളും പാരാമെഡിക്കുകളും എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കൃത്യ സമയത്ത് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാലാണ് കൈ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.

അറ്റുപോയ കൈ ഐസില്‍ പോതിഞ്ഞ് മെഡിക്കല്‍ സംഘം ആശുപത്രിയിലെത്തിച്ചു. വിദഗ്ദ്ധ സര്‍ജന്മാരുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ ഓപ്പറേഷന്‍ നടത്തി കൈ തുന്നിച്ചേര്‍ത്തു. മണിക്കൂറുകളെടുത്താണ് മൈക്രോവാസ്‌കുലാര്‍ സര്‍ജറി പൂര്‍ത്തീകരിച്ചത്. ഓപ്പറേഷന്‍ വിജയകരമായിരുന്നുവെന്ന് ഹോളിഡേ പാര്‍ക്കിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. സന്തോഷിക്കാന്‍ വകയുള്ള വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ സര്‍ജറികള്‍ ആവശ്യമായി വരുമെങ്കിലും നിലവിലുള്ള കാര്യങ്ങളൊക്കെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്ന് വക്താവ് അറിയിച്ചു. അപകടം നടക്കുന്ന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പാര്‍ക്ക് ജീവനക്കാര്‍ ഇപ്പോഴും ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ലെന്നും സ്ഥാപനം അവര്‍ക്ക് അവധി അനുവദിച്ചതായും ഹോളിഡെ ക്യാമ്പ് വക്താവ് പറഞ്ഞു.

അപകടം സംഭവിച്ച കുട്ടി പെട്ടന്ന് തന്നെ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നും പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന കുടുംബത്തിലെ എല്ലാവര്‍ക്കും നല്ലതുണ്ടാകട്ടെയെന്നും പാര്‍ക്ക് അധികൃതര്‍ ആശംസകള്‍ അറിയിച്ചു. കുട്ടിക്ക് നല്‍കാന്‍ കഴിയുന്നതില്‍ ഏറ്റവും നല്ല ചികിത്സയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സ്വകാര്യ സ്ഥലത്ത് വെച്ച് നടന്നതിനാലും ജോലി സംബന്ധിയായ അപകടമല്ലാത്തതിനാലും സംഭവത്തെക്കുറിച്ച് ഹെല്‍ത്ത് ആന്റ് സേഫ്റ്റി എക്‌സിക്യൂട്ടീവ് അന്വേഷണം നടത്തേണ്ടതില്ലെന്ന് എച്ച്എസ്ഇ വക്താവ് പറഞ്ഞു. രോഗികളായവരുടെ സ്വകാര്യ വിവരങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താന്‍ കഴിയില്ലെന്ന് കുട്ടിയെ ചികിത്സിക്കുന്ന കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.

ഇറക്കത്തില്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയയുടന്‍ തനിയെ നീങ്ങിയ കാര്‍ കയറി 25കാരി മരിച്ചു. സമേഹ മെഹമൂദ് എന്ന യുവതിയാണ് പാര്‍ക്ക് ചെയ്തപ്പോള്‍ ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടമുണ്ടാകുമ്പോള്‍ കാറിനുള്ളില്‍ ഇവരുടെ കുട്ടിയുണ്ടായിരുന്നു. ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് പോകുന്നതിനായി അമ്മയായാ സഹീദ അഖ്തറിനെ വിളിക്കുന്നതിന് ഹൈ വൈക്കോമ്പിലെ വൈറ്റ്‌ലാന്‍ഡ് റോഡില്‍ എത്തിയതായിരുന്നു ഇവര്‍. ബിഎംഡബ്ല്യു കാര്‍ ഇറക്കത്തില്‍ പാര്‍ക്ക് ചെയ്തതിനു ശേഷം അമ്മയെ വിളിക്കാന്‍ പുറത്തിറങ്ങിയപ്പോളാണ് അപകടമുണ്ടായത്.

