പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാതെ, വൈദ്യുതിയില്‍ സ്വയംപര്യാപ്ത കൈവരിച്ചുകൊണ്ട് ലോകത്തിനു മുഴുവന്‍ മാതൃകയാകുകയാണ് ചോള്‍ട്ടണിലെ ഈ വീടുകള്‍. സെറ്റ്‌ലാന്‍ഡ് റോഡിലെ ഇത്തരം വീടുകളില്‍ സെട്രല്‍ ഹീറ്റിംഗ് സംവിധാനമോ ഗ്യാസോ ആവശ്യമില്ല. ശാസ്ത്രജ്ഞനും ഡെവലപ്പറുമായ കിറ്റ് നോള്‍സാണ് ഈ സാങ്കേതിക വിദ്യ കണ്ടുപിടിച്ചിരിക്കുന്നത്. റിന്യൂവബിള്‍ എനര്‍ജിയും ഈ വീടുകള്‍ ഉദ്പാദിപ്പിക്കുന്നുണ്ട്. ഉപയോഗിക്കുന്നതിന്റെ 25 ശതമാനം വൈദ്യുതി വേണമെങ്കില്‍ ഗ്രിഡിലേക്ക് തിരികെ നല്‍കാന്‍ ശേഷിയുള്ളവായണ് ഈ വീടുകള്‍. ഈ വീടുകളില്‍ ഉപയോഗിച്ചിരിക്കുന്ന സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് വളരെ തുച്ഛമായ തുക മാത്രമേ ആവശ്യമായി വരികയുള്ളു. സമ്മറിന്റെ അവസാനത്തില്‍ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ഇവ യൂറോപ്പിലെ തന്നെ ആദ്യത്തെ പാസീവ് ഹൗസ് പ്ലസ് വീടുകളായിരിക്കും. ഇവയ്ക്ക് സമാന രീതിയിലുള്ള വീടുകള്‍ നിര്‍മ്മിച്ചിച്ച ഏക സ്ഥലം ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലെയിനാണ്.
പാസീവ് വീടുകള്‍ 100 ശതമാനവും പരിസ്ഥിതിക്ക് അനിയോജ്യമായി രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ളവയാണ്. ഇവയ്ക്ക് സെന്‍ട്രലൈസ്ഡ് ഹീറ്റിംഗ് സംവിധാനത്തിന്റെ ആവശ്യമില്ല. പാസീവ് ഹൗസ് പ്ലസ് വീടുകള്‍ അവയ്ക്ക് ആവശ്യമുള്ളതിനേക്കാളും 25 ശതമാനം കൂടുതല്‍ എനര്‍ജി ഉത്പാദനം നടത്താന്‍ കഴിയും. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാരാണ് വീടുകള്‍ക്ക് ആവശ്യമായി വരുന്ന പെയിന്റ് കണ്ടുപിടിച്ചിരിക്കുന്നത്. ചോള്‍ട്ടണിലെ ഏറ്റവും ആഢംബര പൂര്‍ണമായ വീടുകളാണ് ഇവയെല്ലാം. ഒരോ വീടുകളും 2000 സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലായി മാസ്റ്റര്‍ സ്യൂട്ട് ഉള്‍പ്പെടെ ആകെ 5 ബെഡ്‌റൂമുകളാണ് ഉണ്ടാവുക. ഇത് കൂടാതെ മുന്‍ വശത്തായി ഫോര്‍മല്‍ ലിവിംഗ് റൂം ഉണ്ടാകും. രണ്ടാമത്തെ സിറ്റിംഗ് ഏരിയ ഗാര്‍ഡന്‍ അഭിമുഖമായിട്ടായിരിക്കും സ്ഥിതി ചെയ്യുക.
വീടിന് അകത്തായി നിരവധി സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സാധാരണ നിലയ്ക്ക് ഒരു ആഢംബര വീടുകള്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇത്തരം വീടുകള്‍ക്കുണ്ട്. ഇത്രയധികം സൗകര്യങ്ങള്‍ ഉള്ളതുകൊണ്ടു തന്നെ ഇവയുടെ നിര്‍മ്മാണച്ചെലവും വളരെ കൂടുതലാണ്. വീടുകള്‍ പെട്രോകെമിക്കല്‍ ഫ്രീയായിരുക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അന്തരീക്ഷത്തില്‍ നിന്നും ചുടുള്ള വായു സ്വീകരിച്ച് വീടിനുള്ളില്‍ നിശ്ചിത താപനില നിലനിര്‍ത്താന്‍ കഴിയുന്ന ഹീറ്റ് എക്‌ചേഞ്ചറുകളാണ് ഇതര ഹീറ്റിംഗ് സംവിധാനങ്ങള്‍ക്ക് പകരമായെത്തുന്നത്. വെന്റിലേഷന്‍ സംവിധാനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളാണ് ഹീറ്റിംഗിന് സഹായിക്കുക. ഈ ടെക്‌നോളജി വീടിനകത്ത് ആവശ്യമുള്ള അളവില്‍ ഹ്യുമിഡിറ്റി നിലനിര്‍ത്തും. ആസ്ത്മ, അലര്‍ജി തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് ഈ വെന്റിലേഷന്‍ സംവിധാനം ഗുണം ചെയ്യും. പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ വീടുകള്‍ ഭാവിയില്‍ യൂറോപ്പില്‍ വ്യാപിക്കുമെന്നാണ് കരുതുന്നത്.