താന്‍ പുറത്ത് കാത്തുനില്‍ക്കുന്നു എന്ന് 8.20ന് സമേഹ അമ്മയെ ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന് കൊറോണര്‍ കോടതിയിലെ ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. 3 മിനിറ്റിനു ശേഷം അമ്മ പുറത്തെത്തുമ്പോള്‍ സമേഹ അപകടത്തില്‍പ്പെട്ട് കിടക്കുന്നതാണ് കാണുന്നത്. സമേഹ കാറിനടിയില്‍ പെട്ടിരുന്നു. സമേഹയുടെ സഹോദരന്‍ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. അമ്മയുടെ നിലവിളിയും അപകടത്തിന്റെ ശബ്ദവും കേട്ടാണ് മുഹമ്മദ് ഉസ്മാന്‍ മഹ്മൂദ് പുറത്തെത്തിയത്. കാറിന്റെ പിന്‍സീറ്റില്‍ തന്റെ സഹോദരിയുടെ കുഞ്ഞ് ഇരിക്കുന്നത് താന്‍ കണ്ടുവെന്ന് മഹ്മൂദ് പറഞ്ഞു.

കാറിന്റെ ഹാന്‍ഡ്‌ബ്രേക്ക് ഇട്ടിട്ടുണ്ടായിരുന്നില്ലെന്ന് മെഹ്മൂദ് ഇന്‍ക്വസ്റ്റില്‍ പറഞ്ഞു. അപകടമുണ്ടായതിനു പിന്നാലെ അയല്‍ക്കാരെല്ലാം ഓടിയെത്തുകയും കാര്‍ജാക്കുകള്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. സമേഹയെ കാറിനടിയില്‍ നിന്ന് പുറത്തെടുത്തതിനു ശേഷമാണ് എമര്‍ജന്‍സി സര്‍വീസുകള്‍ എത്തിയത്. ഡിസംബര്‍ 23ന് രാത്രി 8.50ന് സംഭവസ്ഥലത്തുവെച്ചു തന്നെ സമേഹ മരിച്ചതായി പാരാമെഡിക്കുകള്‍ അറിയിക്കുകയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. പിന്നീട് നടന്ന പരിശോധനയില്‍ കാറിന് മറ്റു തകരാറുകളൊന്നും കണ്ടെത്തിയില്ല.

സെക്യൂരിറ്റി പരിശോധനകള്‍ ഒഴിവാക്കാന്‍ ഇന്റര്‍നാഷണല്‍ അറൈവലില്‍ എത്തുന്ന ബാഗേജുകള്‍ ഡൊമസ്റ്റിക്കിലേക്ക് മാറ്റി മയക്കുമരുന്ന് കള്ളക്കടത്ത്. ബാഗേജ് കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ സഹായത്തോടെയാണ് കള്ളക്കടത്ത് നടത്തിയത്. ലക്ഷക്കണക്കിന് മില്യന്‍ പൗണ്ട് മൂല്യമുള്ള കൊക്കെയിനാണ് ഈ വിധത്തില്‍ കടത്തിയത്. ബര്‍ഗര്‍ കിംഗ് ഔട്ട്‌ലെറ്റില്‍ വെച്ച് മയക്കുമരുന്ന് കൈമാറുന്നതിനിടെ ഒരാള്‍ പിടിയിലായതോടെയാണ് ഇത് പുറത്തായത്. മയക്കുമരുന്ന് കടത്താന്‍ പുതിയ സംവിധാനം കണ്ടെത്തിയ 12 അംഗ സംഘത്തിലെ മാര്‍ക്ക് അഗോറോ എന്നയാളാണ് പിടിയിലായത്.

ബ്രസീലില്‍ നിന്ന് എത്തുന്ന മയക്കുമരുന്ന് അടങ്ങിയ സ്യൂട്ട്‌കേസുകള്‍ ഇന്റര്‍നാഷണല്‍ അറൈവലിലെ ലഗേജ് കാരോസലില്‍ നിന്ന് ഡൊമസ്റ്റിക് ഹാളിലേക്ക് മാറ്റുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ നടന്ന വാദത്തില്‍ സംഘത്തിനുള്ള ശിക്ഷ ഈയാഴ്ച വിധിക്കും. 2015ലാണ് അഗോറോ അറസ്റ്റിലായത്. കിംഗ്‌സ് ക്രോസിലെ ബര്‍ഗര്‍ കിംഗിലെ ടേബിളിനടിയില്‍ 141 ഗ്രാം കൊക്കെയിന്‍ കൈമാറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. സംഘത്തിന്റെ നേതാവ് ഹീത്രൂവിലെ ബാഗേജ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്ന ജോയ്‌സണ്‍ ജൂറി എന്നയാളാണെന്നും കണ്ടെത്തിയിരുന്നു.