സ്‌കോട്ടിഷ് ഹൈലാന്‍ഡിലെ ഡൂണ്‍റേയ് ആണവനിലയത്തില്‍ നിന്നുള്ള ആണവമാലിന്യം അമേരിക്കയിലേക്ക് കടത്തുന്നു. സമ്പുഷ്ട യുറേനിയം ഉള്‍പ്പെടെയുള്ള ആണവ ഇന്ധനങ്ങള്‍ അമേരിക്കയിലേക്ക് കടത്താനായി യുഎസ് എയര്‍ഫോഴ്‌സിന്റെ രഹസ്യ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. സൗത്ത് കരോളിനയിലേക്ക് പോകുന്ന വിമാനങ്ങള്‍ വിക്ക് ജോണ് ഒ’ഗ്രോട്ട്‌സ് വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്. ഈ വിമാനങ്ങള്‍ അടുത്ത വര്‍ഷം അവസാനം വരെ സര്‍വീസ് തുടരുമെന്നാണ് വിവരം. എന്നാല്‍ ഇങ്ങനെയൊരു കൈമാറ്റത്തേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
ഡൂണ്‍റേയ്, ന്യൂക്ലിയര്‍ ഡീകമ്മീഷനിംഗ് അതോറിറ്റി, സ്‌കോട്ട്‌ലാന്‍ഡ് പോലീസ്, സിവില്‍ ന്യൂക്ലിയര്‍ കോണ്‍സ്റ്റാബുലറി, വിക്ക് എയര്‍പോര്‍ട്ട് എന്നിവ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. വിമാനത്താവളത്തിനു ചുറ്റുമുള്ള റോഡുകള്‍ അടക്കുമെന്ന് ഹൈലാന്‍ഡ് കൗണ്‍സില്‍ ജനങ്ങള്‍ക്ക് വിവരം നല്‍കിയതോടെയാണ് ഈ വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തായത്. ആണവമാലിന്യം കൊണ്ടുപോകുന്നതിനാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടി വന്നതെന്ന് രണ്ട് ദിനപ്പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങള്‍ക്ക് ദോഷകരമാകുമെന്നതിനാലാണ് മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
2019 സെപ്റ്റംബര്‍ 30 വരെയാണ് പ്രദേശത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് തവണ കൂടി ഇത്തരത്തിലുള്ള വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 2016ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണ്‍ ആണ് വിക്ക് വിമാനത്താവളത്തിലൂടെ അമേരിക്കയിലേക്ക് സമ്പുഷ്ട യുറേനിയം കൊണ്ടുപോകാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. അണു ബോംബുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന സമ്പുഷ്ട യുറേനിയത്തിനു പകരം മെഡിക്കല്‍ ഗ്രേഡ് യുറേനിയം തിരികെ നല്‍കാമെന്നായിരുന്നു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമയുടെ വാഗ്ദാനം. എന്തായാലും രഹസ്യ വിമാനങ്ങളിലെ ആണവക്കടത്തിനെതിരെ എംപിമാര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇരട്ടകളില്‍ സെറിബ്രല്‍ പാള്‍സി രോഗിയായ കുട്ടി നടക്കാന്‍ തുടങ്ങിയതിന്റെ സന്തോഷത്തിലാണ് മാതാവായ ലോറ ബ്രോക്കണ്‍ഷയര്‍ ഡൈക്ക്. ഇരട്ട സഹോദരനായ സോളമനൊപ്പം സെബാസ്റ്റ്യന്‍ എന്ന ബാലന് നടക്കാന്‍ സാധിച്ചത് അമേരിക്കയില്‍ നടത്തിയ ഒരു ശസ്്ര്രകിയയിലൂടെയാണ്. എന്‍എച്ച്എസില്‍ ലഭ്യമല്ലാത്ത് ഈ ശസ്ത്രക്രിയക്കായി ലോറ സമാഹരിച്ചത് 70,000 പൗണ്ടായിരുന്നു. കാലുകള്‍ ദൃഢമാകുന്ന അവസ്ഥ ഇല്ലാതാക്കാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. ഇതുമാത്രമായിരുന്നു സെബാസ്റ്റ്യന് നടക്കാനുള്ള ശേഷി ലഭിക്കാനുള്ള അവസാന ആശ്രയം. സെബാസ്റ്റ്യന്‍ നടക്കുന്നത് കാണുമ്പോള്‍ ഇപ്പോള്‍ ശരിക്കും അതിശയം തോന്നുകയാണെന്ന് ലോര്‍മ പറയുന്നു.