ഇയാളുടെ ബ്രദര്‍ ഇന്‍ ലോ ആയ പ്രീതം മുന്‍ഗ്ര, ടെര്‍മിനല്‍ 5ലെ ബാഗേജ് ജീവനക്കാരായ ഡാമിയന്‍ ഗുഡ്ഹാള്‍, വില്‍ഫ്രഡ് ഓസു എന്നിവരും സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിമാനത്തില്‍ ലഗേജുമായി അഗോറോ വന്നിറങ്ങുകയും വിമാനത്താവളത്തിലെ സഹായികള്‍ ബാഗേജ് മാറ്റാന്‍ സഹായിക്കുകയുമായിരുന്നു.

ബ്രിട്ടീഷ് എയര്‍വേഴ്‌സ് നോര്‍വീജിയന്‍ എയറിനെ ഏറ്റെടുക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ നോര്‍വീജിയന്‍ എയറില്‍ 4.61 ശതമാനം ഓഹരികള്‍ സ്വന്തമായുള്ള ബ്രീട്ടിഷ് എയര്‍വേയ്‌സ് രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സര്‍വീസ് നടത്തുന്ന കമ്പനിയെ മുഴുവനായും ഏറ്റെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച ശ്രമങ്ങള്‍ നടക്കുന്നതായി ബ്രിട്ടീഷ് എയര്‍വേഴ്‌സിന്റെ ഉടമകളായ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ലണ്ടന്‍-ന്യൂയോര്‍ക്ക് റൂട്ടില്‍ 129 പൗണ്ടാണ് നോര്‍വീജിയന്‍ ഈടാക്കുന്നത്. ഈ ഏറ്റെടുക്കലോടെ ബ്രിട്ടീഷ് എയര്‍വേയ്‌സ് ബജറ്റ് എയര്‍ലൈന്‍ രംഗത്തേക്ക് കടക്കുമോ എന്നാണ് യാത്രക്കാര്‍ ഉറ്റുനോക്കുന്നത്.

ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഓഫറുകളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചകളും നിലവില്‍ നടന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നും ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന വിമാനക്കമ്പനികളിലൊന്നാണ് നോര്‍വീജിയന്‍ എയര്‍. ലണ്ടനില്‍ നിന്ന് സൗത്ത് അമേരിക്ക, സിംങ്കപ്പൂര്‍, കാനഡ തുടങ്ങിയ സ്ഥലങ്ങളിലേക്കും ചെലവ് കുറഞ്ഞ വിമാന യാത്രാ സൗകര്യം കമ്പനി നല്‍കുന്നുണ്ട്.

1993ല്‍ പ്രവര്‍ത്തനമാരംഭിച്ച നോര്‍വീജിയന്‍ എയര്‍ ഇപ്പോള്‍ ലോകത്തിലെ ചെലവ് കുറഞ്ഞ വിമാന യാത്രകള്‍ ഓഫര്‍ ചെയ്യുന്ന കമ്പനികളില്‍ മൂന്നാം സ്ഥാനത്താണ്. റയന്‍എയര്‍, ഈസി ജെറ്റ് എന്നിവയാണ് മുന്നില്‍. ആദ്യ കാലഘട്ടങ്ങളില്‍ നോര്‍വീജിയന്‍ എയര്‍ ഷട്ടില്‍ എന്നായിരുന്നു കമ്പനി അറിയപ്പെട്ടികരുന്നു. റീജിയണല്‍ സര്‍വീസുകള്‍ മാത്രമായിരുന്ന ഇക്കാലത്ത് കമ്പനി നടത്തിയിരുന്നത്. 2002ല്‍ സര്‍വീസുകള്‍ വ്യാപിപ്പിച്ചു. 2013ല്‍ ഗാറ്റ്‌വിക്കില്‍ ഒരു ബേസ് പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് കമ്പനിയുടെ വളര്‍ച്ചയില്‍ പ്രധാന മാറ്റം ഉണ്ടായത്.