ഒരിക്കലും നടക്കില്ലെന്ന് കരുതിയതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. സോളമന്‍ അവനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സോളമനൊപ്പം നടക്കാന്‍ സെബാസ്റ്റ്യന് എന്നും ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ അവന് അത് സാധിക്കുന്നുണ്ടെന്ന് ലോര്‍മ പറയുന്നു. കേംബ്രിഡ്ജിലെ അഡെന്‍ബ്രൂക്ക് ആശുപത്രിയിലാണ് ഇരട്ടക്കുട്ടികള്‍ക്ക് ലോര്‍മ ജന്‍മം നല്‍കിയത്. പ്രസവം 37-മത്തെ ആഴ്ചയിലായിരുന്നെങ്കിലും 28 ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ കോണ്ട്രാക്ഷന്‍ ആരംഭിച്ചിരുന്നു. ഇത് സെബാസ്റ്റിയന് ഓക്‌സിജന്‍ ലഭിക്കുന്നത് കുറച്ചിരിക്കാമെന്നാണ് കരുതുന്നത്. 15 മാസം പ്രായമുള്ളപ്പോളാണ് സെറിബ്രല്‍ പാള്‍സിയുണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്.
പിന്നീടാണ് ഒരു ശസ്ത്രക്രിയ നടത്തിയാല്‍ കുഞ്ഞിന് നടക്കാനുള്ള ശേഷി ലഭിക്കുമെന്ന് ലോര്‍മയും ഭര്‍ത്താവ് ജെയിംസും അറിഞ്ഞത്. മിസൗറിയിലെ സെന്റ് ലൂയിസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലായിരുന്നു അത്. യുകെയില്‍ ഈ ശസ്ത്രക്രിയ ഇല്ലെന്നും അതിനായി 70,000 പൗണ്ടോളം വേണ്ടി വരുമെന്നും മനസിലായി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഈ തുക കണ്ടെത്തിയത്. 2016ല്‍ അമേരിക്കയിലേക്ക് ഇവര്‍ ചികിത്സക്കായി പോയി. ഒരു മാസം അവിടെ തങ്ങേണ്ടി വന്നു. അവിടെ പ്രാഥമിക പരിശീലനങ്ങള്‍ സെബാസ്റ്റ്യന് ലഭിച്ചു. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഫിസിയോ തെറാപ്പിക്ക് സെബാസ്റ്റ്യന്‍ വിധേയനാകുന്നുണ്ട്.
കൈവിരലിലുണ്ടായ ഒരു ചെറിയ മുറിവ് മൂലമുണ്ടായ അണുബാധ ജീവനെടുക്കാതിരിക്കണമെങ്കില്‍ 54 കാരിയായ മാര്‍ഗരീറ്റിന് സ്വന്തം കൈകാലുകള്‍ നഷ്ടപ്പെടുത്തേണ്ടി വരും. ഫൈഫിലെ ക്രോസ്ഹില്‍ സ്വദേശിനിയായ മുന്‍ നഴ്‌സറി ജീവനക്കാരിയായ മാര്‍ഗരീറ്റ് ഹെന്‍ഡേഴ്‌സണാണ് കയ്യിലുണ്ടായ നിസാരമായ മുറിവ് ജീവന്‍ തന്നെ നഷ്ടപ്പെടുത്തുമെന്ന അവസ്ഥയുണ്ടാക്കിയത്. ചൊവ്വാഴ്ച നടക്കുന്ന ശസ്ത്രക്രിയയില്‍ ഇവരുടെ കൈപ്പത്തികള്‍ മുറിച്ചു മാറ്റും. രണ്ടാഴ്ചയ്ക്ക് ശേഷം ഇരുകാലുകളും നീക്കം ചെയ്യും. ഇവര്‍ക്ക് ഭാവിയിലേക്ക് പ്രോസ്തറ്റിക് അവയവങ്ങളും ഇലക്ട്രിക് ചെയറും വാങ്ങുന്നതിനായി 80,000 പൗണ്ടിന്റെ ക്രൗഡ് ഫണ്ടിംഗിന് തുടക്കമിട്ടിരിക്കുകയാണ് കുടുംബാംഗങ്ങള്‍.
കൈവിരലിലുണ്ടായ ചെറിയൊരു മുറിവാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കമിട്ടത്. അത് എങ്ങനെയുണ്ടായി എന്നുപോലും മാര്‍ഗരീറ്റിന് ഓര്‍മയുണ്ടായിരുന്നില്ല. അടുത്ത ദിവസം ഈ മുറിവില്‍ പഴുപ്പ് കണ്ടതിനെത്തുടര്‍ന്ന് അവര്‍ ഫാര്‍മസിസ്റ്റിനെ കണ്ടു. ഡോക്ടറെ കാണണമെന്ന് ഫാര്‍മസിസ്റ്റ് നിര്‍ദേശിച്ചതിനാല്‍ അടുത്ത ദിവസത്തേക്ക് അപ്പോയിന്റ്‌മെന്റ് എടുക്കുകയും ചെയ്തു. എന്നാല്‍ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ബ്രിട്ടനില്‍ ആഞ്ഞടിച്ചതോടെ അതിന് സാധിച്ചില്ല. അന്ന് ഉച്ചയോടെ മാര്‍ഗരീറ്റിന്റെ നില ഗുരുതരമായി. ചുണ്ടുകള്‍ നീല നിറമാകുകയും ത്വക്കിന്റെ നിറം മാറുകയും ചെയ്തു. നടക്കാനും സാധിക്കാതായി.
അതോടെ മക്കള്‍ ഇവരെ ആശുപത്രിയിലാക്കി. മാര്‍ഗരീറ്റിന് കടുത്ത അണുബാധയാണെന്ന് ആശുപത്രിയില്‍ സ്ഥിരീകരിച്ചു. അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകാന്‍ തുടങ്ങിയതോടെ ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം കൃത്രിമ കോമയിലാക്കിയാല്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് അപ്രകാരം ചെയ്‌തെങ്കിലും കോമയില്‍ ഏഴ് ദിവസത്തോളം തുടര്‍ന്നു. പിന്നീടാണ് കൈകാലുകള്‍ മുറിച്ചു മാറ്റിയില്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്താനാകില്ലെന്ന് ഡോക്ടര്‍മാര്‍ മക്കളെയും ബന്ധുക്കളെയും അറിയിച്ചത്.
നിലവില്‍ പ്രോസ്തറ്റിക് അവയവങ്ങള്‍ എന്‍എച്ച്എസ് നല്‍കുമെങ്കിലും ഭാവിയിലേക്ക് അവ വാങ്ങുന്നതിനായി ഒരു ക്രൗഡ് ഫണ്ട് തുടങ്ങുന്നത് നന്നായിരിക്കുമെന്ന ഉപദേശവും ലഭിച്ചു. അണുബാധ മൂലമുണ്ടാകുന്ന മരണങ്ങളില്‍ സെപ്‌സിസ് ആണ് ഒരു പ്രധാന കാരണം. ഓരോ വര്‍ഷവും 40,000 മരണങ്ങള്‍ സെപ്‌സിസ് മൂലം യുകെയിലുണ്ടാകുന്നുണ്ടെന്നാണ് കണക്ക്.
ച്യൂയിംങ്ഗം ചവയ്ക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിനിയുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനമേറ്റ അധ്യാപികയ്ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡറുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോര്‍ത്ത് വെസ്റ്റ് റീജിയനിലുള്ള ഒരു അക്കാദമിയിലാണ് സംഭവം. അക്രമത്തില്‍ അധ്യാപികയുടെ വയറിനും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ക്ലാസ് ആരംഭിക്കുന്നതിന് മുന്‍ വിദ്യാര്‍ത്ഥിനി ചവച്ചുകൊണ്ടിരിക്കുകയായിരുന്ന ച്യൂയിംങ്ഗം കളയാന്‍ അധ്യാപിക ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറുന്നതില്‍ നിന്ന് അധ്യാപിക തടയുകയും ചെയ്തു.