സ്വന്തം ലേഖകന്‍

അയര്‍ലണ്ട് : നീണ്ട വേദനയ്ക്കൊടുവില്‍ സിനി ചാക്കോ ഇനി നിത്യവിശ്രമത്തിലേയ്ക്ക്. മാര്‍ച്ച് 14 രാത്രി കോര്‍ക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നും ജോലി കഴിഞ്ഞു നടന്നു മടങ്ങവേ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കോട്ടയം കുറിച്ചി സ്വദേശിനി സിനി ചാക്കോ (27) ഇന്ന് ഉച്ചകഴിഞ്ഞു 12 മണിയോടെയാണ് നിര്യാതയായത്. വട്ടന്‍ചിറയിലായ പാറച്ചേരി കുടുംബാംഗമാണ്. ഒക്ടോബറിലാണ് അയര്‍ലണ്ടില്‍ സ്റ്റാഫ് നഴ്സായി സിനി എത്തിയത്. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും നഴ്സിംഗില്‍ മികച്ച മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കിയ സിനി തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യവെയാണ് അയര്‍ലണ്ടില്‍ എത്തിയത്.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അബോധാവസ്ഥയില്‍ ആയിരുന്ന സിനി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതേവരെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അപകടവിവരമറിഞ്ഞു കേരളത്തില്‍ നിന്നും സിനിയുടെ മാതാപിതാക്കളും, ഗള്‍ഫിലുള്ള സഹോദരനും കോര്‍ക്കില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം സിനിയ്ക്ക് വേണ്ടി കോര്‍ക്ക് യൂണിവേഴ്സിറ്റി ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തുകയും കൂദാശകള്‍ നല്‍കുകയും ചെയ്തിരുന്നു.

സിനി അപകടാവസ്ഥ അതിജീവിക്കാനായുള്ള സാധ്യതയില്ലെന്ന സൂചനകള്‍ ആശുപത്രി അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നുവെങ്കിലും പ്രാത്ഥനാപൂര്‍വം, പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തി കൊണ്ടാണ് സിനി കടന്നുപോയത്. മരണസമയത്ത് മാതാപിതാക്കളും, സഹോദരനും, ഉള്‍പ്പെടയുള്ള ബന്ധുക്കളും, കോര്‍ക്ക് ഹോളി ട്രിനിറ്റി മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.ജോര്‍ജ് സക്കറിയയും അടക്കമുള്ളവര്‍ സമീപത്തുണ്ടായിരുന്നു.

സിനിയുടെ അകാലത്തിലുള്ള നിര്യാണവാര്‍ത്തയറിഞ്ഞ കോര്‍ക്ക് മലയാളി സമൂഹവും ദുഃഖത്തിലാണ്. ഒരു ഘട്ടത്തില്‍ സിനിയുടെ ജീവന്‍ രക്ഷിക്കാനാവുമെന്ന പ്രതീക്ഷയുയര്‍ന്നിരുന്നുവെങ്കിലും വിധിയോടും, ഈശ്വരനിശ്ചയത്തോടും വിധേയപ്പെട്ടാണ് സിനി ചാക്കോ കടന്നു പോയത്.

പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും 

ഏപ്രില്‍ 14 ന് (ശനി) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 6 മണി വരെയും, ഏപ്രില്‍ 15 (ഞായര്‍)ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും കോര്‍ക്ക് യൂണിവേഴ്സ്റ്റിറ്റി ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയില്‍ സിനിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം പൊതുസമൂഹത്തിനായി ഒരുക്കിയിട്ടുണ്ട്.

ഏപ്രില്‍ 15 ന് ഞായറാഴ്ച്ച

വൈകിട്ട് നാല് മണിയ്ക്ക് വില്‍ട്ടണിലെ എസ് എം എ ചര്‍ച്ചിലേയ്ക്ക് എത്തിക്കുന്ന ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെടും. കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഇടവകാംഗമായ സിനിയുടെ സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്തപ്പെടും.

ബര്‍മിംഗ്ഹാം: ഹെയില്‍സ്ഓവനില്‍ നിന്നും കാണാതായ പതിമൂന്നുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. പെണ്‍കുട്ടിയെ കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭ്യമായിട്ടില്ല. ഇന്ന് പുലര്‍ച്ചെ ഒരു മണി മുതലാണ്‌ എലിസ ആലം എന്ന പതിമൂന്നുകാരിയെ കാണാതായിരിക്കുന്നത്.  വെളുപ്പിന് ഒരു മണിയോടെ ഹെയില്‍സ്ഓവനിലെ  വീട്ടില്‍ നിന്നും പുറത്ത് പോയ  എലിസ ഇത് വരെ തിരിച്ചെത്തുകയോ വീട്ടുകാരെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. എവിടേയ്ക്ക് പോകുന്നു എന്ന് പറയാതെ പുറത്ത് പോയ എലിസ എഴുതി വച്ചിരിക്കുന്ന കുറിപ്പ് അനുസരിച്ച് മാനസികമായി തകര്‍ന്ന നിലയിലാണ് പുറത്ത് പോയിരിക്കുന്നത്.

എലിസയെ കണ്ട് പിടിക്കുന്നതിനായി പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ആശാവഹമായ വിവരങ്ങള്‍ ഒന്നും ഇത് വരെയും ലഭ്യമായിട്ടില്ല. കാണാതാവുമ്പോള്‍ എലിസ ധരിച്ചിരുന്നത് വെളുത്ത അക്ഷരത്തില്‍ എഴുത്തുകളുള്ള ഗ്രേ കളര്‍ ജംപറും കറുത്ത ലെഗിന്‍സും കറുത്ത കളര്‍ തന്നെയുള്ള പാര്‍ക ജാക്കറ്റും ആണ്. ഒരു ചെറിയ ഷോള്‍ഡര്‍ ബാഗും എലിസ കയ്യില്‍ കരുതിയിരുന്നു. ഏഷ്യന്‍ വംശജയായ എലിസ കറുത്ത് നീണ്ട തലമുടി പോണി ടെയില്‍ സ്റ്റൈലില്‍ കെട്ടി വച്ചിട്ടുണ്ട്. അഞ്ചടി അഞ്ച് ഇഞ്ചാണ് ഉയരം.

എലിസയെ കണ്ട് മുട്ടുന്നവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കാന്‍ വെസ്റ്റ്‌ മിഡ് ലാന്‍ഡ്‌സ് പോലീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

ലെസ്റ്റര്‍ മലയാളിയുടെ വീട്ടില്‍ മോഷണം നടത്തിയ രീതി ആരെയും അമ്പരപ്പിക്കുന്നത്. വീട്ടുകാര്‍ സ്ഥലത്ത് നിന്ന് മാറിയ തക്കം നോക്കി മോഷണത്തിനെത്തിയ മോഷ്ടാക്കള്‍ വീട്ടുകാര്‍ തിരികെയെത്തിയപ്പോള്‍ ആക്രമിക്കാനും മുതിര്‍ന്നു. ലെസ്റ്ററിലെ കോള്‍വിലെ താമസക്കാരനായ സിബി പുന്നൂസിന്റെയും ആന്‍സി സിബിയുടെയും വീട്ടിലാണ് മോഷണം നടന്നത്. മോഷണത്തില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ സ്വര്‍ണവും പാസ്പോര്‍ട്ടും ഒസിഐ കാര്‍ഡും അടക്കമുള്ള മുഴുവന്‍ രേഖകളും നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. വീട്ടിലെ സാധനങ്ങളും അലമാരകളും കട്ടിലുകളും എല്ലാം വലിച്ചു വാരിയിട്ട് പരിശോധിച്ച മോഷ്ടാക്കള്‍ പല സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്. മോഷ്ടാക്കള്‍ വെള്ളക്കാരാണെന്നാണ് സംശയം.

ഒരു മൈല്‍ മാത്രം അകലെയുള്ള സുഹൃത്തിന്റെ വീട്ടിലെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത ശേഷം ഒരുപാട് സമയം കളയാതെ സ്വന്തം വീട്ടില്‍ സിബി തിരിച്ചെത്തിയത് ഒപ്പം കുട്ടികളും ഉണ്ടായിരുന്നതു കൊണ്ടായിരുന്നു. എന്നാല്‍ എട്ടുമണിയോടെ വീട്ടില്‍ എത്തിയ സിബി പുന്നൂസ് വീടിനുള്ളില്‍ വെളിച്ചം കണ്ട് ആദ്യം അമ്പരന്നു. ലൈറ്റുകള്‍ എല്ലാം അണച്ച് വീട് പൂട്ടിയ ശേഷം പോയിട്ടും എന്ത് സംഭവിച്ചുവെന്ന ആശങ്കയോടെയാണ് സിബി വീട്ടുമുറ്റത്തേക്ക് കടന്നത്. പെട്ടെന്ന് പിന്‍വാതിലിലൂടെ മൂന്ന് മുഖം മൂടിധാരികള്‍ കൂസല്‍ ഇല്ലാതെ പുറത്തേക്ക് വന്നു സിബിക്ക് നേരം ആക്രമണം അഴിച്ചു വിടുക ആയിരുന്നു.