ക്ലാസില്‍ നിന്ന് പുറത്താക്കിയതാണ് വിദ്യാര്‍ത്ഥിനിയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്‍ സഹായത്തിന് എത്തിയെങ്കിലും അധ്യാപികയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. അക്രമം നടന്ന വിവരം പോലീസില്‍ അറിയിക്കുന്ന കാര്യത്തില്‍ സ്‌കൂള്‍ ശ്രദ്ധ കാണിച്ചില്ലെന്നും അധ്യാപിക സ്വമേധയാ കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്നും നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്‌സ് വ്യക്തമാക്കുന്നു. അക്രമത്തിലുണ്ടായ പരിക്കുകളെ തുടര്‍ന്ന് അധ്യാപികയ്ക്ക് ഏതാണ്ട് 50,000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. അക്രമം നടത്തിയ വിദ്യാര്‍ത്ഥിനി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
സ്‌കൂളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് അധ്യാപകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ട്. ക്ലാസ്മുറിയിലെ ഡിസ്‌പ്ലേ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ ഒരു അധ്യാപികയ്ക്ക് 25,000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിരുന്നു. സ്‌കൂള്‍ വെച്ച് ബ്ലാക്ക് ഐസില്‍ തെന്നിവീണ മറ്റൊരു അധ്യാപകന് 85,000 പൗണ്ട് സ്‌കൂള്‍ അധികൃതര്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ചത് ഈസ്റ്റേണ്‍ റീജിയണ്‍ ഓഫ് ഇംഗ്ലണ്ടിലെ ഒരു അധ്യാപകനാണ്. ക്ലാസിലെ ഡിസ്‌പ്ലേ ഒരുക്കുന്നതിനടയില്‍ താഴെ വീണ അധ്യാപികയ്ക്ക് 2,50,0000 പൗണ്ടാണ് ലഭിച്ചത്. അപകടത്തിന് ശേഷം സ്‌കൂളില്‍ തുടരാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല.
ലണ്ടന്‍: ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയിലേക്ക് പൊട്ടിയ കണ്ടെയ്‌നറുമായി ഒരു സ്ത്രീയെത്തിയതിനേത്തുടര്‍ന്ന് കെമിക്കല്‍ അലര്‍ട്ട്. നോര്‍ത്ത് ലണ്ടനിലെ ബാര്‍നെറ്റ് ജനറല്‍ ആശുപത്രി അടച്ചിട്ടു. ഈ സ്ത്രീയെ ജീവക്കാര്‍ പെട്ടെന്നുതന്നെ പുറത്താക്കിയെന്ന് വെയിറ്റിംഗ് റൂമിലുണ്ടായിരുന്നവര്‍ പറഞ്ഞു. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങള്‍ ഇരുന്നിടത്തു നിന്ന് മാറാന്‍ പോലീസ് അനുവദിച്ചില്ലെന്ന് വെയിറ്റിംഗ് റൂമിലുണ്ടായിരുന്ന സിജെ ചര്‍ച്ച്ഹാള്‍ എന്നയാള്‍ പറഞ്ഞു.
എ ആന്‍ഡ് ഇയിലെത്തിയ സ്ത്രീ കണ്ടെയ്‌നര്‍ പൊട്ടിച്ചതിനെത്തുടര്‍ന്ന് ജീവനക്കാര്‍ അവരെ പുറത്താക്കുകയായിരുന്നു. പോലീസ് പിന്നീട് ഈ സ്ഥലം അടച്ചിട്ടു. വെള്ളിയാഴ്ച ഉച്ചക്ക് 1.45നായിരുന്നു സംഭവം. അസ്വസ്ഥതയുണ്ടാക്കുന്ന രാസവസ്തു ഒരു രോഗിയുടെ ശരീരത്തില്‍ വീണതിനെത്തുടര്‍ന്നാണ് തങ്ങളെ വിവരമറിയിച്ചതെന്ന് മെറ്റ് പോലീസ് സ്ഥിരീകരിച്ചു.
എന്‍ഫീല്‍ഡിലെ നോര്‍ത്ത് മിഡില്‍സെക്‌സ് ഹോസ്പിറ്റല്‍, കാംഡെനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റല്‍, ഹെര്‍ട്‌ഫോര്‍ഡ്ഷയറിലെ വാറ്റ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റല്‍ എന്നിവയാണ് അടുത്തുള്ള ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികള്‍ എന്നും പോലീസ് അറിയിക്കുന്നു.
ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത റഷ്യന്‍ യാത്ര വിമാനം യുകെ പോലീസ് കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ആരോപിച്ച് റഷ്യ രംഗത്ത്. എയ്‌റോഫ്‌ളോട്ട് എയര്‍ബസ് എ321 വിമാനത്തിലാണ് പരിശോധന നടത്തിയതെന്ന് മോസ്‌കോ ആരോപിക്കുന്നു. എന്നാല്‍ റഷ്യയുടെ ആരോപണം മെറ്റ് പോലീസ് നിഷേധിച്ചു. റഷ്യയുടെ യാത്രാവിമാനത്തില്‍ നിന്ന് ജീവനക്കാരും ക്യാപ്റ്റനും ഉള്‍പ്പെടെ എല്ലാവരോടും പുറത്ത് പോകാന്‍ പോലീസ് ആവശ്യപ്പെട്ടതായും എന്നാല്‍ ക്യാപ്റ്റന്‍ പുറത്ത് പോകാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും റഷ്യ പറയുന്നു. എന്നാല്‍ അങ്ങനെയൊരു പരിശോധന ഹീത്രു വിമാനത്താവളത്തില്‍ ഉണ്ടായിട്ടില്ലെന്ന് മെട്രോപൊളിറ്റല്‍ പോലീസ് വ്യക്തമാക്കി.