വൈകുന്നേരത്തോടെയാണ് സിബിയും ആന്‍സിയും മൂന്ന് മക്കളും ചേര്‍ന്ന് സ്വന്തം കാറില്‍ വിവാഹ വാര്‍ഷിക പാര്‍ട്ടി ആഘോഷത്തിനായി ഒരു മൈല്‍ അകലെയുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയത്. ഗ്ലെന്‍ഫീല്‍ഡില്‍ ജോലിക്ക് പോവേണ്ടതിനാല്‍ ആന്‍സി ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞ് അവിടെ നിന്നും കാറെടുത്ത് ജോലി സ്ഥലത്തേയ്ക്ക് പോയി. അതിനാല്‍ തന്നെ സിബിയും മക്കളും സിബിയുടെ സുഹൃത്തിന്റെ കാറിലാണ് വീട്ടിലേക്ക് എത്തിയത്.

വീട്ടുമുറ്റത്ത് എത്തിയപ്പോഴാണ് വീടിനകത്തു മുഴുവന്‍ വെളിച്ചം കണ്ടത്. വൈകുന്നേരം ഇറങ്ങിയപ്പോള്‍ ലൈറ്റ് ഒന്നും ഇട്ടിരുന്നില്ലല്ലോ എന്ന് പറഞ്ഞു മക്കളെ സുഹൃത്തിനൊപ്പം കാറില്‍ തന്നെ ഇരുത്തി സിബി വീടിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു. വീട്ടുടമയെ കണ്ട മോഷ്ടാക്കള്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു വന്ന് സിബിയെ ആക്രമിക്കുകയായിരുന്നു. പുറത്തേക്ക് ഓടിയിറങ്ങിയെങ്കിലും മോഷ്ടാക്കള്‍ മുറ്റത്തുണ്ടായിരുന്ന വേസ്റ്റ് ബിന്‍ സിബിക്കു നേരെ എറിയുകയും സുഹൃത്തിനെ കാറില്‍ നിന്നും പുറത്തിറക്കാത്ത രീതിയില്‍ കാറിനു നേരെയും സിബിക്കു നേരെയും കല്ലുകള്‍ പെറുക്കി എറിയുകയായിരുന്നു.

വേസ്റ്റ് ബിന്‍ കൊണ്ട് കല്ലുകളെ തടഞ്ഞതിനാല്‍ സിബിക്ക് കാര്യമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല. എന്നാല്‍ കല്ലേറില്‍ കാറിന്റെ ഒരു ഹെഡ്‌ലൈറ്റ് പൊട്ടുകയും ചെയ്തു. അല്‍പം അകലെയായി നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനടുത്തേക്ക് ഓടിയ മോഷ്ടാക്കളെ പിന്തുടര്‍ന്ന് ഓടിയെങ്കിലും പിടിക്കാനായില്ല. ആ ഒരു സാഹചര്യത്തില്‍ കാറിന്റെ നമ്പര്‍ നോട്ട് ചെയ്യാനും സാധിച്ചില്ലെന്ന് സിബിയും സുഹൃത്തും പറഞ്ഞു.

തുടര്‍ന്ന് മക്കളെയും കൂട്ടി വീട്ടിനകത്തേക്ക് പ്രവേശിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കടന്ന മുകള്‍ നിലയിലെ മൂന്ന് ബെഡ്‌റൂമുകളും പൂര്‍ണമായും നശിപ്പിച്ച് ഇട്ടിരിക്കുകയാണ്. വീട്ടിന്റെ മുകള്‍ നിലയില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ സ്വര്‍ണവും പാസ്പോര്‍ട്ടും ഒസിഐ കാര്‍ഡും അടക്കമുള്ള മുഴുവന്‍ രേഖകളും മോഷ്ടാക്കള്‍ കൊണ്ടു പോയെന്നാണ് വിവരം. വീട്ടിലെ സാധനങ്ങളും അലമാരകളും കട്ടിലുകളും എല്ലാം വലിച്ചു വാരിയിട്ട് പരിശോധിച്ച മോഷ്ടാക്കള്‍ പല സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്. വീട് ആകെ അലങ്കോലപ്പെട്ട നിലയിലാണ്.

വിവരം അറിയിച്ച ഉടന്‍ മൂന്ന് വാഹനങ്ങളിലായി സ്ഥലത്തെത്തിയ പൊലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. മോഷ്ടാക്കളെ ഭയന്നുതന്നെ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്ന പതിവ് ഇല്ലായിരുന്നു. എന്നാല്‍ അടുത്ത ദിവസം ഉണ്ടായിരുന്ന ഒരു ആഘോഷത്തിനായിട്ടാണ് സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചത്. ബെഡിനടിയില്‍ സൂക്ഷിച്ചിരുന്ന ഈ സ്വര്‍ണം മുഴുവന്‍ മോഷ്ടാക്കള്‍ കൊണ്ടുപോവുകയും ചെയ്തു.

കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്നാണ് സിബിയും കുടുംബവും പറയുന്നത്. കാരണം, വീടു പൂട്ടി പാര്‍ട്ടിക്കു പോയ ഉടനെ ആണ് മോഷണം ഉണ്ടായത്. മാത്രമല്ല, അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കാതെ, തന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സിബി പറയുന്നു. സംഭവം അറിഞ്ഞ് ലാഫ്ബറോയിലെ സിബിയുടെ അടുത്ത കുടുംബ സുഹൃത്തുക്കള്‍ എല്ലാം സിബിയുടെ വീട്ടിലെത്തിയിട്ടുണ്ട്.

സമീപകാലത്ത് ലെസ്റ്റര്‍ മലയാളികളുടെ വീടുകള്‍ ലക്ഷ്യമിട്ട് നടക്കുന്ന നിരവധി മോഷണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ലെസ്റ്ററിലെ ഒരു മലയാളി കുടുംബത്തില്‍ അടുത്തയിടെ നടന്ന ഒരു മോഷണ ശ്രമത്തില്‍ കുട്ടിയുടെ നേരെ കത്തി ചൂണ്ടി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മറ്റൊരു മലയാളിയുടെ കടയില്‍ നടന്ന മോഷണ ശ്രമം കടയുടമയുടെ ധീരമായ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെടുകയും മോഷ്ടാവ് പിടിയിലാവുകയും ചെയ്തിരുന്നു.

മനോജ് കുമാര്‍ പിള്ള

എട്ടാമത് പ്രവര്‍ത്തന വര്‍ഷത്തിലേക്കു കടക്കുന്ന യുകെയിലെ തന്നെ പ്രബല മലയാളി കൂട്ടായ്മകളിലൊന്നായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ പതിന്നാലു ശനിയാഴ്ച പൂളിലെSt Edwards സ്‌കൂള്‍ ഹോളില്‍ വച്ച് നടക്കും. വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടിയിലെ പൊതുസമ്മേളനത്തില്‍ യുക്മയുടെ  പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പ് മുഖ്യാതിഥിയാവും.

വിഷുക്കണിയും വിഷുക്കൈനീട്ടവും ഒരുക്കിയും യേശുക്രിസ്തുവിന്റെ ഉത്ഥാനം വഴി പകര്‍ന്ന സന്തോഷവും സമാധാനവും എല്ലാ അംഗങ്ങളിലേക്കും എത്തിക്കാന്‍ ഉതകുന്ന സ്‌കിറ്റുകളും പരിപാടിക്ക് മറ്റു കൂട്ടുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. മുതിര്‍ന്നവരും കുട്ടികളും അടക്കം ഒട്ടുമിക്ക അംഗങ്ങളും ചേര്‍ന്ന് അവതരിപ്പിക്കുന്ന കണ്ണിനും കാതിനും ഹരം പകരുന്ന വ്യത്യസ്ത കലാപരിപാടികളുമാണ് അണിയറയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

അന്നേ ദിവസം തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭാരവാഹികള്‍ക്കു സ്ഥാനങ്ങള്‍ കൈമാറി വിഭവസമൃദ്ധമായ സ്‌നേഹവിരുന്നിനും ശേഷം രാത്രി പത്തുമണിയോട് കൂടി ആഘോഷങ്ങള്‍ക്ക് തിരശീല വീഴും.

പരിപാടി നടക്കുന്ന സ്ഥലം :

St Edwards School
Dale Valley Rd,
Poole
BH15 3HY

Copyright © . All rights reserved