റഷ്യന്‍ യാത്രാവിമാനത്തില്‍ യുകെ പോലീസ് പരിശോധന നടത്തിയതായുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത്തരമൊരു പരിശോധന പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മെട്രോപൊളിറ്റന്‍ പോലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. വിഷയുമായി ബന്ധപ്പെട്ട് ഹോം ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാന ജീവനക്കാരോട് പുറത്ത് പോകാന്‍ പോലീസ് ആവശ്യപ്പെട്ടെന്ന അവകാശവാദവുമായി റഷ്യന്‍ ഫോറിന്‍ മിനിസ്ട്രി വക്താവ് മരിയ സാക്കറോവ രംഗത്ത് വന്നു. പരിശോധന നടക്കുന്ന സമയത്ത് വിമാനത്തിന്റെ പുറത്ത് പോകാന്‍ നിയമം അനുവദിക്കുന്നില്ലെന്നും തന്റെ സാന്നിധ്യത്തില്‍ തന്നെ പരിശോധന നടത്തണമെന്നും കമാന്‍ഡര്‍ പോലീസിനോട് പറഞ്ഞിരുന്നതായും തുടര്‍ന്ന് കാബിനില്‍ നിന്ന് പുറത്ത് വരാന്‍ ക്യാപ്റ്റനെ അനുവദിക്കാതെ പരിശോധന പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും മരിയ സാക്കറോവ ആരോപിക്കുന്നു.
മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാലും മകള്‍ യൂലിയയും നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായതോടെയാണ് ബ്രിട്ടനും റഷ്യയും തമ്മിലുള്ള ശീതയുദ്ധം ആരംഭിച്ചത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായ നോവിചോക് ഉപയോഗിച്ചാണ് സ്‌ക്രിപാലും മകളും സാലിസ്‌ബെറിയിലെ പാര്‍ക്കില്‍ വെച്ച് ആക്രമിക്കപ്പെടുന്നത്. ഇരുവരും ഇപ്പോഴും ആശുപത്രിയിലാണ്. യൂലിയയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് അവളെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം സ്‌ക്രിപാലിന്റെ ആരോഗ്യ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
18 മുതല്‍ 21 വയസ് വരെയുള്ളവരുടെ ഹൗസിംഗ് ബെനഫിറ്റ് എടുത്തുകളയാനുള്ള തീരുമാനത്തില്‍ നിന്ന് ഗവണ്‍മെന്റ് പിന്നോട്ടു പോകുന്നു. 21 വയസ് വരെയുള്ളവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമായിക്കൊണ്ടിരുന്ന ഹൗസിംഗ് ബെനിഫിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം 2014 ലാണ് ഗവണ്‍മെന്റ് കൈക്കൊണ്ടിരുന്നത്. എന്നാല്‍ ബെനിഫിറ്റുകള്‍ നല്‍കുന്ന പദ്ധതി തുടരുമെന്നും. യുവ തലമുറയ്ക്ക് ആവശ്യമായ ബെനഫിറ്റുകള്‍ തുടര്‍ന്നും ലഭിക്കുമെന്നും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി എസ്തര്‍ മക്വേ വ്യക്തമാക്കി. പദ്ധതി നിര്‍ത്തലാക്കിയിരുന്നെങ്കില്‍ അത് 10,000ത്തോളം യുവതീ യുവാക്കളെ നേരിട്ട് ബാധിക്കുമായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
പുതിയ നീക്കത്തെ ലേബര്‍ പാര്‍ട്ടി സ്വാഗതം ചെയ്തു. 2017ലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിരുന്ന വാഗ്ദാനങ്ങളിലൊന്നായിരുന്ന ബെനിഫിറ്റുകള്‍ പുനസ്ഥാപിക്കുമെന്നത്. രാജ്യത്തെ യുവജനങ്ങള്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് കണ്ടെത്തുന്നതിനായി വളരെയധികം ബുദ്ധിമുട്ടുന്നതായി ലേബര്‍ പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. പുതിയ പദ്ധതി യുവജനങ്ങള്‍ക്ക് ജോലി തേടുന്നതിനും പരിശീലനം ലഭിക്കുന്നതിനും തൊഴില്‍ പരിചയമുണ്ടാക്കുന്നതിനും ഉപകാരപ്പെടുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പഴയ രീതിയിലുള്ള ബെനഫിറ്റുകള്‍ രാജ്യത്തെ എല്ലാ യുവജനങ്ങള്‍ക്കും ലഭ്യമാകുമെന്നും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെയറിംഗിലുള്ളവര്‍ക്കും മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ കഴിയാത്തവര്‍ക്കും ഈ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ബെനഫിറ്റുകള്‍ നിര്‍ത്തലാക്കിയ നടപടിയെ വിമര്‍ശിച്ച് ചാരിറ്റികള്‍ രംഗത്ത് വന്നിരുന്നു. രാജ്യത്ത് നിലവിലുള്ള രൂക്ഷമായ ഹൗസിംഗ് പ്രതിസന്ധിയെ വര്‍ദ്ധിപ്പിക്കാനേ ഈ തീരുമാനം ഉതകൂ എന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. 18 മുതല്‍ 21 വയസ്സുവരെ പ്രായമായ യുവജനങ്ങള്‍ക്ക് ഹൗസിംഗ് സൗകര്യങ്ങള്‍ കണ്ടെത്തുന്നത് ചെറിയ സഹായങ്ങള്‍ അത്യാവശ്യമാണ്. ബെനഫിറ്റുകള്‍ അത്തരമൊരു സഹായമാണ് ഒരുക്കുന്നതെന്നും ഹൗസിംഗ് ആന്റ് ചാരിറ്റി ഷെല്‍ട്ടര്‍ പറയുന്നു. യുവജനങ്ങള്‍ക്ക് സുരക്ഷിതമായ വീടുകള്‍ ലഭ്യമാകുന്നതിന് ലേബര്‍ അഫോഡബിള്‍ ഹൗസിംഗില്‍ നിക്ഷേപം നടത്തുമെന്നും സ്വകാര്യ വാടകവീടുകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുമെന്നും എംപി മാര്‍ഗരറ്റ് ഗ്രീന്‍വുഡ് വ്യക്തമാക്കി.
പ്രിന്‍സ് ഹാരി-മെഗാന്‍ മാര്‍ക്കല്‍ വിവാഹ ചടങ്ങുകള്‍ ബ്രിട്ടന്‍ ഇന്നേവരെ സാക്ഷിയായതില്‍ വെച്ച് ഏറ്റവും സുരക്ഷാസന്നാഹങ്ങളോട് കൂടിയായിരിക്കും നടക്കുക. ഏതാണ്ട് 30 മില്യണ്‍ പൗണ്ട് ചെലവിലായിരിക്കും സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കുക. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി 100,000ത്തിലധികം ആളുകള്‍ എത്തിച്ചേരുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിഥികള്‍ എല്ലാവരും തന്നെ ഏത് സമയത്തും പോലീസ് സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വന്നേക്കാം. തീവ്രവാദ ആക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് അത്യാധുനിക സജ്ജീകരണങ്ങളായിരിക്കും നഗരത്തിലും വിവാഹ വേദികള്‍ക്കടുത്തും ഒരുക്കുക. വാഹന പരിശോധനയും സ്‌നൈപ്പര്‍ നിരീക്ഷണവും ഏര്‍പ്പെടുത്തും. അതിഥികള്‍ എല്ലാവരും തന്നെ വിമാനത്താവളത്തിലേതിന് സമാനമായ സ്‌കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും.
വിവാഹത്തിനായി ഒരുക്കാനിരിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും ഇനി വരുന്ന ഏഴ് ആഴ്ചകളില്‍ നഗരത്തില്‍ പതിയ സുരക്ഷാസജ്ജീകരണങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും തെംസ്വാലി പോലീസ് അറിയിച്ചു. വിവാഹച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനായി രാജകീയ വേദിയിലെത്തുന്നവര്‍ ഹൈ സെക്യൂരിറ്റി സ്‌കാനര്‍ പരിശോധനയ്ക്ക് വിധേയമാകണം. കൊട്ടാരത്തിനും സെന്റ് ജോര്‍ജ് ചാപ്പലിനും സമീപത്തായി വലിയ സുരക്ഷാവേലികള്‍ നിര്‍മ്മിക്കും.
വിവാഹച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഏതാണ്ട് 600ഓളം പേരാണ് ഉണ്ടാവുക. അതിഥികള്‍ കൊണ്ടുവരുന്ന ബാഗുകളും മറ്റു വസ്തുക്കളും അതീവ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ സമീപ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന ട്രക്കുകളും വാനുകളും ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങള്‍ മോഷ്ടിച്ച് ഭീകാരക്രമണങ്ങള്‍ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് രഹസ്യ പോലീസ് ഉള്‍പ്പെടെയുള്ളവരുടെ സംഘം കാര്യങ്ങള്‍ നീക്കുന്നത്. വാഹനങ്ങളുടെ നമ്പറുകള്‍ അവിടെ വെച്ച് തന്നെ വെരിഫൈ ചെയ്യാനും സംവിധാനങ്ങള്‍ ഉണ്ടാകും. വിവാഹത്തോട് അനുബന്ധിച്ച് പോലീസ് സേനയിലെ 4200 ഓളം പേര്‍ക്ക് അനുവദിച്ച അവധി റദ്ദാക്കി ഇവരെ തിരിച്ചു വിളിച്ചിട്ടുണ്ട്. മെയ് 19നാണ് വിവാഹം. അതിന് മുന്‍പ് തന്നെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാകും. തെംസ് നദിയുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പരിശോധിക്കാന്‍ മറൈന്‍ ഫോഴ്‌സിന്റെ പ്രത്യേക സംഘം ഉണ്ടായിരിക്കും. കൂടാതെ ബോംബ് സ്‌ക്വാഡും പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായകളുടെ സേവനവും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എത്തും. ചരിത്രം സൃഷ്ടിക്കാന്‍ പോകുന്ന വിവാഹച്ചടങ്ങുകള്‍ക്കായിരിക്കും ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുക
ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന് ഇന്ത്യന്‍ വംശജയായ കെയര്‍ ഹോം നഴ്സിന് സസ്പെന്‍ഷന്‍. ഷ്രൂസ്ബറിയിലെ റോഡന്‍ ഹോം നഴ്സിംഗ് ഹോമില്‍ നഴ്സായിരുന്ന റിതു റസ്തോഗിയെയാണ് സസ്പെന്‍ഡ് ചെയ്തത്. മെന്റല്‍ ഹെല്‍ത്ത് നഴ്സായ ഇവര്‍ പ്രായമായ ഒരു രോഗിക്ക് മോര്‍ഫീന്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനായി ഇവര്‍ നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലിന്റെ ഫിറ്റ്നസ് ടു പ്രാക്ടീസ് പാനലിനു മുന്നില്‍ ഹാജരായിരുന്നു. 2015 ഒക്ടോബര്‍ 9ന് പ്രായമായ ഒരു രോഗിക്ക് മോര്‍ഫീന്‍ സള്‍ഫേറ്റ് ടാബ്ലറ്റുകള്‍ നല്‍കിയില്ലെന്ന് പാനലിന് ബോധ്യമായതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.
മരുന്ന് നല്‍കുന്നതില്‍ വീഴ്ച വരുത്തിയത് കൂടാതെ രോഗിയുടെ നോട്ടുകളില്‍ മരുന്ന് നല്‍കിയെന്ന് രേഖപ്പെടുത്തിയതായും പാനല്‍ സ്ഥിരീകരിച്ചു. രോഗിക്ക് മരുന്ന് നല്‍കിയതിന് സാക്ഷിയാണെന്ന് ഒപ്പിട്ടു നല്‍കാന്‍ സഹപ്രവര്‍ത്തകയെ നിര്‍ബന്ധിച്ചുവെന്നും വ്യക്തമായിരുന്നു. ഫിറ്റ്നസ് ടു പ്രാക്ടീസ് പാനലിന്റെ ഹിയറിംഗ് രണ്ടാഴ്ച നീണ്ടു. റിതു റസ്തോഗിയുടെ പെരുമാറ്റം നെറികേടാണെന്നും അതുകൊണ്ടു തന്നെ 12 മാസത്തേക്ക് പ്രാക്ടീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയാണെന്നും പാനല്‍ അധ്യക്ഷന്‍ ഫിലിപ്പ് സേയ്സ് പറഞ്ഞു. റിതു റസ്തോഗി മരുന്ന് നല്‍കിയില്ലെന്ന് മാത്രമല്ല തെറ്റായ വിവരം രേഖപ്പെടുത്തുകയെന്ന കുറ്റവും ചെയ്താതായി അദ്ദേഹം പറഞ്ഞു.
കെയര്‍ ഹോമില്‍ ബാന്‍ഡ് 5 നഴ്സായിരുന്ന ഇവര്‍ക്കെതിരെ 2014 മാര്‍ച്ചിലും 2015 ഒക്ടോബറിലും ആരോപണങ്ങളുണ്ടായിട്ടുണ്ടെന്നും പാനല്‍ സ്ഥിരീകരിച്ചു. ഒരു രോഗിയെ വെള്ളമില്ലാതെ ഗുളിക വിഴുങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ഒരു ആരോപണം. രോഗികളുടെ സമ്മതമില്ലാതെ അവരുടെ വായിലേക്ക് ഗുളികകള്‍ ഇട്ടുനല്‍കിയതായും ആരോപണമുണ്ട്. 2014ല്‍ ഇവര്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും അവയിലെ കണ്ടെത്തലുകള്‍ എന്‍എംസി അന്വേഷണത്തില്‍ തെളിയിക്കാന്‍ സാധിച്ചിരുന്നില്ല.